ബാലു നോക്കുമ്പോളൊക്കെ താനും അമ്മയോടൊപ്പം അടുക്കളയിൽ കൂടുന്നുണ്ട് എന്ന് കാണിക്കാൻ അവൾ നന്നായി ശ്രദ്ധിച്ചിരുന്നു

തോൽക്കാൻ മനസ്സില്ലാത്തവൾ

(രചന: Vandana)

 

വൈകുന്നേരം ഉമ്മറത്തെ പൂന്തോട്ടത്തിലെ സിമന്റ്‌ ബഞ്ചിലിരിക്കുമ്പോൾ അസ്വസ്ഥമായിരുന്നു താരയുടെ മനസ്സ്. വിവാഹം കഴിഞ്ഞു ഏതാണ്ട് ആറു മാസങ്ങൾ ആവുന്നതേ ഉള്ളൂ..

 

ഇപ്പൊ ഏറ്റവും അധികം സ്വപ്‌നങ്ങൾ കാണേണ്ട, സന്തോഷിക്കേണ്ട സമയമാണ്. പക്ഷേ എന്തുചെയ്യാം ഇതാണ് വിധി. അവൾ നെടുവീർപ്പിട്ടു.

 

ബാലുവിനെ കല്യാണം കഴിക്കുമ്പോൾ മനസ്സിൽ ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ബാലുവിന് ആകെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അമ്മയും മകനും മാത്രമുള്ള വീട്ടിലേയ്ക്ക് പോകേണ്ട എന്ന് അന്ന് എല്ലാവരും പറഞ്ഞതാണ്. പക്ഷേ താനത് കേട്ടില്ല. എന്തോ ആദ്യകാഴ്ച്ചയിൽ തന്നെ ബാലുവിനെ അത്രത്തോളം ഇഷ്ടപ്പെട്ടു പോയി.

 

ബാലുവിന്റെ ചിരിയും കുസൃതി ഒളിപ്പിച്ച കണ്ണുകളും.. എന്തോ വല്ലാത്തൊരു ഇഷ്ടം. താൻ ഒരൊറ്റ ആളിന്റെ നിർബന്ധത്തിലാണ് വിവാഹം ഉറപ്പിച്ചത്. കല്യാണം ഉറപ്പിച്ച ശേഷമുള്ള ഫോൺവിളികളിലൂടെ പരസ്പരം കൂടുതൽ അറിഞ്ഞു. അന്നും ഇന്നും തോന്നിയിട്ടില്ല ഇതൊരു തെറ്റിയ തീരുമാനം ആയിരുന്നുവെന്ന്.

 

അത്രയ്ക്കും നല്ലവനാണ് ബാലു. ഒത്തിരി സ്നേഹിക്കുന്ന, തമാശകൾ പറയുന്ന, കുസൃതികൾ കാട്ടുന്ന താൻ മനസ്സിൽ ആഗ്രഹിച്ച പോലത്തെ പങ്കാളി. പക്ഷേ ഇവിടെ ഇപ്പൊ പ്രശ്‌നം ബാലുവിന്റെ അമ്മയാണ്.

 

അമ്മയും മോനും മാത്രമുള്ള വീടായത് കൊണ്ട് തന്നെ ബാലുവിന്റെ അമ്മയെ സ്വന്തമായി തന്നെ കാണുമെന്നും, അവരേ നന്നായി സ്നേഹിക്കുമെന്നും ഒക്കെ മനസ്സിൽ ഉറപ്പിച്ചാണ് വിവാഹം കഴിഞ്ഞു വന്നത്.

 

പക്ഷേ, വീട്ടുകാർ ഇഷ്ടപ്പെട്ടു നടത്തിയ വിവാഹമായിട്ടും താൻ ബാലുവിന് ചേർന്ന പെൺകുട്ടി തന്നെ ആയിരുന്നിട്ടും വന്ന സമയം മുതൽ അമ്മയ്ക്ക് തന്നോട് എന്തോ അനിഷ്ടമുണ്ട്. ആദ്യമൊക്കെ അത് തന്റെ തോന്നലാണ് എന്നാണ് കരുതിയത്.

