എന്താ അമ്മേ അച്ഛന് നമ്മളെ ഇഷ്ടം അല്ലാത്തത്..? “ഒരു ദിവസം രാത്രിയിൽ തന്നോട് ചേർന്ന് കിടക്കുന്ന മക്കൾ ചോദിച്ചത് കേട്ടപ്പോൾ രമ്യയ്ക്ക്

(രചന: ശ്രേയ)

” അമ്മേ.. എന്താ അമ്മേ അച്ഛന് നമ്മളെ ഇഷ്ടം അല്ലാത്തത്..? “ഒരു ദിവസം രാത്രിയിൽ തന്നോട് ചേർന്ന് കിടക്കുന്ന മക്കൾ ചോദിച്ചത് കേട്ടപ്പോൾ രമ്യയ്ക്ക് ആകെ ഒരു വല്ലായ്മ തോന്നി.

അതിലേറെ അത്ഭുതവും.. ഈ കൊച്ചു കുട്ടിക്ക് എങ്ങനെ അതൊക്കെ മനസ്സിലാക്കാൻ സാധിക്കുന്നു..?

അവളുടെ അച്ഛൻ രമേശും താനും തമ്മിൽ പലപ്പോഴും അഭിപ്രായ വ്യത്യാസങ്ങളും വഴക്കും പതിവാണ്.പരസ്പരം യാതൊരു സ്നേഹവും അടുപ്പവും ഇല്ലാതെ തന്നെയാണ് ജീവിതം..!

അതിന്റെ ഏറ്റവും വലിയ തെളിവാണ് ഒരു മുറിയിൽ താനും മകളും മാത്രമുള്ള ജീവിതം.രമേശൻ തൊട്ടപ്പുറത്തെ മുറിയിലാണ്..

പക്ഷേ ഒരിക്കൽ പോലും മകളുടെ മുന്നിൽ വച്ച് വിദ്വേഷം പ്രകടിപ്പിക്കാൻ രണ്ടാളും ശ്രമിച്ചിട്ടില്ല.എന്നിട്ടും ഈ കുട്ടി ഇതൊക്കെ എങ്ങനെ മനസ്സിലാക്കിയെടുക്കുന്നു..?

അത് ആലോചിച്ചപ്പോൾ അവൾക്ക് ആകെ തല പെരുക്കുന്നത് പോലെ തോന്നി.” അമ്മേ.. ഞാൻ ചോദിച്ചത് കേട്ടോ..? ”

അവൾ രമ്യയെ കുലുക്കി വിളിച്ചു കൊണ്ട് ചോദിച്ചപ്പോൾ രമ്യ ഞെട്ടലോടെ അവളെ നോക്കി.

“മോൾ എന്താ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്..? അച്ഛന് നമ്മളോട് ഇഷ്ടമില്ല എന്ന് മോളോട് ആരാ പറഞ്ഞത്..?

അച്ഛന് നമ്മളോട് ഇഷ്ടം ഉള്ളതു കൊണ്ടല്ലേ എല്ലാ ദിവസവും ജോലിക്ക് പോയി നമുക്ക് ഇഷ്ടമുള്ള സാധനങ്ങളൊക്കെ വാങ്ങിത്തരുന്നത്..? മോൾക്ക് കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളിലൊക്കെ അച്ഛൻ കൊണ്ടുപോകാറുണ്ടല്ലോ..

അച്ഛൻ സിനിമയ്ക്ക് കൊണ്ടുപോകാറുണ്ടല്ലോ.. അങ്ങനെ നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മുഴുവൻ അച്ഛൻ നടത്തി തരുന്നില്ലേ..? അപ്പോൾ പിന്നെ അച്ഛന് നമ്മളോട് സ്നേഹമില്ല എന്ന് മോൾക്ക് എങ്ങനെ പറയാൻ കഴിഞ്ഞു..? ”

അവൾ ചോദിച്ചപ്പോൾ കുഞ്ഞ് ഒരു നിമിഷം നിശബ്ദത പാലിച്ചു.അവളുടെ മനസ്സിൽ ചില സംശയങ്ങൾ ഉണ്ടായിരുന്നു.അതൊക്കെയും അമ്മയോട് തുറന്നു പറയണോ വേണ്ടയോ എന്നുള്ള കാര്യത്തിൽ അവൾക്ക് സംശയമായിരുന്നു.

“അച്ഛന് നമ്മളോട് ഇഷ്ടം ഉണ്ടെങ്കിൽ അച്ഛൻ എന്തിനാ വേറൊരു ആന്റിയെ കല്യാണം കഴിക്കും എന്ന് പറയുന്നത്..?”

കുറച്ചു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം അവൾ ചോദിച്ച ചോദ്യം കേട്ട് രമ്യ ഒന്ന് ഞെട്ടി.”മോൾ എന്താ പറഞ്ഞത്..? അച്ഛൻ അങ്ങനെ പറഞ്ഞോ..?”ഞെട്ടലോടെ രമ്യ എഴുന്നേറ്റ് കുഞ്ഞിന് നേരെ തിരിഞ്ഞു.

അമ്മയുടെ ഭാവം കണ്ടപ്പോൾ അവൾ ഒന്നു പതറി.എങ്കിലും അമ്മയിൽ നിന്നും മറച്ചു വയ്ക്കുന്നത് ശരിയല്ല എന്ന് തോന്നൽ അവൾ എഴുന്നേറ്റ് അമ്മയുടെ മുഖത്തേക്ക് നോക്കി.

” അച്ഛൻ അന്നൊരു ദിവസം ഒരു ആന്റിയോട് ഫോണിൽ പറയുന്നത് ഞാൻ കേട്ടതാണ്. രമ്യയെ എത്രയും വേഗം ജീവിതത്തിൽ നിന്ന് ഒഴിവാക്കി വിട്ടിട്ട് വേണം എനിക്ക് നിന്നെ സ്വന്തമാക്കാൻ എന്ന്..

അവരുടെ കല്യാണം നന്നായി തന്നെ നടത്തണം എന്നൊക്കെ അച്ഛൻ പറയുന്നുണ്ടായിരുന്നു. പക്ഷേ ഞാനിതൊക്കെ കേട്ട കാര്യം അച്ഛന് അറിയില്ല.. എന്തിനാ അമ്മേ അച്ഛൻ അങ്ങനെയൊക്കെ പറഞ്ഞത്..? അമ്മയെ എന്തിനാ അച്ഛൻ ഉപേക്ഷിക്കുന്നത്..? ”

ആ കുഞ്ഞിന്റെ സംശയങ്ങളും ചോദ്യങ്ങളും രമ്യയുടെ മനസ്സിനെ കീറിമുറിക്കുന്നുണ്ടായിരുന്നു.

രമേശ് തന്നെ ഉപേക്ഷിക്കാൻ പോകുന്നു എന്ന ചിന്ത രമ്യയെ വല്ലാതെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയിരുന്ന ഒരു കാര്യമാണ്..

എന്നാൽ ഇന്ന് മകൾ തന്നെ തെളിവുകളും സാക്ഷികളും ഒക്കെ നിരത്തുമ്പോൾ എന്തു ചെയ്യും..?

“മോൾ ഉറങ്ങിക്കോ.. അച്ഛൻ അതൊക്കെ വെറുതെ പറഞ്ഞതായിരിക്കും.. മോള് കാര്യമാക്കണ്ട കേട്ടോ..”

മോളെ സമാധാനിപ്പിച്ച് കിടത്തി ഉറക്കി എങ്കിലും രമ്യയുടെ മനസ്സിൽ മുഴുവൻ എന്തുകൊണ്ട് രമേശ് അങ്ങനെ ഒരു തീരുമാനം എടുത്തു എന്ന ചിന്ത തന്നെയായിരുന്നു.

നാളെ എന്തായാലും രമേശിനോട് ഇതിനെക്കുറിച്ച് സംസാരിക്കണം എന്ന് ഉറപ്പിച്ചു കൊണ്ടു തന്നെയാണ് രമ്യ കിടന്നുറങ്ങിയത്.

പിറ്റേന്ന് രാവിലെ നേരത്തെ തന്നെ ജോലികളൊക്കെ തീർത്തു. രമേശ് എഴുന്നേറ്റ് വരാൻ വേണ്ടിയുള്ള കാത്തിരിപ്പ് ആയിരുന്നു പിന്നീട് രമ്യയ്ക്ക്.

അയാൾ എഴുന്നേറ്റു വന്നു പതിവു പോലെ തന്റെ ചായയുമായി ഉമ്മറത്തേക്ക് പോയിരുന്നു. അത് കണ്ടപ്പോൾ രമ്യയുടെ ഉള്ളം ഒന്ന് വേദനിച്ചു.

കുറെ നാളുകളായി ഇതു തന്നെയാണ് പതിവ്. പക്ഷേ അപ്പോഴൊന്നും അത് തന്നെ വേദനിപ്പിച്ചിട്ടില്ല. പകരം അതൊരു ആശ്വാസമായിട്ട് മാത്രമാണ് തോന്നിയിട്ടുള്ളത്.

എന്നാൽ ഇന്ന് ആദ്യമായി അയാളുടെ അവഗണന അവളെ തളർത്തുന്നുണ്ടായിരുന്നു.

മകളെ ഒരുക്കി സ്കൂളിലേക്ക് വിട്ടു കഴിഞ്ഞപ്പോൾ തന്നെ രമേശിനും ജോലിക്ക് പോകാനുള്ള സമയമായിരുന്നു.”രമേശേട്ടാ..”

ജോലിക്ക് പോകാനിറങ്ങിയ അവന്റെ പിന്നിൽ നിന്ന് അവൾ വിളിച്ചത് കേട്ട് സംശയത്തോടെ അവൻ തിരിഞ്ഞു നോക്കി.

കാരണം വർഷങ്ങൾക്കു ശേഷം ഒരുപക്ഷേ ഇത് ആദ്യമായിട്ടായിരിക്കണം സ്നേഹത്തോടെ അവൾ ഇങ്ങനെ വിളിക്കുന്നത്.

“എനിക്ക് രമേശേട്ടനോട് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു.. സാധിക്കുമെങ്കിൽ ഇന്ന് ലീവ് എടുക്കാമോ..?”അവൾ ചോദിച്ചപ്പോൾ അവൻ അന്ധാളിച്ചു പോയി.

അവൾക്ക് എന്താവും തന്നോട് പറയാൻ ഉണ്ടാവുക എന്നൊരു ചിന്ത മാത്രമായിരുന്നു അവനു ഉണ്ടായിരുന്നത്.എന്തെങ്കിലും ഒഴിവു കഴിവ് പറഞ്ഞു അവളെ ഒഴിവാക്കണമെന്ന് തോന്നിയെങ്കിലും അവളുടെ ദയനീയത നിറഞ്ഞ മുഖം കണ്ടപ്പോൾ അവന് അതിന് മനസ്സ് വന്നില്ല.

അവളുടെ ആവശ്യം അംഗീകരിച്ചു കൊടുത്തു കൊണ്ട് അവൻ ലീവിന് വേണ്ടി മാനേജറെ വിളിച്ചിരുന്നു. സാധാരണ ലീവ് എടുക്കാത്ത ഒരാളായതു കൊണ്ടു തന്നെ അവന്റെ ആവശ്യം അവർ അംഗീകരിക്കുകയും ചെയ്തു.

” നിനക്ക് എന്നോട് ഇത്രയും ഗൗരവമായി സംസാരിക്കാൻ ഉള്ളതെന്താണ്..? “കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം രമേശ് തന്നെയാണ് സംസാരത്തിന് തുടക്കം കുറിച്ചത്.അപ്പോഴും എന്തു പറഞ്ഞു തുടങ്ങണം എങ്ങനെ പറയണം എന്നറിയാതെ രമ്യ വിർപ്പു മുട്ടുന്നുണ്ടായിരുന്നു.

” രമേശേട്ടന് ഈ ജീവിതം മടുക്കുന്നുണ്ടല്ലേ..? “പെട്ടെന്ന് അവൾ ചോദിച്ചത് കേട്ടപ്പോൾ അവൻ ഒന്ന് ഞെട്ടി. എന്തിനാവും ഇങ്ങനെയൊരു ചോദ്യം എന്നാണ് അവന്റെ മനസ്സിൽ ആദ്യം തെളിഞ്ഞത്.

” നീ എന്തിനാ ഇപ്പോൾ ഇങ്ങനെയൊക്കെ ചോദിക്കുന്നത്..? “രമേശ് ചോദിച്ചപ്പോൾ രമ്യ ദീർഘനിശ്വാസം ഉതിർത്തു.

“എനിക്കറിയാം.. ലോകത്ത് ഏതു മനുഷ്യനും മടുപ്പ് തോന്നുന്ന തരത്തിലുള്ള പ്രവർത്തികൾ മാത്രമാണ് ഞാൻ രമേശേട്ടനോട് ചെയ്തിട്ടുള്ളത്.

ഒരു ഭാര്യ എന്ന നിലയിൽ ഒരു കടമകളും കർത്തവ്യങ്ങളും ഞാൻ ഇതുവരെയും നിർവഹിച്ചിട്ടില്ല. എപ്പോഴും സ്നേഹിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന രമേശേട്ടനും സ്നേഹം ഒരു ബാധ്യതയായി കാണുന്ന ഞാനും..

നമ്മൾ തമ്മിൽ എന്തു മാച്ച് ആണല്ലേ..? പലപ്പോഴും ഈ കാരണം കൊണ്ട് നമ്മൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും പിന്നീട് എന്ത് എന്ന് നമ്മൾ ചിന്തിച്ചിട്ടില്ല.

കിടപ്പു പോലും രണ്ടു മുറിയിലേക്ക് മാറിയിട്ടും പരസ്പരം അകന്നുപോകുന്നു എന്നൊരു തോന്നൽ പോലും നമുക്കിടയിൽ ഉണ്ടായിരുന്നില്ല.. എന്നാൽ ഇന്നലെ രാത്രി.. അത് ഒരു തെറ്റായി എനിക്ക് തോന്നി..”

അവൾ പറഞ്ഞപ്പോൾ അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.”ഇന്നലെ നമ്മുടെ മകൾ എന്നോട് ഒരു ചോദ്യം ചോദിച്ചു. അച്ഛനു എന്തുകൊണ്ടാണ് നമ്മളെ ഇഷ്ടമല്ലാത്തതെന്ന്..? അതിന് കാരണമായി അവൾ പറഞ്ഞത് എന്താണെന്ന് അറിയാമോ..?

രമ്യയെ ഉപേക്ഷിച്ചിട്ട് മറ്റേതോ ഒരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അച്ഛൻ ശ്രമിക്കുന്നു എന്ന് ഏതോ ഒരു ഫോൺ സംഭാഷണത്തിൽ പറയുന്നത് അവൾ കേട്ടിരുന്നു..”

അതും പറഞ്ഞുകൊണ്ട് അവൾ അവന്റെ മുഖത്ത് നോക്കുമ്പോൾ അവൻ വിയർത്ത് തുടങ്ങിയിരുന്നു.

“രെമ്യ.. ഞാൻ..”പരിഭ്രമത്തോടെ അവൻ എന്തോ പറയാൻ തുടങ്ങിയപ്പോൾ അവൾ കൈ ഉയർത്തി അത് തടഞ്ഞു.

” ഞാൻ രമേശേട്ടനെ കുറ്റം പറയില്ല.ഇത്രയും വർഷങ്ങൾ ഒന്നിച്ചു ജീവിച്ചിട്ടും നിങ്ങൾക്ക് സ്നേഹം തരാൻ എനിക്ക് കഴിഞ്ഞിട്ടില്ല.

പകരം നമുക്കിടയിൽ ആവശ്യത്തിലധികം വിദ്വേഷം പടർന്നു പിടിക്കുകയും ചെയ്തു. ഇങ്ങനെ ഒരു സാഹചര്യത്തിൽ നിങ്ങളുടെ മനസ്സ് വഴിമാറി ചിന്തിച്ചില്ലെങ്കിൽ ആണ് അത്ഭുതം..

ചോദിക്കാൻ അർഹതയില്ല എന്നറിയാം.. എങ്കിലും ചോദിച്ചു പോകുകയാണ്.. നമ്മുടെ മകൾക്ക് വേണ്ടിയെങ്കിലും നമുക്ക് പരസ്പരം സ്നേഹിച്ച് ജീവിക്കാൻ ശ്രമിച്ചു കൂടെ..? “അവളുടെ ആ ചോദ്യം അവനെ ആകെ അമ്പരപ്പിച്ചിരുന്നു.

” രമേശേട്ടന്റെ ഉള്ളിൽ ഒരുപാട് സംശയങ്ങൾ ഉണ്ടാകും എന്ന് എനിക്കറിയാം. പക്ഷേ ചെറുപ്പം മുതലേ ഞാൻ കണ്ട് ശീലിച്ചിട്ടുള്ളത് എന്നോടൊപ്പം ഉറങ്ങുന്ന അമ്മയെയും ഒറ്റയ്ക്ക് ഉറങ്ങുന്ന അച്ഛനെയും ഒക്കെയാണ്.

ഒരിക്കലും അവർ തമ്മിൽ സ്നേഹത്തോടെ ഇടപെടുന്നതും സംസാരിക്കുന്നതും ഒന്നും ഞാൻ കണ്ടിട്ടില്ല. അങ്ങനെയാവും ജീവിതം എന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്.

അതുകൊണ്ടാണ് രമേശേട്ടനോട് അങ്ങനെയൊക്കെ ഞാൻ പെരുമാറിയത്. പക്ഷേ അത് അങ്ങനെയല്ല എന്ന് ബോധ്യപ്പെടാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു.

പക്ഷേ അപ്പോഴേക്കും നമുക്കിടയിൽ സംസാരം പോലും ഇല്ലാതെയായി. അതോടെ ഒന്നും തിരുത്താൻ കഴിഞ്ഞതുമില്ല. പക്ഷേ ഇപ്പോൾ അതിനുള്ള ഒരു അവസരം വന്നു ചേർന്നിരിക്കുകയാണ്. ”

അവൾ പറഞ്ഞപ്പോൾ അവൻ ഒരു നിമിഷം മൗനം പാലിച്ചു.” നിന്നെയും മോളെയും വിട്ട് മറ്റൊരു ജീവിതത്തിനെ കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. ഒരു നിമിഷം എന്റെ മനസ്സ് പതറിപ്പോയി എന്നത് ശരി തന്നെയാണ്.

പക്ഷേ ഒരിക്കലും നിങ്ങളെ ഉപേക്ഷിച്ച് മറ്റൊരാളെ സ്വീകരിക്കണം എന്ന് ഉറച്ച തീരുമാനമെന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല.മകൾക്ക് വേണ്ടിയെങ്കിലും ഒന്നുകൂടി ഒന്ന് ശ്രമിച്ചു നോക്കുന്നതുകൊണ്ട് തെറ്റൊന്നുമില്ല അല്ലേടോ..? “പുഞ്ചിരിച്ചു കൊണ്ട് രമേശ് ചോദിച്ചപ്പോൾ രമ്യയ്ക്ക് ഒരു സമാധാനം തോന്നിയിരുന്നു.

ചിരിച്ചുകൊണ്ട് തലയാട്ടി സമ്മതം അറിയിക്കുമ്പോൾ പുതിയൊരു പുലരി തങ്ങളുടെ സ്നേഹവും പ്രണയവും കൊണ്ട് കെട്ടിപ്പടുക്കണം എന്ന ചിന്തയിലായിരുന്നു രണ്ടുപേരും..

Leave a Reply

Your email address will not be published. Required fields are marked *