ഈ പണ്ടാര തള്ള ഒന്നു ചത്ത് കിട്ടിയിരുന്നെങ്കിൽ”..അഖില ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ അകതാരിൽ പറഞ്ഞു.

ഒരു ജന്മം കൂടി
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

“”ഇന്ന് തന്നെ കെട്ടിയൊരുങ്ങി ഇറങ്ങിയോടീ നീ…ആർക്കാ ഇന്ന് കിടന്നു കൊടുക്കാമെന്നു ഏറ്റിരിക്കുന്നത്..

കേട്ട്യോനെ കെട്ടിയെടുത്തിട്ട് ഒരു മാസം തികഞ്ഞില്ലല്ലോ””.സുഭദ്ര പരിഹാസത്തോടെ ചുണ്ട് കോട്ടി ചിരിച്ചു കൊണ്ട് ചോദിച്ചു.

ഈ ചോദ്യം പ്രതീക്ഷിച്ചിരുന്നത് കൊണ്ടാവാം അഖില ഒന്നും പറഞ്ഞില്ല. അവൾ അമ്മായിയമ്മയേ നോക്കി ഒരു പുച്ഛച്ചിരി മാത്രം ചിരിച്ചു. അവൾ ഉമ്മറപടിയിൽ വെച്ചിരുന്ന ചെരിപ്പെടുത്തിട്ട് തിരിഞ്ഞു നോക്കാതെ നടന്നു.

“ഈ പണ്ടാര തള്ള ഒന്നു ചത്ത് കിട്ടിയിരുന്നെങ്കിൽ”..അഖില ദേഷ്യവും സങ്കടവും സഹിക്കാൻ വയ്യാതെ അകതാരിൽ പറഞ്ഞു.
“ഞാൻ കൊണ്ടു വരണം ഇനി തള്ളക്കും തന്തക്കും നക്കാൻ”. അഖില തൂവാല കൊണ്ട് കണ്ണ് തുടച്ചു നടന്ന് നീങ്ങി.

“”നമ്മുടെ മോൻ മരിച്ചത് അവൾക്കിപ്പോ ഉപകാരമായി.. അല്ലേടി സുഭദ്രേ””..സുഭദ്രയുടെ ഭർത്താവ് കുഞ്ഞൂട്ടൻ ഒരു നിശ്വാസത്തോടെ പറഞ്ഞു. അയാൾ നടന്നു പോകുന്ന മരുമകൾ അഖിലയേ ഒന്നു പാളിനോക്കി.

“”ന്റെ മോൻ ചങ്ക്പൊട്ടി മരിച്ചതാ..രാവിലെ എഴുന്നേറ്റപ്പോൾ മാങ്കൊമ്പിൽ തൂങ്ങിയാടുന്നതാ ഞാൻ കണ്ടത്””.സുഭദ്ര വിങ്ങി പൊട്ടി..ഉടുത്തിരിക്കുന്ന മുണ്ടിന്റെ കോന്തല തലപ്പ് കൊണ്ടവർ കണ്ണ് തുടച്ചു.

“”ഒരുത്തന്റെ കൂടെ പുലയാടി നടന്ന ഒരു പെണ്ണിനെയാണ് കെട്ടിയതെന്ന് ന്റെ കുട്ടി അറിയാൻ വൈകി. അറിഞ്ഞപ്പോ സഹിക്കാൻ പറ്റീട്ടുണ്ടാവില്ല്യ അവന്..

ആ മൂധേവി ന്റെ മോനെ കൊലക്ക് കൊടുത്തല്ലോ ന്റെ ദേവീ””.സുഭദ്ര തേങ്ങി കരഞ്ഞു കൊണ്ട് പറഞ്ഞു. കോന്തലതലപ്പ് കൊണ്ട് കണ്ണ് വീണ്ടും തുടച്ചു.. മൂക്ക് ചീറ്റി.

“”നീ ഇത് എത്രാമത്തെ തവണയാ ഇത് തന്നെ പറഞ്ഞോണ്ടിരിക്കണത് ന്റെ സുഭദ്രേ. നമ്മളും അവൻ മരിച്ചപ്പോഴല്ലേ അറിയണേ. അവള് അത്രക്കാരിയാണെന്ന്. അവൾടെ നാട്ടുകാര് എന്തൊക്കെ കഥകളാ ഇവിടെ വന്ന് പറഞ്ഞത് “”.കുഞ്ഞൂട്ടൻ പറഞ്ഞു.

അയാൾ ചാരു കസേരയിലേക്ക് ചാഞ്ഞിരുന്നു തലചായ്ച്ചു. അയാൾ കണ്ണുമിഴിച്ചു എങ്ങോട്ടോ നോക്കി ചിന്തയിൽ മുഴുകി.

“”ഇനി നീ ഒന്നും പറയണ്ട അവളോട്. നമ്മുടെ മോൻ പോയി. നമ്മുടെ വിധി….അത്രന്നെ””. കുഞ്ഞൂട്ടൻ പറഞ്ഞു

അഖില നടന്ന് ബസ്സ്റ്റോപ്പിലെത്തി. കടയുടെ താക്കോൽ ബാഗിൽ ഉണ്ടെന്ന് ഒന്നുകൂടി ഉറപ്പ് വരുത്തി.വൈകാതെ കൂട്ടുകാരി ഭാമയും എത്തി. അഖിലയെ കണ്ട അവൾ ഒന്നു ആശ്ചര്യപ്പെട്ടു.

“”നീ ഇന്ന് തന്നെ കടയിലേക്ക് വരുവാണോ..അനിൽ മരിച്ചിട്ട് കുറച്ചല്ലേ ആയൂള്ളൂ””. ഭാമ അഖിലയേ നോക്കി എന്തോ അതിശയം പോലെ പറഞ്ഞു.

“”ഓഹ്… അതിനിപ്പോ എന്താ…പുല കഴിഞ്ഞില്ലേ.. വീട്ടിൽ ഇരുന്നാൽ വയറു നിറയുമോ…ജീവിക്കേണ്ടേ””.അഖില വളരെ ശാന്തമായി പറഞ്ഞു.

അവളുടെ നിസ്സംഗ മനോഭാവം ഭാമയിൽ അത്ഭുതം ഉളവാക്കി. “എങ്ങിനെ കഴിയുന്നു. ഭർത്താവ് ആത്മഹത്യ ചെയ്തിട്ടും ഇങ്ങനെ സാധാരണമായി പെരുമാറാൻ.. അതും വിവാഹം കഴിഞ്ഞിട്ട് രണ്ട് മാസം തികയുന്നതിന് മുമ്പ്”..ഭാമ ചിന്തിച്ചു.

ബസ് വരുന്നത് കാണാനില്ല. സമയം ഒമ്പതു മണി ആകാനാവുന്നു.””ഭാമേ… നമുക്കൊരു ഓട്ടോ പിടിച്ചു പോയാലോ.. സമയം ഒമ്പതു മണി ആയി. ഇനിയും വൈകിയാൽ മുതലാളി വഴക്ക് പറയും””.അഖില പറഞ്ഞു.

ഭാമ തലയാട്ടി.. രണ്ടുപേരും ഒരു ഓട്ടോ പിടിച്ചു. അഖില ഓട്ടോയിൽ ചാരിയിരുന്നു. ഭാമ വീണ്ടും അതിശയോക്തീയോടെ അവളെ നോക്കി.

“”വല്ലതും അറിയുമോ എന്തിനാ അനിൽ ആ കടുംകൈ ചെയ്തതെന്ന്?””. ഭാമ സഹിക്കാൻ വയ്യാതെ മടിച്ചു മടിച്ചാണെങ്കിലും ആ ചോദ്യമെറിഞ്ഞു.

അഖില മറുപടി പറഞ്ഞില്ല. എന്താണ് പറയേണ്ടതെന്നു അവൾക്കറിയില്ലായിരുന്നു. അവളുടെ അറിവിൽ ഒരു കാരണവും ഇല്ലായിരുന്നു. സന്തോഷകരമായ ജീവിതം തന്നെ ആയിരുന്നു കൂടെയുണ്ടായിരുന്ന നാളുകളിൽ.

“”എനിക്കറിയില്ല ഭാമേ. ഏട്ടന്റെ അച്ഛനും അമ്മയും വിശ്വസിച്ചിരിക്കുന്നത് എന്റെ ദുർനടപ്പ് കൊണ്ടാണെന്നാണ്. ഹരിയോടുണ്ടായിരുന്ന അടുപ്പം അനിലേട്ടൻ മരിച്ചപ്പോൾ നാട്ടിൽ നിന്ന്

വന്ന ആരൊക്കെയോ കൊഴുപ്പ് കൂട്ടി അവർക്ക് പറഞ്ഞു കൊടുത്തിട്ടുണ്ട്. ഇന്ന് വരുമ്പോൾ കൂടി അമ്മ അത് പറഞ്ഞു””. അഖിലയുടെ കണ്ണുകൾ ഈറനണിഞ്ഞു.

ഭാമക്ക് ആകെയൊരു വല്ലായ്മ തോന്നി. ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ചോദിക്കാൻ തോന്നിപ്പിച്ച ഭാമയുടെ മനസ്സിനെ അവൾ സ്വയം ശപിച്ചു. അഖില കണ്ണുകൾ ചുരിദാറിന്റെ ഷാള് കൊണ്ട് തുടച്ചു.

“” നിനക്കറിയാലോ… ഹരി നാട് വിട്ട് പോയിട്ട് കുറേ ആയി ഭാമേ..എന്നിട്ടും അനിലേട്ടന്റെ അമ്മ പറയുന്നത് ഞാൻ അയാളോടൊത്ത് പിഴക്കാൻ പോവുകയാണെന്നാ..തേവിടിശ്ശി.. വേശ്യ.. എന്നൊക്കെയാ അമ്മ വിളിക്കുന്നേ”” അഖില വിതുമ്പി.

“”ഞാൻ എന്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല്യ.. ഈ കണ്ണീരു കുടിക്കാൻ വേണ്ടിയാ ഞാൻ അനിലേട്ടന് കഴുത്ത് നീട്ടികൊടുത്തത്. ആ നിമിഷത്തെയാണ് ഞാനിപ്പൊ ശപിക്കുന്നത്”‘.അഖില പറഞ്ഞു.

തുളുമ്പാൻ വെമ്പി നിന്ന അഖിലയുടെ മനസ്സ് ഒരു കാരണം കിട്ടാൻ കാത്തുനിൽക്കുകയായിരുന്നു. പുല കഴിയും വരെ ആരും അവളോട് മിണ്ടിയിട്ടില്ല. അടച്ചു പൂട്ടിയിട്ട മുറിയിൽ അടച്ചുപൂട്ടിയ ഹൃദയവുമായി അവൾ കഴിയുകയായിരുന്നു.

“”അഖിലാ.. ഞാൻ വെറുതേ ചോദിച്ചതാ.. നിനക്ക് വിഷമമായി അല്ലേ””….ഭാമ വല്ലാതെ വിഷമിച്ചു.

അത്രക്കും ഹൃദയഭേദകമായിരുന്നു അഖിലയുടെ മുഖം. ഓട്ടോ കടക്ക് മുമ്പിൽ എത്തി. അവർ ഇറങ്ങി ഭാമ ഓട്ടോ കൂലി കൊടുക്കുമ്പോഴേക്കും അഖില കടയുടെ ഷട്ടർ തുറന്നു പൊക്കി.

അവൾ കടയിലെ കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു മുഖം ഒന്ന് നോക്കി. കരഞ്ഞു കലങ്ങിയ കണ്ണുകൾക്കു ചുവപ്പ് നിറം. അവൾ കണ്ണുകൾ അമർത്തി തുടച്ചു.

സ്വന്തം പ്രതിബിംബത്തെ കുറച്ചു നേരം നോക്കി നിന്നു. ആകെ ഉടഞ്ഞിരിക്കുന്നു ശരീരം. അതിലേറെ ഉടഞ്ഞിരിക്കുന്നു മനസ്സ്. “എന്തിന് അനിലേട്ടൻ ഇങ്ങനെ ചെയ്തു?

ഹരിയേ എനിക്ക് ഒരിക്കലും മറക്കാൻ എനിക്ക് പറ്റില്ല. എങ്കിലും ഞാൻ അനിലേട്ടനെ സ്നേഹിച്ചു വരികയായിരുന്നു.. അതിന് മുമ്പേ”..അഖിലയുടെ മനം വല്ലാതെ വിങ്ങി. എങ്കിലും വീണ്ടും മിഴികൾ നനയാൻ അവൾ സമ്മതിച്ചില്ല.

“”ഹലോ… ഇവിടെ ആരും ഇല്ലേ?””.പുറത്തു നിന്നു ഒരാൾ ഉറക്കെ വിളിച്ചു ചോദിച്ചു.

അഖില പെട്ടെന്ന് ഞെട്ടി ചിന്തകളിൽ നിന്നുണർന്നു. അവൾ ധൃതിയിൽ കണ്ണുകൾ ഒന്നുകൂടി തുടച്ചു. ഷാൾ മാറിലേക്ക് നേരെ ഇട്ടു.

“”ആ.. ഉണ്ടല്ലോ””.അഖില അകത്തു നിന്നും വിളിച്ചു പറഞ്ഞു. അവൾ ചിരിച്ചു കൊണ്ട് പുറത്തേക്ക് വന്നു. “”എന്താ വേണ്ടത് സാർ?””.അവൾ അതേ ചിരിയോടെ ചോദിച്ചു.

“ഈ ഭാമയിത് എവിടെ പോയി”.അഖില ചുറ്റും നോക്കികൊണ്ട് സ്വയം പറഞ്ഞു.അയാൾ പോയി കുറച്ചു കഴിഞ്ഞപ്പോൾ ഭാമ കയറി വന്നു.

“”നീ ഇത് എങ്ങോട്ടാ പോയത്?. ഞാൻ അകത്തായിരുന്നു. ഒരാൾ വന്നു തൊള്ളയിട്ടപ്പോഴാണ് നീ ഇവിടെ ഇല്ലെന്നറിഞ്ഞത്””.അഖില അല്പം കെറുവിച്ചു കൊണ്ട് ചോദിച്ചു.

“”ഹേയ്.. ഒന്നൂല്ല.. ഒരാൾ കാണാൻ വന്നിരുന്നു””.ഭാമ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവളുടെ മുഖത്തെ അസാധാരണ നാണവും കണ്ണുകളിലെ തിളക്കവും ഒക്കെ കണ്ടപ്പോ അഖിലക്ക് കാര്യം മനസ്സിലായി.

“”നോക്കിക്കോ പെണ്ണേ… പ്രേമം വല്ലാത്തൊരു ഊരാകുടുക്കാണ്. പെട്ടുപോയാൽ പിന്നെയൊരു മോചനമില്ല. സ്നേഹിച്ച പുരുഷനെ കിട്ടിയില്ലെങ്കിൽ അതിങ്ങനെ കുത്തിനോവിച്ചു

കൊണ്ടേയിരിക്കും.. മറക്കാൻ ശ്രമിക്കുന്തോറും മറക്കുകയല്ല ചെയ്യുക. ഓർമകൾക്ക് ഈർച്ചവാളിന്റെ മൂർച്ചയായിരിക്കും പെണ്ണേ.. ഹൃദയത്തെ ഇങ്ങനെ ഈർന്നു മുറിക്കും””.. അഖില

ആരോടെന്നില്ലാതെ പറഞ്ഞു. അവളുടെ കണ്ണുകൾ വല്ലാതെ വിടർന്നിരുന്നു. ഭാമ ഇതുവരെ കാണാത്ത ആ ഭാവമാറ്റം കണ്ട് അവൾ ചെറുതായൊന്ന് അമ്പരന്നു.

കടയുടെ മുതലാളി കയറി വന്നു. അയാളും അഖിലയെ കണ്ടു ഒരു നിമിഷം ഒന്നു നിന്നു.

“”ആഹാ.. താൻ വന്നോ.. എന്താ അഖിലാ ഇപ്പൊ തന്നെ പോന്നത്. ഞാൻ കരുതി താൻ ഇനി വരില്ലാന്ന്””. മുതലാളി ചിരിച്ചുകൊണ്ട് പറഞ്ഞു.അഖിലയും ഒന്നു പുഞ്ചിരിച്ചു.

“”ജീവിക്കണ്ടേ സുധാകരേട്ടാ.. എത്രയാന്ന് വെച്ചിട്ടാ വീട്ടിലിരിക്ക്യാ.. പുല കഴിയും വരെ സ്വന്തക്കാരും ബന്ധക്കാരും എല്ലാരും കൊണ്ട് വന്നത് കൊണ്ട് ചെലവിന് മുട്ടിയില്ല്യ..ഇപ്പൊ എല്ലാരും പോയി.

ആരും തിരിഞ്ഞു നോക്കണില്ല്യ. ആകെയുള്ള വരുമാനവും നിലച്ചില്ലേ””.അഖില പറഞ്ഞു. അവളുടെ മുഖം ചെറുതായൊന്നു ഇരുണ്ടു.

മുതലാളി അഖിലയേ നഖം മുതൽ മുടിവരെ ഒന്നു നോക്കി. “ആകെ ക്ഷീണിച്ചിരിക്കുന്നു പെണ്ണ്”.അയാൾ അകമേ പറഞ്ഞു.

“”അനിൽ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് വല്ല ഊഹവുമുണ്ടോ?. പോലീസുകാർ എന്തെങ്കിലും പറഞ്ഞോ? മുതലാളി സുധാകരൻ ചോദിച്ചു.

“”ഇല്ല്യ.. അവർ അന്വേഷിച്ചിട്ട് ഒരു തുമ്പും കിട്ടിയില്ല്യാത്രേ. പെട്ടെന്നുണ്ടായ ഒരു മനോവിഷമത്തിന് ചെയ്തതാകാം എന്നാ പോലീസുകാര് പറഞ്ഞത്””.അഖിലയുടെ തൊണ്ട ഇടറി.

വൈകിട്ട് കട അടച്ചു അഖില വീട്ടിലേക്ക് പോയി. നേരെ മുറിയിൽ പോയി ബാഗ് എടുത്തു വെച്ചു. അവൾ കുളിക്കാൻ വേണ്ടി പുറത്തിറങ്ങി.

അമ്മായിയമ്മ സുഭദ്ര ഒരു നികൃഷ്ട ജീവിയേ കാണുന്നത് പോലെ അവളെ നോക്കി. അവൾ തിരിച്ചും രൂക്ഷമായ നോട്ടമെറിഞ്ഞു.

“”എന്താടീ നോക്കുന്നത്.. നല്ല പോലെ കുളിച്ചോ.. ആണുങ്ങളുടെ നല്ല വിയർപ്പ് നാറ്റം ഉണ്ടാകും”” സുഭദ്ര ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.

“”തള്ളേ…. നിങ്ങൾക്കും തന്തക്കും വിഴുങ്ങണ്ടേ.. ആര് കൊണ്ടു തരും. അതിന് പോയതാണ്. ഞാൻ നിന്നിരുന്ന കടയിലേക്ക്. അല്ലാതെ പുലയാടാൻ പോയതല്ല””. അഖില സങ്കടം സഹിക്കാൻ വയ്യാതെ ഉറക്കെ പറഞ്ഞു.

അവൾ ആ വെറും പൂഴിമണ്ണ് നിറഞ്ഞ മുറ്റത്തിരുന്നു ഉറക്കെ കരഞ്ഞു. കൈകൊണ്ട് ഉറക്കെ ഉറക്കെ നിലത്ത് തല്ലി ആർത്തു കരഞ്ഞു.

ഉള്ളിലെ ദേഷ്യത്തിന്റെ അലമാലകൾ നിറഞ്ഞ പ്രക്ഷുബ്ധമായ കടലും ശാന്തമായ സങ്കടകടലും ഒന്നിച്ചു പൊട്ടിയൊഴുകി.

അവളുടെ ഏങ്ങലടികളും തികട്ടലും ശബ്ദങ്ങളായി അവിടെ നിറഞ്ഞു നിന്നു. “”ഞാൻ എന്ത് ചെയ്തിട്ടാണ് ന്റെ കൃഷ്ണാ എന്നെ ഇങ്ങനെ പരീക്ഷിക്കണത്””..അവളുടെ വിതുമ്പലിൽ വാക്കുകൾ ഇടക്ക് മുറിഞ്ഞു.

“”നീ ഒന്നും ചെയ്തിട്ടില്ല അല്ലേ.. എന്റെ മോന്റെ തലയിൽ കെട്ടിവെച്ചത് വേറൊരുത്തന്റെ എച്ചിൽ അല്ലേ..അത് സഹിക്കാൻ പറ്റാഞ്ഞിട്ടല്ലേ എന്റെ മകൻ കെട്ടി തൂങ്ങി മരിച്ചത്..

ആ പാവത്തിനെ ചതിച്ചിട്ട് ഇരുന്നു മോങ്ങുന്നു അവൾ”” സുഭദ്രയുടെ മുഖം അരിശം ഇരച്ചു കയറി ചുവന്നു തുടുത്തു.

അഖിലക്ക് പിന്നെ ഒന്നും പറയാൻ ആയില്ല. അവൾ പിന്നെ കരഞ്ഞതുമില്ല. മുടി വാരികെട്ടി അവൾ എഴുന്നേറ്റു. നിലത്ത് വീണ തോർത്തുമുണ്ട് അവൾ കുനിഞ്ഞെടുത്തു തോളത്തിട്ടു കുളിമുറിയിലേക്ക് നടന്നു..

“”തേവിടിശ്ശി””..പിറകിൽ നിന്ന് അമ്മായിയമ്മയുടെ ശബ്ദം വീണ്ടും അവൾ കേട്ടു. തിരിഞ്ഞു നോക്കിയില്ല. മറുപടി പറഞ്ഞതുമില്ല.

നുരകൾ പോലെ പൊന്തിയ സങ്കടം അവൾ തകരം കൊണ്ടുണ്ടാക്കിയ പഴയ കുളിമുറിയുടെ വാതിൽ ഉറക്കെ വലിച്ചടച്ചു കൊണ്ട് തീർത്തു.

വസ്ത്രങ്ങൾ ഊരി അവൾ വാതിലിൽ തൂക്കിയിട്ടു.. വീപ്പയിൽ നിന്നും കുറേ കോപ്പ വെളളം തുരുതുരാ ദേഹത്തേക്കൊഴിച്ചു. ശരീരം തണുക്കുവോളം … തന്നെ തനിച്ചാക്കിയത് ആരാണ് എന്നവൾക്ക് തീർച്ചയില്ല.. “സ്വന്തം മനസ്സ് നിറഞ്ഞുകവിഞ്ഞിട്ടും

പുറത്തേക്കൊഴുകിയ സ്നേഹം പോലും വാരി പകർന്നു നൽകിയ ഹരിയോ?… അതോ ശരിക്കും മനസ്സുകൾ അടുക്കും മുമ്പ് മനഃപൂർവം ജീവൻ ഉപേക്ഷിച്ചു പോയ അനിലോ?.. ആരാണ്?”.

അവൾ ഈറനോടെ കുളിമുറിയിൽ നിന്ന് ചിന്തിച്ചു. വെളളം ഓളം വെട്ടുന്ന വീപ്പക്കുറ്റിയിലേക്ക് അവൾ ഇമവെട്ടാതെ നോക്കി നിന്നു.

ഓർമ്മകൾക്ക് ജീവൻ വെച്ചു തലച്ചോറിൽ ഇരുന്നു മൂളുന്നത് പോലെ അഖിലക്ക് തോന്നി. തലയിൽ ഒരു കടന്നൽ കൂട് ഇളകി പാറി പറക്കുന്നത് പോലെ…”എനിക്ക് ഭ്രാന്ത് പിടിക്കുന്നുവോ?”.. അവൾ പേടിച്ചു. അവൾ സ്ഥലകാല ബോധം വീണ്ടെടുത്തു. വേഗം കുളിച്ചു പുറത്തിറങ്ങി.

സുഭദ്രക്കും കുഞ്ഞൂട്ടനുമുള്ള ചോറും കറികളുമൊക്കെ വിളമ്പി ഊൺ മേശയിൽ വെച്ച് അവൾ മുറിയിൽ വാതിലടച്ചു കിടന്നു. ഓടിട്ട ആ വീടിന്റെ ചില്ലോടിലൂടെ വന്ന നിലാവെളിച്ചം

ആ മുറിയിൽ പരന്നു. അഖില തലയിണയിൽ കൈകൾ പിണച്ചു വെച്ച് മലർന്ന് കിടന്നു. പൂർണ്ണ ചന്ദ്രന്റെ പാൽ വെളിച്ചം ഒഴുകുന്ന ആ ചില്ലോടിലേക്ക് അവൾ മിഴികൾ വെറുതേ പായിച്ചു.

ഓർമ്മകൾ മനതാരിലേക്ക് ഒന്നൊന്നായി അവളെ തേടിയെത്തി. ഹരിയുടെ ചിരി അവളുടെ മനസ്സിൽ മിന്നിമറഞ്ഞു..അനുരാഗത്തിന്റെ നാളുകൾ..എന്തൊരു അനുഭൂതിയായിരുന്നു ആ നാളുകൾക്ക്. പ്രണയകുളിരിൽ പൂത്തുലഞ്ഞ,

നൊമ്പരങ്ങളൊക്കെയും പിന്നീട് സുഖം തന്ന നിമിഷങ്ങൾ. “ഞാൻ ഹരിയെ സ്നേഹിച്ച പോലെ ഹരി എന്നെ തിരിച്ചു സ്നേഹിച്ചിട്ടുണ്ടോ”.അവളുടെ മനസ്സ് മന്ത്രിച്ചു. “ഈ ചോദ്യം ഹരി എന്നോടും ചോദിച്ചിട്ടില്ലേ.. അപ്പൊ ഞാൻ എന്ത്

മറുപടിയാണ് അന്ന് പറഞ്ഞത്”.ഓർമ്മകൾക്കിടെ അവളുടെ ചുണ്ടുകളിൽ അവളറിയാതെ ഒരു മന്ദഹാസം തത്തികളിച്ചു. പൊടുന്നനെ ആ ചിരി മാഞ്ഞു. “ഹരി എവിടെയാണിപ്പോ..

ആരോടും ഒരു വാക്ക് മിണ്ടാതെ.. എന്നോട് പോലും പറയാതെ ഒരു ദിവസം അപ്രത്യക്ഷമായ ഹരി എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമോ?”. അവൾ ഒരു നെടുവീർപ്പോടെ ഓർമകൾക്ക് തത്കാലവിരാമമിട്ടു. കണ്ണുകൾ ഈറനണിഞ്ഞത് അവൾ അറിഞ്ഞില്ല. അവൾ കമിഴ്ന്നു കിടന്നു. തുളുമ്പി നിന്ന രണ്ട് തുള്ളി കണ്ണീർ കിടക്കയിൽ വീണു.

അവളിൽ വീണ്ടും പഴയ ഓർമ്മകൾ ഇരമ്പിയാർത്തു. ഹരിയുടെ തിരോധാനം അഖിലയേ വല്ലാതെ ഉലച്ചിരുന്നു. അവൾ മുറിയിൽ അടച്ചിരുന്നു ഒരുപാട് രാപകലുകൾ കരഞ്ഞു തീർത്തു. അത്രമേൽ സ്നേഹിച്ചൊരാളെ പെട്ടെന്ന് കാണാതാവുക.

ഒരിക്കലും പ്രതീക്ഷിക്കാത്ത ഇങ്ങനെ ഒരവസാനം പ്രണയത്തിനുണ്ടാവുമെന്ന് അവൾ പകൽ കിനാക്കളിൽ പോലും നിരീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. മാസങ്ങൾ കടന്ന് പോയി. ഹരിയുടെ ഒരു വിവരവുമില്ല. ഇനി അവൻ തിരിച്ചു വരില്ല എന്ന് മനസ്സ് ഉറച്ചു വിശ്വസിച്ചു. എങ്കിലും അവളുടെ ഉപബോധ മനസ്സിൽ ഒരു പ്രഹേളികയായി ഹരി അവശേഷിച്ചു.

ഈ ഒറ്റപെടലിൽ നിന്നൊരു മോചനം വേണമെന്ന് അഖിലയോട് മാതാപിതാക്കൾ അപേക്ഷിച്ചു. അവളും ഒരു വേള അത് ആഗ്രഹിച്ചിരുന്നു. അല്ലെങ്കിലും താൻ നീറിനീറി മരിക്കും എന്നവൾക്ക് തോന്നി.

ഓർമകൾക്ക് അവൾ താത്കാലികമായി പൂട്ടിട്ടുവെങ്കിലും ഹരിയോടുള്ള പ്രണയത്തിന് പൂട്ടിടാൻ അവളുടെ ഉപബോധ മനസ്സ് സമ്മതിച്ചില്ല.

ചെറിയൊരു തുണി കടയിൽ അഖിലക്ക് ജോലി ശരിയായി. ഒരു വിവാഹത്തിന് മാനസികമായി അവൾ ഒരുങ്ങിയില്ലെങ്കിലും അവൾ സമ്മതിച്ചു..താലി ചാർത്തുന്നത് ആരാണെങ്കിലും അയാളെ

സ്നേഹിക്കാൻ ശ്രമിക്കുമെന്നു അവൾ മനസ്സിൽ ഉറപ്പിച്ചു..ഹരിയുടെ ഓർമ്മകൾ മരിച്ചു മണ്ണടിഞ്ഞാലേ തന്നേ വിട്ട് പോകുമെന്ന് അവൾക്കറിയാമായിരുന്നെങ്കിലും ആ ഓർമകളെ മനസ്സിന്റെ കോണിലെ ഒരു

മൂലയിലേക്ക് ചുരുക്കാൻ അഖില പഠിച്ചു. ആരുടെ കൈപിടിച്ചാണോ ഒരു വീട്ടിൽ ചെന്ന് കയറുന്നത് ആ വീടിന്റെ നന്മക്കായി പ്രാർത്ഥിക്കുമെന്നും അവൾ തീരുമാനിച്ചു.

പക്ഷെ… എല്ലാം തുറന്നു പറഞ്ഞു തന്നെ സ്വീകരിക്കാൻ തയ്യാറുള്ള ആളോട് കൂടെ മാത്രമേ താൻ ജീവിക്കൂ എന്ന് അഖില തീർച്ചയാക്കി. പല ആലോചനകളും വന്നെങ്കിലും അവളുടെ പ്രണയകഥകൾ ആരും ഉൾകൊണ്ടില്ല. അങ്ങിനെയാണ് ഒരു നാൾ അനിൽ അഖിലയേ കാണാൻ വന്നത്.

“”അഖിലക്ക് എന്നെ ഇഷ്ടായോ?””..അനിൽ ചോദിച്ചു.അവൾ ഒന്നും പറഞ്ഞില്ല

“”നിങ്ങൾ എന്നെ കുറിച്ച് കൂടുതൽ അറിയണം.. ഞാൻ പറഞ്ഞോട്ടെ.. കേൾക്കാൻ താല്പര്യമുണ്ടെങ്കിൽ””.അഖില മടിച്ചു മടിച്ചാണെങ്കിലും പറഞ്ഞു.

“”ഓഹ്.. അതിനെന്താ.. പറഞ്ഞോളൂ.. ആദ്യം ഞാൻ എന്നെ കുറിച്ചു പറയാം. എനിക്ക് നാടൻ പണിയാണ്.. അങ്ങനെ ഇന്ന പണി എന്നൊന്നുമില്ല എന്ത് പണിയും ചെയ്യും.. ചെറിയ ഓടിട്ട

വീടാണ്..പിന്നെ എന്നെ കാണാലോ.. കറുത്ത് അല്പം കഷണ്ടി കയറി മെല്ലിച്ച ഞാൻ സുന്ദരിയായ നിന്നെ കാണാൻ വന്നതിലാണ് എനിക്ക് നാണം”” അനിൽ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾ ചിരിച്ചില്ല. വെറുതേ താഴോട്ടു നോക്കി നിന്നു.””നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ?. അനുരാഗ നൊമ്പരം അറിഞ്ഞിട്ടുണ്ടോ?””.അഖില ചോദിച്ചു. അവൾ അനിലിന്റെ മുഖത്ത് നോക്കിയില്ല.

അനിൽ ആകെ അമ്പരന്നു. പെണ്ണുകാണാൻ വന്ന അയാൾ ഒരിക്കലും ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചതല്ല. അയാൾ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“”ഇല്ല… പക്ഷെ.. പറഞ്ഞു കേട്ടിട്ടുണ്ട്. വല്ലാത്തൊരു നൊമ്പരമാണെന്ന്””.അനിൽ പറഞ്ഞു.

“”മ്മ്.. അതേ.. ഞാൻ അങ്ങനെയൊരു അവസ്ഥയിലാണ്. എനിക്കൊരു പ്രണയമുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്നല്ല..ഇപ്പോഴുമുണ്ട്.. പക്ഷെ””… അഖില മുഴുമിപ്പിച്ചില്ല. അവൾ തലപൊക്കി അനിലിനെ നോക്കി.

അനിൽ മൂളി.. “”പക്ഷെ? …. അയാൾ ചോദ്യഭാവത്തോടെ അവളുടെ മുഖേത്തേക്ക് സൂക്ഷിച്ചു നോക്കി.അവൾ ആകെ വിയർത്തിരുന്നു. സരിതുമ്പ് കൊണ്ട് മുഖം അമർത്തി തുടച്ചു.

“”പക്ഷെ… ഞാൻ അത് മനസ്സിന്റെ ഏതോ ഒരു ഇരുട്ടറയിലേക്ക് മാറ്റിയിട്ടുണ്ട്. നിങ്ങളെന്നെ വിവാഹം ചെയ്‌താൽ തീർച്ചയായും അത് നിങ്ങൾക്കൊരു ബാധ്യതയാവില്ല.. ഇനി.. പറ.. നിങ്ങൾ തയ്യാറാണോ”‘?. അഖില അനിലിന്റെ കണ്ണിലേക്ക് നോക്കിത്തന്നെ പറഞ്ഞു.

താൻ എന്ത് പറഞ്ഞാലും അത് പൂർണ്ണമനസ്സോടെ സ്വീകരിക്കാൻ അവൾ ഒരുകമാണെന്ന് അയാൾക്ക് അവളുടെ ആ നോട്ടത്തിൽ ഒളിഞ്ഞിരിക്കുന്നതായി തോന്നി.

“”ഈ വിരൂപനായ എന്നെ നീ ഇഷ്ടപെട്ടത് തന്നെ വലിയ കാര്യം.. എനിക്കിഷ്ടമാണ്.. സമ്മതമാണ്.. എത്ര സമയമെടുത്താലും നീ എന്നെ സ്നേഹിക്കുമല്ലോ.. അത് മതി.. ഈ തുറന്നു പറച്ചിലും എനിക്കിഷ്ടമായി””.അനിൽ ആവേശത്തോടെ പറഞ്ഞു.

അഖില ചിരിച്ചു.. അവൻ പോകാൻ നേരം അവൾ ഒന്നു കൂടി വിളിച്ചു പറഞ്ഞു.””അതേ…. പറയാമോ എന്നറിയില്ല്യ. ഞാൻ കന്യക തന്നെയാണ്””.അതിന് മറുപടിയായി അനിൽ ഒന്നു ഊറിചിരിച്ചു.

കല്യാണം ലളിതമായി നടന്നു. അനിലിന്റെ പെണ്ണിനേ കണ്ട് ആളുകൾ അതിശയം കൂറി.. മൂക്കത്ത് വിരൽ വെച്ചു.

“”ഈ കറുത്ത് കരിവാളിച്ച ഇവന് ഇത്ര സുന്ദരിയായ പെണ്ണോ”” ചില പെണ്ണുങ്ങൾ അടക്കം പറഞ്ഞു.

“”ഒന്നെങ്കിൽ ചൊവ്വാദോഷം കാരണം മുടക്കാചരക്കായി ഇരിക്കുന്നതാവും. പെണ്ണിന്റെ ചന്തത്തിൽ മയങ്ങി അവൻ ജാതകമൊന്നും നോക്കിക്കാണില്ല. അല്ലെങ്കിൽ വല്ല സ്വഭാവദൂഷ്യവും കാണും..

അല്ലാതെ പിന്നെ അതിന്റെ തന്തക്കും തള്ളക്കും കണ്ണിന് കാഴ്ച്ചക്കുറവൊന്നും ഇല്ലല്ലോ ഇവന് കെട്ടിച്ചു കൊടുക്കാൻ””. ഒരു മുതിർന്ന സ്ത്രീ അടിവരയിട്ട് പറഞ്ഞു.

അങ്ങനെ ജീവിതം ദിവങ്ങളോളം മുന്നോട്ട് പോയി. ശരീരം കൊണ്ട് ഇരുവരും ഒന്നായി. പക്ഷെ അപ്പോഴും അവളുടെ മനസ്സ് പൂർണ്ണമായി അനിലിന് വിധേയമായില്ല.

എന്തൊക്കെയോ ചില അകലങ്ങൾ ഇരുവരും അറിയാതെ അവർക്കിടയിൽ എന്നും ഉണ്ടായിരുന്നു. അനിലിനെ പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ ഹരിയോടുള്ള പ്രണയം അവളെ പലപ്പോഴും തടസ്സപെടുത്തി. എങ്കിലും അഖില അനിലിനോട്‌ അങ്ങനെ ഭാവിച്ചില്ല.

ദിവസങ്ങൾ പഴുത്ത പ്ലാവില പോലെ കൊഴിഞ്ഞു വീഴവേ ഹരി നാട്ടിൽ വന്നു എന്ന വിവരം അഖില അറിഞ്ഞു. വീണ്ടും അവനോടുള്ള പ്രണയം മൊട്ടിടുമോ എന്ന് അഖില ഭയന്നു.

തന്നെ അന്വേഷിച്ചു വരുമോ എന്നും അവൾ വല്ലാതെ പേടിച്ചു. താൻ സ്നേഹിച്ചത് ഹരിയെയാണ് എന്നവൾ അനിലിനോട് പറയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. അനിൽ അത് ചോദിച്ചില്ല എന്നതാണ് വാസ്തവം.

ആ കാര്യം ആലോചിച്ചു പലപ്പോഴും അഖില അത്ഭുതം കൂറി. അയാൾക്ക് അത് അറിയേണ്ട കാര്യമുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം.. “കരിഞ്ഞ മുറിവിൽ കുത്തി എന്തിന് വീണ്ടും ചോരപൊടിക്കണം”. എന്നതായിരുന്നു അനിലിന്റെ മനസ്സിൽ..

അനിലിനെ കുറിച്ചുള്ള ഓർമ്മകൾ അവളുടെ ഇടനെഞ്ചിൽ വീണ്ടും സങ്കടം തളം കെട്ടിച്ചു. ചില്ലോടിലൂടെ വന്ന നിലവിനു തിളക്കം നഷ്ടപെട്ട പോലെ അഖിലക്ക് തോന്നി. “ഞാൻ ഒന്നു സ്നേഹിച്ചു വരികയായിരുന്നു അനിലേട്ടാ നിങ്ങളെ.. അപ്പോഴേക്കും..

നിങ്ങൾ എന്തിനിങ്ങനെ ചെയ്തു”..അവൾ തേങ്ങികൊണ്ട് വലത് വശത്തേക്ക് ചെരിഞ്ഞു കിടന്നു.. വലിയൊരു കിടക്കയിൽ അനിൽ കിടന്നിരുന്ന സ്ഥലം ശൂന്യം.. ആ ശൂന്യതയിലേക്ക് നോക്കി അവൾ പൊട്ടികരഞ്ഞു..ശബ്ദം ഉണ്ടാക്കാതെ..

എപ്പോഴോ അഖില മയക്കത്തിലേക്ക് വഴുതി വീണു..കിഴക്ക് വെള്ള കീറി. അഖില എഴുന്നേറ്റു കുളിച്ചു ക്ഷേത്രത്തിൽ തൊഴാൻ പോയി.. മനമുരുകി അവൾ തന്റെ ഇഷ്ടദേവനോട് പ്രാർത്ഥിച്ചു.

“”എന്തിനാണ് ഭഗവാനേ മനമറിഞ്ഞു സ്നേഹിക്കുന്നതിനു മുമ്പ് അനിലേട്ടനെ കൊണ്ട് പോയത്?.ആ പാവത്തിനെ സ്വയം ജീവിനെടുക്കാൻ തോന്നിപ്പിച്ചത് എന്തിനായിരുന്നു?.

എനിക്ക് കിട്ടിയ സ്നേഹത്തിന്റെ നൂറിൽ ഒരംശം പോലും എനിക്ക് തിരിച്ചു നൽകാൻ കഴിഞ്ഞിട്ടില്ല..അതിന് മുമ്പ്…. എന്തായാലും എന്റെ അനിലേട്ടന്റെ ആത്മാവിനു നിത്യശാന്തി നൽകേണമേ.

സമസ്ത അപരാധങ്ങളും പൊറുത്തുകൊടുക്കേണമേ”. അവൾ കൈകൂപ്പി പൊട്ടികരഞ്ഞു പ്രാർത്ഥിച്ചു.

നാളുകൾ എണ്ണിയെണ്ണി കടന്നു പോയി. സുഭദ്രയും കുഞ്ഞൂട്ടനും അഖിലയോടുള്ള അവജ്ഞ തുടർന്നു കൊണ്ടേയിരുന്നു. പക്ഷെ അവൾ അനിലിനോടുള്ള പ്രതിബദ്ധത കാരണം ഒന്നും പറയാൻ പോയില്ല..ഭർത്താവിന് കൊടുക്കാൻ

കഴിയാത്ത സ്നേഹം ഒരു കുറ്റബോധം പോലെ അവളിൽ വളർന്നു. അത് പിന്നീട് ഒരു ഒരു കടപ്പാടായി രൂപാന്തരം പ്രാപിച്ചു. അത് അഖിലയേ ആ വീട്ടിൽ തന്നെ യാന്ത്രികമായി പിടിച്ചു നിർത്തി. അവൾ പതിവ് പോലെ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ജോലിക്ക് പോകും.

തിരിച്ചു വരും. ഹരി അവളെ പിന്നീട് കാണാനോ മിണ്ടാനോ ശ്രമിച്ചില്ല. അവളും ഹരിയെ കുറിച്ച് അന്വേഷിച്ചില്ല.

“”അഖില എന്നൊരു യുവതി ഇവിടെയല്ലേ ജോലി ചെയ്യുന്നത്””.ഒരു ദിവസം ഒരു പോലീസുകാരൻ കടയിലേക്ക് കയറി വന്നു കൊണ്ട് ചോദിച്ചു.

“”അതേ സാർ… എന്താ കാര്യം?””.മുതലാളി സുധാകരൻ എഴുന്നേറ്റു നിന്നു കൊണ്ട് ചോദിച്ചു.””പറയാം.. അവരേ വിളിക്കൂ””.പോലീസുകാരൻ കുറച്ചു ഗൗരവം പൂണ്ടുകൊണ്ട് ചോദിച്ചു.

സുധാകരൻ അകത്തേക്ക് നോക്കി. അഖിലയേ വിളിച്ചു. അഖിലയും ഭാമയും പുറത്തേക്ക് വന്നു. പോലീസുകാരനെ കണ്ടപ്പോൾ ഇരുവരും ഒന്നു ഞെട്ടി.

“”ഇതിൽ ആരാ അഖില””..പോലീസുകാരൻ ചോദിച്ചു.””ഞാ..ഞാനാണ് സാർ””.അഖില മുന്നോട്ട് കയറി വന്നു പറഞ്ഞു.

“”നിങ്ങൾ ഒന്നു സ്റ്റേഷനിൽ വരണം..ഒരു ഓട്ടോ പിടിച്ചു വന്നാൽ മതി””.പോലീസുകാരൻ ഭാമയെ നോക്കി. “”വിരോധമില്ലെങ്കിൽ നിങ്ങളും ഇവരുടെ കൂടെ വന്നോളൂ. ഒരു കൂട്ടിന്””. പോലീസുകാരൻ ഇതും പറഞ്ഞു ഇറങ്ങി പോയി.

എല്ലാരും പരസ്പരം നോക്കി. സുധാകരൻ മുതലാളി പറഞ്ഞു.””പേടിക്കാൻ ഒന്നും ഉണ്ടാകില്ല അഖിലാ. അനിലിന്റെ ആത്മഹത്യയുടെ അന്വേഷണത്തിൽ വല്ല തുമ്പും കിട്ടിക്കാണും.”” മുതലാളി പറഞ്ഞു.

അഖില തലയാട്ടുക മാത്രം ചെയ്തു. എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു. ഭാമ ആശ്വസിപ്പിക്കാനെന്നവണ്ണം അവളുടെ തോളിൽ കൈ വെച്ചു.

വൈകാതെ അഖിലയും ഭാമയും പോലീസ് സ്റ്റേഷനിൽ എത്തി. അവരെ ഒരു കോൺസ്റ്റബിൾ എസ്ഐ യുടെ മുറിയിലേക്ക് കൊണ്ട് പോയി.

“”നിങ്ങൾ ഇരിക്കൂ”” എസ്ഐ പറഞ്ഞു. അയാൾ ഭാമയുടെ മുഖത്തേക്ക് നോക്കി. “”നിങ്ങൾ കുറച്ചു നേരം പുറത്തു കാത്തിരിക്കൂ””.ഭാമ പുറത്തേക്ക് പോയി.

“”അഖില എന്ത് കൊണ്ട് ഹരിയോടുള്ള അടുപ്പം ഞങ്ങളിൽ നിന്നു മറച്ചു വെച്ചു.”” എസ്ഐ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

അഖില ഒന്നും മിണ്ടിയില്ല. അവൾ താഴേക്ക് നോക്കിയിരുന്നു.””ഞാൻ പലതവണ ചോദിച്ചു. എന്തെങ്കിലും അവിഹിതം ആരോടെങ്കിലും ഉണ്ടായിരുന്നോ എന്ന്.. നിങ്ങൾ ഇല്ല എന്നുള്ള മറുപടിയിൽ ഒതുക്കി””. അയാൾ ഗൗരവത്തിൽ പറഞ്ഞു.

“”സാർ… കല്യാണത്തിന് മുമ്പായിരുന്നു ഞാൻ ഹരിയുമായി അടുത്തത്. വിവാഹശേഷം ഞാൻ അയാളെ കണ്ടിട്ട് പോലുമില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ അവിഹിതമാകൂ””. അഖില പറഞ്ഞു.

എസ്ഐ ഒന്നു തലകുലുക്കി മൂളി.””ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്താൽ കഴിഞ്ഞ കാര്യം ഞാൻ പറയാം. അനിലിന്റെ മരണത്തിനുത്തരവാദി ഹരിയാണ്.

അയാൾ അനിൽ മരിച്ചയന്ന് രാത്രി ടൗണിൽ വെച്ച് അനിലിനെ കണ്ടിരുന്നു. വെറുതെ കണ്ടതല്ല. ഹരി അന്വേഷിച്ചു കണ്ടെത്തിയതാണ്””.എസ്ഐ പറഞ്ഞു നിർത്തി.

അഖില ഞെട്ടി… അവളുടെ നെഞ്ചിൽ എന്തൊക്കെയോ തിളച്ചു മറിഞ്ഞു..ഹൃദയം ചടുലമായി മിടിച്ചു.

“”നിങ്ങൾ തമ്മിൽ പിരിയാൻ വയ്യാത്ത പ്രണയമാണെന്നും ശാരീരിക ബന്ധം വരെ പല തവണ നടന്നിട്ടുണ്ടെന്നും ഹരി അനിലിനോട് പറഞ്ഞു.”” എസ്ഐ തുടർന്നു.

അഖില ഇരുന്നു വിറച്ചു. അവൾക്ക് തലകറങ്ങുന്നത് പോലെ തോന്നി. കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒരു കൽപ്രതിമ കണക്കേ അവൾ മുന്നോട്ട് നോക്കിയിരുന്നു.

“”നിങ്ങളെ അയാൾക്ക് വിട്ടു കൊടുക്കണമെന്നും ഒരാളുടെ ഏച്ചിൽ തിന്നേണ്ട കാര്യമുണ്ടോ എന്നും വിരൂപനായ തനിക്ക് അവളെ കെട്ടാൻ എന്ത് യോഗ്യതയുണ്ട് എന്നെല്ലാം ഹരി അനിലിന്റെ മുഖത്ത് നോക്കി പറഞ്ഞു””. എസ്ഐ പറഞ്ഞു.

അഖിലക്ക് കണ്ണിൽ ഇരുട്ട് കയറും പോലെ തോന്നി. വീഴാതിരിക്കാൻ അവൾ മേശയിൽ മുറുക്കി പിടിച്ചു.. കുറച്ചു നേരം അവൾക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല..പതുക്കെ അവൾ ധൈര്യം വീണ്ടെടുത്തു.

“”സാർ… ഹരിയെ എനിക്ക് ഒരുപാടിഷ്ടമായിരുന്നു. ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിച്ചതുമാണ്. പക്ഷെ… അയാൾ ഒരു വാക്ക് മിണ്ടാതെ എങ്ങോട്ടോ പോയി .. ഈ കാര്യങ്ങൾ എല്ലാം ഞാൻ അനിലേട്ടനോട് തുറന്നു പറഞ്ഞതാണ്.

എന്നിട്ടാണ് വിവാഹം നടന്നത്. ഞാൻ ഒന്നും അദ്ദേഹത്തോട് ഒളിച്ചുവെച്ചിട്ടില്ല””.അവൾ ചെറിയൊരു തേങ്ങലോടെ പതറിയ ശബ്ദത്തിൽ പറഞ്ഞു.

എസ്ഐ യുടെ ചുണ്ടിൽ ഒരു പുച്ഛ ചിരി മിന്നി മാഞ്ഞു.””ഒന്നും മറച്ചു വെച്ചില്ല എന്നത് കൊടും നുണയല്ലേ അഖിലാ.. നിങ്ങൾ കന്യകയല്ല എന്നത് അനിലിൽ നിന്ന് മറച്ചു വെച്ചു”” അയാൾ സംശയഭാവത്തോടെ അവളെ നോക്കി.

അവളിൽ ദേഷ്യവും സങ്കടവും ഒന്നിച്ചു അരിച്ചു കയറി. മുഖം പെട്ടെന്ന് ചുവന്നു തുടുത്തു.

“”ഹേയ്…. ഇല്ല… നിങ്ങൾക്കെന്തറിയാം സാർ… ഹരി എന്റെ വിരൽ തുമ്പിൽ പോലും തൊട്ടിട്ടില്ല””. അഖില സർവശക്തിയും വീണ്ടെടുത്ത് ഉറക്കെ അലറി. പെട്ടെന്ന് തന്നെ അവൾ ശാന്തമായി. തേങ്ങി കരഞ്ഞു.

“”ഇനി അങ്ങനെ ഞാൻ പിഴച്ചു പോയാൽ തന്നെ അനിലേട്ടൻ സമ്മതിക്കുമായിരുന്നു. അത്രക്ക് പാവമായിരുന്നു അദ്ദേഹം””.അഖില തേങ്ങിക്കൊണ്ട് പറഞ്ഞു. അവൾ മുഖം പൊത്തി പൊട്ടി കരഞ്ഞു.

“”നിങ്ങൾ എന്നോട് ഒച്ചയിട്ടിട്ട് കാര്യമില്ല.നിങ്ങൾ പിഴച്ചു പോയോ ഇല്ലയോ എന്നതല്ല വിഷയം. അത് എന്തായാലും ഹരി അങ്ങനെ പറഞ്ഞു അനിലിനെ വിശ്വസിപ്പിച്ചു..അതിൽ ഹരി വിജയിച്ചു അതാണ് സത്യം.””എസ്ഐ പറഞ്ഞു.

അഖില മുഖം പൊത്തി തല കുമ്പിട്ടു പൊട്ടി പൊട്ടി കരഞ്ഞു.അനിൽ നാക്ക് കടിച്ചു കണ്ണ് തുറിച്ചു താഴെ മലവും മൂത്രവും കൂടി കുഴഞ്ഞു മുറ്റത്തെ മാങ്കൊമ്പിൽ തൂങ്ങിയാടുന്ന കാഴ്ച്ച അവളുടെ മനസ്സിലേക്ക് വീണ്ടും ഓടിയെത്തി. അത് വീണ്ടും അവളുടെ കരച്ചിലിന്റെ ആക്കം കൂട്ടി.

“”നിങ്ങൾ കരയാതിരിക്കൂ… ഇതൊന്നും ഞങ്ങൾ അന്വേഷിച്ചു കണ്ടെത്തിയതല്ല. കേസ് ഞങ്ങൾ എന്നേ വിട്ടതാണ്…പക്ഷെ””…എസ്ഐ പറഞ്ഞു നിർത്തി അഖിലയേ നോക്കി.

അവൾ ഷാള് കൊണ്ട് കണ്ണ് തുടച്ചു അയാളെ നോക്കി.””ഹരിക്ക് എന്തോ മനസ്സാന്തരം. ഇന്നലെ ഇവിടെ വന്നു പറഞ്ഞതാണ്.. നിങ്ങൾ പറഞ്ഞ പോലെ അനിൽ ഒരു പാവമായിരിക്കാം.. അത് കൊണ്ടാകാം സഹിക്കാൻ പറ്റാഞ്ഞത്.

അത്രക്കും ഹരി അയാളെ മാനസികമായി ദ്രോഹിച്ചിട്ടുണ്ടാകാം. ആത്മഹത്യ എന്ന് പറഞ്ഞാൽ അത് ഒരു നിമിഷത്തെ തോന്നലിൽ നിന്നു

ഉണ്ടാകുന്നതാണ്..ഹരിയുടെ മൊഴിയിൽ ഞങ്ങൾ അന്വേഷണം നടത്തി. കാര്യങ്ങൾ പൂർണ്ണമായി ബോധ്യമായത് കൊണ്ടാണ് നിങ്ങളെ വിളിപ്പിച്ചത്”” എസ്ഐ പറഞ്ഞു.

“”സാർ.. അന്ന് രാത്രി അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഒരു അസ്വഭാവികതയും എനിക്ക് തോന്നിയില്ല…എന്തെങ്കിലും സൂചന കിട്ടിയിരിന്നെങ്കിൽ ഞാൻ ഉറങ്ങാതെ നോക്കിയിരുന്നേനെ””…. അഖില വീണ്ടും വിതുമ്പി കൊണ്ട് പറഞ്ഞു.

“”മ്മ്… കഴിഞ്ഞില്ലേ എല്ലാം…ഇനി എന്ത് പറയാൻ.. ജീവിതം മുന്നോട്ട് കൊണ്ടു പോവുക. അത്ര തന്നെ””…എസ്ഐ പറഞ്ഞു. അയാൾ ഒരു നിമിഷം എന്തോ ആലോചിച്ചു. പിന്നെ എഴുന്നേറ്റു അഖിലയുടെ ചാരെയെത്തി.

“”നിങ്ങൾക്ക് ഹരിയെ കാണണോ?..ഇവിടെ സെല്ലിൽ ഉണ്ട്”” അയാൾ പതുക്കെ ചോദിച്ചു.

അഖില കുറച്ചു നേരം ആലോചിച്ചു..കണ്ണീർ കവിളിലൂടെ അരിച്ചിറങ്ങി. കണ്ണുകൾ കരഞ്ഞു കലങ്ങി. രക്തവർണ്ണമണിഞ്ഞു. ഏങ്ങലടി അവൾക്ക് നിയന്ത്രിച്ചിട്ടും നിൽക്കാതെയായി.

“”വേണ്ട സർ… എനിക്കിനി ആരെയും കാണേണ്ട”..അഖില പതുക്കെ പറഞ്ഞു.എസ്ഐ ഒന്നു മൂളുക മാത്രം ചെയ്തു.

“”ഞങ്ങൾ സ്വമേധയാ കേസെടുത്ത സ്ഥിതിക്ക് ഇനി കോടതിയിൽ പോയെ പറ്റൂ.. എന്നാലും നിങ്ങളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി നോക്കാം… പൊയ്ക്കോളൂ. കോടതിയിലേക്ക് വിളിപ്പിക്കുകയാണെങ്കിൽ വന്നാൽ മതി..പൊയ്ക്കോ”” എസ്ഐ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൾ പോകാൻ വേണ്ടി എഴുന്നേൽക്കാനൊരുങ്ങി””ആ.. പിന്നെ… ചിലപ്പോൾ ഹരിക്ക് ആത്മഹത്യ പ്രേരണ കുറ്റത്തിന് ശിക്ഷ ലഭിച്ചേക്കാം””.എസ്ഐ അവസാനമായി പറഞ്ഞു.

അഖില മറുപടി ഒന്നും പറയാതെ എഴുന്നേറ്റു. ഒരു മരവിപ്പായിരുന്നു അവളുടെ മനസ്സിന്. ചുരിദാറിന്റെ ഷാൾ കൊണ്ട് കണ്ണ് തുടച്ചു കൊണ്ട് പുറത്തേക്ക് പോയി.
തിരികേ ഓട്ടോയിൽ ഭാമ അഖിലയേ വീട്ടിലേക്ക് കൊണ്ടു പോയി.

അഖിലയെ താങ്ങി പിടിച്ചു ഭാമ വരുന്നത് കണ്ട് പൂമുഖ പടിയിൽ കുന്തിച്ചിരിക്കുകയായിരുന്ന സുഭദ്രയും കുഞ്ഞൂട്ടനും അന്തം വിട്ട് എഴുന്നേറ്റു.

“”ദേ…നോക്ക് മനുഷ്യാ.. ഇവൾക്കിപ്പോ അതിന് കൂട്ടൊക്കെ ആയിട്ടോ””. സുഭദ്ര കുഞ്ഞൂട്ടനെ നോക്കി ഒരു പച്ചച്ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു.

ഇത് കേട്ട കുഞ്ഞൂട്ടൻ ഒന്നു കണ്ണിറുക്കി ചിരിച്ചു. അഖില ഒന്നു നിന്നു ദയനീയ ഭാവത്തോടെ അമ്മായിയമ്മയെ നോക്കി. ഭാമക്ക് രോഷം കാൽവിരലുകളിൽ നിന്നും ഇരച്ചു കയറി.

“”അഖിലാ.. നീ അകത്ത് മുറിയിൽ പോയി കിടക്ക്””.ഭാമ പല്ല് ഞെരിച്ചു കൊണ്ട് പറഞ്ഞു. അഖില അകത്തേക്ക് കയറി പോയി.

ഭാമ തീകനൽ ആളുന്ന കണ്ണുകളോടെ സുഭദ്രയേയും കുഞ്ഞൂട്ടനേയും മാറി മാറി നോക്കി.

“”നിങ്ങളൊക്കെ മനുഷ്യരാണോ അതോ ജന്തുക്കളോ.. ചങ്ക് തകർന്ന് വരികയാണ് ആ പാവം.. അവൾ പിഴക്കാൻ പോവുന്നതല്ല സ്ത്രീയേ. ഒരിക്കലും പിഴച്ചിട്ടുമില്ല.

ഒരു അടുപ്പം അവൾക്കുണ്ടായിരുന്നു. അത് അനിലിനുമറിയാം. എല്ലാരേയും വിഡ്ഢികളാക്കി അവളോട് ഒരു വാക്ക് പോലും മിണ്ടാതെ അനിലേട്ടൻ ജീവിതം മതിയാക്കിയത് നിർഭാഗ്യമായി കാണാനേ ഇനി കഴിയൂ…

നിങ്ങളെയൊക്കെ അത്രക്ക് ഇഷ്ടമാണവൾക്ക്.. ഇനിയെങ്കിലും കുറച്ചു സമാധാനം അതിന് കൊടുത്തൂടെ””… ഭാമ ഉറക്കെ വിരൽ ചൂണ്ടി അട്ടഹസിച്ചു. അവൾ തിരിഞ്ഞു നോക്കാതെ നടന്നു.

പുതിയൊരു പുലരിയും മനഃശാന്തിയോടെ നല്ലൊരു ജീവിതവും ഇനി അഖിലയുടെ മുമ്പിൽ തെളിയട്ടെ എന്ന് തിരികേ മടങ്ങും വഴി ഭാമ ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടേയിരുന്നു…

 

Leave a Reply

Your email address will not be published. Required fields are marked *