(രചന: ക്വീൻ)
“”രോന നിനക്ക് ഒരു വിസിറ്റർ ഉണ്ട്!!!””സൂസൻ വന്നു പറഞ്ഞപ്പോൾ അത് ആരായിരിക്കും എന്ന് ഒരു ഐഡിയയും കിട്ടിയില്ല രോനക്ക്..
ഒരു നിമിഷം അവൾ ഒന്ന് ചിന്തിച്ചു ഈ സമയത്ത് ആരും വരാൻ സാധ്യതയില്ല ആകെക്കൂടി ഉള്ളത് വല്യപ്പച്ചനാണ് ഈ സമയത്ത് വല്യപ്പച്ചൻ വരില്ല കാരണം കഴിഞ്ഞദിവസം താൻ അവിടെ നിന്ന് പോന്നതേയുള്ളൂ! തന്നെയുമല്ല വല്യമ്മച്ചിയെ,
കുറച്ചു മുൻപ് വിളിച്ചു വെച്ചതേയുള്ളൂ അപ്പോഴും ഒന്നും പറഞ്ഞില്ല അവൾ ധൃതിയിൽ താഴേക്ക് നടന്നു…
അവിടെ വിസിറ്റെഴ്സ് റൂമിൽ ഇരിക്കുന്ന ആളെ കണ്ടു പേപ്പർ വായിച്ചു ഇരിക്കുകയാണ് മെല്ലെ അരികിൽ ചെന്ന് നിന്നു..
അന്നേരമാണ് പേപ്പർ മാറ്റിയത്.. പെട്ടന്ന് ആ മുഖം കണ്ടതും ഒരു നിമിഷം ഞെട്ടിത്തരിച്ചു നിന്നുപോയി .
“”അപ്പച്ചൻ!!!”‘അവളുടെ കണ്ണുകൾ ഒഴുകി ഇറങ്ങി തിരിഞ്ഞ് മുറിയിലേക്ക് തന്നെ നടക്കാൻ ഒരുങ്ങിയ അവളെ വിളിച്ചു അയാൾ.””മോളെ!!””
എന്ന് ദേഷ്യത്തോടെ അവൾ തിരിഞ്ഞു നിന്നു പിന്നെ അയാളോട് ആയി പറഞ്ഞു.””” എന്നെ അങ്ങനെ വിളിക്കരുത് അച്ഛൻ എന്ന സ്ഥാനത്ത് എനിക്ക് നിങ്ങളെ ഒരിക്കലും കാണാൻ കഴിയില്ല എന്റെ അമ്മയെ കൊന്നയാൾ അത്രയേ ഞാൻ നിങ്ങൾക്ക് സ്ഥാനം തരൂ! ഇനിയും എന്നെ കാണാൻ ഇവിടെ വരരുത് എന്റെ മനസ്സിൽ നിങ്ങൾ എന്നെ മരിച്ചു കഴിഞ്ഞു!!””
അത് പറഞ്ഞ് തിരിഞ്ഞ് പോകാൻ നിന്ന അവളുടെ മുന്നിലേക്ക് അയാൾ കയറി നിന്നു. അയാളുടെ മുഖത്തേക്ക് അവൾ നോക്കിയില്ല കാണാനും തോന്നിയില്ല..
“”” ഞാനല്ല!!! എന്റെ സ്റ്റെല്ലയെ…
എനിക്ക് അതിന് കഴിയില്ല!!””അതും പറഞ്ഞ് അയാൾ അവിടെ നിന്ന് കരഞ്ഞു ഒന്നും തോന്നിയില്ല വേഗം മുറിയിലേക്ക് നടന്നു.
മുറിയിൽ പോയിരുന്നതും പൊട്ടി വന്ന കരച്ചിലിനെ സ്വതന്ത്രമാക്കി അവൾ ഓർമ്മകൾ കുറെ പുറകിലേക്ക് പോയി സന്തോഷകരമായ ജീവിതമായിരുന്നു അച്ഛനും താനും അമ്മയും.
അച്ഛന് ഒരു തടിമില്ലിൽ ആയിരുന്നു ജോലി കിട്ടുന്ന പണം മുഴുവൻ ഞങ്ങൾക്ക് വേണ്ടി ചെലവാക്കും…
അമ്മയോ ഞാനോ എന്ത് ആഗ്രഹം പറഞ്ഞാലും നടത്തി തരും..
ഒന്നാം ക്ലാസിൽ അന്ന് തന്നെ കൊണ്ടുപോയി ചേർത്തത് അവർ രണ്ടുപേരും കൂടി ചേർന്നായിരുന്നു സ്കൂളിൽ പോകാൻ മടിയായിരുന്നു അപ്പച്ചൻ എടുത്താണ് കൊണ്ടുപോയിരുന്നത്…
തിരികെ വീട്ടിൽ വരുമ്പോഴേക്കും ഇഷ്ടപ്പെട്ടതെല്ലാം ഒരുക്കി കാത്തിരിക്കുന്നുണ്ടാവും അമ്മച്ചി..
ഒരു ദിവസം സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്തിയപ്പോൾ കാണുന്നത് നിറയെ ആളുകളെയാണ് ആരോ എന്നെ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി അവിടെ ചോരയിൽ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു അമ്മച്ചി തൊട്ടരികിൽ മരവിച്ചതുപോലെ അപ്പച്ചനും!!!
ആളുകൾ എന്തൊക്കെയോ പറയുന്നുണ്ട് അപ്പച്ചനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട് പക്ഷേ ഒന്ന് ഇളകുക പോലും ചെയ്യാതെ അവിടെ ഇരുന്നു എന്നെ കണ്ടപ്പോൾ മാത്രം ഒന്ന് കരഞ്ഞു..
പോലീസ് വന്ന് അപ്പച്ചനെ പിടിച്ചുകൊണ്ടുപോയി.
അമ്മയുടെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് പിന്നീടുള്ള കാലം കഴിഞ്ഞത്.
ജയിലിൽ ആയിരുന്നു ഇതുവരെ എപ്പോഴാണ് ഇറങ്ങിയത് എന്നുപോലും അറിയില്ല അപ്പച്ചന്റെ കാര്യം ഞങ്ങൾ ആരും അന്വേഷിക്കാറില്ല..
ഇവിടെ ഹോസ്റ്റലിൽ വന്നിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞു ഡിഗ്രി അവിടെ അടുത്തുള്ള കോളേജിൽ തന്നെയായിരുന്നു.
അതുകഴിഞ്ഞ് ബിഎഡ് എടുത്താൽ മതി എന്ന് ഞാൻ തീരുമാനിച്ചു ഏതെങ്കിലും ഒരു സ്കൂളിൽ കയറി പറ്റണം വല്യപ്പച്ചന് ഇപ്പോൾ തന്നെ വയ്യാതായി വരികയാണ് എന്നെക്കൊണ്ടാവുന്ന വിധത്തിൽ അവരെ സഹായിക്കണം!!!
അത്രയൊക്കെ ആഗ്രഹം ഉണ്ടായിരുന്നുള്ളൂ അതിനിടയിലാണ് അയാൾ വന്നത്…
അടുത്ത ദിവസം കോളേജിലേക്ക് പോകുമ്പോൾ വഴിയിൽ അയാളെ കണ്ടു കോളേജിൽനിന്ന് ഹോസ്റ്റലിലേക്ക് അധികം ദൂരം ഒന്നുമില്ല ഒരു 10 മിനിറ്റ് നടന്നാൽ മതി അതിനിടയിലാണ് അയാൾ വന്നുനിന്നത് അയാളെ കാണാത്തതുപോലെ ഞാൻ മുന്നോട്ട് നടന്നു പക്ഷേ അയാൾ എന്നെ വന്ന് വിളിച്ചു!!
“”” ഞാൻ പറയുന്നത് ഒന്ന് കേൾക്ക്!! അപ്പച്ചന്റെ കുഞ്ഞാറ്റ അല്ലേ?? “”‘”” കുഞ്ഞാറ്റ ഇപ്പോഴാണ് ആ പേര് ഓർക്കുന്നത് അച്ഛൻ അങ്ങനെയാണ് എന്നെ വിളിച്ചിരുന്നത് എന്റെ കണ്ണുകൾ ഒഴുകിയിറങ്ങി പണ്ട് സ്നേഹത്തോടെ ചേർത്തു പിടിച്ചിരുന്ന ഒരു അപ്പച്ചന്റെ മുഖം മനസ്സിൽ ഇങ്ങനെ തെളിഞ്ഞു..
“”” എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?? “”അയാളോട് ഞാൻ ചോദിച്ചു മോൾ എന്റെ കൂടെ വരണം എന്ന് പറഞ്ഞു ഞാൻ അയാളുടെ കൂടെ ചെന്നു..
“” നിന്റെ അമ്മയെ കൊന്നത് ഞാനല്ല!! എനിക്ക് അതിന് കഴിയില്ല അവൾ എന്റെ ജീവനായിരുന്നു…
അന്ന് ജോലി കഴിഞ്ഞ് ഞാൻ വന്നപ്പോൾ കാണുന്നത് അമ്മച്ചിയെ കൊന്നിട്ട്
അവളുടെ കഴുത്തിലെ സ്വർണ്ണമാല പൊട്ടിച്ചു കൊണ്ടുപോകുന്ന, ഒരാളെയാണ്…. നമ്മുടെ വീടിന് അരികിൽ തന്നെ ഉള്ള ഒരു ചെറുക്കൻ.. കഞ്ചാവും മയക്ക മരുന്നും എല്ലാം ഉപയോഗിച്ച്, ബോധം പോലും ഇല്ലാത്ത ഒരുവൻ..
അവനെ കയറി പിടിക്കാൻ നേരം അവൻ എന്നെയും വെട്ടി… പക്ഷേ ഭാഗ്യത്തിന് ഞാൻ രക്ഷപ്പെട്ടു. അവനപ്പോഴേക്കും വെട്ടുകത്തി അവിടെയിട്ടു.. ഞാൻ അതെടുത്ത് അവന് പുറകെ പാഞ്ഞു… പക്ഷേ അപ്പോഴാണ് നിന്റെ അമ്മയിൽ നിന്ന് ചെറിയൊരു ഞരക്കം ഞാൻ കേട്ടത്..
അതോടെ അവനെ വിട്ട് ഞാൻ നിന്റെ അമ്മയുടെ അരികിലേക്ക് എത്തി…
അവളെ എങ്ങനെയെങ്കിലും രക്ഷിക്കാൻ ആയിരുന്നു എന്റെ ശ്രമം പക്ഷേ അപ്പോഴേക്കും ആളുകൾ ഓടിയെത്തി..!!
അവർ ഞാനാണ് ചെയ്തത് എന്ന് പറഞ്ഞു തെളിവിനായി എന്റെ കയ്യിൽ ചോരപുരണ്ട വെട്ടുകത്തിയും.
എന്നെ എവിടെയും പോകാതെ പിടിച്ചുവെക്കാൻ ആയിരുന്നു അവർക്ക് ദൃതി അപ്പോഴേക്കും നിന്റെ അമ്മ..
കരഞ്ഞു പറഞ്ഞു നോക്കി ഞാൻ അല്ല എന്ന് പോലീസുകാർ വന്നപ്പോഴും അവർക്ക് കിട്ടിയത് എന്റെ വിരലടയാളം ആയിരുന്നു അവളുടെ ദേഹത്തും ആയുധത്തിലും എല്ലാം അങ്ങനെ ഞാൻ കുറ്റക്കാരനായി..
ഇത്തവണ വന്നത് നിന്നെ ഒന്ന് കാണണം ഈ ലോകത്ത് ആര് ഞാനത് ചെയ്തു എന്ന് വിശ്വസിച്ചാലും എനിക്ക് കുഴപ്പമില്ല പക്ഷേ എന്റെ മോള് മാത്രം സത്യങ്ങൾ അറിയണം.
പിന്നെ ഇപ്പോൾ സമൂഹത്തിൽ മാന്യമായി ജീവിക്കുന്ന എന്റെ ജീവിതം തന്നെ ഇല്ലാതാക്കിയവനെ തീർക്കണം!!””
അതും പറഞ്ഞ് കുറെ പണം എന്റെ കയ്യിലേക്ക് വച്ച് തന്ന് അച്ഛൻ അവിടെ നിന്നുപോയി എന്തുവേണമെന്ന് പോലും അറിയാതെ ഞാൻ നിന്നു..
അച്ഛനെ ഒന്ന് തടയാൻ പോലും ഉള്ള ബോധം ആ സമയത്ത് എനിക്ക് ഉണ്ടായിരുന്നില്ല..
ഞാൻ വേഗം വല്യപ്പച്ചന് അരികിലേക്ക് പോയി ഉണ്ടായതെല്ലാം പറഞ്ഞു.
ഞങ്ങളെല്ലാവരും ചേർന്ന് അച്ഛനെ തിരഞ്ഞ് ഇറങ്ങി പക്ഷേ അന്നേരം അറിയാൻ കഴിഞ്ഞത്, ഞങ്ങളുടെ തൊട്ടരികിൽ തന്നെയുള്ള സ്കൂൾ മാഷേ അച്ഛൻ വെട്ടിക്കൊലപ്പെടുത്തി എന്നതായിരുന്നു..
അയാൾ ആയിരുന്നു എന്റെ അമ്മയെ അന്ന് കൊന്നത് എന്ന് എനിക്ക് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല മാന്യതയുടെ മുഖംമൂടിയും അണിഞ്ഞ് എല്ലാവർക്കും ഇടയിലും അയാൾ കഴിയുകയായിരുന്നു…
തിരികെ ജയിലിലേക്ക് തന്നെ പോകുമ്പോൾ അച്ഛനെ കാണാൻ ഞാൻ ചെന്നിരുന്നു അച്ഛൻ എന്റെ അരികിലേക്ക് വന്നു.
“”” ഇനിയൊരിക്കലും എന്റെ കുഞ്ഞാറ്റയെ എനിക്ക് കാണാൻ കഴിഞ്ഞില്ല എന്ന് വരും മോള് സങ്കടപ്പെടരുത്!!! നിന്റെ അമ്മച്ചിയേ നമുക്ക് നഷ്ടപ്പെടുത്തിയവനെ ഞാൻ ഇല്ലാതാക്കി അവൻ ഇപ്പോൾ ഈ ലോകത്തില്ല ഇനി എനിക്ക് സന്തോഷത്തോടെ തൂക്കുകയർ സ്വീകരിക്കാം!!””
അതും പറഞ്ഞ് നടന്നു പോകുന്ന അച്ഛനെ ഞാൻ സങ്കടത്തോടെ നോക്കി നിന്നു.
ആരുടെയൊക്കെയോ ചെയ്തികളിൽ നശിച്ചുപോയ ഞങ്ങളുടെ ജീവിതം ഓർത്ത് ഒരു അലറി കരച്ചിൽ എന്റെ തൊണ്ട കുഴിയിൽ അന്നേരം വന്നു നിന്നിരുന്നു..