വിദഗ്ധമായി അവനെന്നെ പറ്റിക്കുകയായിരുന്നു… അവനെയങ്ങ് ജയിക്കാൻ വിട്ടിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ പെണ്ണാണെന്ന് പറഞ്ഞ് ജീവിക്കുന്നതിന് എന്താണ് അർത്ഥം

(രചന: J. K)

ഇന്നത്തെ ഡേറ്റ് ഒന്നുകൂടി നോക്കി ദീപ്തി പതിനാലാം തീയതി!!!രണ്ടാം തീയതിയിലോ മൂന്നാം തീയതിയിലോ ആയി വരേണ്ട പിരിയഡ് ഇതുവരെ വന്നിട്ടില്ല അവൾക്ക് പേടിയാവാൻ തുടങ്ങി.

ഇന്ന് രാവിലെ ബ്രഷ് ചെയ്യുമ്പോൾ വോമിറ്റ് ചെയ്തതോടുകൂടി ആ പേടി കനപ്പെട്ടു അതുകൊണ്ട് കൂടിയാണ് ഒരു പ്രഗ്നൻസി കിറ്റ് വാങ്ങി നോക്കാൻ തീരുമാനിച്ചത്..

സംശയം ശരിയായിരുന്നു എന്ന് അതിലെ രണ്ട് പിങ്ക് വരകൾ അവൾക്ക് മനസ്സിലാക്കി കൊടുത്തു..

ആകെ ടെൻഷനായി ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചിരുന്നപ്പോഴാണ് ഇത് പ്രധാനപ്പെട്ട ഒരാളെ കൂടി അറിയിക്കണമല്ലോ എന്ന കാര്യം ഓർത്തത് ആദിയുടെ നമ്പർ എടുത്ത് അതിലേക്ക് ഡയൽ ചെയ്തു

രണ്ടു റിങ് ചെയ്തതിന് ശേഷം ബിസി ആകുന്നതു കണ്ടു… വീണ്ടും വിളിച്ചുനോക്കി അപ്പോഴും ബിസി ആക്കി വെച്ചു പിന്നെ വിളിച്ചപ്പോൾ സ്വിച്ച് ഓഫ് എന്നാണ് പറഞ്ഞത്…..

പെട്ടെന്ന് എന്തോ ഈ വലിയ ബാംഗ്ലൂർ നഗരത്തിൽ അവൾ തനിച്ചാവുന്നതുപോലെ തോന്നി. ആദി അമ്മയ്ക്ക് സുഖമില്ല എന്ന് പറഞ്ഞ് നാട്ടിലേക്ക് പോയതാണ്..

അവിടെ എന്തെങ്കിലും അത്യാവശ്യം ഉണ്ടാകും എന്ന് കരുതി പിന്നെ വിളിക്കാം എന്ന് വെച്ചു ഇന്ന് വരുന്നില്ല ലീവ് ആണെന്ന് ഓഫീസിലേക്ക് വിളിച്ചു പറഞ്ഞതിനുശേഷം റസ്റ്റ്‌ എടുക്കാൻ തീരുമാനിച്ചു വല്ലാത്ത ക്ഷീണം മനസ്സിനും ശരീരത്തിനും…

എത്രയൊക്കെ ആലോചിച്ചിട്ടും തന്റെ ഉദരത്തിൽ ഒരു ജീവൻ നാമ്പിട്ടിട്ടുണ്ട് എന്നത് അവളെക്കൊണ്ട് വിശ്വസിക്കാവുന്നതിലും അപ്പുറത്തായിരുന്നു…

സന്തോഷമാണോ സങ്കടമാണോ അതോ തനിക്ക് ടെൻഷനാണോ എന്നെന്നും തിരിച്ചറിയാൻ വയ്യാത്ത വല്ലാത്ത ഒരു അവസ്ഥ.. ഈ സമയത്ത് തന്നെ തനിച്ചാക്കി പോയതിന് അവൾക്ക് എന്തോ ആദിയോട് പരിഭവം തോന്നി..

ചെറുപ്പത്തിലെ അച്ഛനും അമ്മയും മരിച്ചിരുന്നു വളർന്നതെല്ലാം ഒരു അനാഥാലയത്തിലാണ് ഒരു പ്രത്യേക വയസ്സ് വരെ അവിടെ നിൽക്കാൻ കഴിയുള്ളൂ

അത് കഴിഞ്ഞാൽ സ്വന്തം കാര്യം നോക്കി പോകണം ഒന്നുകിൽ അവർ കല്യാണം കഴിച്ചു വിടും അല്ലെങ്കിൽ എന്തെങ്കിലും ജോലി സംബന്ധമായി പോകാം..

ഇതിപ്പോ നന്നായി പഠിച്ചിരുന്നത് കൊണ്ട് ഏതൊക്കെയോ സ്പോൺസർമാരെ അവർ തന്നെ ശരിയാക്കി തന്നെ അത്യാവശ്യം പഠിപ്പിച്ചിരുന്നു അതുകൊണ്ടാണ് ഇവിടെ നല്ലൊരു കമ്പനിയിൽ ഒരു ജോലി ശരിയായത്..

ആ ഇട്ട വട്ടത്തെ അനാഥാലയത്തിൽ നിന്ന് ഈ വലിയ മഹാ നഗരത്തിലേക്കുള്ള പറിച്ചു നടൽ വല്ലാത്ത ഒരു അനുഭവമായിരുന്നു എങ്കിലും പിടിച്ചുനിന്നു..

വളരെ പെട്ടെന്ന് ഇവിടുത്തെ ജീവിതരീതികളുമായി ഇണങ്ങാൻ സാധിച്ചു അങ്ങനെയാണ് ആദിയെ പരിചയപ്പെടുന്നത്..

താൻ ജോലി ചെയ്യുന്നതിന് അടുത്ത് തന്നെയായിരുന്നു അയാളും ജോലി ചെയ്തിരുന്നത് കുറേ ദിവസം വെറുതെ കണ്ടു. പിന്നെ മെല്ലെച്ചിരിക്കാൻ തുടങ്ങി അത് കഴിഞ്ഞ് സൗഹൃദം, എങ്ങനെയോ അത് പിന്നെ പ്രണയത്തിലേക്ക് വഴിമാറി..

പ്രണയം അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോഴാണ് ഇനി ഒരുമിച്ചു മതി എന്ന് രണ്ടുപേരും തീരുമാനിക്കുന്നത് എനിക്ക് ആരോടും പറയാനോ ചോദിക്കാനോ ഇല്ലായിരുന്നു പക്ഷേ ആദിയുടെ കാര്യം അങ്ങനെ ആയിരുന്നില്ല അയാൾക്ക് വീടും കുടുംബവും എല്ലാം ഉണ്ടായിരുന്നു…

പക്ഷേ അതൊന്നും പ്രശ്നമല്ല സാവധാനം അവരോട് കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊള്ളാം എന്ന് ആദി പറഞ്ഞു അതനുസരിച്ച് ഞങ്ങൾ ഒരുമിച്ച് ഒരു ഫ്ലാറ്റിലേക്ക് താമസം മാറി…

ആദി ഹിന്ദുവും ഞാൻ ക്രിസ്ത്യനും ആയിരുന്നു അതായിരുന്നു ഏറ്റവും വലിയ ഭയം അവന്റെ വീട്ടുകാർ യാഥാസ്ഥിതികരാണെന്ന് കൂടെക്കൂടെ അവൻ പറയുമായിരുന്നു എങ്ങനെ അവരെ പറഞ്ഞു മനസ്സിലാക്കും എന്ന് ഞാൻ പലപ്പോഴും അവനോട് ചോദിക്കുമ്പോൾ

ചേർത്തുപിടിച്ച് അവൻ പറയും എല്ലാം ശരിയാകും എന്റെ ഇഷ്ടത്തിന് എതിരായി അവർക്കൊന്നും ഇല്ല എന്ന്. അത് കേൾക്കുമ്പോൾ എന്തോ ആശ്വാസം തോന്നും….

ആദിക്ക് ഇടയ്ക്കിടയ്ക്ക് നാട്ടിലേക്ക് പോകണമായിരുന്നു അപ്പോഴൊക്കെ ഞാൻ ഇവിടെ തനിച്ച് നിൽക്കും കാരണം എനിക്ക് അങ്ങോട്ട് പോയിട്ട് ആരെയും കാണാനില്ലല്ലോ….

പലപ്പോഴും ഞാൻ അവനോട് പറയും വീട്ടുകാരോട് എല്ലാം പറഞ്ഞു മനസ്സിലാക്കാൻ അങ്ങനെയാകുമ്പോൾ എനിക്കും വരാമല്ലോ കുറെ കുടുംബക്കാരുടെ നടുവിൽ നിൽക്കാമല്ലോ എന്നൊക്കെ.. അതൊക്കെ എന്റെ ഓരോ മോഹങ്ങൾ ആയിരുന്നു…

ഇത്തവണ അവൻ പോയി വന്നതാണ് വീട്ടിലേക്ക്. പക്ഷെ വന്ന ഒരാഴ്ച കഴിഞ്ഞപ്പോഴേക്ക് അമ്മയ്ക്ക് എന്തോ വയ്യ എന്ന് പറഞ്ഞ് വീണ്ടും പോയതാണ്..

എനിക്ക് അന്ന് തന്നെ എന്തൊക്കെയോ സംശയങ്ങൾ തോന്നിയതാണ് അവനോട് ഒന്നുകൂടി കൺഫേം ചെയ്തിട്ട് പറയാം എന്ന് കരുതി കാത്തിരിക്കുകയായിരുന്നു

ഇപ്പോൾ കൺഫോം ചെയ്തപ്പോൾ പറയാൻ അവൻ കൂടെയില്ല അതുകൊണ്ടുതന്നെ വല്ലാത്ത ഒറ്റപ്പെടൽ തോന്നി വിളിച്ചിട്ടാണെങ്കിൽ കിട്ടുന്നില്ല… എന്തോ അമ്മയ്ക്ക് കാര്യമായ പ്രശ്നങ്ങളുണ്ട് എന്ന് തോന്നുന്നു…

അവനെ കാണാൻ വല്ലാണ്ട് തോന്നിയപ്പോഴാണ് ഇൻസ്റ്റയിൽ അവന്റെ പ്രൊഫൈൽ എടുത്ത് നോക്കിയത്.. അത് കിട്ടുന്നില്ല ഫേസ്ബുക്കും വാട്ട്സാപ്പും ഒന്നും കിട്ടുന്നില്ല എല്ലായിടത്തും അവനെന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ട്..

എന്തോ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി… അവന്റെ ഓഫീസിലേക്ക് പോയി അന്വേഷിച്ചപ്പോഴാണ് എല്ലാം മനസ്സിലായത്.. കുറെ നാളായി അവൻ നാട്ടിലേക്ക് ട്രാൻസ്ഫറിന് ശ്രമിക്കുന്നുണ്ടായിരുന്നത്രെ…

കഴിഞ്ഞ തവണ പോയപ്പോൾ തന്നെ അത് ഒക്കെ ആയിരുന്നത്രേ ഇപ്പോൾ വന്നത് വേറെ എന്തൊക്കെയോ ഫോർമാലിറ്റീസ് തീർക്കുന്നതിന് വേണ്ടി മാത്രമാണ്…

വിദഗ്ധമായി അവനെന്നെ പറ്റിക്കുകയായിരുന്നു… അവനെയങ്ങ് ജയിക്കാൻ വിട്ടിട്ടുണ്ടെങ്കിൽ പിന്നെ ഞാൻ പെണ്ണാണെന്ന് പറഞ്ഞ് ജീവിക്കുന്നതിന് എന്താണ് അർത്ഥം

ശരിയാണ് സ്നേഹം കിട്ടാതെ വളർന്നതുകൊണ്ടാണ് അവൻ എന്നോട് നല്ല രീതിയിൽ പെരുമാറിയപ്പോൾ ഞാൻ അതെല്ലാം ശരിയാണെന്ന് ധരിച്ചത് അവനേ ഭ്രാന്തമായി പ്രണയിച്ചത് എന്റെ എല്ലാം അവനായി നൽകിയത്

പക്ഷേ ഇതുപോലൊരു ചതി ഇതിനിടയിൽ അവൻ സൂക്ഷിച്ചു വയ്ക്കും എന്ന് ഞാൻ അറിഞ്ഞിരുന്നില്ല….

അവന്റെ ഫ്രണ്ട്സിനോട് തിരക്കി അവന്റെ വിവാഹ തീയതി അറിഞ്ഞുവച്ചു ഞാൻ നാട്ടിലേക്ക് പോയി..

വിവാഹ മണ്ഡപത്തിൽ മുന്നിൽ തന്നെ പോയി ഇരുന്നു അവന്റെ മിഴികൾ എപ്പോഴും എന്നിലേക്ക് എത്തിയതും ആ ഭാവം മാറി അവിടെ വല്ലാത്തൊരു ഭീതി വന്നു നിറയുന്നതും ഞാൻ വല്ലാത്തൊരു സന്തോഷത്തോടെ കണ്ടു..

എങ്ങനെയൊക്കെയോ അതിനിടയിൽ അവന്റെ ഫ്രണ്ട്സിന്റെ സഹായത്തോടെ അവിടെ നിന്ന് അവനെന്നെ അപ്പുറത്തേക്ക് മാറ്റി നിർത്തി സംസാരിച്ചു….

അമ്മയുടെ വയ്യായ്കയും അവസാനത്തെ ആഗ്രഹം അവന്റെ വിവാഹം കാണുന്നതാണ് എന്നൊക്കെ പറഞ്ഞു വലിയൊരു കഥ തന്നെ അവൻ എന്റെ മുന്നിൽ പറഞ്ഞു….

ഈ സമയത്ത് മറ്റൊരു മതക്കാരി പെണ്ണിനെ ഞാൻ കല്യാണം കഴിച്ചാൽ അമ്മയ്ക്ക് സഹിക്കാനാവില്ല എന്നൊക്കെ പറഞ്ഞ് ഗംഭീരമായി അഭിനയിച്ചു തകർത്തു അവൻ എന്റെ മുന്നിൽ..

എല്ലാം വിശ്വസിക്കുന്നത് പോലെ കാണിച്ച് ഞാൻ തിരിഞ്ഞു നടന്നു.. അവിടം വിട്ട് ഇറങ്ങാൻ നേരം ഒന്നുകൂടി നോക്കി ഉറപ്പുവരുത്തിയിരുന്നു കല്യാണ പെണ്ണിന്റെ കയ്യിൽ ഇരിക്കുന്നത് ഞാൻ കൊടുത്ത സമ്മാനപ്പൊതി തന്നെയാണ് എന്ന്..

കൂടുതലായി ഒന്നുമില്ല ഞങ്ങൾ തമ്മിലുള്ള രഹസ്യ സമയത്തെ കുറെ വീഡിയോസ് എന്റെ കയ്യിൽ ഉണ്ടായിരുന്നു അതെല്ലാം ഒരു പെൻഡ്രൈവിൽ ആക്കിയിട്ടുണ്ട്…

പിന്നെ ഞങ്ങളുടെ ഒരുമിച്ചുള്ള കുറേ ഫോട്ടോസ് പ്രിന്റ് എടുത്തതും.. എന്റെ പ്രഗ്നൻസി കാർഡും.. ഭർത്താവിന്റെ പേരിന്റെ സ്ഥാനത്ത് അവന്റെ പേര് എഴുതി ഞാൻ ഡോക്ടറെ കണ്ടതിന്റെ ഒരു കോപ്പിയും… “”

ഇത്രയും മതി അവരുടെ കുടുംബജീവിതം ധന്യമാക്കാൻ….എന്നെ ചതിച്ചിട്ട് അവൻ അങ്ങനെ സുഖിച്ചു ജീവിക്കുന്നത് ശരിയല്ലല്ലോ ഒരുപക്ഷേ അവൾ ഇതെല്ലാം ക്ഷമിച്ച് അവനുമൊത്തു മറ്റൊരു ജീവിതത്തിന് തയ്യാറാവാം

എങ്കിലും ഏച്ചു കെട്ടിയതുപോലെ ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് ഓർമ്മ വന്നുകൊണ്ടിരിക്കും അവരുടെ ജീവിതത്തിൽ അത് അസ്വാരസ്യങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കും….

പിന്നെ എന്റെ കുഞ്ഞ്, അതിന് ഞാൻ മതി ഇതുപോലെ ഒരു ചതിയനേ അച്ഛൻ എന്ന് വിളിക്കുന്നതിനേക്കാൾ നല്ലത് ഒരു സിംഗിൾ പാരന്റിന്റെ കുഞ്ഞായി അത് വളരുന്നതാണ്….
ഇന്നത്തെ കാലത്ത് അത് വലിയ കാര്യമൊന്നുമല്ല…

ചിരിച്ചുകൊണ്ട് അവളുടെ കൂടെ നിൽക്കുന്നവനേ ഒന്നുകൂടി ഞാൻ നോക്കി മനസ്സിലേക്ക് ആവാഹിച്ചിരുന്നു ഇനി ഒരിക്കലും ആ മുഖം ഓർക്കാതിരിക്കാൻ അതിനെപ്പറ്റി ഓർത്ത് സങ്കടപ്പെടാതിരിക്കാൻ..

Leave a Reply

Your email address will not be published. Required fields are marked *