സുമംഗലി
രചന: രഘു കുന്നുമ്മക്കര പുതുക്കാട്
കുളിമുറിയിലെ സ്വകാര്യതയിൽ, അനാവൃതമായ മേനിയിലേക്ക് കുളുർജലം ചിതറി വീണപ്പോൾ ഹിമയ്ക്ക് എന്തെന്നില്ലാത്തൊരാശ്വാസം അനുഭവപ്പെട്ടു.
നവവധുവിന്റെ ചമയങ്ങളും ആഭരണങ്ങളുടെ അസ്വസ്ഥതയും ഊർന്നു മാറിയപ്പോൾ തന്നെ തികച്ചും സൗഖ്യം തോന്നുന്നു…
സൗന്ദര്യവർദ്ധകങ്ങളുടെ തലവേദനിപ്പിക്കുന്ന ഗന്ധം,പ്രിയപ്പെട്ട സോപ്പിന്റെ സുഗന്ധത്തിലേക്ക് വഴിമാറിയിരിക്കുന്നു.
തണുത്ത ജലം എത്ര വീണിട്ടും തൃപ്തി വരാത്ത പോലെ…കുളി കഴിഞ്ഞ്, പുതിയ രാവസ്ത്രം ധരിച്ച് അകത്തളത്തിലേക്കെത്തിയപ്പോൾ കണ്ടു…
അരുൺ ഉമ്മറത്തെ സോഫായിലിരിപ്പുണ്ട്..മടിയിൽ വച്ച ലാപ്ടോപ്പിലേക്ക് മിഴികളൂന്നിയാണിരുപ്പ്…നവവരന്റെ വേഷകൾ മാറ്റിയിരിക്കുന്നു.പുതിയ കൈലിയും ബനിയനുമാണ് വേഷം…
തിണ്ണയിൽ ചാരി ഹിരൺ നിൽക്കുന്നു…ചേച്ചിയുടെ ഭർത്താവിനോട് എന്തു ചോദിക്കണമെന്ന് ശങ്കിച്ച്….തൊട്ടടുത്ത് അമ്മാവനും അമ്മായിയും, ഇളയമ്മയുമെല്ലാമുണ്ട്…
അവർ എന്തൊക്കെയോ ചോദിക്കുന്നുണ്ട്….ലാപ്ടോപ്പിൽ നിന്നും മുഖമുയർത്താതെ അരുൺ മൂളലുകളിൽ മറുപടിയൊതുക്കുന്നു…
മൂന്നാഴ്ച്ചയുടെ മാത്രം ദൈർഘ്യത്തിൽ നടന്ന വിവാഹമാണ്…അമ്മയുടെ നിർബ്ബന്ധം സഹിക്കവയ്യാതെയാണ് ഓൺലൈൻ മാട്രിമോണിയിൽ ബയോഡാറ്റ കൊടുത്തത്..
പിറ്റേന്നു തന്നെ അരുണിന്റെ വീട്ടുകാരുടെ വിളിയെത്തി…യൂറോപ്പിലെ ഏതോ മികച്ച കമ്പനിയിലെ ജോലി…
വിവാഹം എത്രയും വേഗം നടത്തണം…ലീവ് തീരാറായത്രേ…രണ്ടാഴ്ച്ച വിവാഹശേഷം നാട്ടിലുണ്ടാകും..
പിന്നെ, ആറുമാസത്തിനകം തിരികേ വന്ന് ഹിമയേയും കൊണ്ടുപോകും…സാധാരണ വീട്ടിൽ ജനിച്ച അരുൺ, പഠനത്തിൽ ഏറെ മിടുക്കനായിരുന്നു…
അക്കാദമിക് തലത്തിലെ ആ മികവാണ് അരുണിനെ യൂറോപ്പിലെത്തിച്ചതും…കല്യാണത്തിന്റെ ആദ്യദിനം ഭാര്യവീട്ടിൽ കഴിച്ചുകൂട്ടണമെന്ന ആചാരം അരുണിനെ വല്ലാതെ മുഷിപ്പിച്ചിരിക്കാം…
അപരിചിതമായ വീട്….പ്രത്യേകിച്ചും ചെറിയ, ഓടുമേഞ്ഞ വീട്…അരുണിന്റെ അമ്മ ആദ്യത്തെ വിരുന്നിനു വന്നപ്പോൾ പറഞ്ഞിരുന്നു…
അരുണിന്റെ പഠനകാലത്ത് ഇതിലും കൊച്ചുവീടായിരുന്നു അവരുടേതെന്ന്…പക്ഷേ…
ഇന്ന്, താൻ വലതുകാൽ വച്ചു കയറിയ പുത്തൻവീടിന്റെ മതിലുകളുടെയും തൂണിന്റെയും വിലയേ വരൂ ഈ വീടിന്…
തന്റെ വിദ്യാഭ്യാസയോഗ്യതതയും ഭംഗിയുമാണത്രേ അരുണിന് ഇഷ്ടമായത്…
പണം അവന് വേണ്ടുവോളമുണ്ടത്രേ…താൻ അത്രക്ക് സുന്ദരിയാണോ…?ഹിമ സ്വയം ചോദിച്ചു…കൂട്ടുകാരികൾ പറയാറുണ്ട്…
താനൊരു മോഹിനിയാണെന്ന്…തനിക്കങ്ങനെ തോന്നിയിട്ടില്ലെങ്കിലും…അവിടത്തേ വിവാഹസൽക്കാരത്തിന്റെ ആഢംബരങ്ങളിൽ നിന്നും വിമുക്തി നേടി, തിരികേ വീട്ടിലെത്തിയപ്പോൾ എന്തൊരാശ്വാസം..
നടയകത്തും, അടുക്കളയിലുമെല്ലാം പകലിലെ സദ്യയുടെ ഗന്ധം വേർപ്പെടാതെ നിൽക്കുന്നു…
സ്റ്റ്യൂവിന്റേയും, സാമ്പാറിന്റെയും, അവിയലിന്റെയും ഗോതമ്പു പായസത്തിന്റേയും ഗന്ധം…
ഉമ്മറത്ത് പന്തലിട്ടു വിളമ്പിയ സദ്യയുടെ തിരുശേഷിപ്പ്..അവൾ തങ്ങളുടെ കിടപ്പറയിലേക്ക് കടന്നു..
വിസ്താരമില്ലാത്ത മുറിയകത്ത് കട്ടിലിനോടു ചേർന്ന് ഒരു ബ്രീഫ്കേസ് ഇരിപ്പുണ്ട്…
അരുണിന്റെ വസ്ത്രങ്ങളും മറ്റുമാണ്…മറുവശത്തായി കല്യാണത്തിനു ലഭിച്ച പാരിതോഷികങ്ങളുടെ ചതുരപ്പെട്ടികൾ…
വർണ്ണക്കടലാസിൽ പൊതിഞ്ഞ് ആരുടെയൊക്കെയോ ആശംസകളും പേരുകളും രേഖപ്പെടുത്തിയ സമ്മാനപ്പൊതികൾ…
സ്ഫടിക വാതിലുകളുള്ള ചുവരലമാരിയിലെ ചതുരക്കള്ളികൾ നിറയെ പുസ്തകങ്ങൾ…
തന്റെ പഠനവിഷയങ്ങളും, ലൈബ്രറികളുമെല്ലാം വെവ്വേറെ അടുക്കുകളിൽ വിശ്രമിക്കുന്നു..
അവൾ അലമാരി തുറന്ന്, വെറുതേയൊരു പുസ്തകമെടുത്ത് പുറംചട്ടയിൽ മിഴിയോടിച്ചു…
“ആലാഹയുടെ പെൺമക്കൾ”സാറാജോസഫിന്റെ വൈഭവം…മെലിഞ്ഞ പുസ്തകത്തേ യഥാസ്ഥാനത്തു വച്ച് പതിയെ പിൻതിരിഞ്ഞു…
നോട്ടം കട്ടിലിലേക്കു നീണ്ടു…..പുത്തൻകിടക്കയും, തലയിണകളും, വിരികളും…രണ്ട് ദിവസം മുൻപ് പഴയ കിടക്ക മാറ്റിയിടുമ്പോൾ സഹപാഠിയായ കൂട്ടുകാരിയുമുണ്ടായിരുന്നു…
വിവാഹിത….”ഹിമാ…. കിടക്കയുടെ പ്ലാസ്റ്റിക് കവർ മാറ്റാം ട്ടോ…അല്ലെങ്കിൽ, പരപരക്കം കാരണം അപ്പുറത്തേ മുറിയിലുള്ളവർ ഇറങ്ങിയോടും…
കാര്യങ്ങൾ ഒന്നും നടക്കില്ലാ…”അവൾ കളിയാക്കിക്കൊണ്ടിരുന്നു…പ്ലാസ്റ്റിക് ആവരണമില്ലാതെ തന്നെയാണ് ശയ്യ ക്രമീകരിച്ചിരിക്കുന്നത്…
ജാലകത്തിനരികിലേക്ക് ചെന്നു…പതിയെ തുറന്ന് തെക്കെ മുറ്റത്തേക്ക് നോക്കി…മുറ്റത്തൊരു കോണിൽ നിറയെ ചെണ്ടുമല്ലികൾ പൂവിടർത്തി നിൽപ്പുണ്ട്…
മഞ്ഞയും ചുവപ്പും പൂക്കളുള്ള വൈവിധ്യങ്ങൾ…അച്ഛൻ അന്തിയുറങ്ങുന്നിടമാണ്…നടുത്തളത്തിലെ ചുവരിലേ മങ്ങിയ ചിത്രത്തേക്കാൾ അച്ഛനേ അറിയുന്നത് ഈ ചെണ്ടുമല്ലികളിലാണ്…
തനിക്ക് നാലും, ഹിരണ് ഒരു വയസ്സും…അക്കാലത്താണ് ഹൃദയം അച്ഛനോടു പിണങ്ങി നിലച്ചത്…
ഓർമ്മകളിൽ നേരിയൊരിടം പോലും വാങ്ങാതെ മണ്ണിൽ മറഞ്ഞ അച്ഛൻ….ഓർമ്മകൾ ആരംഭിക്കുന്നത് ബിരുദധാരിയായ അമ്മയുടെ ട്യൂഷൻ ക്ലാസിന്റെ കലപിലകളിൽ നിന്നാണ്..
ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുത്തു കിട്ടുന്ന തുച്ഛസംഖ്യ കൊണ്ട് മക്കളേ വളർത്തിയ അമ്മ…
കാലത്തിന്റെ പരീക്ഷണങ്ങളേ മക്കൾക്കു വേണ്ടി അതിജീവിച്ച് വിജയം നേടിയ അമ്മ…
അമ്മയും രണ്ടുമക്കളും…അതു മാത്രമായിരുന്നു ലോകം…അമ്മയുടെ ഇരുകൈകളിലും മുറുക്കേ പിടിച്ച് നാട്ടിടവഴിയിലൂടെ നടന്ന സന്ധ്യകൾ…
അപരിചിതർ കരുതിയിട്ടുണ്ടാകും…അമ്മയ്ക്ക് കാഴ്ച്ചയില്ലെന്ന്….അമ്മയിപ്പോൾ അടുക്കളയിൽ തിരക്കിലായിരിക്കും…അരുണിന് അത്താഴമൊരുക്കാൻ….
അത്താഴത്തിനു ശേഷം കിടപ്പുമുറിയിലേക്ക് നടന്നു…ഒരുപാട് ആശങ്കകളുടെ ചുവടുപിടിച്ച്…ഇത്തവണ മുറുക്കേ പിടിക്കാൻ അമ്മയുടെ വിരൽത്തുമ്പുകളില്ല…
അരുൺകിടക്കയിലിരിക്കുന്നു…മടിത്തട്ടിൽ ലാപ്ടോപ്പുണ്ട്…വാതിൽ കുറ്റിയിട്ടു, പതിയേ അവന്റെ അരികത്തു ചെന്നിരുന്നു…
മുഖമുയർത്തി ഒന്നു നോക്കിയതിനു ശേഷം വീണ്ടും സ്ക്രീനിലേക്ക് മിഴികളൂന്നി…
“ഒരുപാടു ജോലികൾ കമ്പനിയുടേതായി ബാക്കിയായിരിക്കുന്നു…കുറേയൊക്കെ ഇവിടേയിരുന്നു തന്നെ ചെയ്തു തീർക്കുന്നു…”
ഹിമ മറുപടി പറഞ്ഞില്ല….അവനത് ആഗ്രഹിച്ചുമില്ലെന്നും തോന്നി…കീബോർഡിലെ ദ്രുത വിരൽച്ചലനങ്ങൾ…
നെറ്റിയിൽ അസ്വസ്ഥത തീർക്കാനുള്ള പ്രഹരങ്ങൾ…അവൾ, അയാളെ കൗതുകത്തോടെ നോക്കിയിരുന്നു….
“കിടക്കാം….തലവേദനിക്കുന്നു…. “ഭാഗ്യം….ഇത്രയെങ്കിലും പറഞ്ഞല്ലോ….ലാപ്ടോപ്പ് ആയി ജനിച്ചാൽ മതിയായിരുന്നു…
അവൾ കിടക്കയിൽ ചുവരരികു ചേർന്നു കിടന്നു…തൊട്ടരുകിൽ അവനും….ഏതോ ബോഡി പെർഫ്യൂമിന്റെ അപരിചിത ഗന്ധം നാസാദ്വാരങ്ങളിൽ വിരുന്നെത്തുന്നു…
അമ്മയുടെ കാച്ചിയ എണ്ണയുടെ ഗന്ധം ഓർമ്മയിൽ വന്നു….ലാപ്ടോപ് തലക്കാംഭാഗത്ത് വിശ്രമിച്ചു…ഇനിയിപ്പോൾ പരതൽ സെൽഫോണിലായി..
വിളക്കണച്ച് ഇരുൾ പടർന്ന മുറിയിൽ മൊബൈൽഫോണിന്റെ ചതുരവെളിച്ചത്തിൽ അവന്റെ മുഖം വ്യക്തമായി കാണാം…
ഉറങ്ങിപ്പോയത് എപ്പോഴായിരിക്കും…?ഓർമ്മയില്ല…പകലിലെ ആലസ്യങ്ങൾ മുഴുവനും മിഴികളിൽ ചേക്കേറി…..
അവ പതുക്കേയടഞ്ഞു….അരക്കെട്ടിനു മീതെ അവൻ കൈ ചേർത്തുവച്ചു..പതിയെ മാറിലേക്ക് മുഖം ചേർത്തു…ഉടലിന്റെ ഉലച്ചിലിലാണ് മയക്കം നഷ്ടമായത്…
ചുറ്റിവരിഞ്ഞ കരങ്ങളെ നടുക്കത്തോടെ തട്ടിമാറ്റി, ചുവരരുകിലേക്ക് മുഖം ചേർത്തു കിടന്നു…
അരുൺ കുറേ നേരത്തേക്ക് പ്രതികരിച്ചില്ല….വീണ്ടും മൊബൈൽ ഫോണിന്റെ ചതുരവെട്ടം ഉണർന്നു….
രാവിലെ ഹിമയുണർന്നപ്പോൾ, കട്ടിൽത്തലക്കൽ ലാപ്ടോപ്പുമായി അരുൺ ഇരുപ്പുണ്ട്…
അവൾ മൗനമായി കിടപ്പുമുറി തുറന്ന് പുറത്തിറങ്ങി…അടുക്കളയിൽ അമ്മയുണ്ട്…അവൾ അമ്മയുടെ ഗന്ധത്തോട് ചേർന്നു നിന്നു…
കടുംകാപ്പിയുമായി വീണ്ടും കിടപ്പുമുറിയിലെത്തി…കാപ്പി അരുണിനരികിൽ വച്ചു…
“പ്രാക്ടീസ് വേണമെന്നില്ല….തിയറിയെങ്കിലും പഠിപ്പിച്ചുതരാൻ അമ്മയോടു പറയൂ…
അതോ… അറിവില്ലായ്മ അഭിനയിക്കുന്നത് കേമമാണെന്ന് അമ്മ പറഞ്ഞു തന്നോ…?”
അരുൺ പുറത്തേക്കു നടന്നു…കാപ്പി കട്ടിലിനരികിൽ തണുത്തുറഞ്ഞു…അവൾ ജനവാതിൽ തുറന്നു പുറത്തേക്ക് നോക്കി…ചെണ്ടുമല്ലിപ്പൂക്കൾ ഇളകിയാടുന്നു….
സാന്ത്വനം കണക്കേ….അവൾക്കു കരച്ചിൽ വന്നു……അരുണിന്റെ വീട്….കിടപ്പുമുറികളും, വിശാലമായ അകത്തളങ്ങളും, അടുക്കളകളും ഇടനാഴികളുമെല്ലാം ഒരു നിലയിൽ തീർത്ത്, നീണ്ടു പരന്നുകിടന്നു…
അരുണിന്റെ ഏട്ടൻ അഖിലും, ഭാര്യ നീനയും രണ്ടുവയസ്സുകാരിയായ മകൾ ഋതുവും അവരുടെ കിടപ്പുമുറിയിലുണ്ട്..
രാത്രിക്ക്, പ്രായം പതിനൊന്നുമണി….ഋതു, പൂണ്ട ഉറക്കത്തിലേക്ക് കടന്നിരുന്നു.
വിശാലമായ ശയ്യയിൽ ചുവരരികുചേർന്നു കിടന്ന കുഞ്ഞിന്റെ ക്രമത്തിലുള്ള ശ്വാസോച്ഛാസം കേൾക്കാം…..
കിടപ്പറവെളിച്ചത്തിന്റെ ഇത്തിരിപ്പൊലിമയിലും നീനയുടെ രാവസ്ത്രത്തിന്റെ സുതാര്യതയിൽ അവളുടെ ദേഹവടിവുകൾ വ്യക്തമാണ്..
” കിടക്കുന്നില്ലേ…?”അഖിൽ ചോദിച്ചു.അവന്റെ മിഴികളിൽ തിടുക്കവും രതിചിന്തകളും സംയോജിച്ച ശോണിമ കലർന്നിരുന്നു…
“ദാ… വരണൂ…നേർത്ത ശബ്ദത്തിൽ പാട്ടു വച്ചോ ട്ടാ….അപ്പുറത്ത്, അരുണും ഹിമയുമുണ്ട്….ഈ വീട്ടിലെ അവരുടെ ആദ്യത്തെ രാത്രിയല്ലേ…
ഒരു ചുവരിന്നപ്പുറത്ത് ചേട്ടനും, ചേടത്തിയമ്മയും കിടക്കുന്ന കാരണം അവരുടെ കാര്യങ്ങൾക്ക് മുഷിച്ചിൽ വേണ്ട…
നമുക്ക്, നമ്മുടെ കാര്യങ്ങൾക്കും….”നീന അവളുടെ നീണ്ട തലമുടി ഉച്ചിയിൽ വച്ചു കെട്ടി….രാവുടുപ്പിന്റെ ഏതാനും ഹുക്കുകൾ വിടർത്തി, അഖിലിനോടു മുഖം തിരിഞ്ഞു കിടന്നു….
” ഈ കോൺക്രീറ്റ് ചുമരുകൾ കടന്ന് ഒരു ശബ്ദവും അങ്ങോട്ടുമിങ്ങോട്ടും പോവില്ല മണ്ടീ…നീ അതോർത്ത് ടെൻഷനാകേണ്ട….
പാട്ടുവക്കാം….നീ ഉഷാറായിരിക്കാൻ വേണ്ടി മാത്രം….”ബെഡ് ലാംബ് അണഞ്ഞു….അനാവൃത മേനികൾ ഒന്നായലിഞ്ഞു…..
പുലരി….നീന പതിവു നേരത്തേ ഉണർന്നു..കിടപ്പറവാതിലിന്റെ ബോൾട്ടു നീക്കിയപ്പോൾ പതിവിലും വലിയ ശബ്ദമുണ്ടായി…
ഋതു ഒരു കുറുകലോടെ തിരിഞ്ഞു കിടന്നു…ചുളിഞ്ഞുലഞ്ഞ അഖിലിന്റെ കാവിമുണ്ട് നേരെയിട്ടുകൊണ്ട് അവൾ പുറത്തേക്ക് നടന്നു.
അടുക്കളയിലെത്തി ചായക്കുള്ള വെള്ളം സ്റ്റൗവിൻ മേൽ തിളപ്പിക്കാൻ വച്ചു…സ്റ്റീൽ പാത്രത്തിലെ നീരാവിയിലേക്കു കണ്ണുംനട്ടിരിക്കേ അടുക്കള വാതിൽക്കൽ ഒരു ചലനമുണ്ടായി…
നീന അങ്ങോട്ടു നോക്കി…വാതിൽക്കൽ ഹിമ….”എന്തിനാ മോളെ ഈ നേരത്ത് എഴുന്നേറ്റത്…നേരം നന്നായി വെളുത്തിട്ട് എണിറ്റാൽ പോരെ…?
അഖിൽ ഇന്നു ലീവാണ്….ഓഫീസ് ദിവസങ്ങളിൽ എനിക്ക് ഈ നേരത്തു തന്നേ എഴുന്നേൽക്കണം…അതു ശീലമായി….മോളു പോയിക്കിടന്നോ….
അരുൺ എണീറ്റാ….?അതോ…..????”നീനയുടെ മുഖത്ത് ഒരു കുസൃതിച്ചിരി വിടർന്നു..”അരുണേട്ടൻ പുലർച്ചയെപ്പോഴോ ഉണർന്നു…
ഞാൻ എഴുന്നേറ്റുനോക്കുമ്പോൾ ലാപ്ടോപ്പിൽ എന്തോ ചെയ്തുകൊണ്ടിരിക്കുകയാണ്….ഞാൻ എഴുന്നേറ്റു പോന്നു…”
ഹിമ പറഞ്ഞു നിർത്തി….അവൾ എന്തോ കലുഷിതയായിരുന്ന പോലെ നീനയ്ക്കു തോന്നി….”മോൾ ഇവിടെ നിന്നോ….ചേച്ചി കാപ്പി തിളപ്പിച്ചു തരാം….അരുണിന് കൊണ്ടുപോയിക്കൊടുക്കൂ….”
പകർത്തിയ കാപ്പിയുമായി ഹിമ കിടപ്പുമുറിയിലേക്ക് പോകുന്നത് നീന നോക്കി നിന്നു….അവൾക്കെന്തോ ഒരു മനപ്രയാസം പോലെ തോന്നി…..
പിന്നീടുള്ള പുലരികളിലും ഹിമയുടെ മുഖഭാവം ശോകം പൂണ്ടിരിന്നു…നീന വളരെ സ്വകാര്യമായി അവളോട് എന്തെങ്കിലും പ്രശ്നമുണ്ടോയെന്നു തിരക്കി….
“പ്രശ്നങ്ങളൊന്നുമില്ല ചേച്ചീ….അരുണിന്, ആദ്യം ജോലി, പിന്നെ വിദേശത്തേ സൗഹൃദങ്ങൾ, ലാപ്പ്ടോപ്പ്, യാത്രകൾ… ഇതിനൊക്കെ കീഴെ എവിടെയോ ആണ് എന്റെ സ്ഥാനം….
അരുണിന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് വിധേയയാകാൻ എനിക്കും സാധിക്കുന്നില്ല…
തീർച്ചയായും എന്റെ തെറ്റായിരിക്കാം….കുറച്ചുകൂടി ഞാനും ഉഷാറാകേണ്ടിയിരിക്കുന്നു…
പക്ഷേ… എനിക്കൊരൽപ്പം സമയം വേണമായിരുന്നു….രണ്ട് ദിവസങ്ങൾ കഴിഞ്ഞാൽ ഞങ്ങൾ പോവുകയല്ലേ….
യൂറോപ്പ് യാത്രയും, അവിടുത്തേ ജീവിതവും എന്താകുമെന്ന് ആർക്കറിയാം…..”ഹിമയുടെ മിഴികൾ സജലങ്ങളായി…
അവളെ നീന നെഞ്ചോടു ചേർത്തു….പുറത്തു തഴുകി ആശ്വസിപ്പിച്ചു….ഋതുവിനേയെന്ന പോലെ…..
മൂന്നു വർഷങ്ങൾ എത്ര പൊടുന്നനേയാണ് കടന്നുപോയത്….അഖിലിനും ഋതുവിനുമൊപ്പം നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ അന്താരാഷ്ട്ര വിഭാഗത്തിലെ യാത്രികരുടെ ആഗമനകവാടത്തിൽ കാത്തുനിൽക്കുമ്പോൾ നീന ഓർത്തു…
അരുണും ഹിമയും വിദേശത്തു പോയ ആദ്യകാലങ്ങളിൽ നീനയെ തേടിയെത്തുന്ന ഹിമയുടെ കാളുകൾ നിരാശയുടേതു മാത്രമായിരുന്നു….
ഹിമ പതിവായി വിളിക്കുമായിരുന്നു…ഒരേട്ടത്തി എന്നതിനേക്കാൾ കൂട്ടുകാരിയായാണ് ഹിമയോടു സംസാരിച്ചിരുന്നത്….
ദാമ്പത്യബന്ധത്തേപ്പറ്റിയും, അടുക്കളവിഭവങ്ങളുടെ റെസീപ്പികളേക്കുറിച്ചുമായിരുന്നു പതിവു സംഭാഷണങ്ങൾ…
അവൾക്കാവശ്യമായതും അതുതന്നെയായിരുന്നു….ആറു മാസം കഴിഞ്ഞ ഒരു ഞായർപ്പകലിൽ ഹിമ വിളിച്ചുപറഞ്ഞതോർക്കുന്നു….
” ചേച്ചീ….ലിസ്റ്റ് മാറീട്ടുണ്ട് ട്ടാ….ഇപ്പോൾ ജോലി കഴിഞ്ഞാൽ ഞാനായീ ട്ടാ…താങ്ക്സ്…..”അവൾ ഏറെ സന്തോഷവതിയാണെന്ന് നീനക്കു തോന്നി….
“ഉം…. ഉം….ഈ കോച്ചിംഗ് ചേച്ചിയുടെതാണെന്ന് അരുണിനോട് പറയണ്ടാ ട്ടാ….നിന്റെ മിടുക്കാന്ന് കരുതിക്കോട്ടെ… അവൻ…
നീയൊരു കുഞ്ഞു കാന്താരിയാണെന്ന് ഇപ്പോൾ അവന് തോന്നീട്ടുണ്ടാകും…എന്നേക്കുറിച്ച് അഖിലിന്, പണ്ടേയുള്ള തോന്നലാ…”
നീനയുടെ കുന്നായ്മ ഹിമയെ പൊട്ടിച്ചിരിപ്പിച്ചു….ഒരു വർഷമെത്തിയപ്പോളാണ് അടുത്ത സന്തോഷം ഹിമ അറിയിച്ചത്….
“നീനേ ച്ചീ….ഇപ്പോൾ ലിസ്റ്റിൽ ഞാൻ തന്നെയാണ് ആദ്യം…അരുൺ ബാൽക്കണിയിറങ്ങുമ്പോൾ കാൽ തട്ടി വീണ് കാൽമുട്ടിന് പരിക്കേറ്റ് നടക്കാൻ കഴിയാതെ കിടന്ന ആ നാലാഴ്ച്ചകൾ….
ഒരു പക്ഷേ….അന്നത്തേ എന്റെ ചേർന്നുനിൽപ്പാവും അവന്റെ ഹൃദയത്തേ കൂടുതൽ ആർദ്രമാക്കിയത്….
ഞങ്ങളിപ്പോൾ തീർത്തും സന്തോഷത്തിലാണ് ചേച്ചി….എന്റെ ചേച്ചിയോടു എന്തു പറഞ്ഞാണ് ഞാൻ കടപ്പാടുകൾ തീർക്കുക…ഏറെയിഷ്ടം ചേച്ചി….”
അവളുടെ വാക്കുകൾ വിവിധ വികാരങ്ങളുടെ വിക്ഷോഭങ്ങൾ കൊണ്ട് കിടുകിടുത്തു….
കാത്തു നിൽപ്പ് മുക്കാൽ മണിക്കൂറോളം നീണ്ടുനിന്നു….ഒടുവിൽ സ്ഫടികച്ചുവരുകളുടെ അപ്പുറത്തേ ഇടനാഴിയിലൂടെ അവർ പുറത്തേക്കു വന്നു…
രണ്ടു പേരും വലിയ ബാഗുകൾ ട്രോളികളിൽ തള്ളിക്കൊണ്ടാണ് വരുന്നത്….
ഹിമയുടെ നെഞ്ചോട് ചേർന്നുള്ള തുകൽത്തൊട്ടിലിൽ അവളുറങ്ങുകയായിരുന്നു….നീണ്ട യാത്രയുടെ സുഖാലസ്യം പേറി…
കാത്തിരിപ്പിന്റെ വിരസതയുടെ അന്ത്യനിമിഷങ്ങൾ പകർന്ന ആവേശത്തിൽ ഋതു തുള്ളിച്ചാടി….
അവൾ ഉറക്കേ വിളിച്ചു പറഞ്ഞു….”ഇളയമ്മേ… ഇളയച്ഛാ.. വേഗം വായോ…ഞാൻ കുഞ്ഞാവേനെ കാണട്ടേ….”
അതു കേട്ടിട്ടെന്നവണ്ണം, നെഞ്ചിലെ കുഞ്ഞുതൊട്ടിലിൽ കിടന്ന കുഞ്ഞ് കൈകാലിട്ടടിച്ചു കുടഞ്ഞു എന്തൊക്കെയോ പറഞ്ഞു….
ദൈവീകമായൊരു ഭാഷയിൽ…..പുലരിയെത്താൻ തുടങ്ങുകയായിരുന്നു….ആയിരം വർണ്ണങ്ങളുള്ള പുലരി….