അവളെ പിടിച്ചു കിടക്കയിൽ കൊണ്ടിരുത്തി.അവൾ കിടക്കാൻ തുടങ്ങിയപ്പോൾ ലൈറ്റ് അണച്ചു,വാതിൽ ചാരി അമ്മുവിനേം കൂട്ടി മുറിക്കു പുറത്തിറങ്ങി .

മേധാക്ഷയം

(രചന: Nisha Pillai)

 

“അച്ഛാ ഒന്ന് ഓടി വന്നേ ” അമ്മുവിൻറെ നിലവിളി കേട്ടാണ് ശേഖരേട്ടൻ ഓടി വന്നത്.വേഗത്തിൽ കോണിപ്പടി കയറിയതിനാൽ നല്ലതു പോലെ അണയ്ക്കുന്നുണ്ടായിരുന്നു . നെറ്റിയിലെ വിയർപ്പിൻ കണങ്ങൾ ബനിയൻ കൈ കൊണ്ട് തുടച്ചു.

 

“എന്താ അമ്മു ” അയാൾ ഓടി വന്നു അമ്മുവിൻറെ തോളിൽ കൈ വച്ചു.അവളാകെ പരിഭ്രാന്തയായിരുന്നു.

 

“അമ്മ അവിടെ…” അവൾ സ്റ്റഡി റൂമിലേക്ക് കൈ ചൂണ്ടി.അതാണ് മായയുടെ മായാലോകം .അവളുടെ എല്ലാം ആ സ്റ്റഡി റൂമും പിന്നെ അടുക്കളയുമാണ്.ഉറങ്ങാൻ മാത്രം അവൾ കയറാറുള്ള ഞങ്ങളുടെ ബെഡ്‌റൂം താഴത്തെ നിലയിലാണ്.

 

ഈയിടെയായി വീട്ടിൽ ഭർത്താവും കുട്ടികളും ഉള്ളപ്പോൾ അവൾ ആ റൂമിൽ കയറി വാതിൽ ലോക്ക് ചെയ്യും .അതിൽ അവൾ എന്താ ചെയ്യുന്നതെന്ന് ആർക്കും അറിയില്ല .ചോദിക്കുന്നതിനു മാത്രം ഒന്ന് രണ്ടു വക്കിൽ ഉത്തരം .ഈയിടെയായി മകൻ രാമു പോലും അവളെ “ദുർമന്ത്രവാദിനി ” എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു .

 

ആരോടും ഒന്നും മിണ്ടാറില്ല.ശേഖരന്റെ അഭിപ്രായത്തിൽ അവൾക്കു സ്‌മൃതി നാശം സംഭവിച്ചിരിക്കുന്നു .അമ്മുവിൻറെ അഭിപ്രായത്തിൽ അമ്മ ആ വീട്ടിലെ കാലഹരണപ്പെട്ട ഒരു ഐറ്റം മാത്രം ആണ്.അമ്മക്ക് വിഷാദ രോഗമാണ് .രാമുവിന് അമ്മ അടുക്കളയിൽ അവനു വേണ്ടത് പാചകം ചെയ്തു തരുന്ന ഒരാൾ മാത്രം .അവരൊക്കെ അവരുടെ ലോകത്തു ജീവിക്കുമ്പോൾ,അവിടേക്കു പ്രവേശനം നിഷേധിക്കപ്പെട്ട ഒരാൾ മാത്രമായി അവൾ .

 

അമ്മുവിനെ കൂട്ടി അയാൾ മുറിയിൽ കയറിയപ്പോൾ മായാ ഡ്രസ്സ് ഒക്കെ മടക്കി ഒരു ബാഗിൽ വയ്ക്കുകയായിരുന്നു.ഓറഞ്ച് ഓർഗൻസ സാരി വളരെ ഭംഗിയായി അവൾ ഉടുത്തിരുന്നു.അവളുടെ മെലിഞ്ഞ ശരീരത്തിന് അത് നല്ലവണ്ണം യോജിച്ചിരുന്നു. അവളിപ്പോഴും ഒരു മനോഹരിയാണല്ലോ എന്നയാൾക്ക്‌ തോന്നി.അവളെ ഇത്ര അടുത്ത് കണ്ടിട്ട് കുറെ ആയല്ലോ എന്നയാൾക്ക്‌ തോന്നി.

 

അയാളുടെ പുതിയ കവിതകളിൽ ഒക്കെ തിളങ്ങി നിന്നിരുന്നത് രാധികയായിരുന്നു .സൗന്ദര്യ ഭാജനമായ അയാളുടെ പുതിയ കാമുകി .സുഹൃത്തെന്ന ലേബലിൽ ആണ് അവൾ അറിയപ്പെട്ടിരുന്നത് .അവളെ മായക്കു അറിയില്ല.പരിചയപ്പെടുത്താൻ മായ പുറംലോകത്തേക്കു വരില്ല.

 

കോളേജിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം താൻ സാംസ്‌കാരിക പ്രവർത്തനങ്ങളിൽ മുഴുകി .കുട്ടികളെ പഠിപ്പിച്ചു നല്ല നിലയിലാക്കി .രണ്ടു പേരും ഉദ്യോഗസ്ഥരായി .അവർക്കു ജീവിത ലക്ഷ്യങ്ങളുണ്ട് .അവർ അവരുടെ വഴി തെരഞ്ഞെടുക്കും.ഇപ്പോൾ അയാളൊരു ഫ്രീ ബേർഡ് ആണ് .

 

മേശ പുറത്തിരുന്ന ചുവന്ന പട്ടു ചുറ്റിയ രണ്ടു മൺകുടങ്ങൾ .മായയുടെ അച്ഛന്റെ ചിതാഭസ്മം .അമ്മ നാലു മക്കൾക്കുമായി തുല്യമായി ഭാഗിച്ചു നാലു മൺകുടങ്ങളിലായി നൽകിയത് .ഇളയ രണ്ടു ആൺകുട്ടികൾ വിദേശത്തായതു കൊണ്ട് മരിച്ചു പതിനാറിന് മുൻപ് വർക്കലയിൽ കൊണ്ട് നിമഞ്ജനം ചെയ്തു, അവർ അവരുടെ ജീവിതത്തിലേക്ക് തിരിച്ചു പോയി.

 

വല്യേട്ടനും മായയും ഹരിദ്വാർ കൊണ്ട് പോയി അച്ഛന്റെ ശേഷകർമങ്ങൾ ചെയ്തു അച്ഛനെ കർമ്മ ബന്ധങ്ങളിൽ നിന്ന് മുക്തനാക്കണം എന്നാഗ്രഹിച്ചിരുന്നു .പക്ഷെ അതിനിതുവരെ സാധിച്ചില്ല രണ്ടാൾക്കും .പക്ഷെ വല്യേട്ടൻ കിടപ്പിലായപ്പോൾ അദ്ദേഹത്തിന്റെ കർമം കൂടി നിറഞ്ഞ മനസ്സോടെ കുഞ്ഞനുജത്തി ഏറ്റെടുത്തു .

 

“മായാ ഇതെങ്ങോട്ടാ ”

 

അവൾ ഒന്നും മിണ്ടാതെ അവളുടെ പാക്കിങ് തുടർന്നു.

 

“അമ്മേ, അമ്മ എങ്ങോട്ടോ യാത്രയാണല്ലോ.ഇത്രേം വലിയ ബാഗ് ഒക്കെ ” അമ്മു അവളുടെ തോളിൽ കൈ വച്ചു.

 

മായ മുഖം തിരിക്കാതെ മറുപടി പറഞ്ഞു.

 

“ഞാൻ നിങ്ങളോടു പറയാൻ മറന്നു .ഹരിദ്വാർ വരെ പോകണം .ഞാൻ അച്ഛനും അമ്മയ്ക്കും വല്യേട്ടനും കൊടുത്ത വാക്കാണ് .ഞാൻ അച്ഛന്റെ ഒരേയൊരു മകളാണല്ലോ .അത് പാലിച്ചേ മതിയാകൂ.എനിക്കാണേൽ ഇപ്പോൾ എല്ലാത്തിനും മറവിയാണല്ലോ.ഇതെങ്ങാനും മറന്നു പോയാൽ, എന്റെ കൃഷ്ണാ……. .ഓർക്കാൻ കൂടി വയ്യ.”അവൾ ആക്ഷേപ ഹാസ്യ ഭാവത്തിൽ പറഞ്ഞു .

 

മായ ഒറ്റക്കും അവരോടുമായി സംസാരിച്ചു കൊണ്ടേയിരുന്നു .അവളാകെ പരിഭ്രാന്തയായിരുന്നു.അവൾ ബാഗിൽ ചിതാഭസ്മം സുരക്ഷിതയായി വച്ചു.ഹാൻഡ്ബാഗിൽ ഇരുന്ന പണം എണ്ണി നോക്കി തിരികെ വച്ചു.

 

“ഞാൻ നിങ്ങളോടു പറയാൻ മറന്നു.നാളെ തന്നെ പോകണം .നാളെ പോയാൽ അച്ഛൻ മരിച്ച പക്ക നാളിനു അവിടെ ചെന്ന് കർമങ്ങൾ ചെയ്യാം .നിങ്ങളൊക്കെ തിരക്കിലല്ലേ.അവിടെ ചെന്ന് വാട്സ്ആപ്പിൽ മെസ്സേജ് അയക്കാല്ലോ.പിന്നെ ആവശ്യത്തിന് പണമൊക്കെ ഞാൻ കരുതിയിട്ടുണ്ട് .ഒരു പതിനഞ്ചു ദിവസം .പോകുമ്പോൾ ഒരു ഫുൾ തീർത്ഥാടനം ആകാല്ലോ.

 

വീട്ടിലൊരു അടുക്കളകാരിയുടെ ആവശ്യം വരും.അല്ലെങ്കിൽ നളപാചകം പരീക്ഷിക്കാം.പിന്നെ സ്വിഗി ,സോമാറ്റോ അങ്ങനെ ന്യൂ ജനറേഷൻ പരീക്ഷണങ്ങൾ .ശേഖരേട്ടനും ഇതൊക്കെയല്ലേ താല്പര്യം.”

 

ശേഖരന് ഒരു തളർച്ച തോന്നി.എന്താ ഇവൾ ഇങ്ങനെ കിളി പോയി കാണുമോ ?തന്നോട് ചോദിക്കാതെ ഒരു സാരി പോലും വാങ്ങാത്തവൾ .ഇന്ന് ഒരു യാത്രയുടെ കാര്യമൊക്കെ സ്വയം തീരുമാനിക്കുന്നു .എന്തോ ഒരു പന്തികേട് അയാൾക്ക്‌ തോന്നി .

 

“ഇപ്പോൾ രാത്രി ആയില്ലേ മായെ നീ റസ്റ്റ് ചെയ്യൂ ,നാളെ നമുക്ക് പോകാം.ഞാൻ ടിക്കറ്റ് ഒക്കെ എടുത്തു വയ്കാം.ഇനി മാറ്റി വെയ്ക്കണ്ട.ഇപ്പോൾ നീ കിടന്നുറങ്ങു.”

 

“നാളെയോ ,ശേഖരേട്ടൻ വരുന്നോ എന്റെ കൂടെ.നിങ്ങള്ക്ക് തിരക്കല്ലേ .പൊതുപ്രവർത്തനം .ക്ലബ്ബിന്റെ ആനിവേഴ്സറി.സ്ത്രീകളുടെ ഉന്നമനം .അമ്മുവിനാണേൽ കൂട്ടുകാരിയുടെ കല്യാണം.രാമുവിന് അവന്റെ ഗേൾ ഫ്രണ്ട് പാറുകുട്ടിയുടെ നാട്ടിലെ പര്യടനം .

 

നിങ്ങളെയാരെയും ബുദ്ധിമുട്ടിക്കാൻ എനിക്ക് ഉദ്ദേശവും ഇല്ല കേട്ടോ ” അവൾ നിർത്താതെ പൊട്ടിച്ചിരിച്ചു കൊണ്ടേയിരുന്നു .

 

“ഏയ് നാളെ ഉറപ്പാണ് നമ്മൾക്ക് പോകാം ” അയാൾ അമ്മുവിനെ നോക്കി കണ്ണിറുക്കി കാണിച്ചു .

 

അവളെ പിടിച്ചു കിടക്കയിൽ കൊണ്ടിരുത്തി.അവൾ കിടക്കാൻ തുടങ്ങിയപ്പോൾ ലൈറ്റ് അണച്ചു,വാതിൽ ചാരി അമ്മുവിനേം കൂട്ടി മുറിക്കു പുറത്തിറങ്ങി .അവർ ഒന്നിച്ചു കോണിപ്പടികൾ ഇറങ്ങി.

 

” അച്ഛൻ എന്തുദ്ദേശിച്ചാണ് .എനിക്ക് നാളെ മന്ത്‌ലി മീറ്റിംഗ് ആണ് .ഞാൻ തിരക്കിലാണ് .അച്ഛനും അമ്മയും പോയാൽ വീട്ടിലെ കാര്യം എന്താകും .രാമു വരുന്നതും പോകുന്നതും അവനു തന്നെ നിശ്ചയം ഇല്ല .”

 

“എന്റെ അമ്മു ,ഞാൻ ചുമ്മാ പറഞ്ഞതല്ലേ .അവളുടെ ഓരോ തോന്നൽ അല്ലെ .ചിലപ്പോൾ ഒരു അബ്നോർമാലിറ്റി ഉള്ളപോലെ തോന്നുന്നു.ഒരു ഡോക്ടറെ കാണിക്കണം ഉടനെ തന്നെ .

 

അമ്മക്ക് മാനസിക പ്രശ്നം എന്നൊക്കെ പറഞ്ഞാൽ അത് കുട്ടികളുടെ കല്യാണത്തെ ഒക്കെ ബാധിക്കില്ലേ . ഉറങ്ങി എഴുനെല്കുമ്പോൾ അമ്മ അടുക്കളയിൽ കാണും .അവള് മിക്കവാറും എല്ലാം മറക്കും.”

 

“അച്ഛാ അച്ഛാ ” അമ്മുവിൻറെ നിലവിളി കേട്ടാണ് ശേഖരൻ ഉറക്കം ഉണർന്നത്.ഈ പെണ്ണെന്താ രാവിലെ വിളിച്ചു കൂവുന്നത് .കിടന്നതു വളരെ വൈകിയാണ്.അയാൾ എഴുനേറ്റു മുറിക്കു പുറത്തു വന്നു .അമ്മുവും രാമുവും സ്വീകരണ മുറിയിൽ ഇരിക്കുന്നു.

 

“എന്താ എന്റെ അമ്മു രാവിലെ നിലവിളിക്കുന്നത് ”

 

“അമ്മയെ കാണാൻ ഇല്ല.ഇവിടെല്ലാം നോക്കി .എവിടെയും ഇല്ല. ”

 

“ഇന്നലെ ഇത്രയും സംഭവിച്ചിട്ടു അച്ഛൻ എന്തെ അമ്മയുടെ റൂമിൽ കിടന്നില്ല ” രാമുവിന്റെ കുറ്റപ്പെടുത്തൽ.അയാൾ അവനെ രൂക്ഷമായി നോക്കി.

 

അവൾ ഒരു പേപ്പർ അയാളുടെ നേരെ നീട്ടി.അയാൾ തുറന്നു നോക്കി .അതിലെ അക്ഷരങ്ങൾ അയാളെ നോക്കി കൊഞ്ഞനം കുത്തി.

 

“പ്രിയ അമ്മു ,

 

ഈ കത്തിൽ നിന്നെ സംബോധന ചെയ്യുന്നത് നീ എന്റെ മകളായതു കൊണ്ട് മാത്രമാണ്.ഞാൻ നിന്നെയാണ് കൂടുതൽ സ്നേഹിച്ചത്.അതിലെ സ്വാർത്ഥത മകൾ അമ്മയെ കൂടുതൽ മനസിലാക്കുമെന്നായിരുന്നു.നമ്മുടെ ഇടയിൽ ആ ” മനസ്സിലാക്കൽ” ഉണ്ടായതേയില്ല. പിന്നെ നിന്റെ സഹോദരൻ .

