കൂട്ടുകാരിയുടെ ഭർത്താവുമായി അവിഹിതത്തിൽ ഏർപ്പെടാൻ നിനക്ക് നാണമില്ലേ സുമിത്രാ.. “

” കൂട്ടുകാരിയുടെ ഭർത്താവുമായി അവിഹിതത്തിൽ ഏർപ്പെടാൻ നിനക്ക് നാണമില്ലേ സുമിത്രാ.. ”

 

മായയുടെ ശബ്‌ദം ഇടിമിന്നൽ പോലെ സുമിത്രയുടെ നെഞ്ചിൽ വന്ന് പതിച്ചു..

 

മായയും സുമിത്രയും കോളേജ് കാലം മുതൽ നല്ല കൂട്ടുകാരികൾ ആയിരുന്നു.

 

മായ അജയനെ വിവാഹം കഴിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും സുമിത്രയായിരുന്നു. പിന്നീട് സുമിത്ര ഹരിയെ വിവാഹം കഴിച്ചു. നാലുപേരും ഒരുമിച്ച് സിനിമയ്ക്കും യാത്രകൾക്കും പോകാറുള്ള വലിയൊരു സൗഹൃദവലയമുണ്ടായിരുന്നു അവർക്കിടയിൽ.

 

പക്ഷെ, ബിസിനസ്സ് യാത്രകൾ കാരണം ഹരി മാസത്തിൽ പകുതി ദിവസവും വീട്ടിലില്ലാതായി. മറുവശത്ത് മായ ബാങ്കിലെ ഉയർന്ന ഉദ്യോഗസ്ഥയായതിനാൽ അവൾക്ക് ജോലിയുടെ തിരക്കുകളായിരുന്നു. ആ ഒറ്റപ്പെടലുകളിലാണ് സുമിത്രയും അജയനും പരസ്പരം കൂടുതൽ അടുക്കുന്നത്.

 

തുടക്കത്തിൽ അത് മായയെക്കുറിച്ചുള്ള പരാതികളും വീട്ടുവിശേഷങ്ങളും പങ്കുവെക്കലായിരുന്നു. എന്നാൽ എന്നോ ഒരു വൈകുന്നേരം, മായ വീട്ടിലില്ലാത്ത സമയത്ത് അജയന്റെ ഫ്ലാറ്റിൽ വെച്ച് സംഭവിച്ച ആ സ്പർശനം… അത് അവരുടെ അതിരുകൾ ലംഘിച്ചു. അതൊരു ഭ്രാന്തമായ ആസക്തിയായി മാറി. മായയോടുള്ള ചതിയാണെന്നറിഞ്ഞിട്ടും, ഹരിയോടുള്ള വഞ്ചനയാണെന്നറിഞ്ഞിട്ടും അവർക്ക് ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ കഴിഞ്ഞില്ല.

 

“നമുക്ക് ഇത് ഇവിടെവെച്ച് അവസാനിപ്പിക്കാം അജയാ,” സുമിത്ര വിറയ്ക്കുന്ന ശബ്ദത്തിൽ പറഞ്ഞു. “എനിക്ക് ഇനിയും മായയുടെ കണ്ണുകളിൽ നോക്കാൻ കഴിയില്ല. അവൾ എന്നെ സ്വന്തം സഹോദരിയെപ്പോലെയാണ് കാണുന്നത്.”

 

ഒരു ദിവസം സുമിത്ര അജയനോട് പറഞ്ഞു..

 

 

“അവസാനിപ്പിക്കാനോ?” അജയൻ അവളുടെ തോളിൽ അമർത്തിപ്പിടിച്ചു. “ഇത്രയും മുന്നോട്ട് പോയിട്ട് ഇനി മടക്കമില്ല സുമിത്രാ. മായ ഇതൊന്നും ഒരിക്കലും അറിയാൻ പോകുന്നില്ല. നീ വെറുതെ ഭയം ഉണ്ടാക്കിവെക്കരുത്.”

 

“മായ എന്റെ വെറുമൊരു കൂട്ടുകാരിയല്ല. ഡിഗ്രിക്ക് പഠിച്ച കാലം തൊട്ട് എന്റെ പകുതി ജീവനാണ് അവൾ. അവളുടെ കണ്ണിൽ പൊടിയിട്ട്, അവളോടൊപ്പം ചിരിച്ചു സംസാരിച്ച്, അവളുടെ ഭർത്താവായ നിന്റെ കൂടെ… ദൈവമേ, ഞാൻ എന്തൊരു ക്രൂരതയാണ് അവളോട് ചെയ്തത്!” സുമിത്ര തന്റെ ഉള്ളിലെ കുറ്റബോധം അജയനെ അറിയിച്ചു..

 

 

അജയൻ ഒന്നു പരിഹസിച്ചു ചിരിച്ചു. “ഇപ്പോൾ പെട്ടെന്ന് മായയോട് സ്നേഹം മൂത്തതാണോ? ആറു മാസം മുൻപ് നമ്മൾ മൂന്നാറിലെ റിസോർട്ടിൽ വെച്ച് കണ്ടുമുട്ടിയപ്പോൾ ഈ കൂട്ടുകാരിയെ നീ ഓർത്തിരുന്നോ? മായ ഓഫീസിൽ ലേറ്റ് നൈറ്റ് ഷിഫ്റ്റിലുള്ള ദിവസങ്ങളിൽ എന്റെ ഫ്ലാറ്റിലേക്ക് വരുമ്പോൾ ഈ കുറ്റബോധം എവിടെയായിരുന്നു?”

 

സുമിത്ര നിലത്തു ഇരുന്നു. അജയൻ പറഞ്ഞ ഓരോ വാക്കും അവളുടെ നെഞ്ചിൽ ആണിയടിച്ചു കയറുന്നത് പോലെ തോന്നി.

 

“നീ എന്താ ഈ പറയുന്നത് സുമിത്രാ?” അജയൻ അവളുടെ കൈകളിൽ പിടിക്കാൻ ശ്രമിച്ചു. “നമ്മൾ രണ്ടുപേരും ആഗ്രഹിച്ചതല്ലേ ഇത്? മായ എന്റെ ഭാര്യയായിരിക്കാം, പക്ഷെ അവൾക്ക് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. നിനക്ക് ഹരിയെപ്പോലെ…നീ സമാധാനമായി വീട്ടിൽ പോകു.. ആരും ഒന്നും അറിയാൻ പോകുന്നില്ല.. ”

 

പക്ഷെ, അവർ രണ്ടുപേരും അറിഞ്ഞിരുന്നില്ല അവരുടെ ആ കള്ളം അപ്പോഴേക്കും അവസാനിച്ചിരുന്നു എന്ന്!

 

പിറ്റേന്ന് രാവിലെ.

 

സുമിത്ര വീട്ടിൽ പത്രവും വായിച്ചിരിക്കുമ്പോൾ വാതിലിൽ മുട്ടു കേട്ടു. അവൾ വാതിൽ തുറന്നപ്പോൾ മുന്നിൽ നിൽക്കുന്നത് മായയായിരുന്നു.

 

മായയുടെ കണ്ണുകൾ ചുവന്നു വീങ്ങിയിരുന്നു. അവളുടെ മുഖത്ത് മുൻപെങ്ങുമില്ലാത്തവിധം ഒരു ദേഷ്യമുണ്ടായിരുന്നു.

 

“മായാ… നീ എന്താ ഈ സമയത്ത്?” സുമിത്ര പരിഭ്രമത്തോടെ ചോദിച്ചു.

 

മായ ഒന്നും മിണ്ടിയില്ല. അവൾ അകത്തേക്ക് കയറി വാതിൽ ശക്തിയായി അടച്ചു. അതിനുശേഷം അവൾ തന്റെ ബാഗിൽ നിന്ന് ചില ഫോട്ടോകളും, അജയന്റെ പഴയ ഫോണിൽ നിന്ന് എടുത്ത വാട്സ്ആപ്പ് ചാറ്റുകളുടെ പ്രിന്റൗട്ടുകളും മേശപ്പുറത്തേക്ക് എറിഞ്ഞു.

 

“ഇതാണോടി നിന്റെ സൗഹൃദം?” മായയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

 

 

“കൂട്ടുകാരിയുടെ ഭർത്താവുമായി അവിഹിതത്തിൽ ഏർപ്പെടാൻ നിനക്ക് നാണമില്ലേ സുമിത്രാ.. ”

 

മായയുടെ ശബ്‌ദം ഇടിമിന്നൽ പോലെ സുമിത്രയുടെ നെഞ്ചിൽ വന്ന് പതിച്ചു..

 

“മായാ… ഞാൻ… ഞാൻ പറയാം…” സുമിത്ര നിലവിളിയോടെ അവളുടെ മുന്നിൽ മുട്ടുകുത്തി. “എനിക്ക് തെറ്റുപറ്റി മായാ… എന്നോട് ക്ഷമിക്കണം! അവൻ… അവൻ എന്നെ…”

 

“അവനെ മാത്രം കുറ്റം പറയേണ്ട സുമിത്രാ!” മായ ദേഷ്യത്തിൽ പറഞ്ഞു . “എന്റെ ഭർത്താവ് തെറ്റുകാരനാണ്, അവനെ ഞാൻ വെറുതെ വിടില്ല. പക്ഷെ നീ? നീ എന്റെ ആരായിരുന്നു? എന്റെ ഏറ്റവും നല്ല കൂട്ടുകാരി! എന്റെ സന്തോഷത്തിലും സങ്കടത്തിലും കൂടെ നിന്നവൾ. എന്റെ കിടപ്പറയിലേക്ക് നീ ഇത്രയും നിശ്ശബ്ദയായി കയറിവരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ലടി!”

 

“മായാ… പ്ലീസ്… ഹരിയോട് ഇത് പറയരുത്… എന്റെ ജീവിതം തകരും…” സുമിത്ര മായയുടെ കാലിൽ പിടിച്ചു കരഞ്ഞു.

 

 

“നിന്റെ ജീവിതം തകരുമെന്നോ? എന്റെ ജീവിതം നീ തകർത്തില്ലേടി? നിന്റെ ഈ വഞ്ചനയ്ക്ക് നീ മാത്രം സുഖമായി ജീവിക്കാം എന്നാണോ ?”

 

മായ തന്റെ ഫോൺ എടുത്ത് ഹരിയുടെ നമ്പർ ഡയൽ ചെയ്ത് സ്പീക്കറിലിട്ടു.

 

മറുവശത്ത് ഫോൺ റിംഗ് ചെയ്തു. ഹരി കാൾ എടുത്തു.

 

 

“ഹലോ മായാ… പറയൂ, ഈ സമയത്ത് എന്താ?” ഹരിയുടെ ശബ്ദം കേട്ടു.

 

“ഹരി…” മായ സുമിത്രയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പറഞ്ഞു. “നിങ്ങൾ ബാംഗ്ലൂരിൽ നിന്ന് ഉടനെ നാട്ടിലേക്ക് വരണം. നിങ്ങളുടെ ഭാര്യയും എന്റെ ഭർത്താവും തമ്മിൽ കഴിഞ്ഞ രണ്ട് വർഷമായി നടത്തുന്ന അവിഹിതബന്ധത്തിന്റെ തെളിവുകൾ ഞാൻ നിങ്ങൾക്ക് വാട്സ്ആപ്പിൽ അയച്ചിട്ടുണ്ട്. അത് കണ്ടിട്ട് വന്ന് നിങ്ങളുടെ ഭാര്യയോട് സംസാരിക്ക്! എന്ത് വേണമെന്ന് തീരുമാനിക്ക്.”

 

 

“മായാ…പ്ലീസ് വേണ്ട!” സുമിത്ര അടുത്തേക്ക് ഓടിയെത്തിയെങ്കിലും മായ കോൾ കട്ട് ചെയ്തു കഴിഞ്ഞിരുന്നു.

 

“ഞാൻ അജയന് വിവാഹമോചന നോട്ടീസ് അയക്കുകയാണ് സുമിത്രാ,” മായ വാതിലിനടുത്തേക്ക് നടന്നു. “നിന്റെ ഹരി നിന്നെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് കാണണം. നീ അനുഭവിക്കണം നീ … എന്നെ ചതിച്ചതിന്!”

 

വാതിൽ ശക്തിയായി അടച്ചു മായ ഇറങ്ങിപ്പോയി.

 

തുടർന്നുള്ള മണിക്കൂറുകൾ സുമിത്രയ്ക്ക് ഒരു ഭീകരസ്വപ്നം പോലെയായിരുന്നു.

 

അവൾ അജയനെ ഫോണിൽ വിളിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു, പക്ഷെ അവൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. മായ വീട്ടിൽ വലിയ ബഹളമുണ്ടാക്കിയെന്നും, അജയൻ സാധനങ്ങളുമെടുത്ത് എങ്ങോട്ടോ ഇറങ്ങിപ്പോയെന്നും അവൾക്ക് പിന്നീട് മനസ്സിലായി. അവൻ തന്റെ ഫോൺ പോലും ഓഫാക്കി ഒളിച്ചോടിയിരുന്നു. താൻ വിശ്വസിച്ച, പ്രണയിച്ച പുരുഷൻ ഒരു ആപത്ത് വന്നപ്പോൾ തന്നെ ഒറ്റയ്ക്കാക്കി രക്ഷപ്പെട്ടിരിക്കുന്നു!

 

വൈകുന്നേരം ആയപ്പോൾ ഹരി വീട്ടിലേക്കെത്തി.

 

 

സുമിത്രയുടെ നെഞ്ചിടിപ്പ് നിലയ്ക്കുന്നതുപോലെ തോന്നി. അവൾ വാതിൽക്കൽ തളർന്നു നിന്നു.

 

ഹരി അകത്തേക്ക് കയറിവന്നു. അയാളുടെ മുഖത്ത് ദേഷ്യമോ ബഹളമോ ഉണ്ടായിരുന്നില്ല. നിശബ്ദത മാത്രം. അയാൾ മേശപ്പുറത്തിരുന്ന മായയുടെ തെളിവുകളിലേക്ക് നോക്കി, പിന്നെ സാവധാനം സുമിത്രയുടെ അടുത്തേക്ക് വന്നു.

 

“ഹരി… ഞാൻ…” സുമിത്രയ്ക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

 

 

“നിനക്ക് ഇവിടെ എന്തായിരുന്നു സുമിത്രാ കുറവ്?” ഹരിയുടെ ശബ്ദം വളരെ താഴ്ന്നതായിരുന്നു, എന്നാൽ അതിൽ കനത്ത വിഷമുണ്ടായിരുന്നു. “ഞാൻ നിന്നെ സ്നേഹിച്ചില്ലേ? നിനക്ക് വേണ്ടതെല്ലാം തന്നില്ലേ? നിന്റെ കൂട്ടുകാരിയുടെ ഭർത്താവുമായി… ഇങ്ങനെ ചെയ്യാൻ നിനക്ക് എങ്ങനെ തോന്നി. നമ്മുടെ മോളെ കുറിച്ച് നീ ഓർത്തോ?? എന്റെ മൂക്കിനു താഴെ വെച്ച് നീ ഇത്രയും നാൾ ഇത് ചെയ്തപ്പോൾ എനിക്ക് തോന്നിയ അപമാനം എന്താണെന്ന് നിനക്കറിയാമോ?”

 

“എന്നോട് ക്ഷമിക്കണം ഹരി…” അവൾ കൈകൂപ്പി.

 

“ക്ഷമയോ?” ഹരി ഉറക്കെ ചിരിച്ചു. “മായ എന്നെ വിളിച്ചപ്പോൾ ആദ്യം ഞാൻ വിശ്വസിച്ചില്ല. പക്ഷെ തെളിവുകൾ കണ്ടപ്പോൾ… എനിക്ക് നിന്നോട് ദേഷ്യമല്ല സുമിത്രാ തോന്നുന്നത്, അറപ്പാണ്!”

 

“നാളെ ഞാൻ നിനക്ക് ഡിവോഴ്സ് നോട്ടീസ് അയക്കും ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ല.. എന്റെ മകൾ എന്റെ കൂടെ വരും.. എന്റെ സ്വത്തിലോ എന്റെ മകളുടെ പേരിലോ നിനക്ക് ഒരു അവകാശവും കാണില്ല ”

 

ഹരി മുറിയുടെ വാതിൽ അടച്ച് പുറത്തുപോയി.

 

രാത്രിയുടെ ഇരുട്ടിൽ, ആ വലിയ വീട്ടിൽ സുമിത്ര തികച്ചും ഒറ്റയ്ക്കായി.

 

ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മഴ കനത്തു പെയ്യുന്നുണ്ടായിരുന്നു. ഒരു നിമിഷത്തെ ആസക്തിക്കും സ്വാർത്ഥതയ്ക്കും വേണ്ടി അവൾ തകർത്തത് സ്വന്തം കുടുംബത്തെ മാത്രമല്ല, തന്റെ ഏറ്റവും നല്ല കൂട്ടുകാരിയുടെ ജീവിതത്തെയും കൂടിയായിരുന്നു.

 

 

 

ആമി

Leave a Reply

Your email address will not be published. Required fields are marked *