അവിഹിതമുണ്ടോ?. അവൾ ഗർഭിണിയാണോ?.. ഈശ്വരാ.. ഗായത്രിയുടെ ഹൃദയം ആലില പോലെ വിറച്ചു കൊണ്ടിരുന്നു

മുറിഞ്ഞ ഹൃദയങ്ങൾ
(രചന: മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്)

“”സുധീർ…നിന്റെ ജ്യോതി ട്രെയിൻ തട്ടി മരിച്ചെന്ന്. നീയെവിടെ?””. സുഹൃത്ത്‌ മനോജ്‌ വിളിച്ചു പറഞ്ഞപ്പോൾ സുധീർ ഞെട്ടി. നെഞ്ച് മിടിച്ചു. വായ വറ്റി വരണ്ടു.

നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. അയാൾ ഒന്നും മിണ്ടാതെ വിറക്കുന്ന കൈകളോടെ ഫോൺ ചെവിയിൽ വെച്ചു നിന്നു.

“”ഹലോ.. ഹലോ.. സുധീർ.. നീ എവിടെ? ഹോസ്പിറ്റലിലാണ?. ഗായത്രി പ്രസവിച്ചോ?. ഞാൻ അങ്ങോട്ട്‌ വരാം.. ഹലോ.. ഹലോ””..

മനോജിന്റെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയാൻ സുധീറിന് കഴിഞ്ഞില്ല. കണ്ണുകൾ നിറഞ്ഞു പരന്നു കാഴ്ച്ചകളെ മറച്ചു.

സുധീറിന്റെ ഭാര്യ ഗായത്രിയേ പ്രസവ മുറിയിലേക്ക് കയറ്റിയിട്ട് മണിക്കൂർ രണ്ടായി. നെഞ്ച് വിങ്ങി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു അയാൾ.

കാമുകി മരിച്ച വാർത്ത കേട്ട് ചങ്ക് പിടഞ്ഞ അയാൾ പതുക്കെ നടന്നു ഒരു കസേരയിൽ ഇരുന്നു. കയ്യിൽ പിടിച്ചിരുന്ന മുമ്പ് പ്രസവിച്ച സ്ത്രീകളുടെ ബന്ധുക്കൾ

ചിരിച്ചു കൊണ്ട് നൽകിയ മിഠായികൾ അയാൾ നിലത്തേക്ക് വലിച്ചെറിഞ്ഞു. മുഖം പൊത്തി തേങ്ങി.

“”ഗായത്രിടെ ആൾക്കാർ ആരാ?””.മെലിഞ്ഞ രൂപമുള്ള ഒരു നേഴ്സ് വാതിൽ ദൃതിയിൽ തള്ളി തുറന്നു കൊണ്ട് ചോദിച്ചു. സുധീർ അത് കേട്ടെങ്കിലും അയാൾക്ക് മിണ്ടാനായില്ല. നേഴ്സ് വീണ്ടും ഉറക്കെ ചോദ്യം ആവർത്തിച്ചു.

സുധീർ പതുക്കെ എഴുന്നേറ്റു അലസമായി ആ നേഴ്സിനെ നോക്കി കൈയ് പൊക്കി.””പ്രസവിച്ചു.. പെൺ കുഞ്ഞാണ്””..

സുധീറിനെ ആശ്വാസം തഴുകിയെങ്കിലും അയാൾക്ക് അത് അനുഭവിക്കാനായില്ല. അയാൾ വെറുതെ ചിരിക്കും പോലെ അഭിനയിച്ചു.

സ്നേഹിതൻ മനോജ്‌ നീണ്ട വരാന്തയിലൂടെ നടന്നു വരുന്നത് അയാൾ കണ്ടു. സുധീർ വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു.

“”മനോജേ…അവൾ പ്രസവിച്ചെടാ.. പെൺ കുഞ്ഞാണ്. അവളുടെ ആഗ്രഹം പോലെ തന്നെ””.. സുധീർ വീണ്ടും ചിരി അഭിനയിച്ചു കൊണ്ട് പറഞ്ഞു.

“”മ്മ്””..മനോജും മങ്ങിയ ചിരി ചിരിച്ചു.””എടാ…അവൾ സ്വയം ഒടുങ്ങിയതാണോ?””.. സുധീർ ചോദിച്ചു.

“”അറിയില്ല..ബോഡി പോസ്റ്റ്‌ മോർട്ടത്തിന് കൊണ്ടു പോയിരിക്കുകയാണ്. എന്തോ വാങ്ങാൻ പുറത്തേക്ക് പോയതാ.

പിന്നെ റെയിൽവേ ട്രാക്കിനടുത്ത്‌ മരിച്ചു കിടക്കുന്നതാണത്രേ കണ്ടത്..നീ വിളിച്ചിരുന്നോ?. അവൾ വല്ലതും പറഞ്ഞിരുന്നോ?””..സുധീർ നിറ കണ്ണുകളോടെ മനോജിനെ നോക്കി.

“”കല്യാണത്തിന്റെ പിറ്റേന്ന് ഒരു തവണ വിളിച്ചിരുന്നു. ഇനി വിളിക്കില്ലാന്നും പറഞ്ഞു. അങ്ങോട്ട്‌ വിളിച്ചിട്ടും ഇല്ല.

കാരണം ഗായത്രിക്ക് എല്ലാം അറിയാം.അവളെ മറന്നു എന്നാണ് ഞാൻ ഗായത്രിയേ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്.. പക്ഷേ.. മനസ്സ്..

അത് ജ്യോതിയോടൊപ്പം നീറി കൊണ്ടേ ഇരുന്നിരുന്നു. ഇപ്പോ പുകഞ്ഞു കത്തുന്നു മനോജ്‌””. സുധീർ ഒന്ന് തേങ്ങി.മനോജ്‌ ഒന്നും മിണ്ടിയില്ല.

“”മനോജേ…ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള നിമിഷത്തിലായിരുന്നു ഞാൻ… പക്ഷേ…ഇപ്പൊ അത് കെട്ട് പോയി. എന്താ ചെയ്യേണ്ടത് ഞാൻ. ആരെയാ ഞാൻ ആദ്യം കാണേണ്ടത്.

ജ്യോതിയുടെ ജീവനറ്റ മരവിച്ച മുഖമോ. അതോ എന്റെ ചോരയിൽ ഒരു ജീവന് പിറവി കൊടുത്ത എന്റെ ഗായത്രിയുടെ സന്തോഷം തുളുമ്പുന്ന മുഖമോ?””..സുധീർ കസേരയിലേക്ക്

വീണു. കണ്ണുകൾ നിറഞ്ഞു തുളുമ്പി. തേങ്ങലുകൾ പതുക്കെ പുറത്ത് കേൾക്കാം. നിമിഷങ്ങളോളം സുധീർ മുഖം പൊത്തി തേങ്ങി.

“”ഗായത്രിടെ ഹസ്ബൻഡ് എവിടെ?””.. നേരത്തേ പുറത്തേക്ക് വന്ന നഴ്സ് വീണ്ടും വന്നു ഉറക്കെ വിളിച്ചു ചോദിച്ചു.സുധീർ തല പൊക്കി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

“”സുധീറേ.. വാ.. കണ്ണ് തുടക്ക്.. നിന്റെ കുഞ്ഞിനെ കാണിക്കാനാണ്””..മനോജ്‌ അയാളെ തട്ടി വിളിച്ചു.

സുധീർ എഴുന്നേറ്റ് കണ്ണ് തുടച്ചു. സന്തോഷം മരിച്ച മനസ്സും നിർവികാരത തുളുമ്പുന്ന മുഖവുമായി അയാൾ നടന്നു പോയി കുഞ്ഞിനെ വാങ്ങി.

ഇളം കണ്ണുകൾ തുറന്ന് കുഞ്ഞ് അച്ഛനെ നോക്കി. വീണ്ടും കണ്ണടച്ചു. സുധീർ കുഞ്ഞിനെ കൊഞ്ചിച്ചില്ല. കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി ചിരിച്ചെന്ന് വരുത്തി വേഗം നഴ്സിന് തിരികെ കൊടുത്തു.

“”കുറച്ചു കഴിയും റൂമിലേക്ക് മാറ്റാൻ. ഗായത്രി സുഖമായിരിക്കുന്നു””. നഴ്സ് കുഞ്ഞിനെ തിരികെ വാങ്ങുന്നതിനിടയിൽ പറഞ്ഞു.

സുധീർ ഒന്നും മിണ്ടാതെ തിരികെ നടന്നു.””മനോജേ.. അവളെ എപ്പൊ കൊണ്ടു വരും വീട്ടിലേക്ക്. എനിക്കൊന്ന് കാണണം””.. സുധീർ ചോദിച്ചു.

“”പോസ്റ്റ്‌ മോർട്ടം കഴിഞ്ഞാൽ കൊണ്ടു വരും. നിനക്ക് കാണണം എന്ന് നിർബന്ധമാണോ?””.. മനോജ്‌ ചോദിച്ചു.

“”പിന്നെ…എനിക്ക് കാണണ്ടേ.. അവളെന്റെ ആരായിരുന്നു എന്ന് നിനക്കറിയില്ലേ””.. സുധീർ സർവ്വ നിയന്ത്രണവും വിട്ട് അലറി.മനോജ്‌ നടുങ്ങി. ആളുകൾ പിറു പിറുത്തു കൊണ്ട് സുധീറിനെ നോക്കി..

“”സുധീറേ…ഹോസ്പിറ്റലാണ്. ഇങ്ങനെ ശബ്ദമുയർത്തരുത്. നമുക്ക് പോകാം. നീ തത്കാലം റൂമിലേക്ക് പോ.. പോയി വിശ്രമിക്ക്. ദയവ് ചെയ്തു നിന്നെ നിയന്ത്രിക്ക്. ഞാൻ ഒന്നു കൂടി കാര്യങ്ങൾ

അന്വേഷിച്ചിട്ട് വരാം. ഗായത്രി പ്രസവിച്ചത് വീട്ടിലേക്ക് വിളിച്ചു പറഞ്ഞേക്ക്””.. മനോജ്‌ സുധീറിന്റെ തോളിൽ പിടിച്ചു കൊണ്ടു പതുക്കെ പറഞ്ഞു.

സുധീർ ഒന്നും മിണ്ടാതെ ഹോസ്പിറ്റലിന്റെ ഗോവണി പടികൾ പതുക്കെ കയറി. അയാൾ വിറക്കുന്നുണ്ടായിരുന്നു. ചവിട്ടടികൾ വളരെ അലസമായിരുന്നു.

കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു. റൂമിലെത്തിയ അയാൾ നേരെ കട്ടിലിലേക്ക് വീണു. ഓർമ്മകളുടെ കരിമ്പടം അയാളെ മൂടി.

ജ്യോതി…സുന്ദരിയായിരുന്നു. വലിയ കണ്ണുള്ളവൾ. ആകർഷകമായ മുഖമുള്ളവൾ. അവൾ എന്റേതായിരുന്നു അഞ്ചു വർഷം. അവളുടെ മെലിഞ്ഞു നീണ്ട കൈ വിരലുകളിൽ പിടിച്ചു എത്ര തവണ പറഞ്ഞിരിക്കുന്നു.””നീ എന്റേതാണെന്ന്””.

പതു പതുപ്പുള്ള ഉള്ളം കയ്യിൽ കരതലം വെച്ച് എത്ര തവണ സത്യം ചെയ്തിരിക്കുന്നു. “”നീ എന്റേത് മാത്രമാണെന്ന്””.

നഗര പ്രാന്തത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഇടിഞ്ഞു വീഴാറായ ആ പോസ്‌റ്റോഫീസ് വരാന്തയിൽ നെഞ്ചോട് ചേർത്ത് പിടിച്ചു മുതുകിൽ തലോടി എത്ര തവണപറഞ്ഞിരിക്കുന്നു.””മരണമല്ലാത്തതൊന്നും നമ്മളെ പിരിക്കുകയില്ല എന്ന്””.

ഞാനാ.. ഞാനായിരുന്നു ഭീരു.. നട്ടെല്ലില്ലാത്ത ഭീരു.. അവൾ ഇറങ്ങി വരാൻ ഒരുക്കമായിരുന്നു. അവൾക്കിറങ്ങി വരാമല്ലോ. അവൾക്കെന്തായിരുന്നു തടസം.ആരുമില്ല. അച്ഛനും അമ്മയുമില്ല.

ഒരു ചേട്ടനും മുത്തശ്ശിയും മാത്രം. പളുങ്കു പോലെ മനസ്സുള്ള രണ്ട് പേർ. എന്നെയും പ്രിയമായിരുന്നു അവർക്ക്. സ്വമനസ്സാലെ അവളെ എനിക്ക് കൈ പിടിച്ചു തരുമായിരുന്നു.

പക്ഷേ.. ഞാനോ.. ആരാണ് ഞാൻ. വലിയ തറവാടിത്തമുള്ളവനല്ലേ. എല്ലാരുടെയും മാനം നോക്കണ്ടേ. ഞാൻ പ്രണയിച്ചത് ആരെയാണ്. അഷ്ടിക്ക് വകയില്ലാത്തവളെയല്ലേ. അവളെ ഇറക്കി

കൊണ്ടു വന്നാലും സ്വീകരിക്കാൻ ആരായിരുന്നു. അന്നവും വെള്ളവും ഉറക്കവുമില്ലാതെ ദിവസങ്ങൾ തള്ളി നീക്കി നോക്കി. പ്രണയത്തിന്റെ പൂർണ്ണതക്കുള്ള മഹാ പ്രതിഷേധം.

തളർന്നു വീണപ്പോൾ പോലും കല്ല് പോലെ ഉറച്ച മനസ്സുള്ള തറവാടികളുടെ മനസ്സലിഞ്ഞില്ല.

“”നീ ഇവിടെ കിടന്നു ചത്താലും വേണ്ടില്ല. അവളെ ഞങ്ങൾ സ്വീകരിക്കില്ല””.. രണ്ട് വർഷം മുമ്പ് ഹോസ്പിറ്റലിൽ കിടക്കുമ്പോൾ ഉറക്കെ മുഴങ്ങിയ അച്ഛന്റെ വാക്കുകൾ വീണ്ടും കാതിൽ മുഴങ്ങി. സുധീർ നിരാശയോടെ എഴുന്നേറ്റിരുന്നു.

“”സുധീർ.. നീ ഇങ്ങനെ നിരാഹാരം കിടന്നിട്ട് കാര്യമുണ്ടെന്ന് തോന്നുന്നുണ്ടോ?. നീ മരിച്ചു പോകും. എങ്കിലും അവർ എന്നെ സ്വീകരിക്കില്ല””. ജ്യോതിയുടെ കണ്ണീരണിഞ്ഞ വാക്കുകൾ വീണ്ടും ഓർമ്മകളിൽ മുഴങ്ങി.

“”നിനക്കെന്നെ പിരിയാൻ ആകുമോ ജ്യോതി?””..ജ്യോതി മിണ്ടിയില്ല.
നിസ്സഹായത മുറ്റി നിൽക്കുന്ന അവളുടെ ആ മൗനം നിഴലിട്ട മുഖം രണ്ട് വർഷങ്ങൾക്കിപ്പുറവും സുധീറിന്റെ ഹൃദയം പിളർത്തി രക്തം കിനിയിച്ചു.

ആ മൗനത്തിന്റെ ഓർമ്മകളുടെ ആഴം സുധീറിന്റെ ഉൾ പൂവിന്റെ ഇതളുകളെ വീണ്ടും അടർത്തി താഴെയിട്ടു. പ്രണയത്തിന്റെ രക്തം കിനിയുന്ന ആ പൂവിതളുകളിൽ വീണ്ടും ആരൊക്കെയോ ചവിട്ടിയരച്ചു നടന്നു പോകുന്നു.

നെഞ്ചിൽ കയറിയ ഭാരത്തിന് താങ്ങായി അയാൾ വലതു കൈ നെഞ്ചിൽ വെച്ചു. ശ്വാസം മുട്ടുന്നത് പോലെ തോന്നിയ അയാൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു. പിന്നെ മുറിയിലൂടെ നടന്നു.

വീണ്ടും ഭൂത കാലത്തേക്ക് വേഗത്തിൽ നടന്നു നീങ്ങുന്ന മനസ്സിനെ സുധീർ തിരിച്ചു വിളിച്ചില്ല. വിളിച്ചാലും കേൾക്കില്ല എന്നയാൾക്ക് അറിയാമായിരുന്നു.

കാരണം അത്രമേൽ സ്നേഹിച്ചവളുടെ ആത്മാവ് തന്റെ പ്രണയവുമായി ഈ ലോകം വിടുകയാണ്. ഓർമ്മകളെ കൂടെ കൂട്ടാതെ ഒറ്റക്ക് ഒരു കാമിനിയുടെ ആത്മാവും തിരികെ മടങ്ങി കാണില്ല.

“”ഞാൻ പിരിയുന്നില്ലല്ലോ സുധീർ. എന്റെ പ്രണയം ഇവിടെ അസ്തമിക്കാനും പോവുന്നില്ല. നീ ഗായത്രിയുമൊത്തു ജീവിക്ക്. ഞാൻ തടസ്സമാവില്ല. എന്റെ ഓർമ്മകളെയും പ്രണയത്തേയും മായ്ക്കാനാവുമെങ്കിൽ മായ്ക്ക്.

മറക്കാനാവുമെങ്കിൽ മറക്ക്. എനിക്ക് പരാതിയും പരിഭവവുമില്ല…പക്ഷേ.. എന്നോട് നിന്നെ മറക്കണം എന്ന് പറയരുത്. എനിക്ക് കഴിയില്ല സുധീർ എന്റെ മനസാക്ഷിയോട് നുണ പറയാൻ””..

ജ്യോതിയുടെ ഹൃദയം നുറുങ്ങിയുള്ള ഈ വാക്കുകൾക്ക് പിന്നാലെ അവൾ തിരിഞ്ഞോടി മറയുന്ന കാഴ്ച്ച അയാളുടെ ഉള്ളിൽ കണ്ണീർ കയമായി ചുഴിഞ്ഞു

മറിഞ്ഞു. എല്ലാ ഭിത്തികളെയും ഭേദിച്ചു കണ്ണുകളിലൂടെ ഉപ്പും ചേർന്നു പൊട്ടിയൊഴുകി..അയാൾ നിയന്ത്രണം വിട്ടു തേങ്ങി കരഞ്ഞു.