 

അവർക്ക് ബാലുവിന്റെ കാര്യത്തിൽ അല്പസ്വല്പം പൊസ്സസീവ്നെസ് ഒക്കെ കാണുമെന്നു ആദ്യമേ ഊഹിച്ചിരുന്നു. അതെല്ലാം ഈസി ആയി കൈകാര്യം ചെയ്യാമെന്ന് കോൺഫിഡൻസും ഉണ്ടായിരുന്നു. പക്ഷേ എല്ലാം കൂടെ ഇപ്പൊ ശ്വാസം മുട്ടുകയാണ്.

 

കല്യാണം കഴിഞ്ഞു വന്നപ്പോൾ തൊട്ട് തന്നെ എല്ലാ ജോലികളും അമ്മ തന്നെ ചെയ്യണമെന്ന് അവർക്ക് നിർബന്ധമായിരുന്നു. മധുവിധു രാവുകളുടെ ആലസ്യത്തിൽ പലപ്പോളും താൻ വൈകി ഉണർന്നു വരുമ്പോളേക്കും അമ്മ ജോലികൾ എല്ലാം തീർത്തിരിക്കും.

 

തന്നോട് പുഞ്ചിരിയോടെ അതൊന്നും സാരമില്ല എന്ന് പറയും. ബാലുവിന്റെ വസ്ത്രങ്ങൾ കഴുകലും മറ്റും ബാലു സ്വന്തമായി ചെയ്തിരുന്നത് കൊണ്ട് ആ കാര്യങ്ങളിലൊന്നും കൈകടത്തൽ ഉണ്ടായില്ല. താൻ മറ്റൊന്നും ശ്രദ്ധിച്ചതുമില്ല. പിന്നെ ആദ്യമായി അത് ശ്രദ്ധയിൽ പെടുന്നത് ഒരിക്കൽ നേരത്തെ എണീക്കണമെന്ന് ബാലു പറഞ്ഞപ്പോളാണ്.

 

” താരാ.. താൻ കുറച്ചു നേരത്തെ എണീറ്റ് അമ്മയെ ഹെല്പ് ചെയ്യണം ട്ടോ.. അമ്മയ്ക്ക് പ്രായമായതല്ലെ.. താനും കൂടെ കൂടിയാൽ അമ്മ ഹാപ്പി ആവും.. ”

 

തന്നെ ഒട്ടും വേദനിപ്പിക്കാതെ ബാലു അത് പറഞ്ഞപ്പോൾ ഒന്നും തോന്നിയില്ല. പക്ഷേ എന്തോ അതൊരു കരടായി ഉള്ളിൽ കിടന്നു. പിറ്റേന്ന് നേരത്തെ എണീറ്റ് ചെല്ലുമ്പോൾ അമ്മ അടുക്കളയിൽ ഉണ്ട്. താൻ കൂടെ കൂടാനായി ചെന്നപ്പോൾ തന്നെ ഒന്നിനും അനുവദിക്കാതെ പറഞ്ഞുവിട്ടു. പക്ഷേ അന്ന് ബാലുവിനോട് അമ്മ പറയുന്നത് അവിചാരിതമായി കേൾക്കാനിടയായി.

 

” അമ്മയ്ക്കിങ്ങനെ കഷ്ടപ്പെടാൻ വിഷമം ഇല്ല മോനേ.. പക്ഷേ അമ്മ മോനോട് എന്തേലും പറയുമ്പോ മോൻ അവളോട് പറയല്ലേ.. ആ കുട്ടിയുടെ മുഖമിങ്ങനെ ഇരുണ്ടു കാണാൻ വയ്യ അമ്മയ്ക്ക് ” എന്ന്.

 

അത് കേട്ട് ചിന്തിച്ചു നിൽക്കുന്ന ബാലുവിനെ കണ്ടപ്പോ മനസ്സിലായി, ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് പറഞ്ഞത് പോലെയാണ് ബാലുവിന്റെ കാര്യങ്ങൾ എന്ന്. അമ്മ പറയുന്നതിനപ്പുറം ബാലു ഒന്നും ചിന്തിക്കില്ല. അമ്മയ്ക്ക് ഈ വിരോധം എന്തിനാണെന്നും, തന്നോട് ദേഷ്യം എന്താണെന്നും എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. അവർ പിടി തന്നുമില്ല.

