പരസ്പര സമ്മതത്തോടെയുള്ള അവിഹിത ബന്ധങ്ങൾ ശെരിയാണോ.. ” ചോദ്യം കേട്ട പാടെ ആദ്യം ചിരിച്ചു പോയി രമ്യ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഞാൻ ഒരു ചോദ്യം ചോദിക്കാം അതിനു ഞങ്ങളുടെ മറുപടി എന്തായാലും പറയണം. ”

കൂട്ടുകാരുമൊന്നിച്ചു ബീച്ചിൽ നിൽക്കവേയാണ് രമ്യയുടെ മുന്നിലേക്ക് മൈക്കുമായി ആ ലോക്കൽ ചാനലുകാർ എത്തിയത്.”ചോദിക്കു.. “പുഞ്ചിരിയോടെ രമ്യ മറുപടി പറഞ്ഞു

” എന്റെ ചോദ്യം ഇതാണ്.. വിവാഹത്തിന് മുന്നെയായാലും ശേഷമായാലും പരസ്പര സമ്മതത്തോടെയുള്ള അവിഹിത ബന്ധങ്ങൾ ശെരിയാണോ.. ”

ചോദ്യം കേട്ട പാടെ ആദ്യം ചിരിച്ചു പോയി രമ്യ..” ഇതെന്തൊരു ചോദ്യമാണ്.. ഓക്കേ എന്റെ അഭിപ്രായം പറയാം. അവിഹിത ബന്ധങ്ങൾ അത് വിവാഹത്തിന് മുൻപ് ആയാലും ശേഷം ആയാലും അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യങ്ങൾ ആണല്ലോ.

അവരവർക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുക. അത്ര തന്നെ. നമുക്ക് അതിനെ കുറ്റപ്പെടുത്തുവാൻ കഴിയില്ല. ഇപ്പോൾ കോടതി പോലും പറയുന്നുണ്ടല്ലോ പരസ്പര സമ്മതത്തോടെ ഉള്ള ഇത്തരം ബന്ധങ്ങൾ കുറ്റകരമല്ല എന്ന്. ”

തന്റെ അഭിപ്രായം പറഞ്ഞ് കൊണ്ട് രമ്യ പുഞ്ചിരിയോടെ അവിടെ നിന്നും നീങ്ങി. പിന്നീട് ഉണ്ടാകാൻ പോകുന്ന പുകില് എന്താണെന്ന് അറിയാതെ..

” നമ്മൾ ഇപ്പോൾ പരിചയപ്പെട്ട രമ്യ യുടെ അഭിപ്രായപ്രകാരം ഇത്തരം ബന്ധങ്ങൾ കുറ്റകരമല്ല കോടതി പോലും ഇതിനെ സപ്പോർട്ട് ചെയ്യുന്നു എന്നാണ്. ഒരുപക്ഷെ നമ്മൾ ഇന്ന് ഇതേ ചോദ്യവുമായി പലരുടെയും അരികിലേക്ക് പോയിരുന്നു എങ്കിലും രമ്യ ഒരാള് മാത്രമാണ് സപ്പോർട്ട്

ചെയ്ത് മറുപടി പറഞ്ഞിട്ടുള്ളത്. ഇത്തരം പുരോഗമന ചിന്തകൾ ഉള്ള രമ്യയെ പോലുള്ള പെൺകുട്ടികളും നമ്മുടെ നാട്ടിൽ ഉണ്ട് എന്ന് നമുക്ക് മനസ്സിലാക്കാം “ആ പ്രോഗ്രാം അവതാരകൻ പറഞ്ഞവസാനിപ്പിച്ചത് ഇങ്ങനെയാണ്.

“ചന്ദ്രന്റെ മോളുടെ വീഡിയോ കണ്ടാരുന്നോ.. പെങ്കൊച്ചിന്റെ മനസ്സിലിരിപ്പ് ഇപ്പോ അല്ലെ മനസ്സിലായെ.. “”ഇത്രേം നാളും ഒരു നാട്ടിൽ കഴിഞ്ഞിട്ടും ഈ കൊച്ചിന്റെ ആഗ്രഹം നമ്മൾ അറിയാതെ പോയല്ലോ.. അതല്ലേ വിഷമം…

“അവളുടെ കെട്ട്യോൻ ആ ചെറുക്കൻ ഗൾഫിൽ അല്ലെ അപ്പോ പെണ്ണിന് മോഹങ്ങൾ ഒക്കെ ഉണ്ടാകില്ലേ.. കുറ്റം പറയാൻ പറ്റില്ല… മുന്നേ ഇതറിഞ്ഞിരുന്നേൽ കൊച്ചിന്റെ വിഷമം അങ്ങ് മാറ്റി കൊടുക്കാമായിരുന്നു ”

നാട്ടിൽ കവലകളിൽ രാവിലെ തന്നെ ചൂടുള്ള ചർച്ചകൾ ആരംഭിച്ചിരുന്നു. എല്ലാവരും പറയുന്നത് ഒരേ കാര്യത്തെ പറ്റി ആയിരുന്നു.

” എന്നതാ.. എന്നതാ സംഭവം.. ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ “അന്നത്തെ ആ പ്രധാന വാർത്തയെ പറ്റി അറിയാത്ത ഒരാളെ കിട്ടിയതോടെ മറ്റുള്ളവർക്ക് അത് വിവരിക്കാൻ ആവേശം ആയി.

” നമ്മടെ ആ ചന്ദ്രേട്ടന്റെ രണ്ടാമത്തെ മോളില്ലേ ആ ഗൾഫു കാരൻ അഭിഷേക് കെട്ടിയ രമ്യ.. അവളുടെ ഒരു വീഡിയോ വന്നിട്ടുണ്ട്. ബീച്ചിലെങ്ങാണ്ട്

കൂട്ടുകാരുമൊത്ത് പോയപ്പോ ഏതോ ചാനലുകാര് വന്നു ചോദിച്ച് കല്യാണ ശേഷമോ അതിനു മുന്നെയോ മറ്റൊരാളുമായി അവിഹിതം നടത്തുന്നത് ശെരിയാണോ ന്ന്. ”

“എന്നിട്ട് “ചോദ്യം അതായത് കൊണ്ട് തന്നെ ഉത്തരം എന്താകും ന്ന് അറിയാൻ കേട്ടു നിന്നവന്റെ ആകാംഷയേറി.

“എന്നിട്ട് എന്താ.. കൂടെ ഉള്ള പെൺപിള്ളേരൊക്കെ അത് തെറ്റാണെന്ന് പറഞ്ഞു. അന്നേരം ഇവള് മാത്രം പറയുവാ വിവാഹ ശേഷമായാലും മുന്നെയായാലും വ്യക്തിപരമായ താത്പര്യങ്ങൾ അനുസരിച്ചു ചെയ്യുന്നേൽ തെറ്റില്ല എന്ന്…

കോടതി തന്നെ പരസ്പര സമ്മതത്തോടെയുള്ള ഇത്തരം ബന്ധങ്ങൾക്ക് അനുമതി കൊടുത്തിട്ടില്ലേ എന്ന്… പെണ്ണിന്റെ മനസ്സിലിരിപ്പ് നോക്കണേ.. കെട്ട്യോൻ ഒരുത്തൻ ഇവളെ പോറ്റാൻ ഗൾഫിൽ പോയി കിടക്കുവാ ”

“അമ്പടി കേമി. അവള് കൊള്ളാലോ ആള്.. അവളുടെ ആ ഒരു ഇളക്കമൊക്കെ കാണുമ്പോ എനിക്ക് പണ്ടേ സംശയം ഉണ്ടാരുന്നു. ഉറപ്പായിട്ടും ഇവൾക്ക് ആരേലും കാണും അങ്ങിനെ അതാ ഇത്ര ധൈര്യത്തിൽ ഈ അഭിപ്രായം പറഞ്ഞെ ”

” ആ അത് ഉറപ്പാണ്. ആ പത്രകാരൻ ചെക്കൻ ഇല്ലേ റെജി. അവന്റെ കൂടെ ഒരു വല്ലാത്ത കൊഞ്ചലും കുഴയലും ഒക്കെയാണ് ഈ പെണ്ണ്. മിക്കവാറും അവൻ തന്നെയാകും ആള്.. ”

” എന്തായാലും കൊള്ളാം.. ചന്ദ്രന്റെ മാനം കൂടി ഈ പെണ്ണ് കളഞ്ഞു “ചർച്ചകൾ അങ്ങിനെ കൊടുമ്പിരി കൊണ്ടു. എല്ലാവരും ആ വിഷയം ആഘോഷമാക്കവേ

വീട്ടിൽ ആകെ തകർന്ന അവസ്ഥയിൽ ആയിരുന്നു രമ്യ. മനസ്സിൽ തോന്നിയ ഒരു അഭിപ്രായം പറഞ്ഞത് ഇത്രയ്ക്ക് വിനയാകും എന്ന് അവളും കരുതിയില്ല. വീട്ടിലുള്ളവരുടെ കുത്തു വാക്കുകൾക്ക് പുറമെ ഗൾഫിൽ നിന്നും രാവിലേ മുതൽ അഭിഷേകും തുടരെ തുടരെ വിളിക്കുന്നുണ്ടായിരുന്നു.

” അഭിയേട്ടാ എന്താ ഈ പറയുന്നേ.. ആ ചോദ്യത്തിന് എന്റെ മനസ്സിൽ അന്നേരം തോന്നിയ ഒരു മറുപടി ഞാൻ കൊടുത്തു. അതിനപ്പുറം വേറൊന്നും ഇല്ല. അങ്ങിനെ ഒരു അഭിപ്രായം പറഞ്ഞു എന്ന് വച്ചിട്ട് ഞാൻ അങ്ങിനെ ആഗ്രഹിക്കുന്നു എന്ന് പറയാൻ പറ്റോ.. ഒന്ന് മനസ്സിലാക്ക് പ്ലീസ് ”

അഭിഷേകിനെ പറഞ്ഞു മനസിലാക്കാൻ ഏറെ പണിപ്പെട്ടു അവൾ പക്ഷെ ഫലം ഉണ്ടായില്ല.

” എന്തിനാണ് നീ ആ മൈക്കിന്റെ മുന്നിൽ പോയി നിന്ന് ഈ ചോദ്യത്തിന് അഭിപ്രായം പറയാൻ നിന്നത്. അതിന്റെ ആവശ്യം ഉണ്ടായിരുന്നോ..”

അഭിഷേകിന്റെ ചോദ്യം അതായിരുന്നു. ഒടുവിൽ ക്ഷമകെട്ട് കോൾ കട്ട് ആക്കി പൊട്ടിക്കരഞ്ഞു കൊണ്ട് ബെഡിലേക്ക് ചാഞ്ഞു രമ്യ.

ആ സമയം അയൽക്കാരുടെ കുത്തുവാക്കുകൾ കേട്ട് സഹികെട്ടു കലി തുള്ളി അഭിഷേകിന്റെ അമ്മയും അവളുടെ മുറിയിലേക്ക് കയറി ചെന്നു.

” എടീ ഒരുമ്പെട്ടോളെ.. നിനക്ക് എന്റെ മോനെ മാത്രം കൊണ്ട് പറ്റില്ലേ.. വേറേം ആൾക്കാരെ വേണം അല്ലെ.. കേട്ടിട്ട് മനുഷ്യന്റെ തൊലി ഉരിഞ്ഞു പോണു.. പൊയ്ക്കോണം ഇവിടുന്ന്. മനുഷ്യന്റെ മനസമാധാനം കളയാൻ. ”

ചെറിയൊരു അമ്മായി അമ്മ പോര് മുന്നേ ഉണ്ടായിരുന്നത് കൊണ്ട് തന്നെ കിട്ടിയ അവസരം അവര് നല്ല പോലങ്ങ് ഉപയോഗിച്ച്. പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല രമ്യയ്ക്ക്.

വീട് വീട്ടിറങ്ങുമ്പോഴും കുത്ത് വാക്കുകൾ അവൾക്ക് പിന്നാലെ തന്നെയുണ്ടായിരുന്നു.

” ചേച്ചി ഇതൊന്നും കേട്ടിട്ട് വിഷമിക്കേണ്ട. നമ്മുടെ നാട്ടുകാര് തെണ്ടികൾക്ക് ഇപ്പോഴും ആ പഴഞ്ചൻ ചിന്തകൾ ആണ്. ഇതൊക്കെ ഇപ്പോ നാട്ടിൽ സാധാരണമല്ലേ.. ചേച്ചി ധൈര്യമായിരിക്ക് ഞാനുണ്ട് കൂടെ. ”

അയല്പക്കത്തെ ചെക്കന്റെ ഓട്ടോയ്ക്ക് കൈ കാണിച്ചു കയറിയത് മുതൽ അവന്റെ സംസാരം മുഴുവൻ ഈ രീതിയിൽ ആയിരുന്നു. കൃത്യമായി പറഞ്ഞാൽ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഒരു ശ്രമം. അതുകൊണ്ട് തന്നെ ആ യാത്ര അധികം നീണ്ടില്ല.

” വണ്ടി നിർത്തെടാ… മതി നിന്റെ വണ്ടീൽ ഉള്ള യാത്ര.. ഇനീം എന്തേലും നിന്റെ വായീന്ന് കേട്ടാൽ നിന്റെ അമ്മയെ വിളിച്ചു ഞാൻ കാര്യം പറയും മോൻ മുട്ടി നിൽക്കുവാ ന്ന്. അറിയാലോ ഞാൻ ആകെ നാറി നിൽക്കുവാ ഇപ്പോ അതുകൊണ്ട് എന്ത് ചെയ്യാനും മടി ഉണ്ടാകില്ല എനിക്ക്.”

ആ ഭീഷണിയിൽ അവനൊന്നു പതറി. വണ്ടിയിൽ നിന്നിറങ്ങി അവന്റെ മുഖത്തേക്ക് കാശും വലിച്ചെറിഞ്ഞു മുന്നിലേക്ക് നടന്നു മീര.

” ചേച്ചി.. വല്യ ശീലാവതി ആകണ്ട കേട്ടോ.. മുട്ടി നിൽക്കുന്നത് ആർക്കാണെന്ന് ഇപ്പോ നാട്ടുകാർക്ക് മുഴുവൻ അറിയാം… ”

ഓട്ടോ തിരിച്ചു പോകാൻ നേരം ഇങ്ങട് കിട്ടിയതിന് ചെറുതായെങ്കിലും ഒരു മറുപടി പറയാൻ അവനും മറന്നില്ല.

ആ വാക്കുകൾ അവഗണിച്ചു കൊണ്ട് മുന്നിലേക്ക് നടക്കുമ്പോൾ രമ്യയുടെ ഫോണിലേക്ക് ചന്ദ്രന്റെ കോൾ വന്നു. അച്ഛൻ വിളിക്കുന്നത് കണ്ട് നിറമിഴികളോടെ ആണ് രമ്യ കോൾ അറ്റന്റ് ചെയ്തത്.

” അച്ഛാ മനസ്സിൽ തോന്നിയ ഒരു അഭിപ്രായം പറഞ്ഞു എന്ന് വച്ച് ഞാൻ അത്തരക്കാരി ആണെന്നല്ലേ. എന്നെ ആരും മനസ്സിലാക്കുന്നില്ല അഭിഷേകേട്ടൻ പോലും .. ഇപ്പോ ദേ അമ്മ വീട്ടിൽ ന്നും ഇറക്കി വിട്ടു.. ഞാൻ അങ്ങോട്ടേക്ക് വരുകയാണ്. അച്ഛനെങ്കിലും എന്നെ മനസിലാക്കണം. ”

ഫോൺ കാതോട് ചേർത്ത പാടെ തന്നെ ഇത്രയും പറഞ്ഞു പൊട്ടിക്കരഞ്ഞു പോയി രമ്യ. മറു തലയ്ക്കൽ ചന്ദ്രൻ അല്പസമയം മൗനമായി നിന്നു. ശേഷം പതിയെ തുടർന്നു

” മോളു വിഷമിക്കേണ്ട.. നടന്നത് നടന്നു പക്ഷെ നീ പറഞ്ഞത് വലിയ തെറ്റ് ആയി പോയി. നമ്മളൊക്കെ നാട്ടിൻപുറത്ത് കാര്യല്ലേ.. ഇത്തരം അഭിപ്രായങ്ങൾ ഒന്നും ഇവിടെ ആർക്കും ദഹിക്കില്ല. ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ല തത്കാലത്തേക്ക്

മോളു ഇങ്ങട് വരേണ്ട ഒരു രണ്ട് ദിവസം ഏതേലും കൂട്ടുകാരികൾക്ക് ഒപ്പം ഒന്ന് നിൽക്കാൻ നോക്ക് ഇവിടെ ദേ കരയോഗം പ്രസിഡന്റ് ഒക്കെ വന്നിരുന്നു.

നിന്റെ ആ ഒരു അഭിപ്രായം നാടിനു തന്നെ നാണക്കേട് വരുത്തി വച്ചു ന്ന് ആണ് അവര് പറയുന്നേ പോരാത്തേനു അയൽക്കാരൊക്കെ ഓരോന്ന് പറഞ്ഞു കളിയാക്കുവാ.. ഇനി ഈ അവസ്ഥയിൽ

നീ കൂടി ഇങ്ങട് വന്നാൽ അത് ശെരിയാകില്ല. മോളു തത്കാലം എവിടേലും നിൽക്ക് എന്നിട്ട് എവിടാ ന്ന് അച്ഛനോട് പറയു അച്ഛൻ വന്നു കാണാം നിന്നെ. ”

അച്ഛന്റെ ആ വാക്കുകൾ ഏറെ വേദനയായി രമ്യയ്ക്ക്. മറുപടി ഒന്നും പറയാതെ കോൾ കട്ട്‌ ചെയ്‌തു അവൾ.

” ചേച്ചിയേ.. വീഡിയോ കണ്ട് കേട്ടോ.. വേക്കൻസി എന്തേലും ഉണ്ടേൽ പറയണേ ഞങ്ങൾ റെഡിയാണ്”

റോഡിലൂടെ ബൈക്കിൽ പോയ ചെക്കന്മാരുടെ കമന്റുകളും അസഹനീയം ആയിരുന്നു. എല്ലാം കൊണ്ടും ആകെ തളർന്നു പോയി രമ്യ. മനസ്സ് മരവിച്ചു ഒരുനിമിഷം നിന്നും പോയി അവൾ ശേഷം

പതിയെ ഫോൺ എടുത്ത് അതിൽ അഭിഷേകിന്റെ വാട്ട്സാപ്പിലേക്ക് ഒരു വോയിസ്‌ മെസേജ് അയച്ചു.

