(രചന: Archana Surya)
കാത്തിരിക്കുന്ന നിദ്രാദേവി ഇനിയും തന്നെ കടാക്ഷിക്കുന്നില്ല എന്ന് മനസ്സിലായപ്പോൾ അരികിൽ കിടക്കുന്ന ഭർത്താവിന്റെ മുടിയിൽ ഒന്ന് തലോടി അവൾ പതിയെ വാതിൽ തുറന്നു ബാൽക്കണിയിലേക്ക് നടന്നു.
ബാൽക്കണിയിലെ ബീൻ ബാഗിലേക്ക് ഇരുന്നുകൊണ്ട് രാത്രിയെ നോക്കിയിരുന്നു. സമയം ഏകദേശം 1മണി ആയിട്ടുണ്ടാകും. എല്ലായിടത്തും തെരുവുവിളക്കുകൾ തെളിഞ്ഞിട്ടുണ്ടെങ്കിലും തീർത്തും നിശബ്ദമായ അന്തരീക്ഷം.
നിശയുടെ ഏകാന്തതയിൽ നഗരത്തിന് ഒരു പ്രത്യേക സൗന്ദര്യമാണ്. മനസ്സുകൊണ്ട് എന്നും ഏകാന്തതയുടെ തോഴി ആയതിനാലാവാം ഈ സൗന്ദര്യം താനിഷ്ടപ്പെടുന്നത്.
ഇത്തരം സന്ദർഭങ്ങളിലാണ് പല തീരുമാനങ്ങളും എടുക്കാറ്. ഏറെ നേരം എന്തൊക്കെയോ ചിന്തിച്ചിരുന്നിട്ട് അവൾ വീണ്ടും ഭർത്താവിന്റെ അരികിൽ പോയി കിടന്നു.
പതിവുപോലെ ചിന്തകളുടെ അവസാനം എപ്പോഴോ നിദ്രയെ പുൽകി. അടുത്ത ദിവസം ഭർത്താവിനെയും മകനെയും യാത്രയാക്കിയ ശേഷം അവൾ ചിന്തകളുടെ ചിറകിലേറി തന്റെ മാത്രം ലോകത്തേക്ക് യാത്രയായി.
മൂന്നു വയസ്സുള്ളപ്പോൾ അമ്മ മരിച്ച അവളെ മറ്റൊരു വിവാഹം പോലും കഴിക്കാതെ അച്ഛൻ വളർത്തി.
എന്നാൽ തികച്ചും യാഥാസ്ഥികത ചിന്താഗതിക്കാരനായിരുന്നു അച്ഛൻ ഒരു പരിധിക്കപ്പുറം മകളോട് അടുപ്പം പുലർത്തിയിരുന്നില്ല.
അവൾക്ക് 5 വയസ്സുള്ളപ്പോൾ അച്ഛൻ ഗൾഫിലേക്ക് ജോലിക്ക് പോകുമ്പോൾ മകളെ അടുത്തുള്ള സഹോദരിയുടെ വീട്ടിൽ ആക്കിയിരുന്നു.
അമ്മയില്ലാതെ വളർന്ന ഒരു കുഞ്ഞ് അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ അരക്ഷിതാവസ്ഥ എത്രത്തോളം ആയിരിക്കാം??? ഇവിടെയും അതുതന്നെയായിരുന്നു വില്ലൻ.
അഞ്ചുവയസ്സുമുതൽ അപ്പച്ചിയുടെ വീട്ടിൽ… തലോടേണ്ട കൈകൾ തല്ലുവാൻ മാത്രമാണ് ഉയരുന്നതെങ്കിലോ??? ‘ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്’ എന്ന് പറയും പോലെ സ്വന്തം കാര്യങ്ങൾ എല്ലാം അവൾ സ്വയം ചെയ്യാൻ പഠിച്ചു.
അവളുടെ അവസ്ഥയിലുള്ള ഒരു കുഞ്ഞിന്റെ അനിവാര്യമായ മാറ്റം!! എന്തോ കുഞ്ഞുനാൾ മുതലേ മനസ്സു തുറന്നു സംസാരിക്കാൻ, ഉള്ളിലെ സന്തോഷവും സങ്കടവും പ്രകടിപ്പിക്കാൻ, അവൾക്ക് ആരുമുണ്ടായിരുന്നില്ല.
അവളുടെ പ്രായത്തിലുള്ള കുഞ്ഞുങ്ങൾ തുമ്പിയെ കൊണ്ട് കല്ലെടുപ്പിച്ചും കണ്ണുപൊത്തിക്കളിച്ചും ആർത്തുല്ലസിക്കുമ്പോൾ സ്വയം സൃഷ്ടിച്ച വാല്മീകത്തിനുള്ളിൽ ഒതുങ്ങിക്കൂടുകയായിരുന്നു ആ കുരുന്ന്.
അമ്മയും അച്ഛനും ഉള്ള കുട്ടികൾ പോലും പലതരത്തിലുള്ള ഒറ്റപ്പെടലുകൾ അനുഭവിക്കുന്ന ഈ ലോകത്ത് അമ്മയില്ലാത്ത,
സ്നേഹത്തോടെയും കരുത്തോടെയും ഒന്ന് ചേർത്ത് നിർത്താൻ ആരുമില്ലാത്ത അവൾ ഒറ്റപ്പെട്ടുപോയില്ലെങ്കിലല്ലേ അതിശയിക്കാനുള്ളൂ!!!!!
മകളെ സഹോദരിയുടെ വീട്ടിൽ ആക്കുമ്പോൾ അവിടെയവൾ സുരക്ഷിതയായിരിക്കും എന്ന പാഴ്ചിന്തയായിരുന്നു ആ പാവം പിതാവിനുണ്ടായിരുന്നത്.
അപ്പച്ചിയുടെ ഭർത്താവ് ആ കുഞ്ഞുടൽ തഴുകി തലോടിയിരുന്നത് മറ്റൊരർത്ഥത്തിലായിരുന്നു എന്ന് ആ കുഞ്ഞിനെ മനസ്സിലാക്കിക്കൊടുക്കുവാൻ ആരുമുണ്ടായിരുന്നില്ല.
അഞ്ച് വയസ്സുകാരി ഒമ്പതുവയസ്സുകാരി ആയപ്പോഴും മാമൻ അവളെ എപ്പോഴും ചേർത്തു പിടിച്ചിരുന്നു. അത് മറ്റൊരു കണ്ണിൽ കൂടി കാണുവാൻ അപ്പച്ചിയും ശ്രമിച്ചിരുന്നില്ല.
പല അവസരങ്ങളിലും മാമന്റെ കൈത്തലങ്ങൾ അവളുടെ കുഞ്ഞു ചുണ്ടുകളെ ഞെരിച്ചുടക്കുകയും പിഞ്ചുതുടകളിൽ ഞെരിഞ്ഞമരുകയും ചെയ്തിരുന്നു.
ആ പിഞ്ചുടലിൽ അങ്ങോളമിങ്ങോളം അയാളുടെ പരുക്കനായ വിരലുകൾ പാഞ്ഞു നടക്കുമായിരുന്നു, ഒരുതരം ആർത്തിയോടെ!!!
അവധി ദിനങ്ങളിൽ അപ്പച്ചി ജോലിക്ക് പോയാൽ ഉടൻ മാമൻ തിരികെ വരുമായിരുന്നു.
ഒരിക്കൽ ” മാമനെന്തിനാ എന്റെ ചുണ്ടിൽ പിടിച്ചമർത്തുന്നത് എനിക്ക് നോവുന്നുണ്ട് ഞാൻ അപ്പച്ചി വരുമ്പോൾ പറഞ്ഞു കൊടുക്കും” എന്ന് ആ കുരുന്നു പ്രതികരിച്ചപ്പോൾ, ക്രൂദ്ധനായി പുറത്തേക്കിറങ്ങിപ്പോയ അയാൾ തിരികെ വന്നത് മുഴുത്ത ഒരു പേര വടിയും കൊണ്ടാണ്.
ഭയത്തോടെ നോക്കിയ ആ കുഞ്ഞു കണ്ണുകളിൽ നോക്കി അന്നയാൾ പറഞ്ഞത് “എന്റെ വീട്ടിൽ വിരിയുന്ന പൂവിന്റെ ഭംഗിയും രുചിയും ഒക്കെ ആദ്യം നുകരുന്നത് ഞാനാവണം.
അപ്പച്ചിയോട് എന്തെങ്കിലും പറഞ്ഞാൽ ശ്വാസംമുട്ടിച്ച് കൊന്നു കളയും ഞാൻ, നിന്നെ മാത്രമല്ല നിന്റെ അച്ഛനെയും.
നിന്നെ എന്തെങ്കിലും ചെയ്താലും ചോദിക്കാനും പറയാനും ആരും വരില്ല നീ ചത്താൽ നിന്റെ പേരിലുള്ള സ്വത്തുക്കൾ കൂടി എന്റെ ആൺമക്കൾക്ക് കിട്ടും. ഇനി തരുന്ന ശിക്ഷ എന്റെ നേരെ ഇനിയൊരിക്കലും നിന്റെ നാവ് ഉയരാതിരിക്കാനുള്ളതാണ്”.
അതിനുശേഷം ജനലുകൾ എല്ലാം വലിച്ചടച്ച് കുറ്റിയിട്ടു കർട്ടനുകളും പിടിച്ചിട്ട ശേഷം ആ കുരുന്നിനയും ഒറ്റക്കയ്യാൽ തൂക്കിയെടുത്ത് മറുകൈയ്യിൽ പേര വടിയുമായി അയാൾ മുകളിലെ നിലയിലേക്ക് പോയി.
ആ കുഞ്ഞിനെ മുറിയുടെ കട്ടിലിലേക്കിരുത്തി വാതിൽ അടച്ചു കുറ്റിയിട്ടു ശേഷം അവളുടെ പാവാട അഴിച്ചു അവളുടെ പിൻഭാഗം മുതൽ കാൽമുട്ടുവരെ തല്ലി ചതയ്ക്കുമ്പോൾ അയാൾ ശരിക്കും ഒരു മൃഗമായി മാറുകയായിരുന്നു.
ഒരു തല്ല് പോലും മുട്ടിനുതാഴെ കൊള്ളാതിരിക്കാൻ ആ കുറുക്കൻ ശ്രദ്ധിച്ചിരുന്നു, തന്റെ ഭാര്യ കണ്ടെങ്കിലോ??!! അന്നവൾക്കറിയില്ലായിരുന്നു അതും ഒരു തരത്തിലുള്ള ലൈംഗിക ചൂഷണമാണെന്ന്.
ക്ഷീണിച്ചവശയായ കുഞ്ഞിനോട് അയാൾ വീണ്ടും പറഞ്ഞു “ഇത് പുറത്താരും അറിയരുതെന്ന്”. ആരോടും ഒന്നും തുറന്നു പറയാൻ കഴിയാതെ ആ വേദനകൾ ആ കുഞ്ഞു കൊണ്ടുനടന്നു.
അപ്പച്ചി വീട്ടിലില്ലാത്ത പലദിവസങ്ങളിലും ആ പിഞ്ചു ശരീരത്തിൽ മുഴുവൻ പേരവടിയും ചൂരലും ആധിപത്യം സ്ഥാപിച്ചു.
അവധിക്കാലങ്ങൾ ആ കുഞ്ഞിനൊരു പേടിസ്വപ്നമായി മാറി. അവളിലെ മാറ്റങ്ങൾ തിരിച്ചറിയാനോ സ്നേഹത്തോടെ ചേർത്തുപിടിക്കാനോ ആരുമുണ്ടായിരുന്നില്ല.
കാരിരുമ്പിന്റെ ശക്തിയുള്ള അയാളുടെ കൈകളിൽ അവളുടെ പിഞ്ചുടൽ ഞെരിഞ്ഞമർന്നു. 13 വയസ്സായപ്പോൾ അവൾ വയസ്സറിയിച്ചു.
വിശേഷമറിഞ്ഞു നാട്ടിൽ വന്ന് അച്ഛന്റെ പുതിയ തീരുമാനം കേട്ടതും അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അച്ഛനോടൊപ്പം തന്നെയും കൊണ്ട് പോകുന്നു!!!ഏറെ നാളായി കേൾക്കാൻ കൊതിച്ച കാര്യം.
ഈ നരകത്തിൽ നിന്നും രക്ഷപ്പെടാമല്ലോ!!! മാമൻ പലതും പറഞ്ഞു മുടക്കാൻ നോക്കിയെങ്കിലും അപ്പച്ചിക്ക് സന്തോഷമായിരുന്നു. വളർന്നു വരുന്ന ഒരു പെൺകുട്ടിയുടെ ഉത്തരവാദിത്വം ശരിയാവില്ല എന്നതായിരുന്നു അവരുടെ പക്ഷം.
ഒടുവിൽ അച്ഛൻ മകളെയും കൊണ്ട് പറന്നു. അവിടെ പുതിയ സ്കൂൾ… പുതിയ അന്തരീക്ഷം…..എങ്കിലും ഏവരെയും ഭയത്തോടെ വീക്ഷിക്കുവാൻ മാത്രമേ ആ കണ്ണുകൾക്ക് കഴിഞ്ഞുള്ളൂ……
‘ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും ‘എന്ന് പഴമക്കാർ പറയുന്നതിൽ തീരെ കഴമ്പില്ലാതില്ല…..
കഴിവതും നാട്ടിലേക്കുള്ള വരവുകൾ അവഗണിച്ചു. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ആ വാർത്ത തേടിയെത്തിയത്,, മാമന് സർവിക്കൽ ക്യാൻസറാണെന്ന്.
എന്നിട്ടും കാണാൻ പോകാൻ തോന്നിയില്ല.ആരോടും പറയാനാവാതെ ഉള്ളിലൊളിപ്പിച്ച മുറിവുകൾ പലപ്പോഴും കുത്തിനോവിച്ചു കൊണ്ടിരുന്നു…. അതിൽ നിന്നും എപ്പോഴും രക്തം കിനിഞ്ഞുകൊണ്ടിരുന്നു….
കുഞ്ഞുനാളിൽ തനിക്കു സംഭവിച്ചതെന്താണെന്ന് തിരിച്ചറിഞ്ഞ ശേഷം ഒരുതരം നിസംഗതയായിരുന്നു മനസ്സിൽ!!! ഈശ്വരനോട് പോലും!!!ക്ലിനിക്കൽ സൈക്കോളജിയിൽ തന്നെ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്തമാക്കി.
ഇതിനിടയിൽ വേദന സഹിച്ചൊടുവിൽ മാമനെയുംമരണം തേടിയെത്തി എന്ന വാർത്ത സന്തോഷം നൽകിയെങ്കിലും ഒറ്റപ്പെട്ട രാത്രികളിൽ മനസ്സിലെ മുറിപ്പാടുകൾ ഇന്നും ഉണങ്ങാതെ ഇരിക്കുന്നുണ്ട്….. ആ താപം തന്നെ പൊള്ളിക്കുന്നുണ്ട്…..
വിവാഹ ശേഷം മറ്റൊരു നഗരത്തിലേക്ക്. സൈക്കോളജിക്കൽ കൗൺസിലർ ആയി ജോലിയും നേടി. വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ താൻ അനുഭവിച്ച മാനസിക സംഘർഷം.
സ്വയം ഒരു കൗൺസിലർ ആയിട്ടുകൂടി ഈ നാൽപതാം വയസ്സിലും തന്നെ തളർത്തുന്ന ഇരുണ്ട ദിനങ്ങളുടെ പേടിപ്പെടുത്തുന്ന ഓർമ്മകൾ തന്റെ മരണം വരെയും തന്നെ പിന്തുടരുമെന്ന് അവൾക്ക് പലപ്പോഴും തോന്നിയിരുന്നു.
കാൻസറിന്റെ രൂപത്തിൽ ദൈവം അയാൾക്കുള്ള ശിക്ഷ വിധിച്ച് നീതി കാട്ടിയെങ്കിലും തന്നോടെന്ത് നീതിയാണ് ദൈവം പുലർത്തിയത്????
തങ്ങളുടെ സ്വകാര്യ നിമിഷങ്ങളിൽ പലപ്പോഴും താൻ ആ കാലത്തേക്കു തള്ളപ്പെടുന്നു. ഒരിക്കലും പൂർണ്ണമായും അതൊന്നും ആസ്വദിക്കാൻ തനിക്ക് കഴിയുന്നില്ല.
ഈ പുഴുവരിക്കുന്ന ഓർമ്മകളിൽ നിന്നും എന്നാണ് തനിക്ക് മോചനം ലഭിക്കുക???അറ്റുപോകാത്ത കണ്ണികളായി മരണംവരെയും ഈ വേദന നിറഞ്ഞ ഓർമ്മകൾ തന്നെ പിന്തുടർന്നു കൊണ്ടിരിക്കും!!!!!
കണ്ണുനീർ തുടച്ച് മാറ്റി അവൾ ഒരുങ്ങിയിറങ്ങി,തന്റെ ജോലിക്ക് പോകാനായി.അവൾ എപ്പോഴും ഒരു ലെൻസ് പോലെയാണ് പ്രവർത്തിക്കുന്നത്.
തന്റെ മുന്നിലെത്തുന്ന കുഞ്ഞുങ്ങളുടെ പ്രശ്നങ്ങൾ അത്രമേൽ സൂക്ഷ്മതയോടെ മനസ്സിലാക്കുന്നു, എന്നിട്ട് അവരെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു.
തന്റെ മുന്നിൽ എത്തുന്ന ഓരോ പൊടിക്കുഞ്ഞിലും അവൾ തന്നെ കണ്ടു. ഒരു ചെന്നായ്ക്കളും വീണ്ടും അവരെ അടിച്ചു കുടയാൻ അവൾ അവസരം കൊടുത്തിരുന്നില്ല.
ഓരോ മാതാപിതാക്കളോടും അവൾ പറഞ്ഞു മനസ്സിലാക്കുമായിരുന്നു തങ്ങളുടെ പൊന്നോമനകളെ കാത്തുസൂക്ഷിക്കണമെന്ന്, അവരുടെ മനസ്സും ശരീരവും ആരും കൈകടത്താതെ കാക്കണമെന്ന്.
അപ്പോഴും ചാരം മൂടിയ കനലുകൾ പോലെ ഭൂതകാലത്തിന്റെ അറ്റ് പോകാത്ത ഓർമ്മകൾ ആ പെൺ മനസ്സിൽ ജ്വലിച്ചു കൊണ്ടിരുന്നു.