വാതിലിൽ മുട്ടു കേട്ട സുധീർ പെട്ടെന്ന് ഓർമ്മകളെ ആട്ടി പായിച്ചു കണ്ണ് തുടച്ചു. സുധീർ വാതിൽ തുറന്നു. അയാളുടെ അച്ഛനും അമ്മയുമാണ്. സുധീർ വളരേ നിറം കെട്ട് ചിരിച്ചു.

“”നീയിവിടെ എന്തെടുക്കുവാടാ..ഓ.. കരയുന്നോ.. വിവരമൊക്കെ അറിഞ്ഞു അല്ലേ. സ്വന്തം ഭാര്യ പ്രസവിച്ച സന്തോഷത്തേക്കാൾ അവന് വലുത് അവളുടെ മരണമാണ്. കഷ്ടം””..

സുധീറിന്റെ അച്ഛൻ പുച്ഛിച്ചു ചുണ്ട് കോട്ടി.സുധീർ ഒന്നും പറഞ്ഞില്ല. വെറുതെ താഴേക്ക് നോക്കി നിന്നു.

“”എന്തായാലും കഴിഞ്ഞല്ലോ. ഇനി എന്റെ മോന് സ്വസ്ഥമാവാലോ. നെഞ്ചിലെ ഒരു അറ്റമില്ലാ സങ്കട കയം വറ്റി വരണ്ടല്ലോ. ഇപ്പോളിതാ തങ്ക കുടം പോലൊരു പെൺ കുഞ്ഞും നമ്മുടെ തറവാട്ടിലായി. ഇനി എന്തിനാ നീ കരയുന്നത്””..സുധീറിന്റെ അമ്മ ആശ്വാസത്തോടെ ചിരിച്ചു.

സുധീർ ഒന്നും മിണ്ടിയില്ല. നെഞ്ചിൽ വീശിയടിച്ച കൊടുങ്കാറ്റിനെ തടഞ്ഞു നിർത്താൻ ഓർമ്മകൾ കൊണ്ട് ഭിത്തി കെട്ടി. ട്രോളിയും തള്ളി രണ്ട് നേഴ്‌സുമാർ മുറിയിലേക്ക് കയറി വന്നു.

അതീവ ക്ഷീണിതയെങ്കിലും ഗായത്രി അതിൽ കിടന്നു സുധീറിനെ നോക്കി വിടർന്നു ചിരിച്ചു. സുധീറും ചിരിച്ചു. പക്ഷേ.. നിറമില്ലായ്മയിൽ ആ ചിരി പെട്ടെന്ന് ഇല്ലാതായി. ഗായത്രി എന്ത് പറ്റിയെന്ന് കണ്ണുകൾ കൊണ്ട് ചോദിച്ചു. അയാൾ തല കുലുക്കുക മാത്രം ചെയ്തു.

ബെഡിലേക്ക് കിടന്ന അവളുടെ അടുത്തേക്ക് ഇളം റോസ് നിറത്തിലുള്ള അവളുടെ കുഞ്ഞിനെ കിടത്തി. സുധീർ എല്ലാം നോക്കി ചുമരും ചാരി നിർവികാരനായി നിന്നു.

ഗായത്രി എന്തൊക്കെയോ അസ്വസ്ഥതയോടെ തന്റെ ഭർത്താവിനെ നോക്കി മുഖം വാട്ടി. കുഞ്ഞിനെ അല്പ നേരം കൊഞ്ചിച്ചു സുധീറിന്റെ അച്ഛനും അമ്മയും പുറത്തേക്ക് നടന്നു. തുറുപ്പിച്ച കണ്ണുകളോടെ അവർ സുധീറിനെ രൂക്ഷമായി നോക്കി.

“”ഏട്ടാ.. എന്താ ഒരു മൗനം?. മുഖമൊക്കെ വല്ലാതെ. നിങ്ങൾ കരഞ്ഞോ. ഇനി വിഷമം വേണ്ടല്ലോ. എല്ലാം ഭംഗിയായില്ലേ. നമ്മുടെ മോള് ആരോഗ്യത്തോടെ വന്നല്ലോ””. ഗായത്രി ചിരിച്ചു കൊണ്ട് പറഞ്ഞു.

സുധീർ ചിരിച്ചു. അവളുടെ അടുത്തേക്ക് വന്നിരുന്നു.””വേദന ഉണ്ടായിരുന്നോ?””. അയാൾ പതുക്കെ ചോദിച്ചു.

“”ഉം.. മരണ വേദനയും പ്രസവ വേദനയും തമ്മിൽ ഒരു നെൽ മണി വ്യത്യാസമേയുള്ളുത്രെ””.

ഈശ്വരാ.. തീവണ്ടിയുടെ ഇരുമ്പ് ചക്രങ്ങൾ കയറി ഇറങ്ങുമ്പോൾ ജ്യോതി അനുഭവിച്ചത് അപ്പൊ എത്രത്തോളമായിരിക്കും.

എന്തിന് അവളിത് ചെയ്തു.. സുധീർ നടുക്കത്തോടെ ഓർത്തു. അയാളുടെ മനസ്സ് നുറുങ്ങി കഷ്ണങ്ങളായി ചിതറി.

പെട്ടെന്ന് കുഞ്ഞ് കരഞ്ഞു. ഗായത്രി കുഞ്ഞിനെ മുലയൂട്ടുന്ന നേരം സുധീർ കസേരയിൽ ചാരിയിരുന്നു കൊണ്ട് ഗായത്രിയെ നോക്കി.

ഓർമ്മകൾ ഇരമ്പിയാർത്തു വീണ്ടും മനസ്സിൽ തത്തി കളിച്ചു. ആ ഓർമ്മകളിൽ ഗായത്രിയുമായുള്ള ആദ്യ രാത്രി മാത്രം പെട്ടെന്ന് തിളങ്ങി.

തറവാടിത്തം തുളുമ്പുന്ന മുഖ തേജസ്സുമായി സെറ്റ് സാരിയുടുത്ത് ഗായത്രി. വിടർന്ന നാണത്തോടെ സുധീറിന്റെ അടുത്തു വന്നിരുന്നു.

പക്ഷേ.. അയാളുടെ മനസ്സ് തന്റെ നഷ്ട പ്രണയത്താൽ കലുഷിതമായിരുന്നു. ജ്യോതിയെ കുറിച്ചുള്ള ഓർമ്മകളിൽ അയാൾ ഉഴറി.

“”എന്താ സുധിയേട്ടാ.. ഒരു വല്ലായ്മ. ലജ്ജയാണോ?. അതോ പേടിയോ?””.ഗായത്രി പതുക്കെ ചിരിച്ചു കൊണ്ട് ചോദിച്ചു.

സുധീർ ഞെട്ടി കൊണ്ട് അവളെ നോക്കി. ഗായത്രി ഒന്ന് ഭയന്നു. സുധീർ വിളറി ചിരിച്ചു.””ഗായത്രി…ഞാൻ ഒരു കാര്യം പറയട്ടേ. വിഷമിക്കരുത്””..

ഗായത്രി മിഴിഞ്ഞ കണ്ണുകളോടെ അയാളെ നോക്കി തല കുലുക്കി.””എനിക്കൊരു പ്രണയമുണ്ടായിരുന്നു””.

ഗായത്രി വായ പൊത്തി ചിരിച്ചു കൊണ്ട് സുധീറിനെ നോക്കി. “”അതിനെന്താ. പ്രണയമൊക്കെ സ്വാഭാവികമല്ലേ?””

””ആയിരിക്കാം…പക്ഷേ….നിന്നെ കാണാൻ വന്നപ്പോൾ മുതൽ പറയാൻ ശ്രമിച്ചിരുന്നതാണ്. നിന്റെ കഴുത്തിൽ എന്റെ താലി ചരട് മുറുകുന്ന തൊട്ടു മുമ്പുള്ള നിമിഷം വരെ ഞാനും ജ്യോതിയും ഒന്നാകുമെന്നുള്ള

പ്രതീക്ഷയുണ്ടായിരുന്നു… ഗായത്രീ.. എനിക്കല്പം സമയം തരുമോ?.എന്റെ പ്രണയം മറക്കാൻ. അല്ല. മനസ്സിന്റെ ഒരു മൂലയിലേക്ക് എന്റെ പ്രണയത്തെ തളർത്തിയിടാൻ””.. സുധീറിന്റെ ശബ്ദം പതറി.

ഗായത്രിയുടെ നെഞ്ചിൽ ഏതോ ഒരു ഭാരം വന്നു തിങ്ങി. അത് ഉരുകിയൊലിച്ചു കൈകാലുകളിലേക്ക് ഒഴുകിയെത്തിയപ്പോൾ അവൾക്ക് ചൂടു പിടിച്ചു തളരുന്നത് പോലെ തോന്നി.

കാമുകിയെ മറക്കാത്ത ഒരു ഭർത്താവിന്റെ കൂടെയാണോ ഞാൻ ഇനി ജീവിക്കേണ്ടത്. അദ്ദേഹം അവളെ ഒരിക്കലും മറക്കില്ലേ?. മറന്നില്ലെങ്കിൽ?. മറന്നത് പോലെ അഭിനയിക്കുമോ?.

അതോ ശരിക്കും മറക്കുമോ?… എന്റെ ജീവിതം?.. ഗായത്രിയുടെ ഹൃദയത്തിൽ ആശങ്കകളുടെ ചിന്തകൾ മാറി മറിഞ്ഞു. അതൊരു സങ്കടമായി അവശേഷിച്ചു.

“”സുധിയേട്ടാ…ആ പ്രണയത്തിന് ഇത്രക്കും ആഴമുണ്ടെങ്കിൽ എന്തിനെന്നെ?.. അല്ലെങ്കിൽ എന്തിന് എന്നോട് തുറന്നു പറഞ്ഞു. അഭിനയിച്ചാലും സ്നേഹമാകുമായിരുന്നല്ലോ എനിക്ക്.

യാഥാർത്യത്തെക്കാൾ മധുരമുണ്ടാവുമായിരുന്നല്ലോ അതിന്. ഇതിപ്പോ നെഞ്ചിലൊരു തീയായി ഇങ്ങനെ എത്ര കാലം””.. ഗായത്രി പൊട്ടി കരഞ്ഞു.

“”ഗായത്രി.. ദയവ് ചെയ്തു കരയരുത്. ആരെങ്കിലും പറഞ്ഞാണ് നീ അറിയുന്നതെങ്കിലോ?. അപ്പൊ നിന്റെ മനസ്സിൽ ഞാൻ ആരായി. എനിക്കല്പം സമയം തരുമോ എല്ലാം ഉൾകൊള്ളാൻ””.. സുധീർ പറഞ്ഞു.

പിന്നീടങ്ങോട്ട് സുധീറിനറിയില്ല. ഭാര്യ ഗായത്രിയെയാണോ കാമുകി ജ്യോതിയെയാണോ താൻ സ്നേഹിക്കുന്നതെന്ന്. ജ്യോതിയെ ഇപ്പോഴും പ്രണയിക്കുന്നോ. അതോ ഗായത്രിയേ സ്നേഹിക്കുന്നോ.

രതി വേളകളിൽ ഉടൽ ഗായത്രിയായും മനസ്സിൽ ജ്യോതിയായും മാറി മറിഞ്ഞു അയാൾക്ക്. ഞാൻ ശരിക്കും ഗായത്രിയേ സ്നേഹിക്കുന്നുണ്ടോ?.അതോ അഭിനയിക്കുന്നതാണോ?. പിരിഞ്ഞു പോയിട്ടും ജ്യോതി ഇങ്ങനെ മനതാരിൽ നിറഞ്ഞു നിൽക്കുന്നത് എന്തിനാണ്?.

ഗായത്രിയേ അകതാരിൽ പൂർണ്ണമായി പ്രതിഷ്ഠിക്കാൻ എനിക്ക് കഴിയുമോ. ഉൾകൊണ്ടതായി നടിക്കുകയാണോ?. സുധീർ ചിന്തകളിൽ ഉഴറി അലഞ്ഞു എന്നല്ലാതെ ഉത്തരം കിട്ടിയില്ല.

കുഞ്ഞ് വീണ്ടും കരഞ്ഞപ്പോൾ സുധീർ ഓർമ്മകളിൽ നിന്ന് ഞെട്ടിയുണർന്ന് തിരിച്ചെത്തി. ഗായത്രി ഒരു പുഞ്ചിരിയോടെ മുല ഞെട്ട് വീണ്ടും കുഞ്ഞിന്റെ വായിൽ തിരുകി സുധീറിനെ നോക്കി ചിരിച്ചു. സുധീറും ചിരിച്ചു.

ഇവളൊരു പുണ്യമാണ്. പാവമാണ്. സ്നേഹിച്ചു എന്നെ മാറ്റിയെടുത്തു എന്ന് വിശ്വസിക്കുന്നു. നിറമുള്ള രാത്രികൾ സമ്മാനിച്ചു എന്നെ അവളുടേത് മാത്രമാക്കി എന്ന് ഇപ്പോഴും വിശ്വസിക്കുന്നു.

ഞാൻ പൂർണ്ണമായും ജ്യോതിയെ മറന്നെന്നും അവളെ നിറഞ്ഞു സ്നേഹിക്കുന്നെന്നും പാവം ഇപ്പോഴും വിശ്വസിക്കുന്നു. ഞാനോ ഞാൻ നടിക്കുന്നു. നന്നായി അഭിനയിക്കുന്ന ഒരു ഭർത്താവ്. സ്നേഹമില്ല എന്ന് പറയാനാവില്ല. പക്ഷേ എല്ലാം ഒരു കടമ

നിറവേറ്റും പോലെ .. പൂർണ്ണമായി ഇവളിലേക്ക് അലിയാൻ കഴിയുന്നില്ല. അതിന് ശ്രമിക്കുമ്പോഴൊക്കെ ജ്യോതിയുടെ മുഖം മനസ്സിൽ തെളിഞ്ഞു ആ സമയം അവൾ മുന്നിട്ട് നിൽക്കുന്നു.

സത്യത്തിൽ ഇപ്പോഴും എനിക്കറിയില്ല ഞാൻ ആരെയാണ് സ്നേഹിക്കുന്നതെന്ന്. ഇപ്പൊ ജ്യോതി മരിച്ചു. ഇനി?. സുധീർ ഓർത്തു.

“”സുധിയേട്ടാ.. എന്താ ഇത്ര വലിയ ആലോചന?””.. ഗായത്രി നിഷ്കളങ്കമായി ചോദിച്ചു.

“”ഹേയ്.. വെറുതെ””.. സുധീർ ചിരിച്ചു..അയാളുടെ ഫോൺ ബെല്ലടിച്ചു. മനോജാണ്.””ഹലോ..അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. നീ വരുന്നുണ്ടോ?””.””മ്മ്..ഞാൻ വരാം””..സുധീർ പറഞ്ഞു. അയാളുടെ മുഖം വീണ്ടും ഇരുണ്ടു.

“”ഗായത്രീ.. ഒരു കാര്യം പറയട്ടേ. ജ്യോതി ട്രെയിൻ തട്ടി മരിച്ചു. എനിക്ക് അവസാനമായി അവളെയൊന്ന് കണ്ടേ പറ്റൂ. ഞാൻ പോയി വരാം. എന്നെ തടയരുത്””..അയാൾ ഗായത്രിയുടെ

മറുപടി പോലും കേൾക്കാൻ നിൽക്കാതെ തേങ്ങി കൊണ്ട് പുറത്തേക്കോടി. പുറത്ത് നിൽക്കുകയായിരുന്ന സുധീറിന്റെ അച്ഛനും അമ്മയും ഇത് കണ്ടു കണ്ണ് മിഴിച്ചു.

ഗായത്രി ഒന്ന് നടുങ്ങിയെങ്കിലും ഉള്ളിൽ എവിടെയോ അണയാതെ പുകഞ്ഞിരുന്ന ഒരു തീനാമ്പ് കുളിർ കാറ്റേറ്റ് അണഞ്ഞ പോലെ അവൾക്ക് തോന്നി. അവളുടെ ചുണ്ടുകൾ വിടർന്നു.

അവളൊന്ന് ചത്തു കിട്ടാൻ ആഗ്രഹിച്ച നാളുകളുണ്ട്.. പക്ഷേ..ഒരാളുടെ മരണത്തിൽ സന്തോഷിക്കുന്നത് ക്രൂരതയാണ്. ആ സന്തോഷം ഞാൻ ആഗ്രഹിക്കുന്നുമില്ല. അവളും എന്നെ പോലെ നനുത്ത ഹൃദയമുള്ള ഒരു പെണ്ണാണ്. പക്ഷേ.. ഞാൻ ഒരു

ഭാര്യയാണ്. ഭർത്താവിന്റെ പൂർണ്ണമായ സ്നേഹം അനുഭവിക്കാൻ കൊതിയുള്ള ഭാര്യ. പങ്കു വെച്ചു പോകുമോ എന്ന തോന്നൽ ഒരു ഞെരിപ്പോടായി ഉള്ളിൽ പുകഞ്ഞിരുന്നു ഇത്രയും നാളും.

ഇനി ഉണ്ടാവില്ലല്ലോ. ഈ മരണം എനിക്ക് സന്തോഷം തരുന്നില്ലെങ്കിലും ആശ്വാസമാണ്. മനസ്സിന്റെ സമ്മതത്തിന് കാത്തു നിൽക്കാത്ത ഒരു ആശ്വാസം. അവൾ ഓർത്തു. എന്ത് വികാരം കൊണ്ടോ അവളുടെ കണ്ണുകൾ നിറഞ്ഞു.

അവൾ കുഞ്ഞിനെ നോക്കി. “”നിന്റെ അച്ഛൻ പോയി വരട്ടെ. അവളെ അടക്കുന്ന കുഴിയിൽ വീണുടഞ്ഞു അലിയട്ടെ നിന്റച്ഛന്റെ അവശേഷിച്ച പ്രണയം. ജീവനില്ലെങ്കിൽ പിന്നെ ആ ഓർമ്മകൾക്കും അൽപ്പായുസ്സേയുള്ളൂ.

നമുക്ക് ആ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിക്കാം മോളെ. അല്ലാതെ ഞാനും നീയും ഇനി എന്ത് ചെയ്യാനാ””.. അവൾ പതറിയ സ്വരത്തിൽ പറഞ്ഞു. കുഞ്ഞ് കണ്ണൊന്ന് മിഴിച്ചടച്ചു.

പൊടുന്നനെ ഗായത്രിയുടെ നെഞ്ച് അനിയന്ത്രിതമായി മിടിക്കാൻ തുടങ്ങി. ജ്യോതി ആത്മഹത്യ ചെയ്തതാണോ? അതോ അപകടമോ?. ആത്മഹത്യയാണെങ്കിൽ എന്തിന് ഇപ്പൊ?.

രണ്ട് വർഷം പിടിച്ചു നിന്ന അവളുടെ മനസ്സിന്റെ കടിഞ്ഞാൺ ഇപ്പൊ പൊട്ടാൻ കാരണം?. സുധിയേട്ടന് വല്ല പങ്കുമുണ്ടോ?. അവിഹിതമുണ്ടോ?. അവൾ ഗർഭിണിയാണോ?..

ഈശ്വരാ.. ഗായത്രിയുടെ ഹൃദയം ആലില പോലെ വിറച്ചു കൊണ്ടിരുന്നു. സമാധാനം നഷ്ടപ്പെട്ട അവൾ എഴുനേറ്റിരുന്നു കാലുകൾ നീട്ടി.

സുധീറും മനോജും ജ്യോതിയുടെ വീട്ടിലെത്തി. മുറ്റത്തു ടാർ പായ വലിച്ചു കെട്ടിയിരിക്കുന്നു. വളരെ കുറച്ചു കസേരകൾ അടുക്കും ചിട്ടയുമില്ലാതെ നിരത്തിയിട്ടിരിക്കുന്നു. അതിൽ അങ്ങിങ്ങായി അഞ്ചോ പത്തോ ആളുകൾ ഇരിക്കുന്നു.

സുധീർ സങ്കടം കൊണ്ട് കനം തൂങ്ങിയ ഹൃദയവും താങ്ങി മനോജിന്റെ കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് കസേരകൾക്കിടയിലൂടെ നടന്നു. വളരേ നേർത്ത രണ്ട് കരച്ചിലുകൾ കേൾക്കുന്നുണ്ട്.

അലക്ഷ്യമായ ദൃഷ്ടികളോടെ ജ്യോതിയുടെ മുത്തശ്ശി ചുവരും ചാരിയിരുന്നു മെല്ലെ തേങ്ങുന്നു. സുധീറിനെ കണ്ട അവർ ഒന്ന് നോക്കി മിഴികൾ താഴ്ത്തി. അവരുടെ തേങ്ങൽ ഏങ്ങലടിയായി ശക്തി കൂടി.

സുധീറിനെ കണ്ട അവളുടെ ചേട്ടൻ കണ്ണ് തുടച്ചു കൊണ്ട് എഴുന്നേറ്റു. അയാളെ നോക്കി ചുണ്ടുകൾ വിതുമ്പിച്ചു.

സുധീർ തേങ്ങി കരഞ്ഞു. വെള്ളയിൽ പുതച്ചു മൂടിയ ജ്യോതിയുടെ മുഖത്തേക്ക് നോക്കി. കണ്ണീർ ഉതിർന്നു വീണു കൊണ്ടിരുന്നു. സുധീർ ചുണ്ടുകൾ കൂട്ടി

കടിച്ചമർത്തി ജ്യോതിയുടെ ചോര വറ്റി മരവിച്ച മുഖത്തേക്ക് നോക്കി നിന്നു. മനോജ്‌ അയാളെ ദേഹത്തോട് ചേർത്തു താങ്ങി പിടിച്ചു.

””സുധീ…സുഖമല്ലേ””..””മ്മ്.. സുഖം.. നിനക്കോ””””എനിക്ക് സുഖമാണ്””. ജ്യോതിയുടെ ശബ്ദം ചെറുതായി തേങ്ങിയോ..

“”ഗായത്രി എന്ത് പറയുന്നു?. അവളോട് പറഞ്ഞിരുന്നോ എന്നെ കുറിച്ച്. ഇങ്ങനെയൊരു കാമുകിയെ കുറിച്ച്””.. ജ്യോതി തൊണ്ടയിലെ പതർച്ച അടക്കി വെക്കുകയാണെന് സുധീറിന് മനസ്സിലായി.

“”മ്മ്.. പറഞ്ഞു.. പറഞ്ഞില്ലെങ്കിലും അവൾ അറിയും ജ്യോതി. നാട്ടുകാർ ആഘോഷിച്ച പ്രണയമല്ലേ””.

“”എന്നിട്ട് അവൾ എന്ത് പറഞ്ഞു. കരഞ്ഞോ?. ദേഷ്യപ്പെട്ടോ?.നിന്നോട് അകൽച്ച കാണിക്കുന്നുണ്ടോ?. എന്നെ കുറിച്ച് ചോദിച്ചോ?. എന്നേക്കാൾ സുന്ദരിയാണല്ലോ അവൾ?””.

“”കരഞ്ഞുവോ.. ആ.. ചെറുതായി ഒന്ന് തേങ്ങി. ദേഷ്യപ്പെട്ടില്ല. അകൽച്ചയൊന്നും കാണിക്കുന്നില്ല. നിന്നെ കുറിച്ച് ചോദിച്ചതൊന്നുമില്ല. നീ എന്തേ കല്യാണത്തിന് വന്നില്ല?””.. സുധീറിന്റെ നെഞ്ച് ഒന്ന് പിടച്ചു.

“”കല്യാണത്തിന് വരാനോ. ആ ക്രൂരത കൂടി എന്നോട് ചെയ്യണോ ഞാൻ. കണ്ടു നിൽക്കാൻ കഴിയില്ല എനിക്ക്. എന്നെ കുറിച്ച് ചോദിക്കേണ്ട ആവശ്യമെന്താ അല്ലേ ഗായത്രിക്ക്. ഞാനാരാ.

അറിഞ്ഞിട്ട് അവൾക്കെന്ത് കാര്യം.നിന്നെ സ്നേഹിച്ചോളും അവൾ. ഇനി വിളിക്കില്ല ട്ടോ””..ഒരു തേങ്ങലിനൊപ്പം ഫോൺ നിശബ്ദമായി.

ജ്യോതിയുമായുള്ള അവസാന സംഭാഷണം അവളുടെ വിളറിയ മുഖത്തേക്ക് നോക്കി നിൽക്കേ സുധീറിന്റെ ഹൃദയത്തിൽ മുഴങ്ങി. അയാൾ വിതുമ്പി കൊണ്ട് അവളെ

തൊടാൻ ആഞ്ഞു. മനോജ്‌ “”വേണ്ട. അത് പാടില്ല സുധീർ”” എന്ന് പറഞ്ഞു അയാളെ ബലം പ്രയോഗിച്ചു കൊണ്ടു പുറത്തേക്ക് കൊണ്ടു പോയി.

“”ഇനി ശവമടക്ക് കൂടി കണ്ടു നിൽക്കാൻ നിനക്കാവില്ല സുധീർ. നമുക്ക് പോകാം. ഒരു നോക്ക് കണ്ടില്ലേ. എല്ലാം കഴിഞ്ഞില്ലേ. എല്ലാം മറക്കാം എന്നത് വെറും വാക്കാണ്. പക്ഷേ കാലം മായ്ക്കാത്തത് എന്താണുള്ളത്””.. മനോജ്‌ പറഞ്ഞു.

“”എടാ.. അവൾ സ്വയം ഒടുങ്ങിയത് തന്നെയാവുമല്ലേ. ഇനിയും പിടിച്ചു നിൽക്കാൻ പറ്റിയിട്ടുണ്ടാവില്ല. നാളുകൾ കഴിയുന്തോറും നോവ് കൂടുന്ന പ്രണയമുണ്ട്. ഒരു ആശ്രിതരും

ബാധ്യതകളും ഇല്ലാത്ത അവൾക്ക് ആത്മഹത്യ എന്നേക്കാൾ എളുപ്പമാണ്. എരിഞ്ഞു ഉരുകിയൊലിച്ചു വേദന തീറ്റിക്കുന്ന ഈ പ്രണയം എന്ന ഒഴിയാ ബാധ എന്നോടൊപ്പം ഇല്ലാതാവട്ടെ എന്ന് ചിന്തിച്ചു കാണണം””. സുധീർ തേങ്ങി കൊണ്ട് ചോദിച്ചു.

“”അറിയില്ല സുധീർ..ആത്മഹത്യ കുറിപ്പൊന്നും കണ്ടു കിട്ടിയില്ല. ട്രെയിൻ തട്ടിയതല്ലേ. പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ഒന്നും അറിയില്ല. തല വെച്ചതല്ല എന്നാണ് പോലീസുകാർ പറയുന്നത്.

എന്തോ ആവട്ടെ ഇനി. അന്ന് വിളിച്ചു കൊണ്ടു പോവായിരുന്നില്ലേ അവളെ ദൂരേക്ക്””. മനോജ്‌ പറഞ്ഞു.

സുധീർ പതുക്കെ ഒന്ന് മൂളി.””ഞാൻ മാത്രമാണ് കാരണം.. ബാധ്യത, തറവാട് കുല മഹിമ. ധൈര്യം ഇല്ലാതെ പോയെടാ അവളെ പോലെ എനിക്ക്. ആത്മഹത്യ ചെയ്യാനും കൂടെ കൂട്ടാനും.

സ്നേഹത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല. അത്.. അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല. ഇത് വരെ ജ്യോതി നെഞ്ച് നീറ്റി. ഇനി ഞാൻ ആ നീറ്റൽ ഏറ്റെടുക്കണം””..

“”നീ ഇനി ഒന്നും അറിയണ്ട. ഒന്നും ആലോചിക്കേണ്ട. ഈ അധ്യായം ഇവിടെ തീരട്ടെ.നമുക്ക് ഹോസ്പിറ്റലിലേക്ക് പോവാം.””. മനോജ്‌ പറഞ്ഞു.

സുധീർ തിങ്ങി വിങ്ങിയ സങ്കടങ്ങളുടെ നീര് കെട്ടിയ ഓർമ്മകളുമായി കാറിന്റെ സീറ്റിലേക്ക് തല ചായ്ച്ചിരുന്നു. കാർ ഹോസ്പിറ്റൽ ലക്ഷ്യമാക്കി പാഞ്ഞു.

തിരികെയെത്തിയ സുധീറിനെ നോക്കി ഗായത്രി ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു പുഞ്ചിരിച്ചു. പെയ്യാൻ വെമ്പി നിൽക്കുന്ന കറുത്ത മേഘങ്ങളെ പോലെ സുധീറിന്റെ മുഖം കനം തൂങ്ങിയിരിന്നു.

“”ഏട്ടാ.. അവളെ കണ്ടോ?. വിവരം വല്ലതും അറിഞ്ഞോ?. മനപ്പൂർവം ചെയ്തതാണോ?””.. ഗായത്രി ഉള്ളിലെ ഭയം മറച്ചു വെച്ചു കൊണ്ടു ചോദിച്ചു.

സുധീർ അവളെ നോക്കി. ചുണ്ടുകൾ വിതുമ്പി. “”എനിക്കൊന്നും അറിയില്ല ഗായത്രീ””. അയാൾ ആർത്തു കരഞ്ഞു കൊണ്ടു അവളുടെ ചുമലിലേക്ക് വീണു.

ഗായത്രി അയാളെ രണ്ട് കൈകൾ കൊണ്ടും സ്നേഹപൂർവ്വം വരിഞ്ഞു മുറുക്കി. മുതുകിൽ പതുക്കെ തലോടി.

പെയ്തൊഴിയട്ടെ.ഇനി അവളെ ഓർത്തു കരയാൻ കണ്ണീർ ബാക്കിയില്ലാത്ത വിധം ഓർമ്മകളും കൂടി ഒലിച്ചു പോയെങ്കിൽ. ഗായത്രി നനഞ്ഞ കണ്ണും പുഞ്ചിരിക്കുന്ന മുഖവുമായി ഓർത്തു.

….ശുഭം ……നന്ദി….

Leave a Reply

Your email address will not be published. Required fields are marked *