 

അമ്മയോട് അടുപ്പം ഉണ്ടാക്കാനായി അവർ ജോലി ചെയ്യുന്നിടത്തു സഹായിക്കാനായി ചെല്ലുമ്പോൾ അവർ തന്നെ അവിടെ നിന്ന് ഒഴിവാക്കും.

 

എന്തെങ്കിലും സ്വന്തമായി ചെയ്യാൻ തുടങ്ങുമ്പോൾ അതെല്ലാം തടസ്സപ്പെടുത്തും. ആദ്യമൊക്കെ സ്നേഹത്തോടെ ആയിരുന്നെങ്കിൽ ഇപ്പൊ നിന്റെ പരിഷ്ക്കാരമൊന്നും ഇവിടെ വേണ്ട എന്ന മട്ടാണ്. അമ്പിനും വില്ലിനും അടുക്കാത്ത പ്രകൃതം. ബാലു വീട്ടിൽ നിന്നിറങ്ങി കഴിഞ്ഞാൽ പിന്നെ വരുന്നത് വരെ അവർ തന്നോട് സംസാരിക്കാറില്ല.

 

അത്യാവശ്യത്തിനു ഏറെ ഗൗരവത്തോടെ ചുരുങ്ങിയ സംസാരം മാത്രം. വല്ല അസുഖവും വന്നാൽ പോലും ശ്രദ്ധിക്കാറില്ല . ബാലു വരുമ്പോൾ അവർ തൈലവും കുപ്പിയുമായി ഇരിക്കും. ആ ജോലി ചെയ്തപ്പോൾ കാലു വേദന കൂടി..

 

ഇന്നത് ചെയ്തപ്പോൾ നടു ഉളുക്കി എന്നെല്ലാം വളരെ നോർമൽ ആയി പറയും. കൂടെ വയ്യെങ്കിൽ പിന്നെന്തിനാ ചെയ്തേ എന്ന് ബാലു ചോദിക്കുമ്പോൾ ഞാനല്ലാതെ ആരാ മോനേ ചെയ്യുക എന്നൊരു സംസാരവും. പലപ്പോളും ഒരു സീൻ അമ്മ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്.

 

എങ്ങോട്ടെങ്കിലും ഒഴിവു ദിവസങ്ങളിൽ പുറത്തേക്ക് പോകാനായി ഇറങ്ങിയാൽ താനും ബാലുവും കൂടെ എത്ര നിർബന്ധിച്ചാലും അമ്മ വരില്ല. പക്ഷേ ഇറങ്ങാൻ നേരം ഒത്തിരി വൈകല്ലേ മോനേ.. അമ്മയ്ക്ക് ആധിയാണ് എന്ന് പറയും.

 

പിന്നെ ബാലുവിന് ആകെ വെപ്രാളമാണ്. എവിടെ പോയാലും തിരിച്ചെത്താനുള്ള വെമ്പലാണ് പിന്നെ.

ഇപ്പൊ കുറച്ചായി അമ്മയുടെ പ്രകടനങ്ങൾ കൂടി കൂടി അത് ബാലുവിന് തന്നോട് നേർത്ത നീരസം തോന്നുന്നിടം വരെ എത്തി. അതാണിപ്പോൾ തന്നെ ശ്വാസം മുട്ടിക്കുന്നത്.

 

വീട്ടിലേയ്ക്ക് വിളിച്ചു അമ്മയോട് ഇതെല്ലാം പറയാം എന്ന് വെച്ചാൽ അമ്മയ്ക്കാണെങ്കിലും അച്ഛനാണെങ്കിലും താൻ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ. അമ്മയുടെ വാക്കും കേട്ട് ബാലുവിന് തന്നോട് പ്രശ്നമാണ് എന്നറിഞ്ഞാൽ ബാലുവിനെ കളഞ്ഞു വരാനേ അവർ പറയൂ എന്നുറപ്പാണ്.

 

അതൊന്നും താൻ ആഗ്രഹിക്കുന്നു പോലുമില്ല. മാത്രമല്ല ബാലുവിനെ പിരിഞ്ഞൊരു ജീവിതം ഓർക്കാൻ കൂടി വയ്യ. എങ്ങനെയെങ്കിലും ജീവിതം തിരിച്ചു പിടിച്ചേ പറ്റുള്ളൂ..

 

പിന്നെയും താര ഒത്തിരി നേരം ഇരുന്നു. ഈ കാര്യങ്ങൾ എങ്ങനെ നേരിടണമെന്ന് തല പുകഞ്ഞാലോചിച്ചപ്പോൾ അവൾക്കും ചില ഐഡിയകൾ കിട്ടി. അവൾ മെല്ലെ പുഞ്ചിരിച്ചു.

 

അന്ന് ബാലു വരുന്ന സമയം ആയപ്പോൾ താര കാത്തുനിന്നു. അമ്മ തൈലവുമായി വരുന്നത് കണ്ടതും അവൾ ഓടി വന്നു എണ്ണയെടുത്തു അവരുടെ കാലിൽ തടവാൻ തുടങ്ങി. ആ കാഴ്ച കണ്ടുകൊണ്ട് വന്ന ബാലുവിന് അമ്മയും ഭാര്യയും ഒന്നിച്ചിരിക്കുന്നത് വലിയ സന്തോഷമായി.

 

പിന്നീട് നടന്നത് താരയുടെ കളികൾ ആയിരുന്നു. അമ്മയും അവളും കൂടി ഒരു ശീതയുദ്ധം തന്നെ തുടങ്ങി. അവൾ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ നീയതൊന്നും ചെയ്യേണ്ട എന്ന് പറഞ്ഞു അവർ ശകാരിച്ചാലും അവൾ പോകാതെ അവിടെ തന്നെ നിൽക്കാൻ തുടങ്ങി.

 

ബാലു നോക്കുമ്പോളൊക്കെ താനും അമ്മയോടൊപ്പം അടുക്കളയിൽ കൂടുന്നുണ്ട് എന്ന് കാണിക്കാൻ അവൾ നന്നായി ശ്രദ്ധിച്ചിരുന്നു. ശുദ്ധനായ ബാലു അതും വിശ്വസിക്കുമെന്ന് അവൾക്ക് ഉറപ്പായിരുന്നു.

 

അതുപോലെ തന്നെ വീട്ടിൽ അവളുടേതായ പല മാറ്റങ്ങളും കൊണ്ടുവന്നു. അമ്മയുടെ വിലക്കുകളൊന്നും വിലപ്പോകുന്നില്ല എന്ന് കണ്ടപ്പോൾ അവരുടെ പ്രതിഷേധം മെല്ലെ മെല്ലെ മുറുമുറുപ്പുകളിലേയ്ക്ക് മാറി. അമ്മയുമായി അവളിപ്പോൾ നല്ല കൂട്ടാണെന്ന ധാരണ ബാലുവിലും സന്തോഷമുണ്ടാക്കി. ഒരു പരിധി വരെ അമ്മയെ ഒതുക്കാൻ താരയ്ക്ക് കഴിഞ്ഞു.

 

” ബാലൂ.. നമുക്ക് മൂന്നുപേർക്കും കൂടെ ഗുരുവായൂർ ഒന്ന് പോണം കേട്ടോ.. അമ്മയുടെ പേരിൽ ഞാനൊരു വഴിപാട് നേർന്നിരുന്നു.. ”

 

താരയുടെ ആ പറച്ചിലിൽ അമ്മയും ബാലുവും ഞെട്ടി. അമ്മ അതിനോട് എതിർത്തെങ്കിലും വഴിപാടിന്റെ കാര്യം പറഞ്ഞു താര അവരേ തോൽപ്പിച്ചു. അങ്ങനെ ബാലുവും അമ്മയും താരയും കൂടെ ആദ്യമായി ഒന്നിച്ചു പോകാനിറങ്ങി.

 

ഗുരുവായൂർ ദർശനം കഴിഞ്ഞതും, താരയുടെ നിർബന്ധം കൊണ്ട് ആനക്കോട്ടയും ബീച്ചും ഒക്കെ പോയിട്ടാണ് അവർ മടങ്ങിയത്. ഒരുപാട് നാളായി പുറത്തൊന്നും ഇറങ്ങാതിരുന്ന അമ്മ ആദ്യം കാണിച്ച അസഹിഷ്ണുത മെല്ലെ മാറുന്നതും അവരുടെ മുഖത്ത് കൗതുകം വിരിയുന്നതും താര ശ്രദ്ധിച്ചിരുന്നു. അതോടെ ചിലത് താര മനസ്സിൽ ഉറപ്പിച്ചു.

 

” മോഹൻലാലിൻറെ പുതിയ പടം ഇറങ്ങിയിട്ടുണ്ട്. എനിക്കും അമ്മയ്ക്കും പോയെ പറ്റൂ. ബാലു കൊണ്ടുപോണം. ”

 

താര പറഞ്ഞത് ഒരു ഞെട്ടലോടെയാണ് ബാലു കേട്ടത്. അമ്മ എന്തെങ്കിലും എതിർത്തു പറയുമ്പോളേക്കും താര അവനെ കൊണ്ട് സമ്മതിപ്പിച്ചു അവനെ പറഞ്ഞു വിട്ടിരുന്നു. അതിന്റെ പേരിൽ അവൻ പോയ ശേഷം അമ്മ താരയോട് സ്വല്പം കയർത്തു സംസാരിച്ചെങ്കിലും അവളത് തെല്ലും വക വെച്ചില്ല.

 

എന്തായാലും വൈകീട്ടായപ്പോളേക്കും അമ്മയും സിനിമയ്ക്ക് പോകാൻ റെഡി ആയിരുന്നു. സിനിമയും പുറത്തെ അത്താഴവും ഒക്കെ അവർക്ക് ഇഷ്ടപ്പെട്ടുവെന്നു അവരുടെ മുഖത്തെ നേർത്ത പ്രസാദത്തിൽ നിന്ന് താര മനസ്സിലാക്കി. എങ്കിലും എപ്പോളും ബാലുവിലേയ്ക്ക് ഒതുങ്ങി കൂടാനായിരുന്നു അവർക്ക് ഇഷ്ടം. അതിനൊരു നടപടി വേണമെന്ന് അവൾ ഉറപ്പിച്ചു.

 

” ബാലു ഈ കൊണ്ടുവരുന്ന സാധനങ്ങൾ കുറേ പഴയതാട്ടോ.. ഇനി സാധനങ്ങൾ ഒന്നും ബാലു കൊണ്ടുവരണ്ട. ഞാനും അമ്മയും കൂടെ പോയി വാങ്ങിക്കാം. എല്ലാം അമ്മ തന്നെ നോക്കി വാങ്ങിയാലെ ശരിയാവൂ ”

 

ഇത്തവണ താരയുടെ അഭിപ്രായം അമ്മ നന്നായി എതിർത്തു. എന്നാൽ രണ്ടുപേരും പോയാൽ തനിക്കൊരു ഭാരം കുറയുമെന്ന ബാലുവിന്റെ പറച്ചിലിൽ അമ്മയ്ക്ക് പിന്നെ വോയിസ്‌ ഉണ്ടായില്ല. പിന്നെ വീട്ടിൽ നിന്നും തന്റെ സ്കൂട്ടി കൊണ്ടുവരീപ്പിച്ചതും അമ്മയെയും പിന്നിലിരുത്തി ഷോപ്പിംഗിന് പോയതുമൊക്കെ താരയ്ക്ക് രസമുള്ള അനുഭവങ്ങൾ ആയിരുന്നു.

