മരുമകളെപ്പോലെ ദയവില്ലാത്തവരല്ല.സ്വന്തം അമ്മയേപ്പോലെ ഭർത്താവിന്റെ അമ്മയെ നോക്കുന്നവരുമുണ്ട്.

കർബന്ധങ്ങളിലൂടെ
(രചന: Saritha Sunil)

“അവളിപ്പോൾ എന്തു ചെയ്യുകയാവും”.വൃദ്ധ സദനത്തിനു പുറത്തെ ബെഞ്ചിലിരുന്ന് ഗോവിന്ദൻ നായർ ചിന്തിച്ചു.കണ്ണാടിയെടുത്ത് തുടച്ചു വൃത്തിയാക്കി തിരികെ മുഖത്തേക്കു വച്ചു.

ഇവിടെയെത്തുന്നതിനു മുമ്പ് ഒരിക്കൽ പോലും പിരിഞ്ഞിരുന്നിട്ടേയില്ല.അച്ഛനെയും അമ്മയേയും ഒരിക്കലും പിരിക്കില്ലന്നു വാക്കു നൽകിയ ഏക മകൻ.അവനാണ് അച്ഛനെ വൃദ്ധ സദനത്തിലും അമ്മയെ വീട്ടിലും നിർത്തിയത്.

അതിനവർ വീട്ടിലെ സൗകര്യക്കുറവ് എന്നൊരു വെറും ന്യായം കണ്ടു പിടിച്ചു.വീട്ടുകാരറിയാതെ ഒരു പെൺകുട്ടിയെ സ്നേഹിച്ചു വിളിച്ചുകൊണ്ടു വന്നതായിരുന്നു മകൻ.അതിനു ശേഷം അവന്റെ സ്വഭാവം പാടെ മാറി.കാശിനോടു മാത്രമേ അവർക്കു രണ്ടാൾക്കും സ്നേഹമുള്ളൂ.

അയാൾ ഫോണെടുത്തു ഭാര്യയെ വിളിച്ചു.”ഹലോ.”..മറുതലയ്ക്കൽ ആ ശബ്ദം കേട്ടതും സന്തോഷത്താൽ ഗോവിന്ദൻ നായരുടെ ശബ്ദം പുറത്തേക്കു വന്നില്ല.

“നീ എവിടെയാ സുമിത്രേ “? വല്ലപാടും അയാൾ ചോദിച്ചു.”ഞങ്ങളൊരു അമ്പലത്തിൽ പോകുകയാ.എവിടാന്ന് എനിക്കറിയില്ല.വന്നിട്ടു വിളിക്കാം”.മകനത് ഇഷ്ടമല്ലെന്ന് അറിയാവുന്ന സുമിത്രാമ്മ കോൾ കട്ടാക്കി.

കൺകോണിലൂടെ ഒഴുകിയിറങ്ങിയ തുള്ളികളെ അവർ തുടച്ചു മാറ്റി.അമ്പല നടയിൽ തൊഴുതു തിരിഞ്ഞു നോക്കിയപ്പോൾ മകനെ കാണാനില്ല.പഴ്സിൽ നോക്കിയപ്പോൾ മൊബൈലും കാണുന്നില്ല.അവർ ആകെ പരിഭ്രമിച്ചു.അടുത്തു നിന്നവരോടൊക്കെ അന്വേഷിച്ചു.

അവർ അമ്പലക്കമ്മറ്റി ആഫിസിൽ സുമിത്രാമ്മയെ എത്തിച്ചു.ഒരുപാട് അന്വേഷിച്ചിട്ടും മകനെ കാണുന്നില്ല.അതോടെ അവർ തിരിച്ചറിഞ്ഞു സൂത്രത്തിൽ മകൻ തന്നെ ഒഴിവാക്കിയതാണെന്ന്.

ആ സമയത്താണ് അനന്തു അമ്പലത്തിൽ തൊഴുതിട്ട് അതു വഴി വന്നത്.ഒരു പ്രൈവറ്റ് കമ്പനിയിലാണ് അവനു ജോലി.സുമിത്രാമ്മയുടെ വേവലാതി കണ്ട് അനന്തു കാര്യമന്വേഷിച്ചു.ഏങ്ങലടി കാരണം അവർക്കൊന്നും പറയാൻ കഴിഞ്ഞില്ല.അവരുടെ ശരീരം തളർന്നു പോവുകയായിരുന്നു.

അനന്തു അവരെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.അവിടെ അവന്റെ അമ്മയുണ്ടായിരുന്നു.

“സുമിത്രേ നീയോ”…..സുമിത്രാമ്മയെ കണ്ടതും അവർ അത്ഭുതത്തോടെ വിളിച്ചു.”നീ ഇതെങ്ങനാ അനന്തുവിന്റെ കൂടെ” ?

അനന്തു അമ്മയോട് കാര്യം പറഞ്ഞു.അനന്തുവിന്റെ അമ്മ ദേവികയും സുമിത്രാമ്മയും ഒരുമിച്ചു സ്കൂളിൽ പഠിച്ചവരായിരുന്നു.

അവർ സുമിത്രാമ്മയെ സമാധാനിപ്പിച്ചു.കുറേ നേരത്തിനു ശേഷം സങ്കടത്തോടെ സുമിത്രാമ്മ സംസാരിച്ചു തുടങ്ങി.

ഒരു തയ്യൽ കട നടത്തി മകനെ വളർത്തിയതും വയസ്സായപ്പോൾ കട മതിയാക്കി വീട്ടിലിരുന്നപ്പോൾ മകനും ഭാര്യക്കും ഭാരമായതും അച്ഛനെ വൃദ്ധ സദനത്തിലാക്കിയതുമെല്ലാം അവർ പറഞ്ഞുകൊണ്ടേയിരുന്നു.

കുറച്ചു ദിവസം മുമ്പു വരെ വീട്ടിലെ ജോലികളെല്ലാം ചെയ്തിരുന്നു.പെട്ടെന്ന് ഒരു ദിവസം തളർച്ച കൂടി വീണു.

അതിനു ശേഷം വലിയ ജോലികളൊന്നും ചെയ്യാൻ വയ്യ അതോടെയാവും അമ്മയെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നവർ പറഞ്ഞു.വൃദ്ധ സദനത്തിലാക്കിയാൽ അവിടെ കാശടക്കേണ്ടി വരും എന്നതിനാലാകും ഇങ്ങനെ ഒഴിവാക്കിയത് എന്നവർ ചിന്തിച്ചു.

സുമിത്രാമ്മയെ കണ്ടാൽ അറിയാമായിരുന്നു അവർ സ്വന്തം വീട്ടിൽ അനുഭവിച്ച ദുരിതങ്ങൾ.

അനന്തു ഗോവിന്ദൻ നായരെ താമസിപ്പിച്ചിരിക്കുന്ന വൃദ്ധസദനത്തിന്റെ പേര് അന്വേഷിച്ചു.ആകെ പേരു മാത്രമേ അവർക്കറിയാമായിരുന്നുള്ളു.അവൻ വേഗം ഗൂഗിളിൽ തപ്പി ആ സ്ഥലം കണ്ടു പിടിച്ചു.സുമിത്രാമ്മയേം കൊണ്ട് രണ്ടാളും അവിടേക്കു പോയി.

“ഗോവിന്ദൻ നായർക്കൊരു വിസിറ്ററുണ്ട്”.അവിടുത്തെ പ്യൂൺ വന്നു പറഞ്ഞതു കേട്ട് അതിശയമായി.മകനങ്ങനെ വരാറേയില്ല.വല്ലപ്പോഴും ഇവിടുന്നു വിളിക്കുമ്പോൾ മാത്രമാണ് വരവ്.

തന്നെ കാത്തിരിക്കുന്ന ആളെ കണ്ട് അയാൾ അത്ഭുതപ്പെട്ടു.കണ്ണുകൾ നിറഞ്ഞു.രണ്ടു പേരും ഒന്നും മിണ്ടാതെ കുറേ നേരം നോക്കി നിന്നു.

“അതേയ് ഇങ്ങനെ കണ്ണിൽ കണ്ണിൽ നോക്കി നിൽക്കാനല്ല ഇവിടേക്കു വന്നത്”.അനന്തു കളിയാക്കി.അപ്പോഴാണ് അങ്ങനെ രണ്ടുപേർ അവിടെയുള്ള കാര്യം ഗോവിന്ദൻ നായർ കാണുന്നത്.പരസ്പരം പരിചയപ്പെട്ട അവർ പെട്ടെന്നു തന്നെ കൂട്ടായി.നടന്ന കാര്യങ്ങളൊക്കെ അവർ അറിയിച്ചു.ഇനി എന്തു ചെയ്യും എന്ന ചോദ്യം അവർക്കു മുന്നിൽ തെളിഞ്ഞു.

“എനിക്കിപ്പോഴും ജോലി ചെയ്യാൻ കഴിയും.ഇവിടുന്നിറങ്ങാം നമുക്ക്.ഞാൻ ജോലി ചെയ്ത് നിന്നെ സംരക്ഷിച്ചു കൊള്ളാം”.ഗോവിന്ദൻ നായർ ഭാര്യയുടെ കൈ ചേർത്തു പിടിച്ചു.അവരുടെ സ്നേഹം കണ്ടു നിന്നവരുടെ മനസ്സും കണ്ണും നിറച്ചു.

രണ്ടു ദിവസത്തേക്ക് സുമിത്രാമ്മയേം അവിടെ നിൽക്കാൻ അനുവദിച്ചു വൃദ്ധ സദനത്തിലെ മാനേജർ.പക്ഷേ തുടർന്നു നിൽക്കണമെങ്കിൽ കാശടക്കേണ്ടി വരും.എന്തെങ്കിലും വഴിയുണ്ടാക്കാം എന്നു പറഞ്ഞ് അനന്തുവും അമ്മയും പോയി.

“ദേ…കണ്ടോ ദേവികാമ്മേ ഓരോ മക്കളുടെ ചെയ്തികൾ.ഹോ….ഞാനാണേൽ എന്റമ്മയ്ക്കു വേണ്ടി മാത്രം ജീവിക്കുന്നു.ഇതുപോലൊരു പെൺകുട്ടിയാണ് എന്റെ ജീവിതത്തിലേക്കു വരുന്നതെങ്കിൽ ആകെ പ്രശ്നമാകും.

അച്ഛൻ മരിച്ചു പോയതിൽ പിന്നെ അമ്മയും ഞാനും മാത്രമുള്ള ജീവിതമല്ലേ.അതുകൊണ്ട് അമ്മയെന്നെ വിവാഹം കഴിക്കാൻ നിർബന്ധിക്കണ്ട കേട്ടോ”.

അവൻ പകുതി തമാശയായും പകുതി കാര്യമായും പറഞ്ഞു.”ഓഹ്…എല്ലാ പെൺകുട്ടികളും സുമിത്രയുടെ മരുമകളെപ്പോലെ ദയവില്ലാത്തവരല്ല.സ്വന്തം അമ്മയേപ്പോലെ ഭർത്താവിന്റെ അമ്മയെ നോക്കുന്നവരുമുണ്ട്.

അതുകൊണ്ട് എന്റെ പൊന്നു മോൻ ഒറ്റാന്തടിയായി ഇങ്ങനെ നടക്കണ്ട.വേഗം നിനക്ക് മനപ്പൊരുത്തമുള്ളൊരു പെൺകുട്ടിയെ നീ തന്നെ കണ്ടു പിടിക്ക്.നിങ്ങളാണു ജീവിക്കേണ്ടവർ.അമ്മയുടെ ഇഷ്ടത്തിനല്ല പ്രാധാന്യം”.അവർ മറുപടി പറഞ്ഞു.

ജോലി കിട്ടിയതിനു ശേഷമായിരുന്നു ദേവികയുടെ വിവാഹം.അല്പം താമസിച്ചാണ് മകൻ ജനിച്ചത്.

വൃദ്ധസദനത്തിലെ മാനേജർ സുമിത്രാമ്മയുടെ മകനെ വിളിച്ചെങ്കിലും ആ ദയവില്ലാത്ത മകൻ വരാൻ കൂട്ടാക്കിയില്ല.പകരം അച്ഛൻ ആവശ്യപ്പെട്ടതുപോലെ അവരെ അവിടെ നിന്നും പുറത്തേക്ക് വിട്ടേക്കാൻ പറഞ്ഞു.മകനുമായി ഇനി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്ന് അവർ തീരുമാനിച്ചു.

അനന്തുവും അമ്മയും എന്തു ചെയ്യാൻ കഴിയുമെന്ന ആലോചനയിലായിരുന്നു.ഒടുവിൽ അവർ പരിഹാരം കണ്ടെത്തി.

അവരുടെ വീടിനടുത്ത് ഒരു വീടു വാടകയ്ക്കെടുത്തു.അവിടേക്ക് രണ്ടാളെയും കൂട്ടിക്കൊണ്ടു വന്നൂ.സ്വന്തം മകൻ ചെയ്യാത്തത് മറ്റൊരു മകൻ ചെയ്യുന്നതു കണ്ട ആ പാവം മനുഷ്യരുടെ കണ്ണു നിറഞ്ഞു.

അനന്തു വാങ്ങി നൽകിയ തയ്യൽ മെഷീനിൽ ചെറിയ തയ്യൽ ജോലികൾ രണ്ടാളും ചെയ്തു തുടങ്ങി. ഇടയ്ക്കിടയ്ക്ക് മകനെ കുറിച്ചോർത്ത് സുമിത്രാമ്മ സങ്കടപ്പെടും.

പക്ഷേ പുകഞ്ഞകൊള്ളി പുറത്ത് എന്ന രീതിയായിരുന്നു ഗോവിനന്ദൻ നായർക്ക്.അവരെ സംരക്ഷിക്കാത്ത മകനു നൽകിയ,അവരു കഷ്ടപ്പെട്ടുണ്ടാക്കിയ വീടും പറമ്പും തിരികെ കിട്ടാൻ കേസു കൊടുത്തു.സുമിത്രാമ്മ എതിർത്തെങ്കിലും ഗോവിന്ദൻ നായർക്കു വാശിയായിരുന്നു.

അല്പം ബുദ്ധിമുട്ടിയെങ്കിലും സുമിത്രാമ്മയ്ക്കു സന്തോഷമായിരുന്നു.ഭർത്താവ് കൂടെയുണ്ടല്ലോ എന്ന ആശ്വാസം.അനന്തുവും അമ്മയും മിക്കപ്പോഴും അവിടേക്കു വരും.

അനന്തുവിന് അവരോട് എന്തോ ഒരു പ്രത്യേക സ്നേഹമായിരുന്നു.അവർ രണ്ടാളും അനന്തുവിൽ നിന്നും മകന്റെ സ്നേഹം അനുഭവിക്കാൻ തുടങ്ങി.

ചില ബന്ധങ്ങൾ ഇങ്ങനെയാണ്, ജന്മബന്ധങ്ങളേക്കാൾ കൂടുതൽ കർമ്മ ബന്ധങ്ങളുള്ളവർ.

Leave a Reply

Your email address will not be published. Required fields are marked *