സ്വന്തം കുഞ്ഞു വരുമ്പോൾ, ഈ കുട്ടിയെ സ്നേഹിക്കാൻ നമ്മുടെ കുഞ്ഞിനെ കൊണ്ട് പറ്റുമെന്ന് തോന്നുന്നുണ്ടോ..? “

(രചന: ശ്രേയ)

 

എത്ര മറക്കാൻ ശ്രമിച്ചിട്ടും ആ മുഖം ഉള്ളിൽ നിന്ന് മാഞ്ഞു പോകുന്നില്ല.. ആ കുഞ്ഞി കണ്ണുകളും പുഞ്ചിരിയും മനസ്സിൽ തന്നെ തങ്ങി നിൽക്കുന്നതു പോലെ..

പക്ഷേ വീട്ടുകാരെ വെറുപ്പിച്ചു കൊണ്ട് ഒരു തീരുമാനമെടുക്കാൻ വയ്യ.. അവരെ വിട്ടു കളയാനും വയ്യ..!

എന്തുചെയ്യണമെന്നറിയാതെ മാളവിക വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു.

അവളുടെ ഈ മാനസികാവസ്ഥയ്ക്ക് കാരണം രാവിലെ നടന്ന ഒരു പെണ്ണുകാണലും.

അവളുടെ ജീവിതത്തിലെ ആദ്യത്തെ പെണ്ണുകാണൽ ഒന്നുമല്ല ഇത്. ഇതിനു മുമ്പും പലരും വന്ന് പെണ്ണ് കണ്ടു പോയിട്ടുണ്ട്.

അവൾക്ക് വില്ലേജ് ഓഫീസിൽ ക്ലാർക്ക് ആയി ജോലിയുണ്ട്. വീട്ടിൽ അച്ഛനും അമ്മയും അനിയത്തിയും മാത്രം. സാമ്പത്തികമായി വളരെ ഉയർന്ന ചുറ്റുപാട് ഒന്നുമല്ല അവരുടേത്.

അവൾക്ക് പറയാൻ ഒരു ജോലിയും കാണാൻ അത്യാവിശ്യം ഭംഗിയുമുണ്ട് എന്നുള്ളത് മാത്രമാണ് വിവാഹ മാർക്കറ്റിൽ അവൾക്കു വേണ്ടി പറയാനുള്ള കാരണങ്ങൾ.. അല്ലാതെ മറ്റൊരു തരത്തിലുള്ള മേന്മയും ആ കുടുംബത്തെ കുറിച്ച് പറയാറില്ല.

അച്ഛൻ കൂലിപ്പണിക്കാരനാണ്. അന്നോടന്നു കിട്ടുന്നതു കൊണ്ട് ചെലവ് കഴിഞ്ഞു പോകുന്ന കുടുംബം.. അമ്മയും ഇടയ്ക്ക് തൊഴിലുറപ്പിന്റെ പണിക്കൊക്കെ പോകാറുണ്ട്. അനിയത്തി ഡിഗ്രിക്ക് പഠിക്കുന്നു. വലിയ നീക്കിയിരിപ്പൊന്നും പറയാനില്ലാത്ത കുടുംബമാണ്..

അവൾക്ക് 26 വയസ്സ് കഴിഞ്ഞു. ഇനിയും വിവാഹം നോക്കിയില്ലെങ്കിൽ പെൺകുട്ടിക്ക് പ്രായം ഏറി വരികയാണ് എന്നുള്ള നാട്ടുകാരുടെയും ബന്ധുക്കളുടെയും ഒക്കെ നിരന്തരമായ പറച്ചിലിനു ഒടുവിലാണ് അവൾക്ക് വിവാഹം നോക്കി തുടങ്ങിയത്.

ആദ്യം വന്ന ഒന്ന് രണ്ട് ആലോചനകൾ സ്ത്രീധനം കൊടുക്കാനുള്ള എന്നുള്ള പേര് കൊണ്ടു തന്നെ ഒഴിഞ്ഞു പോയി. അതിലൊന്നും മാളവികക്ക് ബുദ്ധിമുട്ട് തോന്നിയതുമില്ല.കാരണം തന്റെ വീട്ടിലെ സാമ്പത്തിക സ്ഥിതിയിൽ സ്ത്രീധനം നൽകുക എന്നുള്ളത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അവൾക്കറിയാമായിരുന്നു.

കഴിഞ്ഞ ദിവസം ഓഫീസിൽ നിന്ന് വരുമ്പോഴാണ് അമ്മ പറഞ്ഞത് ബ്രോക്കർ വഴി ഒരാലോചന വന്നിട്ടുണ്ടെന്ന്.. കേട്ടിട്ടും അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല. കാരണം ബ്രോക്കർ പലതും പൊലിപ്പിച്ചു പറഞ്ഞു ആലോചനകൾ വീടുവരെ എത്തിക്കാറുണ്ട്.

ഇവിടെ വന്ന് ഇവിടുത്തെ ചുറ്റുപാടും സ്ത്രീധനവും ഒക്കെ കേട്ട് കഴിയുമ്പോഴാണ് വേണ്ട എന്ന് വെച്ചു പോകാറുള്ളത്. ഇതും അങ്ങനെ തന്നെയാകും എന്നുള്ള പ്രതീക്ഷയിലാണ് രാവിലെ അവൾ തയ്യാറായി നിന്നത്.

ചെക്കനും അച്ഛനും അമ്മയും കയ്യിൽ ഒരു കുഞ്ഞും.. അത്രയും പേരാണ് ബ്രോക്കറിനോടൊപ്പം പെണ്ണ് കാണാൻ എത്തിയത്. ചെക്കന്റെ കയ്യിലിരിക്കുന്ന കുഞ്ഞ് എല്ലാവരുടെ മുന്നിലും ഒരു ചോദ്യചിഹ്നം തന്നെയായിരുന്നു.

പെണ്ണുകാണൽ പ്രമാണിച്ച് തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന അച്ഛന്റെ പെങ്ങളും കുടുംബവും ഒക്കെ എത്തിയിരുന്നു. തങ്ങൾക്ക് എന്ത് സഹായത്തിനും കൂടെയുള്ളത് അവരാണ്. എന്തെങ്കിലുമൊക്കെ ആവശ്യമുണ്ടെങ്കിൽ അവർ ഓടി വരികയും ചെയ്യും.

ഒരു കുഞ്ഞിനെ ചെക്കന്റെ കയ്യിൽ കണ്ടപ്പോൾ തന്നെ അമ്മായി പരിഭ്രമത്തോടെ അവളുടെ അടുത്തേക്ക് ഓടിയെത്തി.

” ഇത് വേണ്ടെന്ന് വയ്ക്കുന്നതാ മാളു നല്ലത്.. ആ ചെക്കന്റെ രണ്ടാം വിവാഹമാണെന്നാ തോന്നുന്നത്.. അവന്റെ കയ്യിൽ ഇരിക്കുന്ന കൊച്ചിന് ഒരു വയസ്സ് പ്രായം കാണും..

അതെന്തായാലും അവന്റെ ആകാതെ തരമില്ലല്ലോ.. ഇവന്റെ വീട്ടിൽ ഇവന് പെങ്ങൾ ഒന്നുമില്ല എന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്.. ”

അമ്മായി അത് വന്നു പറഞ്ഞു കേട്ടപ്പോൾ അവൾക്കും ആകെ ഒരു വല്ലായ്മ തോന്നി.” രണ്ടാം വിവാഹമോ..? ബ്രോക്കർ അങ്ങനെയൊന്നും പറഞ്ഞില്ലല്ലോ..!”

അവൾ ആലോചനയുടെ അത് പറഞ്ഞപ്പോൾ അമ്മായി അവളുടെ കൈക്കിട്ട് തട്ടി.

” ബ്രോക്കർമാർ അങ്ങനെയാണ്. എല്ലാം തുറന്നു പറയുകയൊന്നുമില്ല.. അവർക്ക് അവരുടെ കാശ് കിട്ടണം.. അത്രമാത്രമേയുള്ളൂ..”

അമ്മായി അത് പറഞ്ഞു നിൽക്കുന്നതിനിടയിൽ അമ്മ അവരുടെ അടുത്തേക്ക് വന്നു.” എന്താ രണ്ടുപേരും കൂടി ഇവിടെ..? ”

അമ്മ ചോദിച്ചപ്പോൾ അമ്മായി അവളുടെ മുഖത്തേക്ക് നോക്കി.”എനിക്ക് മനസ്സിലായി.. കൈയിലിരിക്കുന്ന കുട്ടി ഏതാണെന്ന് എനിക്കും അറിയില്ല. എന്തായാലും ഇവിടെ വരെ വന്നവരെ മുഷിപ്പിച്ചു പറഞ്ഞയക്കാൻ പറ്റില്ലല്ലോ.. മോള് പോയി ചായ എടുക്ക്.. നമുക്ക് താല്പര്യമില്ലെന്ന് ഇതു കഴിഞ്ഞു പറയാമല്ലോ..”

അമ്മ നിർബന്ധിച്ചപ്പോൾ അത് ശരിയാണെന്ന് അവൾക്കും തോന്നി. അപ്പോഴേക്കും അമ്മായി നേരത്തെ തയ്യാറാക്കി വെച്ചിരുന്ന ചായ പകർത്തി എടുത്തു തുടങ്ങി.

അതുമായി ഉമ്മറത്തേക്ക് എത്തിയപ്പോൾ എല്ലാവരുടെയും നോട്ടം അവളിൽ തന്നെയായിരുന്നു…അവൾ ഒരു മാത്ര ചെക്കനെ പാളി നോക്കി. അതേ നിമിഷം തന്നെ അവന്റെ നോട്ടവും അവളെ തേടി വന്നിരുന്നു. അതോടൊപ്പം അവന്റെ കയ്യിലിരുന്ന കുഞ്ഞിന്റെയും..!!

ആ കുഞ്ഞിന്റെ മുഖത്ത് നോക്കിയ അവൾക്ക് വല്ലാത്ത അത്ഭുതം തോന്നി.. പെണ്ണുകാണാൻ വന്ന ചെക്കന്റെ ഒരു മിനി വേർഷൻ പോലെയാണ് അവൾക്ക് ആ കുഞ്ഞിനെ കണ്ടപ്പോൾ തോന്നിയത്…!

ആ കുഞ്ഞിന്റെ മുഖവും ചിരിയും അവളുടെ ഉള്ളിൽ പതിഞ്ഞു പോയതു പോലെ..!

ആ കുഞ്ഞിലേക്ക് കണ്ണും നട്ട് നിൽക്കുന്നതിനിടയിൽ അമ്മാവൻ അവരോട് ചോദിക്കുന്നുണ്ടായിരുന്നു ആ കുഞ്ഞ് ഏതാണെന്ന്..!

മറുപടി പറയാൻ അവരൊക്കെയും വല്ലാതെ ബുദ്ധിമുട്ടുന്നതു പോലെയാണ് അവൾക്ക് തോന്നിയത്.” എന്റെ അനിയനാണ്.. ”

ഗാംഭീര്യത്തോടെ അവന്റെ ശബ്ദം അവൾ ആദ്യമായി കേട്ടു.അനിയൻ എന്നുള്ള മറുപടിയിൽ അവിടെയിരുന്ന എല്ലാവരും അത്ഭുതത്തോടെയാണ് അവനെ നോക്കിയത്.

“നിങ്ങളുടെയൊക്കെ നോട്ടത്തിന്റെ അർത്ഥം എനിക്ക് മനസ്സിലായി. എന്റെ അച്ഛനും അമ്മയും വളരെ വൈകി എനിക്ക് സമ്മാനിച്ച നിധിയാണ് ഇവൻ.. ഇവനും ഞാനും തമ്മിൽ 28 വയസ്സിന്റെ വ്യത്യാസമുണ്ട്.

അതുകൊണ്ടു തന്നെ ഇവൻ എനിക്ക് മകനെ പോലെയാണ് .. എന്റെ ഭാര്യയായി കയറി വരുന്ന പെൺകുട്ടി ആരായാലും, ഇവനെ മകനെപ്പോലെ തന്നെ സ്നേഹിക്കണം എന്നാണ് എന്റെ ആഗ്രഹം.അതും തുറന്നു പറയണമല്ലോ..”

അവൻ പറഞ്ഞത് കേട്ട് അവൾക്ക് വല്ലാത്ത അത്ഭുതം തോന്നിയിരുന്നു. അവന്റെ അച്ഛനും അമ്മയും ജാള്യത മറയ്ക്കാൻ പാടുപെടുന്നത് അവൾ കണ്ടു…

കുറച്ചു നേരത്തെ സംസാരത്തിനും ചർച്ചകൾക്കുമൊടുവിൽ അവർ യാത്ര പറഞ്ഞിറങ്ങി..

അവർ പോയി കഴിഞ്ഞതിന് പിന്നാലെ അമ്മയും അമ്മായിയും ഒക്കെ പറയുന്നുണ്ടായിരുന്നു ഈ ബന്ധം വേണ്ടെന്ന്.

“പറയുമ്പോൾ എല്ലാം പറയണമല്ലോ.. അവന്റെ അച്ഛനും അമ്മയ്ക്കും ഒക്കെ എത്ര നാളത്തെ ആയുസ്സ് ഉണ്ടാകുമെന്ന് ആർക്കും പറയാൻ അറിയില്ല..അങ്ങനെ വരുമ്പോൾ ഈ കുഞ്ഞ് അവന്റെ ബാധ്യതയാകും.

നമ്മുടെ കുട്ടി അവനെ വിവാഹം കഴിച്ചാൽ ഈ കുഞ്ഞിന്റെ ബാധ്യത കൂടി അവൾ ഏറ്റെടുക്കേണ്ടി വരും.. സ്വന്തം കുഞ്ഞു വരുമ്പോൾ, ഈ കുട്ടിയെ സ്നേഹിക്കാൻ നമ്മുടെ കുഞ്ഞിനെ കൊണ്ട് പറ്റുമെന്ന് തോന്നുന്നുണ്ടോ..? ”

ഉമ്മറത്ത് പല തരത്തിലുള്ള ചർച്ചകൾ നടക്കുമ്പോൾ താൻ എന്ത് തീരുമാനമാണ് എടുക്കേണ്ടത് എന്നറിയാതെ മുറിയിൽ ഉഴറുകയായിരുന്നു അവൾ..

” അത് ശരിയാണ്.. ഭാവിയിൽ ഇത് വലിയൊരു പ്രശ്നമായി മാറുകയുള്ളൂ. കല്യാണം കഴിഞ്ഞ ഉടനെ ഒരു കുഞ്ഞിന്റെ അമ്മയാവുക എന്നൊക്കെ പറഞ്ഞാൽ അതിനുള്ള പ്രായവും പക്വതയും നമ്മുടെ കുട്ടിക്കില്ല.. അതുകൊണ്ട് ഇത് വേണ്ടെന്നു വയ്ക്കാം.. ”

ഉമ്മറത്തു അച്ഛൻ തീരുമാനമെടുക്കുകയാണ് എന്ന് അവൾക്ക് മനസ്സിലായി.പക്ഷേ പെട്ടെന്നുണ്ടായ തോന്നലിൽ അവൾ വേഗം ഉമ്മറത്തേക്ക് നടന്നു.

” അച്ഛാ എനിക്ക് വിവാഹത്തിന് സമ്മതമാണ്… “ആവേശത്തോടെ അവൾ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരും അവളെ അത്ഭുതത്തോടെ നോക്കി.

” മോളെ ഇപ്പോഴത്തെ ആവേശത്തിൽ എടുക്കേണ്ട തീരുമാനം അല്ല അത്. ഭാവിയെ കുറിച്ച് കൂടി ആലോചിക്കണം.. ”

അമ്മ ഉപദേശമായി പറഞ്ഞപ്പോൾ അവൾ അമ്മയെ സ്നേഹത്തോടെ നിരസിച്ചു..

” അമ്മ പറയുന്നത് ശരിയാണ്. പക്ഷേ ആ കുഞ്ഞിന്റെ മുഖവും ചിരിയും ഒന്നും എന്റെ മനസ്സിൽ നിന്ന് പോകുന്നില്ല. എന്റെ കുഞ്ഞിനെ പോലെ തന്നെയാണ് എനിക്ക് തോന്നുന്നത്.

അതല്ലാതെ മറ്റൊന്നും എനിക്കിപ്പോൾ ചിന്തിക്കാൻ പോലും പറ്റുന്നില്ല.. അവനും കൂടി ഞങ്ങളുടെ ലൈഫിൽ ഉണ്ടെങ്കിലും അതിൽ പ്രത്യേകിച്ചൊരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. ”

അവൾ ഉറപ്പോടെ പറഞ്ഞപ്പോൾ മറ്റുള്ളവർ അവളെ തിരുത്താൻ ഒരുപാട് ശ്രമിച്ചു.പക്ഷേ ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അവൾ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറാൻ തയ്യാറായില്ല.

അവളുടെ വാശിയിൽ ആ വിവാഹം നടക്കുക തന്നെ ചെയ്തു..ഇന്ന് ആ കുടുംബത്തിൽ,ഭർത്താവിനോടും കുഞ്ഞനിയനോടും അച്ഛനോടും അമ്മയോടും ഒപ്പം സന്തോഷത്തോടെ ജീവിക്കുമ്പോൾ അവൾ തന്റെ തീരുമാനം എത്ര നന്നായിരുന്നു എന്ന് ഒരിക്കൽ കൂടി ഓർക്കുകയായിരുന്നു..

വിവാഹം കഴിഞ്ഞ് അന്നുമുതൽ താൻ അവന് അമ്മയാണ്..!!ഇനിയെന്നും അമ്മ തന്നെയായിരിക്കും…!!!

Leave a Reply

Your email address will not be published. Required fields are marked *