അമ്മ എന്തിനും അച്ഛന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നതാണ്… ചിലപ്പോഴൊക്കെ അച്ഛൻ വല്ലാതങ്ങ്

(രചന: J. K)

 

‘”എന്താ മിഥുന് പറയാൻ ഉള്ളത് എന്ന് വച്ചാൽ വേഗം വേണം… എനിക്ക് പോയിട്ട് വേറെ പണി ഉണ്ട് “”””

മിഥുൻ ഗായത്രിയെ ഒന്നുകൂടെ നോക്കി…അയാൾക്ക് പറയാൻ ഉള്ളത് പറയാൻ ഉള്ള വൈഷമ്യം അയാളുടെ മുഖത്തു കാണാൻ ഉണ്ടായിരുന്നു…

കുറച്ച് നേരം കൂടി അയാളുടെ മുഖത്തേക്ക് നോക്കി നിന്നു ഗായത്രി…. പിന്നെ മെല്ലെ നടക്കാൻ തുടങ്ങി… കുറെനാൾ ആയിരുന്നു മിഥുൻ ഗായത്രി പോകുന്നിടത്ത് നിൽക്കാൻ തുടങ്ങിയിട്ട്…

ഏറെ വായനോക്കികളെ കണ്ടിട്ടുണ്ടായിരുന്നു ഗായത്രി…. അവരെയൊക്കെയും അർഹിക്കുന്ന അവഗണന കൊടുത്ത് ഒഴിവാക്കിയിട്ടും ഉണ്ടായിരുന്നു… ഇതിപ്പോൾ ഇയാൾ കുറെയായി…

പലപ്പോഴും ഒന്ന് നോക്കുകപോലും ചെയ്യാതെ നടന്നു പോയിട്ടുണ്ട്… പക്ഷേ ഒന്നും മിണ്ടാൻ ഒന്നിനും ശ്രമിച്ചിട്ടില്ല ഇന്നിപ്പോൾ ആദ്യമായാണ്….

എന്തോ കാര്യം പറയാനുണ്ട് എന്ന് പറഞ്ഞ് അരികിലേക്ക് വന്നത്….

എന്താണ് പറയാൻ പോകുന്നത് എന്ന് നിശ്ചയമുണ്ടായിരുന്നു.. അതുകൊണ്ടാണ് മുഖം കേറ്റി പിടിച്ച് ദേഷ്യത്തിൽ നിന്നതും…. ഒന്നും മിണ്ടുന്നില്ല എന്ന് കണ്ട് നടക്കാൻതുടങ്ങിയതും,

“””നിൽക്കൂ “”‘ എന്ന് പറഞ്ഞു വീണ്ടും മിഥുൻ ഗായത്രിയുടെ അരികിലെത്തി…ഒട്ടും ഇഷ്ടപ്പെടാത്ത മട്ടിൽ ഗായത്രി മിഥുനെ തറഞ്ഞു നോക്കി….

”’എനിക്ക് തന്നെ ഇഷ്ടമാണ്… വെറുതെ ഉള്ള ഇഷ്ടം അല്ല ട്ടൊ വിവാഹം കഴിക്കണം എന്നാണ് മോഹം…എന്റെ വീട്ടിൽ അവതരിപ്പിച്ചു.. അവിടെ എന്റെ ഇഷ്ടത്തെക്കാൾ ഉപരി ഒന്നും ഇല്ല…

തന്റെ വീട്ടിൽ വന്നു സംസാരിക്കാൻ അവരൊക്കെ തയ്യാറാണ്.. അതിന് മുമ്പ് തന്റെ സമ്മതം അറിയണം എന്ന് തോന്നി….”””ഗായത്രി ഒരു നിമിഷം മിഥുനെ നോക്കി..

“”എനിക്ക് സമ്മതം അല്ല “”” എന്ന് ഉറപ്പിച്ചു തന്നെ പറഞ്ഞു… അത് കേട്ട് മിഥുൻ ആകെ ഞെട്ടി…””എന്നെ ഇഷ്ടം അവാഞ്ഞിട്ടാണോ??””

എന്ന് ചോദിക്കുമ്പോൾ ആ സ്വരത്തിൽ പരിഭ്രമം ഉണ്ടായിരുന്നു…”””അല്ല…. എനിക്ക് ഇപ്പോ വിവാഹം വേണ്ട അതുകൊണ്ടാ “””

എന്ന് സ്വരം താഴ്ത്തി പറഞ്ഞു… മിഥുന്റെ മുഖത്ത് നിരാശ പടർന്നത് അറിഞ്ഞ് ഗായത്രിക്ക് എന്തോ വിഷമം തോന്നി…

“”” എടോ തന്നെ ഒത്തിരി ഇഷ്ടം ആയിട്ടാണ്… വെറും ഒരു ചോക്ലേറ്റ് പയ്യന്റെ വെറും വാക്കായി താൻ ഇതിനെ കാണരുത് “”””എന്ന് പറഞ്ഞപ്പോൾ ഗായത്രി ഒന്ന് ചിന്തിച്ചു…

“”” നമുക്കൊന്നു നടക്കാം”””എന്ന് ഗായത്രി പറഞ്ഞപ്പോൾ മിഥുൻ കൂടെ ചെന്നു… നിറയെ ഇലഞ്ഞിപൂക്കൾ വീണു നടക്കുന്ന വഴിയിലൂടെ അവർ രണ്ടുപേരും നടന്നു അവിടെ ഒരു ബെഞ്ചിൽ അവർ ഇരുന്നു….

“”” എന്നെ നിഷേധിച്ചതിന് കാരണം എനിക്ക് അറിയാൻ കഴിയുമോ??? “”” എങ്ങൊ മിഴികൾ നട്ട് മിഥുൻ അവളോട് ചോദിച്ചു….

“””നോക്കൂ, വിവാഹമേ വേണ്ട എന്നോ അല്ലെങ്കിൽ നിങ്ങൾക്ക് കുറവുകൾ ഉണ്ട് എന്നോ ഒന്നുമല്ല ഞാൻ പറഞ്ഞത്… പകരം എനിക്ക് സ്വന്തം കാലിൽ നിന്നിട്ട് ഒരു വിവാഹം മതി എന്ന് മാത്രമാണ്….

ഓർമ്മവെച്ച നാൾ മുതൽ കണ്ടു വളർന്നത് അമ്മ എന്തിനും അച്ഛന്റെ മുന്നിൽ കൈ നീട്ടി നിൽക്കുന്നതാണ്… ചിലപ്പോഴൊക്കെ അച്ഛൻ വല്ലാതങ്ങ് അപമാനിക്കും അപ്പോഴൊക്കെ നിവൃത്തികേടുകൊണ്ട് അമ്മ അതെല്ലാം സഹിച്ചു നിന്നിട്ടുണ്ട്…

പഠിപ്പില്ലായിരുന്നു അമ്മയ്ക്ക് ആങ്ങളമാരുടെ ഭാരം ഒഴിച്ച് വിട്ടതായിരുന്നു..അനിയന്മാർ ഒക്കെ പഠിച്ച പെൺകുട്ടികളെ കല്യാണം കഴിച്ചു കൊണ്ടു വന്നപ്പോൾ അച്ഛൻ മാത്രം പഠിക്കാത്ത അമ്മയെ കല്യാണം കഴിച്ചു… അതുകൊണ്ടുതന്നെ അച്ഛന്റെ മനസ്സിലെന്നും അമ്മയ്ക്ക് ഒരു അടിമയുടെ സ്ഥാനം മാത്രമായിരുന്നു..

എത്രയോ തവണ അതിന്റെ പേരിൽ അച്ഛൻ അമ്മയെ ചെറുതാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട് അമ്മ ആരും കാണാതെ കണ്ണീർ വാർക്കുന്നതും..

എല്ലാം സഹിച്ച് അവിടെ നിൽക്കുക എന്നല്ലാതെ അമ്മയ്ക്ക് മറ്റ് ഓപ്ഷൻ ഇല്ലായിരുന്നു… കാരണം സ്വന്തം വീട്ടിൽനിന്ന് ഭാരം ഒഴിവാക്കിയത് ആണല്ലോ… അങ്ങോട്ട് ചെല്ലുന്നതിനേക്കാൾ ഭേദം മരിക്കുന്നതാണ് എന്ന് അമ്മയ്ക്കും ബോധ്യമുണ്ടായിരുന്നു…..

അതുകൊണ്ടുതന്നെ ഞങ്ങൾക്കായി അമ്മ എല്ലാം സഹിക്കുന്നു.. പലപ്പോഴും അച്ഛന്റെ പെരുമാറ്റം അതിരു വിടുന്നതായി എനിക്ക് തോന്നാറുണ്ട്.. ഒരു പനി വന്നാൽ പോലും ഡോക്ടറെ കാണണമെങ്കിൽ അച്ഛൻ കനിയണം….

ഈ അമ്മയ്ക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഒന്നും തന്നെ ഇല്ലേ എന്ന് പോലും ഞാൻ ചിന്തിക്കാറുണ്ട് ഇതുവരെയും അത് ആരോടും പറഞ്ഞിട്ടില്ല.. അല്ല ഞങ്ങൾ ആരും കേട്ടിട്ടില്ല…

ഇഷ്ടപ്പെട്ട ഒരു ഭക്ഷണമോ ഒരു വസ്ത്രമോ അമ്മ സ്വയം ആവശ്യപ്പെട്ടു വാങ്ങുന്നത് ഞാൻ കണ്ടിട്ടില്ല….

കാരണം അച്ഛന്റെ കാലി പിടിക്കേണ്ടി വരും എന്ന് അറിയാവുന്നതുകൊണ്ട്, അച്ഛനാണെങ്കിൽ ഇതുവരെ ഒന്നും കണ്ടറിഞ്ഞ് ചെയ്യുന്നതും ഞാൻ കണ്ടിട്ടില്ല…

ഓണത്തിന് മറ്റൊ ഒരു തുണി എടുക്കും.. അതും അച്ഛന്റെ ഇഷ്ടത്തിന് ഏതെങ്കിലും.. അതു കൊണ്ട് തൃപ്തിപ്പെടാൻ അമ്മ പഠിച്ചുകഴിഞ്ഞു…

ഒരിക്കൽ ഞാൻ അമ്മയോട് ചോദിച്ചിരുന്നു അമ്മയ്ക്ക് സ്വന്തമായി ഇഷ്ടങ്ങൾ ഒന്നുമില്ലെ എന്ന്??

“” അന്ന് അമ്മയുടെ മിഴികൾ നിറയുന്നത് ഞാൻ കണ്ടു.. എന്നോട് പറഞ്ഞു, ആവതില്ലാത്തവർ ആഗ്രഹിക്കരുത് എന്ന്….

അതുകൊണ്ടാണ് ഞാൻ പറയുന്നത് എനിക്ക് ഒരു ജോലി വേണം സ്വന്തം കാര്യം നോക്കണം എന്നിട്ട് മാത്രമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കൂ എന്ന്..

ഒരുപക്ഷേ നിങ്ങൾ എന്റെ അച്ഛനെ പോലെ അല്ലായിരിക്കാം.. എന്റെ താത്പര്യങ്ങൾക്കും മുൻതൂക്കം നൽകിയേക്കാം… പക്ഷേ അതൊന്നും ഞാൻ സമ്പാദിക്കുന്നത് പോലെ ആവില്ലല്ലോ.. ആശ്രയിച്ചുള്ള ജീവിതം എന്നും നരകം ആണ്…. “”””

എല്ലാം കേട്ടുകഴിഞ്ഞപ്പോൾ മിഥുൻ ഒന്നും മിണ്ടിയില്ല കുറെ നേരം അയാൾ എങ്ങോട്ടോ നോക്കിയിരുന്നു പിന്നീട് ഗായത്രിയോട് ചോദിച്ചു,

“”””ഞാൻ ഒരു കാര്യം തീരുമാനിച്ചു… കാത്തിരിക്കാൻ… “””ഗായത്രി അയാളെ നോക്കി അത് കേട്ട്…

“””” എത്രയും പക്വതയോടെ ചിന്തിക്കുന്ന സ്വയം അഭിമാനതോടെ ജീവിക്കാൻ കൊതിക്കുന്ന ഒരു പെണ്ണിനെ സ്വന്തം ആക്കുന്നതിനേക്കാൾ ഭാഗ്യം എന്താടോ ള്ളെ…

സ്വയം റെസ്‌പെക്ട് ഉള്ളോണ്ടാ താൻ ഇങ്ങനെ പറഞ്ഞെ… ആരുടെ മുന്നിലും താഴില്ല എന്ന്.. ആ തനിക്ക് മറ്റുള്ളോരെയും റെസ്‌പെക്ട് ചെയ്യാൻ കഴിയും….””””

ഇത്തിരി നേരത്തെ മൗനത്തിനു ശേഷം മിഥുൻ വീണ്ടും തുടർന്നു, തന്റെ മനസ്സിൽ എന്നോട് ഇഷ്ടക്കേട് ഇല്ല എന്നുണ്ടെങ്കിൽ ഞാൻ കാത്തിരിക്കാൻ തയ്യാറാണ്….

ഈ പറഞ്ഞതുപോലെ തന്റെ തല ഉയർത്തി പിടിച്ചു നിൽക്കാൻ കഴിയുന്ന നാൾവരെ…. ആശ്രയിക്കാതെ ജീവിക്കാൻ കഴിയുന്ന നാൾ വരെ…

ഒന്നും കൂടി. ഞാൻ ഒരു അടിമയെ അല്ല തിരയുന്നെ.. ഭാര്യയേ ആണ്.. എല്ലാം ഷെയർ ചെയ്യാൻ ഒരു പാർട്ണർ… അവിടെ രണ്ടു പേരുടെയും സ്വാതന്ത്ര്യം ഒരുപോലെ വേണം എന്നാണ് ഞാൻ കരുതുന്നത്….

തനിക്കു ഇഷ്ടക്കേട് വല്ലതും ഉണ്ടെങ്കിൽ പറയാം… “””ഇഷ്ടക്കേട് ഒന്നുമില്ലായിരുന്നു അവൾക്ക് തന്നെയുമല്ല ഇതിനകം അവനോട് എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു….

അത് അവനോട് പറഞ്ഞപ്പോൾ, അവൾക്ക് വേണ്ടി എത്രനാൾ വേണമെങ്കിലും കാത്തിരിക്കാം എന്ന് ഉറപ്പ് കൊടുത്തിരുന്നു മിഥുൻ…

Leave a Reply

Your email address will not be published. Required fields are marked *