 

മെല്ലെ മെല്ലെ അമ്മയ്ക്ക് തന്നോടുണ്ടായിരുന്ന നീരസവും അകലവും കുറയുന്നതും, തന്നോട് നേർത്ത വാത്സല്യത്തിന്റെ ഉറവകൾ പിറക്കുന്നതും താര തിരിച്ചറിഞ്ഞു.

 

അമ്മയെയും കൂട്ടി താര അമ്പലത്തിലും കടകളിലും ഒക്കെ പോകാൻ തുടങ്ങി. അവരും താരയോട് നന്നായി അടുത്ത് തുടങ്ങിയിരുന്നു. അടുക്കളയിൽ പാചകം ചെയ്യുമ്പോളും മറ്റു ജോലികൾ ചെയ്യുമ്പോളും ഒക്കെ അവർ ഒന്നിച്ചു ചെയ്യാൻ തുടങ്ങി. ഒഴിവുസമയങ്ങളിൽ ഒന്നിച്ചിരുന്നു ടിവി കാണുന്നതും കൊച്ചുവർത്തമാനങ്ങൾ പറഞ്ഞു പൂന്തോട്ടത്തിൽ സമയം ചെലവിടുന്നതും ഒക്കെ പതിവായി.

 

അമ്മയുടെ മുഖത്ത് സന്തോഷം മാത്രം കാണുന്നതും അമ്മയുടെ വേദനകളും തൈലക്കുപ്പികളും ഒക്കെ അപ്രത്യക്ഷമായതും ബാലുവിനെ ശരിക്കും സന്തോഷിപ്പിച്ചു. ആ സന്തോഷമത്രയും ഭാര്യയോടുള്ള സ്നേഹമായി പ്രകടിപ്പിച്ചപ്പോൾ താരയ്ക്കും അതൊരു പുതിയ ജീവിതമായിരുന്നു.

 

ഒരിക്കൽ മാത്രം ഒന്നിച്ചിരിക്കുന്ന സമയത്തു അമ്മ പറഞ്ഞു തുടങ്ങി..

 

” മോളേ.. ഞാൻ നിന്നോട്.. ”

 

” വേണ്ട അമ്മേ ”

 

അവർ പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ താര എതിർത്തു.

 

” അമ്മ പറഞ്ഞു വരുന്നതൊക്കെ എനിക്കറിയാം. അമ്മയ്ക്ക് ബാലുവിനോടുള്ള സ്നേഹം.. അത് നഷ്ടപ്പെടുമോ എന്ന പേടി.. അത് പിടിച്ചെടുക്കാൻ വന്ന എന്നോടുള്ള ദേഷ്യം.. എല്ലാം എനിക്ക് മനസ്സിലാവും..

 

അച്ഛൻ പോയതിനു ശേഷം അമ്മയും ബാലുവും മാത്രമുള്ള ഈ വീടെന്ന ഒരൊറ്റ ലോകത്ത് മാത്രം ഒതുങ്ങിയപ്പോ വന്ന ഓരോ തോന്നലുകളാ അമ്മേ.. എല്ലാം മറന്നേക്ക്. ഇപ്പൊ അമ്മയ്ക്ക് ഞാനും മോളല്ലേ.. എന്നോട് സ്നേഹമല്ലേ അത് മതി ”

 

അവളോട് മറുത്തൊന്നും പറയാനില്ലാതെ നനഞ്ഞൊരു ചിരി മാത്രം നൽകി അമ്മ പോയപ്പോൾ താര സമാധാനത്തോടെ പുഞ്ചിരിച്ചു.

 

വേണമെങ്കിൽ തനിക്ക് ബാലുവിനോട് എല്ലാ. പറഞ്ഞു വലിയൊരു ബഹളം ഉണ്ടാക്കാമായിരുന്നു. അല്ലെങ്കിൽ വീട്ടിലേയ്ക്ക് പിണങ്ങി പോയി ഒരു വലിയ പ്രശ്നമാക്കാമായിരുന്നു. പക്ഷേ അതിൽ ഏത് ചെയ്താലും താൻ തോറ്റുപോയേനെ.. താരയ്ക്ക് തോൽക്കാൻ മനസില്ല. അവൾ നിറഞ്ഞു ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *