അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ആരും തന്നെ തങ്ങളുടെ കോളേജിൽ ഉണ്ടായിരുന്നില്ല.

(രചന: ശ്രേയ)

 

വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും അവൾ തന്റെ കണ്മുന്നിൽ… ഇങ്ങനെ ഒരു കൂടിക്കാഴ്ച പ്രതീക്ഷിച്ചതല്ല..

അയാളുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു. എത്ര ദൂരെ നിന്ന് കണ്ടാലും, ഇത് വേഷത്തിൽ ആയാലും എങ്ങനെ ആയാലും അവളെ തിരിച്ചറിയാൻ തനിക്ക് കഴിയും.. ഒരു പക്ഷെ.. തനിക്ക് മാത്രമേ കഴിയൂ.. കാരണം അവൾ തന്റെ ആത്മാവ് ആയിരുന്നല്ലോ..

” ദേ.. ഒന്ന് ഇങ്ങോട്ട് വന്നേ.. ഈ പാത്രം ഒന്ന് എടുത്ത് തന്നേ.. “അടുക്കളയിൽ നിന്ന് ഭാര്യയുടെ ശബ്‌ദം കേട്ടപ്പോൾ അയാൾ ഓർമകളിൽ നിന്ന് ഞെട്ടി..

വിനയ..തന്റെ അച്ഛന്റെയും അമ്മയുടെയും നിർബന്ധം നിമിത്തം തന്റെ ജീവിതത്തിലേക്ക് വന്നവൾ.. തന്റെ കുട്ടികളുടെ അമ്മ.. ഇക്കാലമത്രയും ഈ കുടുംബത്തെ മനോഹരമായി മുന്നോട്ട് കൊണ്ട് പോയവൾ..

വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും അവളുടെ ശബ്‌ദം തനിക്ക് അരോചകമായി തോന്നുന്നു..! അയാൾ ഓർത്തു.

” മഹേഷേട്ടാ… “അവളുടെ ശബ്‌ദം വീണ്ടും കേട്ടപ്പോൾ താല്പര്യം ഇല്ലായ്മയോടെ ആണെങ്കിലും അയാൾ അടുക്കളയിലേക്ക് നടന്നു.

” ഒരു ആവശ്യത്തിന് വിളിച്ചാൽ സമയത്ത് വരരുത്. ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുകയാണെങ്കിൽ ഞാൻ ഇങ്ങനെ വിളിച്ചു കൊണ്ടിരിക്കണം.. ”

അവൾ പരിഭവം പറഞ്ഞത് കേട്ടപ്പോൾ അയാൾക്ക് ദേഷ്യം തോന്നി.” ഞാനിപ്പോ പണിയില്ലാതിരിക്കുകയാണെന്ന് കരുതി നീ ഒരുപാട് അങ്ങ് നെഗളിക്കണ്ട…”

ദേഷ്യത്തോടെ അയാൾ പറഞ്ഞപ്പോൾ അവർക്ക് വല്ലാതെ സങ്കടം തോന്നി. ഒരുപാട് വർഷങ്ങൾക്ക് ശേഷം ഇത് ആദ്യമായിട്ടാണ് അയാളുടെ ഇങ്ങനെ ഒരു ഭാവം അവൾ കാണുന്നത്.

” ദേഷ്യപ്പെടാനും മാത്രം ഞാൻ ഒന്നും പറഞ്ഞില്ലല്ലോ മഹേഷേട്ടാ.. “അവർസങ്കടത്തോടെ പറഞ്ഞപ്പോൾ അയാൾക്ക് ഒരു നിമിഷം എന്തോ വേദന തോന്നി. തന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്ന് അവൾക്കറിയില്ല. അങ്ങനെയുള്ളപ്പോൾ താൻ അവളോട് ദേഷ്യപ്പെട്ട് എന്താ കാര്യം..!

തന്റെ ദേഷ്യത്തെ അടക്കിവെച്ചു കൊണ്ട് അവളോട് എന്താ ആവശ്യമെന്ന് അന്വേഷിച്ചപ്പോൾ,കബോർഡിന് മുകളിൽ ഇരിക്കുന്ന ഒരു പാത്രം ചൂണ്ടിക്കാണിച്ചു കൊണ്ട് അതെടുത്തു കൊടുക്കാൻ ആവശ്യപ്പെട്ടു. അത് എടുത്തു കൊടുത്തു കഴിഞ്ഞിട്ട് വീണ്ടും മുറിയിലേക്ക് തന്നെ വന്നു.

അപ്പോഴും ഉള്ളിൽ മറ്റൊരുവളുടെ മുഖമായിരുന്നു.മീര … തന്റെ പ്രണയമായിരുന്നവൾ.. കോളേജിൽ പഠിക്കുന്ന കാലത്ത് എല്ലാവരുടെയും സ്വപ്ന സുന്ദരിയായിരുന്നു മീര. അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കാത്ത ചെറുപ്പക്കാർ ആരും തന്നെ തങ്ങളുടെ കോളേജിൽ ഉണ്ടായിരുന്നില്ല.

ആദ്യം അവളോട് ഒരു സൗഹൃദം മാത്രമായിരുന്നു തനിക്കും ഉണ്ടായിരുന്നത്. അതും കവിതകളെ ഒരുപാട് പ്രണയിക്കുന്ന ഒരുപാട് എഴുതുന്ന അവൾ മാഗസിൻ എഡിറ്റർ ആയ തന്റെ കയ്യിൽ, ആ വർഷത്തെ മാഗസിനിൽ പ്രസിദ്ധീകരിക്കാൻ വേണ്ടി ഒരു കവിത കൊണ്ടു തന്നപ്പോൾ ഉണ്ടായ പരിചയം..!

കവിതകളെക്കുറിച്ചും കഥകളെക്കുറിച്ചും പരസ്പരം സംസാരിച്ചു പിന്നീട് എപ്പോഴോ തങ്ങളുടെ സൗഹൃദം പ്രണയമായി മാറി..

കോളേജിലെ മരച്ചുവടുകളും ആളൊഴിഞ്ഞ വരാന്തകളും ഗോവണികളും തങ്ങളുടെ പ്രണയത്തിന് സാക്ഷിയായി. കോളേജ് കണ്ട മനോഹരമായ ഒരു പ്രണയമായിരുന്നു തങ്ങളുടെ..!

അവളെ മനസ്സിൽ കൊണ്ടു നടന്ന് ആരാധിച്ചിരുന്ന പലർക്കും താൻ ഒരു ശത്രുവായിരുന്നു. പലരുടെയും അസൂയയുടെയും കുശുമ്പോടെയുമുള്ള നോട്ടം തങ്ങളിൽ വന്നു പതിക്കുന്നത് പലപ്പോഴും താൻ ആസ്വദിച്ചിട്ടുണ്ട്.

കോളേജിൽ അവസാന പരീക്ഷ കഴിഞ്ഞ് അവളോട് യാത്ര പറഞ്ഞിറങ്ങിയ നിമിഷം ഇപ്പോഴും കണ്ണിൽ ഉണ്ട്.. അന്ന് ആ വാക മരച്ചുവട്ടിൽ അവളെ കാണുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഇനി നമ്മൾ തമ്മിൽ എന്നാ കാണുക..? എന്നെ കാണാൻ മഹേഷേട്ടൻ വരുമോ..?”പ്രതീക്ഷയോടെ അവൾ ചോദിച്ചപ്പോൾ,നിരാശപ്പെടുത്താൻ തോന്നിയില്ല.

” ഉറപ്പായും നിന്നെ തേടി ഞാൻ എത്തും. നിന്നെ കാണാതെ ഒരു നിമിഷം പോലും അതിജീവിക്കാൻ എന്നെക്കൊണ്ട് പറ്റില്ല എന്ന് നിനക്കറിയാമല്ലോ.. നിനക്ക് വേണ്ടി എത്ര ദൂരം താണ്ടി വന്നാലും ഞാൻ അത് ചെയ്യും.. ”

അവൻ ഉറപ്പു കൊടുത്തപ്പോൾ അവൾക്ക് വല്ലാതെ സന്തോഷം തോന്നി.” എന്റെ കോഴ്സ് കമ്പ്ലീറ്റ് ചെയ്യുമ്പോൾ എന്റെ കഴുത്തിൽ അണിയാൻ ഒരു താലിയുമായി മഹേഷേട്ടൻ വരണം.. പിന്നീടുള്ള നമ്മുടെ ജീവിതം കണ്ട് എല്ലാവരും കൊതിക്കണം.. ”

അവൾ പറഞ്ഞപ്പോൾ അവൻ അത് സമ്മതിച്ചു.” ആ ഒരു ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇന്നുമുതൽ ആരംഭിക്കുകയാണ്.. ”

അവളോട് യാത്ര പറഞ്ഞു പിരിയുമ്പോൾ എന്തുകൊണ്ടോ അവളെ തിരിഞ്ഞു നോക്കാൻ തോന്നിയില്ല. കരഞ്ഞു കലങ്ങിയ അവളുടെ കണ്ണുകൾ… അത് തന്നെ വല്ലാതെ കുത്തി നോവിക്കുന്നതു പോലെ..!

ആദ്യത്തെ കുറച്ചു നാളുകൾ പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ കടന്നു പോയി.രണ്ടാഴ്ചയിൽ ഒരിക്കൽ വരുന്ന കത്തുകൾ രണ്ടു പേർക്കും പരസ്പരം ആശ്വാസമായിരുന്നു.പതിയെ പതിയെ കത്തുകളുടെ ഇടവേള വർദ്ധിച്ചു.

ഒരിക്കൽ ഒരു കത്തിൽ അവൾ തന്റെ മനസ്സ് തുറന്ന് എഴുതി.” ഇനി മഹേഷേട്ടൻ എന്നെ കാത്തിരിക്കരുത്.. എന്റെ വിവാഹം ഉറപ്പിച്ചു. അടുത്തയാഴ്ച എന്റെ വിവാഹമാണ്.. നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ടില്ല എന്ന് തന്നെ കരുതിക്കോളൂ.. നമ്മുടെ ബന്ധത്തിന്റെ പേരും പറഞ്ഞ് ഇനി എന്നെ ഉപദ്രവിക്കില്ല എന്ന് വിശ്വസിക്കുന്നു.. ”

അവളുടെ കത്ത് മഹേഷിന് വല്ലാത്ത ആഘാതം ആയിരുന്നു. അവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്.

അവൾ നൽകിയ ആ ആഘാതത്തിൽ നിന്ന് പുറത്തു വരാൻ തനിക്ക് വല്ലാതെ സമയം വേണ്ടിവന്നു. പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ആ സമയം. പഠനം പൂർത്തിയാക്കിയ ഉടനെ അച്ഛന്റെയും അമ്മയുടെയും നിർബന്ധപ്രകാരം വിനയ തന്റെ ജീവിതത്തിലേക്ക് വന്നു.

ആദ്യമൊക്കെ അവളോടും വല്ലാത്ത വെറുപ്പായിരുന്നു. തന്നെ ചതിച്ചു പോയവളുടെ മുഖമാണ് അവൾക്കും എന്ന ചിന്ത..

പക്ഷേ അവൾ തന്റെ സ്വഭാവം കൊണ്ടും സ്നേഹം കൊണ്ടും തന്നെ മാറ്റിയെടുത്തു. ഞങ്ങൾക്ക് രണ്ടു കുട്ടികളും ഉണ്ടായി. ഇപ്പോൾ അവർക്കും കുടുംബമായി കുട്ടികളായി.

താൻ സർവീസിൽ നിന്ന് വിരമിച്ചിട്ട് രണ്ടു വർഷത്തോളമാകുന്നു. അവൾ അന്നുമുതൽ ഇന്നുവരെ ഹൗസ് വൈഫ് തന്നെയാണ്. ഒരു ജോലിക്ക് ശ്രമിക്കാത്തത് എന്താ എന്ന് ചോദിച്ചാൽ പറയും എനിക്ക് മഹേഷേട്ടന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി വീട്ടിൽ ഇരിക്കാൻ ആണ് ഇഷ്ടമെന്ന്..!

ഇന്ന് വളരെ അപ്രതീക്ഷിതമായിട്ടാണ് പച്ചക്കറി വാങ്ങാൻ ചന്തയിലേക്ക് പോയപ്പോൾ അവിടെവച്ച് മീരയെ കണ്ടുമുട്ടിയത്. അവൾ തന്നെ കണ്ടിട്ടില്ല.. താൻ അവളെ കാണുമ്പോഴേക്കും ഒരു കാറിൽ കയറി അവൾ ഡ്രൈവ് ചെയ്തു പോകുന്നുണ്ടായിരുന്നു.

പണ്ടത്തേതിൽ നിന്നും ഒരുപാട് വ്യത്യാസം ഒന്നുമില്ലെങ്കിലും അവളുടെ രൂപഭാവങ്ങളിലും ചലനങ്ങളിലും ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്.

ഇനി എപ്പോഴെങ്കിലും അവളെ കാണാൻ ആകുമായിരിക്കും.. പ്രതീക്ഷയോടെ ചിന്തിച്ചു.

അവളെ കണ്ടുമുട്ടിയ അതേ സ്ഥലത്തേക്ക് തന്നെ വീണ്ടും എത്തിച്ചത് ആ ചിന്ത തന്നെ ആയിരിക്കണം. പ്രതീക്ഷ തെറ്റിക്കാതെ അന്നും അവളവിടെ ഉണ്ടായിരുന്നു.ഇത്തവണ അവളോട് പോയി സംസാരിക്കുക തന്നെ ചെയ്തു.

മുന്നിൽ കണ്ടപ്പോൾ രണ്ടുപേർക്കും പരസ്പരം എന്തു പറയണം എന്നറിയാത്ത അമ്പരപ്പായിരുന്നു.

“മഹേഷേട്ടൻ എന്താ ഇവിടെ..? “ഒട്ടൊരു നേരത്തെ മൗനത്തിന് ശേഷം അവൾ അന്വേഷിച്ചു.

” ഞാനിവിടെയാണ് താമസം. മീര എന്താണിവിടെ..? ഹസ്ബന്റും കുട്ടികളും ഒക്കെ സുഖമായിരിക്കുന്നോ..? ”

അയാൾ അന്വേഷിച്ചപ്പോൾ അവൾ അത്ഭുതത്തോടെ അയാളെ നോക്കി.സുഖം.. മോന് ഇവിടെ ജോലിയാണ്.. അതുകൊണ്ട് ഇപ്പോൾ അവരോടൊപ്പം ഇവിടേക്ക് താമസം മാറിയതാണ്.”

അവർ പറഞ്ഞപ്പോൾ അയാൾ തലയനക്കി.ഇതിൽ മാത്രം എന്തു ചോദിക്കണമെന്ന് അയാൾക്ക് അറിയുന്നുണ്ടായിരുന്നില്ല.

പരസ്പരം ഫോൺ നമ്പറുകൾ ഷെയർ ചെയ്തു കൊണ്ട് അവർ പിരിയുമ്പോൾ ഒരിക്കൽ തന്നെ വഞ്ചിച്ചു കടന്നുപോയവളോട് താൻ എന്തിനാണ് ഇത്രയും അനുകമ്പ കാണിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല..

താൻ ഒരുപാട് സ്നേഹിച്ച അവൾ തന്റെ സ്നേഹം വേണ്ടെന്നുവച്ച് അത് പുറങ്കാൽ കൊണ്ട് തൊഴിച്ചു കളഞ്ഞു തന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയതാണ്.. എന്നിട്ടും അവളെ കണ്ടം മാത്രയിൽ തന്റെ ഭാര്യയോട് പോലും തനിക്ക് ദേഷ്യം തോന്നിയിരിക്കുന്നു.. ഇതിനുമാത്രം എന്ത് പ്രത്യേകതയാണ് അവൾക്ക്..?

അയാൾ സ്വയം എന്നോണം ചോദിച്ചു..ആദ്യ പ്രണയം മനുഷ്യന് ഒരിക്കലും മറക്കാനാവില്ല എന്ന് പറയുന്നത് ഒരുപക്ഷേ ഇതായിരിക്കണം..!!സ്വയം ഒരു ഉത്തരം കണ്ടെത്തിക്കൊണ്ട് അയാൾ തന്റെ വീട്ടിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *