(രചന: മിഴി മോഹന)
മച്ചി പെണ്ണുങ്ങള് കുഞ്ഞിനെ തൊട്ടാൽ അതിന് അസുഖം വരും എന്ന് അറിയില്ലേ അനു നിനക്ക്..
“”എനിക്ക് ഇത് ഒന്നും അങ്ങോട്ട് പിടിക്കുന്നില്ല കേട്ടോ… തഞ്ചത്തിൽ അത് പറഞ്ഞു മനസിലാക്കേണ്ട നീ തന്നെ എടുത്തു വെച്ചു കളിപ്പിക്കാൻ കൊടുത്താൽ എങ്ങനെയാ..””
അമ്മയുടെ വാക്കുകൾ പുറകിൽ നിന്നും കേൾക്കുമ്പോൾ കണ്ണാടിയിൽ കൂടി ഉടുത്തിരുന്ന മുണ്ടും നേര്യതും നേരെയാക്കി അമ്മയെ നോക്കി ഞാൻ..
കുളിപ്പിച്ചു കൊണ്ട് വന്ന കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങുമ്പോൾ ആ മുഖത്തെക്ക് ദയനീയമായി നോക്കി ഞാൻ..
അമ്മ ഒന്ന് പതുക്കെ പറയുവോ..””” കൃഷ്ണേച്ചി അപ്പുറത്തുണ്ട് കേൾക്കും.. ” പാവത്തിന്റെ കുഴപ്പം കൊണ്ട് അല്ലല്ലോ കുഞ്ഞുങ്ങൾ ഉണ്ടാകാഞ്ഞത്..””
കുഴപ്പം ആരുടേത് ആണെങ്കിലും പെണ്ണ് പെറ്റില്ലെങ്കിൽ മച്ചി തന്നെയാണ്.. “” ഇപ്പോൾ തന്നെ കുഞ്ഞിനെ കുളിപ്പിക്കുന്നിടത് വന്നു നോക്കി നിൽക്കുവാ ആ സാധനം….. “” എന്തൊക്കെയാ അറിയേണ്ടത് അതിന്..
അമ്മേ കഷ്ടം ഉണ്ട് ഇങ്ങനെ ഒന്നും പറയരുത്.. അത് ഒരു പാവമാ.. “”ഇന്ന് തന്നെ കുഞ്ഞിന്റെ നൂല് കെട്ട് ആയിട്ട് ഉണ്ണിയേട്ടനെ കൊണ്ട് പോലും സ്വർണ്ണം ഒന്നും വാങ്ങിപിച്ചില്ല അത്..”” എല്ലാം സ്വന്തം ആയി വാങ്ങിയാ വന്നിരിക്കുന്നത്…. “”
അയ്യടാ ഒരു പാവം.. “” അത് അവളുടെ കടമയാണ്.. “”ഭർത്താവിന്റെ അനിയന്റെ കുഞ്ഞിന് അല്ലങ്കിലും ഇച്ചിരി സ്വർണ്ണം വാങ്ങി കൊടുത്തെന്നു കരുതി ആകാശം ഒന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ല..
കൊച്ചുങ്ങൾ ഇല്ലങ്കിലും എന്താ സർക്കാർ ഉദ്യോഗസ്ഥർ അല്ലെ രണ്ടും …. സമ്പാദിച്ചു കൂട്ടിയിട്ടും വലിയ കാര്യം ഇല്ലന്ന് അറിയാം അത് കൊണ്ടാ നിന്റെ കൊച്ചിന് വല്ലോം കൊണ്ട് തരുന്നത്….
കുറച്ചു കഴിയുമ്പോൾ കൊച്ചും അവളുടെ കൈയിൽ ഇരിക്കുമ്പോൾ നീ പഠിച്ചോളും…. അവന്റെ ഏട്ടന്റെ ബുദ്ധി ആയിരിക്കും അത്…. നിന്റെ നായര് പിന്നെ മൊണ്ണ ആണല്ലോ.. വീട് പറമ്പ് കൃഷി..”” നീയും കണക്ക് ആണെന്ന് അവർക്ക് അറിയാം..””
എന്റെ അമ്മേ ഏട്ടനും കൃഷ്ണച്ചിയും മനസിൽ പോലും ചിന്തയ്ക്കാത്തത് വിളിച്ചു കൂവല്ലേ..അല്ലങ്കിലും പണ്ടേ അമ്മയ്ക്ക് അവരോട് കുശുമ്പ് ഉണ്ടന്ന് അറിയാം.. അവർക്ക് രണ്ട് പേർക്കും സർക്കാർ ജോലി ഉള്ളതിന്റെ കുശുമ്പ്… “”
അതേടി എനിക്ക് ഇച്ചിരി കുശുമ്പ് ഉണ്ട്.. “” രാവിലേ ഉടുത്തൊരുങ്ങി അവൾക് അങ്ങ് പോയാൽ മതി.. “” നീ ആണെങ്കിലോ പൊതിയും കെട്ടി പുറകെ പോകും.. അതൊക്കെ കാണുമ്പോൾ എനിക്ക് ഇച്ചിരി ദേണ്ണം ഉണ്ട്.. അമ്മ നെഞ്ചത്ത് കൈ വയ്ക്കുമ്പോൾ ഞാൻ മുഖം ചുളുക്കി…
അമ്മ എന്ത് അറിഞ്ഞിട്ടാ ഈ പറയുന്നത്.. “” പാവം രാവിലെ എഴുനേറ്റ് വീട്ടിലെ എല്ലാ ജോലിയും ഒതുക്കി വച്ചിട്ടാ ജോലിക്ക് പോകുന്നത്.. ഉണ്ണിയേട്ടനുള്ള ചായ പോലും ചിലപ്പോൾ കൃഷ്ണേച്ചിയാ എടുത്തു തരുന്നത്.. “‘ അതിനെയാണോ ഇങ്ങനെയൊക്കെ പറയുന്നത്..
പിന്നെ സർക്കാർ ജോലി കിട്ടാൻ എന്നെ കൊട്ട കണക്കിന് ഒന്നും പഠിപ്പിച്ചിട്ടില്ലല്ലോ നിങ്ങൾ… കെട്ടിച്ചു വിടാനുള്ളത് ആണെന്ന് പറഞ്ഞു ഏട്ടനെ അല്ലെ പഠിപ്പിച്ചത് എന്നിട്ട് എന്തായി കുടുംബം പോലും തിരിഞ്ഞു നോക്കുന്നുണ്ടോ ആ ഏട്ടൻ .. “”
.”” ഞാൻ കുഞ്ഞിന്റെ നെറുകയിൽ മെല്ലെ ഊതി….ഹ്ഹ.. “””അല്ലങ്കിലും നിനക്ക് അവന്റെ വീട്ടുകാർ ആണല്ലോ വലുത്… വളർത്തി വലുതാക്കി വിട്ട തന്തേം തള്ളേ വേണ്ടാ..””അമ്മ വീണ്ടും പതം പറഞ്ഞു തുടങ്ങിയിരുന്നു..
അവരുടെ മനസ് മനസിലാക്കാൻ ഈ ജന്മം വിചാരിച്ചാൽ അമ്മയ്ക്ക് കഴിയില്ല… ഞാൻ കുഞ്ഞിനെയും കൊണ്ട് കട്ടിലിലേക് ഇരിക്കുമ്പോൾ അമ്മ വീണ്ടും മുഖം കുത്തി വീർപ്പിച്ചു കൊണ്ട് അരിശത്തോടെ എന്നെ നോക്കി..
നീ കൊച്ചിന് മൊല കൊടുക്ക് പെണ്ണെ.. അവരുടെ കൊണവതികാരം പറയാതെ..””അമ്മ അരിശം തീർത്തു പറയുമ്പോഴാണ് കൃഷ്ണച്ചി അകത്തേക്ക് കയറി വന്നത്…
ഇത് എന്താ അമ്മയും മോളും തമ്മിൽ ഒരു വഴക്ക്..”” അനു നീ ഇത് വരെ ഒരുങ്ങിയില്ലേ പുറത്ത് എല്ലാവരും കാത്തിരിക്കുവല്ലേ…
കുഞ്ഞിനെ ഇങ്ങു തന്നിട്ട് നീ ആ മുടി പുറകോട്ട് പിന്നി കെട്ട്.. ” കൃഷ്ണേച്ചി എന്റെ നേരെ കൈ നീട്ടിയതും അമ്മ ആ കൈ തട്ടി മാറ്റിയതും ഒരുമിച്ചു ആയിരുന്നു..
അവള് കൊച്ചിന് മുല കൊടുക്കട്ടെ കൃഷ്ണെ നീ കുറച്ചു നേരം പുറത്തേക് നിൽക്ക്. “” നൂല് കെട്ടിനുള്ള മുഹൂർത്തം ആവുന്നത് അല്ലെ ഉള്ളു.. “”
അമ്മയിൽ നിന്നും എടുത്തടിച്ചത് പോലെ വാക്കുകൾ കേൾക്കുമ്പോൾ കൃഷ്ണേച്ചിയുടെ മുഖം മങ്ങുന്നത് ഞാൻ കണ്ടു…പക്ഷെ പെട്ടന്ന് തന്നെ ആ മുഖത്ത് സ്വത സിദ്ധമായാ ചിരി വിടർന്നു…
ശരിയാ അനു അമ്മ പറഞ്ഞത്.. ” മുഹൂർത്തത്തിന് ഇനിയും സമയം ഉണ്ടല്ലോ.. നീ കുഞ്ഞിന് പാല് കൊടുത്തിട്ടു ഹാളിലെക്ക് വാ.. “” അല്ലങ്കിൽ അവൻ വിശന്നു കരയും.. “””
ഞാൻ… ഞാൻ… പുറത്ത് കാണും.. “”അമ്മയ്ക്കായി നേർത്ത വിഷാദം നിറഞ്ഞ ചിരി സമ്മാനിച്ചു കൊണ്ട് ചേച്ചി പുറത്തേക്ക് ഇറങ്ങുമ്പോൾ ഞാൻ അമ്മയെ നോക്കി..
എന്തുവാമ്മേ ഇത്..””എന്തോന്ന്.. “” പിന്നെ കൊച്ചിന് വയറ്റിൽ വല്ല ദീനവും വരണോ.. “” നീ പാല് കൊടുത്തിട്ട് വാ.. “” അമ്മ പുച്ഛത്തോടെ ഇറങ്ങി പോകുമ്പോൾ കുഞ്ഞിനെ വായിലേക്ക് മുല ഞെട്ട് തിരുകി വെച്ചു…
അമ്മയോട് എന്തും പറഞ്ഞിട്ട് കാര്യം ഇല്ല.. ഈ കല്യാണം ഉറപ്പിച്ച നാൾ മുതൽ മുതൽ തുടങ്ങിയതാണ് അമ്മയുടെ ഈ കുശുമ്പ്..”””
പെണ്ണ് ആണ് വല്ല വീട്ടിലും കെട്ടിച്ചു വിടേണ്ടവൾ ആണെന്നുള്ള ചിന്തയിൽ എന്നേ പഠിപ്പിച്ചില്ല.. എങ്കിലും മകൾക്ക് സർക്കാർ ജോലിക്കാരൻ തന്നെ വേണം എന്ന് വാശി പിടിച്ചു.. “”
പഠിപ്പില്ലാത്ത എനിക്ക് ആരെ കിട്ടാനാ… അവസാനം ആണ് ഉണ്ണിയേട്ടന്റെ ആലോചന വരുന്നത്… ചെറുക്കന് കൃഷി പണി ആണെന്ന് അറിഞ്ഞതും നാല് കാലിൽ കിടന്നു തുള്ളി അമ്മ…
പക്ഷെ ഇനിയും അമ്മയുടെ വാശിയും കൊണ്ട് ഇരുന്നാൽ ഞാൻ ഇവിടെ നിന്ന് മുരടിക്കും എന്ന് അറിയാവുന്നത് കൊണ്ട് അച്ഛൻ അമ്മയുടെ സമ്മതമില്ലാതെ ഈ കല്യാണം ഉറപ്പിച്ചു….
ആ കലിപ്പിൽ നിൽകുമ്പോൾ ആണ് അമ്മ അറിയുന്നത് ചെറുക്കന്റെ ഏട്ടനും ഏട്ടത്തിയും സർക്കാർ ജോലിക്കാർ ആണെന്ന്…
ആ ഒരു തണ്ട് കാണും കൃഷ്ണച്ചിക്ക് എന്ന് കരുതിയാണ് ഞാനും ആ വീട്ടിലേക് കയറി ചെന്നത്.. പക്ഷെ എന്റെ കണക്ക് കൂട്ടലുകൾക്ക് എല്ലാം നേരെ വിപരീതമായിരുന്നു കൃഷ്ണേച്ചിയും ഏട്ടനും ..
ഉണ്ണിയേട്ടന്റെ പതിനാലാം വയസിൽ ആണ് കൃഷ്ണച്ചി ആ വീട്ടിലേക് വലത് കാൽ വെച്ചു ചെല്ലുന്നത്..അച്ഛനും അമ്മയും ഇല്ലാത്ത ഉണ്ണിയേട്ടന് അവർ ആയിരുന്നു അച്ഛനും അമ്മയും.. “”എനിക്കും…. അമ്മയെന്ന സ്നേഹം വാരി കോരി തന്നത് ആ സ്ത്രീയാണ്..”
ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞ നിമിഷം മുതൽ നിലത്തും താഴെയും അല്ല ചേച്ചി.. “” എന്റെ കണ്ണ് ഒന്നു നിറഞ്ഞാൽ ഉണ്ണിയേട്ടനെയാണ് ശാസിക്കുന്നത്…. ”
എത്ര പ്രാവശ്യം എന്റെ ശര്ദിൽ ഒരു അറപ്പും കൂടാതെ ആ പാവം കോരി…. “” ചിലപ്പോൾ ദേഹത്തു പോലും വീഴും അപ്പോഴും ഒരു ചിരിയോടെ എന്റ് തോളിൽ പതുക്കെ തട്ടും.. ”
ശരിക്കും ദൈവത്തിന്റെ മാലാഖയാണ് അവർ..” ആ അവരെ ഇങ്ങനെ വേദനിപ്പിക്കാൻ എങ്ങനെ കഴിയുന്നു അമ്മയ്ക്ക്..
അനു.. “” സമയം ആയി കുഞ്ഞിനെ ഇങ്ങു താ.. “” പാല് കുടിച്ചു പകുതി മയക്കത്തിലേക് പോയ കുഞ്ഞിനേയും എടുത്തമ്മ പുറത്തേക്ക് നടക്കുമ്പോൾ ഞാനും പുറകെ നടന്നു..
അധികം ബന്ധുക്കൾ ഒന്നും ഇല്ലാത്ത ചെറിയ ചടങ്ങ്.. “” കൂടി നിന്നവർക് ഇടയിലൂടെ എന്റെ കണ്ണുകൾ ഉണ്ണിയേട്ടനെ ചെറു നാണത്തോടെ പാളി നോക്കുമ്പോൾ കൃഷ്ണേച്യ് എന്റെ കൈയിൽ പിടിച്ചു.. “”
“”അതെ ഉടനെ തന്നെ വീണ്ടും എന്നെ അമ്മയാക്കുവോ.. “” ഒരു ഒന്നര വർഷം കഴിഞ്ഞ് മതിട്ടോ…ഒന്ന് പോ ചേച്ചി.. “” നാണത്തോടെ മിഴുകൾ താഴ്ത്തി ഞാൻ..
ഉണ്ണിക്ക് അച്ഛൻ ഇല്ലാത്ത സ്ഥിതിക്ക് കുഞ്ഞിനെ ഉണ്ണിയുടെ മടിയിലേക് കൊടുക്ക് സരസു..” വല്യമ്മാവൻ അമ്മയോട് വിളിച്ചു പറയുമ്പോൾ ഉള്ളം ഒന്ന് പിടച്ചോ… അതെ പിടച്ചു… എന്റെ കണ്ണുകൾ ഏട്ടനിലേക് ആണ് പോയത്..
“”””” ഉണ്ണി നമ്മുടെ അച്ഛൻ ഇല്ലാത്ത സ്ഥിതിക്ക് കുഞ്ഞിനെ നൂല് കെട്ടാനുള്ള അവകാശം അത് എനിക്ക് ആയിരിക്കും അല്ലെ..””””
ആവേശത്തോടെ അതിലേറെ കൊതിയോടെ ചോദിക്കുന്ന ഏട്ടന്റെ വാക്കുകൾ ഒരു നിമിഷം എന്റെ ഉള്ളിലൂടെ കടന്ന് പോയി… ആ നിമിഷം എന്റെ കണ്ണുകൾ ഉണ്ണിയേട്ടനെ പാളി നോക്കി…. ആ ചുണ്ടിൽ ചിരിയാണ്..അതിന് അർത്ഥം മനസിലായതും എന്നിലും ചിരി വിടർന്നു…
എനിക്ക് അച്ഛൻ ഇല്ലന്ന് വല്യമ്മവനോട് ആരാ പറഞ്ഞത്… “” എനിക്ക് അച്ഛന് ഉണ്ട് അമ്മയും ഉണ്ട്..പെറ്റു വളർത്തണം എന്നില്ല അങ്ങനെ ഒരു സ്ഥാനം കൊടുക്കാൻ പോറ്റി വളർത്തിയാലും മതി… “”
അനു കുഞ്ഞിനെ വാങ്ങി ഏട്ടന്റെ കൈയിലെക്ക് കൊടുക്ക്.. “” കൃഷ്ണേച്ചി വാ.. “” ഉണ്ണിയേട്ടൻ വിളിക്കുമ്പോൾ കൃഷ്ണേച്ചി കണ്ണ് തുടച്ചു കൊണ്ട് ഏട്ടനെ നോക്കി ആ കണ്ണും നിറഞ്ഞിരുന്നു…..
കുഞ്ഞിനെ ഇങ്ങു താ അമ്മേ… “” അമ്മയുടെ നേരെ കൈ നീട്ടുമ്പോൾ കുഞ്ഞിനെ പുറകോട്ട് വലിച്ചു അമ്മേ.. “”
അനു അഹമ്മതി കാണിക്കരുത്.” അത്രയ്ക്ക് കൊതി നിന്റെ വല്യമ്മാവൻ ഇല്ലേ വല്യമ്മാവന്റ കൈയിൽ കൊടുക്ക് കൊച്ചിനെ..
“” ആരും കേൾക്കാതെ അമ്മ പല്ല് കടിച്ച് കൊണ്ട് പറയുമ്പോൾ ചിരിച്ചു കൊണ്ട് ചുറ്റും നോക്കി അതെ നാണയത്തിൽ അമ്മയ്ക്ക് മാത്രം മനസിലാകുന്ന തരത്തിൽ മറുപടി നൽകി..
അമ്മയ്ക്ക് അത്രയ്ക്ക് പൂതി ആണെങ്കിൽ ഒന്നൂടെ കെട്ടി ഒരു കൊച്ചിനെ ഉണ്ടാക്കി വല്യമ്മാവന്റെ കൈയിൽ കൊടുക്ക്.. “” ഇത് ഉണ്ണിയേട്ടന്റെ തീരുമാനമാ…. “”കുഞ്ഞിനെ ഇങ്ങുതാ .. “”
എന്റെ തീരുമാനം ഉറച്ചത് ആയത് കൊണ്ടും അത്രയും പേരുടെ മുൻപിൽ മറുത്ത് ഒന്നും പറയാൻ കഴിയാത്തത് കൊണ്ടും അമ്മ കുഞ്ഞിനെ എന്റെ കൈയിൽ തന്നു…..
ഏട്ടനും കൃഷ്ണേചിക്കും ഇരു വശത്ത് ഇരുന്ന് അവരുടെ അവകാശം അവർക്കായി വിട്ട് കൊടുക്കുമ്പോൾ അവരുടെ ആ സന്തോഷം മതി ആയിരുന്നു ഞങ്ങളുടെ മനസ് നിറയ്ക്കാൻ.. “”
കുഞ്ഞിന് എന്ത് പേരാ ഉണ്ണി നിങ്ങൾ കണ്ടു വച്ചിരിക്കുന്നത്.. “” അവന്റെ ചെവിയോരം പോകും മുൻപേ ഏട്ടൻ ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി….
അച്ഛന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന് വാശിപുറത്ത് പേരിട്ടൊരു ഒരു പന്ത്രണ്ട് വയസ്കാരനെ ഓർമ്മ ഇല്ലേ ഏട്ടന്.. “” എനിക്ക് അറിയാം നമ്മുടെ അമ്മ പറഞ്ഞ് തന്ന്..
“” ആ ആള് തന്നെ ഇട്ടോ ഇഷ്ടപെട്ട പേര്.. “” ഉണ്ണിയേട്ടൻ പറയുമ്പോൾ ഏട്ടന്റെ കണ്ണ് നിറഞ്ഞു വരുന്നത് ഞാനും കൃഷ്ണച്ചിയും കൂടി നിറഞ്ഞ കണ്ണുകളോടെയാണ് നോക്കിയത്…
ഉണ്ണി മോനെ.. “”ഏട്ടന്റെ വിളിയിൽ ഉണ്ണിയേട്ടൻ മെല്ലെ ഒന്ന് ചിരിച്ചു..””ആ ഇത് പോലെ ഒരു പേര് അങ്ങിട്ടോ..””
വസു… വസുദേവ്…. “””” ഏട്ടൻ ഇടറുന്ന ശബ്ദത്തോടെ അവനെ ആ പേര് വിളിച്ചു കൊണ്ട് ഞങ്ങളെ രണ്ട് പേരെയും മാറി മാറി നോക്കി….
ഏട്ടന്റെയും ഏട്ടത്തിയുടെയും അവകാശം ഒരിക്കലും നിഷേധിക്കില്ല എന്ന ഉറപ്പോടെ . “” രണ്ട് അച്ഛൻമാരും രണ്ട് അമ്മമാരും അവനെ നെഞ്ചോട് ചേർത്തു……… ഞങ്ങളുടെ വസുവിനെ… “”””””