നീ ഇങ്ങനെ നടന്ന സമാധാനം കിട്ടുവോടി എന്റെ കൊച്ചിന് എന്ന് ചോദിച്ചു??

(രചന: J. K)

 

“” അയെന്നാ അന്നമോ താൻ എനിക്ക് വേണ്ടി ഇത്രയും കാലം കാത്തിരുന്നേ.. ആ തെക്ക്ന്നും വന്ന അച്ചായന്റെ കൂടെ കെട്ടി പോവാൻ മേലായിരുന്നോ?? “”

 

ആന്റണി ചോദിക്കുന്നത് കേട്ട് അന്നമ്മയ്ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു അവർ ഒന്നും മിണ്ടാതെ കേറി മുന്നിൽ നടന്നു അത് കാണെ ആന്റണിയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നിരുന്നു…

 

ഈ പെണ്ണിന് ഒരു മാറ്റവും ഇല്ല എന്ന് പിറു പൊറുത്തു അയാൾ അവളുടെ പുറകെ ചെന്നു…

 

“”ടീ പറഞ്ഞിട്ട് പോടീ “”

 

എന്ന് പറഞ്ഞപ്പോൾ ഉശിരോടെ അവൾ പറഞ്ഞിരുന്നു…

 

“” എനിക്ക് ഇഷ്ടം ഉണ്ടായിട്ട് എന്ന്.. “”

 

“”അതൊരു വല്ലാത്ത ഇഷ്ടം ആണല്ലോ കർത്താവെ “”

 

എന്ന് അത് കേട്ട് ആന്റണിയും പറഞ്ഞിരുന്നു..

 

കുടുംബത്തിലെ മൂത്ത ആളായിരുന്നു ആന്റണി താഴെ മൂന്ന് പെങ്ങന്മാർ അപ്പച്ചൻ വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു അതുകൊണ്ടുതന്നെ ആന്റണിയുടെ തലയിൽ ആയിരുന്നു ആ കുടുംബത്തിന്റെ ഭാരം മുഴുവൻ…

 

സ്ത്രീധനം നൽകി കല്യാണം കഴിച്ചു അയച്ചപ്പോഴേക്കും ഒരുവിധം നല്ല പ്രായമൊക്കെ ആന്റണിയുടെ കഴിഞ്ഞു പോയിരുന്നു..

 

പഠിക്കുന്ന കാലം മുതലേ ഉള്ളതാണ് അന്നമ്മയുമായുള്ള ബന്ധം അവർ പരസ്പരം ഒന്നും പറഞ്ഞിരുന്നില്ല ഇഷ്ടമാണെന്ന് പോലും പക്ഷേ രണ്ടുപേർക്കും പരസ്പരം പിരിയാൻ പോലും വയ്യാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു…

 

ആന്റണിയുടെ എല്ലാ ബാധ്യതകളും പറയാതെ തന്നെ അന്നമ്മയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അവർ ഒന്നിനും അയാളെ ബുദ്ധിമുട്ടിച്ചിട്ടില്ല….

 

തന്നെ വിവാഹം കഴിക്കണം എന്ന് പറഞ്ഞിട്ട് പോലും.. എല്ലാ ബാധ്യതകളും തീർത്താൽ ആന്റണി വിവാഹത്തെപ്പറ്റി ചിന്തിക്കുന്നുണ്ടെങ്കിൽ ഒരിക്കലും അത് മറ്റൊരു പെണ്ണിനെ ആവില്ല എന്ന് അന്നമ്മയ്ക്കു ഉറപ്പുണ്ടായിരുന്നു…

 

വീട്ടിൽനിന്ന് സമ്മർദ്ദം ഉണ്ടായിട്ടും അവൾ പിടിച്ചുനിന്നത് ആന്റണിക്ക് വേണ്ടിയാണ്..

 

ഒരിക്കലും തുറന്നു പറയാത്ത ഒരു സൂചന പോലും നൽകാത്ത പ്രണയം അതായിരുന്നു അവർ തമ്മിൽ..

 

കുറെ പറഞ്ഞ് മടുത്ത വീട്ടുകാർക്ക് മനസ്സിലായിരുന്നു ഇനി അവളോടെ ന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് അതുകൊണ്ടുതന്നെ ഇനി കൂട്ടുനിൽക്കാം എന്ന് കരുതി ബാക്കിയുള്ളവരുടെ എല്ലാം വിവാഹം നടത്തി, അവരും അവളുടെ ആഗ്രഹത്തിന് ഒത്തു നിന്നു…

 

അരികിൽ ഇല്ലെങ്കിലും ആന്റണി എല്ലാം അറിയുന്നുണ്ടായിരുന്നു.. തനിക്ക് വൈകിആണെങ്കിലും കിട്ടിയ വില്ലേജ് ഓഫീസിലെ ജോലി അയാൾക്കൊരു കൈത്താങ്ങ് തന്നെയായിരുന്നു..

 

ഒരുപക്ഷേ അയാൾക്ക് കിട്ടിയ ഗവൺമെന്റ് ജോലിയാകാം അന്നമ്മയുടെ വീട്ടുകാർക്കും അവളെ വല്ലാതെ അങ്ങ് എതിർക്കാതെ അയാളെ കാത്തിരിക്കാൻ സമ്മതം നൽകിയതിന് പിന്നിൽ…

 

ഇളയവളുടെ കുഞ്ഞിനെയും കൂടി വേണ്ട മര്യാദകൾ ചെയ്ത് പറഞ്ഞയച്ചിട്ടാണ് സ്വന്തം കാര്യത്തെപ്പറ്റി ചിന്തിക്കുന്നത്…

 

അപ്പൻ ഇല്ലാത്ത കുഞ്ഞുങ്ങളെ ഒരു കൈയിൽ ഏൽപ്പിക്കാതെ ഞാൻ കല്യാണം കഴിച്ച് സെറ്റിൽ ആയാൽ അതുംങ്ങൾക്ക് ആരുമില്ല എന്ന് തോന്നിയാലോ…

 

ഒരൊറ്റപെടൽ ഫീൽ ചെയ്താലോ….??അതാണ് ഇതുവരെ കല്യാണത്തെ പറ്റി ആലോചിക്കുക കൂടി ചെയ്യാതിരുന്നത് എന്നായിരുന്നു.. ആന്റണിയുടെ പക്ഷം…

 

അയാളെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് അനിയത്തിമാർ എന്നത് ഒരിക്കലും അനിയത്തിമാർ ആയിരുന്നില്ല പകരം അയാളുടെ കുഞ്ഞുങ്ങൾ തന്നെയായിരുന്നു അത്രയും അവരെ അയാൾ സ്നേഹിച്ചിരുന്നു അവർക്ക് തിരിച്ചും….

 

അവരും കൂടി മുൻകൈ എടുത്തിട്ടാണ് അയാളുടെ വിവാഹം നടത്താൻ വേണ്ടി തയ്യാറായത് ഇപ്പോൾ വേണ്ട എന്ന് പറഞ്ഞു നിൽക്കുകയായിരുന്നു ആന്റണി അപ്പോഴും..

 

അനിയത്തിമാരും ഭർത്താക്കന്മാരും ചേർന്ന് തന്നെയാണ് അന്നമ്മയുടെ വീട്ടിൽ ചെന്ന് പെണ്ണ് ചോദിച്ചത് അവർക്ക് പൂർണ സമ്മതം ആയിരുന്നു…

 

എത്രയും അടുത്ത മുഹൂർത്തത്തിൽ മനസമ്മതവും കെട്ടും എല്ലാം നിശ്ചയിക്കപ്പെട്ടു..

 

പിന്നങ്ങോട്ട് നിലത്തൊന്നുമല്ലായിരുന്നു ആന്റണിയും അന്നമ്മയും എത്രയോ കാലമായി മനസ്സിലിട്ട് താലോലിച്ച പ്രണയം അത് സ്വന്തമാക്കാൻ പോകുന്നു അവർക്ക് അത് വിശ്വാസം വരുന്നില്ലായിരുന്നു…

 

മനസമ്മതത്തിന്റെ തലേദിവസം.. വീട്ടിലെത്തിയ വിരുന്നുകാരെ സ്വീകരിക്കുകയായിരുന്നു ആന്റണി പെട്ടെന്നായിരുന്നു നെഞ്ചിന്റെ ഇടതുഭാഗത്തായി ഒരു കൊളുത്തി പിടിക്കൽ പോലൊരു വേദന..

 

ആദ്യമൊക്കെ ഗ്യാസിന്റെതാവും എന്ന് കരുതി വലിയ ശ്രദ്ധ കൊടുത്തില്ല പക്ഷേ പിന്നീട് മറ്റു ഭാഗങ്ങളിലേക്കും പടരുന്നതുപോലെ തോന്നി ഒടുവിൽ ഒട്ടും വയ്യ എന്ന് തോന്നിയപ്പോഴാണ് അവിടെ ഇരുന്നത് പെട്ടെന്ന് തന്നെ അയാൾ പ്രജ്ഞയറ്റ് വീണു…

 

എല്ലാവരും കൂടി അയാളെ എടുത്ത് ഹോസ്പിറ്റലിലേക്ക് എത്തിച്ചപ്പോഴേക്കും എല്ലാവരെയും ഇട്ട് അയാൾ പോയിരുന്നു..

 

കേട്ടവർ കേട്ടവർ എന്ത് ചെയ്യണം എന്നറിയാതെ നിന്നു. ആർക്കും ഇത് അന്നമ്മയോട് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല..

 

ഒരായുസ്സ് മുഴുവൻ അയാൾക്കായി കാത്തിരുന്നവളാണ് അവളോട് എങ്ങനെ പറയും എന്നതായിരുന്നു എല്ലാവരുടെയും ഭയം..

 

കൺവെട്ടത്ത് പോലെ വരാതെ പ്രണയിച്ചവർ തന്റെ പ്രാണനായി ആന്റണിയെ കൊണ്ടുനടന്നവൾ… ഇപ്പോൾ മനസ്സമ്മതം എല്ലാം സ്വപ്നം കണ്ട് മണവാട്ടി പെണ്ണായിരിക്കാൻ കൊതിച്ച്..

 

അവളോട് എങ്ങനെ പറയും ഇനി ഒരിക്കലും അവളുടെ സ്വപ്നങ്ങൾ സഫലമാകില്ല എന്ന്..

ഒടുവിലത്തെ ഏറ്റെടുത്തത് ആന്റണിയുടെ അമ്മ തന്നെയായിരുന്നു

 

അവളോട് അമ്മച്ചി അത് പറഞ്ഞത് അവൾ അമ്മച്ചിയെ തന്നെ നോക്കിയിരുന്നു ഒന്നും തിരിച്ചു പറയാതെ..

 

മോളെ എന്ന് ഒന്ന് വിളിച്ച് ചേർത്ത് പിടിച്ചതും ആ തോളിലേക്ക് ചാഞ്ഞ് അവൾ ആവോളം കരഞ്ഞു..

 

കരഞ്ഞു കരഞ്ഞ് ആ മനസ്സ് തെളിയും വരേയ്ക്കും അവളെ ചേർത്തുപിടിച്ചു അമ്മച്ചി…

 

എങ്ങോട്ട് വിടാതെ അവളെ കൂടെ കൂട്ടിയിരുന്നു കുറെ നാളത്തേക്ക്..

 

“” നിന്നെ കാണുമ്പോൾ എനിക്ക് എന്റെ ആന്റണിയെ കണ്ടപോലാ എന്ന് പറഞ്ഞ്…..

 

അന്നമ്മയുടെ വീട്ടുകാർക്ക് വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു അവളെ ഓർത്ത് അവരോട് പേടിക്കേണ്ട എന്ന് എല്ലാം ഞാൻ ഏറ്റു എന്നും പറഞ്ഞതാണ് ആന്റണിയുടെ അമ്മച്ചി അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയത്….

 

കുറച്ചുകാലം അവിടെ നിർത്തി അവളുടെ മനസ്സ് ശാന്തമാകുന്നത് വരെ…

ഇടം വലം വിടാതെ പെങ്ങമ്മാരും അവളുടെ കൂടെയുണ്ടായിരുന്നു അവരവളെ ഒരു ചേച്ചിയെ പോലെ സ്നേഹിച്ചു..

 

ഒടുവിൽ അവളെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചതും അമ്മച്ചിയാണ് അത് കേട്ട് അവൾ പൊട്ടി കരഞ്ഞു ഈ ജന്മത്തിൽ ഇനി അങ്ങനെയൊന്നും ഉണ്ടാവില്ല എന്ന് അമ്മച്ചിയോട് തീർത്തു തന്നെ പറഞ്ഞു..

 

വലിയൊരു ഫോട്ടോയിൽ മാലയിട്ട് ചിരിച്ചിരിക്കുന്ന ആന്റണിയുടെ മുന്നിലേക്ക് അവളെ കൊണ്ട് ചെന്ന് നിർത്തി അമ്മച്ചി…

 

“” നീ ഇങ്ങനെ നടന്ന സമാധാനം കിട്ടുവോടി എന്റെ കൊച്ചിന് എന്ന് ചോദിച്ചു?? അവന്റെ പ്രാണൻ ആയിരുന്നില്ലേ നിന്റെ സന്തോഷവാ അവന്റെയും സന്തോഷം അതുകൊണ്ട് അമ്മച്ചി പറയുന്നത് മോൾ കേൾക്കണം എന്ന് പറഞ്ഞു….

 

വേറെ വഴിയില്ലാതെ ഒടുവിൽ അമ്മച്ചിക്ക് വേണ്ടി അവൾ മറ്റൊരു വിവാഹത്തിന് സമ്മതിച്ചു അവൾക്കറിയാമായിരുന്നു ഒരിക്കലും തനിക്ക് അയാളെ അംഗീകരിക്കാനാവില്ല എന്ന് എല്ലാം അറിഞ്ഞുകൊണ്ട് ഒരാളായിരുന്നു അത് അയാൾ എത്രനാൾ വേണമെങ്കിലും കാത്തിരിക്കാനും തയ്യാറായിരുന്നു…

 

വേറെ വഴിയില്ലാതെ ക്രമേണ അവൾ ആ ജീവിതവുമായി പൊരുത്തപ്പെട്ടു എങ്കിലും ഇടയ്ക്ക് അമ്മച്ചിയെ വന്നു കാണും കല്ലറയ്ക്ക് മുന്നിൽ പോയി നിൽക്കും ഉറക്കെ ഉറക്കെ കരയും…

 

അപ്പോൾ ആരോ പറയുന്നതുപോലെ തോന്നും മറ്റൊരു ജന്മം നമുക്കായി കാത്തിരിക്കുന്നുണ്ട് ഒന്നാവാൻ എന്ന്…

Leave a Reply

Your email address will not be published. Required fields are marked *