” ഏട്ടാ പ്ലീസ് എന്നെ ഒന്ന് മനസിലാക്ക് ഞാൻ ഇതുവരെയും തെറ്റൊന്നും ചെയ്തിട്ടില്ല. പിന്നെ ആ ചാനല്കാര് ചോദിച്ചപ്പോ അറിയാതെ അങ്ങ് പറഞ്ഞു പോയി. അതിനർത്ഥം എനിക്ക് അത്തരം ബന്ധങ്ങളോട് താത്പര്യം ഉണ്ട് എന്നല്ല.. എന്നോട് ഒന്ന് ക്ഷമിക്ക് പ്ലീസ്. ”

ഇത്രയും പറയുമ്പോൾ അവളുടെ ചുണ്ടുകൾ വിതുമ്പുകയായിരുന്നു. ആ മെസേജ് കണ്ടിട്ടും അഭിഷേക് മറുപടി ഒന്നും പറഞ്ഞില്ല അതോടെ രമ്യയുടെ ഉള്ളം പിടഞ്ഞു. മനസ്സിൽ തോന്നിയ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ ഇത്രത്തോളം ഒറ്റപ്പെട്ടു പോകുമെന്ന്

അവൾ സ്വപ്നത്തിൽ പോലും കരുതിയില്ല. കൂട്ടുകാരുടെ ആരുടെയെങ്കിലും വീട്ടിലേക്ക് ചെന്നാലും ഇതാകും അവസ്ഥ എന്ന് അവൾ ഊഹിച്ചു.

ഇനി എന്ത് ചെയ്യും എന്ന് അറിയാതെ കുഴഞ്ഞു നിൽക്കുമ്പോൾ ആണ് പിന്നിൽ നിന്നും വലിയൊരു എയർ ഹോൺ ഒച്ച കേട്ടത്. ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ നിർത്താതെ ഹോൺ മുഴക്കി ചീറി

പാഞ്ഞു വരുന്ന ഒരു നാഷണൽ പെർമിറ്റ്‌ ലോറിയാണ് അവൾ കണ്ടത്. ആ വണ്ടി കാൺകേ ഇനിയെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തി അവൾ.

” അറിഞ്ഞോ.. ചന്ദ്രന്റെ മോളു ലോറിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ”
” അയ്യോ അത് കഷ്ടമായല്ലോ ആ കൊച്ചിനെ എല്ലാരും കൂടി ഓരോന്ന് പറഞ്ഞു പറഞ്ഞു ഒടുക്കം കൊന്നു ”

” ആ നാറിയ ചാനലുകാരെ വേണം ആദ്യം തല്ലി കൊല്ലാൻ അവന്റെ ഒക്കെ ഓരോ ചോദ്യങ്ങൾ ”

നിമിഷ നേരം കൊണ്ട് അഭിപ്രായങ്ങൾ മാറി മറിഞ്ഞു. രമ്യയുടെ മരണവാർത്ത പരന്നത്തോടെ ഹാഷ് ടാഗുകളുമായി ഫേസ് ബുക്ക്‌ പോസ്റ്റുകളും നിറഞ്ഞു.

” സമൂഹത്തിൽ സ്വന്തമായ ഒരു അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നാട്ടുകാരുടെയും വീട്ടുകാരുടെയും കുത്തുവാക്കുകൾ സഹിക്കാൻ കഴിയാതെ ഒടുവിൽ രമ്യ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്തിരിക്കുന്നു. ഈ സമൂഹം ഇതെവിടേക്കുള്ള പോക്കാണ്.”

“കപട സദാചാരത്തിന്റെ മുന്നിൽ ഒരു ഇര കൂടി..രമ്യ “ചാനലുകാർ ആ വാർത്തയും ആഘോഷമാക്കി.

രാവിലെ രമ്യയെ കുറ്റം പറഞ്ഞവർ വൈകുന്നേരമായപ്പോഴേക്കും കപട സദാചാരത്തിന്റെ ഇരയായ അവളെ വാഴ്ത്തി തുടങ്ങിയിരുന്നു.കാലം പോകുന്ന പോക്ക്..

Leave a Reply

Your email address will not be published. Required fields are marked *