എല്ലാരോടും ഭർത്താവു ഗൾഫിലാണെന്ന കളവു പറഞ്ഞിരിക്കുന്നത്. കൂടുതൽ ചോദ്യം ഒഴിവാക്കാൻ അതെ പോംവഴി

കൊച്ചുമാലാഖ

(രചന: Nisha Pillai)

 

ആദ്യമായി പോസ്റ്റിംഗ് കിട്ടിയത് ഒരു തീരദേശ പള്ളിക്കൂടത്തിൽ ആയിരുന്നു. വീട്ടിൽ നിന്നും മുപ്പതു കിലോമീറ്ററോളം അകലെ. ആറരയ്ക്കെങ്കിലും ഇറങ്ങണം ഒൻപതുമണിയ്ക്ക് സ്കൂളിൽ എത്താൻ. ആദ്യത്തെ രണ്ട് ദിവസം അങ്ങനെ പോയി.

ഒന്നു രണ്ടു ദിവസത്തിനു ശേഷമാണ് നൗറീൻ ടീച്ചറുമായി പരിചയമായത്. സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപിക.

ഒരു പ്രത്യേക ആകർഷണം തോന്നി, വളരെ പെട്ടെന്ന് അടുക്കുന്ന സ്വഭാവം, തെറ്റു കണ്ടാൽ കൂസലില്ലാതെ വിളിച്ചു പറയും.കാലക്രമേണ അതു ദൃഢമായ സൗഹൃദ ത്തിൽ കലാശിച്ചു.

മൂന്നാമത്തെ ദിവസം സ്കൂളിൽ നിന്നും മടങ്ങാൻ നേരം നൗറീൻ ടീച്ചറുണ്ട് കൂടെ ” ധന്യ ടീച്ചറിന് എൻ്റെ കൂടെ വന്നുകൂടെ,നമുക്ക് ഒരുമിച്ച് പോകാല്ലോ,വള്ളത്തിൽ കയറാൻ പേടിയില്ലേൽ വന്നോളൂ.ഒരു മണിക്കൂർ കൊണ്ട് വീട്ടിലെത്താം ടീച്ചറിന്.”

സ്കൂളിൻ്റെ പിറകിൽ വള്ളക്കടവുണ്ട്.അവിടെ നിന്ന് ഊന്നുവള്ളത്തിൽ സഞ്ചരിച്ചാൽ ഇരുപതു മിനിറ്റ് കൊണ്ട് നൗറീൻ ടീച്ചറുടെ ഗ്രാമത്തിൽ എത്താം.

അവിടെ നിന്നും ടൗൺ സർവീസ് ബസിൽ കയറിയാൽ അരമണിക്കൂറിൽ വീടെത്താം. സമയലാഭവും മനസുഖവും.അങ്ങനെയൊരു എളുപ്പവഴി അവൾക്ക് അറിയില്ലായിരുന്നു.

രാവിലെ എട്ടരയ്ക്ക് വള്ളം തയാറാകും. ഗ്രാമത്തിലെ കുട്ടികളും നൗറീൻ ടീച്ചറും വള്ളം തുഴയുന്ന ചേട്ടനും തൻ്റെ ബസിൻ്റെ വരവും നോക്കി കാത്ത് നിൽക്കുന്നുണ്ടാകും.

ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസങ്ങൾ .കുട്ടികൾ ,സ്കൂൾ ,കായലും കടലും ഒന്ന് ചേരുന്ന അഴിമുഖത്തിൻ്റെ ദൃശ്യം. നൗറീൻ ടീച്ചറുടെ സൗഹൃദം .പിന്നെ പ്രകൃതിയെ നല്ല പോലെ പഠിച്ച കൃഷ്ണൻ ചേട്ടൻ ,പ്രിയപ്പെട്ട വള്ളക്കാരൻ.

അതിനേക്കാൾ അവളെ സന്തുഷ്ടയാക്കിയത് അമ്മുകുട്ടിയുടെ സാമീപ്യമായിരുന്നു.മൂന്നാം ക്ലാസ്സുകാരി അമ്മുക്കുട്ടി.തലയിൽ മുല്ലപ്പൂ ചൂടി വരുന്ന അമ്മു.നീണ്ടമുടിയിഴകൾ രണ്ടായി പിന്നിയിട്ട സുന്ദരിയായ അമ്മു.

ഇരുണ്ട നിറത്തിൽ നീണ്ട കണ്ണുകളുള്ള അമ്മു.അവളുടെ അടുത്ത് ആരുമില്ലെങ്കിൽ അമ്മു അവളുടെ അടുത്തെത്തും . മടിയിലിരിക്കും. മിഠായിവാങ്ങി കൊടുക്കും. അവളോട് കൊഞ്ചും.പലപ്പോഴും നൗറീൻ ടീച്ചർ ചോദിക്കാറുണ്ട്

“ധന്യേ ആർക്കാ ഈ മിഠായി ? എന്നും വാങ്ങാറുണ്ടല്ലോ.ഇതെല്ലം കഴിച്ചാൽ ഷുഗർ വരുമേ,പറഞ്ഞില്ലെന്നു വേണ്ട.”

ഒരിക്കൽ സ്കൂളിലെ പി ടി എ മീറ്റിംഗ് കഴിഞ്ഞു പതിവിലും ലേറ്റ് ആയി.സ്കൂൾ നേരത്തെ വിട്ടത് കൊണ്ട് കുട്ടികൾക്ക് സമയത്തു വീടണയാൻ പറ്റി.നൗറീൻ ടീച്ചറുമൊത്തു കടവിൽ നിൽകുമ്പോൾ മാനത്തു ഒരു കനത്ത മഴക്കുള്ള കാർമേഘം ഇരുണ്ടുകൂടുന്നത് കണ്ടവൾക്കു ഭയം തോന്നി.

മഴയെ അല്ല പേടി.മഴയോടൊപ്പം മനസ്സിൽ ഇരുണ്ടു കൂടുന്ന ചില ഓർമ്മകൾ .അതിനെ അവൾക്കു പേടിയാണ്.മുപ്പത്തിയേഴാം വയസ്സിലും അവിവാഹിതയായി നിൽക്കുന്ന ഒരുവളെ സമൂഹം വെറുതെ വിടുമോ ?.

എല്ലാരോടും ഭർത്താവു ഗൾഫിലാണെന്ന കളവു പറഞ്ഞിരിക്കുന്നത്. കൂടുതൽ ചോദ്യം ഒഴിവാക്കാൻ അതെ പോംവഴി കണ്ടുള്ളു,. വീട്ടുകാർക്കും ഇപ്പോൾ നൗറീൻ ടീച്ചർക്കും മാത്രമറിയാവുന്ന സത്യം.

ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ നഷ്ടപെടുത്തിയതൊന്നും തിരിച്ചു കിട്ടില്ലെന്നറിയാൻ ഏറെ വൈകി പോയി.പോയ ബുദ്ധി പിടിച്ചാൽ കിട്ടില്ലെന്ന്‌ പണ്ടുള്ളവർ പറയുന്നതെത്ര ശരിയാ.

“ദേ കൃഷ്ണേട്ടൻ വരുന്നു.”നൗറീൻ ടീച്ചർ ചാടിഎണീറ്റു.കൃഷ്ണേട്ടൻ വള്ളം കരയിലൊതുക്കി.

“മഴ പെയ്യാൻ സാധ്യതയുണ്ട്.നമുക്ക് ഇത്തിരി കാത്താലോ.ഒന്ന് പെയ്തു ഉശിരു തീരുമ്പോൾ പോകാം .അത് പോരെ മക്കളെ.”

“അയ്യോ ചേട്ടാ ഞാൻ വൈകും.ഇപ്പോൾ തന്നെ കുറെ വൈകി.നമുക്ക് അക്കരെ കടക്കാം ഉടനെ മഴ പെയ്യില്ല.”

“പക്ഷെ നമ്മൾ അക്കരെ എത്തണേനു മുൻപ് മഴ പെയ്യും.””ആണ് ധന്യേ ,കൃഷ്ണേട്ടൻ പറഞ്ഞത് കേൾക്കുന്നതാണ് നല്ലതു .”

കൃഷ്ണേട്ടനും നൗറീനും മടിച്ചെങ്കിലും അവളുടെ നിർബന്ധം കാരണം കൃഷ്ണേട്ടൻ വള്ളം ഊന്നി തുടങ്ങി.ഏകദേശം മധ്യ ഭാഗത്തു എത്തിയപ്പോൾ നല്ല ഉശിരൻ മഴ പെയ്തു തുടങ്ങി.

തുള്ളിക്ക് ഒരു കുടം മാതിരിയായിരുന്നു മഴയുടെ കരുത്തു. വള്ളം മറിയുമെന്ന ലക്ഷണത്തിലായി. അവൾ പെട്ടെന്ന് തന്നെ വള്ളത്തിൽ കയറിയ വെള്ളം ഒരു പാത്രം കൊണ്ട് കോരി പുറത്തേക്കു കളഞ്ഞു.

ആരോ അവളെ കൊണ്ട് ചെയ്യിക്കുന്ന പോലെ.കൃഷ്ണേട്ടൻ ആഞ്ഞു തണ്ടു ഊന്നി ഒരു വിധം കരക്കടുത്തു.ഇറങ്ങിയപ്പോൾ ആ വൃദ്ധൻ അവരോടു പറഞ്ഞു.

“വള്ളം മറിഞ്ഞു എന്ന് തന്നെ ഞാൻ കരുതിയതാ. ഞാൻ തളർന്നു തുടങ്ങിയതാ. പെട്ടെന്ന് ടീച്ചർ കാണിച്ച മനോധൈര്യമാണ് എനിക്ക് കരുത്തായത് . ഈശ്വരൻ നമ്മളെ രക്ഷിച്ചു.കുട്ടികളുണ്ടായിരുന്നെങ്കിൽ ഞാൻ ഈ സാഹസം കാണിക്കില്ലായിരുന്നു.”

നൗറീൻ ടീച്ചറുടെ വീട്ടിൽ ചെന്ന് വേഷം മാറിയാണ് ധന്യ അന്ന് യാത്രയായത് .എന്നും കുട്ടികളുടെ കൂടെയുള്ള യാത്രകൾ അവൾക്കിഷ്ടമായിരുന്നു,അതീവ രസകരങ്ങളായിരുന്നു.പ്രത്യേകിച്ച് അമ്മുവിനെ കാണുന്നത് അവൾക്കു സന്തോഷമായിരുന്നു.

ഓടി വന്നു അവളുടെ മടിയിലിരിക്കും.മിഠായി കഴിക്കും.ഉമ്മകൾ നൽകും.അവൾക്കും അമ്മുവിനെ ഭയങ്കര ഇഷ്ടമായിരുന്നു.ഒരിക്കൽ അമ്മു അവളോട് പറഞ്ഞു.

“അമ്മു കുട്ടിയുടെ അമ്മക്ക് ടീച്ചറുടെ അതെ മണമാണെന്നു.ടീച്ചറുടെ അടുത്തിരിക്കുമ്പോൾ അമ്മയെ ഓർമ വരുമെന്ന്.”

“അമ്മുക്കുട്ടി ആരും അടുത്തില്ലാത്തപ്പോൾ ടീച്ചറെ അമ്മയെന്ന് വിളിച്ചോളൂ.ടീച്ചർക്കും അതാ ഇഷ്ടം.”

അവളുടെ കുഞ്ഞു കൈകൾ തന്റെ കൈക്കുള്ളിലാക്കി കുറെ നേരം അവൾ കണിക്കൊന്നയുടെ തണലിലിരുന്നു. അങ്ങനെയിരുന്നവൾ ഉറങ്ങി പോയി. നൗറീൻ വന്നു വിളിച്ചപ്പോളാണ് അവളുണർന്നതു തന്നെ. അവൾ ചുറ്റും നോക്കി.

“കുട്ടിയെവിടെ “”ഏതു കുട്ടി ,ഇവിടെയാരുമില്ല.നീ വന്നേ .”രാവിലെയും വൈകിട്ടും വള്ളത്തിലുള്ള യാത്രയിൽ അമ്മുക്കുട്ടി കൂടെയുണ്ടാകും.

പക്ഷെ ഒന്നും മിണ്ടില്ല. എതിർ വശത്തെ പടിയിലിരുന്നു അവളെ കണ്ണിമയ്ക്കാതെ നോക്കി കൊണ്ടിരിക്കും.പുഞ്ചിരി സമ്മാനിക്കും. അവളെ കണ്ടില്ലെങ്കിൽ ധന്യക്ക് വിഷമം ആകും.

തിരിച്ചും അങ്ങനെ തന്നെയാകണം.സ്ഥലമാറ്റം ഒരു ഡെമോക്ലിസിന്റെ വാള് പോലെ തലയ്ക്കു മീതെയുണ്ട്.അമ്മുവിനെയും നൗറീനെയും പിരിയാനായിരുന്നു ഏറ്റവും വിഷമം.

സ്ഥലംമാറ്റ ഉത്തരവ് വരുന്നതിന്റെ ഒരാഴ്ച മുൻപായിരുന്നു ആ ദുരന്തം.പതിവ് പോലെ വൈകിട്ടത്തെ മടക്ക യാത്രയിൽ എല്ലാവരും സന്തുഷ്ടരായിരുന്നു

കുട്ടികളിൽ ചിലർ പാട്ടുപാടാൻ തുടങ്ങി.ഞങ്ങൾ വിദൂരമായ കടലിന്റെ നീലിമയിൽ കണ്ണും നട്ടിരുന്നു.നൗറീൻ അവളുടെ ഗൾഫിലുള്ള ഭർത്താവുമായി ഫോണിൽ വിശേഷങ്ങൾ പങ്കിടുന്നു.

പെട്ടെന്നായിരുന്നു കുട്ടികളുടെ ഭാഗത്തു നിന്നൊരു ആരവം .അഴിമുഖം ഭാഗത്തു നിന്നും വളരെ വേഗതയിൽ ഒരു ബോട്ട് വരുന്നു.ബോട്ടുകാർ വള്ളം കണ്ടിട്ടുണ്ടാകില്ല.വള്ളക്കാരൻ കൃഷ്ണേട്ടനും ബോട്ട് അപ്പോഴാണ് കണ്ടത്.

നല്ല വേഗതയിൽ ആയതിനാൽ ഒന്ന് രണ്ടു നിമിഷത്തിനുള്ളിൽ ബോട്ട് വള്ളത്തിലിടിക്കും .വള്ളം തകരും .എല്ലാവരും വെള്ളത്തിൽ വീഴും.നീന്തൽ അറിയാവുന്നവർ ഒരു പക്ഷെ രക്ഷപെട്ടേക്കാം.അല്ലാത്തവരുടെ കാര്യം ???

കുട്ടികളുടെ നിലവിളി കേട്ട് ബോട്ടുകാർ ദിശ മാറ്റിയെങ്കിലും ,കൃഷ്ണേട്ടൻ ദിശ മാറ്റാൻ ശ്രമിച്ചെങ്കിലും വള്ളത്തിന്റെ ഒരറ്റത്ത് ബോട്ടിന്റെ പിൻഭാഗം തട്ടി.

വള്ളം മറിഞ്ഞു .ബോധം വീണപ്പോൾ ധന്യയെ വള്ളക്കടവിലെ സിമന്റ് ബെഞ്ചിൽ കിടത്തിയിരിക്കുകയാണ്.ചുറ്റും നാട്ടുകാരും ടീച്ചർമാരും.

“അവളെവിടെ അമ്മു,രക്ഷപ്പെട്ടോ?”ധന്യ പറഞ്ഞത് ആരും ശ്രദ്ധിച്ചില്ല.അവളുടെ മരവിച്ച കൈകാലുകൾ ആരൊക്കെയോ തിരുമ്മി ചൂടാക്കുന്നു.

“നല്ലവണ്ണം ഉപ്പുവെള്ളം ഉള്ളിൽ പോയിട്ടുണ്ടായിരുന്നു. ഒക്കെ ഛർദിച്ചു കളഞ്ഞല്ലോ , നന്നായി,ബോധം തെളിഞ്ഞല്ലോ . ഇനി വീട്ടിലേക്കു കൊണ്ട് പൊയ്ക്കോ. ഒരു ചൂട് ചായ കുടിച്ചു വിശ്രമിക്കുമ്പോൾ എല്ലാം ശരിയാകും .എല്ലാവരും രക്ഷപ്പെട്ടല്ലോ,ഭാഗ്യം.”

നൗറീൻ ടീച്ചറവളെ എഴുന്നേൽപ്പിക്കുമ്പോൾ അവൾ ചുറ്റും നോക്കി. വള്ളത്തിലുള്ള എല്ലാവരും അവൾക്കു ചുറ്റും ഉണ്ടായിരുന്നു,അമ്മുക്കുട്ടി ഒഴിച്ചു,അവളെ മാത്രം കണ്ടില്ല.

തീരദേശം ആയതുകൊണ്ട് കുട്ടികളെല്ലാം നീന്തൽ നന്നായി അറിയാവുന്നവരായിരുന്നു.

വള്ളം മറിഞ്ഞപ്പോൾ എല്ലാവരും നീന്തി രക്ഷപ്പെട്ടു.അവൾക്കുമാത്രം നീന്തൽ അറിയില്ലായിരുന്നു. അഴിമുഖം ഭാഗത്തേയ്ക്കുള്ള നീരൊഴുക്കിൽ അവൾ പെട്ടുപോയിരുന്നു.

വെള്ളത്തിൽ മുങ്ങി താഴ്ന്നു തുടങ്ങിയപ്പോഴാണ് ആരോ അവളെ മുടിയിൽ പിടിച്ചു പൊക്കിയെടുത്തത് ,വലിച്ചു കരയ്ക്കടുപ്പിച്ചത്.ആ കൈകൾ അവൾക്കു പരിചിതമായിരുന്നു.ആ കുഞ്ഞികൈകൾ.

“ടീച്ചറെങ്ങനെയാ ആ കുത്തൊഴുക്കിൽ നിന്നും രക്ഷപ്പെട്ടത്.ടീച്ചറൊഴുകി ദൂരെ പോയിരുന്നല്ലോ. നീന്തൽ അറിയാമായിരുന്നു അല്ലേ,അത് ഭാഗ്യമായി.”

കുട്ടികളിൽ ആരോ ചോദിച്ചപ്പോഴാണ് അവൾ ശ്രദ്ധിച്ചത്.”പണ്ട് ഇത് പോലൊരു അപകടമുണ്ടായി. അന്നൊരു കൊച്ചുകുട്ടി മുങ്ങിമരിച്ചു. അതിൽ പിന്നെ എല്ലാവരും അപകടങ്ങളിൽ നിന്നും അൽഭുതകരമായി രക്ഷപെടാറുണ്ട്.”

“ഞാൻ മറക്കില്ല അവളെ,അമ്മുക്കുട്ടിയെ.” കൃഷ്ണേട്ടൻ പറഞ്ഞു.”ടീച്ചറമ്മേ..” നൗറീൻ ടീച്ചറോടൊപ്പം നടക്കുമ്പോൾ ദൂരെ നിന്നും അമ്മുക്കുട്ടി വിളിച്ചു, കൈ വീശി കാണിച്ചു.

Leave a Reply

Your email address will not be published. Required fields are marked *