ഉപ്പ തൂങ്ങി മരിച്ചെന്ന വാർത്ത കേട്ട നജ്മ കോളേജിൽ നിന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കോടി.വീട്ടിലെത്തുമ്പോൾ നിറയെ ആളുകൾ

നജ്മാന്റെ കല്യാണം
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്.

ഉപ്പ തൂങ്ങി മരിച്ചെന്ന വാർത്ത കേട്ട നജ്മ കോളേജിൽ നിന്ന് നിലവിളിച്ചു കൊണ്ട് പുറത്തേക്കോടി.വീട്ടിലെത്തുമ്പോൾ നിറയെ ആളുകൾ തൊടിയിലെ മാവിൻ ചുവട്ടിൽ കൂട്ടം കൂടി മുകളിലേക്കു നോക്കി നിൽക്കുന്നു.

നജ്മ ദൂരെ നിന്ന് ഉപ്പ തൂങ്ങിയാടുന്നത് കണ്ണീരൊലിപ്പിച്ചു കൊണ്ട് നോക്കി. അവൾ സഹിക്കാനാവാതെ വീടിനകത്തേക്ക് കയറി പോയി.

നജ്മാന്റെ കാക്കു അഫ്സൽ തന്റെ പലചരക്കു കടയിൽ നിന്ന് അപ്പോഴേക്കും പാഞ്ഞെത്തിയിരുന്നു.

“”ഇങ്ങേരു എന്തിനിത് ചെയ്തു. ആത്മഹത്യ എന്തിനെങ്കിലും ഒരു പരിഹരമാണോ?. ഒരാൾ അടക്കം പറഞ്ഞു.

“”എങ്ങനെ ചെയ്യാതിരിക്കും. ചീട്ടു കളിച്ചു കടം കയറി മുടിഞ്ഞില്ലേ. ഒരു കണക്കിന് പോയത് നന്നായി””..

“”ശരിയാ.. ഇന്നലീം കൂടി കടക്കാർ പെരേല് വന്നു ഒച്ചണ്ടാക്കണത് ഞാൻ കേട്ടു””. ഒരു അയൽവാസി പറഞ്ഞു.

“”പോരാത്തതിന് മകളുടെ കല്യാണവും. എല്ലാം കൂടി ആലോചിച്ചു തലക്ക് ഭ്രാന്ത് പിടിച്ചു കാണും””.””ആ തള്ളീം മക്കളും ഒറ്റക്കായി””

ഇങ്ങനെ അടക്കം പറയുന്ന ആളുകൾക്കിടയിലൂടെ അഫ്സൽ നടന്നു.ആ മാങ്കൊമ്പിന് ചുവട്ടിൽ നിന്ന് മുകളിലേക്ക് നോക്കി.

കണ്ണുകൾ തുറിച്ചു, നാക്ക് കടിച്ചു കയറിൽ തൂങ്ങിയാടുന്ന ഉപ്പ ഹസ്സങ്കുട്ടിയെ അഫ്സൽ ഒന്നേ നോക്കിയുള്ളൂ. അവന്റെ ശിരസ്സ് താനേ കുനിഞ്ഞു. നെഞ്ചിൽ ഒരു ഭാരം കയറിയിരുന്നു.കണ്ണുകൾ നിറഞ്ഞു.

ചുണ്ട് കടിച്ചു പിടിച്ചു വിതുമ്പി. മനസ്സിൽ ഉപ്പാന്റെ ജീവനുള്ള രൂപം ഓടിയെത്തി. പോലീസ് വന്നു ശവം താഴെയിറക്കി. പോസ്റ്റ്‌മാർട്ടം കഴിഞ്ഞു വൈകീട്ടോടെ ഖബറടക്കി.

ദുഃഖസാന്ദ്രമായ കുറച്ച് ദിവസങ്ങൾ കടന്ന് പോയി. ഉപ്പയുടെ ഓർമ്മകളിൽ നിന്ന് അഫ്സലും നജ്മയും അവരുടെ ഉമ്മ സൽമയും പതിയെ മോചിതരായി

തുടങ്ങിയെങ്കിലും തൂങ്ങി മരിച്ച ഹസ്സങ്കുട്ടിയുടെ ഭാര്യയും മക്കളും എന്ന പേര് അവർക്ക് സ്ഥായിയായി.

“”ഞ്ഞിപ്പൊ.. ആ പെണ്ണിന്റെ കല്യാണണ്ടാവോ ആവോ””?. “” “”എവുടുന്ന്ണ്ടാവാനാ. തൂങ്ങി മരിച്ച വാപ്പാന്റെ മക്കളെക്കെ ആരെങ്കിലും

കെട്ട്വോ ചെങ്ങായി””. “”ന്നാലും… നല്ല ചേലാണ് ഓളെ കാണാൻ. പാവം യോഗല്ല””. നാട്ടുകാരുടെ സംസാരം ഇങ്ങനെ നീണ്ടു.

അയൽവാസി ആസ്യാത്ത ഹസ്സങ്കുട്ടിയുടെ ഭാര്യ മറയിൽ ഇരിക്കുന്ന മുറിയിലേക്ക് കയറി വന്നു. ഉമ്മാന്റെ അടുത്തിരിക്കുകയായിരുന്ന നജ്മ ദേഷ്യവും വെറുപ്പും ഒന്നിച്ചു ചേർന്ന മുഖത്തോടെ അവരെ നോക്കി. “”

ഈ തള്ള ഇന്നും വന്നോ.. ഏഷണീം അസ്സൂയീം കുനിട്ടും ആയി നടക്കാ തള്ള. ഇന്ന് ഉമ്മാനെ കരയിപ്പിച്ചാ നല്ലോണം രണ്ട് വർത്താനമ്പറയണം”. നജ്മ മനസ്സിൽ ഉറപ്പിച്ചു.

“”ന്നാലും.. ന്റെ സൽമോ.. ഹസ്സങ്കുട്ടി എന്തിനാ ങ്ങനെ കാട്ട്യേത്. ഇങ്ങള് തമ്മില് എന്തേലും കൊയപ്പണ്ടായിന്നോ””?. ആസ്യാത്ത സങ്കടം അഭിനയിച്ചു കൊണ്ട് ചോദിച്ചു.

സൽമയുടെ കണ്ണുകൾ നിറഞ്ഞു. അവർ ഒന്നും മിണ്ടിയില്ല. ഇത് കേട്ട നജ്മാക്ക് ദേഷ്യം ഇരച്ചു കയറി. സൽമ “ഒന്നും പറയരുത്” എന്ന അർത്ഥത്തിൽ അവളെ നോക്കി. നജ്മ ദേഷ്യത്തിൽ ആ മുറി വിട്ട് പുറത്തിറങ്ങി.

ഹസ്സങ്കുട്ടി ഉണ്ടായിരുന്ന കാലത്തും ആസ്യാത്തയെ ഹസ്സങ്കുട്ടിക്ക് ഇഷ്ടമല്ലായിരുന്നു. വെറും മാട്ടും മാരണവുമായി നടന്നിരുന്ന അവരെ വീട്ടിലേക്ക് അടുപ്പിക്കരുത് എന്ന് ഹസ്സങ്കുട്ടി പറഞ്ഞിരുന്നു.

ഹസ്സങ്കുട്ടി മരിച്ച അവസരത്തിൽ ഇപ്പൊ എന്നും നിത്യ സന്ദർശകയാണ്. ആശ്വസിപ്പിക്കാനാണ് എന്ന പേരും പറഞ്ഞു ഓരോന്ന് പറഞ്ഞു സൽ‍മയെ വേദനിപ്പിക്കും അവർ.

ദിവസങ്ങൾ പാഴിലകൾ പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. നാല്പതാം ദിവസത്തെ ചടങ്ങുകൾ കഴിഞ്ഞു നാട്ടുകാരും ബന്ധുക്കളും എല്ലാം പിരിഞ്ഞു പോയി. അഫ്സലിന്റെ ഒരേ ഒരു എളാപ്പ ഖാദർ അകത്തേക്ക് കയറി വന്നു.

“”മോനെ അഫ്സലെ..നജ്മാന്റെ കൂട്ടരോട് എന്തെങ്കിലും പറയണ്ടേ. ഞമ്മക്ക് നികാഹ് ചെറു മട്ടത്തിലങ്ങട്ട് നടത്താം. കല്യാണൊന്നും അന്നെ കൊണ്ട് കൂട്ടിയാ കൂടൂലടാ””. ഖാദർ പറഞ്ഞു.

എളാപ്പ… ഇച്ച് കല്യാണം വേണ്ട. ന്റെ ഉപ്പ ഇല്ലാതെ””.…നജ്മ തേങ്ങി കൊണ്ട് ഇങ്ങനെ പറഞ്ഞു അവരുടെ അടുത്തേക്ക് വന്നു.

“”അന്റൊരു ഉപ്പ…മിണ്ടാതെ അവടെരുന്നോ.. മനുഷ്യൻ ഇവിടെ തല പെരുത്ത് ഇരിക്കാ””. അഫ്സൽ ദേഷ്യത്തോടെ നജ്മയെ നോക്കി.നജ്മ പിന്നെ ഒന്നും മിണ്ടിയില്ല.

“”ഞാന് ഉമ്മാനോട് ഒന്ന് ചോയിച്ചോക്കട്ടെ എളാപ്പ.. ഇങ്ങള് ഇരിക്കിം””. അഫ്സൽ അകത്ത് മറയിൽ ഇരിക്കുന്ന ഉമ്മയുടെ മുറിയിലേക്ക് പോയി.

“”ഓല് പണ്ടോം പണോം ഒന്നും ചോയിച്ചില്ലല്ലോ. അപ്പൊ ചെറു മട്ടത്തിൽ നികാഹ് നടത്താം അഫ്സലെ””. ഉമ്മ പറഞ്ഞു. “”ഒന്നും അറിയാനും കാണാനും നിക്കാതെ മൂപ്പര് പോയി””.സൽമ പറഞ്ഞു വിതുമ്പി.

അഫ്സൽ തേങ്ങി വന്ന ദുഃഖം ഉള്ളിലൊതുക്കി പുറത്തിറങ്ങി.””എളാപ്പാ…ഇന്നാ ഇങ്ങള് പോയി ഓലെ പെരീല് പറയിം. എന്താന്നു വെച്ച ഞമ്മക്ക് ചെയ്യാം””..അഫ്സൽ പറഞ്ഞു.

ഖാദർ മൂളി കൊണ്ട് പുറത്തേക്ക് പോയി. ഉച്ചയോടെ ഖാദർ മടങ്ങി വന്നു. വാടിയ അസർ മുല്ല പൂവ് പോലെ അയാളുടെ മുഖം മങ്ങിയിരുന്നു.

ഫുട്ബോൾ കളിക്കാൻ പോകാൻ ഉമ്മറ പടിയിലിരുന്നു ബൂട്ട് കെട്ടുകയായിരുന്ന അഫ്സൽ കാലടി ശബ്ദം കേട്ടു നോക്കിയപ്പോൾ എളാപ്പ മുന്നിൽ നിൽക്കുന്നു. അവൻ എഴുന്നേറ്റു നിന്നു.

“”എന്തായി എളാപ്പാ?””. ഓലെന്താ പറഞ്ഞത്?””. അഫ്സൽ ചിരിച്ചു കൊണ്ട് ചോദിച്ചു.

“”അഫ്സലേ. ഇജ്ജ് ബേജാറാകരുത്. ഇത് നടക്കൂല. ഓല് വാക്ക് മാറി. വാപ്പല്ലാത്ത യത്തീം കുട്ടിയെ ഓല്ക്ക് വാണ്ടാന്ന്. ചെർക്കന് കൊയപ്പൊന്നൂല്ല. ഓന്റെ ആ ഹലാക്ക് മുസീബത്ത് പുടിച്ച വെല്ലിപ്പണ്ട്. ആ തന്തക്ക് പറ്റീല””. ഖാദർ കിതച്ചു കൊണ്ട് പറഞ്ഞു.

അഫ്സലിന്റെ നെഞ്ചിൽ ഒരു വിങ്ങൽ തങ്ങി നിന്നു. വിങ്ങൽ നീറ്റലായി മാറാൻ തുടങ്ങിയപ്പൊ അവൻ തല കുനിച്ചു കുറച്ചു നേരം നിന്നു.

“”യത്തീം കുട്ട്യേൾക്ക് മാപ്പളാര് വേണ്ടേ എളാപ്പാ?””.അഫ്സൽ സങ്കടത്തോടെ പറഞ്ഞു.

“”അയിന് അഫ്സലേ. ഓള് യത്തീം കുട്ടി ആയതല്ല ഓല്ക്ക് കൊയപ്പം. അന്റെ വാപ്പ ഹസ്സങ്കുട്ടി തൂങ്ങി മരിച്ചിലെ. അതാണ് ഓല്ക്ക് കൊയപ്പം. ഞമ്മളെ കൂട്ടത്തില് സ്വന്തം ജീവങ്കളഞ്ഞ ആൾക്ക് ഒരു സ്ഥാനോല്ല. ഓലെ മക്കളെ കെട്ടാനും ആരും വരൂല””… ഖാദർ പറഞ്ഞു.

അഫ്സലിന്റെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു.”ഇങ്ങനൊരു സംഗതി ഞാൻ ആലോയിച്ചില്ല. ഉള്ള ആലോചന മുടങ്ങി. ന്റെ നജ്മ ഒരു മുടക്കാ ചരക്കായി പെരീല് ഇരിക്കുമോ റബ്ബേ”.. അഫ്സൽ നടുക്കത്തോടെ ആലോചിച്ചു.

“”അയിന് ഓളെന്ത് പെയച്ചു ഖാദർക്ക?””. അഫ്സൽ പതുക്കെ ചോദിച്ചു.””ഓള്ക്ക് കൊയപ്പൊന്നൂല്ല. പക്ഷേങ്കി.. നാട്ടേര് അങ്ങനെ ആലോയിക്കൂലടാ””..എളാപ്പ അവന്റെ തോളിൽ തട്ടി നടന്നു പോയി.

അഫ്സൽ ബൂട്ടഴിച്ചു വെച്ചു അകത്തേക്ക് കയറി ജനലഴികൾക്കിടയിലൂടെ നജ്മ എല്ലാം കേട്ടു. അവൾ ഒരു ദീർഘ നിശ്വാസം വിട്ടു. മുനീറിനെ ഒരിക്കലേ നജ്മ കണ്ടുള്ളുവെങ്കിലും അവൻ മനസ്സിൽ

എവിടെയോ കയറി ഒളിച്ചിരുന്നു. “ഓന്ക്ക് വട്ടമുഖത്ത് വട്ട താടി നല്ല ചേലായിരുന്നു.. വെറുതേ ഓരോ കിനാവുകൾ കണ്ടിട്ടിപ്പോ”..ആലോചനകളിൽ മുഴുകിയ

നജ്മയുടെ മനസ്സ് ഇരുളടഞ്ഞു. ഉപ്പയുടെ ഓർമ്മകൾ വന്നു പെട്ടെന്ന് മനസ്സിലെ ചില്ലയിൽ കൂടു കൂട്ടി. അവളുടെ കണ്ണുകൾ നിറഞ്ഞു.

“”അഫ്സലേ.. ഇങ്ങന തന്നേ ഇണ്ടാകൂന്നു ഇച്ച് ഉറപ്പായിരുന്നു…സാരല്ലടാ.. നജ്മാക്ക് ഓനെ വിധിച്ചിട്ടില്ല. ഓള് പഠിച്ചട്ടെ. നല്ല കൂട്ടര് ഇനീം വരും. പടച്ചോൻ ഇല്ലേ മോളില്””.. കാര്യമറിഞ്ഞ ഉമ്മ സൽമ നെഞ്ച് ഉരുകിയിട്ടും ഇങ്ങനെ പറഞ്ഞു ആശ്വസിപ്പിച്ചു.

“”വല്യ കാര്യായി. ഓള് പഠിച്ചാൻ മണ്ടത്തിയാ.””.. അഫ്സൽ പറഞ്ഞു.. ഉമ്മ കണ്ണിറുക്കി ചിരിച്ചു. ഇത് കേട്ട് കൊണ്ട് വന്ന നജ്മ മുഖം വീർപ്പിച്ചു കൊണ്ട് അഫ്സലിനെ നോക്കി.

“”കാക്കൂം ഉമ്മീം നോക്കിക്കോ. പരീക്ഷ വരട്ടെ.ഇപ്പൊ കല്യാണോം മൊടങ്ങീലെ. ഇഞ്ഞി ഞാൻ കുത്തിര്ന്നു പഠിച്ചും.റിസൾട്ട് വരുമ്പോ കണ്ടോളീം. ഞാമ്പാസ്സാവും””.നജ്മ ഇതും പറഞ്ഞു പുരികം കൊണ്ട്‌ ഗോഷ്ടി കാണിച്ചു.

“”അതെന്നെ.. ഇജ്ജ് കണ്ടോ. ഓള് ജയിച്ചും. ഓള്‌ക്ക് നല്ലൊരു പുതിയാപ്ല വരും. നോക്കെടാ. അന്നെ പോലെല്ല ന്റെ കുട്ടി. എന്താ ചൊർക്ക് കാണാൻ””. ഉമ്മ സൽമ നജ്മാനെ നോക്കി പറഞ്ഞു. അഫ്സൽ ചിരിച്ചു. നജ്മ അഭിമാനത്തോടെ അവനെ നോക്കി കളിയാക്കി ചിരിച്ചു.

നജ്മ നല്ല മൊഞ്ചുള്ളവളാണ്. സുറുമയിട്ട കണ്ണുകളും നീണ്ട മൂക്കും തുടുത്ത മുഖവും ഉള്ളവൾ. ചുറ്റി കെട്ടിയ മക്കന മുഖത്തിന്റെ മാറ്റ് കൂട്ടുന്നു. ചെഞ്ചായമണിയാതെ തന്നെ അറബി പെണ്ണിന്റെ ചുണ്ടുള്ളവൾ. നിരയൊത്ത ചെറിയ പല്ലുകളാൽ അലങ്കൃതമായവൾ.

ദിവസങ്ങൾ കടന്ന് പോയി കൊണ്ടിരുന്നു. നജ്മ വീണ്ടും വലുതായി കൂടുതൽ മൊഞ്ചത്തിയായി. ഇത് കണ്ട ആസ്യാത്ത കൂടുതൽ ബേജാറിലായി. ആസ്യാത്താക്കും ഉണ്ടൊരു മകൾ.

നദീറ…ഇരുണ്ട നിറത്തിൽ തടിച്ചിട്ട്. അവളെയും കെട്ടിച്ചിട്ടില്ല. ആത്മഹത്യ ചെയ്ത വാപ്പാന്റെ മകൾ നജ്മാക്ക് വരുന്ന ആലോചനകൾ വഴിയിൽ വെച്ചു തന്നെ മുടങ്ങി. നജ്മാക്ക് ഒരു ബേജാറും

ഉണ്ടായില്ല. പക്ഷെ.. ഉമ്മയും അഫ്സലും നെഞ്ചുരുകി ജീവിച്ചു. നെടുവീർപ്പോടെ അവർ നാളുകൾ തള്ളി നീക്കി.

“”എന്താ സൽമാ.. നജ്മാനെ കെട്ടിച്ചു പറഞ്ഞയക്ക്ണില്ലേ. ഇങ്ങെക്കെന്താ ഒരു വിചാരോം ഇല്ലാത്തെ?””.ആസ്യാത്ത ഒരു ദിവസം രാവിലെ വന്ന് ചോദിച്ചു.സൽമ വെറുതേ ഒന്ന് ചിരിച്ചു.

“”ഞാൻ വരുമ്പോ ഓള് മുറ്റടിക്കാണ്. ഞാൻ കൊറച്ചേരം ഓളെ നോക്കി. മൊലീം ചന്തീയൊക്കെ വളർന്ന പെണ്ണ്ങ്ങളെ പെരീല് നിർത്താമ്പാടില്ല സൽമ””.. ആസ്യാത്ത വീണ്ടും താടിക്ക് കൈ കൊടുത്ത് പരിഭവപ്പെട്ടു.

“”എന്തിയ്യാനാ ആസ്യാത്താ. ആരേലും വരണ്ടേ. വന്നാ തന്നെ തൂങ്ങി മരിച്ച ഹസ്സങ്കുട്ടീടെ മകളല്ലേ എന്ന് നാട്ടേര് പറീം. പിന്നെങ്ങനെ””… സൽമയുടെ മുഖം വാടി.

“”ഓന്ക്ക് പ്പൊ എന്താ. തൂങ്ങി മരിച്ചാ മത്യേലോ. ഒരു പെങ്കുട്ടിണ്ട്ന്നുള്ള വിചാരം ഓന് വാണ്ടേ..ന്നാലും ന്റെ ഹസ്സങ്കുട്ടി””. ആസ്യാത്ത സങ്കടം അഭിനയിച്ചു കൊണ്ട് പറഞ്ഞു.

സൽമ ചിന്തയിലാണ്ടു. ഹസ്സൻ കുട്ടിയുടെ ഓർമ്മകൾ ഖൽബിൽ ഏന്തി വന്നു. കണ്ണീർ ഊറി വന്നു. മറഞ്ഞു നിന്ന് എല്ലാം കേട്ട നജ്മ അങ്ങോട്ട് വന്നു.

“”എന്തിനാ ന്റെ പൊന്നാര ആസ്യാത്ത ഇങ്ങള് രാവിലേ വന്നു ഉമ്മാനെ വെഷമിപ്പിക്ക്ണത്. ആ നദീറാനെ കെട്ടിച്ചു വിടിം ആദ്യം.

ന്റെ കാര്യത്തില് ത്ര ദണ്ണണ്ടെങ്കി ഗൾഫില്ള്ള ഇങ്ങളെ മോൻ നിയാസിനെ കൊണ്ട് ഇന്നെ കെട്ടിച്ചോളീം””.. നജ്മ ദേഷ്യവും തമാശയും കൂട്ടി കലർത്തി പറഞ്ഞു.

അത് ആസ്യാത്തക്ക് ഇഷ്ടപെട്ടില്ല. അവർ ഒരു പച്ചചിരി ചിരിച്ചു കൊണ്ട് അവളെ നോക്കി.

“”ഇജ്ജ് മൂത്ത് ചീർത്തു ഇവടെ ഇരിക്കൊള്ളൂ മജ്ജത്തേ.അന്റെ വായിലെ നാവ് ഇതല്ലേ””. ആസ്യാത്ത ചൂട് കയറി പറഞ്ഞു.

“”അത് ഞാൻ സഹിച്ചോളാം ട്ടോ തള്ളേ””. നജ്മ ദേഷ്യം കൊണ്ട് വിറച്ചു.””ഇജൊന്നു മുണ്ടാണ്ടിരി നജ്മോ””. സൽമ പറഞ്ഞു.

ആസ്യാത്ത എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് നടന്നു നീങ്ങി. നജ്മ ഇത് കണ്ടു പൊട്ടിച്ചിരിച്ചു. “” തള്ളേ.. ഇനി ഈ ജാതി വർത്താനം കൊണ്ട് ന്റെ പെരീക്ക് വന്നാ ഇങ്ങളെ നടു മുള്ള് ഞാൻ ചവുട്ടി പൊട്ടിച്ചും””.. നജ്മ ഉറക്കെ വിളിച്ചു പറഞ്ഞു.

“”നജ്മോ.. മതി. ആ തള്ളക്ക് ചെയ്ത്താൻ കൂടോത്രോം ഒക്കെ ഇണ്ട് ട്ടോ. ഞ്ഞി ഏന്തൊക്കേ ആ തള്ള കാട്ടി കൂട്ടാന്ന് ഇച്ചറീല റബ്ബേ””..സൽമ വിഷമത്തോടെ പറഞ്ഞു.

“”അല്ലമ്മാ.. കൊറേ ദിവസായി ഓല് വന്ന് ചൊറീണു””. നജ്മ ദേഷ്യത്തോടെ പറഞ്ഞു. അവൾ ചൂലും എടുത്തു വീടിന്റെ പിന്നാമ്പുറത്തേക്ക് പോയി.

നജ്മാന്റെ റിസൾട്ട് വന്നു. അവള് ജയിച്ചു. സന്തോഷം കൊണ്ടവൾ തുള്ളി ചാടി. “”ഞാൻ ജയിച്ചു ഇക്കാക്ക. നല്ല മാർക്കൂണ്ട്. ഇനിക്ക് പിജിക്ക് പോണം ഇക്കാക്ക.ഇനീം പഠിക്കണം””.

നജ്മ ആവേശത്തോടെ പറഞ്ഞു. അഫ്സൽ സമ്മതം മൂളി. നജ്മ പിജിക്ക് ചേർന്നു. ചെറിയ തന്റെ പലചരക്ക് കടയിൽ നിന്നുള്ള വരുമാനം കൊണ്ട് അഫ്സൽ നജ്മയെ പഠിപ്പിച്ചു.

ദിവസങ്ങൾ കടന്ന് പോയി. കോളേജിൽ പഠിപ്പിക്കാൻ വന്ന പുതിയ നജീബ് മാഷിന് നജ്മയെ ഇഷ്ടമായി. കോങ്കണ്ണുള്ള അയാളെ മറ്റ് കുട്ടികൾക്കൊന്നും ഇഷ്ടായില്ല.

””എടീ ഇയാള് അന്നെയാണോ ഇന്നെയാണോ നോക്കണതെന്ന് മനസ്സിലാകുന്നില്ലല്ലോ. അയാളുടെ ഒരു കോങ്കണ്ണും കട്ടി കണ്ണടയും””. അടുത്തിരുന്ന കൂട്ടുകാരി നജ്മയോട് പറഞ്ഞു.

“”എന്തിനാടീ ഇങ്ങനെ കളിയാക്ക്ണത്. ഇജ്ജ് അയാളെ കെട്ടാനൊന്നും പോണില്ലല്ലോ. പഠിപ്പിക്ക്ണത് പഠിച്ചാൽ പോരെ. എല്ലാർക്കും പടച്ചോൻ ചൊർക്ക് കൊടുക്കൂല””. നജ്മ പറഞ്ഞു.

നജീബ് മാഷിന് നജ്മയെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്. അയാൾ രഹസ്യമായി നജ്മയുടെ ചുറ്റു പാടുകൾ അന്വേഷിച്ചു. തൂങ്ങി മരിച്ച വാപ്പ കാരണം അവളുടെ വിവാഹലോചനകൾ മുടങ്ങുകയാണെന്ന് അയാൾ മനസ്സിലാക്കി.

അതൊരു അനുകൂല ഘടകമാണെന്ന് അയാൾക്ക് തോന്നി.അയാൾ പെണ്ണ് കാണാൻ തുടങ്ങീട്ട് കാലം കുറച്ചായി. കോങ്കണ്ണ് കാരണം ആർക്കും അയാളെ ഇഷ്ടമാകുന്നില്ല. വയസ്സ് മുപ്പത്തഞ്ച് കഴിഞ്ഞു.

ഒരു ദിവസം കോളേജ് വിട്ടു പുറത്തിറങ്ങിയ അവളുടെ പുറകേ പോയി നജീബ് മാഷ് പറഞ്ഞു.

“”നജ്മ..എനിക്ക് നിന്നെ കെട്ടിയാൽ കൊള്ളാമെന്നുണ്ട്. നിനക്കെന്നെ ഇഷ്ടായെങ്കിൽ മാത്രം ഞാൻ വീട്ടുകാരെയും കൂട്ടി വീട്ടിൽ വരാം””.

നജീബ് മാഷ് മടിച്ചു മടിച്ചു പറഞ്ഞു. അയാൾ കട്ടി കണ്ണടയിലൂടെ അവളെ കോങ്കണ്ണിട്ടു നോക്കി.

നജ്മ ഒന്നമ്പരന്നു. എന്ത് മറുപടി പറയണം എന്നറിയുന്നില്ല അവൾക്ക്. “ആത്മഹത്യ ചെയ്ത വാപ്പാന്റെ മകൾക്ക് കൂടുതൽ ആഗ്രഹിക്കാൻ എന്തിരിക്കുന്നു. മാഷ്ക്ക് എന്താ ഒരു കുറവ്”. അവൾ മനസ്സിൽ ഓർത്തു.

നജ്മ മാഷിന്റെ മുഖത്ത് നോക്കിയില്ല. ഒരു നാണം എവിടെ നിന്നോ വന്നു മുഖത്ത് തത്തി കളിച്ചു. മൂക്ക് ചുവന്നു തുടുത്തു.

“”ഇച്ച് ഇഷ്ടകേടൊന്നൂല്ല മാഷേ. ഇച്ചൊരു ആങ്ങളീം ഉമ്മയൂണ്ട്. ഇങ്ങള് വീട്ടീക്ക് വന്ന് പെണ്ണ് ചോയിക്കിം””. നജ്മ പതുക്കെ പതുക്കെ പറഞ്ഞു.

ഇത് കേട്ട നജീബ് മാഷിന്റെ ഉള്ളിൽ പൂനിലാവുദിച്ചു. മുഖം പഴുത്ത കിളിച്ചുണ്ടൻ മാമ്പഴം പോലെ തുടുത്തു.

“”ആ മാഷേ… ന്റെ ഉപ്പ ആത്മഹത്യ ചെയ്തതാണ്. അതുങ്കൂടി ഇങ്ങളെ വീട്ടില് പറഞ്ഞോളീം. ഇന്ന്ട്ട് വന്നാ മതി””.നജ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”അതൊക്കെ എനിക്കറിയാം നജ്മാ. ഞാൻ എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ചോദിച്ചത്””.മാഷും ചിരിച്ചു കൊണ്ട് പറഞ്ഞു. ഇത് കേട്ട നജ്മ കണ്ണ് വിടർത്തി അത്ഭുതാദരങ്ങളോടെ മാഷേ നോക്കി

“”പിന്നേയ്.. ഈ കോങ്കണ്ണൊന്നും ഒരു കൊറവല്ലാട്ടോ മാഷേ””. അവൾ നജീബ് മാഷിന്റെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു.

മാഷ് ചിരിച്ചു. നജ്മ തിരിഞ്ഞു നോക്കാതെ നടന്നു. നജ്മ വീട്ടിലേക്ക് നടക്കുമ്പോൾ അയൽ വാസി ആസ്യാത്ത മതിലിനു മുകളിലൂടെ അവളെ പാളി നോക്കി. നജ്മ അത് കണ്ടെങ്കിലും അവൾ കാണാത്ത പോലെ നടന്നു.

“”എടി പെണ്ണേ… അന്റെ കല്യാണം ഇന്റെ ജീവമ്പോണീന്റെ മുമ്പ്ണ്ടാവോ?””..ആസ്യാത്ത ഇങ്ങനെ പറഞ്ഞു പൊട്ടി ചിരിച്ചു.

നജ്മ അവിടെ നിന്നു. അവരെ തുറുപ്പിച്ചു നോക്കി. “”എങ്ങനേണ്ടാവാ.. ഇങ്ങള് ചെയ്ത്താന്മാരെ പറഞ്ഞയച്ചു എല്ലാം മൊടക്കല്ലേ. അല്ലെങ്കി ഇങ്ങളെ ജീവമ്പോയിട്ട് ഞാൻ കെട്ടിക്കോളാം””. നജ്മ പറഞ്ഞു.

“”അന്നെ ഒന്നും ആരുങ്കെട്ടൂല. വല്ല കോങ്കണ്ണനോ കറുത്ത് കരിവണ്ട് പോലെ ആരെങ്കിലോ വന്ന് ചെലപ്പൊ കെട്ടും””. ആസ്യാത്ത ഉറക്കെ പറഞ്ഞു ചിരിച്ചു.

നജ്മ എന്തോ പറയാൻ ആഞ്ഞു. അപ്പോഴേക്കും ആസ്യാത്തയുടെ ഇളയ മകൾ നദീറ അവളുടെ മുന്നിലൂടെ വലിയ ചന്തിയും കുലുക്കി നടന്നു വീട്ടിലേക്ക്

കയറി പോയി. അത് കണ്ട നജ്മാക്ക് ചിരി പൊട്ടി. അവൾ ആസ്യാത്തയുടെ അടുത്തേക്ക് നടന്നു ചെന്നു. അവർ ഒന്ന് പേടിച്ചു ചൂളി.

“”പിന്നേയ് … ആസ്യാത്ത…ഇങ്ങളെ മോൾക്ക്‌ ഇങ്ങള് അന്ന് പറഞ്ഞ ആ സാധനങ്ങൾ ഇന്റേതിലും വലുതായിക്കുണു. ആദ്യം ഓളെ വല്ലോന്റീം കൂടെ പറഞ്ഞയക്കിം. ന്നിട്ട് ഇന്നെ കെട്ടിക്കാൻ വരീം.. കെട്ടോ””.

നജ്മ അവരുടെ ചെവിയിൽ പതുക്കെ പറഞ്ഞു. ആസ്യാത്ത ആകെ വഷളായി. അവരുടെ മിണ്ടാട്ടം മുട്ടി.

നജ്മ ചിരിച്ചു കൊണ്ട് നടന്നു. “എന്താപ്പൊ ആ തള്ള പറഞ്ഞത്.കോങ്കണ്ണൻ കെട്ടാൻ വരൂന്നോ. ശര്യാണല്ലോ.. പടച്ചോനെ ആ തള്ളക്കു ശരിക്കും ചാത്തൻ സേവണ്ടോ.

ഉമ്മ പറീമ്പോലെ കരിങ്കുട്ടി ചെയ്ത്താൻ വന്ന് പറഞ്ഞൊടുത്തോ?””. നജ്മ വീട്ടിലേക്ക് നടക്കും വഴി ഓർത്തു. അവൾ തിരിഞ്ഞു നോക്കി. ആസ്യാത്താനെ കണ്ടില്ല.

രാത്രി എല്ലാരും കൂടി ചോറ് തിന്നാൻ ഇരുന്നപ്പോൾ നജ്മ നജീബ് മാഷ് പറഞ്ഞ കാര്യം നാണത്തോടെ പറഞ്ഞു. അഫ്സലും സൽമയും വിശ്വസിക്കാനാവാതെ പരസ്പരം നോക്കി.

“”ഉമ്മാ… ഉപ്പാന്റെ കാര്യോക്കെ മൂപ്പർക്കറിയാം. ന്നിട്ടും മൂപ്പർക്ക് സമ്മതാത്രെ. പിന്നെ.. ഇക്കാക്കാ ഒരു കാര്യണ്ട്. മാഷ്ക്ക് കോങ്കണ്ണ്ണ്ട്””. നജ്മ മടിച്ചു മടിച്ചു പറഞ്ഞു.

ഇത് കേട്ട സൽമയുടേയും അഫ്സലിന്റെയും മുഖം മങ്ങി. എങ്കിലും എന്തോ ചിന്തിച്ചിട്ടെന്ന പോലെ സൽമ ചോദിച്ചു

“”നജ്മോ…അനക്ക് മാഷേ പറ്റിയോ””.””ഇച്ച് പറ്റാത്ത കേടൊന്നൂല്ല ഉമ്മാ. ഇങ്ങക്കാർക്കും പറ്റീലെങ്കി ഇച്ചും വാണ്ട””.നജ്മ പറഞ്ഞു.

“”ഓളേക്കെ മാഷ്ന്റെ നമ്പർ ഇണ്ടെങ്കി എളാപ്പാക്ക് കൊണ്ടോയി കൊടുക്ക് അഫ്സലേ. ഓലോട് നാളെ വരാമ്പറയാം””.സൽമ പറഞ്ഞു.

നജ്മ ചിരിച്ചു. അവളുടെ ഖൽബിൽ ഇഷ്‌കിന്റെ ഒളി മിന്നി തിളങ്ങി. പതിനാലാം രാവ് ഉദിച്ച പോലെ തുടുത്ത കവിളുകൾ തിളങ്ങി. പൂത്തുലഞ്ഞ മനസ്സുമായി നജ്മ മുറിയിലേക്ക് പോയി ചിന്തകളിൽ

മുഴുകി.പിറ്റേന്ന് നജീബ് മാഷിന്റെ കൂട്ടർ പെണ്ണ് കാണാനെത്തി. മറഞ്ഞു നിന്ന് സൽമ മാഷേ നോക്കി. “നല്ലൊരു പുത്യാപ്ലനെ തന്നേണല്ലോ ന്റെ കുട്ടിക്ക്

കിട്ടീക്കണത്. കോങ്കണ്ണ്ണ്ട്‌ന്നൊള്ളു. ന്നാലും നല്ല ചൊർക്ക്ണ്ട്. അൽഹംദുലില്ലാഹ്”. സൽമ ഉള്ളിൽ മന്ത്രിച്ചു.നജീബ് മാഷിന്റെ കൂട്ടർക്ക് നജ്മാനെ നല്ലോണം പിടിച്ചു.

“”മാഷേ.. ഞങ്ങക്ക് ഒന്നൂല്ല. ങ്ങക്ക് അറിയാലോ. ഓളെ വാപ്പാന്റെ കാര്യം. ഇള്ളതൊക്കെ വിറ്റ് തൊലച്ചു ഓൻ തൂങ്ങി മരിച്ചു. അങ്ങാടീല് അഫ്സൽന് ഒരു പീടികണ്ട്. വല്യേ കച്ചോടം ഒന്നൂല്ല.

ഇവറ്റങ്ങൾ കഞ്ഞി കുടിച്ച് പോണ്ണ്ണ്ട് . ഒന്നൂല്ല ഇങ്ങക്ക് തരാൻ ഞങ്ങളെ കജ്ജില്””..നജ്മാന്റെ എളാപ്പ ഖാദർ പറഞ്ഞു.

നജീബ് മാഷ് വെളുക്കെ ചിരിച്ചു. “”എളാപ്പാ… ഞാൻ വന്നത് നജ്മാക്ക് മഹർ അങ്ങോട്ട് കൊടുത്തു അവളെ കെട്ടാനാണ്. ജീവിക്കാനുള്ള ചുറ്റുപാടും ജോലിയും എനിക്കുണ്ട്. അത് കൊണ്ട്

എനിക്കൊന്നും വേണ്ട””… നജീബ് മാഷ് പറഞ്ഞു. നജ്മയും ഉമ്മയും അകത്തു നിന്ന് എല്ലാം കേട്ടു. നജ്മാക്ക് മാഷോടുള്ള മുഹബത്ത് കൂടി കൂടി വന്നു.

“”ഇനി നജ്മാക്ക് പഠിക്കണം എന്നാണെങ്കിൽ പഠിച്ചോട്ടെ. ജോലിക്ക് പോണെങ്കിൽ അതും ആയിക്കോട്ടെ. ഒക്കെ അവളുടെ ഇഷ്ടാണ്””. നജീബ് മാഷ് കൂട്ടി ചേർത്തു.

നജ്മാക്ക് നജീബ് മാഷോടുള്ള മുഹബത്ത് ഇപ്പോൾ അടങ്ങാത്ത ബഹുമാനം ആയി മാറി.

കുറച്ചാളുകളെ മാത്രം ക്ഷണിച്ചു ചെറു മട്ടത്തിൽ കല്യാണം നടത്താൻ രണ്ട് കൂട്ടരും തീരുമാനിച്ചു. തൂങ്ങി മരിച്ച ഹസ്സങ്കുട്ടിയുടെ മകൾ നജ്മയേ ഒരു മാഷ് കെട്ടാൻ വന്നത് നാട്ടിൽ അതിശയ വാർത്തയായി.

“”മാഷമ്മാരെ ഒന്നും നമ്പാൻ പറ്റൂല. ഓളെ വല്ലതും കാട്ടി കൂട്ടി അയാള് കുടുങ്ങീട്ട്ണ്ടാവും.””.. “”ന്നാലും തന്ത തൂങ്ങി ചത്ത ഓളെ കെട്ടാൻ ഒരു മാഷന്നെ വന്നതാ ഇക്ക് അത്ഭുതം””.””

അയാളൊരു കോങ്കണ്ണനാ.. വേറെ പെണ്ണൊന്നും കിട്ടാത്തോണ്ട്.. നിങ്ങള് കേട്ടിട്ടില്ലേ ഏറും മുഖവും ഒക്കുക എന്ന്.. അതാണ്‌””… ആ.. ഓൻ കൊണ്ടോയി തിന്നട്ടെ.. ഓള് എന്തൊരു ചൊർക്കാ””.. നാട്ടിൽ ഇങ്ങനെ സംസാരങ്ങൾ പുരോഗമിച്ചു.

നജ്മ ആസ്യാത്താന്റെ വീട്ടിൽ കല്യാണം ക്ഷണിക്കാൻ പോയി.””ആസ്യാത്താ.. ഇങ്ങള് പറഞ്ഞത് നേരാ.. ഇച്ചൊരു കോങ്കണ്ണൻ മാപ്ലാനെ കിട്ടി. ഇങ്ങള് കല്യാണത്തിന് വരൂലേ””. ഇത് പറഞ്ഞപ്പോ നജ്മാന്റെ ഉള്ളൊന്നു പിടച്ചു.

“”ഇങ്ങള് ന്നെ പിരാന്ത് പുടിപ്പിച്ചിട്ടല്ലേ ഞാൻ ഇങ്ങളോട് ചൂടായത്. ഒന്നും മനസ്സില് വെക്കല്ലിം ഇങ്ങള്. അടുത്ത ഞ്യാറായ്ച്ച ഇങ്ങള് കല്യാണത്തിന് വരണം””. നജ്മ അസ്യാത്താന്റെ മറുപടിക്ക് കാത്തു നിൽക്കാതെ നടന്നകന്നു.

അവൾ കാഴ്ച്ചയിൽ നിന്ന് മറഞ്ഞപ്പോൾ അവർ വീടിന്റെ പുറകിലേക്കോടി. ഒരു കൈക്കോട്ട് എടുത്തു ഒരു ഭാഗം കിളക്കാൻ തുടങ്ങി. നജ്മാന്റെ കല്യാണം മുടക്കാൻ കൂടോത്രം ചെയ്തു കരിങ്കണ്ണന്റെ രൂപം വരച്ചു കുഴിച്ചിട്ട തേങ്ങ എടുത്തു വലിച്ചെറിഞ്ഞു.

“”പോ… ബലാലെ.. അന്നെ കൊണ്ട് യാതൊരു ഒപകാരവും ഇച്ചില്ല. ഒരു പെണ്ണിന്റെ കല്യാണം മൊടക്കാൻ കയ്യാത്ത ഇജ്ജ് ഒരു ചെയ്ത്താനാണോ””.. ആസ്യാത്ത ദേഷ്യം കയറി വിറച്ചു കൊണ്ട് പറഞ്ഞു.

നികാഹ് കഴിഞ്ഞു നജീബ് മാഷും നജ്മയും കാറിൽ കയറി പോകുന്നത് അസ്യാത്ത ഒളിഞ്ഞു നിന്നു കണ്ടു. അവർ ചുണ്ട് കോട്ടി പിറു പിറുത്തു. നാട്ടിലെ അസൂയക്കാർ നെടുവീർപ്പിട്ടു.

നജ്മ രണ്ടാം സൽക്കാരത്തിനു വന്നപ്പോൾ അവളും നജീബ് മാഷും കൂടി ആസ്യാത്താന്റെ വീട്ടിൽ പോയി. അവർ മനസ്സില്ലാ മനസ്സോടെ രണ്ട് പേരെയും സ്വീകരിച്ചു.നജ്മ പതുക്കെ ആസ്യാത്താന്റെ കൂടെ അടുക്കളിയിലേക്ക് പോയി.

“”ഇങ്ങക്ക് ഇപ്പഴും ഇന്നോട് ദേഷ്യണ്ട് ല്ലേ.. അതോണ്ടല്ലേ ഇങ്ങള് ന്റെ കല്യാണത്തിന് വരാതിര്ന്നത്… അത് സാരല്ല.. ഞാൻ വന്നത് അയിനല്ല.

മാഷ്ക്ക് ഒരു എളാപ്പാടെ മോന്ണ്ട്. ങ്ങളെ നദീറാക്ക് ചേരും. ഓന് ഓളെ കണ്ടുക്കുണു ഇപ്പൊ. ഓന്ക്ക് ഇഷ്ടായി.. ഇങ്ങ്ട്ട് പറഞ്ഞയക്കട്ടെ ഓളെ കാണാൻ””. നജ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

ആസ്യാത്താക്ക് എന്ത് പറയണം എന്നറിയുന്നില്ല. അവരുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. അവർ ചിരിച്ചു കൊണ്ട് തലയാട്ടി. നജ്മ ഈ വിവരം പറയാൻ വീട്ടിലേക്ക് ഓടി പോയി. നജീബ് മാഷ് അവരോട് യാത്ര പറഞ്ഞു യാത്രയായി.….ശുഭം.. നന്ദി..

 

Leave a Reply

Your email address will not be published. Required fields are marked *