അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ ശരീരം വെച്ചാണോ നീ സന്തോഷം കണ്ടെത്തിയത്? നിന്റെ അമ്മയ്ക്ക് ഇല്ലാത്ത എന്താടാ അവരിൽ കണ്ടത്?

“അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ ശരീരം വെച്ചാണോ നീ സന്തോഷം കണ്ടെത്തിയത്? നിന്റെ അമ്മയ്ക്ക് ഇല്ലാത്ത എന്താടാ അവരിൽ കണ്ടത്? നിന്നെപ്പോലൊരു വൃത്തികെട്ടവൻ എന്റെ വയറ്റിൽ തന്നെ വന്നു പിറന്നല്ലോ…”

എന്തെങ്കിലും മറുത്ത് പറയും മുന്നേ അവന്റെ കവിളിൽ അവരുടെ കൈ പതിച്ചിരുന്നു. ആ ഒറ്റ അടിയിൽ തന്നെ അവന്റെ കയ്യിലിരുന്ന ഫോൺ താഴേക്ക് തെറിച്ചുവീണു. അപ്പോഴും അമ്മ കലിയടങ്ങാതെ നിൽക്കുന്നുണ്ടായിരുന്നു.

വിഷ്ണു ശ്രീനാരായണ ആർട്സ് കോളേജിലെ രണ്ടാംവർഷ വിരുദ്ധ വിദ്യാർത്ഥിയാണ്.പഠനത്തിലും, കലയിലും എല്ലാം മിടുക്കൻ ആയിരുന്നതുകൊണ്ട് തന്നെ എല്ലാവർക്കും പ്രിയപ്പെട്ടവൻ ആണവൻ. എന്നിരുന്നാലും സുഹൃത്തുക്കൾക്കിടയിൽ കുറച്ച് തമാശക്കാരൻ എന്ന പേരും അവന് ഉണ്ടായിരുന്നു എപ്പോഴും എന്തെങ്കിലുമൊക്കെ കുസൃതികൾ ഒപ്പിച്ചു കൊണ്ടിരിക്കും. അച്ഛൻ രാജേഷ് പതിനഞ്ചു വർഷത്തോളമായി പ്രവാസജീവിതം നയിക്കുന്നു. അതുകൊണ്ടുതന്നെ വീട്ടിൽ വിഷ്ണുവും അമ്മ ദേവിയും മാത്രമായിരുന്നു. എല്ലാ അമ്മമാരെ പോലെ തന്നെ മകനെ കുറിച്ച് കുറെയേറെ പ്രതീക്ഷകൾ ദേവിക്ക് ഉണ്ടായിരുന്നു വിഷ്ണുവും എന്തും അമ്മയോട് തുറന്നു പറഞ്ഞിരുന്നു. ഇവർക്കിടയിൽ പുറമേ നിന്നൊരു അംഗം ആയിരുന്നു ഇന്ദിര. വർഷങ്ങളായി അവരുടെ വീട്ടിൽ ജോലി ചെയ്തിരുന്ന ഇന്ദിരയെ വീട്ടിലെ ഒരു അംഗത്തെ പോലെ തന്നെയാണ് അവർ കണ്ടത്. ചെറുപ്പം മുതൽ കണ്ടു വളർന്നത് കൊണ്ടും അമ്മയുടെ പ്രായം ഉണ്ടായിരുന്നതുകൊണ്ടും വിഷ്ണു അവരെ ഇന്ദിരാമ്മ എന്നാണ് വിളിച്ചിരുന്നത്. അവർക്കും സ്വന്തം മകനോടുള്ള വാത്സല്യം തന്നെയായിരുന്നു വിഷ്ണുവിനോട്.

അന്ന് ഒരു ഞായറാഴ്ചയായിരുന്നു. ഇന്ദിര താഴെ മുറ്റം വൃത്തിയാക്കുന്ന നേരം വിഷ്ണു ടെറസിൽ നിന്ന് അവരുടെ കുറച്ചു ഫോട്ടോസ് എടുത്തു. അവന്റെ മനസ്സിൽ അത് വെറും തമാശയായിരുന്നു അതുകൊണ്ട് തന്നെയാണ് ‘ഞങ്ങളുടെ വീട്ടിലെ സൂപ്പർ വുമൺ’ എന്ന ക്യാപ്ഷൻ നൽകി അവൻ ആ ഫോട്ടോ സുഹൃത്ത് അമലിന് അയച്ചത്.അത് കണ്ട് അമൽ തിരിച്ചും ചിരിക്കുന്ന ഒരുപാട് ഇമോജികൾ അയച്ചു അതോടെ ഒരു നോർമൽ സംഭവം എന്ന നിലയ്ക്ക് വിഷ്ണു ആ കാര്യം മറന്നു. എന്നാൽ പിന്നീടാണ് കാര്യങ്ങൾ മാറിമറിഞ്ഞത് പിറ്റേന്ന് കോളേജിൽ പോകുമ്പോൾ പല സുഹൃത്തുക്കളും അവനെ നോക്കി അടക്കം പറയുന്നതുപോലെ അവന് തോന്നി.

“ഡാ നിന്റെ വീട്ടിൽ ജോലി ചെയ്യുന്ന ചേച്ചി ആൾ കൊള്ളാമല്ലോ.. അവരാണ് ഇപ്പോൾ ഇവിടുത്തെ ചർച്ചാവിഷയം.”
അത് കേട്ടതും വിഷ്ണു ഞെട്ടി.

“എന്ത്??” അവർ തങ്ങളുടെ ഫോണിലെ ചിത്രങ്ങൾ അവനെ കാണിച്ചു.
അത് കണ്ടതും വിഷ്ണുവിന് തലകറങ്ങുന്നത് പോലെ തോന്നി. താൻ അമലിന് അയച്ചുകൊടുത്ത ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീലമാക്കി മാറ്റി വ്യാജ ക്യാപ്ഷനുകളോട് കൂടി വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുകയായിരുന്നു.

“ദൈവമേ.. അവൻ ചതിച്ചല്ലോ..”അവൻ തലയിൽ കൈവച്ചു പോയി.

തളരുന്ന കാലുകളോടെ വിഷ്ണു ആദ്യം തിരഞ്ഞത് അമലിനെയാണ്. സത്യാവസ്ഥ എന്തെന്നറിയണം പക്ഷേ അവിടെ മൊത്തം തിരഞ്ഞെങ്കിലും അവനെ കാണാൻ കഴിഞ്ഞില്ല.

“വിഷ്ണു.. നിന്നെ ദേ പ്രിൻസി വിളിക്കുന്നുണ്ട് ആകെ സീൻ ആയെടാ. പിള്ളേര് ഇരുന്ന് നിന്റെ വീട്ടിലെ വേലക്കാരിയുടെ ഫോട്ടോ നോക്കുന്നത് മനോജ് സാർ പൊക്കി. സാർ പിടിച്ചു കുടഞ്ഞപ്പോൾ അവന്മാർ സത്യം പറഞ്ഞു അയാൾ ഇത് പ്രിൻസിയെയും അറിയിച്ചു.. അമലിനെ നേരത്തെ പൊക്കി നീ വേഗം ചെല്ല്..”കൂട്ടുകാരിൽ ഒരാൾ അത് വന്നു പറഞ്ഞതും വിഷ്ണു നിശ്ചലമായി.

” ഭഗവാനെ.. ഇനി എന്താണ് ചെയ്യുക? ”
തളരുന്ന കാലുകളോടെ പ്രിൻസിപ്പാളിന്റെ മുറി ലക്ഷ്യമാക്കി നടക്കുമ്പോൾ ആരൊക്കെയോ പരിഹസിച്ച് ചിരിക്കുന്നുണ്ടായിരുന്നു. ഒടുക്കം എങ്ങനെയൊക്കെയോ അവിടെ എത്തുമ്പോൾ അമലിനോട് ദേഷ്യപ്പെട്ട് സംസാരിക്കുകയായിരുന്നു പ്രിൻസിപ്പാൾ വിജയൻ സാർ അമൽ കുറ്റവാളിയെ പോലെ തലകുനിച്ചു നിൽപ്പുണ്ട്.

“ഓഹ് വന്നല്ലോ ആസ്ഥാന ഫോട്ടോഗ്രാഫർ…നാണമുണ്ടോ നിനക്കൊക്കെ? നശിക്കണം എന്നുണ്ടെങ്കിൽ സ്വന്തമായി അങ്ങ് നശിച്ചാൽ പോരെ ബാക്കിയുള്ള പിള്ളേരെ കൂടെ ചീത്തയാക്കണോ? നന്നായി പഠിക്കുന്നത് കൊണ്ട് താനൊരു നല്ല സ്റ്റുഡന്റ് ആയിരിക്കുമെന്നാണ് ഞാൻ കരുതിയത് പക്ഷേ ഇത്രയ്ക്കും മോശമാണെന്ന് ഇപ്പോഴാ അറിഞ്ഞത്.”

“സാറേ ഇപ്പോൾ എന്ത് പറഞ്ഞാലും അതൊന്നും ഇവന്മാരുടെ രോമത്തിൽ പോലും കൊള്ളില്ല. പേരൻസിനെ വിവരം അറിയിച്ചിട്ടുണ്ടല്ലോ അവർ വരട്ടെ അവരുടെ മുന്നിലിട്ട് രണ്ട് പറഞ്ഞാലേ ഇവന്മാർക്ക് കുറച്ചെങ്കിലും ഉളുപ്പ് വരുകയുള്ളൂ..” മനോജ് സാറാണ് പറഞ്ഞത്.

“അമ്മ അറിഞ്ഞോ?” വിഷ്ണുവിന് ബോധം നഷ്ടമാകുന്നത് പോലെ തോന്നി. അവൻ ദയനീയമായി അമലിനെ നോക്കിയെങ്കിലും അമൽ കൂസലില്ലാതെ നിന്നു.

അരമണിക്കൂറിനുള്ളിൽ തന്നെ ദേവി ഓടി പാഞ്ഞു വന്നു. അപ്പോഴേക്കും അമലിന്റെ പേരൻസും എത്തിയിരുന്നു അമ്മയെ കണ്ടതും അവന് കരച്ചിൽ വന്നു.അവനെ ഒന്ന് തറപ്പിച്ചു നോക്കുകയല്ലാതെ അവർ ഒന്നും മിണ്ടിയില്ല.ആ നോട്ടത്തിൽ തന്നെ അവൻ ഉരുകിപ്പോയി.

” മക്കളുടെ സ്വഭാവഗുണങ്ങൾ ഇനി പ്രത്യേകം വിവരിക്കേണ്ടതില്ലല്ലോ? ഇത്തരം മോശം സ്വഭാവം ഉള്ള വിദ്യാർത്ഥികളെ ഇവിടെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുണ്ട് തൽക്കാലം ഒരു മാസത്തേക്ക് വീട്ടിലിരിക്കട്ടെ പിന്നീട് എന്തുവേണമെന്ന് പിടിഎ മീറ്റിംഗ് കൂടിയതിനുശേഷം തീരുമാനിക്കാം.. ” ദേവി തലകുനിച്ചു ഇരിക്കുകയല്ലാതെ ഒരക്ഷരം മിണ്ടിയില്ല.

” സാർ ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ഇവനാണ് ആ ഫോട്ടോ മോർഫ് ചെയ്തത്..ഞാൻ നിരപരാധിയാണ് എനിക്കതിൽ പങ്കില്ല.. “വിഷ്ണു കരഞ്ഞുകൊണ്ട് പറഞ്ഞു.

” എന്നിട്ട് അങ്ങനെയല്ലല്ലോ നിന്റെ കൂട്ടുകാരൻ പറഞ്ഞത്. നീയത് അവനെ കൊണ്ട് നിർബന്ധിച്ച് ചെയ്യിച്ചതാണ് എന്നാണല്ലോ.. അല്ലെങ്കിൽ തന്നെ ഒരാൾ അറിയാതെ,അതും ഒരു സ്ത്രീ ജോലിചെയ്യുന്ന ഫോട്ടോ സുഹൃത്തിന് അയച്ചുകൊടുത്തത് നല്ല കാര്യമാണ് എന്നാണോ???? പോരാത്തതിന്അത് മറ്റുള്ള കുട്ടികൾക്കിടയിലും പ്രചരിപ്പിച്ചു. നിങ്ങൾ അമ്മമാരും ശ്രദ്ധിച്ചോളൂ ഇങ്ങനെയുള്ളവരൊന്നും സ്വന്തം അമ്മ ഏതാ പെങ്ങൾ ഏതാ എന്ന് പോലും നോക്കില്ല.. രണ്ടിനെ പിടിച്ചു പോലീസിൽ ഏൽപ്പിക്കേണ്ടതാണ് ഞാൻ അത് ചെയ്യാത്തത് ഈ കോളേജിനെ ബാധിക്കുന്നതുകൊണ്ടാണ്.. ഇവിടെയുള്ള കുട്ടികൾക്കിടയിലുള്ള ഫോട്ടോസ് എല്ലാം ഞാൻ ഇടപെട്ട് നീക്കം ചെയ്തോളാം അതിനപ്പുറത്തേക്കുള്ളതൊന്നും എന്റെ കയ്യിൽ നിൽക്കില്ല… ഇനി വരാനുള്ളതൊക്കെ എന്താണെന്ന് വെച്ചാൽ വീട്ടുകാരോടൊപ്പം ചേർന്ന് ഫേസ് ചെയ്യ്.. ”

അവരുടെ മുന്നിലിരുന്ന് പൊട്ടിക്കരയുന്ന അമ്മയെ കണ്ടതും അവന്റെ നെഞ്ച് തകർന്നു. സുഹൃത്തിന് ചതിയൻ എന്നൊരു പേരുകൂടിയുണ്ടെന്ന് അവൻ ആ നിമിഷം തിരിച്ചറിഞ്ഞു ഓട്ടോയിൽ വീട്ടിലെത്തുവോളം ദേവി തന്റെ മകനെ നോക്കുക പോലും ചെയ്തില്ല. വീട് എത്തിയതും മകനെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി കൊടുത്തു രണ്ടെണ്ണം അവൻ ശബ്ദിക്കുക പോലും ചെയ്തില്ല. കലിയടങ്ങാതെ സ്വന്തം ചുരിദാറിന്റെ ടോപ്പ് അഴിച്ചുമാറ്റാൻ തുടങ്ങിയ അവരെ അവൻ കാലുപിടിച്ചുകൊണ്ട് തടുത്തു.

“വേണ്ടമേ പ്ലീസ്….വേണ്ട.”

“കാണടാ… സ്വന്തം അമ്മയുടെ ശരീരം കണ്ട് തന്നെ നീ തൃപ്തിയടയ് എന്നിട്ട് മറ്റുള്ള പാവം സ്ത്രീകളെ വെറുതെ വിട്…കണ്ണ് തുറന്ന് കാണണം നീ..നിന്റെ അമ്മയ്ക്കില്ലാത്ത എന്താണ് മറ്റുള്ള സ്ത്രീകളിൽ കണ്ടതെന്ന് എനിക്കറിയണം.”
ഇന്നോളം എന്നെപ്പോലെ തന്നെയല്ലേ നീ ഇന്ദിരയെയും കണ്ടിട്ടുള്ളൂ…പിന്നെന്തിന് നീ ഇത് ചെയ്തെന്ന് എനിക്കറിയണം..”

ദേഷ്യം തീരാതെ അവർ അവനെ പൊതിരെ തല്ലി.അത് കണ്ട് നിൽക്കാനാകാതെ അടുക്കളയിൽ കരഞ്ഞുകൊണ്ട് നിന്നിരുന്ന ഇന്ദിര വന്ന് ദേവിയെ പിടിച്ചു മാറ്റി.

” വേണ്ട ചേച്ചി ഇനി മോനെ തല്ലണ്ട…

“ഇന്ദിരാമ്മേ…”അവൻ കരഞ്ഞു.ദുഃഖം കൊണ്ട് അവന് തല ഉയർത്താൻ പോലും കഴിഞ്ഞില്ല.അവർ ഒന്നും മിണ്ടിയില്ല.

അന്ന് രാത്രി ദേഷ്യം അടങ്ങിയപ്പോൾ അടി കൊണ്ട് തളർന്നുറങ്ങുന്ന വിഷ്ണുവിന് അരികിൽ ദേവി ഇരുന്നു. മകന്റെ ആ കിടപ്പ് കണ്ട് അവർക്ക് സങ്കടം സഹിക്കാനായില്ല. മുടിയിഴയിൽ തലോടിയതും അവൻ ഞെട്ടി എഴുന്നേറ്റു.

” ഞാനൊന്നും ചെയ്തിട്ടില്ല അമ്മേ.. അമൽ എന്നെ ചതിച്ചതാണ്. “വീണ്ടും അവൻ കരഞ്ഞുകൊണ്ട് പറഞ്ഞു.

“സാരമില്ല പോട്ടെ.. നിന്നെ പൂർണ്ണമായും ന്യായീകരിക്കാൻ അമ്മയ്ക്ക് ആവില്ല. ഒരാളുടെ അനുവാദം കൂടാതെ ഫോട്ടോ എടുത്തത് തെറ്റ് തന്നെയാണ് പക്ഷേ അത് ദുരുപയോഗം ചെയ്തത് നീയല്ല എന്ന് എനിക്കറിയാം. അച്ഛൻ വിളിച്ചിരുന്നു സത്യം എന്താണെന്ന് നമുക്ക് തെളിയിക്കാം.” അവർ അവനെ ആശ്വസിപ്പിച്ചു.അന്നേരം സങ്കടം സഹിക്കവയ്യാതെ അവൻ തന്റെ അമ്മയുടെ തോളിൽ ചാഞ്ഞു കിടന്നു.

പിറ്റേന്ന് ഇന്ദിര ജോലിക്കു വന്നില്ല. അതിനടുത്ത ദിവസവും വന്നില്ല.

“അമ്മേ ഇന്ദിരമ്മ എന്താ വരാത്തത്?” അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരുന്ന അമ്മയോട് അവൻ തിരക്കി.

“ഇന്ദിര ഇനി വരുന്നില്ല എന്ന് പറഞ്ഞു. ഞാൻ നിർബന്ധിച്ചില്ല.” അവർ അവനെ നോക്കാതെ തന്നെ പറഞ്ഞു അവന്റെ മനസ്സ് വേദനിച്ചു.

“അമ്മേ ഞാൻ ഇന്ദിരാമയുടെ വീട്ടിലേക്ക് ഒന്നു പോയിക്കോട്ടെ..” അവൻ യാചിച്ചു.

ആദ്യം സമ്മതിച്ചില്ലെങ്കിലും അവന്റെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവർ സമ്മതം മൂളി. ഒടുക്കം അമ്മ പറഞ്ഞു തന്ന വഴിയിലൂടെ ആ ചെറിയ വീട്ടിൽ എത്തി. അവിടെ രോഗിയായ അവരുടെ ഭർത്താവിനെയും പത്താം ക്ലാസിൽ പഠിക്കുന്ന മകളെയും കണ്ടതും വിഷ്ണുവിന്റെ മനസ്സ് തകർന്നു.

“ഇന്ദിരാമ്മേ..വാതിൽക്കൽ നിന്ന് അവൻ വിളിച്ചു.

“എന്തിനാ മോനെ നീ ഇങ്ങോട്ട് വന്നത്?” അവർ കണ്ണ്നീർ തുടച്ചുകൊണ്ട് ചോദിച്ചു.

“ക്ഷമിക്കണം ഇന്ദിരാമേ ഞാൻ കാരണമാണ് ഇതെല്ലാം…” അവന്റെ വാക്കുകൾ ഇടറി.

“ജീവിക്കാൻ ഒരു നിവർത്തിയും ഇല്ലാത്തതുകൊണ്ടാ മോനേ ഞാൻ അവിടെ പണിക്ക് വരുന്നത്. അവിടെ വന്ന് പണിയെടുത്ത് എന്തെങ്കിലും കിട്ടിയിട്ട് വേണം ചേട്ടന് മരുന്നു വാങ്ങാനും എന്റെ മോളെ പഠിപ്പിക്കാനും. ഇനി ആകെയുള്ള പ്രതീക്ഷ ഇവള് മാത്രമാണ്.ദേവി ചേച്ചിയും ശമ്പളത്തിന് പുറമേ സഹായിക്കാറുണ്ട്. നന്നായി പഠിക്കുന്ന എന്റെ മോൾ ഇപ്പോൾ രണ്ടുദിവസമായി സ്കൂളിൽ പോണില്ല ആളുകൾ എന്തൊക്കെയാ പറഞ്ഞതെന്ന് അറിയാമോ?” അവർ കരഞ്ഞുകൊണ്ട് പറഞ്ഞു വിഷ്ണുവിന് മറുപടി ഉണ്ടായില്ല.

അവരോട് ഒന്നും പറയാതെ അവൻ മടങ്ങി.അവിടെനിന്ന് നേരെ പോയത് അമലിന്റെ വീട്ടിലേക്കാണ്. വിഷ്ണു വീട്ടിലെത്തുമ്പോൾ അവിടെ ആരും ഉണ്ടായില്ല.അത് സൗകര്യം ആയെന്ന് അവനും തോന്നി. വീട്ടിലെ സോഫയിൽ ഫോണിൽ എന്തോ കണ്ടിരുന്ന അമൽ വിഷ്ണുവിനെ കണ്ടതും പരുങ്ങി ഓടാൻ ശ്രമിച്ചെങ്കിലും പിടിച്ചുനിർത്തി അവൻ അമലിന്റെ കരണം നോക്കി പുകച്ചു. ആ അടിയിൽ അവന്റെ ചെവി മൂളി.

” എന്തിനാടാ നീ ഇത് ചെയ്തത്…? ” കഴുത്തിന് കുത്തിപ്പിടിച്ച് വിഷ്ണു ചോദിക്കുമ്പോൾ കുറ്റം സമ്മതിക്കാൻ ആദ്യം അമൽ വിസമ്മതിച്ചെങ്കിലും വിഷ്ണുവിന്റെ പിടുത്തം മുറികിയതോടെ തെറ്റ് സമ്മതിക്കാതിരിക്കാൻ അവനു കഴിഞ്ഞില്ല.

” ഞാൻ വെറുതെ ഒരു ഫണ്ണിന് വേണ്ടി ചെയ്തതാണ്..അത് ഇത്രയും വിഷയമാകും എന്ന് കരുതിയില്ല സോറി. ” വിഷ്ണുവിന്റെ പിടുത്തം അയഞ്ഞതും അമൽ പറഞ്ഞു.

” ഫൺ ആണോടാ നിനക്ക് ഇതൊക്കെ? എന്റെ അമ്മയുടെ മുന്നിൽ,ഇന്ദിരാമ്മയുടെ മുന്നിൽ എനിക്കിപ്പോൾ തല ഉയർത്തി നടക്കാൻ പറ്റാതായില്ലേ? ” വിഷ്ണു കോപത്തോടെ പറഞ്ഞു.

” മറ്റുള്ളവരുടെ കുടുംബം വെച്ചാണോ നീ ഫൺ കണ്ടെത്തുന്നത്? നടന്ന സംഭവങ്ങൾ എല്ലാം കോളേജിൽ ചെന്ന് പറഞ്ഞില്ലേ കൊന്നുകളയും നിന്നെ.. എനിക്കിനി ഒന്നും നോക്കാനില്ല” വിഷ്ണുവിന്റെ ദേഷ്യം കണ്ട് അമൽ നന്നേ ഭയന്നു.

വിഷ്ണു അപ്പോൾ തന്നെ ഫോണിൽ വീഡിയോ റെക്കോർഡ് ആക്കി വെച്ചു.

“നിങ്ങൾ കുറച്ചുനാളായി ഒരു വ്യാജ മോർഫിംഗ് ചിത്രം കാണാൻ ഇടയായിട്ട് ഉണ്ടാകും. എന്റെ വീട്ടിൽ ജോലിചെയ്യുന്ന ഇന്ദിരാമ്മയാണ് അത് അവർ എനിക്ക് സ്വന്തം അമ്മയെ പോലെയാണ്. ഇതാണ് ഒറിജിനൽ ചിത്രം ഇതിൽ യാതൊരു തരത്തിലും അവരെ മോശമായി ചിത്രീകരിച്ചിട്ടില്ല. പക്ഷേ അവരുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോ എടുത്തത് എന്റെ തെറ്റാണ് പിന്നീട് അതിനെ ദുരുപയോഗം ചെയ്തതും വ്യാജവാർത്തകൾ പ്രചരിപ്പിച്ചതും ഇവനാണ്. ഈ നാണക്കേടിന് ഇരയായ ഇന്ദിരാമ്മയോടും കുടുംബത്തോടും ഞാൻ പരസ്യമായി മാപ്പ് ചോദിക്കുന്നു.” ആ വീഡിയോയിൽ തന്നെ അമലിനെ കൊണ്ട് വിഷ്ണു കുറ്റം ഏറ്റുപറയിച്ചു.

റസിഡൻസ് അസോസിയേഷൻ യോഗത്തിൽ പോലും അവൻ അക്കാര്യം തുറന്നുപറഞ്ഞു.എല്ലാവരും മിണ്ടാതെ നിന്നു. കോളേജിലും അവന്റെ നിരപരാധിത്വം തെളിഞ്ഞതുകൊണ്ട് സസ്പെൻഷന്റെ കാലാവധി കുറച്ച് വീണ്ടും കോളേജിൽ പഠിക്കാനുള്ള അനുമതി പിടിഎ യോഗം തീരുമാനിച്ചു.

” തെറ്റ് ചെയ്യാത്ത മനുഷ്യർ ഇല്ല പക്ഷേ തെറ്റ് സമ്മതിച്ചു തിരുത്താൻ ധൈര്യമുള്ളവർ കുറവാണ്. നിനക്കതിന് കഴിഞ്ഞു. ” അന്ന് രാത്രി ദേവി മകനോട് പറഞ്ഞു.

“അമ്മേ ഇനി ഒരിക്കലും മറ്റൊരാളുടെ സ്വകാര്യതയിൽ ഞാൻ കൈകടത്തില്ല. ഇന്ദിരാമയോട് തിരികെ വരാൻ പറയൂ അമ്മേ പ്ലീസ്..” അവന്റെ കണ്ണ് നിറഞ്ഞു.

“ഞാൻ ഇന്ദിരയെ വിളിക്കാം വരുമെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല.” അവർ അവനെ സമാധാനിപ്പിച്ചു.

അടുത്തയാഴ്ച കോളേജിൽ പോകാനായി നേരത്തെ റെഡിയായി വിഷ്ണു ഡോർ തുറന്നു അന്നേരം വാതിൽക്കൽ നിൽക്കുന്ന ഇന്ദിരാമയെ കണ്ടതും അവൻ ഞെട്ടിത്തരിച്ചു.. സന്തോഷം കൊണ്ടാണെന്ന് അറിയില്ല അവന്റെ കണ്ണുകൾ നിറഞ്ഞു. അവർ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

“ആഹ് ഇന്ദിര വന്നോ?അവനൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി വരുന്ന കാര്യം ഞാൻ പറഞ്ഞിരുന്നില്ല.”

” മകൾ സ്കൂളിൽ പോയി തുടങ്ങിയോ’ ദേവി ചോദിച്ചു.

” ഇത്ര ദിവസം പണിക്ക് വരാതിരുന്നത് കൊണ്ട് ഫീസ് അടയ്ക്കാൻ വൈകി. വിഷമിച്ചാണ് ഇന്ന് സ്കൂളിൽ പോയത് രണ്ടുദിവസം പണി ചെയ്തിട്ട് അടയ്ക്കാം എന്ന് പറഞ്ഞ് അയച്ചു വിട്ടു ഞാൻ.. “അവർ വിഷമത്തോടെ പറഞ്ഞു.

“എങ്കിൽ ഇനി നിനക്കൊരു സർപ്രൈസ് ആയിക്കോട്ടെ..മോളുടെ പഠന ചെലവ് ഇനിമുതൽ ഞങ്ങൾ നോക്കിക്കോളാം… ഇത് എന്റെ തീരുമാനം അല്ല കേട്ടോ വിഷ്ണു അവന്റെ അച്ഛനെ പറഞ്ഞ് സമ്മതിപ്പിച്ചതാണ്. ഇത്രയും നാളായി നീ ഇവിടെ വരാൻ തുടങ്ങിയെങ്കിലും മോളെ ആദ്യമായി അവൻ കണ്ടത് അന്ന് വീട്ടിൽ വന്നപ്പോഴാണല്ലോ…അന്ന് മുതൽ അവളുടെ പഠന കാര്യങ്ങൾ ഏറ്റെടുക്കണം എന്നോട് പറയാൻ തുടങ്ങിയതാണ്..അച്ഛനോടും പറഞ്ഞു..അവളുടെ പഠനത്തിന്റെ ചിലവ് ഓർത്ത് ഇനി നീ ടെൻഷൻ അടിക്കേണ്ട..”

ഇന്ദിരാമയുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നത് കണ്ട് വിഷ്ണു അവരെ ചേർത്തുപിടിച്ചു.

“കരയാതെ ഇന്ദിരമ്മേ..അവൾ എന്റെ അനിയത്തി തന്നെയാണ്.. ഇന്ദിരാമയോട് ചെയ്ത തെറ്റിന് ഇങ്ങനെയെങ്കിലും എനിക്ക് പ്രായശ്ചിത്തം ചെയ്യണം.. “അവന്റെ വാക്കുകൾ ഇടറി.

അത് കണ്ട് നിറകണ്ണുകളോടെ ദേവിയും അവരെ നോക്കി പുഞ്ചിരിച്ചു.

അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *