നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന്

(രചന: J. K)

“”” എന്തോന്ന് സന്ധ്യെ നിനക്ക് അമ്മയുടെ വീട്ടിലേക്ക് പോകാൻ താല്പര്യം ഇല്ലെങ്കിൽ ആദ്യമേ പറയാമായിരുന്നില്ലേ വെറുതെ അവരോട് വരാമെന്ന്

വിളിച്ചുപറഞ്ഞു അവരെ കഷ്ടപ്പെടുത്തി ഓരോന്ന് ഉണ്ടാക്കിവെപ്പിച്ചിട്ട് ഇപ്പോൾ ഇങ്ങനെ പോവാതിരിക്കണമായിരുന്നോ??

രാജി ചേച്ചിയാണ് സന്ധ്യയുടെ ഭർത്താവ് രാജേഷിന്റെ ചേച്ചി.. ചേച്ചി പറയുന്നത് മുഴുവൻ കാര്യമായതുകൊണ്ട് ഒന്നും മിണ്ടാതെ അവർ പറഞ്ഞത് മുഴുവൻ കേട്ടുനിന്നു സന്ധ്യ..

എല്ലാത്തിനും പുറകിൽ രാജേഷ് ആണെന്ന് പറയരുത് എന്ന് അവളോട് രാജേഷ് പറഞ്ഞിരുന്നു അതുകൊണ്ട് തന്നെ ഒന്നും മിണ്ടാതെ അവളെല്ലാം കേട്ട് നിന്നു…

“”” പണ്ടതുമുതലേ അമ്മാവനും രാജേഷുമായി അത്ര നല്ല സുഖത്തിൽ അല്ല ഇപ്പോൾ അവന്റെ കല്യാണത്തിന്റെ കുറച്ചു മുന്നേ തൊട്ടാണ് എല്ലാം ശരി ആയത്…

അതുകൊണ്ട് കല്യാണം കഴിഞ്ഞ് നാട്ടിൽ നടപ്പ് പോലെ അവർ വിരുന്നു വിളിച്ചത് നിങ്ങൾക്ക് ആദ്യമൊന്നും പോകാൻ സമയമില്ല എന്ന് പറഞ്ഞതുകൊണ്ട് അല്ലേ

അവർ നിങ്ങളുടെയും സൗകര്യവും നോക്കി ഈ രണ്ടു മാസം കഴിഞ്ഞിട്ട് വിരുന്നു വിളിച്ചത് നിങ്ങൾ വരാം എന്ന് പറഞ്ഞതല്ലേ എന്നിട്ട് പാവങ്ങൾ ഓരോന്ന് ഉണ്ടാക്കി വച്ചു എന്നിട്ട് ചെന്നില്ലെങ്കിൽ മോശമല്ലേ… “”

“”” സന്ധ്യക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു അവൾ ഒന്നും മിണ്ടാതെ ഇരുന്നു രാജിക്ക് പറഞ്ഞിട്ട് മതിയാകുന്നുണ്ടായിരുന്നില്ല കാരണം അമ്മായി വിളിച്ച് സങ്കടം പറഞ്ഞപ്പോൾ

അവൾക്ക് അത്രയ്ക്ക് വേദനിച്ചു അമ്മായി ഒരു പാവമാണ് എല്ലാവരും ഒന്നിക്കണം എന്നായിരുന്നു അമ്മായിയുടെ ആഗ്രഹം…

“”” രാജേഷ് പറഞ്ഞല്ലോ അവൻ പോണം എന്ന് പറഞ്ഞപ്പോൾ നിനക്ക് ഇപ്പൊ പോകാൻ പറ്റില്ല നിനക്കെന്തോ തലവേദനയാണ് എന്ന് നീ പറഞ്ഞു എന്ന്….

ഒരു തലവേദനയല്ലേ സന്ധ്യേ അതിത്ര കാര്യമാക്കാൻ ഉണ്ടോ ഇവിടെനിന്ന് അവന്റെ ബൈക്കിന്റെ പുറകിൽ കയറി ഇരിക്കുകയല്ലേ വേണ്ടൂ അവിടെ അവരുടെ

മുറ്റത്ത് ചെന്നിറങ്ങാലോ വേണമെങ്കിൽ ഒരു ടാബ്ലറ്റും വാങ്ങി കഴിക്കാമായിരുന്നു അതിന് ഇത്രയൊക്കെ ആളുകളെ ബുദ്ധിമുട്ടിക്കണമായിരുന്നോ… “”

സന്ധ്യ വേഗം മുറിയിലേക്ക് നടന്നു വിവാഹം കഴിഞ്ഞിട്ട് വെറും രണ്ടുമാസമേ ആയിട്ടുള്ളൂ പക്ഷേ രാജേഷേട്ടന്റെ സ്വഭാവം ഇങ്ങനെയാണ് എല്ലാം ഓരോന്ന്

ചെയ്തു വെക്കും എന്നിട്ട് അതെല്ലാം തന്റെ തലയിൽ ചാർത്തിത്തരും മറ്റുള്ളവരുടെ മുന്നിൽ രാജേഷേട്ടന്റെ പേര് പറയരുത് എന്നും പറയും…

സ്നേഹത്തിൽ പുരട്ടി അങ്ങനെ പറയുമ്പോൾ താൻ അറിയാതെ അനുസരിച്ച് പോകും…

ഇപ്പോൾ ഇതും കൂടിയായി ഒരുപാട് തവണയായി അങ്ങനെ… ആദ്യം സ്നേഹത്തോടെ തന്നെ ചേർത്ത് പിടിച്ചിരുന്ന അവരെല്ലാം ഇപ്പോൾ ശത്രുവിനെ പോലെയാണ് പെരുമാറുന്നത് എല്ലാം ആ ഒരാൾ കാരണമാണ്…
രാജേഷേട്ടൻ “”‘

കുടുംബക്കാരെയും ബന്ധുക്കളെയും ഒന്നും ഇഷ്ടമല്ല രാജേഷേട്ടന് ഒരു പ്രത്യേക സ്വഭാവമാണ് ആരോടും അധികം അടുപ്പം കാണിക്കില്ല…

ഇവിടെ വേറെ ആരുമില്ല അങ്ങനെ കുടുംബക്കാരോട് എല്ലാം ഓരോന്ന് പറയും. എന്നിട്ട് ഇവിടെ വന്ന് എന്നെക്കൊണ്ട് അതെല്ലാം മറുത്തു പറയിപ്പിക്കും…

എന്നാൽ അവരുടെ നേരെ നിന്ന് സ്വന്തം കാര്യം പറയാനുള്ള ധൈര്യം ഒട്ടും ഇല്ലാതാനും…
ആകെ കൂടി വല്ലായ്മ തോന്നി അവൾക്ക്…

“” രാജ ചേച്ചി എന്തെങ്കിലും ചോദിച്ചപ്പോൾ നീ വല്ലതും വിട്ടു പറഞ്ഞായിരുന്നോ…രാജേഷ് വൈകീട്ട് വന്നപ്പോൾ അവളോട് ചോദിച്ചു..

“”ഇല്ല.. എന്ന് മറുപടി കൊടുത്തപ്പോൾ ആശ്വാസത്തോടെ കുളിക്കാൻ പോകുന്നത് കണ്ടു…

ഇന്ന് അമ്മയും തന്നോട് മിണ്ടിയിട്ടില്ല വല്ലാതെ… വന്ന നാള് മുതല് ഒരു അമ്മായിയമ്മ ആണ് എന്ന് തോന്നാതെ കൂടെയുണ്ടായിരുന്നു മോളെ എന്നും വിളിച്ചു ഇന്ന് അമ്മയ്ക്കും ദേഷ്യമായി എന്ന് തോന്നുന്നു….

“”” രാജേഷേട്ടാ, എന്തിനാണ് എല്ലാത്തിനും എന്റെ പേര് പറയുന്നത് ഇപ്പോൾ തന്നെ എല്ലാവർക്കും എന്നോട് ദേഷ്യമാണ് വെറുതെ ഓരോന്ന് ഉണ്ടാക്കി വെച്ചിട്ട്

എന്റെ പേര് പറഞ്ഞിട്ടുണ്ടെങ്കിൽ എല്ലാവർക്കും എന്നോട് ദേഷ്യം ആവില്ലേ… അങ്ങനെ എനിക്ക് ഇവിടെ നിൽക്കാൻ പറ്റുമെന്ന് രാജേഷേട്ടന് തോന്നുന്നുണ്ടോ?? “”

“”” നിനക്കെന്താടി പ്രശ്നം.. നിന്റെ പേര് പറഞ്ഞാൽ അവരൊക്കെ അത്രയേ എടുക്കൂ. ഞാനാണെങ്കിൽ അത് വേറെ പ്രശ്നങ്ങളാവും… അതുകൊണ്ടാ ഞാൻ

നിന്റെ പേര് പറയുന്നെ ഇതിപ്പോ എന്താ രാജിച്ചിക്കും അമ്മയ്ക്കും ചെറിയൊരു ദേഷ്യം ഉള്ളത് നാളെ അതങ്ങ് മാറിക്കോളും….

പിന്നെ അവർ അത് ഒന്നും ഓർക്ക പോലുമില്ല പക്ഷേ ഞാൻ ആണെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അത് അമ്മാവൻ അറിയും പിന്നെ എന്നോട് ഒരു നീരസം

തോന്നും.. രണ്ടു കുടുംബങ്ങൾ തന്നെ തെറ്റാൻ കാരണമാവും… അതിലും ഭേദം അല്ലേ നിന്നോട് ഇത്തിരി ദേഷ്യം അവർക്കൊക്കെ തോന്നുന്നത്…”””

“”അത് എന്തിനാണ് എന്നാണ് ഞാൻ ചോദിക്കുന്നത് അവർ വിളിക്കുമ്പോൾ രാജേഷ് ചേട്ടന് ഇഷ്ടമല്ലെങ്കിൽ അപ്പോ പറയാമായിരുന്നില്ലേ ഞങ്ങൾ വരുന്നില്ല

എന്ന് ഇതിനുമുമ്പും ഉണ്ടായല്ലോ അന്ന് സ്വർണം മാറ്റി വാങ്ങാൻ വേണ്ടാ എന്ന് ഞാൻ നിർബന്ധിച്ചു പറഞ്ഞിട്ടും ഏട്ടൻ പറഞ്ഞതുകൊണ്ടല്ലേ നമ്മൾ പോയത്…

എന്നിട്ട് എന്റെ പാദസരം കൊടുത്ത് എനിക്ക് വള വാങ്ങിത്തന്നു സ്വർണം കാലിലിടാൻ പാടില്ല എന്നും പറഞ്ഞു എന്നിട്ട് അതിന്റെ ബാക്കി പൈസ ഏട്ടൻ

വാങ്ങിക്കുകയല്ലേ ചെയ്തത് .. ഇവിടെ അമ്മയോട് വന്നിട്ട് എന്താ പറഞ്ഞത് എനിക്ക് പാദസരം ഇഷ്ടമല്ല അതുകൊണ്ട് ഏട്ടനെ ഞാൻ നിർബന്ധിച്ചു കൊണ്ട് പോയി വളയാക്കി എന്ന് അല്ലേ..””

“”” ആ അതെ അതിനിപ്പോ എന്താ നോക്കി സന്ധ്യ ഇങ്ങോട്ട് ചോദ്യം വേണ്ട ഞാൻ പറയുന്നത് കേട്ട് ഇവിടെയങ്ങ് ജീവിച്ചാൽ മതി…””

“” ആ അങ്ങനെ ജീവിക്കുമ്പോഴത്തെ കാര്യം തന്നെയാണ് ഈ പറയുന്നത്. എല്ലാം എന്റെ തലയിലിട്ട് എല്ലാവർക്കും എന്നോട് വെറുപ്പായി നിങ്ങൾ മാത്രം എല്ലാവരുടെയും മുന്നിൽ ശുദ്ധൻ സൽസ്വഭാവി ഞാൻ അഹങ്കാരം പിടിച്ചവൾ…

ഇനി എനിക്ക് പറ്റില്ല നിങ്ങൾക്ക് എന്തെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ അത് നിങ്ങളുടെ പേരിൽ പറയാം അല്ലാതെ എന്റെ തലയിൽ ആ കുറ്റം ചാർത്തി തരാൻ ഞാൻ ഇനി സമ്മതിക്കില്ല… “””

“”” മിണ്ടാതെ ഇരിക്കടീ, നീ അത്രയ്ക്കായോ””എന്നും പറഞ്ഞ് മുടിക്കുത്തിൽ രാജേഷ് പിടുത്തം ഇട്ടതും അവന്റെ അമ്മ വന്നിരുന്നു അവളുടെ രക്ഷയ്ക്ക് അവരെല്ലാം കേട്ടിട്ടുണ്ട് എന്നത് വ്യക്തമായിരുന്നു…”””അമ്മേ ഞാൻ…””

“”” എനിക്ക് എല്ലാം മനസ്സിലായി.. ആദ്യമേ നീ എല്ലാം സമ്മതിച്ചു കൊടുത്തതാണ് മോളെ ഇതിനൊക്കെ കാരണം.. എന്തും നമ്മൾ അനുവദിച്ചു കൊടുക്കുന്നുണ്ടേൽ അതിൽ ഒരു ന്യായം വേണം അല്ലെങ്കിൽ ഇതുപോലെ ആവും… ‘”

എന്നും പറഞ്ഞ് അമ്മ പോയി അമ്മ പറഞ്ഞത് പൂർണ്ണമായും ശരിയാണ് എന്നെ സന്ധ്യയ്ക്ക് മനസ്സിലായിരുന്നു അവൾ അനുവദിച്ചു കൊടുത്തത് കൊണ്ട്

തന്നെയാണ് എല്ലാം തന്റെ തലയിലിട്ട് രാജേഷ് ശുദ്ധനായത് ഇപ്പോൾ എല്ലാവരുടെയും മുന്നിൽ താനായി തെറ്റുകാരി ആദ്യമേ അതിന് അനുവദിക്കരുതായിരുന്നു…

അമ്മായിയെ രാജേഷിന്റെ ഫോണിൽ വിളിച്ച് മാപ്പ് പറഞ്ഞു സന്ധ്യ… അന്ന് വരാൻ കഴിയാത്തത് രാജേഷേട്ടൻ വേറെന്തു പ്രോഗ്രാം ഉള്ളതുകൊണ്ടാണ് അത് പറയാൻ മടിയായതുകൊണ്ടാണ് അങ്ങനെ പറഞ്ഞത് എന്ന് പറഞ്ഞു…

ഇനിയൊരിക്കൽ വരാം എന്നും അന്ന് ഒന്നും ഒരുക്കേണ്ട നിങ്ങളെയെല്ലാം കണ്ട് അനുഗ്രഹവും വാങ്ങി ഞങ്ങൾ തിരിച്ചു പോരും എന്ന് അവൾ പറഞ്ഞപ്പോൾ അമ്മായിയുടെ എല്ലാ ദേഷ്യങ്ങളും മാറിയിരുന്നു…

തനിക്കിനി ഒന്നും ചെയ്യാനില്ല എന്നത് തിരിച്ചറിവിൽ നിൽക്കുകയായിരുന്നു രാജേഷും… ഇനി എന്ത് ചെയ്യുമ്പോഴും അയാൾ ഒന്നാലോചിക്കും… സ്വന്തം തെറ്റ് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാൻ പറ്റില്ലല്ലോ എന്ന്…

ചിലരുണ്ട് ഇങ്ങനെ… അവനവൻ ഓരോ തീരുമാനമെടുക്കും അതും സ്വാർത്ഥ താല്പര്യങ്ങൾക്ക് അനുസരിച്ച് എന്നിട്ട് അതിന്റെ പഴയ മുഴുവൻ മറ്റുള്ളവരുടെ

തലയിൽ ചാർത്തി കൊടുക്കും… അവർ ഒന്നുമറിയാതെ എല്ലാം ചുമക്കും അയാളോടുള്ള സ്നേഹത്തിന്റെ പേരിൽ…

പക്ഷേ അതൊരു വലിയ കുഴിയാണ്.
നടന്നുപോകുമ്പോൾ നമ്മുടെ മുന്നിൽ കുത്തിവച്ച ചതിക്കുഴി പോലെ…

ഒന്നുമറിയാതായിരിക്കുന്ന നമ്മൾ അതിൽ ചെന്ന് ചാടുന്നത് അതുകൊണ്ട് അത്തരക്കാരെ ആദ്യമേ വിലക്കുക സന്ധ്യയെ പോലെ അല്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരുന്നത് നമ്മൾ തന്നെയാവും..

Leave a Reply

Your email address will not be published. Required fields are marked *