കല്യാണത്തിന് മുൻപ് ചിലപ്പോൾ ഇങ്ങനെ കുട്ടുക്കാരോടൊപ്പം രാത്രി കറങ്ങാൻ ഒക്കെ പോകുമായിരിക്കും.. കല്യാണത്തിന് മുൻപ് ഉള്ളതുപോലെയാണോ കല്യാണം കഴിഞ്ഞ്.

രാത്രിയിലെ അവകാശതർക്കങ്ങൾ
(രചന: Haritha Harikuttan)

“അലീന, നമുക്ക് പിരിഞ്ഞാലോ.. എനിക്ക് നീയുമായി ചേർന്നുപോകാൻ പറ്റുന്നില്ല… എന്റെ ഫാമിലി ആഗ്രഹിച്ചതുപോലെയല്ല നീന്റെ രീതികളും പ്രവർത്തികളും”

ശ്യാം അലീനയുടെ മുഖത്തേക്ക് നോക്കാതെ പറഞ്ഞു.. അലീന ഒരു നിമിഷം ഭക്ഷണത്തിൽ നിന്ന് മുഖമുയർത്തി ശ്യാമിനെ നോക്കി…

“എന്താ ശ്യാം, എന്താ ഇങ്ങനെയൊക്കെ പറയുന്നത്… പെട്ടെന്ന് എന്താ ഇങ്ങനെയൊക്കെ തോന്നാൻ”… അലീനയുടെ മുഖത്ത് ചെറിയരീതിയിൽ വിഷാദം നിഴലിച്ചു…..

“പെട്ടന്നു തോന്നിയതൊന്നുമല്ല…” ശ്യാം അലീനയെ നോക്കി പറഞ്ഞു…..”പിന്നെ “….അവൾ അക്ഷമയായി ചോദിച്ചു…….

ഒരു നിമിഷം ഇരുവർക്കുമിടയിൽ നിശബ്ദത തളംകെട്ടിനിന്നു…. ശ്യാം എങ്ങനെ സംസാരിച്ചു
തുടങ്ങണമെന്നറിയാതെ പരുങ്ങി…

“എന്താണ് ശ്യാം പിരിയാനുള്ള കാരണം… എന്റെ ഏത് പ്രവർത്തിയാണ് ശ്യാമിനു ഇങ്ങനെതോന്നാൻ കാരണമായത്….”തീർത്തും ശാന്തമായി തന്നെയായിരുന്നു അലീന ചോദിച്ചത്….

“അലീന, എനിക്ക്…….. എനിക്ക് നിന്റെ ചില രീതികളോട് പൊരുത്തപ്പെടാൻ പറ്റുന്നില്ല… ഞാൻ അത് പലപ്പോഴായി ചെറിയ രീതിയിൽ നേരത്തെതന്നെ നിന്നോട് പ്രകടിപ്പിച്ചിട്ടുമുണ്ട്…. “…..

“എന്ത്..”അലീന സംശയത്തോടെ ചോദിച്ചു…”നീ ഇടയ്ക്കു തനിച്ചു രാത്രി പുറത്തുപോകാറില്ലേ.. നിന്റെ ഫ്രണ്ട്‌സ് വിളിച്ചു എന്നൊക്കെ പറഞ്ഞു അവരുടെ കൂടെ പാർട്ടിക്കൊക്കെ …

എന്റെ വീട്ടുകാർക്കതിഷ്ടമല്ല… അവർ പലപ്പോഴായി എന്നോടത് പറഞ്ഞിട്ടുമുണ്ട്…..

നാട്ടുകാരും ഓരോന്നൊക്കെ പറഞ്ഞുണ്ടാക്കുന്നുണ്ട് നീ രാത്രി പുറത്തുപോകുന്നതിനെപ്പറ്റി… ഞാൻ ഈ കാര്യം നിന്നോട് നേരത്തെയും സൂചിപ്പിച്ചിട്ടുള്ളതാണ്…..

പക്ഷെ അന്നൊക്കെ നീ അത് തമാശരീതിയിൽ കണ്ടു ഒഴിഞ്ഞുമാറി …..കല്യാണം കഴിഞ്ഞ് കുറച്ചുനാളിനുള്ളിൽ തന്നെ പ്രശ്നങൾ ഒന്നും വേണ്ട എന്നുവെച്ചാണ് ഞാൻ നിന്നെ പുറത്തുപോകുന്നതിൽനിന്നും തടയാതിരുന്നത്…..

പക്ഷെ ഇനി അത് പറ്റില്ല…… ഇനിയും തുടരാനാണ് നിന്റെ ഉദേശമേകിൽ നമ്മൾ പിരിയുന്നതാണ് നല്ലത്….

കല്യാണത്തിന് മുൻപ് ചിലപ്പോൾ ഇങ്ങനെ കുട്ടുക്കാരോടൊപ്പം രാത്രി കറങ്ങാൻ ഒക്കെ പോകുമായിരിക്കും..

കല്യാണത്തിന് മുൻപ് ഉള്ളതുപോലെയാണോ കല്യാണം കഴിഞ്ഞ്….. ” ശ്യാം ചോദ്യഭാവെന്ന അവളെ നോക്കി…

“എന്താ വിത്യാസം….. കല്യാണം
കഴിഞ്ഞുവെന്നു വെച്ച് രാത്രി പുറത്തുപോയിക്കൂടെ… ഫ്രണ്ട്സുമായി പാർട്ടികൾക്ക് പൊയ്ക്കൂടേ…… “….. അവൾ ഒട്ടും മടിക്കാതെ പറഞ്ഞു…

“പോകുന്നത് മാത്രമാണോ പ്രശ്നം…. രാത്രി എത്ര വൈകിയാണ് വീട്ടിലെത്തുന്നത്…. കൂടെ ഞാൻ വരാമെന്നു പറഞ്ഞാലും നീ സമ്മധിക്കില്ല

“നിങ്ങൾ നമ്മുടെ കല്യാണത്തിന് ശേഷവും രാത്രി ഫ്രണ്ട്സിന്റെ കൂടെ അടിച്ചുപൊളിക്കാൻ പോകാറില്ലേ…

രാത്രി ലേറ്റ് ആയി വരാറില്ല…. അപ്പോഴൊക്കെ ഞാൻ കൂടെവരണമെന്ന് ആവശ്യപെട്ടിട്ടുണ്ടോ…”

“നീ എന്താ പറയുന്നത്… അതുപോലെയെന്നോ ഇത്…. എന്നെ പോലെയാണോ നീ….. നിനക്ക് എന്തെകിലും അപകടം പറ്റിയാലോ…. ” അവൻ കരുതൽഭാവത്തിൽ ചോദിച്ചു…..

“അപകടം ആർക്കുവേണമെങ്കിലും പറ്റാമല്ലോ… ശ്യാമിനും പറ്റിക്കൂടെ…….
എന്ന് പറഞ്ഞു നിന്നെ ഞാൻ നിനക്കിഷ്ടമുള്ള എന്തെകിലും കാര്യങ്ങൾ ചെയ്യുന്നതിൽനിന്നും തടഞ്ഞിട്ടുണ്ടോ…. ”

“നിന്നോട് പറഞ്ഞുനിൽകാൻ എനിക്കാകില്ല….. “… ദേഷ്യത്തോടെ ഇത്രയും പറഞ്ഞവൻ ഭക്ഷണം കഴിക്കുന്നത് മതിയാക്കി മുറിയിലേക്ക് പോയി…

അവളും ഭക്ഷണമൊക്കെകഴിച്ച് പതിയെ മുറിയിലേക്ക് പോയി…. ശ്യാം അപ്പോഴും കട്ടിലിൽ ഉണർന്നുതന്നെ കിടക്കുകയായിരുന്നു…

അവൾ അവനെ ശ്രെദ്ധിക്കാതെ കട്ടിലിൽ വന്നുകിടന്നു… കുറച്ചുനേരത്തേക്കു രണ്ടുപേരുടെ ഭാഗത്തുനിന്നും
സംസാരങ്ങളോന്നുമുണ്ടായില്ല….

“നീ എന്തു തീരുമാനിച്ചു……. “…. ശ്യാം പതിയെ അവളുടെ നേരെ തിരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു…..

അവൾ ഒരു നിമിഷം അവന്റെ മുഖത്തേക്ക് നോക്കി….. എന്നിട്ട് പിന്നെയും നേരെ കിടന്നു….

“ശ്യാം,…. കല്യാണത്തിന് മുൻപ് നമ്മൾ തമ്മിൽ സംസാരിച്ചകാര്യങ്ങളൊക്കെ ശ്യാമിനോർമയുണ്ടോ……

അന്ന് ശ്യാം എന്നോട് കുടുംബത്തിനുള്ളിലെ ജൻഡർ ഇക്വാലിറ്റിയെ പറ്റിയൊക്കെ വാ തോരാതെ സംസാരിക്കുന്നതാണ് എനിക്കിപ്പോ ഓർമ്മവരുന്നത്…” അവൾ ഒരു നെടുവീർപ്പോടെ പറഞ്ഞു….

“അതിനെന്താ…. നമ്മൾ അങ്ങനെത്തന്നെയല്ലേ ഇതുവരെ പെരുമാറിയിട്ടുള്ളതും……

വീട്ടിലെ കാര്യങ്ങൾ ആണെങ്കിലും ഫിനാൻഷ്യൽ കാര്യങ്ങൾ ആണെങ്കിലും ഉത്തരവാദിത്വങ്ങൾ നമ്മൾ ഈക്വലി ഷെയർ ചെയ്തു തന്നെയല്ലേ ജീവിക്കുന്നത് ..”

അവൻ വീണ്ടും അവളുടെ അടുത്തേക്കായി നീങ്ങികിടന്നു…”അതു മാത്രമോണോ ‘തുല്യത’

എന്നത്കൊണ്ട് ശ്യാം ഉദ്ദേശിക്കുന്നത്……? എന്റെ തെറ്റാണ്… അന്ന് ശ്യാം സംസാരിച്ചകാര്യങ്ങൾ ഞാൻ തെറ്റായ രീതിയിലാണ് മനസിലാക്കിയത്… “……

യാതൊരു ഭാവമാറ്റങ്ങളുമില്ലാതെ അവൾ പറഞ്ഞു…”എന്ത് തെറ്റായി മനസ്സിലാക്കിയെന്ന് “..”രണ്ടുപേർക്കും ‘ഈക്വൽ റൈറ്റ് ‘ എന്നത് വീട്ടുകാര്യങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല…..

ശ്യാം കല്യാണത്തിനുശേഷവും രാത്രി ഫ്രണ്ട്സിന്റെ കൂടെ പുറത്തു പോകാറില്ലേ…… ആ സെയിം റൈറ്റ് എനിക്കുമുണ്ട്….

അതിനെ ആർക്കും തടയാനുള്ള അവകാശമൊന്നുമില്ല….. പിന്നെ നാട്ടുകാരുടെ കാര്യം…. അവരുടെ അഭിപ്രായങൾ കൂടുതൽ
ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്…..

പ്രത്യേകിച്ച് ഒരാളുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ… പിന്നെ, നിങ്ങളുടെ അച്ഛനുമ്മമ്മക്കും നിങ്ങൾ രാത്രി പുറത്തുപോകുന്നതിൽ കുഴപ്പമൊന്നുമില്ലലോ…..

ശ്യാമിന്റെ അച്ഛൻ രാത്രി പുറത്തു പോകുമ്പോൾ എവിടെയാണ് പോകുന്നത് എന്ന് പോലും നിങ്ങളുടെ അമ്മ ചോദിച്ചാൽ അവരോടു പറയാറില്ല….

തിരിച്ചു വന്നിട്ട് പറയാം എന്ന് പറയും….. അതിലൊന്നും ഒരു കുഴപ്പവുമില്ല…….സ്ത്രീ ആയതുകൊണ്ട് മാത്രമല്ലേ എനിക്ക് മാത്രം ഈ വിലക്ക്…. “……..ശ്യാം മറുപടിയായി ഒന്നും മിണ്ടിയില്ല….

“പിരിയാം എന്ന് തന്നെയാണോ ശ്യാമിന്റെ തീരുമാനം…? ശ്യാം പറഞ്ഞില്ലേ മുമ്പും എന്നോട് ഇതിനെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ട് എന്നൊക്കെ…

അന്ന് ഞാൻ വിചാരിച്ചത് മറ്റുള്ളവരുടെ പ്രഷർ കാരണമായിരിക്കും നിങ്ങൾ അങ്ങനെ പറയുന്നത് എന്നാണ്….. പക്ഷെ ഇപ്പൊ മനസിലായി പ്രശ്നം അവർക്കു മാത്രമല്ല നിങ്ങൾക്കുമുണ്ടെന്ന്….”……

“അതെ,… എന്നിക്കു നീ രാത്രി പുറത്തുപോകുനതിഷ്ടമല്ല…. അതിലിപ്പോ എന്താണ് ഇത്ര വലിയ തെറ്റ്… ഒരു ഭർത്താവ് എന്ന നിലയ്ക്ക് എനിക്ക് അങ്ങനെ തോന്നിക്കൂടെ…

എന്നിക്ക് നിന്നിൽ ആ രീതിയിലുള്ള എല്ലാ അവകാശങ്ങളുമുണ്ട്….. എന്റെ ഭാര്യ രാത്രി ചുറ്റിത്തിരിഞ്ഞുനടക്കുന്നത് എനിക്കിഷ്ടമല്ല…. “……. അവൻ കുറച്ചു ദേഷ്യത്തോടെ പറഞ്ഞു….

“എന്ത് അവകാശം……….. നമ്മൾ ഭാര്യഭർത്താക്കന്മാർ ആണ് എന്നുള്ളതൊക്കെ ശരി തന്നെയാണ്….

പക്ഷെ അതൊരിക്കലും എന്റെ വ്യക്തിസ്വാതന്ത്ര്യത്തിനു തടസ്സമാവരുത് … കല്യാണം കഴിഞ്ഞാൽ ഭർത്താവ് മാത്രമല്ല ഭാര്യയുടെ ജീവിതം…

ഭർത്താവിന് ഭാര്യയുടെ മേലുള്ള അവകാശം ഒരിക്കലും അവളുടെ ‘വ്യക്തി’പരമായ ആവശ്യങ്ങൾക്കും ആഘോഷങ്ങൾക്കും അവകാശങ്ങൾക്കും മുകളിലല്ല…. നേരെ തിരിച്ചും അങ്ങനെ തന്നെയാണ്……

അല്ലെകിലും എന്താണ് ഈ അവകാശകൈമാറ്റം ….. കല്യാണം കഴിഞ്ഞപ്പോൾ എന്ത് അവകാശമാണ് ശ്യാമിന് എന്റെമേലെ കിട്ടിയത്……? എന്നെ നിയന്ത്രിച്ച് ചൊൽപ്പടിക്ക് നിർത്താനുള്ള അവകാശമാണോ…?

എല്ലാവർക്കും അവരവരുടേതായ ഇൻഡിവിജ്വൽ പ്രൈവസി ഉണ്ട്… അതിപ്പോ കല്യാണം കഴിഞ്ഞവരുടെ കാര്യത്തിലായാലും….. “…. അവളും വിട്ടുകൊടുത്തില്ല……..

മൗനം…. ഇനിയൊന്നും പറയാൻ ഇല്ല എന്ന രീതിയിൽ അവൻ പതിയെ അവളിൽനിന്നു കുറച്ചുമാറി തിരിഞ്ഞു കിടന്നു……..

മാനസികമായും ശാരീരികമായും തങ്ങൾ പരസ്പരം കുറേ അകന്നുവെന്ന് ആ നിമിഷം അവൾക്കു തോന്നി…

“നമുക്ക് പിരിയാം”… തിരഞ്ഞു കിടക്കുന്ന അവനെനോക്കി അവസാനമായി ഇത്രെയും പറഞ്ഞുകൊണ്ടവൾ ഉറക്കത്തിനുവേണ്ടി കണ്ണുകളടച്ചു…

Leave a Reply

Your email address will not be published. Required fields are marked *