ലോഡ്ജിലെ മുറിയിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന നേരത്താണ് ഡോറിൽ ആരോ മുട്ടിയത്. പെട്ടന്ന് ഡ്രസ്സ്‌ ശരിയാക്കി സന അവനിൽ

താരാട്ട്
രചന: Navas Amandoor

ലോഡ്ജിലെ മുറിയിൽ അവന്റെ നെഞ്ചിൽ മുഖം ചേർത്തുവച്ച് കിടക്കുന്ന നേരത്താണ് ഡോറിൽ ആരോ മുട്ടിയത്.

പെട്ടന്ന് ഡ്രസ്സ്‌ ശരിയാക്കി സന അവനിൽ നിന്നും മാറി. അവൻ എഴുന്നേറ്റു വാതിൽ തുറന്നപ്പോൾ രണ്ട് പോലിസുകാർ.

“പുറത്തോട്ട് ഇറങ്ങി നിൽക്ക്..
എന്താണ് നിങ്ങളുടെ പേര്.. “”ഞാൻ അനസ്.. ഇവൾ സന..'”നിങ്ങളുടെ കല്യാണം കഴിഞ്ഞതാണോ..?””ഇന്നലെ ആയിരുന്നു…”

“മകളെ കാണാനില്ലെന്ന് പറഞ്ഞ് സനയുടെ ഉമ്മ പരാതി തന്നിട്ടുണ്ട്.. നിങ്ങളെ കോർട്ടിൽ ഹാജരാക്കണം.. പെട്ടന്ന് വന്ന് വണ്ടിയിൽ കയറൂ..”

രണ്ട് പേരെയും ലോഡ്ജിൽ നിന്നും പോലീസ് വണ്ടിയിൽ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോയി. മുഖം ഷാളുകൊണ്ട് മറച്ചു പിടിച്ച സനയെ അനസ് ചേർത്തുപിടിച്ചു.

ജീവനെപ്പോലെ ഓമനിച്ചുവളർത്തിയ മകൾ ഒരു അനാഥനോടൊപ്പം ജീവിക്കാൻ തീരുമാനിച്ചപ്പോൾ ഉമ്മ എതിർത്തു. ആ എതിർപ്പ് വളർന്നപ്പോളാണ് സന അനസിന്റെയൊപ്പം ഒരു രാത്രി വീട് വിട്ടിറങ്ങിയത്.

നേരം പുലർന്നപ്പോൾ മകളെ കാണാതെ വിഷമിച്ച ഉമ്മയുടെ പരാതിയിൽ പോലീസ് അവരെ ലോഡ്ജിൽ നിന്നും പിടിച്ചു. കോടതിയിൽ ഹാജറാക്കി.

ഉമ്മയുടെ സ്‌നേഹത്തേക്കാളും കണ്ണീരിനേക്കാളും അനസിന്റെ ഇഷ്ടത്തിനാണ് മുൻ‌തൂക്കമെന്ന് സന കോടതിയിൽ തെളിയിച്ചു.

“നിയമപരമായി അനസ് എന്റെ ഭർത്താവാണ്.. എനിക്ക് വേറെയൊന്നും പറയാനില്ല. എനിക്കെന്റെ ഇക്ക വേണം എന്നും .”

സനയുടെ ഉമ്മയുടെ കണ്ണുകൾ നിറഞ്ഞു. തടഞ്ഞു വെച്ചാലും തുടച്ചു മാറ്റിയാലും അടരുന്ന കണ്ണീരിനെ അടക്കി നിർത്താൻ കഴിയാതെ കോടതിക്കുള്ളിൽ വിതുമ്പിക്കൊണ്ട് മകളുടെ വാക്കുകൾ കേട്ടുനിന്ന ഉമ്മ തളർന്നു വീഴാതെ പിടിച്ചു നിന്നു.

അവളായിരുന്നു ഉമ്മയുടെ ജീവിതം. അവൾക്ക് വേണ്ടി മാത്രം ജീവിച്ചു. വളർത്തി വലുതാക്കി അവളെ അവളാക്കി ഇതുപോലെ സംസാരിക്കാൻ പഠിപ്പിച്ച ഉമ്മയെ വേണ്ടെന്ന് വെച്ച് കാമുകന്റെ കൂടെ പോകാൻ ആഗ്രഹിക്കുന്ന മകളുടെ മുൻപിൽ തോറ്റു പോയ ഉമ്മ.

മാസങ്ങൾക്ക് ശേഷം സന ഉമ്മയെക്കുറിച്ചോർത്ത് കണ്ണുകൾ തുടച്ചു.”നീ എന്താ കരയുന്നത്…?””ഹേയ്… ഒന്നുമില്ല ഇക്കാ ”

നിറവയറുമായി പ്രസവദിവസത്തെ കാത്തിരിക്കുന്ന അവളും ഉമ്മയാണ്.”ഇക്കാ..എനിക്ക് ഇപ്പോഴും അറിയില്ല ഞാൻ ചെയ്തത് തെറ്റോ ശരിയോ എന്ന്.. പക്ഷെ ഉമ്മയെ ഓർക്കുമ്പോൾ എന്റെ കണ്ണ് നിറയും.”

ഉമ്മയുടെ മനസ്സും വിചാരവും പെണ്ണ് ഗർഭിണിയാകുന്ന ദിവസം മുതൽ ഉണ്ടാകും. അതുകൊണ്ടല്ലെ വയറിന്റെയുള്ളിലുള്ള കുഞ്ഞിന്റെ സുരക്ഷയിൽ ആധിയും വളർച്ചയിൽ സന്തോഷവും തോന്നുന്നത്.

“സന.. നിനക്ക് വിഷമം ഉണ്ടോ..?
ഒരു അനാഥനെപ്പോലെ ജീവിക്കുന്ന എന്റെയൊപ്പം വന്നപ്പോൾ നിനക്കും ആരും ഇല്ലാതായി.. സത്യം പറഞ്ഞാൽ ഈ സമയമാണ് ഉമ്മയുടെ കുറവ് മനസ്സിലാവുന്നത്..”

“അതൊന്നും സാരല്ലിക്കാ.. ഇക്ക ഉണ്ടല്ലോ. ഇക്കാക്ക് ആരും ഇല്ലാന്ന് അറിഞ്ഞിട്ട് തന്നെയല്ലേ ഞാൻ സ്നേഹിച്ചത്.. ”

” നാളെ ഹോസ്പിറ്റലിൽ പോണം… ഞാൻ എല്ലാം റെഡിയാക്കിയിട്ടുണ്ട്..””ഇക്കാ.. ഓപ്പറേഷൻ അല്ലേ…. എനിക്ക് കുറച്ചു പേടിയുണ്ട്.”

“ഹേയ് പേടിക്കണ്ട ട്ടോ “അന്ന് രാത്രി അവന്റെയരികിൽ കിടക്കുന്ന നേരത്താണ് സനയുടെ വയറിന്റെയുള്ളിൽ ഒരു പിടച്ചിൽ തോന്നിയത്. പിന്നെ സഹിക്കാൻ കഴിയാത്ത വേദനയായി.

“ഇക്കാ… ഇക്കാ.. എനിക്ക് വയ്യ.. നല്ല വേദനയുണ്ട്.”അനസ് ചാടിയെണീറ്റ് മൊബൈലെടുത്തു ടാക്സിക്ക് വിളിച്ചു.അവളെ വേഗം വണ്ടിയിൽ പിടിച്ചിരുത്തി.”എൻ. എ ഹോസ്പിറ്റലിലേക്ക് പോട്ടെ..”

വേദനയുടെ ഇടയിൽ അവൾ അവനെ നോക്കി.. എന്താണ് അങ്ങോട്ട്‌ എന്ന് ചോദിക്കുന്ന മട്ടിൽ.

“അവിടെ മതി.. ഞാൻ രണ്ട് ദിവസം മുൻപു തന്നെ ഹോസ്പിറ്റലിൽ പോയി നിന്റെ റിസൾട്ടെല്ലാം കാണിച്ചു.. ഓപ്പറേഷന് വേണ്ടി സംസാരിച്ചു..”

“അവിടെ ക്യാഷ് അധികമാവില്ലേ ഇക്കാ..?””സാരമില്ല.. ക്യാഷിനെക്കൾ വലുത് എനിക്ക് നീയും നിന്റെ സന്തോഷവുമാണ്..”

ഹോസ്പിറ്റലിൽ എത്തി. സ്ട്രച്ചറിൽ കിടത്തി സനയെ അകത്തേക്ക് കൊണ്ടുപോയി.”ആരാ അനസ്.. ഡോക്ടർ വിളിക്കുന്നു.”

അവൻ ധൃതിയിൽ ഡോക്ടറുടെ റൂമിലേക്ക് ചെന്നു.”അനസ്.. കുറച്ചു പ്രശ്നമാണ്. കുട്ടി സ്വല്പം ചെരിഞ്ഞാണ് കിടക്കുന്നത്. എന്തായാലും ഓപ്പറേഷൻ പെട്ടെന്ന് വേണം. ”

“ശരി.. ഡോക്ടർ.”രണ്ട് കൂട്ടുകാരെ വിളിച്ചു രക്തം കൊടുക്കാൻ റെഡിയാക്കി.ഓപ്പറേഷനുള്ള ക്യാഷ് കെട്ടി. അവർ തന്ന പേപ്പറിൽ ഒപ്പിട്ടു.

കുറച്ചു സമയത്തിനുള്ളിൽ കൂട്ടുകാർ ഹോസ്പിറ്റലിൽ എത്തി.”ബിജു… ഇപ്പോഴാടാ ശെരിക്കും ഒറ്റയായിപ്പോയതിന്റെ വേദന അറിയുന്നത്.”

“ഹേയ്.. ആരാ പറഞ്ഞത് നീ ഒറ്റക്കാണന്ന്. ഞങ്ങളൊക്കെയില്ലേ..? “അനസിന്റെ കണ്ണ് നിറഞ്ഞിരുന്നു.

“എടാ.. നീ ഗവണ്മെന്റ് ഹോസ്പിറ്റലിൽ അല്ലേ സനയെ കാണിച്ചു കൊണ്ടിരുന്നത്.. പിന്നെ എന്താണ് ഇവിടെ..?””ഇവിടെയാകുമ്പോൾ എനിക്ക് കുറച്ചു സമാധാനം ഉണ്ട്.”

സമയം പതുക്കെ പതുക്കെ ഇഴഞ്ഞു നീങ്ങി. മരുന്നുകൾ വാങ്ങിക്കൊടുത്തു. രക്തം കൊടുത്തു.ബിജുവും നവാസും ചായ കുടിക്കാൻ വിളിച്ചിട്ടും അനസ് പോയില്ല.

ഓപ്പറേഷൻ തിയേറ്ററിൽ ഭാര്യയുടെ അടിവയറും ഗർഭപാത്രവും കത്തി കൊണ്ട് കീറിമുറിക്കുമ്പോൾ എങ്ങനെയാണ് ഭർത്താവിന്റെ തൊണ്ടയിൽ നിന്നും വെള്ളമിറങ്ങുക..?

അവന് പ്രിയപ്പെട്ട രണ്ട് ജീവനുകളാണ് അകത്തുള്ളത്.”സനയുടെ ആരെങ്കിലും ഉണ്ടോ…,? “അനസ് കസേരയിൽ നിന്നും എണീറ്റ് ഓപ്പറേഷൻ തിയേറ്ററിന്റെ വാതിലിന്റെ അരികിലേക്ക് ഓടിച്ചെന്നു

“ഓപ്പറേഷൻ കഴിഞ്ഞു…. കുട്ടിക്ക് കുഴപ്പമില്ല..പൂർണ്ണ ആരോഗ്യത്തോടെയുള്ള പെൺകുട്ടിയാണ്.”

നേഴ്‌സ് അത്രയും പറഞ്ഞു വാതിൽ അടച്ചപ്പോൾ അനസിന്റെ മുഖം വാടി.”സിസ്റ്ററെ…സന “”അവൾക്കും കുഴപ്പമൊന്നും ഇല്ലഡോ.. കുറച്ചു കഴിഞ്ഞു കുട്ടിയെ കാണിക്കാം ”

രണ്ട് പേർക്കും പ്രശ്നമൊന്നും ഇല്ലെന്നറിഞ്ഞപ്പോൾ അനസിന് സമാധാനമായി.

“ഡാ.. എന്താ പറഞ്ഞത്..?””ഓപ്പറേഷൻ കഴിഞ്ഞു.. രണ്ടാളും സുഖമായിട്ടിരിക്കുന്നു.”

കുറച്ചു കൂടി സമയം കഴിഞ്ഞപ്പോൾ അവന്റെ പൈതലിനെ പുറത്തേക്ക് കൊണ്ട് വന്നു.

മോളെ കയ്യിലേക്ക് വാങ്ങും മുൻപേ അനസ് കൊച്ചിനെ കൊണ്ട് വന്ന നേഴ്‌സിന്റെ മുഖത്തേക്കൊന്നു നോക്കി.

സനയെപ്പോലെ തന്നെയുണ്ട് കുഞ്ഞ്…കണ്ണടച്ച് കുഞ്ഞിവിരൽ ചുരുട്ടിപ്പിടിച്ച് പൈതൽ അവന്റെ കൈയിൽ കിടന്നു.

അല്പസമയം കഴിഞ്ഞ് നഴ്സ് കുട്ടിയെ തിരികെ വാങ്ങി മുന്നോട്ട് നടന്നപ്പോൾ അനസ് ആ നഴ്‌സിന്റെ അരികിലേക്ക് ചെന്നു.

“ഉമ്മാ.. സനക്ക് എങ്ങനെയുണ്ട്.?””അവൾക് ബോധം വന്നിട്ടില്ല… ബോധം വരുമ്പോൾ റൂമിലേക്ക് മാറ്റും. മോൻ വിഷമിക്കണ്ട.. ഞാൻ ഉണ്ട് അവളുടെയൊപ്പം.”

“ഉമ്മ ഇവിടെയുണ്ടെന്ന് അറിഞ്ഞിട്ട് തന്നെയാ അവളുടെ ഓപ്പറേഷൻ ഞാൻ ഇവിടെയാക്കിയത്. അവൾ പാവമാണ്. എന്നെപ്പോലെ ആരുമില്ലാത്ത ഒരുത്തനെ സ്‌നേഹിച്ചു. അതുമാത്രമേയുള്ളൂ അവൾ ചെയ്ത കുറ്റം..”

“ഞാൻ പോലുമറിയാതെ അവൾ അങ്ങനെ തീരുമാനിച്ചപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.. സാരമില്ല, മോനെ.. നിന്നെ ഇപ്പോഴെനിക്ക് ഒരുപാടിഷ്ടമാണ്.. ഇനി ഞാനുണ്ടാകും എന്റെ മക്കളെയൊപ്പം.”

“ഉമ്മാ എന്റെ മോള് അവളുടെ ഉമ്മയെപ്പോലെ തന്നെയുണ്ട് ല്ലെ..?”അനസ് പറഞ്ഞത് കേട്ടപ്പോൾ സനയുടെ ഉമ്മയുടെ ചുണ്ടിൽ പുഞ്ചിരിയോടൊപ്പം കണ്ണിൽ കണ്ണീരും നിറഞ്ഞു.

“ചെല്ല്.. മോൻ പോയി എന്തെങ്കിലും കഴിക്കൂ… വിഷമിക്കണ്ട.. ഞാൻ ഉണ്ടല്ലോ.”സന്തോഷം കൊണ്ട് തെളിഞ്ഞ മുഖങ്ങൾ . ഒരു കടം വീടിയിരിക്കുന്നു.ഉമ്മയുടെ സ്‌നേഹവും കരുതലും ഓപ്പറേഷൻ തിയേറ്ററിൽ അവൾക്ക് കിട്ടി.

“ബിജു…. ഇപ്പൊ ഞാൻ ഹാപ്പിയാ.. ചിലപ്പോൾ ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷവാൻ ഞാനായിരിക്കും..””എന്നിട്ട് എന്താ.. നിന്റെ കണ്ണ് നിറയുന്നത്..,?”

“ഇതൊന്നും കാണാനും കേൾക്കാനും എന്റെ ഉമ്മ കൂടെ ഇല്ലാതായിപ്പോയില്ലേ അതിന്റെ സങ്കടം കൊണ്ട്..””എന്നാ വാ.. നമ്മുക്ക് ഓരോ ചായ കുടിക്കാം..”

സന്തോഷത്തോടെ നിറഞ്ഞ മനസ്സോടെ അനസ് കൂട്ടുകാർക്കൊപ്പം നടന്നു. സനയുടെ അരികിൽ അവൾ കണ്ണ് തുറക്കുന്നതും നോക്കി അവളുടെ ഉമ്മ കാത്തിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *