അകലങ്ങളിൽ അടുക്കുന്നവർ
(രചന: Sebin Boss J)
”’ എബിയും രേഷ്മയും പിരിഞ്ഞു കൃഷ്ണേട്ടാ . എബി ഇപ്പോൾ വിളിച്ചിട്ടുണ്ടായിരുന്നു ”
ഉമ്മറത്തെ ചാരുകസേരയിലിരുന്ന് പത്രം വായിക്കുന്ന ഭർത്താവിന്റെ കയ്യിലേക്ക് ചായഗ്ലാസ് നീട്ടിക്കൊണ്ട് ശശികല പറഞ്ഞു .
” താമസിച്ചുപോയോന്ന് സംശയം ”
ചരമകോളത്തിലെ ചിത്രങ്ങളിൽ പരിചിതമായ മുഖങ്ങളുണ്ടോയെന്ന് നോക്കിക്കൊണ്ട് മുഖമുയർത്താതെ തന്നെ കൃഷ്ണേട്ടൻ പറഞ്ഞു .
”എന്തായിത് കൃഷ്ണേട്ടാ …ഒരു കൂസലുമില്ലാതെ ? നമുക്കവർ മക്കളെപോലെയല്ലായിരുന്നോ? അവർ ചെറുപ്പമല്ലേ , കൃഷ്ണേട്ടനൊന്ന് സംസാരിച്ചുകൂടെ അവരോട് ?”
”അതുകൊണ്ടൊന്നും ഒരു കാര്യവുമുണ്ടെന്ന് തോന്നുന്നില്ല . പറഞ്ഞാൽ മനസിലാകുന്നവരോടല്ലേ സംസാരിക്കാനാകൂ ? രണ്ടാമതൊരു ചിന്തയോ, വിട്ടുവീഴ്ചകളോ ആരും ചെയ്യില്ല .
എല്ലാവർക്കും ഇപ്പോൾ അവരവരുടെ ചിന്തകളാണ് ശെരി.” ‘ കൃഷ്ണേട്ടൻ പത്രത്തിൽ നിന്ന് മുഖമുയർത്തിയതേയില്ല .” എബി പറഞ്ഞു വേറെ വാടകക്കാരെ അന്വേഷിച്ചോളാൻ . ഈ ഞായറാഴ്ച വന്നു സാധനങ്ങളൊക്കെ എടുത്തോളാമെന്ന് . രേഷ്മേടെ ഫോൺ സ്വിച്ചോഫാണ് ”’ ശശികല വ്യസനത്തോടെ രണ്ടാം നിലയിലേക്ക് നോക്കി .
രണ്ട് വർഷം മുൻപാണ് എബിയും രേഷ്മയും അവരുടെ രണ്ടാം നിലയിൽ വാടകക്ക് താമസത്തിന് വന്നത് . എബി ഐടി പ്രൊഫഷണലാണ് . രേഷ്മ ഹൌസ് വൈഫും . കല്യാണം കഴിഞ്ഞിട്ട് നാല് വർഷത്തോളമായി .
പ്രണയവിവാഹമായിരുന്നതിനാൽ കുഞ്ഞുങ്ങളില്ലാത്ത ദുഃഖം അവരെ ബാധിച്ചിട്ടില്ലായെന്നാണ് ശശികലക്ക് ആദ്യം തോന്നിയിരുന്നത് . പിന്നെ പിന്നെ അവരുടെ സ്വകാര്യ കലഹങ്ങൾ മറ നീക്കി പുറത്തുവന്നു കൊണ്ടിരുന്നു .
” കൃഷ്ണേട്ടാ … ഒരു കണക്കിന് നമ്മൾ തന്നെയല്ലേ അവർ . നമ്മുടേതും പ്രണയവിവാഹമല്ലായിരുന്നോ ? നാൽപ്പത്തിയഞ്ച് വർഷങ്ങൾ കഴിഞ്ഞു .
ഈ കാലയളവിൽ ഒന്നോ രണ്ടോ ചെറിയ പിണക്കങ്ങൾ അല്ലാതെ എന്തേലും ഉണ്ടായിട്ടുണ്ടോ ? അതും കൃഷ്ണേട്ടന്റെ മുൻകോപം കൊണ്ടല്ലാതെ എന്റെ പക്കൽ നിന്ന് വല്ലതുമുണ്ടായിട്ടുണ്ടോ ?”’
കൃഷ്ണേട്ടൻ കണ്ണടചില്ലിനു മുകളിലൂടെ ശശികലയെ ഒന്ന് നോക്കി . എന്നിട്ടൊന്ന് പുഞ്ചിരിച്ചു .
”നോക്കണ്ട … ഞാൻ കാര്യമാ പറഞ്ഞെ . നിങ്ങളാ എബിയെ വിളിച്ചൊന്ന് സംസാരിക്ക് ”’
” കോവിഡ് നിയന്ത്രണങ്ങൾ നീക്കുവാൻ സർക്കാർ തീരുമാനം .ഹ്മ്മ് അപ്പോൾ വർക്ക് അറ്റ് ഹോം ഒക്കെ മാറി എല്ലാർക്കും ഓഫീസിൽ പോകേണ്ടി വരുമല്ലോ ശശി … ”’ പത്രത്തിലെ വാർത്തയിൽ കണ്ണോടിച്ചു കൃഷ്ണേട്ടൻ പറഞ്ഞു
” ഹ്മ്മ് ..നല്ലതല്ലേ .. എല്ലാരും വീട്ടിലിരുന്ന് മടുത്തിട്ടുണ്ടാകും . സ്കൂൾ കോളേജൊക്കെ അല്ലെങ്കിലും നേരത്തെ തന്നെ തുറന്നാരുന്നല്ലോ ” ശശികല പത്രത്തിലേക്ക് ഒന്നെത്തി നോക്കി
” ഹ്മ്മ് … വായിച്ചോ . ” കൃഷ്ണേട്ടൻ പത്രം ശശികലക്ക് കൊടുത്തിട്ട് ചായഗ്ലാസ് എടുത്തുമോത്തിക്കൊണ്ട് ഗേറ്റിന് വെളിയിലേക്ക് നോക്കി .
വലിയ ഗേറ്റിനപ്പുറം ഹൈവേയാണ് .
നഗരത്തിന്റെ തിരക്കുകൾ തുടങ്ങുകയായി .
റോഡിലൂടെ ചീറി പായുന്ന വാഹനങ്ങൾ .
എല്ലാവരും സമയമില്ലാതെ പായുകയാണ് …
ജീവിതത്തെ കൂട്ടിമുട്ടിക്കുവാനായി അശ്രാന്തം പണിയെടുക്കുന്നവർ .വർഷം നാല് കഴിഞ്ഞിരിക്കുന്നു ഈ നഗരത്തിന്റെ തിരക്കുകൾ കാണുവാൻ തുടങ്ങിയിട്ട്
ഇവിടെനിന്നും അറുപതോളം കിലോമീറ്ററകലെ അധികം വികസനം പോലുമെത്തി നോക്കാത്ത ഗ്രാമത്തിലായിരുന്നു ജനനം , ശശികലയും അവിടെയടുത്തുതന്നെ .
തറവാട്ട് വിഹിതമായി കിട്ടിയ നാലരയേക്കറിൽ ഒരു കൊച്ചുവീട് വെക്കുകയായിരുന്നു ജോലി കിട്ടിയ ഉടൻ ചെയ്തത് . ട്രാൻസ്ഫർ എവിടെയാണെങ്കിലും മാസാവസാനം വന്നുപോകുമായിരുന്നു .
വീട്ടിൽ ശശികലക്ക് കൂട്ട് അവളുടെ അമ്മയുണ്ടായിരുന്നു .പ്രണയവിവാഹമായതിനാൽ ശശികലയുടെ കുലമഹിമയും സമ്പത്തും പറഞ്ഞു തന്റെ സഹോദരങ്ങൾ ഒന്നും എത്തിനോക്കാറില്ലായിരുന്നു .
അമ്മ മരിച്ചപ്പോൾ ശശികല ആകുന്നത് പറഞ്ഞതാണ് കൂടെ വരുന്നെന്ന് . പെൻഷനാകാൻ ആറേഴ് വർഷങ്ങൾ കൂടി ഉണ്ടായിരുന്നു .
അതുവരേക്കും ക്ഷമിക്കാൻ പറഞ്ഞു . ജോലിയിൽ ലഭിച്ച ശമ്പളവും പറമ്പിലെ ആദായവുമൊക്കെ ഒക്കെ കൊണ്ട് വർഷങ്ങൾ മുൻപേ വാങ്ങിയിട്ടതാണ് ഈ സ്ഥലം .
കാലങ്ങൾ പിന്നിട്ടപ്പോൾ നഗരത്തിൽ നിന്നൽപം മാറിയുള്ള ഈ സ്ഥലത്തിന്റെ കുറച്ചുഭാഗം ഹൈവേക്കായി സർക്കാരേറ്റെടുത്തു. നഷ്ടപരിഹാരമായി കിട്ടിയ പണം കൊണ്ട് ഒരു വീട് പണിതു , മുന്നിലായി നാലഞ്ച് കടമുറികളും . എല്ലാം വാടകക്ക് കൊടുത്തിരിക്കുകയാണ് .
കോവിഡ് ആയപ്പോൾ അതിലുണ്ടായിരുന്ന ഹോട്ടൽ അടച്ചു പോയി . ഒരു ഷട്ടർ മുൻവശത്തും ബാക്കി മൂന്ന് ഷട്ടറിന്റെ വലിപ്പത്തിൽ ബാക്ക്സ്പേസും ഉള്ള നല്ലൊരു ഏരിയ ആണ് ഒഴിഞ്ഞു കിടക്കുന്നത്
” ശശീ … നീ രേഷ്മക്ക് ഒന്ന് മെസേജ് ഇട് ഇങ്ങോട്ടൊന്ന് വരാൻ . ഞാൻ എബിയെയും വിളിക്കാം ”
” ആ .. ബെസ്റ്റ് ആളിനാ മെസേജ് ഇടുന്നത് . അവൾ വാട്സപ്പൊന്നും നോക്കില്ല . ”’കൃഷ്ണേട്ടൻ ശശികലയെ നോക്കി ഒന്ന് ചിരിച്ചു ,
” നോക്കണ്ട ..ഞാൻ എല്ലാം നോക്കാറുണ്ട് ” മൊബൈൽ സ്ക്രീനിൽ ഫേസ്ബുക്ക് കാണിച്ചുകൊണ്ട് ശശികല ചിരിച്ചു .
” എന്തായാലും നീ ഒന്ന് കൂടി വിളിച്ചു നോക്ക് ”
കൃഷ്ണേട്ടൻ ഒന്ന് കൂടി ഓർമിപ്പിച്ചിട്ടാണ് വീടിന് പുറത്തേക്കിറങ്ങിയത് .
പെൻഷനായി ഇവിടെ താമസം തുടങ്ങിയതിൽ പിന്നെ വൈകുന്നേര
ങ്ങളിൽ അടുത്തുള്ള മുൻസിപ്പാലിറ്റി വക വായനശാലയിലെ പതിവ് സന്ദർശകനാണ് കൃഷ്ണേട്ടൻ .
ഏഴര എട്ടുമണിയോടെ വീട്ടുസാധനങ്ങൾ എന്തെങ്കിലും വാങ്ങാനുണ്ടെങ്കിൽ അതും വാങ്ങി തിരിച്ചെത്തും .
രണ്ടു കിലോമീറ്ററകലെ ഉള്ള മിൽമാ ബൂത്തിൽ നിന്നാണ് പതിവായി രാവിലെ പാൽ വാങ്ങാറ് . പച്ചക്കറിയും അടുത്തുള്ള ചന്തയിൽ നിന്ന് വാങ്ങിയാണ് മടക്കം .പാൽ വാങ്ങുന്നതിലുപരി അങ്ങോട്ടുമിങ്ങോട്ടുമുള്ള പ്രഭാത നടത്തമാണ് ഉദ്ദേശം.
ആ ശനിയാഴ്ച്ച വൈകുന്നേരം പതിവ് വായനശാല സന്ദർശനത്തിനിടെയാണ് എബിയും രേഷ്മയും എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ശശികല കൃഷ്ണേട്ടനെ വിളിക്കുന്നത്
” തനിച്ചാണല്ലേ വന്നത് .. നന്നായി”’ഡൈനിംഗ് ടേബിളിനീരുവശവുമിരുന്ന് ചായ കുടിക്കുന്ന എബിയെയും രേഷ്മയേയും നോക്കി വീട്ടിലെത്തിയ കൃഷ്ണേട്ടൻ പറഞ്ഞു .
” എബീ .. രേഷ്മേ … വീടിന്റെ മുകൾ നില വാടകക്ക് കൊടുക്കാൻ തീരുമാനിച്ചത് തന്നെ മക്കളില്ലാത്ത ഞങ്ങൾക്ക് ഒരു കൂട്ടാകുമല്ലോയെന്ന് കരുതിയാണ് .
അത് കൊണ്ട് തന്നെയാണ് ഫാമിലിക്കേ റെന്റിന് കൊടുക്കൂ എന്നും തീരുമാനിച്ചത് . ഞങ്ങൾ നിങ്ങളെ മക്കളായിട്ട് തന്നെയാണ് കണ്ടിരുന്നതും . അക്കാര്യത്തിൽ നിങ്ങൾക്ക് സംശയം ഒന്നുമില്ലല്ലോ ?”’
ശശികല കൊണ്ടുവന്നു കൊടുത്ത ചായ ഒരു കവിൾ കുടിച്ചിട്ട് കൃഷ്ണേട്ടൻ ഇരുവരെയും നോക്കി
”ശശിക്ക് വലിയൊരാശ്വാസമായിരുന്നു രേഷ്മയിവിടെയുള്ളത് . ദാമ്പത്യത്തിൽ പിണക്കങ്ങളും കല്ലുകടിയും ഒക്കെ ഉള്ളതാണ് .
ചെറിയ ദുർവാശികളൊക്കെ മാറ്റി പരസ്പരം വിട്ടുവീഴ്ചകളൊക്കെ ചെയ്തും ചിലതൊക്കെ കണ്ടും കേട്ടുമില്ലായെന്നു നടിച്ചും മുന്നോട്ട് പോയാല് ദാമ്പത്യം മുന്നോട്ട് പോകൂ . എന്ത് തീരുമാനിച്ചു നിങ്ങൾ എന്നിട്ട് ? പിരിയുവാൻ തന്നെയാണോ ?”’
എബിയും രേഷ്മയും മുഖം കുനിച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല .
” രണ്ടാളും തനിച്ചു വന്നതുകൊണ്ട് വീട്ടുകാരൊന്നും നിങ്ങളുടെ സ്വരച്ചേർച്ചയില്ലായ്മ അറിഞ്ഞില്ലെന്ന് മനസിലായി .
അതുകൊണ്ട് ഉള്ളിൽ പിരിയുവാനുള്ള തീരുമാനം എടുത്തിട്ടില്ലായെന്നു സാരം . ഞാനൊന്ന് പറയട്ടെ … ഇന്ന് ഇവിടെ വെച്ച് നിങ്ങൾ പുതിയൊരു ജീവിതം തുടങ്ങുന്നു .
” ഇതുവരെയുണ്ടായ പ്രശ്നങ്ങളും കലഹങ്ങളും നിങ്ങൾ മറക്കണം . വായിൽ നിന്നുതിരുന്ന വാക്കുകളും കണ്ണിലും മുഖത്തും വിരിയുന്ന അവജ്ഞയും ഇഷ്ടക്കേടും വരെ മുന്നോട്ടുള്ള ജീവിതത്തിലെ കല്ലുകടിയായി മാറാറുണ്ട് . അവയൊക്കെയും ചാരം മൂടിയിട്ട് ഒരു പുതിയ ജീവിതം ..
ഇന്ന് നിങ്ങളുടെ വിവാഹം കഴിഞ്ഞതേയുള്ളൂവെന്ന് വിചാരിക്കുക . മുകളിൽ നിങ്ങളുടെ മണിയറ ഒരുങ്ങിയിട്ടുണ്ട് ..എന്ത് പറയുന്നു ? ഒരു ചാൻസ് കൂടി നോക്കുവല്ലേ ?”’
കൃഷ്ണേട്ടൻ ഇരുവരെയും നോക്കി .പരസ്പരം നോക്കിയതല്ലാതെ അവരൊന്നും മിണ്ടിയില്ല . ശശികലയും ഉദ്വേഗത്തിലായിരുന്നു അവരെടുക്കുന്ന തീരുമാനത്തിൽ .
”എബി … നമ്മുടെ മുന്നിലെ കെട്ടിടമില്ലേ ? അവിടെ ഹോട്ടൽ നടത്തിയിരുന്നവർ ഒഴിഞ്ഞു. അവിടെയൊരു സൂപ്പർമാർക്കറ്റ് തുടങ്ങിയാലോ എന്നൊരാലോചന .
എനിക്ക് തനിച്ച് എന്തായാലും പറ്റില്ല . രേഷ്മക്ക് ഡിഗ്രിയുള്ളതല്ലേ ? നമുക്കൊന്ന് നോക്കിയാലോ”’ കൃഷ്ണേട്ടൻ രേഷ്മയെ നോക്കി .അവൾ പെട്ടന്ന് എബിയെ നോക്കിയിട്ട് ശശികലയെ നോക്കി കണ്ണ് കൊണ്ടെന്തോ പറഞ്ഞു .
” അവൾക്ക് അതൊന്നും പറ്റില്ല കൃഷ്ണേട്ടാ . നിങ്ങൾക്ക് ബുദ്ധിമുട്ടാകും അവസാനം ”
എബിയുടെ മറുപടി കേട്ടപ്പോഴാണ് രേഷ്മയുടെ ശ്വാസം നേരെ വീണത് . തന്നെ മനസിലാക്കിയല്ലോയെന്നുള്ള ഭാവത്തിൽ അവൾ എബിയെ നോക്കി പുഞ്ചിരിച്ചു
” ഒരു എംപ്ലോയി എന്ന രീതിയിൽ അല്ല എബി .. വർക്കിങ് പാർട്ണർ . ക്യാഷ് ഞാൻ ഇൻവെസ്റ്റ് ചെയ്തോളാം . എന്ന് പറഞ്ഞാൽ എനിക്കും ഇതിൽ യാതൊരു റോളുമില്ല .
ഇപ്പോൾ സ്ത്രീകളുടെ കാലമല്ലേ ? ശശിയും രേഷ്മയും കൂടി നടത്തിക്കോളും . തുടക്കത്തിൽ മാത്രം നമ്മൾ പിന്നിൽ നിന്നൊന്ന് സഹായിച്ചാൽ മാത്രം മതി . ”
”അയ്യോ ..എന്നെ കൊണ്ടൊന്നും വയ്യ , ഈ പ്രായത്തിൽ ”ശശികല രേഷ്മയുടെ കൈയ്യിൽ പിടിച്ചു ഒരു പിന്തുണക്കെന്ന പോലെ നിന്നു
” നീയല്ലേ എപ്പോഴും പറയുന്നേ ഇവിടെ ബോറടിയാണ് നാട്ടിലേക്ക് പോകാമെന്ന് . അതിനൊരു മാറ്റവുമാകും . ബിസിനസിന് അങ്ങനെ പ്രായമൊന്നുമില്ല . എന്തിനും പിന്നെ ഏതിനും ഞങ്ങളും കൂടെയുണ്ടല്ലോ ..അല്ലെ എബി ?”’
” തീർച്ചയായും കൃഷ്ണേട്ടാ . കൃഷ്ണേട്ടൻ ഉദ്ദേശിച്ചതെനിക്ക് മനസ്സിലായി . ഞാനും …സോറി ഞങ്ങളും ഇൻവെസ്റ്റ് ചെയ്യാം പാതി ”’ എബി രേഷ്മയെ നോക്കി . അവൾ നിസ്സഹായയായി ശശികലയെ നോക്കിയെങ്കിലും അവരും അതേ അവസ്ഥയിലായിരുന്നു .
” എബി … പേപ്പർ വർക്കുകൾ ഒക്കെ നാളെ തുടങ്ങാം . എബിയുടെ ജോലിക്ക് തടസ്സം വരണ്ട .അതിനൊക്കെ ഞാൻ ഉണ്ടല്ലോ . പിന്നെ ഫർണീഷിങ് ഞാനൊരാളെ ഏർപ്പാടാക്കിയിട്ടുണ്ട് . നിങ്ങളുടെ സമ്മതം കിട്ടാൻ ഇരിക്കുവാണ് അയാളോട് പറയാൻ . ”’
” പറഞ്ഞോളൂ കൃഷ്ണേട്ടാ . ആദ്യം ചെറിയ രീതിയിൽ മതി , കച്ചവടം അനുസരിച്ചു നമുക്ക് പർച്ചേസ് കൂട്ടാം ”
”അത് മതി . എന്നാൽ ശശീ … രേഷ്മയെ കൂട്ടി അത്താഴത്തിനുള്ള പണി നോക്കിക്കോ . എബിയും ഞാനും സൂപ്പർമാർക്കറ്റിന്റെ പേപ്പർ വർക്കുകളെന്തൊക്കെ എന്നൊന്ന് നോക്കട്ടെ .
പിന്നേയ് .. നാളെ മുതൽ നിങ്ങൾ രണ്ടാളും വേണം എല്ലാറ്റിനും തീരുമാനങ്ങൾ എടുക്കാൻ . ഞങ്ങൾ ചെയ്യേണ്ടത് എന്തൊക്കെ എന്ന് പറയുകയേ വേണ്ടൂ ”’
”അതെയതെ … മാസം ചെറിയൊരു ശമ്പളം തന്നാൽ മതി ”’ എബി തമാശ പോലെ പറഞ്ഞതിന് ചിരിക്കുവാനുള്ള മാനസികാവസ്ഥയിൽ അല്ലായിരുന്നു ശശികലയും രേഷ്മയും .
”’ കൃഷ്ണേട്ടൻ ഉദ്ദേശിച്ചതെന്താണെന്ന് മനസിലായി എന്ന് എബി പറഞ്ഞില്ലേ രേഷ്മേ …അതെന്താണ് ?”
അത്താഴത്തിനുള്ള പച്ചക്കറി അരിയുമ്പോൾ ശശികല ചോദിച്ചു .”ഞാനും അതാ ആലോചിച്ചത് ചേച്ചീ . എന്തെലും കുനിഷ്ട് ആകും ” രേഷ്മയും ആകെ കൺഫ്യുഷനിൽ ആയിരുന്നു .
” എന്റെ കയ്യും കാലും വിറക്കുവാ ..നിനക്ക് പറ്റില്ലാന്ന് പറഞ്ഞു കൂടാരുന്നോ “” അതിന് നാക്ക് പൊന്തീട്ടു വേണ്ടേ . ഇത് എബി അറിഞ്ഞോണ്ട് എനിക്ക് പണി തന്നതാ . കൃഷ്ണേട്ടനോട് എതിര് പറയില്ലെന്ന് അവനറിയാല്ലോ ”
” ഞാൻ ആണേൽ ഒരു പച്ചക്കറി പോലും തന്നെ പോയി വാങ്ങീട്ടില്ല . ” ശശികല വ്യസനത്തോടെ പറഞ്ഞു
”സത്യം … ഒരു ചെരിപ്പ് പോലും ഞാൻ തന്നെ പോയി വാങ്ങീട്ടില്ല. എന്തിനേറെ അണ്ടർ ഗാർമെൻറ്സ് പോലും എബിയാണ് വാങ്ങുന്നത്”
രണ്ടാളും തങ്ങളുടെ ആവലാതികളും പേടിയും പങ്കുവെച്ചു , അത്താഴം കഴിഞ്ഞു കിടക്കുമ്പോഴാണ് ശശികല കൃഷ്ണേട്ടനോട് അത് ചോദിച്ചത്
”അതേയ് … കൃഷ്ണേട്ടൻ എന്താ ഉദ്ദേശിക്കുന്നേ ?””’ഞാനെന്ത് ഉദ്ദേശിക്കാൻ ? സൂപ്പർമാർക്കറ്റിന്റെ കാര്യമാണോ ? അത് നീയും കേട്ടതല്ലേ ? നമ്മുടെ തന്നെ കെട്ടിടമല്ലേ ?, വാടക കൊടുക്കണ്ടല്ലോ . പിന്നെ ഒരു നിനക്ക് നേരമ്പോക്കുമാകും ”
” കൃഷ്ണേട്ടനും ഇപ്പൊ ഫ്രീയല്ലേ . എന്നെയെന്തിനാ ഇതിലേക്ക് വലിച്ചിഴക്കുന്നേ ?”
” വർഷങ്ങൾ ജോലി ചെയ്തതാ ഞാൻ.ഈ പെൻഷൻ എന്ന് പറയുന്നത് തന്നെ ഒരു വിശ്രമ കാലമാണ് . നമുക്കിഷ്ടമുള്ളവ ചെയ്യാനും ആസ്വദിക്കുവാനും ഉള്ള വിശ്രമ കാലം ”
”എന്നുവെച്ചാൽ ഞാനിവിടെ ചുമ്മാ ഇരിക്കുവല്ലായിരുന്നോ? എന്നെക്കൊണ്ടൊന്നും വയ്യ . രേഷ്മയെ എന്ത് കണ്ടൊണ്ടാണ് കൃഷ്ണേട്ടൻ . അവൾ തനിച്ച് മാർക്കറ്റിൽ പോലും പോയിട്ടില്ല . മൊബൈൽ ഫോൺ പോലും യഥാവിധം ഉപയോഗിക്കാനറിയില്ല ”
”അവൾ ഡിഗ്രി പാസായത് അല്ലെ ? കുറച്ചെന്തോ കമ്പ്യൂട്ടറും പഠിച്ചെന്ന് എബി പറഞ്ഞു . ബാക്കിയൊക്കെ തന്നെ പഠിച്ചോളും . വിദ്യഭ്യാസം കൊണ്ട് അടിസ്ഥാന വിവരം മാത്രമേ ലഭിക്കുന്നുള്ളൂ .
ആ അറിവ് ഒക്കെയും ഊതിക്കാച്ചി എടുക്കണം .അതിന് നമ്മൾ ഓരോന്ന് ചെയ്താൽ മാത്രമേ പറ്റൂ . എനിക്ക് വയ്യ ..എനിക്കറിയില്ല എന്ന് പറഞ്ഞിരുന്നാൽ ജീവിതകാലം മുഴുവൻ ഒന്നിനും വയ്യാതെ ഇരിക്കുകയെ പറ്റൂ ”
” എബിയെന്താ അങ്ങനെ പറഞ്ഞെ .. കൃഷ്ണേട്ടൻ ഉദേശിച്ചത് മനസിലായി എന്ന് . എന്തോ ഞങ്ങൾക്കുള്ള കുനിഷ്ട് ആണെന്ന് തോന്നുന്നു ”
”എന്ത് കുനിഷ്ട് ..എന്റെ ശശി ..നീ കിടന്നുറങ്ങാൻ നോക്ക് . പിന്നെ … ഒരു കാരണവശാലും ഇതിൽ നിന്നൊഴിയാൻ നോക്കണ്ട .
നിങ്ങൾക്ക് രണ്ടാൾക്കും തന്നെയാവും ഉത്തരവാദിത്വം . ഞാൻ ഒന്ന് വിശ്രമിക്കട്ടെ ഇനിയെങ്കിലും ”’
”ഹോ ! ഒരു വിശ്രമം ..ബാക്കിയുള്ളോർക്ക് വിശ്രമം ഒന്നും വേണ്ടല്ലോ ”പിറുപിറുത്തുകൊണ്ട് ശശികല തിരിഞ്ഞുകിടന്നു
പിറ്റേന്ന് ഷോപ്പ് ഫർണീഷിങ്ങിന് ആൾ വന്നു .
കൃഷ്ണേട്ടൻ പേപ്പർ വർക്കുകൾക്കായി പോയിരുന്നതിനാൽ ശശികലയും രേഷ്മയുമായിരുന്നു ഇന്റീരിയർ എക്സ്റ്റീരിയർ വർക്കുകൾ ചെയ്യുന്നതിനെകുറിച്ചവരോട് സംസാരിച്ചിരുന്നത്
” രേഷ്മേ … നീ എബിയോട് ചോദിച്ചോ അവനെന്താണ് ഉദ്ദേശിച്ചതെന്ന് ?”” ഇല്ല ചേച്ചീ … ഇന്നലെ ഞാനൊന്നും മിണ്ടീല്ല . അവൻ മിണ്ടട്ടെ എന്ന് കരുതി . ഒരു ചളിപ്പ് ‘
”എന്റെ പൊന്നു കൊച്ചേ .. ഇനീം തീർന്നില്ലേ നിങ്ങടെ പിണക്കം ? അവനും കൃഷ്ണേട്ടനും കൂടി ഒത്തൊണ്ട് പണി തന്നതാ ..അതുറപ്പ് . ഇന്നാ പണിക്കാര് ഓരോന്ന് ചോദിച്ചപ്പോ എന്റെ കയ്യും കാലും വിറക്കുവായിരുന്നു . ”
”നമ്മളോട് അഭിപ്രായം ചോദിച്ചിട്ടെന്ന കാര്യം .നമുക്കിതിനെക്കുറിച്ചു വല്ലതും അറിയാമോ? എബിയും കൃഷ്ണേട്ടനും അല്ലെഇതിനൊക്കെ നിക്കേണ്ടത് ? ”’അതെ ..നമുക്ക് അവരോട് പറയാം ” ശശികലയും പിന്തുണച്ചു
” അതേയ് .. എബിയോ കൃഷ്ണേട്ടനോ പണിക്കാരുണ്ടെൽ ഇവിടെ വേണം . അവരെന്തെലും ചോദിച്ചാൽ മറുപടി പറയാൻ പോലും ഞങ്ങൾക്കറിയൂല്ല ” ഊണ് കഴിച്ചിട്ട് നാലുപേരും കൂടി സൂപ്പർ മാർക്കറ്റിന്റെ കാര്യങ്ങൾ സംസാരിക്കുന്നതിനിടെയാണ് ശശികലയത് പറഞ്ഞത് .
” എന്നാലൊരു കാര്യം ചെയ്യ് . നീയും രേഷ്മയും നാളെ ഹെൽത്തിൽ ഒന്ന് പോകണം .അവരുടെ ഇൻസ്പെക്ഷൻ കഴിഞ്ഞാണ് മുനിസിപ്പാലിറ്റിയിൽ നിന്ന് അനുമതി കിട്ടൂ .
പിന്നെ ജലമലിനീകരണം , വേസ്റ്റ് നിർമ്മാർജ്ജനം … കുറച്ചുകാര്യങ്ങളുണ്ട് നിങ്ങൾ അത് ചെയ്താൽ ഞാൻ ഇവിടെ നിന്ന് കാര്യങ്ങൾ നോക്കിക്കോളാം ”
”ദേവീ …അതൊന്നും ഞങ്ങളെകൊണ്ട് പറ്റില്ല ..എബി ?”’ ശശികല എബിയെ നോക്കി .
” ശശി ..അവനൊരു ജോലിയുണ്ട് . അതിനിടയിൽ ഷോപ്പിന്റെ പേരും ബോർഡ് ഡിസൈനും മറ്റ് സൂപ്പർമാർക്കറ്റുകാരുടെ സ്റ്റോക്കും കാര്യങ്ങളുമെന്നുവേണ്ട പലതും അവൻ ചെയ്യുന്നുണ്ട് .
ജോലി കളഞ്ഞിട്ട് ഇതിനുവേണ്ടി മാറി നിൽക്കണ്ട കാര്യമില്ല . അതൊരു സ്ഥിരാവരുമാനമാണ് .
സൂപ്പർമാർക്കറ്റിൽ നിന്ന് നല്ലൊരു വരുമാനം കിട്ടുന്നുണ്ടേൽ മാത്രം ജോലി കളയുന്നതിനെ പറ്റി ചിന്തിച്ചാൽ മതി . അതും വേണ്ടെന്നേ ഞാൻ പറയൂ . ഇത് നിങ്ങൾക്ക് ചെയ്യാവുന്നതല്ലേ ഉള്ളൂ .
ഡിസൈനും മറ്റും നമ്മൾ സംസാരിച്ചതല്ലേ . അതിൽ മാറ്റങ്ങൾ വല്ലതുമുണ്ടെൽ ആണ് അവർ അഭിപ്രായം തേടുക .അപ്പോൾ നിങ്ങളുടെ അഭിപ്രായം നിങ്ങളും പറയുക ..എന്താ രേഷ്മേ ?”
കൃഷ്ണേട്ടന്റെ ചോദ്യത്തോടെ ശശികലയും രേഷ്മയും ഒന്നും പറയാതെ അവിടെ നിന്ന് മുങ്ങി .രണ്ട് മൂന്ന് മാസങ്ങൾ കഴിഞ്ഞു .
സൂപ്പർമാർക്കറ്റ് അത്യാവശ്യം നന്നായി തന്നെ പോകാൻ തുടങ്ങി .വാരാന്ത്യത്തിലുള്ള പതിവ് മീറ്റിങ്ങിലായിരുന്നു നാലുപേരും .
”എന്താ എബീ ഒരു ചിരി ?””ഹേയ് ..ഒന്നുമില്ല കൃഷ്ണേട്ടാ . അന്ന് നമ്മളാദ്യം സൂപ്പർമാർക്കറ്റിനെ കുറിച്ച് സംസാരിച്ചില്ലേ ? അന്ന് എന്റെ ഗതികേടിന് കൃഷ്ണേട്ടൻ ഉദ്ദേശിച്ചതെന്താണെന്ന് എനിക്ക് മനസിലായി എന്ന് ഞാൻ പറഞ്ഞു പോയി.
അന്ന് മുതൽ കൃഷ്ണേട്ടൻ ഉദേശിച്ചത് എന്താണെന്നും ചോദിച്ചെന്റെ കൂടിയതാ . ഇന്ന് ഞാൻ പറഞ്ഞു കൃഷ്ണേട്ടനോട് നേരിട്ട് ചോദിച്ചോളാൻ ..ഹഹഹ ”
” അയ്യോ ..കൃഷ്ണേട്ടാ ഞാൻ ചുമ്മാ …ഈ എബിടെ ഒരു കാര്യം ” രേഷ്മ അവന്റെ കൈത്തണ്ടയിൽ നുള്ളി .
” ഹഹഹ … ഇക്കാര്യം ശശിയും ചോദിക്കുമായിരുന്നു ആദ്യ സമയം ..ഇപ്പോളെന്തോ ആ ചോദ്യമില്ല ”’
” ഉവ്വാ .. ഒന്നിരിക്കാൻ പോലും സമയമില്ല .അന്നേരമാ ആവശ്യമില്ലാത്ത കാര്യങ്ങൾ ”’ ശശികല പരിഭവിച്ചു
”അതേ , ആവശ്യമില്ലാത്ത കാര്യങ്ങൾ ..അതായിരുന്നു നമ്മുടെ എല്ലാം പ്രശ്നങ്ങൾ . ആട്ടെ രേഷ്മേ ..ഇപ്പൊ നിങ്ങൾ അടിയുണ്ടാക്കാറുണ്ടോ ?”
”ഹേയ് ..ഇല്ല കൃഷ്ണേട്ടാ ”’ രേഷ്മയുടെ മുഖം വിളറി .” പിണക്കമെങ്ങനെയാണ് തീർന്നതെന്നോർക്കുന്നുണ്ടോ ? ”
”അത് ..പിന്നെ … ” രേഷ്മ ഓർത്തെടുക്കാൻ ശ്രമിച്ചു പരാജയപ്പെട്ട നിലയിൽ വിലങ്ങനെ തലയാട്ടി
” അത് പതിയെ പതിയെ അങ്ങുമാറി , അല്ലേ ? അതിന്റെ കാരണം ആവശ്യമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാനുള്ള സമയമില്ലായ്മ തന്നെയാണ് .
രേഷ്മ ഷോപ്പും മറ്റ് കാര്യങ്ങളും കൊണ്ട് ബിസിയായപ്പോൾ വീട്ടിൽ തനിച്ചിരുന്നുള്ള ആ മുരടിപ്പും എബി എപ്പോഴും അടുത്തുവേണമെന്നുള്ള ചിന്തയും അങ്ങ് മാറി . ആകെ കിട്ടുന്നത് ഈ ചെറിയ സമയമാണ്. അതിനിടയിൽ പിണങ്ങാൻ എവിടെ അല്ലെ സമയം ?”
”’ഞങ്ങൾ ഉദ്ദേശിച്ചതും അത് തന്നെയായിരുന്നു . നിങ്ങളുടെ പ്രശ്നം രാവിലത്തെ വീട്ടുപണികൾ കഴിഞ്ഞാൽ ഒന്നും ചെയ്യുവാനില്ലായിരുന്നു എന്നത് തന്നെയാണ്.
രേഷ്മയെ കുറ്റം പറയാനാവില്ല, എബിയെയും . ഇതേയവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട് . ശശിയെ വെറുത്തുപോയേക്കാവുന്ന അന്ന് ഉപയോഗിച്ച അതേ കാര്യങ്ങൾ തന്നെയാണ് ഇന്നും ചെയ്തത് ”
”ഏഹ് ..എന്ന് ..കൃഷ്ണേട്ടൻ എന്താ ഈ പറയുന്നേ ?”’ ശശികല വാ പൊളിച്ചു .” ” മക്കളെ … വിവാഹത്തോടെ ഭാര്യയും ഭർത്താവും ഒരു ശരീരവും മനസുമാകണമെന്നാണ് പറയുന്നത് . അങ്ങനെ വേണം താനും . അപ്പോഴും ഒന്ന് ഓർക്കേണ്ടതാണ് .
എന്നാൽ അപ്പോഴും അവർ രണ്ട് വ്യക്തികൾ ആണ് . സ്വന്തമായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉള്ളവർ . സ്വന്തമായ സ്പേസും സ്വാതന്ത്ര്യവും അവരും ആഗ്രഹിക്കുന്നുണ്ട് .
പലപ്പോഴും ആ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ് മിക്ക ദാമ്പത്യ അസ്വാരസ്യങ്ങൾക്കും തുടക്കമാകുന്നത് തന്നെ . നിങ്ങളുടെ ബന്ധത്തിലെ വിള്ളൽ തുടങ്ങിയത് എപ്പോഴാണെന്ന് അറിയാമോ ?”’കൃഷ്ണേട്ടൻ ഇരുവരെയും നോക്കി .
” വർക്ക് അറ്റ് ഹോം തുടങ്ങിയപ്പോൾ മുതൽ അല്ലെ ? എബി വീട്ടിലിരുന്ന് ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ മുതൽ എബിയുടെ സാന്നിധ്യം ഉള്ളതിനാൽ എപ്പോഴും രേഷ്മ അടുത്തുണ്ടായിരുന്നു .
ഇഷ്ടങ്ങൾക്കും സ്നേഹത്തിനും ഒരു പരിധിയുണ്ട് . ഓവർ പൊസസീവ്നെസ്സും കെയറിങ്ങും ചിലപ്പോൾ ഇറിറ്റേറ്റ് ആയിമാറാറുണ്ട് , എല്ലവർക്കുമല്ല .
രേഷ്മയെ കുറ്റം പറയാനാവില്ല . പകൽ മുഴുവൻ തനിച്ചിരുന്നു ബോറടിച്ചിരുന്ന രേഷ്മ വർക്ക് അറ്റ് ഹോം ആയിഎബി വീട്ടിലേക്ക് മാറിയപ്പോൾ ആ സന്തോഷം പ്രകടിപ്പിച്ചു എപ്പോഴും അവന്റെ കൂടെ തന്നെയായി .
വർക്കിന്റെ ഭാഗമായ കോളുകൾ വരെ വിശദീകരിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങി . രേഷ്മയുടെ പ്രസൻസ് തന്റെ ജോലിയെപ്പോലും ബാധിക്കുന്ന അവസ്ഥയിൽ എത്തിയപ്പോഴാണ് എബി അവളെ നിയന്ത്രിക്കാൻ തുടങ്ങിയത് .
എന്നാൽ അത് തന്നോടുള്ള ഇഷ്ടക്കേടാണ് എന്നവൾ ധരിച്ചു .ഇതൊക്കെ നിങ്ങളുടെ സംസാരത്തിൽ നിന്നും പ്രവർത്തിയിൽ നിന്നും ഞാൻ മനസ്സിലാക്കിയതാണ്.”
എബിയും രേഷ്മയും മുഖം കുനിച്ചു .” രേഷ്മേ … ഞങ്ങളുടെ വിവാഹം കഴിഞ്ഞു മൂന്നാലു വർഷങ്ങൾക്ക് ശേഷം എനിക്കൊരു ട്രെയിനിംഗ് ഉണ്ടായിരുന്നു സേലത്ത് . ശശി പുറത്തെങ്ങും പോയിട്ടില്ലാത്തതിനാൽ അവളെയും കൂട്ടാമെന്ന് കരുതി .
പതിനഞ്ചു ദിവസത്തെ ട്രെയിനിംഗും അവസാനം എക്സാമും ആയിരുന്നു ഉണ്ടായിരുന്നത് . ഞങ്ങളവിടെ രണ്ട് ദിവസം നേരത്തെ എത്തി ഒന്ന് കറങ്ങി .
പോരാത്തേന് എന്നും വൈകുന്നേരം ക്ളാസ് കഴിഞ്ഞൊരു മണിക്കൂർ പുറത്തു ചുറ്റാൻ പോകുമായിരുന്നു . തിരികെ വന്നിട്ട് നോട്സ് ഒക്കെ പ്രിപ്പയർ ചെയ്യാനിരിക്കുമ്പോൾ ശശി അടുത്തുവരും . അവളെ പറഞ്ഞിട്ട് കാര്യമില്ല .
പകൽ മുഴുവൻ ലോഡ്ജ് മുറിയിൽ ഒറ്റക്കായിരുന്നല്ലോ . ഞാനൊന്ന് തീർത്തോട്ടെയെന്ന് പറയുമ്പോൾ അവൾക്ക് കരച്ചിലും ദേഷ്യവുമെല്ലാം വരും. എന്തുവേണ്ടി ആ എക്സാം എനിക്ക് ജയിക്കാനായില്ല . അടുത്ത എക്സാമിന് മൂന്ന് വർഷം കാത്തിരിക്കേണ്ടിവന്നു ”
ശശികല വ്യസനത്തോടെ കൃഷ്ണേട്ടനെ നോക്കി” ശശി എന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട് . പക്ഷെ ആ സ്നേഹം എന്നിൽ നിന്നകലുമോ എന്നൊരു പേടിയെനിക്ക് തോന്നി . അതിന് കാരണം അവളുടെ ഓവർ കെയറിംഗ് തന്നെയാണ് . ഞാൻ പറഞ്ഞില്ലേ .
വിവാഹത്തോടെ രണ്ടുപേർ ഒന്നാകുകയാണെങ്കിലും അവർ രണ്ട് വ്യക്തികൾ തന്നെയാണെന്ന് . പങ്കാളികളുടെ ഇഷ്ടങ്ങൾക്ക് വേണ്ടി നമുക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യാം . പക്ഷെ സ്വന്തം ഇഷ്ടങ്ങൾ പങ്കാളികളിൽ അടിച്ചേൽപ്പിക്കരുത് .
സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം പങ്കാളിയുടെ ഇഷ്ടങ്ങൾ കൂടി പരിഗണിക്കണം അങ്ങനെയൊക്കെയുള്ള ചില കാര്യങ്ങൾ അക്കാലയളവിൽ അനുഭവപ്പെട്ടത് കൊണ്ടാണ് ഞാൻ വേണമെങ്കിൽ ക്വാർട്ടേഴ്സ് കിട്ടുമായിരുന്നെകിലും ശശിയുടെ അമ്മയെ ഞാൻ അവളുടെ കൂടെയാക്കി നാട്ടിൽ തന്നെ നിർത്തിയത് .
അതൊരിക്കലും അവളോടുള്ള ഇഷ്ടക്കുറവ് കൊണ്ടല്ല . ഇഷ്ടം കൊണ്ട് തന്നെയാണ് . ഒരിക്കലും അവളെ നഷ്ടപ്പെടാതിരിക്കാൻ …ആ സ്നേഹത്തിൽ കുറവ് വരാതിരിക്കാൻ . ” ശശികല അന്താളിച്ചു കൃഷ്ണേട്ടനെ നോക്കി
”’അമ്മയും കൂട്ടത്തിൽ പച്ചക്കറി കൃഷിയും ആടും കോഴിയുമൊക്കെയായപ്പോൾ അവളും ബിസിയായി . മാസത്തിൽ ഒന്ന് വരുന്ന എന്നോടും എനിക്കവളോടും തീർത്താൽ തീരാത്ത സ്നേഹം .
അതിന് കാരണം അവൾക്ക് ഏകാന്തത ഇല്ലായെന്നത് തന്നെ . ഇപ്പോൾ സൂപ്പർമാർക്കറ്റ് കാരണം ബിസിയായിരിക്കുന്ന രേഷ്മയെ പോലെ . രാത്രി അൽപനേരം കിട്ടുന്ന സമയം സ്നേഹിക്കാൻ അല്ലെ സമയം തികയൂ … പിണങ്ങാൻ അല്ലല്ലോ .”
എബിയും രേഷ്മയും ചിരിച്ചു”തനിച്ചിരിക്കുന്ന ഓരോ നിമിഷവും എല്ലാവരെയും സംബന്ധിച്ച് വല്ലാത്ത വീർപ്പുമുട്ടലാണ് . ആ സമയം ഇഷ്ടമുള്ള ഹോബികൾ …വായന എഴുത്ത് പാചകം കൃഷി എന്നിങ്ങനെ എന്തെങ്കിലും ഒന്നിൽ മുഴുകിയാൽ ആ അവസ്ഥക്ക് മാറ്റം വരും .
ടിവിയും സോഷ്യൽ മീഡിയയും ഒരു പരിധിവരെ നമ്മുടെ വിരസതക്കും ഏകാന്തതക്കും മാറ്റം വരുത്തും, അതിനും ഒരു പരിധി കൊടുക്കണമെന്ന് മാത്രം . ഇതിനിടയിലും ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട് . ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ തങ്ങളുടെ പങ്കാളിക്കും കുട്ടികൾക്കുമൊപ്പം കുറച്ചു സമയം ചിലവഴിക്കുക എന്നത്.
അത് കഴിഞ്ഞാൽ കുറച്ചുസമയം അവർക്കും കൊടുക്കുക .ഇപ്പോൾ മൊബൈലിന്റെ കാലമാണല്ലോ, ജോലിത്തിരക്കിനിടയിൽ തങ്ങൾക്ക് വന്ന മെസ്സേജുകളും മറ്റും അവർക്ക് നോക്കാനായിട്ടുണ്ടാകില്ല .
നമുക്കിഷ്ടമുള്ള ഹോബികളാണ് വിരസമായ ഈ ജീവിതത്തെ മുന്നോട്ട് നയിക്കുന്നത് . അതിൽ നിന്ന് പുറകോട്ടു വലിക്കുന്നതും പരസ്പരമകൽച്ചക്ക് കാരണമാകാറുണ്ട് .”
” ഇതുകൊണ്ടൊക്കെയാണ് എന്തെങ്കിലും തുടങ്ങുക എന്നുള്ള ആലോചനയിലേക്ക് എത്തിയത് . പക്ഷെ നിങ്ങൾക്ക് അതിനും ഇഷ്ടമല്ലായിരുന്നു . നിങ്ങളെക്കൊണ്ട് പറ്റില്ലായെന്നുള്ള ചിന്ത .
അത് കഴിവ് കേടാണ് ,കഴിവില്ലാത്തതുകൊണ്ടല്ല. എന്തും പരിശ്രമിച്ചു നോക്കിയാൽ അല്ലെ സാധിക്കുമോയെന്ന് അറിയാനാകൂ ? അതിന് കഴയില്ലാർക്കും . പരാജയപ്പെടുമോയെന്നുള്ള ചിന്തയും നാണക്കേടുമൊക്കെ മാറ്റിവെക്കുക .
തുനിഞ്ഞിറങ്ങിയാൽ എന്തും നേടാനാകും . താങ്ങാൻ ആളുണ്ടാകുമ്പോഴാണ് തളർച്ചയനുഭവപ്പെടുന്നത് . അത് കൊണ്ടാണ് നിങ്ങളെ തന്നെ ഷോപ്പിന്റെ എല്ലാക്കാര്യവുമേൽപ്പിച്ച് ഞങ്ങൾ മാറി നിന്നത് .
എന്നാൽ നിങ്ങൾ ഞങ്ങൾ വിചാരിച്ചതിനേക്കാൾ നന്നായി പരിശ്രമിച്ചു , വിജയവും നേടി . ഈ വിജയത്തിലൂടെ ജീവിതത്തിൽ സന്തോഷവും മടങ്ങിയെത്തി . അല്ലെ ശശീ ? ” കൃഷ്ണേട്ടൻ ആനന്ദാശ്രുക്കളോടെ ശശികലയെ നോക്കി
”എന്നാലും മനുഷ്യാ … ക്വാർട്ടേഴ്സ് കിട്ടിയിട്ടും കൊണ്ടുപോകാതെ നിങ്ങളെന്റെ യൗവ്വനമാണ് തല്ലിക്കെടുത്തിയത് . ” ശശികല പരിഭവത്തോടെ കൃഷ്ണേട്ടനെ നോക്കി .
”അതുകൊണ്ടെന്താ ശശി …നമ്മളിപ്പോഴും പ്രണയിക്കുകയല്ലേ ? കൗമാരക്കാരെപ്പോലെ തന്നെ ” കൃഷ്ണേട്ടൻ ശശികലയെ ചേർത്തുപിടിച്ചപ്പോൾ എബിയും രേഷ്മയും പൊട്ടിച്ചിരിച്ചു. ഒപ്പം ശശികലയും…