“ഈ പയ്യന് ലോട്ടറി ആണ്… നല്ല കാശുള്ള വീട്ടിലെ പെങ്കൊച്ചല്ലേ.. അവർക്ക് കാണാൻ നല്ലൊരു ചെറുക്കനെ വേണം. അങ്ങിനെ നോക്കി ഉറപ്പിച്ചതാ.. ”
” സ്ത്രീധനം കനത്തിലുണ്ടെന്നാ കേട്ടത്. ”
ആ കമന്റുകൾക്കിടയിലൂടെയാണ് ചൈതന്യ ഓഡിറ്റോറിയത്തിന്റെ കോംബൗണ്ടിനുള്ളിലേക്ക് കടന്നത്. നല്ല തിരക്കുണ്ടായിരുന്നു അവിടെ.
‘ആനന്ദ് വെഡ്സ് നിത്യ’
കവാടത്തിനു മുന്നിലെ വലിയ ബോർഡിന് മുന്നിൽ അൽപനേരം നോക്കി നിന്നു അവൾ.
” നല്ല കുട്ടിയാണ്.. പാവം ”
അറിയാതെ ആ ചുണ്ടുകൾ പിറുപിറുത്തു.
‘നീ എന്റെ ജീവനാണ് ചൈതന്യ.. നിന്നെയല്ലാതെ മറ്റൊരു പെൺകുട്ടിയുടെ കഴുത്തിൽ ഞാൻ താലി ചാർത്തില്ല .. ഇതെന്റെ വാക്ക് ‘
ആനന്ദ് പണ്ട് തന്നോട് പറഞ്ഞ ആ വാക്കുകൾ ഓർക്കവേ പുച്ഛത്തോടെ പതിയെ തിരിഞ്ഞു അവൾ. അവിടെ കവാടത്തിനരികിൽ തന്നെ ഒരു പുതു പുത്തൻ ആഡംബര കാർ ഭംഗിയിൽ അലങ്കരിച്ചു ഇട്ടിരുന്നു. അത് നോക്കി വെറുപ്പോടെ ഒന്ന് പുഞ്ചിരിച്ചു ചൈതന്യ.
‘കനത്തിലുള്ള സ്ത്രീധനത്തിന്റെ ഒരു പങ്ക്. ‘
ആത്മഗതത്തോടെ ഉള്ളിലേക്ക് നടന്നു അവൾ..
ആർഭാടപൂർണമായ വിവാഹമായതിനാൽ ഓഡിറ്റോറിയത്തിനുള്ളിൽ സാമാന്യം നല്ല തിരക്ക് ഉണ്ടായിരുന്നു.
“മുഹൂർത്തം ആകാറായി.. താലി കെട്ട് കഴിഞ്ഞ ഉടനെ സദ്യാലയത്തിന്റെ മുന്നിലേക്ക് പോണം അല്ലേൽ തിരക്ക് ആകും ”
” താലി കെട്ട് കാണാൻ നിൽക്കാതെ ഇപ്പോഴേ പോയി സദ്യാലയത്തിന്റെ വാതിലിൽ പോയി നിന്നാലോ.. ”
പല പല പ്ലാനിങ്ങുമായി ചുറ്റുമുള്ളവർ നോക്കിയിരിക്കവേ ഉള്ളാലെ അറിയാതെ പുഞ്ചിരിച്ചു പോയി ചൈതന്യ.
‘ഇവൻ താലി കെട്ടിയിട്ട് ഇന്ന് അമ്മാവന്മാര് ഉണ്ടത് തന്നെ.’
ആത്മഗതത്തോടെ അവൾ പതിയെ ഒരു ചെയറിലേക്കിരുന്നു. സത്യത്തിൽ ആ വിവാഹം മുടക്കുവാൻ തയ്യാറെടുത്തു എത്തിയതായിരുന്നു അവൾ. കഴിഞ്ഞ അഞ്ചു വര്ഷങ്ങളായി ആനന്ദും ചൈതന്യയും പ്രണയത്തിലാണ്. ഈ കാലയളവിനിടയിൽ മനസ് മാത്രമല്ല ശരീരവും അവർ പരസ്പരം പങ്കുവച്ചു പലവട്ടം. എന്നാൽ സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തിൽ നിന്നും നല്ലൊരു വിവാഹലോചന വന്നത് മുതൽ അവനിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ഒടുവിൽ നല്ലൊരു ‘തേപ്പ് ‘ അവൾക്ക് കൊടുത്ത് ആനന്ദ് മുങ്ങി. ഇത്തരമൊരു ചതി തന്നോട് ചെയ്തവനെ വെറുതെ വിടുവാൻ ചൈതന്യയുടെ മനസ്സ് അനുവദിച്ചില്ല. വിവാഹ വേദിയിൽ വച്ച് തങ്ങൾ ഒന്നിച്ചുള്ള ഫോട്ടോസ് ഉൾപ്പെടെ എല്ലാ കാര്യങ്ങളും വധുവിനെ അറിയിച്ചു ആനന്ദിനുള്ളിലെ ചതിയനെ എല്ലാവർക്കും മുന്നിൽ കാട്ടി കൊടുക്കുക എന്നതാണ് അവളുടെ ലക്ഷ്യം. എന്തേലും കാരണവശാൽ അവിടെയും അവൻ വഴുതി മാറി വിജയിച്ചാൽ ബ്രഹ്‌മാസ്ത്രം കണക്കെ ഒരു വീഡിയോ അവളുടെ കയ്യിൽ ഉണ്ട്. മുൻപെപ്പോഴോ തങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ ആനന്ദ് തന്നെ ഫോണിൽ റെക്കോർഡ് ചെയ്ത് അവൾക്ക് അയച്ചു കൊടുത്തത്. എന്ത് വഴി സ്വീകരിച്ചിട്ട് ആയാലും ആനന്ദിനെ കുടുക്കുക എന്ന ലക്ഷ്യത്തോടെയാണവൾ എത്തിയിട്ടുള്ളത്.
കതിർ മണ്ഡപത്തിൽ ആനന്ദ് കയറിയിരുന്നിരുന്നു അപ്പോഴേക്കും. അവന്റെ മുഖത്തെ പുഞ്ചിരി ചൈതന്യയെ വല്ലാതെ അസ്വസ്ഥയാക്കി.
‘ എനിക്ക് നീ സെറ്റ് ആകില്ല.. എന്നെപോലൊരാൾക്ക് പറ്റിയ പെണ്ണാണോ നീ… സ്വയം ഒന്ന് ആലോചിച്ചു നോക്ക്.. കൊക്കിൽ ഒതുങ്ങുന്നതല്ലേ കൊത്താവൂ.. കഴിഞ്ഞതൊക്കെ ഒരു ടൈം പാസ് പോലെ കണ്ടോ അതാകും നല്ലത് ‘
അവസാനമായി അവൻ പറഞ്ഞ ആ വാക്കുകൾ ആയിരുന്നു അവളുടെ മനസ്സിൽ അപ്പോൾ. വല്ലാത്ത അമർഷത്തിൽ മുഷ്ടി ചുരുട്ടി അവൾ. സമയം പിന്നെയും നീങ്ങി മുഹൂർത്ത സമയം എത്തിയതോടെ വധു പതിയെ മണ്ഡപത്തിലേക്കെത്തി. മുന്നേ ഗേറ്റരുകിൽ നടന്ന സംഭാഷണം പോലെ തന്നെ സ്വർണ്ണത്തിൽ മുങ്ങി കുളിച്ച പോലെയായിരുന്നു വധുവിന്റെ നിൽപ്പ്. തന്നെ ഉപേക്ഷിച്ചു ആനന്ദ് ഈ വിവാഹത്തിലേക്ക് പോകാനുള്ള കാരണവും അതായിരുന്നു എന്നത് വ്യക്തമായി ചൈതന്യയ്ക്ക്.
ഇനി തനിക്കു മുന്നിൽ ഉള്ളത് ഏതാനും നിമിഷങ്ങൾ മാത്രം.. എന്തേലും ചെയ്യുന്നേൽ ഇപ്പോൾ ചെയ്യണം. തീരുമാനിച്ചുറച്ചാണ് വന്നതെങ്കിലും ആ നിമിഷം മുതൽ ശരീരത്തിൽ ഉടനീളം വല്ലാത്തൊരു വിറയൽ തോന്നി അവൾക്ക്. ഇത്രത്തോളം വലിയ ജനക്കൂട്ടം നോക്കി നിൽക്കെ മണ്ഡപത്തിലേക്ക് കയറുവാൻ അവളുടെ ഉള്ളം പതറി. മാത്രമല്ല താൻ പറയുന്ന കാര്യങ്ങൾ ആ പെൺകുട്ടി അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ ഒരു പക്ഷെ തന്റെ അവസ്ഥ എന്താകും എന്ന ഭയവും അവളെ അലട്ടി. നാട്ടുകാരും ബന്ധുക്കളും ചിലപ്പോൾ തന്നെ ഉപദ്രവിച്ചേക്കാം..
‘ പ്രതികാരവും വേണ്ട ഒന്നും വേണ്ട.. സംഭവിച്ചതൊക്കെ മറന്ന് തിരികെ പോയാലോ..’
ഒരു നിമിഷം ചൈതന്യ മനസ്സിൽ അത് ചിന്തിച്ചു പോയി.പെട്ടെന്ന് തന്നെ നാദസ്വരമേളം ആരംഭിച്ചിരുന്നു.
അതോടെ അവളുടെ മിഴികൾ കുറുകി.
‘ പാടില്ല.. അങ്ങിനെ തോറ്റു പിന്മാറുവാൻ പാടില്ല… ഒരുപക്ഷെ നാളെ താലി കെട്ടിയ ഈ പെൺകുട്ടിയെയും ആനന്ദ് പറ്റിച്ചേക്കാം.. അവനെ വെറുതെ വിടാൻ പാടില്ല.. ഭഗവാനെ ധൈര്യം തരണേ.. ‘
ഉള്ളിൽ ഉറപ്പിച്ചു കൊണ്ട് പതിയെ എഴുന്നേറ്റു അവൾ . മണ്ഡപത്തിനു ചുറ്റും വധുവും ബന്ധുക്കളും വലം വയ്ച്ചു തൊഴുവുകയിരുന്നു അപ്പോൾ.. ഓഡിറ്റോറിയത്തിന് നടുക്കുള്ള നട വഴിയിലൂടെ ചൈതന്യ പതിയെ മണ്ഡപം ലക്ഷ്യമാക്കി നടക്കവേ.. ഒരു നിമിഷം ആനന്ദ് അവളെ നേർക്ക് നേർ കണ്ടു. അപ്രതീക്ഷിതമായ ആ കൂടി കാഴ്ചയിൽ ഒന്ന് നടുങ്ങി അവൻ. അവളുടെ മുഖഭാവത്തിൽ നിന്നും വരുന്നത് തനിക്കുള്ള മുട്ടൻ പണിയാണെന്ന് വ്യക്തമായി മനസിലാക്കവേ ഒറ്റ സെക്കന്റ് കൊണ്ട് എ സി ഓഡിറ്റോറിയത്തിനുള്ളിലിരുന്നിട്ടും അവന്റെ നെറ്റിയിൽ വിയർപ്പ് തുള്ളികൾ തെളിഞ്ഞു.
” എന്താടാ.. താലി കെട്ടാറായപ്പോ ആകെ വിയർക്കുന്നു. ടെൻഷൻ ഉണ്ടോ.. ”
പിന്നിൽ നിന്ന് ചേച്ചി ചോദിക്കുമ്പോൾ മറുപടി പറയാതെ ചൈതന്യയെ തന്നെ നോക്കി വിളറി വെളുത്തിരുന്നു ആനന്ദ് . ആ സമയം വധുവും മണ്ഡപത്തിലേക്ക് കയറിയിരുന്നു. ആനന്ദ് തന്നെ കണ്ടു എന്ന് മനസിലാക്കവേ ചൈതന്യയ്ക്കും ഇനി എന്താകും എങ്ങിനെയൊക്കെയാകും എന്ന് ചിന്തിച്ച് ടെൻഷൻ കൂടി.
‘അരുത്.. ‘ എന്ന അർത്ഥത്തിൽ അപ്പോൾ ആനന്ദ് കണ്ണുകൾ. കൊണ്ട് ആംഗ്യം കാട്ടുന്നുണ്ടായിരുന്നു. എന്നാൽ രണ്ടും കല്പിച്ചു മണ്ഡപത്തിന് മുന്നിലേക്ക് കയറാനുള്ള സ്റ്റെപ്പിന് നീരെ തിരിഞ്ഞതും പെട്ടെന്ന് പിന്നിൽ നിന്നും വേഗത്തിൽ ഒരു പെൺകുട്ടി അവളെ തള്ളി മാറ്റി മണ്ഡപത്തിലേക്ക് ഓടി കയറി. ഒപ്പം രണ്ട് മൂന്ന് ചെറുപ്പക്കാരും. പകച്ചു പോയ ചൈതന്യ പിന്നിലേക്ക് വേച്ചു ചുമരിൽ ഇടിച്ചു നിൽക്കവേ ഓടിക്കയറിയ പെൺകുട്ടി മണ്ഡപത്തിലിരുന്ന ആനന്ദിന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപിടിച്ചു ഒറ്റ വലിയ്ക്കു വലിച്ചു നിലത്തേക്കിട്ടു.ആ കാഴ്ച കണ്ട് ഒരു നിമിഷം എല്ലാവരും നടുക്കത്തോടെ നിന്നുപോയി.
” കള്ള നായെ എന്നെ ചതിച്ചിട്ടു വേറെ കെട്ടി സുഖായിട്ട് ജീവിക്കാം ന്ന് വച്ചോ നീ .. ”
അവൾ ഉച്ചത്തിൽ അലറുമ്പോൾ കൂടെ കയറിയ ചെറുപ്പക്കാർ ആനന്ദിനെ നിലത്തൂന്ന് വലിച്ചെഴുന്നേൽപ്പിച്ചു. ശേഷം അതിൽ ഒരുവൻ നടുങ്ങി തരിച്ചിരുന്ന വധുവിനു നേരെ തിരിഞ്ഞു.
” എന്റെ പെങ്ങളെ.. ഇവനെയൊക്കെ കെട്ടുന്നതിനേക്കാൾ നല്ലത് പോയി ഏതേലും ട്രെയിന് തല വയ്ക്കുന്നതാ.. പക്കാ ഫ്രോഡ് ആണ് ഇവൻ ഞങ്ങടെ ഈ ഫ്രണ്ട് അടക്കം പല പെൺപിള്ളേരുമായും ഇവന് ബന്ധം ഉണ്ടായിരുന്നു. എന്നിട്ടിപ്പോ അവരെ എല്ലാം തേച്ചു സ്വത്തും പണവും കണ്ട് പെങ്ങളെ കെട്ടാൻ വന്നേക്കുവാ.. പോലീസ് ഇപ്പോ വരും ഞങ്ങൾ ഫുൾ പ്രൂഫ് ഉൾപ്പെടെ കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്.
ആ ചെറുപ്പക്കാരൻ പറഞ്ഞത് കേട്ട് വധു മാത്രമല്ല ബന്ധുക്കളും നാട്ടുകാരും എല്ലാവരും നടുങ്ങി നിന്നു.
” ങേ.. നിങ്ങൾ എന്താണ് ഈ പറയുന്നത് ”
ആനന്ദിന്റെ അച്ഛൻ ഞെട്ടലോടെ മുന്നിലേക്ക് വന്നു.
” നിങ്ങൾക്ക് ആള് മാറിയതാ.. നോക്ക് നിത്യേ അച്ഛാ.. അമ്മേ…എനിക്ക് അറിയില്ല ഇവൾ ആരാണെന്ന് ”
ആനന്ദ് ഭയന്ന് തൊഴുകയ്യോടെ ചുറ്റുമുള്ളവരെ നോക്കുമ്പോൾ പെൺകുട്ടിയുടെ സുഹൃത്തുക്കളിൽ മറ്റൊരുവൻ കാൽ മുട്ട് മടക്കി അവന്റെ അടിവയറ്റിൽ ഒന്ന് തൊഴിച്ചു.
“അമ്മേ.. ”
അസഹനീയമായ വേദനയിൽ ആനന്ദ് നിലത്തേക്കിരുന്നു പോയി.
” അയ്യോ മോനെ.. ”
ആനന്ദിന്റെ അമ്മയും ബന്ധുക്കളും ഓടിയെത്തിയപോഴേക്കും പോലീസും എത്തിയിരുന്നു. ഈ സമയം ഒക്കെയും കണ്ട് സ്ഥബ്ധയായി നിൽക്കുകയായിരുന്നു ചൈതന്യയും. ആനന്ദിനാൽ വഞ്ചിക്കപ്പെട്ടിട്ടുള്ളത് താൻ മാത്രമല്ല എന്ന തിരിച്ചറിവ് അവളെ വല്ലാതെ നടുക്കി. അതോടൊപ്പം തന്നെ താൻ ചെയ്യാൻ ഉദ്ദേശിച്ചത് അതിനേക്കാൾ ഭംഗിയായി ആ പെൺകുട്ടിയും അവളുടെ സുഹൃത്തുക്കളും ചേർന്ന് ചെയ്തു എന്ന് മനസിലാക്കവേ വല്ലാത്ത ആശ്വാസവും സംതൃപ്തിയും തോന്നി അവൾക്ക്. പോലീസ് എത്തിയ പാടെ പെൺകുട്ടി തന്റെ ഫോണിൽ നിന്നും ആനന്ദിനെതിരായ തെളിവുകൾ അവരെ കാണിച്ചു.ഒപ്പം വധുവിനെയും ബന്ധുക്കളെയും വാട്ട്സപ് ചാറ്റും ഓഡിയോ കോൾ റെക്കോർഡിങ്ങും ഫോട്ടോസും വിഡിയോസും എന്ന് വേണ്ട അവനെ കുരുക്കാനും കള്ളി വെളിച്ചത്ത് കൊണ്ട് വരാനും പ്രാപ്തമായ എല്ലാ തെളിവുകളും പോലീസിന് കിട്ടി
ഒക്കെയും അറിഞ്ഞ ശേഷം ആനന്ദിന്റെ ചെക്കിടടച്ചു ഒരു അടിയോടെയാണ് വധുവിന്റെ അച്ഛൻ പ്രതികരിച്ചത്. വധുവാകട്ടെ നിറ കണ്ണുകളോടെ അതിലുപരി ദേഷ്യത്തോടെ അവനെ പിന്നിലേക്ക് പിടിച്ചു തള്ളി മണ്ഡപം വിട്ടിറങ്ങി പോയി.
“കള്ള ചതിയാ ഞങ്ങടെ കൊച്ചിനെ പറ്റിക്കാൻ വന്നതാണോ നായെ..”
വധുവിന്റെ ബന്ധുക്കളിൽ ചിലരും ആനന്ദിനിട്ടു രണ്ട് പൊട്ടിച്ചു അപ്പോഴേക്കും പോലീസ് അവരെ പിടിച്ചു മാറ്റി.
കല്യാണം മുടങ്ങി എന്ന് മനസിലാകവേ നിരാശയോടെ നാട്ടുകാരും പിരിഞ്ഞു തുടങ്ങിയിരുന്നു. ആനന്ദിനെ അപ്പോൾ തന്നെ പോലീസ് കൊണ്ട് പോയി. തിരികെ പുറത്തേക്ക് നടക്കുമ്പോൾ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നി ചൈതന്യയ്ക്ക്.
ഒരുപക്ഷെ താൻ ആയിരുന്നു അവനെതിരെ സംസാരിച്ചതെങ്കിൽ ഇത്രത്തോളം കാര്യങ്ങൾ ആൾക്കാർക്ക് മനസിലാക്കി കൊടുക്കുവാൻ കഴിയുമായിരുന്നില്ല എന്ന കാര്യം അവൾ ഓർത്തു
” എന്നാളും ഈ ചെറുക്കൻ ആള് കൊള്ളാലോ.. പക്കാ ഫ്രോഡ്.. ”
” പുല്ല് ഓസിനു ഇരുന്ന് നല്ല സദ്യ ഉണ്ണാമെന്ന് കരുതി കാണും നാറി എല്ലാം തുലച്ചു… ”
“നല്ലൊരു സദ്യ പാഴായി പോയല്ലോ ”
മുന്നേ പ്ലാൻ ചെയ്ത നാട്ടുകാർ നിരാശയോടെ പിറു പിറുത്തു കൊണ്ട് പുറത്തേക്ക് പോകുമ്പോൾ ഉള്ളാലെ ചിരിച്ചു പോയി ചൈതന്യ.
‘ഞാൻ പറഞ്ഞില്ലേ അമ്മാവന്മാരെ നിങ്ങൾ ഇന്ന് സദ്യ ഉണ്ണില്ലെന്ന്. അതിപ്പോ ഞാൻ കാരണം ആയാലും വേറെ ആര് കാരണം ആയാലും പറഞ്ഞത് പറഞ്ഞതാ.. ‘
പുറത്തേക്കിറങ്ങി ആത്മഗതത്തോടെ അവൾ പാർക്കിങിൽ തന്റെ സ്‌കൂട്ടറിനരികിലേക്ക് നടന്നു. ആ സമയം തന്നെ ഫോണിൽ തെളിവിനായി സൂക്ഷിച്ചിരുന്ന ഫോട്ടോസും വിഡിയോസും ഡിലീറ്റ് ചെയ്യാനും മറന്നില്ല… ഇനീപ്പോ. അതിന്റെയൊന്നും ആവശ്യം ഇല്ലാലോ.. ആനന്ദിനുള്ള പണി കിട്ടി കഴിഞ്ഞു..
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു
