(രചന: വരുണിക വരുണി)
“”ജീവിതത്തെക്കുറിച്ച് എന്തറിഞ്ഞിട്ടാണ് ജാനി നീയിങ്ങനെ കല്യാണം വേണമെന്ന് പറഞ്ഞു അടിയിടുന്നത്??
ഒരു കല്യാണമാണോ ഒരു പെണ്ണിന്റെ ജീവിതത്തിൽ ഏറ്റവും വല്യ കാര്യം?? ഇനി അങ്ങനെ എന്തെങ്കിലും ചിന്തയുണ്ടെങ്കിൽ അതെല്ലാം മോളുടെ ഈ പ്രായത്തിന്റെ ഓരോ തോന്നലാണ്.
വെറും പതിനെട്ടു വയസ് മാത്രമാണ് നിനക്ക്. ഒരാളോട് ഇഷ്ടം തോന്നുന്നതൊന്നും ഒരു തെറ്റല്ല. പക്ഷെ അതിനേക്കാൾ വലുത് നീ നേടിയ നിന്റെ വിദ്യാഭ്യാസമാണ്.
അത് മാത്രമേ ജീവിതകാലം മുഴുവൻ നിന്റെ കൂടെ കാണു. ബാക്കിയെല്ലാം താത്കാലികമാണ്. അതൊന്ന് എന്റെ മോൾ മനസിലാക്കാൻ നോക്കണം. അല്ലാതെ മിന്നുന്നതെല്ലാം പൊന്നല്ല….””
അനിയത്തി ജാനിയോട് ചേച്ചി സ്വാതി പൊട്ടിതെറിച്ചതും, ഇതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ലെന്ന പോലെയായിരുന്നു ജാനി.
“”ചേച്ചി എന്നോട് ഇങ്ങനെ കിടന്ന് തുള്ളാനും വേണ്ടി ഒന്നുമില്ല. എനിക്ക് ഒരാളെ ഇഷ്ടമാണ്. കിച്ചേട്ടന് എന്നെ നോക്കാൻ പറ്റുന്ന നല്ലൊരു ജോലിയുമുണ്ട്.
കിച്ചേട്ടന് ഇപ്പോൾ വീട്ടിൽ ആലോചനകൾ വരുന്നു പോലും. നമ്മുടെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കുമ്പോൾ അച്ഛൻ എന്തായാലും എന്റെ പഠിപ്പിന്റെ കാര്യം പറയും. അപ്പോൾ ചേച്ചി ഒന്ന് സപ്പോർട്ട് ചെയ്താൽ മാത്രം മതി…””
“”നീയേന്താ ജാനി മോളെ ഈ പറയുന്നത്?? കല്യാണമെന്ന് പറയുന്നത് കുട്ടിക്കളിയാണോ?? അല്ലെങ്കിൽ തന്നെ നിനക്ക് അതിനുള്ള പ്രായമായൊ??
പറയുമ്പോൾ കുറച്ചൊക്കെ പ്രാക്ടിക്കൽ ആകണം മോളെ. പ്രണയിക്കുമ്പോൾ മറ്റൊന്നിനെയും കുറിച്ച് ചിന്തിക്കില്ല. പക്ഷെ അങ്ങനെയല്ല. എല്ലാം നമ്മൾ ചിന്തിക്കണം…..””
“”കിച്ചേട്ടൻ എന്നെ പഠിക്കാൻ വിടും ചേച്ചി. അതെല്ലാം ഞങ്ങൾ നേരുത്തേ സംസാരിച്ചിട്ടുള്ളതാണ്. ചേച്ചിയിങ്ങനെ ഓരോ ചെറിയ കാര്യം പറഞ്ഞു തടസം നിൽക്കല്ലേ. അല്ലെങ്കിൽ തന്നെ ചേച്ചിക്കെന്താ??
കല്യാണത്തിന്റ കാര്യം പറഞ്ഞപ്പോൾ ഒരു മടിയുമില്ലാതെയല്ലേ അച്ഛന്റെ മുഖത്തു നോക്കി ഒരാളെ ഇഷ്ടമാണെന്ന് പറഞ്ഞത്. ജീവനുണ്ടെങ്കിൽ അയാളെ മാത്രമേ കല്യാണം കഴിക്കു, പക്ഷെ കുറച്ചു സമയം വേണമെനൊക്കെ.
അച്ഛൻ അതെല്ലാം സമ്മതിക്കുകയും ചെയ്തു. പിന്നെ എന്റെ കാര്യത്തിൽ മാത്രം എന്താണ് നിങ്ങളൊക്കെ ഇങ്ങനെ???””
ജാനി ചോദിച്ചതും, സ്വാതി വന്ന ദേഷ്യം ഒതുക്കി.””എനിക്ക് എപ്പോഴാണ് അച്ഛൻ കല്യാണം ആലോചിച്ചതെന്നും കൂടെ നീ പറ ജാനി. ഡിഗ്രി കഴിഞ്ഞ സമയം അച്ഛൻ ഒരു ആലോചനയുടെ കാര്യം പറഞ്ഞു. അത് അപ്പോൾ തന്നെ ഞാൻ എതിർക്കുകയും ചെയ്തു.
കാരണം, ആദ്യത്തെ കാര്യം ഒരു ജോലിയാകാതെ കല്യാണത്തിനെ കുറച്ചു ചിന്തിക്കാൻ എനിക്ക് താല്പര്യമില്ലായിരുന്നു. രണ്ടാമത്തെ കാര്യം, കണ്ണേട്ടന് ഒന്ന് ഫിനാൻഷ്യലി stable ആകാൻ കുറച്ചു സമയം വേണമെന്ന് പറഞ്ഞു.
ഞാൻ ആലോചിച്ചപ്പോൾ അതും ശെരിയാണ്, ഒരുമിച്ച് ജീവിക്കുമ്പോൾ മറ്റു പലതും ചിന്തിക്കണമെല്ലോ. ഇന്നിപ്പോൾ എനിക്ക് ജോലിയായി, കണ്ണേട്ടനും സെറ്റ് ആകുന്നു.
ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ കല്യാണവും കാണും. പക്ഷെ അത് പോലെയാണോ നീ??? ചെറുപ്രായമാണ് മോളെ. വേണ്ട ഇത് നമുക്ക്…””
ജാനിയെ സമാധാനിപ്പിക്കാൻ എന്നാ പോലെ സ്വാതി പറഞ്ഞതും, അവളുടെ വാശി ഒന്ന് കൂടെ കൂടി.
“”ചേച്ചിക്ക് സ്നേഹിച്ചവനെ തന്നെ കെട്ടണം. പക്ഷെ ഞാൻ പറഞ്ഞാൽ അത് കുഴപ്പം. അതെന്താ ചേച്ചി ഒരു വീട്ടിൽ രണ്ട് പേർക്ക് രണ്ട് നീതി?? ചേച്ചി എന്തൊക്കെ പറഞ്ഞാലും ഞാൻ കിച്ചേട്ടനെ മാത്രമേ കെട്ടു. അല്ലെങ്കിൽ എന്റെ ശവമായിരിക്കും എല്ലാവരും കാണുന്നത്…””
വാശിയോടെ ജാനി പറഞ്ഞതും, ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന പോലെ സ്വാതിയുടെ കണ്ണ് നിറഞ്ഞു. ആകെയുള്ള അനിയത്തിയാണ്. അവൾക്ക് നല്ലത് വരണമെന്നല്ലാതെ മറ്റൊന്നും ഇത് വരെ ആലോചിച്ചിട്ടില്ല.. പക്ഷെ ഇന്ന്….
പിന്നീടെല്ലാം പെട്ടന്നായിരുന്നു. കിച്ചുവിന്റെ വീട്ടുകാർ വന്നതും, കല്യാണം തീരുമാനിച്ചതുമെല്ലാം.
ചേച്ചി നിൽക്കുമ്പോൾ എങ്ങനെ അനിയത്തിയുടെ കല്യാണം നടത്തുമെന്ന പ്രശ്നം വന്നപ്പോൾ അച്ഛൻ കണ്ണേട്ടനേയും വീട്ടിലേക്ക് വിളിപ്പിച്ചു.
“”മോനോട് അച്ഛന് എന്താണ് പറയാനുള്ളതെന്ന് സ്വാതി പറഞ്ഞു കാണും. ഞാനിപ്പോൾ എന്താണ് വേണ്ടത്?? ശെരിക്കും അവൾക്കിപ്പോൾ ഒരു കല്യാണപ്രായം ആയോ മോനെ.
ഈ കല്യാണം നടത്തിയില്ലെങ്കിൽ ചത്തു കളയും പോലും. ഞാനെന്തു വേണം?? സ്വാതി നിൽക്കുമ്പോൾ…””
“”സ്വാതിയുടെ കാര്യം അച്ഛൻ നോക്കണ്ട. ജാനിയുടെ നടക്കട്ടെ. ഞങ്ങളുടെ എന്തായാലും ഒരു വർഷത്തിന് ശേഷം തീരുമാനിച്ചത് പോലെ മതി.
അപ്പോഴേക്കും എനിക്ക് ഇവിടെക്ക് ട്രാൻസ്ഫറും ആകും. രണ്ട് പേർക്കും രണ്ടിടത്തായി നിൽക്കണ്ടാലോ. അതല്ലേ നല്ലത്.””
കണ്ണൻ പറഞ്ഞതും, ആ അച്ഛൻ എല്ലാത്തിനും സമ്മതം മൂളി. അല്ലാതെ അതിൽ കൂടുതൽ എന്ത് പറയാൻ.
സ്വാതിയുടെ കൂടെ പുറത്തേക്കിറങ്ങിയപ്പോൾ അവളോട് എന്ത് പറയണമെന്നറിയാതെ അവനും കുഴഞ്ഞു.
“”ഞാൻ പറഞ്ഞതൊക്കെ നീ അവളോട് പറഞ്ഞോ ഡി?? ഈ കല്യാണം തന്നെ വേണമെന്ന് അവൾക്ക് വാശിയാണോ?? ഒന്നൂടി ചിന്തിക്കാൻ പറ. ജീവിതം ഒന്നേയുള്ളു…””
കണ്ണൻ പറഞ്ഞതും, സ്വാതി ബലമില്ലാതെ ഒന്ന് മൂളി.””ഞാൻ എല്ലാം പറഞ്ഞതാ കണ്ണേട്ടാ… അതിനു അവൾ പറഞ്ഞത് ചേട്ടൻ പോലീസിൽ ആയത് കൊണ്ട് എല്ലാവരെയും സംശയത്തോടെയാണ് നോക്കി കാണുന്നത്.
വെറുതെ ആവിശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട. കിച്ചേട്ടൻ നല്ലവനാണ് പോലും. അതിൽ കൂടുതൽ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അവൾ കണ്ണേട്ടനെ കുറിച്ച് മോശമായി പറയും. അതെനിക്ക് സഹിക്കില്ല. എന്തിനാ വെറുതെ…””
കണ്ണീരോടെ സ്വാതി പറഞ്ഞതും, അവളെ ചേർത്തു പിടിക്കുക എന്നല്ലാതെ മറ്റൊന്നും അവനും കഴിയില്ലാരുന്നു.
ജാനിയുടെ കല്യാണം നന്നായി തന്നെ കഴിഞ്ഞു.. ചേച്ചി നിന്നപ്പോൾ അനിയത്തി കെട്ടിയെന്ന് പലരും പറഞ്ഞെങ്കിലും, ആരും അത് കാര്യമായി എടുത്തില്ല.
കല്യാണം കഴിഞ്ഞു എല്ലാം നന്നായി തന്നെ പോയി. ആദ്യമൊക്കെ ജാനി എല്ലാ ആഴ്ചയും വീട്ടിൽ വരുമായിരുന്നെങ്കിലും പിന്നീട് അത് പതിയെ കുറഞ്ഞു. അച്ഛൻ ചോദിക്കുമ്പോൾ കിച്ചേട്ടന് ജോലിക്ക് പോകണം അച്ഛാ എന്നായിരുന്നു അവളുടെ മറുപടി.
ഒരു ദിവസം രണ്ടും കല്പിച്ചാണ് സ്വാതി കണ്ണനൊപ്പം ജാനിയെ കാണാൻ പോയത്.അവിടെ ചെന്നപ്പോൾ കണ്ട കാഴ്ചയിൽ അറിയാതെ അശ്വതിയുടെ കണ്ണ് നിറഞ്ഞു. രാജകുമാരിയെ പോലെ ജീവിച്ച തന്റെ അനിയത്തിയാണ്. കിച്ചുവിന്റെ പെങ്ങളുടെ വസ്ത്രം വരെ കഴുകിയിടുന്നത്.
പെട്ടെന്ന് അവിടെ സ്വാതിയെ കണ്ടതും, ജാനിയും ആകെ വല്ലാതായി. പക്ഷെ കിച്ചു നോക്കിയത് ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന കണ്ണനെയാണ്.
വീട്ടിലേക്ക് വന്ന അതിഥികളെ ജാനി അകത്തേക്ക് ക്ഷണിച്ചതും, സ്വാതി ജാനിയുമായി അകത്തേക്ക് കയറി. കിച്ചുവിനെ ഒന്ന് രൂക്ഷമായി നോക്കി കണ്ണനും.
അവർക്ക് വേണ്ട ചായയുമെല്ലാം ഒറ്റയ്ക്ക് എടുത്തു വരുന്ന ജാനിയെ ഒരല്പം കൗതുകത്തോടെയാണ് സ്വാതി നോക്കിയത്. കാരണം, കുടിച്ച ഗ്ലാസ് പോലും അകത്തേക്ക് വെക്കാൻ മടിയുള്ളവളാണ് ഇന്ന് ഇങ്ങനെ….
എല്ലാം കഴിഞ്ഞു യാത്ര പറഞ്ഞിറങ്ങാൻ നേരമാണ് കണ്ണന് വീട്ടിലുള്ളവരെയെല്ലാം ഒരുമിച്ച് കാണണമെന്ന് പറഞ്ഞത്. ഒരു പ്രശ്നം വേണ്ടെന്ന രീതിയിൽ സ്വാതി അവന്റെ കൈയിൽ പിടിച്ചതും, രൂക്ഷമായ നോട്ടമായിരുന്നു അവന്റെ മറുപടി.
എല്ലാവരും വന്നതും, അവൻ ജാനിയെ താനിലേക്ക് ചേർത്തു നിർത്തി.””എല്ലാവരോടുമായി ഒരു കാര്യം പറയാം ഞാൻ. ജാനി എന്റെ അനിയത്തിയാണ്. അനിയത്തിമാർ എന്നും ചേട്ടനു രാജകുമാരിയായിരിക്കും.
നിന്റെ അനിയത്തിയുടെ അടിവസ്ത്രം വരെ കഴുകാനല്ല ഇവളെ ഞങ്ങൾ നിനക്ക് കെട്ടിച്ചു തന്നത്. കെട്ടുന്നതിൽ മാത്രമല്ലടാ പുല്ലേ മിടുക്ക്. കെട്ടിയ പെണ്ണിനെ പൊന്ന് പോലെ നോക്കുമ്പോഴാണ്. ഇത് വരെ കഴിഞ്ഞത് കഴിഞ്ഞു.
പക്ഷെ ഇനിയും ഇങ്ങനെയാണ് പോക്കെങ്കിൽ ഒരു കാര്യം ആദ്യമേ പറയാം ഞാൻ. കുടുംബമായി സ്റ്റേഷനിൽ കിടക്കും. പറ്റുന്ന വകുപ്പെല്ലാം എഴുതി ചേർക്കാൻ ഒരു മടിയുമില്ല എനിക്ക്.
അത് പോലെ ജാനിയോടാണ്. എന്തുണ്ടെങ്കിലും പറയണം. നിന്റെ ഇഷ്ടത്തിന് കല്യാണം നടത്തി എന്നതിന് അർത്ഥം നിന്നെ ഉപേക്ഷിച്ചെന്നല്ല. നിനക്ക് ഞങ്ങളുണ്ട്. എന്തിനും. മനസ്സിലായോ??””
ശാസനയോടെ കണ്ണൻ പറഞ്ഞതും, ജാനി അവന്റെ നെഞ്ചിലേക്ക് വീണിരുന്നു. കണ്ണീരുടെ സ്വാതി അവനോട് ചേർന്നു നിന്നു. തന്റെ ഭാഗ്യമാണ് കണ്ണേട്ടനെന്ന് മനസിൽ വിചാരിച്ചു.