എന്റെ ശരീരം ഒന്ന് രുചിച്ചു നോക്കിക്കൂടെ നിനക്ക്?””. ഭവ്യ കാതര ഭാവത്തോടെ പറഞ്ഞു. അവളുടെ

അടരുവാൻ വയ്യാതെ
(രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്)

“”ദീപൻ ഈ ഒരു ദിവസമെങ്കിലും എന്റെ ശരീരം ഒന്ന് രുചിച്ചു നോക്കിക്കൂടെ നിനക്ക്?””. ഭവ്യ കാതര ഭാവത്തോടെ പറഞ്ഞു. അവളുടെ സ്വരം അത്രക്ക് വികാരഭരിതമായിരുന്നു

അവൾ കുറച്ചു നേരെമെങ്കിലും ദീപന്റേതകാൻ വല്ലാതെ വെമ്പൽ കൊണ്ടു. കണ്ണുകളിൽ ലാസ്യഭാവം വിടർന്നു..ദീപനിൽ അലിഞ്ഞില്ലതാകണം അവൾക്ക്. അത്രമേൽ സ്നേഹിച്ചിരുന്നു

ഭവ്യ അയാളെ. ഒരിക്കലും ദീപൻ അങ്ങനെ ചെയ്യില്ല എന്നുറപ്പുണ്ടായിട്ടും അവൾ അയാളെ നോക്കി വശ്യമായി ചിരിച്ചു.

ദീപൻ ഒന്നും പറഞ്ഞില്ല. അയാൾ ഭവ്യയുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു

“”അല്ലെങ്കിൽ എന്നെ ഇങ്ങനെ നോക്കാതിരിക്ക് നീ. എനിക്കാകെ കുളിര് കോരുന്നു. ഞാൻ വീണു പോകും””. ഭവ്യയുടെ ശബ്ദം അത്രമേൽ

കാതരമായിരുന്നു. അവൾ ദീപനെ നോക്കി വെറുതേ കണ്ണുകൾ ചിമ്മിയടച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു

ദീപൻ ചിരിച്ചില്ല. അവന്റെ നോട്ടം എന്നത്തേയും പോലെ പ്രണയാർദ്രമായിരുന്നില്ല. നെഞ്ചിൽ ഉമിത്തീ എരിയുകയാണ്. “ഇവൾക്കെങ്ങനെ ഇപ്പോഴും ഇങ്ങനെ ചിരിക്കാൻ കഴിയുന്നു”.ദീപൻ ചിന്തിച്ചു.

“”പെണ്ണേ… നാളെ നിന്റെ വിവാഹമാണ്. എങ്ങനെ സാധിക്കുന്നു നിനക്കിങ്ങനെയൊക്കെ?””.ദീപൻ ഉറക്കെ അലറി. അയാളുടെ മുഖത്ത് കടുത്ത നിരാശ മഴക്കാറ് പോലെ മൂടികെട്ടി.

“”ദീപൻ.. ഒന്നു പതുക്കെ പറയൂ. പന്തൽ പണിക്കാരും ബന്ധക്കാരും ഒക്കെയുണ്ട് അപ്പുറത്ത്””. ഭവ്യ പതുക്കെ പറഞ്ഞു.

അവൾ പതിയെ നടന്ന് ദീപന്റെ അടുത്തെത്തി. അയാൾ അവളെ തന്നെ നോക്കി നിന്നു. ആ നോട്ടത്തിലെ ദയനീയത അവളുടെ കരളിൽ തറച്ചു കയറി.

“”നിനക്കൊരു വിഷമവുമില്ലേ ഭവ്യാ””.ദീപൻ ചോദിച്ചു. അയാളുടെ കവിളുകൾ വിറച്ചു. മിഴികോണുകളിൽ രണ്ട് തുള്ളി കണ്ണീർ പൊടിഞ്ഞു.

“”സങ്കടം ഇല്ലാഞ്ഞിട്ടാണോ ദീപൻ നീ വിളിച്ചപ്പൊ ഞാൻ ഇറങ്ങി വന്നത്. നെഞ്ചിൽ വലിയൊരു സങ്കട കടൽ ഇരമ്പിയാർത്ത് നുരഞ്ഞു പൊന്തി നിൽക്കുന്നുണ്ട്. ഒരു പെണ്ണല്ലേ ഞാൻ. പിടിച്ചു നിന്നതാണ്””. ഭവ്യ വിങ്ങി പൊട്ടി.

ഭവ്യക്ക് ആർത്തു കരയണം എന്നുണ്ട്. വീട്ടിൽ ബന്ധക്കാരൊക്കെ വന്നിട്ടുണ്ട്. അവര് കേട്ടാൽ…അവൾ കൈവെള്ള കടിച്ചു പിടിച്ചു കരഞ്ഞു കൊണ്ട് ദീപനെ നോക്കി. ദീപൻ ചുണ്ടുകൾ കടിച്ചു പിടിച്ചു തുളുമ്പി നിൽക്കുകയാണ്.

“”ദീപൻ …ഞാൻ””…. ഭവ്യ അവന്റെ നെഞ്ചിലേക്ക് വീണു മുഖം ചേർത്തു. ചുണ്ടുകൾ നെഞ്ചിൽ അമർത്തി കരഞ്ഞു. കണ്ണുനീർ വാർന്നൊഴുകി.

അയാൾ അവളുടെ പുറകിലൂടെ കൈ കോർത്തു ചേർത്തു പിടിച്ചു. മുതുകിൽ മൃദുവായി തലോടി. കണ്ണീർ പെയ്ത്തിൽ അയാളുടെ ഉടുപ്പ് നനഞ്ഞൊട്ടി.

“”ഭവ്യാ…എണീക്കെടീ…പുതിയ സാരിയല്ലേ. ചുളിക്കേണ്ട. എല്ലാരും കാണാൻ വരുമ്പോ മോശമാകും””. ദീപൻ തോളിൽ പിടിച്ചു അവളെ വേർപെടുത്തി.

അവൾ പതുക്കെ അവന്റെ മാറിൽ നിന്ന് മുഖം പൊന്തിച്ചു. കണ്ണീർ തുടച്ചു””കല്യാണ സാരി ആണോ ഇത്””.? ദീപൻ ചോദിച്ചു.

“”അല്ല…. അത് വേറേയുണ്ട്. ഇത് ഇന്ന് ഉടുക്കാൻ വാങ്ങിയതാ””.ഭവ്യ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.ദീപൻ പതുക്കെ മൂളി.

“‘ആരാ ഇത്ര ഭംഗിയായി സാരി ഉടുത്തു തന്നത്. നിനക്ക് ഉടുത്ത് ശീലമില്ലാത്തതാണല്ലോ. എന്നിട്ടും ഇത്ര ഭംഗി? ””. ദീപൻ അവളെ നോക്കി കൊണ്ടു ചോദിച്ചു.

“”ഏട്ടത്തിയമ്മയും കൂട്ടുകാരും”” അവൾ വിങ്ങിപൊട്ടിക്കൊണ്ട് മറുപടി പറഞ്ഞു.””സ്വർണ്ണമൊക്കെ എത്ര വാങ്ങി. നീ പോയിരുന്നില്ലേ കൂടെ””..?. ദീപൻ ചോദിച്ചു.

“”മ്മ്.. ഞാൻ പോയി എന്ന് വരുത്തി..പണ്ടം എത്ര വാങ്ങി എന്നൊന്നും എനിക്കറിയില്ല. എനിക്കതറിയേണ്ട കാര്യമെന്ത്. എന്നെ പൊന്നും പട്ടും പൂവും കൊണ്ട് മൂടാനല്ലല്ലോ ഞാൻ ആശിക്കുന്നത്..”” ഭവ്യ കണ്ണുകൾ തുടച്ചു ദൂരേക്ക് നോക്കി കൊണ്ട് പറഞ്ഞു.

വെയിൽ മങ്ങി തുടങ്ങിയിട്ടുണ്ട്. കിഴക്ക് നിന്നു വീശിയടിച്ച തെന്നൽ ഭവ്യയുടെ മഞ്ഞൾ നിറമുള്ള സാരിയുടെ ഞൊറിവുകളിൽ ഓളങ്ങൾ ഉയർത്തി.

അവൾ മുടി കോതിയൊതുക്കി. വലിയ ആ തൊടിയിൽ കായ്ച്ചു നിന്നിരുന്ന മാവിൽ കിളികൾ കലപില കൂട്ടി കളിക്കുന്നത് അവൾ വെറുതേ നോക്കി നിന്നു.

കണ്ണും കരളും നീറുകയാണ്. തന്റെ പ്രണയത്തിന് ഇന്നിവിടെ തിരശീല വീഴുമല്ലോ എന്നോർത്തപ്പോൾ ഉള്ളം കലങ്ങി മറിഞ്ഞു.

“”നല്ല ഭംഗിയുണ്ട് ട്ടോ ഇങ്ങനെ നിന്നെ കാണാൻ… അവനോ?… എങ്ങനെ സുന്ദരനാണോ?”” ദീപൻ വീണ്ടും ചോദിച്ചു.

ഭവ്യയുടെ മുഖം മാറി. ദേഷ്യവും നിരാശയും നഷ്ടബോധത്തിൽ കുഴഞ്ഞു മറിയുകയാണ് അവളുടെ ഉള്ളിൽ.

“”ദീപൻ..അല്പം ദയവ് കാണിക്കുമോ എന്നോട്?.. എന്നെയൊന്നു കൊന്നു തരുമോ?..അതാണ് ഈ ചോദ്യങ്ങളേക്കാൾ നല്ലത്””.ഭവ്യ കരഞ്ഞുകൊണ്ട് അട്ടഹസിച്ചു.

അടക്കി വെച്ച നൈരശ്യം കണ്ണീരിൽ കുതിർന്ന വാക്കുകളായി പുറത്തു വന്നു.””ഭവ്യാ..ദയവ് ചെയ്ത് കരയല്ലേ.. ഒച്ചയുണ്ടാക്കല്ലേ”” ദീപൻ പറഞ്ഞു.

അയാളും കരച്ചിലടക്കാൻ പ്രയാസപെട്ടു. അവളെ തന്നെ ദയനീയതയോടെ നോക്കി നിന്നു.

അവൾ കണ്ണ് തുടച്ചു. “”സാരല്ല””.ഭവ്യ കണ്ണീരിൽ കുതിർന്ന ഒരു ചിരി ചിരിച്ചെന്നു വരുത്തിക്കൊണ്ട് പറഞ്ഞു.

കുറച്ചു നേരം ഇരുവരും മൗനം പൂണ്ടു. ദീപൻ തെക്കോട്ടൊന്ന് പാളി നോക്കി. കണ്മുന്നിൽ തന്റെ പ്രേയസിയുടെ കല്യാണ പന്തൽ അങ്ങിങ്ങ് കാണുന്നുണ്ട്. അയാൾ അത് നോക്കിയൊരു നെടുവീർപ്പിട്ടു.

“”ഭവ്യാ…വീട്ടിൽ അന്വേഷിക്കില്ലേ നിന്നെ””.? ദീപൻ നിശബ്ദത മുറിച്ചു കൊണ്ട് ചോദിച്ചു.

“”ആ.. അന്വേഷിക്കട്ടെ.. എനിക്കെന്ത് ഛേദം””. ഭവ്യ അലക്ഷ്യമായി മുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു.

അവൾ സാരി തുമ്പ് വലിച്ചു എളിയിൽ കുത്തി. താഴേ മീനമാസ വെയിലേറ്റ് ഉണങ്ങി കരിഞ്ഞ മഞ്ഞ നിറമുള്ള പുല്ലിൽ കുത്തിയിരുന്നു. മുട്ടിൻ കാലുകൾ ചേർത്ത് വെച്ചു. കാണങ്കാലുകളിലെ സ്വർണ്ണ നിറമാർന്ന നനുത്ത രോമങ്ങൾ പോക്കു വെയിലിൽ ഒന്നു കൂടി തിളങ്ങി.

ഭവ്യ കാൽമുട്ടിന്മേൽ തല വെച്ച് ദീപനെ നോക്കി. ദീപൻ തലകുനിച്ചു നിൽക്കുകയാണ്. വിരഹവേദനയുടെ മഹാ പ്രയാണത്തിലേക്ക് അവന്റെ മനസ്സ് വ്യതിചലിക്കുന്നത് അവൾ അവന്റെ മുഖത്ത് നിന്ന് വായിച്ചെടുത്തു.

“”ഇവിടെ ഇരിക്ക് ദീപൻ””.ഭവ്യ അവന്റെ മുഖത്ത് നോക്കി പറഞ്ഞു.””ഇരിക്കുന്നതെങ്ങിനെ… നിനക്ക് പോവേണ്ടേ.. ഇരുന്നാൽ എനിക്ക് ഇരിപ്പുറക്കില്ല ഭവ്യാ””. ദീപൻ പറഞ്ഞു. എങ്കിലും ദീപൻ അവളുടെ അടുത്ത് ചാരി ഇരുന്നു.

“”വീട്ടിൽ ആർക്കെങ്കിലും അറിയുമോ നമ്മുടെ കാര്യം. നീ പറഞ്ഞുവോ””?. ദീപൻ പതുക്കെ ചോദിച്ചു.

“”എന്തിനാ ദീപൻ. നീ എന്നെ കൊണ്ടു പോകുമോ?.നമ്മൾ ഒരുമിച്ചു ജീവിക്കാൻ പോകുന്നുണ്ടോ?.ഇതൊന്നും ഇല്ലല്ലോ.പിന്നെ എന്തിന്

പറയണം””?.ഭവ്യയുടെ തൊണ്ട വീണ്ടും ഇടറി. ശബ്ദം നേർത്തു. മിഴിയിണകൾ വീണ്ടും ആർദ്രമായി.

ഭവ്യയുടെ വാക്കുകൾ ചാട്ടുളി കണക്കേ അയാളുടെ ഹൃത്തടത്തിൽ തുളഞ്ഞു കയറി.ദീപൻ എന്തോ പറയാൻ കൊതിച്ചു. പക്ഷെ.. കരളിലെ വാക്കുകൾ ശബ്ദങ്ങളായി പുറത്തു വന്നില്ല.

ഒന്നും മിണ്ടാനുള്ള ശേഷി അയാൾക്കുണ്ടായിരുന്നില്ല.””നീ അവസാനമായി എന്നെ ഒന്നു കാണണം എന്ന് പറഞ്ഞു. ഞാൻ വന്നു..അത്രേ

ഉളളൂ””. ഭവ്യ പറഞ്ഞു. അവളുടെ സ്വരത്തിൽ കൃത്രിമത്വം തുളുമ്പുന്ന ഒരലസഭാവം മുഴച്ചു നിന്നു.

അയാളുടെ ചങ്ക് പിടക്കുന്നത് കാണാനുള്ള ശക്തി ഇല്ലാത്തത് കൊണ്ടാവാം ഭവ്യ ദീപന്റെ മുഖത്തു നോക്കിയില്ല.””തെറ്റുക്കാരൻ ഞാൻ മാത്രമാണ്..അല്ലേ””.ദീപൻ ചോദിച്ചു.

“”അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലൊ. ആ.. എനിക്കറിയില്ല. ശരിയും തെറ്റുമൊന്നും. എന്റെ ശരികൾ നിനക്ക് തെറ്റായിരിക്കാം”” ഭവ്യ വീണ്ടും വിതുമ്പാൻ തുടങ്ങി.

“”ഒരു താലി ചരടിൽ നിന്നെ ബന്ധിപ്പിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല…പക്ഷെ””…. ദീപന്റെ വാക്കുകൾ ഇടക്ക് വെച്ചു മുറിഞ്ഞു.

“”നിർത്തൂ ദീപൻ… പാടി പഴകിയ പല്ലവി കേട്ട് മടുത്തു. ബന്ധങ്ങളെ പിരിയാൻ വയ്യെങ്കിൽ എന്തിനെന്നെ മോഹിപ്പിച്ചു എന്ന് ഞാൻ ചോദിച്ചില്ലല്ലോ?””. ഭവ്യയിൽ നഷ്ട ബോധം നിരാശയിൽ കലർന്നു തിളച്ചു മറിഞ്ഞെങ്കിലും അവൾ തടഞ്ഞു നിർത്തി.

ദീപൻ വാക്കുകൾക്കായി പരതി.മനസ്സിൽ പതിഞ്ഞ പഴകിയ “എല്ലാം മറക്കണം” എന്ന വാക്കിന് മൂർച്ചയില്ലാത്തത് കൊണ്ടാണോ ആവോ അയാൾ അത് പറയാൻ മിനക്കെട്ടില്ല.

ഭവ്യ ഒരിക്കലും ആ വാക്കിന് വില നൽകില്ല എന്നും ദീപന് അറിയാം. കാരണം മറക്കാൻ ആഗ്രഹിക്കുന്നത് അയാൾ മാത്രമാണ്.

കടുത്ത നിശബ്ദത ഇരുവരുടേയും ഇടയിൽ പതിവില്ലാതെ മൂടി കെട്ടി. ഭവ്യ ഒന്നു ചമ്രം പടിഞ്ഞിരുന്നു. ഇരുവരും ഒരേ സമയം ഒരേ ഓർമകളിലേക്ക് ഊളിയിട്ടു. അനുരാഗത്തിന്റെ നാളുകളിലേക്ക്..പിരിയും എന്നൊരു

വാക്കിനെ കുറിച്ച് ഇരുവരും ചിന്തിച്ചിട്ട് പോലുമില്ലാത്ത നാളുകൾ. ഹൃദയവനിയിൽ വിരിഞ്ഞ പൂക്കൾ പരസ്പരം കൈമാറിയിരുന്ന നാളുകൾ. ആലിംഗനങ്ങളിൽ സ്വയം മറന്നു നിന്ന നാളുകൾ. കവിളുകൾ ചുമ്പനങ്ങളാൽ

നിറഞ്ഞ നാളുകൾ. നിദ്രാവിഹീനങ്ങളായ നിറമുള്ള സ്വപ്‌നങ്ങൾ കണ്ട രാവുകൾ. ശരീരത്തെ പവിത്രമായി കൊണ്ട് നടന്ന നാളുകൾ.നീണ്ട അഞ്ചാണ്ടുകൾ പ്രണയ സുരഭിലമാക്കിയിരുന്ന നാളുകൾ.

“”എന്താ ദീപൻ.. നമുക്കിടയിൽ വാക്കുകൾക്ക് പന്നമോ?..ഭവ്യ തന്നെയാണ് ആദ്യം നിശബ്ദത മുറിച്ചത്. അവൾ ഒരു തൂമന്ദഹാസം തൂകി.

ദീപനും ചിരിച്ചു. തന്റെ കറുത്ത താടിയിൽ ഉഴിഞ്ഞു കൊണ്ട് അയാൾ അവളെ നോക്കി.

സൂര്യൻ കുറച്ചു കൂടി പടിഞ്ഞാറിലേക്ക് നീങ്ങി. മീനവെയിലിന് ചുവപ്പ് രാശി പടർന്നു മങ്ങി. മീനച്ചൂടിനേക്കാൾ തീക്ഷ്ണമായിരുന്ന വിരഹചൂടിൽ അവർ വെന്തുരുകി.

“”നീ സന്തോഷവതി ആയിരിക്കുമോ അയാളുടെ കൂടെ””?. ദീപൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.

“”ഒരിക്കലും എനിക്കതിനു കഴിയില്ല ദീപൻ. പിന്നെ മനുഷ്യൻ അല്ലേ.. മാറാം.. മറക്കാം”‘.. ഭവ്യ അല്പനേരം നിശബ്ദയായി എന്തോ ചിന്തയിൽ ആണ്ടു.””ഇല്ല ദീപൻ.. എനിക്ക് പറ്റില്ല.”” അവളുടെ സ്വരം വീണ്ടും ആർദ്രമായി.

“”അപ്പൊ.. എങ്ങനെ നീ അയാളുടെ കൂടെ?.. നിന്നെ പോലൊരു സുന്ദരി പെണ്ണിന്റെ കൂടെ അയാൾ വെറുതേ ശയിക്കുമോ?””… ദീപൻ ചോദിച്ചു. അയാളുടെ കണ്ണുകൾ ചെറുതായ പോലെ ഭവ്യക്ക് തോന്നി.

“”മ്മ്.. എന്റെ ശരീരം ചിലപ്പോൾ അയാൾ സ്വന്തമാക്കിയേക്കാം.. പക്ഷെ.. മനസ്സ് അത് ഒരിക്കലും അയാൾക്ക് സ്വന്തമാക്കാൻ കഴിയും എന്നെനിക്ക് തോന്നുന്നില്ല.

മനസ്സില്ലാത്ത ശരീരം വെറും ശവമാണ്. എന്റെ ശവത്തിൽ അയാൾ ഭോഗിച്ചേക്കാം. മടുക്കുമ്പോൾ അയാൾ ഉപേക്ഷിച്ചു പോയേക്കാം””.ഭവ്യ നിർവികാരതയോടെ പറഞ്ഞു.

“”എന്തെളുപ്പമാണ് പറയാൻ അല്ലേ?””.ദീപൻ ചോദിച്ചു.””അല്ലാതെ ഞാൻ എന്ത് പറയണം. എന്നെ കൊണ്ട് പൊയ്ക്കൂടേ ദീപൻ എങ്ങോട്ടെങ്കിലും”” ഭവ്യ അല്പം സ്വരം ഉയർത്തി. വീണ്ടും കണ്ണീർ തുളുമ്പി വീഴാൻ നിറഞ്ഞു നിന്നു.

ദീപൻ മൗനിയായി.ഒരിക്കലും പറ്റില്ല എന്ന് പറഞ്ഞാൽ എന്ത് കൊണ്ട് പറ്റില്ല എന്ന ചോദ്യം അവൾ തിരിച്ചു ചോദിക്കുമോ എന്നയാൾ ഭയന്നു. എന്റെ പ്രണയത്തിന്റെ ആത്മാർത്ഥത ഇത് വരെ അവൾ ചോദ്യം ചെയ്തിട്ടില്ല. അവൾക്കെന്നെ ജീവനാണ്.

എനിക്കും… പക്ഷെ…കൂടെ കൂട്ടിയാൽ ബന്ധങ്ങളുടെ കെട്ടു പാടുകൾ എന്ന് ഞാൻ പലവുരു ആവർത്തിച്ച നുണ തകർന്ന് തരിപ്പണമാകും.

ശരീരത്തെ ബാധിച്ച രോഗം എന്റെ പൗരുഷത്തേയും പതിയെ ഇല്ലാതാക്കി കൊണ്ടിരിക്കുന്നു എന്നവൾ അറിഞ്ഞാൽ…?.എന്നിലെ ഉണരാത്ത പൗരുഷത്തേ അവൾ ചോദ്യം ചെയ്താൽ..?

ഒരു അവയവത്തിലാണോ പൗരുഷം എന്നവൾ തിരിച്ചു ചോദിച്ചേക്കാം.. പക്ഷെ.. കാലം മറിഞ്ഞു തുടങ്ങുമ്പോൾ അവൾ ആഗ്രഹിക്കില്ലേ എന്നെങ്കിലും ഒരു കുഞ്ഞിനെ മുലയൂട്ടാൻ. അതല്ലെങ്കിൽ അനിർവചനീയമായ രതി സുഖത്തേ അവൾ ആഗ്രഹിച്ചാൽ.

ഒരിക്കൽ എന്നെ ചോദ്യം ചെയ്താൽ.. ഇനി എന്നോടുള്ള പ്രിയം കൊണ്ട് അവൾ ചോദ്യം ചെയ്തില്ലെങ്കിലും അടങ്ങാത്ത ആശ അടക്കി വെച്ചു നിരാശയിൽ കാലം തള്ളി നീക്കേണ്ടി വരില്ലേ.

അതുമല്ലെങ്കിൽ ഞാൻ ഈ ലോകം വിട്ടു മരണത്തെ പുൽകിയാൽ.. ഒരു വേള ഇതെല്ലാം മാറിമറിഞ്ഞേക്കാം..പക്ഷെ.. ഒരു ഭാഗ്യ പരീക്ഷണത്തിന് എന്തിന് ഒരുങ്ങണം. ദീപന്റെ അന്തരംഗം ചിന്തകളാൽ കറങ്ങി തിരിഞ്ഞു.

“നിന്റെ നന്മ ആഗ്രഹിച്ചിട്ടാണ് പെണ്ണേ” എന്നയാൾക്ക് പറയണം എന്നുണ്ട്. പറഞ്ഞാലും അവൾ കേൾക്കണം എന്നില്ല. കൂടെ പോന്നാൽ… അയാൾക്ക്‌ ഭയമാണ്. എന്നെങ്കിലും ഭവ്യ തന്നെ വെറുക്കുമോ എന്നയാൾ വല്ലാതെ ഭയന്നു.

അവളുടെ വെറുപ്പ് അയാൾക്ക് സങ്കൽപ്പങ്ങളിൽ പോലുമില്ല. അത്രമേൽ പ്രിയങ്കരമായിരുന്നു ദീപന് ഭവ്യയോടുള്ള പ്രണയം.

“”ദീപൻ ഈ ഒരു ദിവസം മറിയാൻ പോകുന്നു. നാളെ എന്റെ ശരീരം ഞാൻ ആഗ്രഹിക്കാത്ത ഒരാൾ കവർന്നെടുക്കും ദീപൻ….. ഞാൻ വല്ലാതെ മോഹിക്കുന്നു..കുറച്ചു നേരം..ദാ.. ഇപ്പൊ..

ഈ അസ്തമയ സൂര്യനെ സാക്ഷി നിർത്തി നമുക്ക് ശരീരം കൊണ്ട് ഒന്നായിക്കൂടെ. ഓർമകളിൽ സൂക്ഷിക്കാൻ.. എനിക്ക് എന്നെന്നും താലോലിക്കാൻ.. ദയവ് ചെയ്ത്””.ഭവ്യയിൽ വീണ്ടും വികാരങ്ങളുടെ വേലിയേറ്റം കണ്ടു.

അവൾ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. മുഖം ചുവന്നു തുടുത്തു. ശരീരത്തിൽ ചൂട് പകരുന്നത് അവൾ അറിഞ്ഞു. ഭവ്യയുടെ വീണ്ടും പൊടുന്നനെയുള്ള ഭാവമാറ്റം ദീപൻ ഒരിക്കലും പ്രതീക്ഷിച്ചില്ല. അയാൾ ഞെട്ടി വിറച്ചു..

“ഒടുവിൽ അവൾ എന്നെ”..ദീപന്റെ ആത്മാവ് പേടിയോടെ മന്ത്രിച്ചുഭവ്യ അയാളുടെ അടുത്തേക്ക് നീങ്ങിയിരുന്നു.

“”ഭവ്യാ.. നീ എന്താണീ പറയുന്നത്.. നിനക്ക് സമനില തെറ്റിയോ?””.ദീപൻ കണ്ണ് തുറിച്ചു കൊണ്ട് ചോദിച്ചു. അയാളുടെ വായിലെ ഉമിനീർ വറ്റി വരണ്ടു.

ദീപന്റെ ഈ ചോദ്യം അവളിൽ സ്ഥലകാലബോധം തിരിച്ചെത്തിച്ചു.””ദീപൻ.. ഞാൻ… സ്നേഹം ഒരു ഭ്രാന്താണിപ്പൊ എനിക്ക് “”..ഭവ്യ വിറച്ചു കൊണ്ട് പറഞ്ഞു.

ദീപൻ അവളെ തന്നെ നോക്കി. ആ നിർവികാരതയിലും ഭവ്യയിൽ ചെറിയൊരു കാതരഭാവം അയാൾ കണ്ടു. ദീപൻ ആകെ അസ്വസ്ഥനായി.

“”നീ തന്നെയല്ലേ പറഞ്ഞത്. പ്രേമവും കാമവും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്ന്. ഒന്നില്ലാതെ ഒന്നിന് പൂർണ്ണതയില്ല എന്നൊക്കെ പറഞ്ഞിരുന്നു നീ.. എന്നിട്ടെന്തേ ഇപ്പൊ?””.

ഭവ്യയുടെ സ്വരം കാമാതുരമാകുന്നുണ്ടെന്ന് ദീപന് തോന്നി. കണ്ണുകളിൽ കണ്ണീരും ലസ്യഭാവവും നിറഞ്ഞപ്പോൾ അവൾക്കൊരു പ്രത്യേക ചന്തം വിരിഞ്ഞതു പോലെ..

“”ആയിരിക്കാം പക്ഷെ… വേണ്ട””..ദീപൻ ദൂരേക്ക് നോക്കി പറഞ്ഞു.അവൾ “ആ” എന്ന് മാത്രം പറഞ്ഞു കൊണ്ട് അയാളിൽ നിന്നു മാറിയിരുന്നു. ശക്തിയായ മോഹഭംഗം അവളിൽ നിറഞ്ഞിരുന്നു.വീണ്ടും നിശബ്ദമായി. ഇരുവരും സ്വന്തത്തിലേക്ക് പിൻവാങ്ങി.

“”ശരിയാണ്…ഞാൻ പറഞ്ഞിട്ടുണ്ട് അങ്ങനെ. ഒന്നില്ലാതെ ഒന്നിന് പൂരകമില്ല. പക്ഷെ.. മനസ്സ് കൊണ്ടും കാഴ്ച്ചകൊണ്ടും മാത്രമേ ഞാൻ പുരുഷനായുള്ളൂ.

എന്നെ കീഴ്പ്പെടുത്തി എന്റെ ആൺമയും കൊണ്ട് പോയ അസുഖം വിലങ്ങു തടിയാണ്.”” ദീപന്റെ ഉൾപ്പൂവ് തുടികൊട്ടി മന്ത്രിച്ചു.

“”പലപ്പോഴും കൊതിച്ചിട്ടുണ്ട് ഞാൻ ഒരു വികാരപരവശമായ ശരീര സ്പർശനത്തിന്.. ഒട്ടും വികാരമില്ലാതെ വെറും ആലിംഗനങ്ങളിലും ചുമ്പനങ്ങളിലും ദീപൻ എല്ലാം ഒതുക്കുമ്പോ ആശ്ചര്യപെട്ട് നിന്നിട്ടുണ്ട്.””ഭവ്യ ഓർത്തു.

“”എനിക്ക് സങ്കടം ഒന്നുമില്ല ദീപൻ.പണ്ടും നീ ഇങ്ങനെയാണല്ലോ. അവസാനമായി ഒന്ന് പറഞ്ഞു നോക്കിയതാ.”” ഭവ്യ പറഞ്ഞു. അവൾ കണ്ണുകൾ സാരി തലപ്പു വലിച്ചു തുടച്ചു.

“”നാളെ നീ മറ്റൊരാളുടേത് ആവുമ്പോൾ””..””മതി ദീപൻ..നിർത്തിക്കോ””..ഭവ്യ ഇടക്ക് കയറി പറഞ്ഞു. ശബ്ദം അൽപ്പം കനത്തു.

“”ആരുടേതാ ഞാൻ ആവുന്നത്?. എനിക്ക് ഒരാളേ ഉളളൂ മനസ്സിൽ. അയാളുടെ മനസ്സിൽ ഞാൻ ഇപ്പോഴും ഉണ്ടെന്ന് വിശ്വസിക്കുന്നു””.അവൾ വീണ്ടും വിതുമ്പി..

ദീപന് അവളെ ഒന്ന് ചേർത്തു നിർത്തണം എന്നുണ്ട്. പക്ഷെ എന്ത് കൊണ്ടോ അയാൾ അത് ചെയ്തില്ല.

സൂര്യൻ മറഞ്ഞു തുടങ്ങി. ആകാശം ശോണിമയാർന്നു. ആ ഇളം കാറ്റ് ഇപ്പോഴില്ല. മീന മാസത്തിലെ വൈകുന്നേരത്തുള്ള ഉഷ്ണം പതുക്കെ തലപൊക്കി തുടങ്ങി.

ഭവ്യ എഴുന്നേറ്റു. നിതംബത്തിൽ പറ്റി പിടിച്ചിരുന്ന മഞ്ഞ നിറമുള്ള പുൽ ശകലങ്ങൾ അവൾ തട്ടി കളഞ്ഞു. ദീപനും എഴുന്നേറ്റു. രണ്ട് പേരും കുറച്ചു നേരം വെറുതേ താഴേക്ക് നോക്കി നിന്നു.

ഭവ്യ കാല് കൊണ്ട് താഴേ പുല്ലുകൾ വെറുതേ തട്ടി കളിച്ചു. ദീപൻ അത് നോക്കി നിന്നു.

“”ഞാൻ പൊയ്ക്കോട്ടേ””.ഭവ്യ പതുക്കെ ചോദിച്ചു.ദീപൻ “മ്മ്” എന്ന് മൂളുക മാത്രം ചെയ്തു.

പോവല്ലേ എന്നയാൾ ഒരിക്കലും പറയില്ല എന്ന് ഭവ്യക്ക് അറിയാം. എങ്കിലും അങ്ങനെയൊന്ന് പറഞ്ഞിരുന്നെങ്കിൽ എന്നവൾ വല്ലാതെ കൊതിച്ചു. രണ്ട് പേരുടേയും കരള് പിടച്ചു.

ഹൃദയതാളം കർണ്ണപുടങ്ങളിൽ ഉറക്കെ കേട്ടു. പിരിയുകയാണ്. ഉള്ളിൽ വേരുറച്ച പ്രണയം എന്ന വന്മരം ചുവടോടെ ഇളക്കിയെടുക്കുകയാണ്. കരള് പറിച്ചെടുക്കുന്ന വേദന സഹിച്ചു ദീപനും ഭവ്യയും മുഖത്തോട് മുഖം നോക്കി.

ഉമിനീരിറക്കാൻ മറന്നു പോയി. നെടുവീർപ്പുകൾ ഉച്ചത്തിൽ കേട്ടു. കണ്ണീർ വാർന്നൊഴുകി. കൈമാറിയ ഹൃദയങ്ങൾ ആത്മാക്കൾ തിരിച്ചു നൽകിയോ..

“”ഇനി കാണുമോ?””.ദീപൻ ചോദിച്ചു.””അറിയില്ല”” ഭവ്യ അവ്യക്തമായി മൊഴിഞ്ഞു.””നീ അവിവേകമൊന്നും കാണിക്കരുത്””.ദീപൻ പറഞ്ഞു.

“”ഇല്ല””..ഭവ്യ താഴേക്ക് നോക്കി കൊണ്ട് പറഞ്ഞു. കണ്ണീർ മണ്ണിൽ വീണു.””നീയും അരുതാത്തത് ഒന്നും കാണിക്കരുത്. അമ്മ തനിച്ചാവും. അവിടല്ലേ നിന്റെ ബന്ധനം. ഞാനും പിന്നെ ഉണ്ടാവില്ല””.ഭവ്യ പറഞ്ഞു.

“”ഇല്ല””..ദീപൻ പറഞ്ഞു.””പൊയ്ക്കോട്ടേ?””.ഭവ്യ പതുക്കെ ചോദിച്ചു.

അവന്റെ മുഖത്ത് നോക്കിയാൽ തന്റെ നിയന്ത്രണം വിടുമോ എന്നവൾ ഭയന്നു. അവൾ താഴേക്ക് തന്നെ നോക്കി നിന്നു. വീണ്ടും കണ്ണീർ തുള്ളികൾ താഴേ വീണു.

“”പൊയ്ക്കോ..എല്ലാരും കാത്തിരിക്കുന്നുണ്ടാവും””.ദീപൻ പറഞ്ഞു.

അവൾ തിരിഞ്ഞു നടന്നു. പാദസരത്തിന്റെ കിലുക്കം. അവൾ വിങ്ങിപൊട്ടി താഴേക്ക് നോക്കി നടന്നു. സാരി തലപ്പ് കൊണ്ട് മുഖമൊന്നു അമർത്തി തുടച്ചു. മനസ്സിൽ എന്തോ ഒരു

മരവിപ്പ് മാത്രം തോന്നി ഭവ്യക്ക്. അത് കൊണ്ടാവും അവൾ ഒരുവട്ടം പോലും ദീപനെ തിരിഞ്ഞു നോക്കിയില്ല. അവൾ നടന്ന് മറഞ്ഞു.

ദീപൻ അവൾ മറയുന്നതും നോക്കി നിന്നു. പിന്നെ ഒരു നെടുവീർപ്പോടെ തിരിഞ്ഞു നടന്നു. അയാളുടെ മനസ്സിൽ മരവിപ്പായിരുന്നില്ല. പക്ഷെ.. ശൂന്യമായിരുന്നു.

ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും അവളുടെ ആത്മാവിനെ പറിച്ചെടുത്ത സ്ഥലത്ത് ഒരു ശൂന്യതയുടെ കുഴി രൂപപ്പെട്ടിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *