കാമുകിയുടെ ചേച്ചിയുടെ കല്യാണത്തിന് പോകുമ്പോൾ ഇടാൻ ഒരു ജീൻസ് പോലും ഇല്ലാത്ത കാരണത്താൽ അവനാ കല്യാണമേ

ദൃതി
രചന: Rivin Lal

എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അപ്പുവിന് സ്വന്തമായി ഒരു സൈക്കിൾ വേണം എന്ന ആഗ്രഹം വന്നത്. വീട്ടിൽ ആ ആഗ്രഹം പറഞ്ഞപ്പോൾ ഇപ്പോൾ പഠിപ്പിക്കാൻ തന്നെ പൈസയില്ല, അതോണ്ട് സൈക്കിളൊക്കെ

വലുതാവുമ്പോൾ വാങ്ങിക്കോ എന്നായിരുന്നു അമ്മയുടെ മറുപടി. കൂലി പണിക്കാരനായ അച്ഛന്റെ കയ്യിൽ പൈസ ഇല്ലാഞ്ഞിട്ടാണ് വാങ്ങാത്തത് എന്ന സത്യം അവൻ പിന്നീടാണ് മനസിലാക്കിയത്.

പക്ഷേ സൈക്കിൾ എന്ന ആഗ്രഹം അവന്റെ മനസിനെ വല്ലാതെ ഉലച്ചു. കൂട്ടുകാരന്റെ പുതിയ സൈക്കിൾ ഒരു റൗണ്ട് മേടിച്ചു ഓടിക്കുമ്പോൾ അറിയാതെയൊന്നു സൈക്കിളുമായി അവൻ വീണു.

അത് കണ്ട കൂട്ടുകാരന്റെ അമ്മ പറഞ്ഞു “അപ്പൂ.. മേലാൽ എന്റെ മോന്റെ സൈക്കിളിൽ നീ കയറി പോകരുത്..!” ആ വാക്കുകൾ ഒരു തീച്ചൂളയായാണ് അപ്പുവിന്റെ മനസ്സിലേക്ക് വീണു പതിച്ചത്.

ഓല മേഞ്ഞ വീട്ടിൽ നിന്നും സൈക്കിൾ എന്ന ആഗ്രഹം നിറവേറ്റാനായി അവൻ രാവിലെ പത്രമിടാനും പാൽ ഇടാനും അപ്പുറത്തെ വീട്ടിലെ ദാസേട്ടന്റെ വലിയ സൈക്കിളുമായി പുലർച്ചെ പോവാൻ തുടങ്ങി. മനസ്സിൽ ഒരൊറ്റ ലക്ഷ്യം മാത്രം “സൈക്കിൾ”.

ആ പ്രായത്തിൽ അവനെ ജോലിക്ക് വിടാൻ വീട്ടുകാർക്ക് താല്പര്യം ഇല്ലാഞ്ഞിട്ടു പോലും അവന്റെ വാശിക്കു മുൻപിൽ അവർക്കു നിന്ന് കൊടുക്കേണ്ടി വന്നു. തുലാ വർഷത്തെ പെരും മഴയത്തും ലക്ഷ്യം മുൻപിൽ കണ്ടു അവൻ ജോലി

തുടർന്നു. പുലർച്ചെ ഓരോ ഇടിയും മിന്നലും വരുമ്പോളും അവന്റെ അമ്മ അവന് വേണ്ടി പ്രാർത്ഥിക്കും “ന്റെ കുട്ടിയെ കാത്തോളണേ” എന്ന്.

ആറു മാസം കഴിഞ്ഞതോടെ അവന്റെ കയ്യിൽ ചെറിയൊരു തുക വന്നു. പുതിയ സൈക്കിൾ വാങ്ങാൻ പൈസ തികയാത്തതു കൊണ്ട് കയ്യിലുണ്ടായിരുന്ന നാനൂറു രൂപയ്ക്കു അവനൊരു സെക്കന്റ്‌ ഹാൻഡ് സൈക്കിൾ വാങ്ങി.

അന്നത്തോടെ പുലർച്ചെയുള്ള ആ ജോലിയും അവൻ നിർത്തി. ആ സൈക്കിളിനെ കുളിപ്പിച്ച് ചെറിയ പെയിന്റ് ടച്ചപ്പും നടത്തി അതുമായി ആദ്യമായി സ്കൂളിൽ പോകുമ്പോൾ അവന്റെ മനസ്സിൽ ലോകം കീഴടക്കിയ സന്തോഷമായിരുന്നു. കൂടെ തന്റെ

ആദ്യത്തെ സമ്പാദ്യം കൊണ്ടു മേടിച്ച സൈക്കിൾ എന്ന സംതൃപ്തിയും. പിന്നീടുള്ള രണ്ടു വർഷം അവൻ ആ സൈക്കിളുമായി സന്തോഷത്തോടെ നീക്കി.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മൈസൂർക്കു എല്ലാരും ടൂർ പോയപ്പോൾ പണം അന്നും അവന്റെ മുന്നിൽ തടസ്സമായി നിന്നു. അടുത്ത ക്ലാസ്സിലെ തന്റെ കാമുകി കൂടി ടൂറിനു പോകുകയാണെന്ന് അറിഞ്ഞപ്പോൾ

അവൻ ശരിക്കും തകർന്നു പോയി. ടൂർ പോകാൻ കഴിയാത്ത സങ്കടത്തെ ചൊല്ലി അന്ന് വീട്ടിൽ വഴക്കുണ്ടാക്കി അവൻ നിറ കണ്ണീരോടെയാണ് ആ രാത്രി ഉറങ്ങിയത്.

പത്താം ക്ലാസ്സ്‌ കഴിയാനായപ്പോൾ കാമുകിയുടെ ചേച്ചിയുടെ കല്യാണത്തിന് പോകുമ്പോൾ ഇടാൻ ഒരു ജീൻസ് പോലും ഇല്ലാത്ത കാരണത്താൽ അവനാ കല്യാണമേ പങ്കെടുക്കണ്ട എന്ന് തീരുമാനിച്ചു. അന്ന് കൂട്ടുകാരെല്ലാവരും ആ കല്യാണം അടിച്ചു പൊളിച്ചപ്പോളും അവൻ മനസ്സിൽ പറഞ്ഞു “എന്റെ ദിവസവും വരും…!””

പത്താം ക്ലാസ്സ്‌ നല്ല മാർക്കോടെ പാസ്സ് ആയപ്പോളാണ് പ്ലസ് വണ്ണിന് ചേരാൻ വീണ്ടും പൈസയില്ല എന്ന അവസ്ഥ വന്നത്. അഡ്മിഷന്റെ സമയത്തു അടുത്ത വീട്ടിലെ കൂട്ടുകാരന്റെ ഉമ്മ വിളിച്ചിട്ടു അപ്പുവിന്റെ കയ്യിൽ അഡ്മിഷൻ ഫീസ്

2500 രൂപ കൊടുത്തത് ഇന്നും അവന് ഓർമ്മയുണ്ട്. പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയപ്പോളാണ് എഞ്ചിനീയറിംഗ് എന്ന സ്വപ്നം മനസ്സിൽ കടന്നു കൂടിയത്.

എഞ്ചിനീയറിംഗിന് ചേരാം എന്ന് കരുതിയപ്പോളാണ് ചേച്ചിയുടെ വിവാഹം നടക്കുന്നത്. ആകെ ഉണ്ടായിരുന്ന പറമ്പ് വിറ്റ പൈസയും വീടിന്റെ ആധാരം ബാങ്കിൽ പണയം വെച്ച പൈസ കൊണ്ടും അച്ഛൻ നല്ല രീതിയിൽ ചേച്ചിയെ

കെട്ടിച്ചയച്ചു. അളിയൻ അവളുടെ എല്ലാ കാര്യത്തിലും സപ്പോർട്ടായ ആളായത് കൊണ്ടു കല്യാണത്തിന് ശേഷം അവളുടെ പി.ജിയും ബി.എഡും പൂർത്തിയാക്കാൻ അളിയൻ സഹായിച്ചു. പഠിത്തം കഴിഞ്ഞു ഒരു സ്കൂളിൽ ടീച്ചറായി ജോലി കിട്ടിയിട്ടാണ് ആദ്യത്തെ കുഞ്ഞു അവർക്കു ജനിക്കുന്നത്.

അപ്പോളും അപ്പുവിന്റെ എഞ്ചിനീയറിംഗ് സ്വപ്നം പൂർത്തിയായിരുന്നില്ല. പ്ലസ് ടു കഴിഞ്ഞു ഒരു വർഷം അവൻ എൻട്രൻസ് കോച്ചിങ്ങിനു പോയി. കോച്ചിംഗ് ഫീസ് അടയ്ക്കാൻ പാർട്ട്‌ ടൈമായി പെയിന്റ് പണിക്കും, സൂപ്പർ മാർക്കറ്റിലെ സെയിൽസ്മാന്റെ ജോലിക്കും പോയി. പഠിച്ച സ്കൂൾ പെയിന്റ് അടിക്കാൻ

പോയപ്പോൾ പഠിപ്പിച്ച ടീച്ചറെ കാണാതിരിക്കാൻ അവൻ മുഖം ടവൽ കൊണ്ടു മറച്ചിരുന്നു. എങ്കിലും ഏണിയിൽ നിന്നും സ്കൂളിന്റെ ചുമരുകൾ പെയിന്റ് അടിക്കുന്ന അവനെ കാണുമ്പോൾ പഠിപ്പിച്ച ടീച്ചർമാർ അവന്റെയാ കണ്ണുകളിലേക്ക് തുറിച്ചു നോക്കും,

എവിടെയോ കണ്ടു മറന്ന മുഖം എന്ന മട്ടിൽ. അപ്പോൾ അവൻ മുഖം തിരിച്ചു വീണ്ടും ജോലിയിൽ മുഴുകും. ക്ലാസിൽ ടോപ്പർ ആയിട്ടും തുടർ പഠനം എവിടെയും ഇത് വരെ എത്തിയില്ല എന്ന ചിന്ത അവന്റെ മനസാക്ഷിയെ വേദനിപ്പിച്ചിരുന്നു. എന്നിട്ടും പണം തികയാതെ വന്നപ്പോൾ ഒരു തുണി

ഷോപ്പിൽ സെയിൽസ് മാനായി അവൻ വീണ്ടും ജോലിയ്ക്ക് പോയി. അവിടുന്ന് സ്റ്റാഫിന് ഫ്രീയായി കിട്ടുന്ന ലാസ്റ്റ് പീസ് തുണിത്തരങ്ങൾ തയ്‌പ്പിച്ചു അവൻ കോളേജിലേക്കുള്ള വസ്ത്രങ്ങൾ തയ്യാറാക്കി. ചെയ്യുന്ന ജോലിയിൽ നിന്നൊക്കെ കിട്ടുന്ന തുച്ഛമായ വരുമാനം

അവൻ കോളേജിൽ ചേരാനായി സ്വരൂപിച്ചു വെച്ചു. ആ സമ്പാദ്യത്തിനിടയിലും തന്റെ ആദ്യത്തെ ഫോണായ നോക്കിയ 1110 അവൻ സ്വന്തമാക്കാൻ മറന്നില്ല.

ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം അപ്പു എൻട്രൻസ് എഴുതി. റിസൾട്ട്‌ വന്നപ്പോൾ നല്ല റാങ്ക് തന്നെ കിട്ടി. കേരളത്തിലെ ഏറ്റവും നല്ല കോളേജിൽ അഡ്മിഷൻ കിട്ടിയപ്പോൾ അവനൊരുപാടു സന്തോഷിച്ചു. എഡ്യൂക്കേഷൻ ലോൺ എടുത്ത്

പഠിക്കാൻ തീരുമാനിച്ചു. കഷ്ടപ്പാടിന്റെ വില അറിഞ്ഞത് കൊണ്ടു ഒരു പൊല്ലാപ്പിനും പോകാതെ അവൻ നന്നായി തന്നെ പഠിച്ചു. മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബാച്ചിലെ ടോപ്പർ ആയി മുന്നേറി ഓരോ സെമസ്റ്ററും പൂർത്തിയാക്കുമ്പോളാണ് അവസാന വർഷത്തെ ഓണത്തിന്റെ ലീവിന് അവൻ നാട്ടിൽ വന്നത്.

നാട്ടിൽ ഓണാഘോഷമെല്ലാം അടിച്ചു പൊളിച്ചു തിരിച്ചു പോകുമ്പോൾ അവന്റെ ചേച്ചി അവന്റെ കയ്യിൽ ഒരു 1000 രൂപ മടക്കി കൊടുത്തു, എന്നിട്ടു പറഞ്ഞു “നിന്റെ കുറേ കാലമായുള്ള ഒരു ആഗ്രഹമല്ലേ നല്ലൊരു റൗണ്ട് നെക്ക് ബ്രാൻഡഡ് ടി ഷർട്ട്‌ വാങ്ങുക എന്നത്.

ഇപ്പോൾ നീ ഇടുന്നതൊക്കെ പഴകി നരച്ച ഷർട്ടുകൾ അല്ലേ. ഇത് ഞാൻ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കിട്ടിയ പൈസയാണ്. അച്ഛന്റെൽ ഇപ്പോളും പൈസയുണ്ടാവില്ല. പാവം മനുഷ്യൻ, അച്ഛനിനി വയ്യാ ജോലിക്ക് പോവാൻ. നിന്റെ പഠിത്തം

കഴിയുന്നവരെ അച്ഛൻ വയ്യാണ്ടെയാണ് ജോലിക്ക് പോകുന്നത്. നിന്റെയീ ചെറിയ ആഗ്രഹം ഞാൻ കാരണം നടക്കട്ടെ. നല്ലൊരു കുപ്പായം തന്നെ വാങ്ങിക്കോ. കോളേജിൽ പോകുമ്പോൾ ഒന്നിനും ഒരു കുറവ് വരുത്തണ്ട”.

ആ പൈസ വാങ്ങുമ്പോൾ അവന്റെ കണ്ണുകൾ നിറയുണ്ടായിരുന്നു. വെക്കേഷൻ കഴിഞ്ഞു ഹോസ്റ്റലിലേക്ക് അവൻ തിരിച്ചു പോകുമ്പോൾ ആ 1000 രൂപ കൊണ്ടു വാങ്ങിയ ഓണക്കോടി റൗണ്ട് നെക്ക് ടി-ഷർട്ടുമിട്ടു നിറ കണ്ണീരോടെ അവൻ ആ വീടിന്റെ പടിയിറങ്ങി.

അവസാന വർഷം ക്യാമ്പസ്‌ ഇന്റർവ്യൂനു ഏറ്റവും നല്ല കമ്പനിയിൽ ജോലി കിട്ടി സെലക്ട്‌ ആയപ്പോൾ അവൻ ആദ്യം അറിയിച്ചത് ചേച്ചിയെ ആയിരുന്നു. ജോലി കിട്ടിയ ആ വാർത്ത കേട്ടപ്പോൾ അച്ഛന്റെ കണ്ണുകളും അറിയാതെ നിറഞ്ഞു.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കോഴ്സ് കഴിഞ്ഞ ഉടനെ അപ്പു പൂനെയിൽ ജോലിക്ക് കയറി, മൂന്ന് വർഷം കഴിയുന്ന മുൻപേ ബാങ്കിലെ ലോൺ എല്ലാം വീട്ടി വീടിന്റെ ആധാരം തിരിച്ചെടുത്തു. വിദേശത്തേക്കു നല്ലൊരു ജോലി അവസരം വന്നപ്പോൾ അവൻ ഒന്നും നോക്കാതെ പറന്നു.

പിന്നെ അപ്പുവിന്റെ വളർച്ച വേഗത്തിലായിരുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ പുതിയ വീട് വെച്ചു, കാർ വാങ്ങി, അച്ഛനൊരു പുതിയ സ്കൂട്ടർ വാങ്ങി കൊടുത്തു.

ഒരിക്കൽ ലീവിന് നാട്ടിൽ വന്നപ്പോൾ അമ്മ പറഞ്ഞു “ഇനി വൈകണ്ട. നിനക്ക് പറ്റിയ ഒരു കുട്ടിയെ വേഗം നല്ലൊരു കുടുംബത്തിൽ നിന്നും കണ്ടു പിടിക്കണം…!”

അവനത് കേട്ടപ്പോൾ പറഞ്ഞു “വേണ്ട അമ്മേ … പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒന്നുമില്ലായ്‍മയിൽ എന്നെ ഇഷ്ടപ്പെട്ടൊരു പെൺകുട്ടിയുണ്ട്. ദൃതി ദേവ എന്നാണവളുടെ പേര്. വർഷമിപ്പോൾ പന്ത്രണ്ട് കഴിഞ്ഞു. ഇക്കാലമത്രയും മറ്റൊരാളെ മനസ്സിൽ പോലും ചിന്ദിക്കാതെ അവളെനിക്ക് വേണ്ടി കാത്തിരുന്നു. അവളെയല്ലാതെ വേറെ ആരെയും എനിക്ക് സ്വന്തമാക്കണ്ട..!”

“മോനേ പക്ഷേ… ഇപ്പോൾ നാട്ടിൽ നിനക്കൊരു നിലയും വിലയുമൊക്കെയില്ലേ.. ഒന്നിനും ഒരു കുറവുമില്ല.. അപ്പോൾ അതിന് ചേർന്ന നല്ല സാമ്പത്തികമുള്ള വീട്ടിൽ നിന്നും നമുക്ക് വേറെ നല്ല ആലോചനകൾ വരും. അത് നോക്കുകയല്ലേ നല്ലത്.? അമ്മ നിന്റെ നന്മയ്ക്കായാണ് ഈ പറയുന്നത്..?”

“അമ്മേ.. ശരിയാണ്.. നമുക്കൊരു ദാരിദ്ര്യത്തിന്റെ പഴയ കാലം ഉണ്ടായിരുന്നു.. ഒരു നാനൂറു രൂപയുടെ സെക്കന്റ്‌ ഹാൻഡ് സൈക്കിൾ വാങ്ങാൻ കഴിയാത്ത, എനിക്കിടാൻ ഒരു നല്ല ടി-ഷർട്ടോ, ജീൻസോ, സ്കൂൾ ഗ്രൂപ്പ്‌ ഫോട്ടോ പോലും വാങ്ങാൻ കഴിവില്ലാത്ത ഒരു കാലമുണ്ടായിരുന്നു.

അതെല്ലാം കഴിഞ്ഞു എന്ന് മുതലാണ് നമുക്ക് പണം ഉണ്ടായത്..? എനിക്ക് ജോലി കിട്ടി ഞാൻ വിദേശത്ത് പോയതോടെയല്ലേ നമ്മൾ പച്ച പിടിച്ചേ..? പണ പെരുപ്പം നോക്കിട്ടിയിട്ടല്ലമ്മേ ഒരു പെണ്ണിന്റെ സ്നേഹം അളക്കേണ്ടത്. നമുക്ക് പണം ഇല്ലാത്തപ്പോളും കൂടെ

നിൽക്കാനുള്ള അവളുടെ മനസ്സിനെയാണ് അമ്മ തിരിച്ചറിയേണ്ടത്. അത് കൊണ്ടു അമ്മ എന്ത് പറഞ്ഞാലും ശരി, അവളെ ആർക്കു വേണ്ടിയും ഉപേക്ഷിക്കാൻ ഞാൻ ഒരിക്കലും തയ്യാറല്ല. ഇതെന്റെ ഉറച്ച തീരുമാനമാണ്..!”

അവന്റെയാ തീരുമാനത്തിൽ അമ്മയ്ക്ക് സമ്മതം മൂളേണ്ടി വന്നു.
അധികം താമസിയാതെ രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ആ കല്യാണം മംഗളമായി നടന്നു.

വിവാഹം കഴിഞ്ഞു ആദ്യരാത്രി അവന്റെ നെഞ്ചോടു ചേർന്ന് കിടക്കുമ്പോൾ അവൾ ചോദിച്ചു “എന്നേക്കാൾ എത്രയോ നല്ല പെൺകുട്ടികളെ അപ്പുവേട്ടന് ഇപ്പോൾ കിട്ടുമായിരുന്നു, എന്നിട്ടും എന്തെ എന്നെ തന്നെ കെട്ടിയെ..?”

അവൻ അവളുടെ തല മുടിയിൽ മെല്ലെ തലോടി കൊണ്ടു പറഞ്ഞു “ഒരു വജ്രത്തിന്റെ മേൽ അല്പം പൊടി വന്നു വീണു എന്ന് കരുതി അതൊരിക്കലും വജ്രമാവാതിരിക്കില്ല. അത് കൊണ്ടു ഈ വജ്രത്തെ ഒരിക്കലും ഉപേക്ഷിക്കാൻ എന്റെ മനസാക്ഷി അനുവദിച്ചില്ല”.

അത് കേൾക്കുമ്പോളേക്കും അവളുടെ കണ്ണിൽ നിന്നും പൊടിഞ്ഞ ചുടു കണ്ണുനീർ അവന്റെ നെഞ്ചിലെ രോമങ്ങളെ നനച്ചു തുടങ്ങിയിരുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *