രചന: Pratheesh
ഡിഗ്രി അവസാന പരീക്ഷയുടെ അന്ന് രാവിലെയാണ് ആ ഫോൺ കോൾ വന്നത്
” അച്ഛൻ മരിച്ചു ”
ഉടൻ നാട്ടിലെത്തണമെന്നു പറഞ്ഞ് !
വിളിച്ചത് ചെറിയച്ഛനാണ്,
ഞാൻ ഏക മകളായതു കൊണ്ട് കർമ്മങ്ങൾക്കു സാക്ഷ്യം വഹിക്കാൻ ഞാൻ നിർബന്ധമാണെന്നും അടുത്ത ട്രെയിൻ പിടിച്ചു എത്രയും പെട്ടന്ന് വരണമെന്നും പറഞ്ഞു കൊണ്ട് ചെറിയച്ഛൻ ഫോൺ വെച്ചു !
മറ്റെല്ലാ പരീക്ഷകളും സാമാന്യം ഭംഗിയായി എഴുതി തീർത്തതായിരുന്നു അന്നു നടക്കുന്ന ആ ഒറ്റ പരീക്ഷ കൂടിയേ ബാക്കിയുള്ളൂ, അതു കഴിഞ്ഞ് അടുത്ത വണ്ടിക്ക് നാട്ടിൽ പോകാൻ തയ്യാറായി ഇരിക്കുകയായിരുന്നു അന്നേരമാണ് അച്ഛന്റെ മരണ വാർത്തയെത്തുന്നത് !
ഉച്ചക്ക് ഒരു മണിക്കാണു പരീക്ഷ,
അതിനായി എല്ലാം പഠിച്ച് ഹൃദ്യസ്ഥമാക്കി എഴുതാൻ തയ്യാറായതുമാണ്,
പക്ഷേ നമ്മൾ കരുതും പോലെ ആവില്ലല്ലോ നമ്മുടെ വിധിയെഴുത്ത്,
ഇപ്പോൾ തന്നെ പുറപ്പെട്ടാലെ മൂന്നു മണിക്കൂർ കൊണ്ടെങ്കിലും നാട്ടിലെത്തു, അവിടെ എല്ലാവരും ഇപ്പോൾ എന്നെയും കാത്തിരിക്കുകയാവും !
വിവരം പെട്ടന്നു തന്നെ ഹോസ്റ്റലിൽ അറിഞ്ഞതും എല്ലാവരും എന്നോടു പോകുന്നതിനു തയ്യാറാവാൻ ആവശ്യപ്പെട്ടു അവസാനമായി അച്ഛനെ ഒന്നു കാണുക എന്നതിനേക്കാൾ വലുതല്ലല്ലോ പരീക്ഷ എന്നവർ പറഞ്ഞു,
ശരിയാണ് അച്ഛനെ അവസാനമായി ഒന്നു കാണുന്നതിനേക്കാൾ വലുതല്ല ഒരു പരീക്ഷയും, മിസ്സ് വേഗം തന്നെ എനിക്കു വേണ്ടി ട്രെയിൻ ടിക്കറ്റ് ബുക്കു ചെയ്യാൻ ആളെ ഏർപ്പാടാക്കുകയും അവർ വേഗം തന്നെ പോയി ഒരു റിസർവേഷൻ ടിക്കറ്റ് സംഘടിപ്പിച്ചു കൊണ്ടു വന്ന് എന്റെ കൈയ്യിൽ തന്നു,
അതോടെ കൈയ്യിൽ കിട്ടിയതെല്ലാം വാരി നിറച്ച് ബാഗിലാക്കി ഞാനും സ്റ്റേഷൻ ലക്ഷ്യമാക്കി യാത്ര തിരിച്ചു, യാത്രയിലുടനീളം അച്ഛന്റെ ഒാർമ്മകൾ തന്നെയായിരുന്നു,
ചെറുപ്രായത്തിൽ അച്ഛന്റെ വിരൽ പിടിച്ചു നടന്നു തുടങ്ങിയതു മുതൽ ഇന്നു ഈ നിമിഷം വരെയുള്ള ഒാർമ്മകൾ പടിപടിയായി എന്നിലൂടെ കടന്നു പോയി,
സ്റ്റേഷനിലെത്തിയിട്ടും ആ ഒാർമ്മകൾ എന്നെ പിൻതുടർന്നു കെണ്ടെയിരുന്നു ട്രെയിൻ വരാൻ മുക്കാൽ മണിക്കൂർ കൂടിയുണ്ട്,
അതിനിടയിലും ഞാൻ പുറപ്പെട്ടില്ലെ എന്നറിയാൻ ആരൊക്കയോ എന്നെ ഫോണിൽ വിളിക്കുന്നുണ്ട് ഒന്നു രണ്ടാളോട് സ്റ്റേഷനിലെത്തിയ വിവരം ഞാൻ പറഞ്ഞു,
പിന്നെ വന്ന ഫോണുകളൊന്നും ഞാനെടുത്തില്ല,
പരീക്ഷ എന്നത് അപ്പോഴും എന്റെ തലയിലുണ്ടായിരുന്നു അതിനിടയിൽ എനിക്കു പോകാനുള്ള ട്രെയിൻ വന്നു,
ആ മുക്കാൽ മണിക്കൂറു കൊണ്ട് എന്താണു എന്നിൽ സംഭവിച്ച മാറ്റം എന്നെനിക്കറിയില്ല പക്ഷേ എന്തു കൊണ്ടോ ഞാനാ ട്രെയിനിൽ കയറിയില്ല,
പകരം ഞാൻ വെയിറ്റിങ്ങ് റൂമിലേക്ക് കയറി മുഖം കഴുകി അമ്മക്ക് ഫോണിൽ ഒരു മെസേജ് ടൈപ്പ് ചെയ്തയച്ചു,
ഞാൻ പരീക്ഷ കഴിഞ്ഞേ വരുന്നുള്ളൂ എന്നു പറഞ്ഞു കൊണ്ട് ”
തുടർന്നു ഫോൺ ഞാൻ ഒാഫാക്കി വെച്ച് അന്നത്തെ പരീക്ഷയുടെ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി,
അച്ഛന്റെ ഒാർമ്മകളും വായനയും കൂടി കലർന്നു പലപ്പോഴും എന്നെ വേദനിപ്പിച്ചെങ്കിലും ഞാൻ അതിനെ സധൈര്യം നേരിട്ടു !
ഞാൻ വരില്ലെന്നറിഞ്ഞാൽ നാട്ടിൽ സംഭവിക്കാൻ പോകുന്ന ദുരന്തം എനിക്കിപ്പോഴേ മുൻകൂട്ടി കാണാം,
അച്ഛനെ അടക്കി തീരുന്ന നിമിഷം എല്ലാവരും ചേർന്നു വളർത്തു ദോഷത്തിന്റെ പേരും പറഞ്ഞ് അമ്മയേ പിച്ചിച്ചീന്തുമെന്നും,
എന്നെ ആ കുടുംബത്തിൽ നിന്നു പുറത്താക്കാൻ പോലും അവർ
ശ്രമിക്കുമെന്നും, പിന്നീടൊരിക്കലും ബന്ധുക്കളാരും എന്നെ പിന്നെ അവരുടെ ഒരു പരിപാടികൾക്കും പങ്കെടുപ്പിക്കില്ലെന്നും,
നാട്ടുകാരാണേൽ സ്വന്തം അച്ഛൻ മരിച്ചിട്ടു പോലും കാണാൻ വരാത്തവൾ എന്ന പട്ടം എനിക്ക് ചാർത്തി തരുമെന്നും ഒപ്പം പിന്നീടു കുറച്ചു കാലത്തേക്ക് എന്നെ
ചൂണ്ടി കാണിച്ചു കൊടുത്തു കൊണ്ട് അവരുടെ സ്വന്തം മക്കളോട് ഒരിക്കലും എന്നെ പോലെ ആവരുതെന്നു പറഞ്ഞു കൊടുക്കുമെന്നും ഒക്കെ അറിഞ്ഞു കൊണ്ടു തന്നെ ഞാനവിടെ ഇരുന്നു !
പരീക്ഷയുടെ സമയം കേളേജിലേക്കു കയറി വന്ന എന്നെ കണ്ട കൂട്ടുകാരികളും മിസ്സും ഒക്കെ എന്നെ ഏതോ അജ്ഞാത ജീവിയേ പോലെയാണ് അപ്പോൾ നോക്കിയത്, ഞാൻ മേലേ പറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെയാവാം അവരുടെ മനസിലേക്കും കടന്നു വന്നിട്ടുണ്ടാവുക,
എന്നാൽ ഇംഗ്ലീഷ് പ്രൊഫസറായ ഡാൻലിയ മാഡം മാത്രം ആ സമയം ഒരു പ്രത്യേക കാര്യവും ഒപ്പം എന്നോട് ഒരു ഒാൾ ദ ബെറ്റ്സ് പറയുകയും ചെയ്തു !
അതേ തുടർന്ന് മുന്നിലേ കാഴ്ച്ചകളെ പൂർണ്ണമായും അവഗണിച്ച് ഞാൻ പരീക്ഷയെഴുതാൻ തുടങ്ങി,
ഹൃദയം നുറുങ്ങുന്ന തളർച്ചയുടെ
തിരമാലകൾ എന്നെ മൂടിയിട്ടും ചാരത്തിൽ നിന്നു ഉയർത്തെഴുന്നേൽക്കുന്ന ഫിനിക്ക്സ് പക്ഷിയേ പോലേ ഞാനും അതിൽ നിന്നെല്ലാം ഉയർത്തെഴുന്നേറ്റു കൊണ്ട് പരീക്ഷ പൂർത്തിയാക്കി !
ഞാൻ കരുതിയ പോലെ തന്നെ നാട്ടിലെത്തിയ എന്നെ നാട്ടുകാരും ബന്ധുക്കളും പരാതി കൊണ്ടും കുത്തു വാക്കുകൾ കൊണ്ടും എതിരേറ്റു !
എങ്കിലും അച്ഛനെ അടക്കിയ സ്ഥലത്തു പോയി നിന്നു കൊണ്ട് ഞാൻ അച്ഛനോടു പറഞ്ഞു,
” ചെയ്തത് തെറ്റാണെങ്കിൽ അച്ഛൻ എന്നോടു ക്ഷമിക്കുക, എനിക്ക് ശരിയെന്നു തോന്നുന്നതു ചെയ്യാൻ അച്ഛനെന്നെ പഠിപ്പിച്ചതു മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ,
മറ്റുള്ളവർ എന്തു ചിന്തിച്ചാലും അച്ഛനെന്നെ മനസിലാവുമെന്ന് ഞാൻ വിശ്വസിക്കുന്നു ”
അതേ തുടർന്ന് അമ്മ എന്തു എന്നെ പറഞ്ഞാലും അതു കേൾക്കുന്നതിനു തയ്യാറായി തന്നെ ഞാനമ്മയുടെ മുന്നിൽ ചെന്നു നിന്നു അച്ഛനോള്ളം അമ്മയെന്നോടു ക്ഷമിക്കില്ലെന്ന് എനിക്കറിയാമായിരുന്നു,
എന്നെ കണ്ടതും അമ്മ എന്നെയും കൊണ്ട് അമ്മയുടെ മുറിയിൽ കയറി വാതിലടച്ചു, അടുത്ത നിമിഷം അമ്മ എന്നെ കെട്ടി പിടിച്ച് കുറെ കരഞ്ഞു,
പിന്നെ എന്റെ മുഖം അമ്മയുടെ ഇരു കൈകളിലായി കോരിയെടുത്ത് ” സാരമില്ല” എന്നു മാത്രം പറഞ്ഞു, മറ്റൊന്നും അമ്മ പറഞ്ഞില്ല,
മൂന്നു മാസങ്ങൾക്കു ശേഷം പരീക്ഷയുടെ റിസൾട്ടു വന്നപ്പോൾ ഞാനായിരുന്നു യൂണിവേഴ്സിറ്റി ടോപ്പർ !
അതറിഞ്ഞ അമ്മ എന്നോടു പറഞ്ഞു,
ഈ വിജയം നിനക്കും നിന്റെ അച്ഛനും മാത്രം അവകാശപ്പെട്ടതാണെന്ന് !
ഒപ്പം മറ്റൊന്നു കൂടി അമ്മ പറഞ്ഞു,
ഉള്ളിൽ അണപ്പൊട്ടിയൊഴുകുന്ന ദു:ഖത്തോടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയേ നേരിട്ടു വിജയിക്കുക എന്നതു ചെറിയ കാര്യമല്ലായെന്നും നീയതിൽ വിജയിച്ചു എന്നും !
വിജയത്തിന്റെ വിവരമറിഞ്ഞ ബന്ധുക്കൾക്കും നാട്ടുകാർക്കും അതേ തുടർന്നു എന്റെ മുഖത്തു നോക്കാനൊരു മടി, എനിക്കറിയാം അപ്പോഴും അവരുടെ മനസിലുണ്ട് നീയിത് മരിച്ചു കിടക്കുന്ന അച്ഛനെ കാണാൻ വരാതെ നേടിയതല്ലെയെന്ന് ?
ന്യായീകരിക്കാൻ വേണ്ടിയല്ല,
എങ്കിലും ഞാൻ വല്ല വിദേശത്തോ മറ്റോ ആയിരുന്നെങ്കിൽ അവരിങ്ങനെ ചിന്തിക്കുമോ എന്നു ചോദിക്കണമെന്നു എനിക്കുമുണ്ട് !
വേണമെങ്കിൽ എനിക്കുവേണ്ടി അവർക്ക് ഒന്നു കാത്തു നിൽക്കാമായിരുന്നു,
അപ്പോൾ നഷ്ടപ്പെടുന്നത് അവരുടെ മേൽക്കോയ്മ ആണല്ലോ അതിനവരും തയ്യാറാവില്ലല്ലോ, അതിനേക്കാൾ അവർക്കെളുപ്പം അതെല്ലാം എന്റെ അഹങ്കാരമായി കാണുന്നതാണ് !
അവർക്കും ഒന്നു ചിന്തിക്കാമായിരുന്നു ഞാൻ സുഖവാസത്തിനല്ല ഒരു പരീക്ഷക്കാണു പോയതെന്ന്,
പക്ഷെ അവർ ചിന്തിച്ചത് സ്വന്തം അച്ഛനേക്കാൾ പരീക്ഷയാണ് എനിക്കു വലുതെന്നാണ് !
ഞാനെന്ന മകൾക്ക് എന്റെ അച്ഛനെ ഇനി ഒരിക്കലും നേരിൽ കാണാൻ സാധിക്കില്ലല്ലോ എന്നവർ ഒന്നു ചിന്തിച്ചിരുന്നെങ്കിൽ എന്റെ അച്ഛനെ എനിക്കും അവസാനമായി ഒന്നു കാണാമായിരുന്നു,
ഞാൻ വന്നില്ലെന്നതു തെറ്റായി കാണുന്നവർ എനിക്കു വേണ്ടി കാത്തു നിന്നില്ല എന്ന തെറ്റും ചെയ്തിട്ടുണ്ട് !
അവർ എന്തൊക്കെ അവിടെ പ്രവർത്തിച്ചാലും ഒരച്ഛന്റെ കാര്യത്തിൽ മക്കളോള്ളം വേദന അവർക്കാർക്കും ഉണ്ടാവില്ലല്ലോ,
എന്നാൽ അവരുടെ ഇടുങ്ങി പഴകിയ ചിന്തകൾക്കു കടന്നു ചെന്നെത്താൻ കഴിയുന്ന ദൂരം അത്രമാത്രമാണെന്ന് എനിക്കും നന്നായറിയാം !
ശരിക്കും ഞാൻ നന്ദി പറയേണ്ടത് എന്റെ ഇംഗ്ലീഷ് പ്രൊഫസർ ഡാൻലിയ മാഡത്തിനോടാണ് എല്ലാവരും എന്നെ തളർത്താൻ ശ്രമിച്ചപ്പോൾ അവർ മാത്രം എന്നെ അനുകൂലിച്ചു കൊണ്ട് ഒരു രഹസ്യം പോലെ പറഞ്ഞ ഒരു വാക്കാണ് എന്റെ ഈ വിജയത്തിനു മറ്റൊരു കാരണം,
അവർ അന്ന് എന്നോട് പറഞ്ഞു,
എല്ലാ ദു:ഖങ്ങളേയും ഉള്ളിലൊതുക്കി പരീക്ഷ എഴുതാൻ തയ്യാറായ ഈ രണ്ടു മണിക്കൂർ ആയിരിക്കാം ചിലപ്പോൾ നിന്റെ ജീവിതത്തെ മാറ്റി മറിക്കുകയെന്ന് !
അതെ അതു തന്നെ സംഭവിച്ചു
ഇന്ന് എറ്റവും മികച്ചൊരു ജോലിക്കാരിയായി ഞാൻ മാറിയതിന്റെ ആദ്യപടി അതു തന്നെയായിരുന്നു എന്നാണ് ഞാനിന്നും വിശ്വസിക്കുന്നത് !
അന്ന് ആ റെയിൽവേ സ്റ്റേഷനിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ ഒറ്റക്കിരിക്കുമ്പോൾ പരീക്ഷയെഴുതാം എന്ന തീരുമാനത്തിലേക്ക് എന്നെ നയിച്ചത് എന്തായിരിക്കാമെന്ന് പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്,
ഒരു പക്ഷേ എന്റെയും അമ്മയുടെയും മുന്നോട്ടുള്ള ജീവിതത്തെ ഉൾക്കൊണ്ടു കൊണ്ട് അച്ഛന്റെ ആത്മാവു തന്നെ ആ ചിന്തയായി എന്നിൽ പിറന്നതാവാം എന്നു ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു,
എങ്കിലും അച്ഛനെ അവസാനമായി കാണാനായില്ല എന്ന ദു:ഖം ഇന്നും എന്നെ പിൻതുടരുന്നുണ്ട് !!