ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു  അവൾ ധരിച്ചിരുന്നത് ,

ഇറക്കം കുറഞ്ഞ ഫ്രോക്കായിരുന്നു

അവൾ ധരിച്ചിരുന്നത് ,ബീച്ചിലെ ശക്തമായ കാറ്റിൽ ,ഉയർന്നുപൊങ്ങുന്ന ഫ്രോക്കിൻ്റെ ഫ്രില്ല് പിടിപ്പിച്ച അടിഭാഗം ,അവൾ ഇരു കൈകളും കൊണ്ട് ,ഇടയ്ക്കിടെ താഴേയ്ക്ക് വലിച്ച് പിടിയ്ക്കുന്നുണ്ടായിരുന്നു.

 

തൊട്ടരികിൽ ഏതാണ്ട് മുപ്പത് വയസ്സിനടുത്ത് പ്രായമുള്ള മറ്റൊരു യുവതിയുമുണ്ടായിരുന്നു, കണ്ടിട്ട്

ഫ്രോക്കിട്ട ആ കുട്ടിയുടെ അമ്മയാണെന്ന് തോന്നുന്നു.

 

സാമാന്യം കാണാൻ സുന്ദരിയായ

ആ യുവതി ,ഗഹനമായ എന്തോ ആലോചനയിലായിരുന്നു .

 

രണ്ടുദിവസമായി ഞാനെന്തെങ്കിലും എഴുതിയിട്ട് ,വ്യത്യസ്തതയുള്ള ഒരു കണ്ടൻ്റിന് വേണ്ടി കുറേനേരം ,വീട്ടിലിരുന്ന് ആലോചിച്ചിട്ടും, ഒന്നും കിട്ടാതിരുന്നത് കൊണ്ടാണ് ,വീടിനടുത്തുള്ള

ബീച്ചിലേക്ക് ഞാൻ വന്നത്.

 

മനോഹരമായ സൂര്യാസ്‌തമയം കണ്ട് കൊണ്ട് ,ആ യുവതിയുടെയും മകളുടെയും പിന്നിലായി കരിങ്കൽ കൊണ്ട് നിർമ്മിച്ച സീവാളിൽ കയറി ഞാനിരുന്നു.

 

അവധി ദിവസമല്ലാത്തതിനാൽ

ബീച്ചിൽ സഞ്ചാരികൾ വളരെ കുറവായിരുന്നു.ഇടയ്ക്കതിലെ സൈക്കിളിൽ വന്ന ,ഐസ്ക്രീം കച്ചവടക്കാരനെ കണ്ട് ,ആ കുട്ടി അമ്മയോട് ഐസ്ക്രീം

ആവശ്യപ്പെടുന്നത് കണ്ടു ,

പക്ഷേ കുട്ടിയുടെ ആവശ്യം, യുവതി നിരാകരിച്ചു ,വീണ്ടും കുട്ടി വാശിപിടിച്ചു കരഞ്ഞപ്പോൾ, അവർ കയ്യിലിരുന്ന ചെറിയ പേഴ്സ് തുറന്നു, അത് കാലിയാണെന്ന് അവളെ ബോധ്യപ്പെടുത്തി.

 

ആ കാഴ്ച കണ്ട് ഞാൻ അമ്പരന്നു .സാധാരണ ഇപ്പോൾ ആരും പേഴ്സിൽ പൈസ കൊണ്ട് നടക്കാറില്ല

ജി പേയും ഫോൺ പേയുമൊക്കെ ഉള്ള കാലമല്ലേ? ഞാൻ അവരുടെ കയ്യിൽ മൊബൈൽഫോൺ ഉണ്ടോ എന്ന് സൂക്ഷിച്ച് നോക്കി ,പക്ഷേ , കുപ്പിവളകൾ പോലുമില്ലാത്ത അവരുടെ നേർത്ത കൈകളിൽ ,ആ ഒരു പേഴ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ,

അഞ്ചിന്റെ പൈസ ഇല്ലാത്ത

ആ കാലി പേഴ്സ് ,എന്തിനാണവർ കൊണ്ടുനടക്കുന്നതെന്ന് ഞാൻ

ഒരു നിമിഷം ആലോചിച്ചു,

 

മാത്രമല്ല, കുട്ടിയെയും കൊണ്ട്

കടല് കാണാനും എൻജോയ് ചെയ്യാനുമാണ് അവർ വന്നതെങ്കിൽ, അവരുടെ കയ്യിൽ എന്തെങ്കിലും പൈസ കരുതുമായിരുന്നെന്ന് ഞാൻ ചിന്തിച്ചു, അവരുടെ മുഖത്ത് കടുത്ത വിഷാദം നിഴലിച്ച് നിന്നതും എൻ്റെ മനസ്സിൽ സംശയം ജനിപ്പിച്ചു.

 

അവരെ കടന്ന് മുന്നോട്ടുപോയ ഐസ്ക്രീം കച്ചവടക്കാരനെ നിരാശയോടെ നോക്കിനിൽക്കുന്ന ആ പെൺകുട്ടിയുടെ ചിത്രം എൻ്റെ മനസ്സലിയിച്ചു

 

സീ വാളിന് മുകളിൽ നിന്നും

താഴേക്കിറങ്ങിയ ഞാൻ ,ഐസ്ക്രീം കച്ചവടക്കാരൻ്റെ അടുത്തേയ്ക്ക് ചെന്നു.

 

ഇതിലൊരെണ്ണം ആ കുട്ടിയ്ക്ക് കൊടുത്തോളു, എത്രയാണിതിൻ്റെ വില ? പൈസ ഞാൻ തന്നോളാം

 

അയാളോട് അങ്ങനെ പറഞ്ഞിട്ട് ഐസ്ക്രീമിന്റെ പൈസ ഞാൻ ജീ പേ

ചെയ്തിട്ട് ,തിരികെ സീവാളിന് മുകളിലേയ്ക്ക് കയറിയിരുന്നു .

 

ഐസ്ക്രീം കൊണ്ട് കൊടുത്ത

അയാളെയും, അമ്മയെയും, ആ കുട്ടി മാറിമാറി നോക്കുന്നത് കണ്ടു.

 

ഐസ്ക്രീം കച്ചവടക്കാരൻ അപ്പോൾ ,ദൂരെയിരുന്ന എന്നെ ചൂണ്ടിക്കാണിച്ചിട്ട് അവരോട് എന്തോ പറയുന്നത് ഞാൻ കണ്ടു.

 

ഒടുവിൽ അയാളുടെ നിർബന്ധപ്രകാരം കുട്ടിയോട് ഐസ്ക്രീം വാങ്ങിച്ചോളാൻ

അമ്മ തലയാട്ടി സമ്മതിക്കുന്നതും കണ്ടു.

 

ഐസ്ക്രീം പെട്ടെന്ന് തിന്ന് തീർത്ത കുട്ടി മണൽ പരപ്പിലൂടെ നടന്നു നീങ്ങിയ ഒരു ഞണ്ടിന്റെ പുറകെ കൗതുകത്തോടെ പോകുന്നത് ഞാൻ ശ്രദ്ധിച്ചു, ഞണ്ട് ദൂരേക്ക് ഓടി മാറുന്നതനുസരിച്ച് കുട്ടിയും അതിൻ്റെ പുറകെ പായുന്നുണ്ടായിരുന്നു, പക്ഷേ അതൊന്നുമറിയാതെ അവളുടെ അമ്മ അപ്പോഴും അനന്തതയിലേക്ക് കണ്ണുനട്ട് എന്തോ ആലോചനയിലായിരുന്നു

 

പെട്ടെന്നാണ് വലിയൊരു തിരമാല കരയിലേക്ക് അടിച്ചു കയറിയതും ആ കുട്ടി തിരയോടൊപ്പം ഒഴുകിപ്പോകുന്നതും ഞെട്ടലോടെ ഞാൻ കണ്ടത് .

 

ഒരു നിമിഷം പോലും കളയാതെ, സീവാളിൽ നിന്നും ചാടിയിറങ്ങിയ ഞാൻ, ഓടിച്ചെന്ന് തിര വിഴുങ്ങാനൊരുങ്ങിയ കുട്ടിയെ ഇരു കൈകൾ കൊണ്ട് കോരിയെടുത്തു.

 

അപ്പോഴും ആ സ്ത്രീ ഒരു കൽപ്രതിമ

പോലെ അവിടെനിന്നും അനങ്ങാതെ നിൽക്കുകയായിരുന്നു.

 

നിങ്ങൾ ഈ കുഞ്ഞിനെ കൊല്ലാൻ കൊണ്ടുവന്നതാണോ? നിങ്ങൾക്ക് വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും കൊടുത്തുകൂടെ ?ഞാനിപ്പോൾ കണ്ടില്ലായിരുന്നെങ്കിൽ ഈ കുഞ്ഞിനെയിപ്പോൾ കടല് വിഴുങ്ങിയേനെ

 

രോഷാകുലനായ ഞാൻ കുഞ്ഞിനെയും കൊണ്ട് അവരുടെ അരികിലെത്തിയിട്ട് ആക്രോശിച്ചു

 

അയ്യോ എൻ്റെ മോളേ നീയെന്തിനാ അമ്മേടെ അടുത്ത് നിന്ന് പോയത് ?നിനക്കെന്തേലും സംഭവിച്ചിരുന്നേൽ ഈ അമ്മ ഒറ്റയ്ക്കായി പോകുമെന്ന് എപ്പോഴും നിന്നോട് ഞാൻ പറഞ്ഞ് തരുന്നതല്ലേ? ഈ അങ്കിളിനോട് താങ്ക്സ് പറയ് മോളേ,,

 

അപ്പോൾ മാത്രമാണ് അവർക്ക് കാഴ്ചയില്ലെന്നുള്ള കാര്യം ഞാൻ അറിയുന്നത് ,അവർ കൈകൾ കൊണ്ട് പരതി ,മകളെ അരികിലേക്ക് ചേർത്ത് പിടിച്ചു.

 

സോറി സാർ ,എനിക്ക് കാഴ്ച നഷ്ടപ്പെട്ടതിനുശേഷം ഞാൻ ഇവളെയും കൊണ്ട് എങ്ങോട്ടും പോകാറില്ല,ഇപ്പോഴവൾ ഒരുപാട് നിർബന്ധിച്ചപ്പോഴാണ് ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത് ,അവളുടെ പ്രായത്തിലുള്ള കുട്ടികളൊക്കെ ഇതുപോലെ ബീച്ചിലും പാർക്കിലും ഒക്കെ പോയി കളിച്ചുല്ലസിക്കുമ്പോൾ അവൾക്ക് മാത്രം

ആ ഭാഗ്യം ഞാൻ നിഷേധിക്കുന്നത് ശരിയല്ലല്ലോ എന്ന് കരുതി

 

അതുകൂടെ കേട്ടപ്പോൾ ഞാനവരെ തെറ്റിദ്ധരിച്ചതിൽ എനിയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നി.

 

അല്ല നിങ്ങളുടെ ഹസ്ബൻഡ്

എവിടെ?ഗൾഫിൽ എങ്ങാനും ആണോ ?

 

എനിക്ക് ഹസ്ബൻഡ് ഇല്ല ,

എൻ്റെ വിവാഹം കഴിഞ്ഞിട്ടില്ല സർ

 

അവര് പറഞ്ഞത് കേട്ട് ഞാൻ

അമ്പരന്ന് നിന്നു.

 

അപ്പോൾ ഈ കുട്ടി ഏതാണെന്ന് ആയിരിക്കും സാർ ഇപ്പോൾ ചിന്തിക്കുന്നത് അതെന്റെ അനുജത്തിയുടെ കുട്ടിയാണ് സർ , എനിക്ക് ചൊവ്വാദോഷം ഉള്ളതുകൊണ്ട് ആലോചനകൾ ഒക്കെ വന്ന് മുടങ്ങിപ്പോയിരുന്നു, അത് കൊണ്ടാണ് അനുജത്തിയുടെ വിവാഹം ആദ്യം നടത്തിയത്, കുറച്ച് നാൾ മുമ്പ്

ഞങ്ങൾ ഫാമിലിയൊന്നിച്ച് ഒരു തീർത്ഥയാത്ര പോയിരുന്നു ,അന്നൊരു

ആക്സിസൻ്റിൽ ,അനുജത്തിയും ഭർത്താവും എൻ്റെ മാതാപിതാക്കളും ഉൾപ്പെടെ എല്ലാവരും

മരണപ്പെട്ടു പോയിരുന്നു, അതിൽ ഈ

കുട്ടിയും ഞാനും മാത്രമേ രക്ഷപ്പെട്ടുള്ളു , ഞാനിപ്പോൾ കുഞ്ഞിനെയും കൊണ്ട് ഇവിടെയടുത്തൊരു വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ് , മറ്റുള്ളവരുടെ സഹായം കൊണ്ടാണ് ഇത് വരെ മുന്നോട്ട് പോയത്

കുറച്ചുനാളുകൾക്കു മുമ്പാണ് എൻ്റെ കണ്ണിനു ചെറിയ പ്രശ്നമുണ്ടാകുന്നത്, അങ്ങനെ പരിശോധനകൾക്കൊടുവിൽ ഗ്ലോക്കോമയാണെന്ന് സ്ഥിരീകരിച്ചു ,

പതിയെ പതിയെ കാഴ്ച നഷ്ടപ്പെടുകയും ചെയ്തു ,optic nerve കേടായിപ്പോയതിനാൽ ഇനി ചികിത്സകൊണ്ടും ഫലമില്ലെന്നാണ് ഡോക്ടർ പറഞ്ഞത് , എനിക്കിപ്പോൾ

എൻ്റെ കാഴ്ച പോയതിലല്ല വിഷമം

എൻ്റെ മോളെ ഞാൻ ഈ പരിമിതിയിൽ നിന്ന് കൊണ്ട് എങ്ങനെ വളർത്തി വലുതാക്കുമെന്ന് ഓർത്തിട്ടുള്ള

ടെൻഷൻ മാത്രമേയുള്ളു ,

എന്നാൽ ശരി സർ, ഒരിക്കൽ കൂടി നന്ദി ,ഞങ്ങൾ പൊയ്ക്കോട്ടെ,

 

അവരെന്നോട് യാത്ര പറഞ്ഞു പോയപ്പോൾ എൻ്റെ മനസ്സിൽ ഒരു ഭാരം അവശേഷിച്ചു.

 

ഒന്ന് നിൽക്കുമോ? എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു,

 

ഞാൻ നടന്ന് ,അവരുടെ

അടുത്തേയ്ക്ക് ചെന്നു.

 

എന്താണ് സർ പറയൂ

 

അതെ ഞാൻ പറയുന്നതുകൊണ്ട് ഒന്നും തോന്നരുത് എന്റെ വീട്ടിൽ വൈഫും രണ്ട് കുട്ടികളാണുള്ളത് ,ഈ പരിമിതിയിൽ വാടകവീട്ടിൽ ഈ കുട്ടിയെയും കൊണ്ട് താമസിക്കുന്നത് ,വലിയ റിസ്ക്കാണ് മാത്രമല്ല, അവളുടെ ഓരോരോ ആവശ്യങ്ങളും നടത്തിക്കൊടുക്കാൻ നിങ്ങൾക്ക് വല്ലാതെ ബുദ്ധിമുട്ടേണ്ടിയും

വരും ,വിരോധമില്ലെങ്കിൽ നിങ്ങൾക്ക് മകളെയും കൊണ്ട് ,എൻ്റെ

വീട്ടിൽ താമസിക്കാം ,അത് ഒരു ഔദാര്യമായി കാണണ്ട ,ഞാൻ ഒരു നോവലിസ്റ്റാണ് കൂടാതെ യൂട്യൂബിലും മറ്റും

സ്റ്റോറി ടെല്ലിങ് വീഡിയോ അപ്‌ലോഡ് ചെയ്യാറുണ്ട്, നിങ്ങളുടെ വോയിസിൽ

എൻ്റെ കഥകൾ സ്റ്റോറി

ടെല്ലിങ് വീഡിയോ ആയി ചെയ്യാൻ നിങ്ങൾക്കെന്നെ സഹായിക്കാൻ കഴിയുമെങ്കിൽ ,ഞാനിപ്പോൾ

പുറത്തു കൊടുക്കുന്ന

പൈസ നിങ്ങൾക്ക് തരാം ,

നിങ്ങൾക്ക് അതൊരു വരുമാന മാർഗവുമായിരിക്കും ,

ആലോചിച്ചിട്ട് മറുപടി പറഞ്ഞാൽ മതി ,

 

ഞാൻ പറഞ്ഞത് കേട്ട് അല്പസമയം അവർ നിശബ്ദയായി നിന്നു

 

ഞാൻ വരാം സാർ ,എനിക്ക് ശമ്പളം ഒന്നും വേണ്ട ,സാറിന് വേണ്ട ജോലി ഞാൻ ചെയ്തു തരാം , പകരം എനിക്കും എൻ്റെ മകൾക്കും സുരക്ഷിതമായി താമസിക്കാനുള്ള ഒരു മുറി മാത്രം തന്നാൽ മതി ,സാറിനെ ദൈവം അനുഗ്രഹിക്കും

 

ശരി എങ്കിൽ നമുക്ക് എൻ്റെ

വീട്ടിലേയ്ക്ക് പോകാം വരൂ,

 

ഞാനവരെയും കൂട്ടി എൻ്റെ വീട്ടിലേയ്ക്ക് ചെന്നു,കഥ എഴുതാൻ വേണ്ടി പോയ ഭർത്താവ് , ഒരു യുവതിയെയും കുഞ്ഞിനെയും കൂട്ടിക്കൊണ്ടുവരുന്നത് കണ്ട, എൻ്റെ ഭാര്യ, പകച്ചു പണ്ടാരമടങ്ങി

 

അവളുടെ രക്തസമ്മർദ്ദം കൂടുന്നതിന്

മുമ്പ് നടന്ന കാര്യങ്ങളൊക്കെ ഞാൻ

തുറന്നു പറഞ്ഞു.

 

ഇത് പോലൊരു വാവയെ ഞാനും ആഗ്രഹിച്ചിരിക്കുകയായിരുന്നു

ഇവിടുത്തെ കുട്ടികൾ രണ്ടും വലുതായപ്പോൾ ഞങ്ങൾക്ക് കൊഞ്ചിക്കാൻ ഒരു കുഞ്ഞ് വേണമായിരുന്നു , നിങ്ങള് ചെയ്തത് എന്തായാലും നന്നായി, അവിടെ നില്ക്കാതെ നിങ്ങൾ അകത്തേയ്ക്ക് വരൂ,

 

അല്ലേലും എൻ്റെ ഭാര്യ അങ്ങനെ പറയുള്ളുവെന്ന് എനിക്കറിയാമായിരുന്നു 😊

 

എന്താല്ലേ ? 😄

 

തൈപ്പറമ്പൻ .

 

 

 

.

Leave a Reply

Your email address will not be published. Required fields are marked *