ഫ്രിഡ്ജ്.
ദേ മനുഷ്യാ നിങ്ങൾ കേൾക്കുന്നുണ്ടോ? ഇനിയെനിക്ക് ഒരു ദിവസം പോലും കാത്തിരിക്കാനാവില്ല. നാളെ തന്നെ അത് വാങ്ങിയെ പറ്റു. “.സഹധർമ്മിണിയുടെ സ്വതവെ ചുവന്നു തുടുത്ത മുഖം ചുവന്നു തുടുത്ത സ്ട്രോബറി പോലെയായി. കുറച്ചു ദിവസമായി ഫ്രിഡ്ജ് വാങ്ങണമെന്ന് അവൾ ആവശ്യപ്പെടുന്നു . അവളുടെ വാക്കുകൾ കേട്ടാൽ തോന്നും അവൾ ജനിച്ചത് തന്നെ ഫ്രിഡ്ജിനുള്ളിലാണെന്ന് . യഥാർത്ഥത്തിൽ അവൾ ആ കുന്ത്രാണ്ടം ഉപയോഗിക്കാൻ തുടങ്ങിയത് ഞങ്ങളുടെ വിവാഹശേഷമാണ് .ഫ്രിഡ്ജ് പലതരം രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്നായിരുന്നു അവളുടെയും അവളുടെ കുടുംബക്കാരുടെ പക്ഷം. പക്ഷേ ഇപ്പോൾ അവളുടെ മേക്കപ്പ് കിറ്റുപോലെ അടുക്കളയിലെ അവശ്യവസ്തുവായിഫ്രിഡ്ജ് മാറി. പഴയ ഫ്രിഡ്ജ് പതിനഞ്ച് കൊല്ലത്തെ സ്തുത്യർഹമായ സേവനം അവസാനിപ്പിച്ചിരിക്കുന്നു.ഇനി ഒരെണ്ണം വാങ്ങിയാൽ തന്നെ അതിന് പഴയ “മെയ്ഡ് ഇൻ ജപ്പാൻ്റെ ” ആയുസ്സുണ്ടാകില്ലെന്ന് എനിക്ക് നന്നായി അറിയാം. എന്നിരുന്നാലും ഇന്ന് നാമെല്ലാം പല ഇലക്ട്രിക് ഇലക്ടോണിക്ക് ഉപകരണങ്ങളുടെ അടിമകളല്ലേ ? അതുകൊണ്ട് പലപ്പോഴും നാം ഭക്ഷണത്തേക്കാൾ ഏറെ പ്രാധാന്യം കൊടുക്കുന്നത് ഇത്തരം ഉപകരണങ്ങൾക്ക് ആയിരിക്കും.നാല്പതിനായിരമോ അമ്പതിനായിരമോ കൊടുത്ത് ഒരു ഫ്രിഡ്ജ് മേടിക്കാൻ എനിക്ക് വലിയ ബുദ്ധിമുട്ടില്ല. എല്ലാ മാസവും എഴുപതിന്നായിരം രൂപ വാടകയായി ലഭിക്കുന്നുമുണ്ട് . പക്ഷേ വീട്ടുചിലവും , വേലക്കാരിയുടെ ശമ്പളവും, വീട്ടിലെ ഫോറിൻ കാറിൻ്റെ പരിപാലനചിലവും കൊടുത്തു തീർക്കുമ്പോൾ പലപ്പോഴും പോക്കറ്റ് കാലിയാവും.ഇക്കാര്യങ്ങളൊന്നും അറിയാത്ത ആളല്ല എൻ്റെ ഭാര്യ. പക്ഷേ അതിനൊന്നും ഗൗരവം കൊടുക്കാറില്ലെന്നു മാത്രം. അവളുടെ കണ്ണ് മൂന്നരലക്ഷം വിലയുള്ള ഫ്രിഡ്ജിലാണ്. ഗൾഫുകാരൻ രമേശന്റെ ആറായിരം സ്ക്വയർ ഫീറ്റ് വീടിന് അമ്പതിനായിരത്തിൻ്റെ ഫ്രിഡ്ജ് കുറച്ചിലാണെന്നാണ് അവളുടെ വാദം.
“മൂന്നര ലക്ഷം കൊടുത്തു ഒരെണ്ണം വാങ്ങിയാൽ ഞാനൊരു കടക്കാരനായി മാറും.അതു വേണോ? ”
“നിങ്ങളുടെ
പോക്കറ്റിൽ പണമില്ലെങ്കിൽ പണമുണ്ടാക്കാനുള്ള വഴികൾ ഞാൻ പറഞ്ഞു തരാം.”
ഒരു മാർക്കറ്റിംഗ് മാനേജറുടെ സ്വതസിദ്ധമായ ശൈലിയിൽ അവൾ മൊഴിഞ്ഞു ,
“വേണമെങ്കിൽ മക്കളോട് ചോദിക്കാം, അവരോട് ചോദിക്കുന്നതിൽ കുറച്ചിൽ തോന്നേണ്ട കാര്യമുണ്ടോ? അവരെല്ലാം കോടീശ്വരന്മാരല്ലേ ?നിങ്ങൾ ഒന്ന് വിളിച്ചാൽ അവർ ലക്ഷങ്ങൾ തരും. പിന്നെ എന്തിന് വിഷമിക്കണം. അല്ലെങ്കിൽ അത് ചോദിക്കാൻ വിഷമമാണെങ്കിൽ ഈ വീടിന് ചുറ്റും നിൽക്കുന്ന ഈ മരങ്ങളുണ്ടല്ലോ? അത് വിറ്റാൽ ആരോടും കടം ചോദിക്കാതെ കാര്യം നടക്കും. മരങ്ങളുടെ ഇലകൾ മുറ്റത്ത് വീഴുന്നതും ഒഴിവാക്കുകയും ചെയ്യാം. അതൊക്കെ പോട്ടെ വഴിയെ പോകുന്ന ആളുകൾക്ക് ഇത്രകാലമായിട്ടും നമ്മുടെ വീട് കാണാൻ കഴിയുന്നുണ്ടോ? ഇത്ര വിശാലമായ വീടുണ്ടാക്കിയിട്ട് അത് ആരെയും കാണിക്കാൻ പറ്റുന്നില്ലെങ്കിൽ പിന്നെന്തിനാ ഇത്രയും വലിയ വീട് ?”
ഇപ്പോൾ മനസ്സിലായി അവളുടെ സാരോപദേശത്തിൻ്റെ പൊരുൾ എങ്ങോട്ടാണ് പോകുന്നതെന്ന്? ഞാനെന്തായാലും മക്കളോട് പണം ചോദിക്കില്ലെന്ന് അവൾക്കറിയാം.അവളുടെ ലക്ഷ്യം മറ്റൊന്നുമല്ല ഈ തൊടിയിലെ മരങ്ങൾ മുറിച്ചുമാറ്റണം ,അത്രതന്നെ. ഇടത്തൂർന്ന് നിൽക്കുന്ന മരങ്ങളായിരുന്നു ഈ സ്ഥലം വാങ്ങാൻ എന്നെ പ്രേരിപ്പിച്ചത്. സ്കൂൾ പഠനകാലം മുതൽ വലിയ നെൽപ്പാടത്തിൻ്റെ നടുവിലുള്ള ഈ മരതക ദ്വീപ് എൻ്റെ സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു.സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും ഈ സ്ഥലത്തേക്ക് ഞങ്ങൾ ഓടിവരുമായിരുന്നു. ഇവിടെ നിന്ന് കിട്ടിയിരുന്ന നാട്ടുമാങ്ങയും വാളൻപുളിയും ആഞ്ഞിലി ചക്കയും കാട്ടുപഴങ്ങളും ഓർക്കുമ്പോൾ തന്നെ വായിൽ കപ്പൽ ഓടിക്കാം. വേനൽ കാലത്ത് ഇവിടെയെത്തുമ്പോൾകുളിരുള്ള കാറ്റ് ഞങ്ങളെ തഴുകി കടന്നുപോയിരുന്നു . മാവിൻ ചില്ലയിലിരുന്ന് പാടുന്ന കുയിലിനെയും വേഴാമ്പലിനെയും ചെമ്പോത്തിനെയും അനുകരിക്കുന്നതും ഞങ്ങളുടെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നു. മരങ്ങളുടെ മറവിൽ ഒളിച്ചിരുന്ന് സാറ്റ് കളിക്കുന്നതും ഓർമ്മകളുടെ കണ്ണാടിയിൽ തെളിഞ്ഞുകാണാം. ഇപ്പോഴും വീണു കിടക്കുന്ന പഴുത്ത നാട്ടുമാങ്ങ ചെറുതായി അമർത്തി അതിലെ നീര് വലിച്ചു കുടിക്കുന്നതിൻ്റെ രസം മറ്റൊരു പഴത്തിനും നൽക്കാവില്ലെന്ന് എനിക്ക് തോന്നാറുണ്ട്. ഞാനങ്ങനെ ചെയ്യുന്നത് അറപ്പുളവാക്കുന്നുണ്ടെന്ന് അവൾ പറയാറുണ്ട്. കടയിലെ മെഴുക് പുരട്ടിയ ആപ്പിളും കീടനാശിനി മുക്കിയ മുന്തിരിയുമൊക്കെയാണ് അവളുടെ പഥ്യം.
ഞാൻ അഞ്ചിൽ പഠിക്കുമ്പോഴാണ് സത്യഭാമ ടീച്ചർ ഞങ്ങളുടെ സ്കൂളിലേക്ക് സ്ഥലം മാറിവരുന്നത്. ഈ മരങ്ങൾക്കിടയിലുള്ള ഇടുങ്ങിയ വഴിയിലൂടെ നടക്കുമ്പോൾ ടീച്ചർ പറയുമായിരുന്നു , ” മോനെ രമേശാ എൻ്റെ മോളുടെ കയ്യൊന്നു പിടിക്കണേ”
ഒന്നാം ക്ലാസിൽ പഠിക്കുന്ന ടീച്ചറുടെ മകൾ ശേഷ്മയുടെ കൈ പിടിച്ച് നടക്കാനാണ് എന്നോട് പറഞ്ഞതെങ്കിലും അവളെ ഒക്കത്ത് എടുത്ത് വച്ച് ഞാൻ നടക്കുമായിരുന്നു . പിന്നീടങ്ങോട്ട് രണ്ട് കൊല്ലവും എൻ്റെ ഡ്യൂട്ടിയായിരുന്നു അവളെ രാവിലെ സ്കൂളിലേക്കും വൈകുന്നേരം സ്കൂളിൽ നിന്ന് വീട്ടിലേക്കും എടുത്തു കൊണ്ടുവരുന്നത്. അന്നുമുതൽ എനിക്ക് രേഷ്മയോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ വിധി വൈപിരിത്യമെന്ന് പറയട്ടെ അവളിന്ന് എൻ്റെ അനുജൻ വിനോദിൻ്റെ ഭാര്യയാണ്. പഠിക്കുന്ന സമയത്ത് അവൾക്ക് വിനോദിനോട് ഒട്ടും താല്പര്യമുണ്ടായിരുന്നില്ലെന്നത് മറ്റൊരു കാര്യം .
യുപി സ്കൂൾ പഠനം കഴിഞ്ഞപ്പോൾ ഞാൻ മറ്റൊരുസ്ഥലത്ത് ഹൈസ്കൂൾ പഠനമാരംഭിച്ചു. പിന്നീട് ഞാൻ അവളെ കാണുന്നത് അവൾ ബിഎഡ് പഠിക്കുമ്പോഴാണ് . അപ്പോഴേക്കും ഞാൻ ഗൾഫിൽ പോയി പണം സമ്പാദിക്കുകയും ഞാൻ ഈ സ്വപ്നഭൂമിക സ്വന്തമാക്കുകയും അവിടെ ആറായിരം സ്ക്വയർ ഫീറ്റുള്ള ഒരു മനോഹരമായ വീട് പണിയുകയും ചെയ്തു. അക്കാലത്ത് ആ വീട് കാണാൻ പലരും വരുമായിരുന്നു. അന്ന് ഇത്രവലുപ്പത്തിലുള്ള വീട് നമ്മുടെ നാട്ടിലുണ്ടായിരുന്നില്ല. പലരും വീടിനു ചുറ്റുമുള്ള മരങ്ങൾ മുറിച്ചു മാറ്റാൻ ഉപദേശിച്ചെങ്കിലും ഞാനത് കേട്ടതായി പോലും ഭാവിച്ചില്ല.ടൗണിലേക്ക് പോകാനായി ബസ്റ്റോപ്പിൽ നിന്നിരുന്ന ടീച്ചറെയും രേഷ്മയേയും ഞാനെൻ്റെ പുതിയ കാറിലേക്ക് ക്ഷണിച്ചു. എനിക്ക് തോന്നി കുറെ നേരമായി അവർ ബസിന് കാത്തിരിക്കാൻ തുടങ്ങിയിട്ടെന്ന്. ഉച്ച വെയിലിൻ്റെ കാഠിന്യം അവരുടെ മുഖത്തും വസ്ത്രങ്ങളിലും കാണാമായിരുന്നു.
കാറിൽ കയറിയ ടീച്ചർ മകളോട് ചോദിച്ചു “മോളെ നിനക്ക് ആളെ മനസ്സിലായോ?”
ഇല്ലെന്ന അർത്ഥത്തിൽ അവൾ തല കുലുക്കി.
” നിന്നെ സ്കൂളിലേക്ക് എടുത്തോണ്ട് പോയിരുന്ന രമേശനെ ഓർമ്മയില്ലേ?”
ഇത് കേട്ടതും അവളുടെ മുഖം നാണം കൊണ്ട് ചുവന്നു.അവൾ വലിയ സുന്ദരി ഒന്നുമായിരുന്നില്ലെങ്കിലും അവളുടെ ശാലീനതയും ലാളിത്യവും എനിക്കിഷ്ടമായി.
“വിവാഹം കഴിഞ്ഞോ രമേശാ ? ”
“ഇല്ല ടീച്ചറെ, ഇപ്പോഴാണ് വീടുപണികഴിഞ്ഞ് സ്വസ്ഥമായത്? ഇനി ഒരാളെ നോക്കണം.”
ഇത് പറയുന്നത് അവൾ ശ്രദ്ധാപൂർവം കേൾക്കുന്നതും മുഖത്ത് ഭാവങ്ങൾ മിന്നിമറയുന്നതും ഞാൻ റിയർവ്യൂ മിററിൽ കണ്ടിരുന്നു. അവർ കാറിൽ നിന്ന് ഇറങ്ങി പോയിട്ടും ഡസ്കിൽ ഒട്ടിച്ചുവെച്ച ബബിംൾഗം പോലെ അവൾ എൻ്റെ മനസ്സിൽ പതിഞ്ഞു നിന്നു.
അന്ന് വൈകുന്നേരം രേഷ്മയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്നും അതിനായി സത്യഭാമ ടീച്ചറുടെ വീട്ടിൽ അമ്മ പോകണമെന്നും പറയാനായിട്ടാണ് ഞാൻ അമ്മയുടെ അടുത്തേക്ക് പോയത്. ഞാനെന്തെങ്കിലും പറയുന്നതിന് മുമ്പ് അമ്മ പറഞ്ഞു.
“നീയറിഞ്ഞോ രമേശാ, ഇന്ന് അമ്മാവൻ ഇവിടെ വന്നിരുന്നു . ”
“എന്താ വിശേഷം ? ”
ഞാൻ ഒട്ടും താല്പര്യമില്ലാതെ ചോദിച്ചു.
” ഒരു ആലോചനയുമായിട്ടാണ് രവി വന്നത്.അനുവും നീയുമായുള്ള വിവാഹത്തിന് എനിക്ക് സമ്മതമാണോയെന്ന് ചോദിച്ചു. ”
“അതിന് അമ്മയെന്തു പറഞ്ഞു? ”
“എനിക്ക് നൂറുവട്ടം സമ്മതമാണെന്ന് പറഞ്ഞു. ” ഞാൻ ദേഷ്യത്തോടെ പറഞ്ഞു,
“അല്ല ഞാൻ അറിമേലാഞ്ഞിട്ട് ചോദിക്കുകയാ എന്നോട് ചോദിക്കാതെയാണോ എൻ്റെ കല്യാണം തീരുമാനിക്കുന്നത്?”
“അല്ല മോനെ നിനക്ക് അനുവിനെ ഇഷ്ടമില്ലേ? അവളെ പോലെരു സുന്ദരി ഈ നാട്ടിലുണ്ടോടാ? പിന്നെ ചില കോപ്രായങ്ങൾ അവൾക്കുണ്ട്. പക്ഷേ അതൊക്കെ കല്യാണം കഴിയുമ്പോ മാറിക്കോളും.പിന്നൊരു കാര്യം നിൻ്റെ കല്യാണം കഴിഞ്ഞിട്ട് വേണം നിൻ്റെ അനിയന് കെട്ടാൻ. മൂത്തവൻ ഇരിക്കെ ഇളയവൻ്റെ കല്യാണം നടത്താൻ പറ്റ്വാ? ഇന്നലെ അവൻ എന്നോട് പറയുകയാണ് അവന് സത്യഭാമ ടീച്ചറുടെ മകൾ രേഷ്മയെ വിവാഹം കഴിക്കാൻ താല്പര്യമുണ്ടെന്ന് .എന്നോട് അവളെ ആലോചിക്കാൻ പറഞ്ഞിരിക്കുകയാണ് .എന്താ നിൻ്റെ അഭിപ്രായം? ”
വിവാഹസദ്യക്ക് താമസിച്ചു ചെന്നവനെ പോലെയായി ഞാൻ .ഇഷ്ട ഭക്ഷണം കിട്ടിയതുമില്ല എന്നാൽ ഒട്ടും ഇഷ്ടമില്ലാത്തത് കഴിക്കേണ്ട അവസ്ഥയുമായി . ഒരുകാലത്ത് അമ്മാവന് ഞങ്ങളെക്കാൾ ഏറെ സമ്പത്തുണ്ടായിരുന്നു.അന്ന് അമ്മാവന്റെ വീട്ടിൽ ചെന്നാൽ ഒരുക്കിയ പാടത്ത് ഞാറ് ഇടാനും പശുവിനെ തീറ്റിക്കാനും തൊഴുത്ത് വൃത്തിയാക്കാനും ആവശ്യപ്പെടുകയും അവിടെയുള്ള പണിക്കാരോട് കല്പിക്കുന്നത് പോലെ ഞങ്ങളോടും കല്പിക്കുമായിരുന്നു. പലപ്പോഴും പണം കടം ചോദിക്കാനായിരുന്നു ഞാൻ അവിടെ പോയിരുന്നത്. അല്ലെങ്കിലും കടം ചോദിക്കാൻ ചെല്ലുന്നവന് മാന്യത ലഭിക്കാറുണ്ടോ? അമ്മാവൻ്റെ മകളായ അനുവിനെ കാണാൻ പോലും അമ്മാവനും അമ്മായിയും സമ്മതിക്കുമായിരുന്നില്ല .അവൾക്കും ഞങ്ങളെ കാണാൻ താല്പര്യമുണ്ടായിരുന്നില്ല. ഇപ്പോൾ അമ്മാവൻ്റെ സ്നേഹത്തിന് കാരണം എൻ്റെ പുതിയ വീടും ഗൾഫിലെ ജോലിമാണെന്ന് എനിക്ക് നന്നായി അറിയാം. അനു അതിസുന്ദരിയാണെന്നുള്ളത് നേര് തന്നെ. പക്ഷേ അവളുടെ അണിഞ്ഞൊരുങ്ങലും മേക്കപ്പും എനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. അത് അവളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കിയിരുന്നു. മുടിക്ക് വ്യത്യസ്തമായ നിറങ്ങൾ നൽകി, കൈകളിലും മാറിടത്തിലും റ്റാറ്റു കുത്തി കൺപോളകൾക്ക് നീലയും കൺപീലിക്ക് വയലറ്റും നിറവും പൂശി, ഇറുകിയ ഷോട്ട്സുമിട്ട് നടക്കുന്ന അവളെ എനിക്ക് ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല . അമ്മ അമ്മാവന് വാക്ക് കൊടുത്തതുകൊണ്ടും അനുജൻ സ്നേഹിക്കുന്ന പെണ്ണിനെ ജ്യേഷ്ഠന് കല്യാണം ആലോചിക്കണമെന്ന് പറയാൻ പറ്റാത്തത് കൊണ്ടും അനുവിനെ വിവാഹം കഴിക്കാൻ എനിക്ക് സമ്മതമാണെന്ന് അമ്മയോട് പറയേണ്ടിവന്നു. അങ്ങനെയാണ് അനുവുമായുള്ള എൻ്റെ വിവാഹം നടന്നത്. അമ്മാവൻ്റെ ഒറ്റ മകളാണ് അവളെങ്കിലും അവളുടെ ദുർവ്യയം അമ്മാവനെ പാപ്പരാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ. മറ്റുള്ളവരെ കാണിക്കാനായി പണം ചെലവഴിക്കുന്നതിൽ ഒരു പിശുക്കും അവൾക്കുണ്ടായിരുന്നില്ല.വിദേശരാജ്യങ്ങളിലെ വസ്ത്രങ്ങളും മേക്കപ്പും ഭക്ഷണവുമായിരുന്നു അവളുടെ ഇഷ്ടങ്ങൾ. അതുകൊണ്ടുതന്നെ അവളുമായുള്ള വിവാഹജീവിതം അത്രസുഖകരമായിരുന്നില്ല .എങ്കിലും മക്കൾ രണ്ടുപേരും പഠിച്ചു നല്ല നിലയിൽ എത്തി. അവർക്കിഷ്ടമുള്ളവരെ അവർ കണ്ടെത്തുകയും വിദേശരാജ്യങ്ങളിൽ താമസമുറപ്പിക്കുകയും ചെയ്തു. ഇടയ്ക്ക് എന്നോട് പണത്തിന് ആവശ്യമുണ്ടോയെന്ന് അവർ ചോദിക്കാറുണ്ടെങ്കിലും ഇതുവരെ ഞാൻ പണം ആവശ്യപ്പെട്ടിട്ടില്ല .എൻ്റെ വിവാഹം നടന്ന് ഏറെ വർഷങ്ങൾക്ക് ശേഷമാണ് അനുജൻ ശേഷമയെ വിവാഹം കഴിച്ചത്. അന്ന് അവൾ ഞങ്ങൾ പഠിച്ച സ്കൂളിലെ പ്ലസ് ടു അധ്യാപികയായി മാറി കഴിഞ്ഞിരുന്നു. അപ്പോഴും മെക്കാനിക്കൽ എൻജിനീയറിങ് കഴിഞ്ഞ വിനോദിന് പറയത്തക്ക ജോലിയൊന്നുമുണ്ടായിരുന്നില്ല. ആ സമയത്താണ് അവന് ഒരു ഹാർഡ് വെയർ ഷോപ്പ് തുടങ്ങുന്നതിനെ കുറിച്ച് അമ്മ എന്നോട് പറഞ്ഞത്,
” നീനക്കൊരു 20 ലക്ഷം രൂപ അവന് കടം കൊടുക്കാൻ പറ്റ്വാ? ന്നാ അവന് ഒരു കട തുടങ്ങാമായിരുന്നു. ടൗണിൽ നന്നായി പ്രവർത്തിക്കുന്ന ഒരു കട വിൽക്കാനുണ്ടെന്നാ അവൻ പറഞ്ഞത്. ”
അവൻ എന്തിനും അമ്മയോടാണ് ആവശ്യപ്പെടാറുള്ളത് നേരിട്ട് ചോദിച്ചാലും ഞാൻ കൊടുക്കുമെന്ന് അവന് അറിയാമെന്നാലും അവന് എന്നോട് നേരിട്ട് ചോദിക്കാൻ വിഷമമായിരുന്നു. അവനെ പഠിപ്പിക്കാൻ വേണ്ടി പണം ചെലവഴിച്ചതും ഞാൻ തന്നെയായിരുന്നു . ഒരച്ഛന്റെ സ്ഥാനത്താണ് അവൻ പലപ്പോഴും എന്നെ കണ്ടിരുന്നത്. അമ്മയോട് പറഞ്ഞു അവൻ്റെ ആഗ്രഹങ്ങൾ സാധിക്കുകയന്നത് അവൻ്റെ ശീലമായിരുന്നു. ഞാൻ കൊടുത്ത പണവും അനുവിന്റെ വീട്ടുകാർ സഹായിച്ച പണവും ചേർത്ത് അവൻ ടൗണിൽ ഹാർഡ്വെയർ കട തുടങ്ങി . ഇപ്പോൾ നല്ല നിലയിലാണ് അത് പ്രവർത്തിക്കുന്നത്. പക്ഷേ
വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ ആ പണം ചോദിച്ചിട്ടുമില്ല. അവൻ തിരികെ തന്നിട്ടുമില്ല.പലപ്പോഴും ആ പണം ചോദിച്ചു വാങ്ങുവാൻ രേഷ്മ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഞാൻ അവളുടെ ആവശ്യത്തോട് മുഖം തിരിക്കുകയാണ് ചെയ്യാറുണ്ടായിരുന്നത്.
മനസ്സില്ലാമനസ്സോടെയായാണ് ഞാൻ രേഷ്മയുടെ ആവശ്യത്തിന് വഴങ്ങി മരം മുറിക്കാൻ സമ്മതിച്ചത്. അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാൻ പലവട്ടം പുറത്തേക്ക് നോക്കി .
കാട്ടുക്കൊമ്പൻ്റെ തലയെടുപ്പോടെ നിന്നിരുന്ന മരങ്ങളോരോന്നും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പോലെ മുഖം കുനിച്ചു നിൽക്കുകയാണെന്ന് എനിക്ക് തോന്നി. അവൾ അടുത്ത ദിവസം തന്നെ മരം വിൽക്കാൻ ആളുകളെ അന്വേഷിച്ചു തുടങ്ങി. അവരിൽ ഒരാൾ അഡ്വാൻസ് തുക നൽകാമെന്ന് പറഞ്ഞ ദിവസമാണ് വിനോദും അനുവും വീട്ടിലേക്ക് വന്നത് .അവർ രണ്ടുപേരും വളരെ സന്തോഷത്തിലായിരുന്നു. അവരുടെ കുശലാന്വേഷണത്തിന്ശേഷം ഒരു കവർ എൻ്റെ നേരെ നീട്ടി. ഞാൻ ഒരു കൊച്ചു കുഞ്ഞിൻ്റെ ഉത്സാഹത്തോടെ ചോദിച്ചു
” ഇതെന്താ എനിക്ക് വല്ല സമ്മാനവും തരാൻ പോവുകയാണോ?”
“ഏട്ടൻ ആ കവറൊന്ന് തുറന്നു നോക്ക് ”
അനു ഉത്സാഹത്തോടെ പറഞ്ഞു.
ഞാൻ കവർ തുറന്ന് നോക്കിയപ്പോൾ കണ്ടത് ഒരു മുദ്രപത്രവും പത്തുലക്ഷം രൂപയുടെ ചെക്കുമായിരുന്നു.ഒന്നും മനസ്സിലാകാത്തവനെ പോലെ ഞാൻ മിഴിച്ചു നിന്നപ്പോൾ അനു തുടർന്നു , ” ഏട്ടനിപ്പോൾ നമ്മുടെ കമ്പനി ഒരു പാർട്ണറാണ് ഞങ്ങൾ ഇതുവരെ പറഞ്ഞില്ല എന്ന് മാത്രമേയുള്ളൂ. ഇത്രയും കാലം കിട്ടിയ പണം മുഴുവൻ ലോണും മറ്റ് കടങ്ങളും അടയ്ക്കാൻ ഉപയോഗിച്ചു. ഇപ്പോഴാണ് ശരിക്കും പറഞ്ഞാൽ ലാഭവിഹിതം കിട്ടിത്തുടങ്ങിയത്. ഇരുപത് ശതമാനം ലാഭവിഹിതം ഏട്ടൻ്റെതാണ്. ” എവിടെ നിന്നോ വീശിയടിച്ച കാറ്റിൽ എൻ്റെ കൈയിലുണ്ടായിരുന്ന ചെക്ക് പുറത്തേക്ക് പറന്നുപോയി. ഞാൻ അതിന് പിന്നാലെ ഓടി. ഒടുവിൽ അത് ചെന്ന്നിന്നത് തൊടിയിലെ കൂറ്റൻനാട്ടുമാവിൻ്റെ ചുവട്ടിലായിരുന്നു. ചെക്ക് എടുക്കുന്നതിന് പകരം മാവിനെ കെട്ടിപ്പിടിച്ച് കരയുന്ന എന്നെ അനുവും വിനോദുംഅത്ഭുതത്തോടെ നോക്കി നിൽക്കുന്നുണ്ടായിരുന്നു.