 

അവനു ഞാൻ മുറിയിൽ അടച്ചു പൂട്ടിയിരിക്കുന്ന മന്ത്രവാദിനിയാണെന്നു .അവൻ കൈ പിടിച്ചു തറവാട്ടിലെ പറമ്പിലൂടെ എന്നെ നടത്തിക്കുന്നതു ഞാൻ പലപ്പോഴും സ്വപ്നം കാണാറുണ്ട്.

 

സ്നേഹിക്കുന്ന പെൺകുട്ടിയുടെ അമ്മയെ വാ തോരാതെ പുകഴ്ത്തുന്ന അവൻ എന്നെ കളിയാക്കാൻ കിട്ടുന്ന ഒരു സാഹചര്യവും കളയാറില്ല.നിങ്ങളോടു അമ്മക്ക് ഒരു പരാതിയും ഇല്ല .സ്നേഹം മാത്രം .നിങ്ങൾക്ക് വേണ്ടി അമ്മ എന്നും പ്രാർത്ഥിക്കാറുണ്ട് .

 

അച്ഛൻ എന്നെ പോലെയല്ല .അത്ര മനക്കട്ടിയില്ല. അദ്ദേഹത്തെ നോക്കി കൊള്ളണം. .ഒരു പുരുഷനെ അവന്റെ അമ്മയും ഭാര്യയും സഹിക്കുന്ന പോലെ ആരും സഹിക്കില്ല .മനസിലാക്കുകയും ഇല്ല.നിന്റെ അച്ഛനോട് വിഭാര്യന്മാരായ സുഹൃത്തുക്കളോട് ചോദിയ്ക്കാൻ പറയൂ.

 

ഞാൻ വല്യേട്ടന്റെ മകൻ ഹരികുട്ടനോപ്പം ഒരു യാത്ര പോകുന്നു.അത് ഒരു അച്ഛനോടുള്ള മകളുടെ കടമകളുടെ ഭാഗമായാണ്.എന്റെ കുറച്ചു നല്ല വസ്ത്രങ്ങൾ മാത്രമേ ഞാൻ കൂടെ കരുതുന്നുള്ളു.

 

അതൊക്കെ നിന്റെ അച്ഛൻ സ്നേഹത്തോടെ വാങ്ങി തന്ന പഴയതു മാത്രം.അതിലൊക്കെ നിന്റെ അച്ഛന്റെ പ്രണയത്തിന്റെ മണമുണ്ട്.ഞാൻ മടങ്ങി വന്നാലും വല്യേട്ടനും ഹരികുട്ടനും ഒപ്പം തറവാട്ടിൽ ആകും താമസം.വല്യേട്ടത്തി മരിച്ചപ്പോൾ ഹരികുട്ടനും ഏട്ടനും തനിച്ചായപ്പോൾ ,ഞാൻ ആണവനെ വളർത്തിയത്.

 

അവന്റെ അച്ഛനെ അവൻ പൊന്നു പോലെയാ നോക്കുന്നത് .അവനു എന്നെയും വളരെ ഇഷ്ടമാണ്.തറവാട്ടിൽ എനിക്കും ഷെയർ ഉള്ളതിനാൽ എനിക്കും അവിടെ അവകാശമുണ്ട്.എന്റെ കാലശേഷം അത് നിങ്ങൾക്ക് വന്നു ചേരും.ഇടയ്ക്കു അവൻ എന്നെ കാണാൻ വരും .ഞാൻ എന്റെ സ്വപ്നയാത്ര അവനോടു പറഞ്ഞു.

 

അത് പ്രകാരം ഞങ്ങൾ യാത്ര പുറപ്പെടാൻ തീരുമാനിച്ചു. എന്നെ വിളിക്കണ്ട .അങ്ങോട്ടേക്ക് ഫ്ലൈറ്റ് ടിക്കറ്റ് എടുത്തിട്ടുണ്ട്.ഞാൻ തിരിച്ചു വരുമ്പോൾ വല്യേട്ടൻ കർമ്മ ബന്ധങ്ങളിൽ നിന്ന് മോചനം തേടി പോയിരിക്കും.അതിനാൽ മടക്ക യാത്ര നിശ്ചയിച്ചിട്ടില്ല.ലക്‌ഷ്യം പൂർത്തിയാകാതെ ഞാൻ തിരിച്ചു വരില്ല.

 

ഞാൻ പണ്ട് പ്രീഡിഗ്രിക്കു പഠിക്കുന്ന സമയം യൂത്ത് ഫെസ്റ്റിവലിൽ തിരുവാതിര അവതരിപ്പിക്കാൻ സ്റ്റേജിന്റെ പുറത്തു വന്നു നിൽക്കുന്ന സമയം എന്റെ സെറ്റുമുണ്ട് അഴിഞ്ഞു പോകുകയും നിസ്സഹായതയോടെ ഞാൻ അവിടെ നിന്ന് കരയാൻ തുടങ്ങി.

 

അന്ന് ആ കോളേജിൽ മാഷ് ആയിരുന്ന രാജശേഖരൻ എന്ന നിങ്ങളുടെ അച്ഛൻ അത് കാണുകയും ഒരു ടീച്ചറെ കൂട്ടി കൊണ്ട് വന്നു എന്റെ മുണ്ട് ഒന്നും കൂടെ ഉറപ്പിച്ചു ഉടുപ്പിക്കുകയും ചെയ്തു .

 

അന്ന് ഞാൻ സ്റ്റേജിൽ കയറിയത് അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയിട്ടാണ്.അന്നത്തെ തിരുവാതിര കളി കഴിഞ്ഞു വന്ന എന്നെ കാത്തു നിന്റെ അച്ഛൻ അവിടെ നിൽക്കുന്നുണ്ടായിരുന്നു.അന്ന് ഞങ്ങൾക്കായിരുന്നു ഫസ്റ്റ് പ്രൈസ് .അതെന്റെ അവസാന സ്റ്റേജ് പെർഫോമൻസ് ആയിരുന്നു .

 

അന്ന് നിന്റെ അച്ഛൻ പറഞ്ഞു എന്റെ കണ്ണുകളിൽ കൗതുകം കൂടുതലാണെന്നു .എല്ലാവരെയും സന്തോഷിപ്പിക്കാൻ മൂടുപടങ്ങൾ ഓരോന്നണിഞ്ഞപ്പോൾ കൗതുകം ലേശം മറഞ്ഞതാകാം.അതവിടെ തന്നെ ഉണ്ടായിരുന്നു ,ആരും പിന്നെ അത് കണ്ടില്ല എന്ന് മാത്രം….

 

അന്ന് ആ പതിനേഴു കാരിയെ കാത്തിരുന്നത് കല്യാണ പന്തൽ ആയിരുന്നു .വരൻ കോളേജ് അദ്ധ്യാപകൻ രാജശേഖരൻ .ഇപ്പോൾ വിവാഹപ്രായം 18 മാറ്റി 21 ആക്കും എന്ന് കേട്ടപ്പോൾ ഒരു സന്തോഷം. പ്രതിക്ക് പരോൾ നീട്ടി കിട്ടുന്ന സന്തോഷം.ആ 3 വർഷം നിസാരമല്ല,വ്യക്തിത്വരൂപികരണത്തിന് പ്രധാനമായ വർഷങ്ങൾ .ഒരു ജോലി കിട്ടിയിട്ടായിരുന്നു കല്യാണമെങ്കിൽ എന്റെ ജീവിതം മാറിയേനെ….

 

എന്റെ കണ്ണുകളിൽ കണ്ട നിസ്സംഗതക്കും മൗനത്തിനും നിങ്ങൾ ഓരോരോ അർത്ഥങ്ങൾ കൊടുത്തു.മാനസിക പ്രശ്നമെന്നും സ്‌മൃതി നാശമെന്നും. എനിക്കങ്ങനെ ഒന്നുമില്ല .ഞാൻ മാനസികമായും ശാരീരികമായും പൂർണ ആരോഗ്യവതിയാണ്.

 

അച്ഛനും രാമുവിനും ഇതൊന്നും വായിക്കാൻ സമയം ഉണ്ടാകില്ല .കുട്ടി അറിയിച്ചാൽ മതി .

 

സ്നേഹത്തോടെ അമ്മ

മായ വിനോദിനി .”

Leave a Reply

Your email address will not be published. Required fields are marked *