അമ്മേ..അമ്മയ്ക്ക് ഒരു കല്യാണം കഴിക്കുന്ന കാര്യം ആലോചിച്ചു കൂടെ..” പെടുന്നനെ സൂചി സ്ഥാനം തെറ്റി. മാംസത്തിൽ തറഞ്ഞു കയറി

രേണു
(രചന: Medhini Krishnan)

“നാൽപ്പത്തിയഞ്ചു വയസ്സ്. അത് അത്ര വലിയൊരു പ്രായമൊന്നും ആണെന്ന് എനിക്ക് തോന്നുന്നില്ല… അമ്മയ്ക്ക് എന്താ തോന്നുന്നേ..?”

മകളുടെ അല്പം നാടകീയമായ സംഭാഷണത്തിൽ രേണുവിന് സ്വല്പം പന്തികേട് തോന്നി.

കറുത്ത നിറമുള്ള തുണിയിൽ ഭംഗിയുള്ള ഒരു മയിലിന്റെ ചിത്രം സിൽക്ക് നൂല് കൊണ്ട് തുന്നിയെടുക്കുകയായിരുന്നു രേണു. ഒഴിവ് സമയങ്ങളിൽ ചെയ്യാറുള്ള ഏറ്റവും ഇഷ്ടമുള്ളൊരു ജോലി.

“അമ്മ ഒന്നും പറഞ്ഞില്ല..” മകളുടെ സ്വരത്തിൽ നിരാശ. അവൾക്കെന്തോ തന്നോട് പറയാനുണ്ട്. അത് മനസ്സിലായി.

“ധനു… ഈ നാൽപ്പത്തിയഞ്ചു എന്നത് എന്റെ വയസ്സ് ആണല്ലോ.. അല്ലേ..”
ധനു രേണുവിന്റെ അടുത്തിരുന്നു. അവളുടെ കണ്ണുകളിൽ പതിവില്ലാതെ എന്തോ തിളങ്ങുന്നതറിഞ്ഞു.

“നിനക്ക് എന്തോ എന്നോട് പറയാനുണ്ടല്ലോ..” രേണു നേരിയ ചിരിയോടെ മകളോട് പറഞ്ഞു.
അവളുടെ മുഖമൊന്നു പതറിയത് പോലെ.. എന്തോ ഒന്ന്.. ധനു ഒന്ന് മടിച്ചു. പിന്നെ പറഞ്ഞു തുടങ്ങി.

“അമ്മേ..അമ്മയ്ക്ക് ഒരു കല്യാണം കഴിക്കുന്ന കാര്യം ആലോചിച്ചു കൂടെ..”
പെടുന്നനെ സൂചി സ്ഥാനം തെറ്റി. മാംസത്തിൽ തറഞ്ഞു കയറി. ചോ ര പൊടിഞ്ഞു. രേണു കൈ കുടഞ്ഞു. തുണിയും സൂചിയും നൂലും എടുത്തു വച്ചു.

സൂചി കൊണ്ട് ചോര പൊടിഞ്ഞത് ധനു കണ്ടില്ലെന്ന് തോന്നി. അവൾ എന്തോ പറയാനുള്ള തിരക്കിലാണ്. രേണു മൗനം പാലിച്ചു. അവളുടെ മുഖത്തേക്ക് കൗതുകത്തോടെ നോക്കിയിരുന്നു.

“അച്ഛൻ പോയിട്ടും ഇത്രയും കാലം അമ്മ എനിക്ക് വേണ്ടി ജീവിച്ചു. ഇപ്പൊ എന്റെ കല്യാണം കഴിഞ്ഞു. ഞാൻ മിഥുന്റെ കൂടെ ദൽഹിക്ക് പോയി കഴിഞ്ഞാൽ പിന്നെ അമ്മ ഒറ്റയ്ക്ക് ആവില്ലേ.. എനിക്ക് എന്തോ വയ്യാ.. അമ്മ തനിച്ച് ഇങ്ങനെ..”

അവൾ നിർത്തി അമ്മയുടെ കണ്ണുകളിലേക്ക് നോക്കി. ആ മുഖം വല്ലാതെ ശാന്തമായിരുന്നു. “അത് കൊണ്ട്…? നീ ബാക്കി കൂടെ പറ..”

രേണു പറഞ്ഞു.അവൾ അമ്മയുടെ മുഖം ചേർത്ത് പിടിച്ചു. രേണു മകളുടെ കഴുത്തിൽ തിളങ്ങുന്ന താലിയിലേക്കും നെറ്റിയിലെ സിന്ദൂരത്തിന്റെ ചുവപ്പിലേക്കും ഒരു നിമിഷം നോക്കി പോയി.

ആറു മാസമാവുന്നു അവളുടെ വിവാഹം കഴിഞ്ഞിട്ട്..ഒരു അമ്മയുടെ സന്തോഷം.. പുണ്യം. തന്റെ ഇരുപത്തിനാലു വർഷം.. അത് ഇവളിൽ മാത്രമായി ഒതുങ്ങി പോയിരുന്നു. തനിക്ക് അവളും അവൾക്ക് താനും മാത്രം.

പിന്നെ അവൾക്കിഷ്ടപ്പെട്ട ഒരാളുടെ കൈയിലേക്ക് തന്നെ അവളെ പിടിച്ചു ഏൽപ്പിച്ച് കൊടുത്തപ്പോൾ ഉള്ളിലെവിടെയോ ഒറ്റപ്പെടലിന്റെ ഒരു സ്വാർത്ഥത തലപൊക്കിയിരുന്നു. തനിക്ക് ആരുമില്ലാതാവുമോ എന്നൊരു തോന്നൽ..

അതും തല്ലി കെടുത്തി.. ഒറ്റയ്ക്കാണ്.. അത് ഇടയ്ക്കിടെ ഓർമ്മപ്പെടുത്തി..“അമ്മ എന്താ ആലോചിക്കുന്നേ..”ധനു അമ്മയുടെ കവിളിൽ തട്ടി. ഒരു നിമിഷം.. രേണു ചിന്തകളിൽ നിന്നും ഉണർന്നു.

“ഒന്നൂല്യ.. നീ പറഞ്ഞോ.”ധനുവിന്റെ മുഖത്ത് ആശങ്ക.. “നീ പറയാൻ വന്നത് പറഞ്ഞേ.. എനിക്ക് വേറെ പണിയുണ്ട്.” രേണു പറഞ്ഞു.“അമ്മക്ക് ഓർമ്മയുണ്ടോ.. ഒരു മേനോൻ അങ്കിളിനെ.. മിഥുന്റെ അച്ഛന്റെ ഫ്രണ്ട്..

നമ്മൾ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. വിരുന്നിന്.. മകൾ പറഞ്ഞപ്പോൾ
രേണുന്റെ മനസ്സിൽ ആ രൂപം തെളിഞ്ഞു.

കണ്ണടക്കുള്ളിലെ തിളങ്ങുന്ന കണ്ണുകളും പാതി നര കയറിയ മുടിയും വെളുത്ത നിറവും.. തന്നോട് അയാൾ സംസാരിക്കാൻ നല്ല താൽപ്പര്യം കാണിച്ചിരുന്നു.

കല്യാണം കഴിഞ്ഞു ഒരാഴ്ച കഴിഞ്ഞ സമയത്താണ് മിഥുന്റെ വീട്ടുകാരുടെ നിർബന്ധപ്രകാരം അവിടെ പോവുന്നത്. അയാൾ ആ വലിയ വീട്ടിൽ തനിച്ചായിരുന്നു.

ഭാര്യ മരിച്ചിട്ട് വർഷങ്ങളായി എന്നാണ് പറഞ്ഞത്. ഒരു മകൻ ഉള്ളത് വിവാഹം കഴിഞ്ഞു വിദേശത്തും..രേണുവിന് ഏകദേശം കാര്യങ്ങൾ പിടികിട്ടി.

“ആ അങ്കിളിനു അമ്മയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് മിഥുന്റെ അച്ഛനാണ് എന്നോട് പറയുന്നത്. എനിക്ക് പെട്ടെന്ന് വല്ലാണ്ടായി.

ഞാൻ പോയാൽ പിന്നെ അമ്മയ്ക്കും ആരുമില്ലാതെ.. ഒറ്റയ്ക്കാവില്ലേ.. വലിയ കഷ്ടം ആവും എന്നൊക്കെ അച്ഛനും അമ്മയും പറഞ്ഞപ്പോ.. മിഥുനും അത് തന്നെ പറഞ്ഞു. അതിൽ തെറ്റൊന്നും ഇല്ലെന്ന്.. അമ്മയുടെയാണ് തീരുമാനം.. അമ്മ ആലോചിച്ചു പറ..”

പറഞ്ഞു തീർത്തതിന്റെ ആശ്വാസം ധനുവിന്റെ മുഖത്ത് പ്രകടമായി. അവളുടെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പുത്തുള്ളികളിൽ സിന്ദൂരം നനഞ്ഞു.

രേണു അത് കൈ നീട്ടി തുടച്ചപ്പോൾ ചൂണ്ടുവിരലിൽ ചുവപ്പ് പടർന്നു.“എന്റെ മോൾക്ക് ഇഷ്ടമാണോ അമ്മ അയാളെ വിവാഹം കഴിക്കുന്നത്..”അമ്മയുടെ ചോദ്യം..

ധനുവിന്റെ കണ്ണുകൾ തിളങ്ങി. മുഖത്ത് സന്തോഷം.“എനിക്കിഷ്ടമാണ്.. അമ്മ… ഇനിയിങ്ങനെ ഒറ്റയ്ക്ക്.. വേണ്ടാ.. അമ്മയ്ക്കു ആരെങ്കിലും വേണം..” അവളുടെ സ്വരത്തിൽ ഇടർച്ച..

രേണു ഒരു നിമിഷം അങ്ങനെ അവളെ നോക്കിയിരുന്നു. പിന്നെ മുഖത്തൊരു ചിരി തെളിഞ്ഞു.

“ഞാൻ പറയട്ടെ..” ധനു അമ്മ എന്താണ് പറയാൻ പോകുന്നതെന്ന് ആകാംക്ഷയോടെ നോക്കിയിരുന്നു.

“ഏകദേശം ഏഴു വർഷങ്ങൾക്ക് മുൻപാണെന്നു തോന്നുന്നു.. അമ്മ ഇത് പോലെ നിന്റെ മുൻപിൽ പതറി നിന്നൊരു ദിവസമുണ്ടായിരുന്നു. നിന്റെ ഒരു മറുപടിക്ക് വേണ്ടി മാത്രം ഹൃദയം പിടച്ചു കാത്ത് നിന്നിട്ടുണ്ട്. ഓർമ്മയുണ്ടോ.. ”ധനുവിന്റെ മുഖം വിളറി. “അമ്മ എന്താ പറഞ്ഞു വരുന്നത്..”

ഞാൻ പറയാം.. നിനക്ക് അറിയുന്ന കാര്യം തന്നെയാണ്. അറിഞ്ഞിട്ടും അറിയാത്ത ഭാവം നടിക്കുന്ന ഒരു കാര്യം..
നിന്നോട് പറയാത്ത ഒന്നും തന്നെ അമ്മയുടെ ജീവിതത്തിൽ ഇല്ല.”

രേണു മുഖമൊന്നു അമർത്തി തുടച്ചു. മുഖത്തെ ചിരിയിൽ കറുപ്പ് പരന്നു. കണ്ണുകളിൽ നനവ്..

“ഒരിക്കലും എന്റെ സമ്മതത്തോടെ ആയിരുന്നില്ല നിന്റെ അച്ഛൻ എന്റെ കഴുത്തിൽ താലി കെട്ടിയത്. വീട്ടുകാരുടെ ഇഷ്ടം.. എന്റെ ഇഷ്ടമോ അഭിപ്രായമോ ആർക്കും ആവശ്യമില്ലായിരുന്നു.

ഞാൻ.. ഞാൻ സ്നേഹിച്ചതും കൂടെ ജീവിക്കാൻ ആഗ്രഹിച്ചതും ദാസിന്റെ ഒപ്പമായിരുന്നു. ഓർമ വച്ച കാലം മുതൽ കണ്ടു വളർന്ന മുഖം. മുതിർന്നപ്പോൾ മനസ്സിൽ കൊണ്ട് നടന്ന ആഗ്രഹം. എത്ര മാത്രം എനിക്ക് അയാളെ ഇഷ്ടമായിരുന്നു..

ദാസിന് എന്നെയും..ഒരു ഓട്ടോ ഡ്രൈവർ എന്ന് പറഞ്ഞു പുച്ഛിച്ചു തള്ളി എല്ലാവരും കൂടെ അന്ന് അയാളെ എന്റെ ജീവിതത്തിൽ നിന്നും അകറ്റി..”രേണുവിന്റെ സ്വരമിടറി. ധനു മുഖം താഴ്ത്തി അമ്മ പറയുന്നത് കേട്ടിരുന്നു.

“വിവഹം കഴിഞ്ഞു എല്ലാം മറന്നു ഞാൻ നല്ലൊരു ഭാര്യയാവാൻ ശ്രമിച്ചിട്ടുണ്ട്. ഈ വീട്ടിൽ നിന്റെ അച്ഛന്റെ ഇഷ്ടങ്ങൾക്കൊപ്പം മാത്രമാണ് ഞാൻ ജീവിച്ചത്.

നിന്റെ അച്ഛൻ എന്നെ സ്നേഹിച്ചിരുന്നുവോ എന്ന് ചോദിച്ചാൽ.. എനിക്ക് അറിയില്ല.. എനിക്ക് അങ്ങനെയൊരു സ്നേഹം അനുഭവപ്പെട്ടിട്ടില്ല. കിടപ്പറയിൽ സ്വന്തം ആവശ്യം കഴിഞ്ഞു മാറി കിടക്കുന്നൊരു ഭർത്താവ്..”

എന്നെ മനസ്സിലാക്കാനോ എന്റെ അടുത്ത് കുറച്ചു നേരം ഇരിക്കാനോ സ്നേഹിക്കാനോ ഒന്നും അയാൾ നിന്നിട്ടില്ല..

വെറും അഞ്ചു വർഷത്തെ ദാമ്പത്യജീവിതം..അദ്ദേഹം മരിച്ചപ്പോൾ ഞാനൊരു വിധവയായി. ആ വേഷമായിരുന്നു ഭാര്യ എന്ന വേഷത്തേക്കാൾ എനിക്ക് ചേർന്നിരുന്നത്. ആ മനുഷ്യനെ ഓർത്തു ഒരുപാടൊന്നും ഞാൻ കരഞ്ഞിട്ടില്ല.

അതിന്റെ ആവശ്യമുണ്ടെന്നു തോന്നിയില്ല. അയാൾക്ക് ഞാനൊരു ദാസി മാത്രമായിരുന്നു. മരിച്ചത് എന്റെ യജമാനനാണ്.. ആ ഒരു ബന്ധം മാത്രം.. ”രേണു നിറഞ്ഞൊഴുകിയ കണ്ണുകൾ അമർത്തി തുടച്ചു.

പിന്നെ ജീവിതം നിനക്ക് വേണ്ടിയായിരുന്നു.. വേറൊന്നും ആലോചിച്ചിട്ടില്ല. അതിനിടയിലാണ് വീണ്ടും കൈവിട്ടു പോയ ആ ജീവിതം… ദാസ് എന്റെ മുന്നിലേക്ക് വരുന്നത്..
നിനക്ക് ഓർമ്മയുണ്ടോ ദാസിനെ.. ”

രേണു ചോദിച്ചപ്പോൾ ധനു തലയാട്ടി. ഭംഗിയുള്ള താടിയും മനോഹരമായ ചിരിയുമായി ആ രൂപം ധനുവിന്റെ മിഴികളിൽ തെളിഞ്ഞു.
മോളെ..

എന്ന് അയാൾ നീട്ടി വിളിച്ചപ്പോൾ കത്തുന്ന നോട്ടവുമായി അയാളെ അവഗണിച്ചു അമ്മയോട് വഴക്കിട്ടത്..

“എനിക്കും അമ്മയ്ക്കും ഇടയിൽ ആരും വേണ്ടാ.. ”ഉറച്ച തന്റെ സ്വരം..ഓർമ്മകളിൽ ധനുവിന്റെ മുഖം വിളറി.

“ഓർമ്മയില്ലേ മോൾക്ക്‌.. അത്രയും വർഷം കഴിഞ്ഞിട്ടും വിവാഹം കഴിക്കാതെ എന്നെ മാത്രം ഓർത്തിരുന്ന ആ മനുഷ്യൻ.. എനിക്കിപ്പോഴും നിന്നെ ഇഷ്ടമാണ്. കൂടെ വന്നാൽ കൊണ്ട് പോവാം.. എന്നെ കൊണ്ട് ആവും പോലെ ഞാൻ നിന്നെയും മോളെയും നോക്കാം..

ദാസ് അന്ന് അങ്ങനെയാണ് പറഞ്ഞത്.. മുൻപിൽ നീട്ടി പിടിച്ച ആ ജീവിതം തള്ളി കളയാൻ തോന്നിയില്ല. അന്ന് നിന്റെ മറുപടിക്കായി ഞാൻ കാത്ത് നിന്നു.

ഞാനും ഒരു പെണ്ണല്ലേ. ഒരു മനുഷ്യജന്മം അല്ലേ. ആഗ്രഹങ്ങളും മോഹങ്ങളും എല്ലാം ഒതുക്കി ഒതുക്കി ആർക്കോ വേണ്ടി ജീവിച്ചു ജീവിച്ചു..”രേണു ഒരു നിമിഷം നിർത്തി.. തികഞ്ഞ നിശബ്ദത..

“അന്ന് നീ എതിർത്തു. വാശി പിടിച്ചു. അമ്മയ്ക്ക് ഞാൻ മാത്രം മതി.. നമുക്കിടയിൽ ആരും വേണ്ടാന്നു പറഞ്ഞു. ഓർമ്മയില്ലേ.. വേദനയോടെയാണെങ്കിലും എന്റെ ആഗ്രഹം ഞാൻ അന്ന് ഉപേക്ഷിച്ചു. നിനക്ക് വേണ്ടി.. എന്റെ ജീവിതം നീ മാത്രമായി ഒതുങ്ങി..

പിന്നെ.. നീ സ്വന്തം കാലിൽ നിൽക്കാറായപ്പോൾ നിനക്ക് ഇഷ്ടമുള്ളൊരാളെ തിരഞ്ഞെടുത്തു. ഞാൻ ഇയാളെ മാത്രമേ വിവാഹം കഴിക്കു എന്ന് പറഞ്ഞു.. നിന്റെ ഇഷ്ടം..

അല്ലെങ്കിലും ചെറുപ്പം തൊട്ട് നീ അങ്ങനെയായിരുന്നു. ഒരു ഉടുപ്പ് പോലും നിന്റെ ഇഷ്ടത്തിനു മാത്രം നീ ഇടുമായിരുന്നുള്ളു. നീ പഠിച്ചത് വളർന്നത് ജീവിച്ചത് എല്ലാം നിന്റെ മാത്രം ഇഷ്ടം..

അതിൽ എവിടെയായിരുന്നു അമ്മ..
എന്തായിരുന്നു എന്റെ വേഷം.. അറിയില്ല.

രേണു എന്ന ഈ മനുഷ്യജന്മം.. അത് എന്തായിരുന്നു. ഇരുപത് വയസ്സ് വരെ വീട്ടുകാരുടെ ഇഷ്ടത്തിനു ജീവിച്ചു. അതിനു ശേഷം ഭർത്താവിന്റെ ഇഷ്ടത്തിന്.. പിന്നെ മകളുടെ ഇഷ്ടത്തിന്..

നീ പറ.. ഇനിയിപ്പോ ഞാൻ ജീവിക്കേണ്ടത് നിന്റെ ഭർത്താവിന്റെ വീട്ടുകാരുടെ ഇഷ്ടത്തിനാണോ. വെറും ആറു മാസത്തെ ബന്ധം മാത്രമുള്ള അവരുടെ ഇഷ്ടങ്ങൾ നിനക്ക് ഇത്രയും പ്രിയപ്പെട്ടതാവും എന്ന് ഞാൻ അറിഞ്ഞില്ല..”

രേണു പറഞ്ഞു നിർത്തി. നിറഞ്ഞ കണ്ണുകൾ തുടച്ചു. ധനുവിന്റെ മുഖം വിളറിയിരുന്നു. “അമ്മ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ.. അവരെന്നോട് പറഞ്ഞപ്പോൾ ഞാൻ അമ്മയോട് അഭിപ്രായം

ചോദിച്ചു. അമ്മയ്ക്കിഷ്ടമില്ലെങ്കിൽ വിട്ടേക്ക്.. എനിക്ക് എന്റെ ഭർത്താവിന്റെ കൂടെ പോവാതിരിക്കാൻ പറ്റില്ല.. ആ സമയം അമ്മ ഒറ്റയ്ക്കായി പോവില്ലേന്നു ഓർത്തു. അത് കൊണ്ട് പറഞ്ഞതാ..”

ധനുവിന്റെ സ്വരത്തിലെ അനിഷ്ടം രേണുവിന് മനസ്സിലായി.ഉള്ളൊന്ന് പിടഞ്ഞെങ്കിലും ചുണ്ടിലൊരു ചിരി വരുത്തി.. “മോള് പോകാനുള്ള ഒരുക്കങ്ങൾ നോക്കിക്കോളൂ. അമ്മയുടെ കാര്യം ഓർത്തു വിഷമിക്കണ്ട.

ഇത്രയും കാലം ഞാൻ എന്നെ പറ്റി ഓർത്തതേയില്ല. കൂടെയുള്ളവർ ആരോ അവരുടെ ഇഷ്ടങ്ങൾ.. അത് മാത്രമായിരുന്നു ജീവിതം. ഇനിയിപ്പോ എനിക്ക് മാത്രമായി ഒന്ന് ജീവിക്കണം. ജീവിതത്തിലെ പാതിയോളം പോയി.. ഇനിയുള്ള പാതി..”

രേണു നിർത്തി. ഒന്ന് നെടുവീർപ്പിട്ടു. ധനു എഴുന്നേറ്റു..“ഞാൻ പോവാണ്.. മിഥുന്റെ അടുത്ത് ഞാൻ എന്തെങ്കിലും പറഞ്ഞോളാം. ഞങ്ങൾ പോവുന്നതിനു രണ്ട് ദിവസം മുൻപ് വരാം..”

ധനു പറഞ്ഞു.. പിന്നെ മറുപടിക്ക് കാത്തു നിൽക്കാതെ അവൾ പുറത്തേക്ക് ഇറങ്ങി. പുറത്തു സ്കൂട്ടർ അകന്നു പോവുന്ന സ്വരം.രേണു നിശ്ചലമായി കുറച്ചു നേരമിരുന്നു. പിന്നെ കണ്ണുകൾ തുടച്ചു.

ഒരു കരച്ചിൽ നെഞ്ചിൽ വന്നു തട്ടി. കണ്ണുകൾ നീറി പുകഞ്ഞൊഴുകി. ഏറെ നേരം.. നനഞ്ഞ കണ്ണുകളിൽ ഒരു ജീവിതത്തിന്റെ പാതി പശ പോലെ ഒട്ടിപ്പിടിച്ചു. ഇഷ്ടമില്ലാത്തതെന്തോ കുത്തി നോവിച്ചു.

അവൾ എന്തെങ്കിലും ഒരു സമാധാനമായി ഒരു വാക്ക് പറഞ്ഞു പോയിരുന്നുവെങ്കിൽ.. അത് സാരല്ല്യ അമ്മേ.. എന്ന് ഒന്ന് പറഞ്ഞിരുന്നുവെങ്കിൽ.. കവിളിൽ ഒന്ന് തട്ടി കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നിരുന്നുവെങ്കിൽ.. അടുത്ത് കുറച്ചു നേരം ഇരുന്നിരുന്നുവെങ്കിൽ..

വെറുതെ.. വെറുതെ.. വളരെ നിസ്സാരമെന്ന് തോന്നാവുന്ന പക്ഷേ നടക്കാത്ത കാര്യങ്ങൾ.. അതാണ് താനിപ്പോൾ ആഗ്രഹിക്കുന്നത്.

അവളുടെ അച്ഛനും ഇങ്ങനെ തന്നെയായിരുന്നല്ലോ.. ആഗ്രഹിക്കുന്നതൊന്നും കിട്ടിയില്ല. ഒരു നല്ല വാക്ക് പോലും..

രേണു ഒന്ന് തേങ്ങിക്കരഞ്ഞു. പിന്നെ മുഖം തുടച്ചു. കണ്ണുകൾ അടച്ചു പിടിച്ചു കുറേ നേരം അങ്ങനെ ഇരുന്നു. മനസ്സിൽ ഒരു മുഖമങ്ങനെ പതിയെ തെളിഞ്ഞു വന്നു.

നാളുകൾക്ക് ശേഷം.. അന്ന് നല്ല മഴ പെയ്തിരുന്നു. ഒരു കുട പോലും ഇല്ലാതെ നനഞ്ഞു കുളിച്ചു പടി കയറി വരുന്ന രേണുവിനെ കണ്ടു ദാസ് അമ്പരന്നു. വിശ്വസിക്കാനാവാതെ കണ്ണുകൾ വിടർന്നു.

ഉമ്മറപ്പടികൾ കയറി രേണു അയാൾക്കരുകിൽ നിന്നു. അവൾ വിറക്കുന്നുണ്ടായിരുന്നു. മഴയെ മുറിച്ചു ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ..അയാളുടെ ഹൃദയം നൊന്തു.

“ഞാൻ.. ഞാൻ ഒന്നും എടുത്തിട്ടില്ല.. വെറും കയ്യോടെ ഇപ്പോൾ ഇറങ്ങി വന്നത്..എനിക്ക് മുന്നിൽ നീട്ടിയ ഈ കൈകൾ ഞാൻ എപ്പോഴും തട്ടി മാറ്റിയിട്ടേയുള്ളൂ.. ഇപ്പോൾ ഞാനായിട്ട്.. എന്റെ കയ്യൊന്നു പിടിക്കണം. എനിക്കൊരു ജീവിതം വേണം..”

രേണുവിന്റെ ഇടറിയ സ്വരം. നിറഞ്ഞ കണ്ണുകൾ.. നനഞ്ഞ രൂപം. അയാൾ വിശ്വസിക്കാനാവാത്തത് പോലെ അവളെ നോക്കി.

“എനിക്കൊന്നും ഇല്ല ആരും..” അവൾ ഉറക്കെ കരഞ്ഞു പോയി. ഒരു നിമിഷം.. ദാസ് അവളെ ചേർത്ത് പിടിച്ചു.“എനിക്കിത് വിശ്വസിക്കാമോ..” അയാളുടെ സ്വരം ഇടറി.

“എത്രയോ തവണ ആഗ്രഹിച്ചു പിന്നെ പിന്നെ മനസ്സിൽ നിന്നും അടർത്തി മാറ്റിയൊരു സ്വപ്നം..എന്നിട്ടും എന്തോ.. നീയങ്ങനെ പോവാതെ.. ഈ നെഞ്ചിലങ്ങനെ.. കണ്ണിൽ നീറി നീറി.. അത് കൊണ്ട് തന്നെ.. വേറെയൊരു പെണ്ണിന്റെ കൈ പിടിക്കാൻ തോന്നിയില്ല..

ഇന്ന് ഈ നിമിഷം.. എനിക്ക് അറിയില്ല.. ഞാൻ.. “അയാളുടെ കണ്ണുകൾ നിറഞ്ഞു.
രേണു അയാളുടെ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു.

പുറത്തെ മഴയിലേക്ക് അയാളൊന്ന് നോക്കി. സത്യമാണ്.. പലവട്ടം നെഞ്ചിൽ ചേർക്കാൻ ശ്രമിച്ചു നഷ്ടമായൊരു മഴത്തുള്ളി.. ഇതാ.. ഇവിടെ നെഞ്ചിൽ ചേർന്നലിഞ്ഞ്.. സന്തോഷം കൊണ്ടായാൾ അവളെ മുറുകെ പുണർന്നു.

“നിന്റെ മോള്..?” ദാസ് ചോദിച്ചു.രേണു കണ്ണുകൾ തുടച്ചു.. ഒന്ന് ചിരിച്ചു. “നാൽപ്പത്തിയഞ്ചു വയസ്സ്.. അത്ര വലിയൊരു പ്രായമൊന്നും അല്ല.. അമ്മയ്ക്ക് ഇനിയും ഒരു ജീവിതം ആകാം.. അവൾ തന്നെ പറഞ്ഞു.

പക്ഷേ ഇനി ആരെങ്കിലും ചൂണ്ടി കാണിച്ചു തരുന്ന ഒരു ജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കാൻ എനിക്കിനി വയ്യാ..

എന്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്തി എന്റെ ഇഷ്ടത്തിന് ഈ പാതി ജീവിതമെങ്കിലും എനിക്കൊന്ന് ജീവിച്ചു തീർക്കണം.. വേണ്ടേ..
അവൾ ചോദ്യഭാവത്തിൽ ദാസിനെ നോക്കി.

അതേ.. അയാൾ വലത്തേ കരം അവൾക്ക് നേരെ നീട്ടി. അവളതിൽ മുറുകെ പിടിച്ചു.അയാൾക്കൊപ്പം അകത്തേക്ക് നടക്കുമ്പോൾ രേണു ഒന്ന് തിരിഞ്ഞ് നോക്കി.

വഴിയിൽ അപ്രത്യക്ഷമായി പോയൊരു പാതി ജീവിതത്തിന്റെ മഴ കണ്ടു.. ഇനി.. അവളുടെ ചുണ്ടുകളിൽ ഒരു ചിരി തെളിഞ്ഞു. ചങ്ങലക്കെട്ടുകൾ ഊരിയെടുത്തു സ്വതന്ത്രമായൊരു ഹൃദയത്തിന്റെ ചിരി.

Leave a Reply

Your email address will not be published. Required fields are marked *