ചില വീട്ടകാര്യങ്ങൾ
(രചന: ഹരിത രാകേഷ്)
ആദ്യമായിട്ടാണ് ഇത്ര നേരത്തെ കിടപ്പുമുറിയിൽ എത്തുന്നത്… ഇല്ലെങ്കിൽ സഹപ്രവർത്തകരുടെ ഫ്ലാറ്റിൽ ഇരുന്നു 12 ഒക്കെ ആകും വീട്ടിലെത്താൻ…
ഫ്ലാറ്റിൽ എന്നും ആഘോഷമാണ്.. ദിവസവും എന്തെങ്കിലും ഒരു കാരണം ഉണ്ടാക്കി പാർട്ടി നടത്തും…
പുറത്തു നിന്നുള്ള ഭക്ഷണവും, ചെറിയ തോതിൽ ഉള്ള വെ ള്ളമടി പാർട്ടിയും കഴിഞ്ഞു പതുക്കെ രാത്രിക്ക് വീട്ടിലേക്ക് ചെന്നു കയറും…
കുടുംബം നോക്കുന്നവൻ ആയതു കൊണ്ട് അമ്മയ്ക്കും അച്ഛനും അതിൽ ഒരു പരാതിയുമില്ല… സംതൃപ്തമായ ഒരു കുടുംബം…
എന്നാൽ ഇന്നിപ്പോൾ മണി 10 ആയപ്പോൾ മുറിയിൽ കേറിയതാണ്… അതിനു ഒരു കാരണവും ഉണ്ട്… ഇന്ന് അവൻ്റെ ആദ്യ രാത്രിയാണ്… മുറിയിൽ ഭാര്യയുടെ വരവും കാത്തിരിക്കാൻ തുടങ്ങിയിട്ടു കുറച്ചു നേരമായി…
രണ്ടു മാസത്തെ പരിചയം മാത്രമേ കൃപയുമായുള്ളൂ…കൃപ മാലിനി.. അതാണവളുടെ മുഴുവൻ പേര്…
ടൗണിലെ ഒരു സ്വകാര്യ ആശുപത്രിയിൽ നേഴ്സാണ്… ഒരു ഇടത്തരം കുടുംബത്തിലെ ഒറ്റ മോൾ…
അച്ഛനില്ലാത്ത അവൾക്ക് എല്ലാം അമ്മയാണ്… അതാണ് പേരിന്റെ കൂടെ പോലും അമ്മയെ കൊണ്ട് നടക്കുന്നത്…
മാട്രിമോണി വഴി പരിചയപെട്ടു ചാറ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ഈ കാര്യം അവളോടു തന്നെ ചോദിച്ചിരുന്നു “താൻ എന്താ അമ്മയെ വാലായി കൊണ്ടു നടക്കുന്നതെന്ന്”…
അമ്മയെയും അവളെയും ജീവിതത്തോടു പൊരുതാൻ വിട്ടു കൊടുത്ത അച്ഛനോടുള്ള മധുര പ്രതികാരം എന്നായിരുന്നു അവളുടെ ഉത്തരം…
പിന്നീടറിയാൻ കഴിഞ്ഞു അയാൾ ഇവരെ ഉപേക്ഷിച്ച് വേറെ എവിടെയോ കുടുംബമായി ജീവിച്ചിരിപ്പുണ്ടെന്ന് …
കൃപയ്ക്കു എപ്പോഴും ജോലിത്തിരക്ക് ആയതു കാരണം അവനു കൂടുതൽ ഫോണിലൂടെ അടുക്കാൻ കഴിഞ്ഞിരുന്നില്ല…
തുച്ഛമായ പ്രതിഫലത്തിനു വേണ്ടിയാണവൾ കഷ്ടപ്പെടുന്നതറിഞ്ഞ നിമിഷം മുതൽ വിവാഹ ശേഷം അവളെ ജോലിക്കു വിടില്ല എന്നവൻ തീരുമാനിച്ചിരുന്നു…
പെട്ടെന്ന് മുറിയുടെ വാതിൽ തുറന്ന് കൃപ അകത്തേക്കു കടന്നു വന്നു…”പുറത്ത് എല്ലാവരോടും സംസാരിക്കുകയായിരുന്നു” ഒരു ക്ഷമാപണം പോലെയവൾ പറഞ്ഞു…
“കുഴപ്പമില്ലാടോ”അവൻ അവളെ നോക്കി പുഞ്ചിരിച്ചു…” തനിക്ക് ഈ സാരി നന്നായി ചേരുന്നുണ്ട്”… അവളെ അടിമുടി നോക്കിക്കൊണ്ടവൻ പറഞ്ഞു…
“ആഹ്, എനിക്ക് സാരി ഇഷ്ടമാ, വല്ല ഫങ്ങ്ഷനു പോകുമ്പോൾ മാത്രം, ഇതൊക്കെ ഇട്ടു എങ്ങനെ രാത്രിയ്ക്കു ഉറങ്ങാനാ, താഴേന്നു അവർ ഒരുക്കി ഉടുപ്പിച്ചപ്പോൾ ഞാൻ എതിർക്കാൻ ഒന്നും പോയില്ല”…
എന്നു പറഞ്ഞു കൊണ്ടവൾ അലമാരയിൽ നിന്നും വേറെ ഒരു ഉടുപ്പെടുത്തു ഇട്ടു കൊണ്ട് വന്നു…
“സോറിട്ടോ, ഞാൻ ഇങ്ങനെ ഒക്കെയാ, നമുക്കിടയിൽ എന്തിനാ ഒരു ഒളിമറ”… അവൾ കട്ടിലിൽ കേറി ഇരുന്നു കൊണ്ട് പറഞ്ഞു…
” എനിക്കു തന്റെ ഈ തുറന്ന പെരുമാറ്റം ഒരുപാടിഷ്ടമായി…” അവൻ അവളെ നോക്കിക്കൊണ്ട് പറഞ്ഞു…
അവൾ അപ്പോഴേക്കും കാലിലെ സ്വർണ്ണ കൊലുസ് അഴിക്കാൻ ശ്രമം നടത്തുകയായിരുന്നു… അവൻ വല്ലതും പറയാൻ തുടങ്ങും മുമ്പവൾ കയ്യിൽ കരുതിയ വെള്ളി കൊലുസ് എടുത്തണിഞ്ഞു…
“ഏറ്റവും ആഗ്രഹിച്ചു വാങ്ങിയതാണ് ഈ വെള്ളിക്കൊലുസ്… ആശുപത്രിയിൽ ഇതൊന്നും ഇട്ടോണ്ട് നടക്കാൻ പാടില്ല… അതുകൊണ്ട് രണ്ടു ദിവസം ഇവിടെ ഇട്ടു നടക്കാം”…അവൾ കുലുങ്ങിച്ചിരിച്ചു…
“രണ്ടു ദിവസമോ” അവൻ അതിശയത്തോടെ അവളെ നോക്കി…”കൂടുതൽ ലീവ് ഒന്നും എനിക്കു കിട്ടില്ല…” രണ്ടു ദിവസം കഴിഞ്ഞാൽ വീണ്ടും ജോയിൻ ചെയ്യണം”… അവൾ ഭാവഭേദം കൂടാതെ പറഞ്ഞു…
“നിൻ്റെ സാലറിയുടെ ഡബിൾ അണ് ഞാൻ ടാക്സ് അടക്കുന്നത്… എനിക്ക് നിൻ്റെ കാര്യങ്ങൾ നോക്കാൻ എൻ്റെ സാലറി ധാരാളമാണ്.. അതു കൊണ്ടു നീ ഒരു ബ്രേക്ക് എടുക്ക്”…
അവള് അതു കേട്ടിട്ട് ഒന്നും മിണ്ടാതെ തല താഴ്ത്തി ഇരുന്നു… നിമിഷ നേരത്തിനു ശേഷം പതുക്കെ അവൻ്റെ മുഖത്തേക്ക് നോക്കി…
“ഐഡിയ കൊള്ളാം ആശാനെ, എൻ്റെ വീട്ടു ചിലവ് ,കൂടാതെ അമ്മയുടെ അക്കൗണ്ടിലേക്ക് മാസത്തിൽ നിക്ഷേപിക്കുന്ന ഒരു തുക, അതൊക്കെ?”…
“അതും ഇനി മുതൽ ഞാൻ നോക്കിക്കോളാം”….” അപ്പോൾ നിങ്ങളുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ എന്റെ അമ്മയെ കൂടെ ആഡ് ചെയ്യുവോ?,
ഞാൻ എന്റെ സാലറിയിൽ നിന്നും ഒരു തുക അതിലേകും മാറ്റുന്നുണ്ട് ഇപ്പോൾ”… അവൾ അടുത്താവശ്യം ഉന്നയിച്ചു…
“എനിക്ക് ഓഫീസ് ഇൻഷൂറൻസ് ആണ്, അതിൽ എൻ്റെ അച്ഛനും അമ്മയും പോലും അംഗങ്ങൾ അല്ല… പിന്നെ അതിന്റെ ഒക്കെ ആവശ്യം വരുമോ?”….
“ദിവസവും 100 കണക്കിനു കേസുകൾ കണ്ട പരിചയത്തിൽ പറയുകയാ, പ്രായം ഏറി വരികയല്ലേ അവർക്ക്, ഒരു സർജറി അവശ്യം വന്നാൽ എന്തു ചെയ്യും?”…
” ഒരു വെടിക്ക് വേണ്ട മരുന്നോക്കെ എൻ്റെ കയ്യിൽ ഉണ്ടെടോ” അവൻ ഗമ വിടാതെ പറഞ്ഞു… തുടർന്നു അവളുടെ കരം കവർന്നു കൊണ്ടവൻ പറഞ്ഞു…
“നിനക്കറിയാമോ ഞങ്ങളും ഒരു ഇടത്തരം ഫാമിലി ആണ്… ഒത്തിരി കഷ്ടപ്പെട്ടിട്ടാ ഞാൻ ഈ നിലയിൽ ആയത്… അച്ഛൻ കിടപ്പാടം പോലും നോക്കാതെ എന്നെ പഠിപ്പിച്ചു….
പകരം ഇന്നു ഞാൻ ഈ വീട് കെട്ടി പൊക്കി… ഉള്ള സാലറിയിൽ നിന്നും അതിലേക്കുള്ള ലോൺ അടച്ചു പോകുന്നു”…
“ഇത് തന്നെയാണ് ചേട്ടാ ഞാൻ പറഞ്ഞ് വരുന്നത്, നമ്മുടെ വീട്ടുകാർ നമ്മൾക്കു വേണ്ടി ഒത്തിരി കഷ്ടപ്പെടുന്നു…
അവരുടെ ആരോഗ്യവും സമയവും മക്കൾക്കും വീട്ടിനും വേണ്ടി ചിലവിടുന്നു… വിശ്രമ കാലത്തു അവർ മിക്കവാറും രോഗികൾ ആയി മാറിയിട്ടുണ്ടാകും…
മക്കളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ പലരും അതു മറച്ചു പിടിക്കും…നല്ല പ്രായത്തിൽ നടക്കാത്ത പല യാത്രകളും നമുക്കായി മാറ്റി വച്ച സ്വപ്നങ്ങളും ഇടക്കിടെ അവരുടെ വിരുന്നുകാരാകും…
അത് കൊണ്ടാണ് ഞാൻ എൻ്റെ തുച്ഛ വരുമാനത്തിൽ നിന്നും ഒരു ഭാഗം അമ്മക്കായി മാറ്റി വെക്കുന്നത്…
“നി ആളു കൊള്ളാലോ ഭാര്യാ, എത്ര സാലറി ഉണ്ടെങ്കിലും മാസാവസാനം ക്രെഡിറ്റ് കാർഡ് ഉപയോഗിക്കേണ്ട അവസ്ഥയാണെനിക്ക്…
“ഒരു മാസം സാലറി ഇല്ലാത്ത അവസ്ഥ ഒന്നു ഓർത്തു നോക്കിയിട്ടുണ്ടോ ചേട്ടൻ, അങ്ങനെ ഉള്ള ചിതയിൽ നിന്നും ആണ് നമ്മൾ പലതും പഠിക്കുന്നത്…
അതുകൊണ്ട് ഇത്തിരി കഷ്ടപ്പെട്ടാലും ഞാൻ ജോലിക്ക് പോയ്ക്കോളാം.. വയസാം കാലത്തും മക്കൾക്ക് ബാധ്യത ആകാതെ നമുക്ക് ഒരു സെക്കൻ്റ് ഹണിമൂൺ ആകാലോ?”…അവളുടെ പൊട്ടിച്ചിരിയിൽ അവനും പങ്ക് ചേർന്നു…