(രചന: പുഷ്യാ. V. S)
“”അമ്മേ ഞാനൊന്ന് പറയട്ടെ… എന്നെയെന്താ ആർക്കും മനസിലാകാത്തത് “” അവൾ റൂമിലിരുന്ന് വിളിച്ചു പറഞ്ഞു
“” മിണ്ടരുത് നീ… തള്ളയേം തന്തേം തീ തീറ്റിക്കാനായിട്ട് ഉണ്ടായ ജന്മം. നിന്റെ തോന്നിവാസം ഇനി ഇവിടെ നടക്കില്ല “” അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം
ഒപ്പം പാത്രങ്ങൾ തമ്മിൽ തല്ലുന്നുമുണ്ട്
അവൾ മുറിയിലിരുന്ന് കരഞ്ഞു. ഒത്തിരി നാളായി കയ്യിലിരിക്കുന്ന തലയിണയല്ലാതെ തന്റെ കണ്ണീരൊപ്പാൻ ആ വീട്ടിൽ ആരുമില്ല. അവൾ കഴിഞ്ഞതൊക്കെയോർത്തു
ജ്യോതി പ്ലസ്ടുവിന് പഠിക്കുന്ന കാലം. അവളോട് കുറച്ചു നാളായി നല്ല സൗഹൃദത്തിലായിരുന്ന നന്ദനുമായി എപ്പോഴോ അവൾ പ്രണയത്തിലാകുന്നു. ഒന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ നന്ദന്റെ വ്യക്തിത്വം അവൾക്ക് ഏറെയിഷ്ടാമായിരുന്നു.
പഠിക്കുന്ന പ്രായത്തിൽ ഇതുപോലുള്ള ബന്ധങ്ങളിൽ പോയി വീഴരുതെന്ന് വീട്ടിൽനിന്ന് ഇടയ്ക്കൊക്കെ ഉപദേശം കേൾക്കാറുള്ളത് കൊണ്ട് ജ്യോതിയാകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.
ഒടുവിൽ അവൾ ഒരു വല്യ പൊട്ടിത്തെറി പ്രതീക്ഷിച്ചുകൊണ്ട് തന്നെ അവളുടെയുള്ളിൽ മുളച്ച പ്രണയത്തെപറ്റി അവൾ അച്ഛനമ്മമാരെ അറിയിച്ചു.
കുറെ പ്രശ്നങ്ങൾ ഉണ്ടായെങ്കിലും നന്ദന്റെ നേരിട്ടുള്ള വരവിൽ രംഗം കുറച്ചു ആറിത്തണുത്തു. ചുരുക്കിപ്പറഞ്ഞാൽ പെൻവീട്ടുകാർക്ക് പയ്യനെ നല്ലോണം ബോധിച്ചു എന്ന് തന്നെ. പ്രണയിച്ചു നടന്നു ചീത്തപ്പേര് കേൾപ്പിക്കാൻ ഒന്നും ഞങ്ങൾ സമ്മതിക്കില്ല…
അതുകൊണ്ട് ഉടനെ കല്യാണം നടത്തണം എന്ന് അഭിപ്രായം ജ്യോതിയുടെ അച്ഛന്റെ ഭാഗത്തു നിന്ന് വന്നപ്പോൾ അവളൊന്ന് പതറി. പഠനം പാതിവഴി നിൽക്കുമ്പോൾ ഒരു വിവാഹത്തിന് മാനസികമായി ഒരുങ്ങാൻ അവൾക്ക് കഴിയില്ലായിരുന്നു.
“” ഹാ ഇതെന്ത് കൂത്ത്. അവളായിട്ട് കണ്ട് പിടിച്ചു പ്രേമിച്ച ചെക്കനെക്കെട്ടാനും അവൾക്ക് സമ്മതം പോരെന്നോ.
നിനക്ക് ഇഷ്ടപ്പെട്ട ചെക്കനോടൊപ്പം തന്നെയല്ലേ ഞങ്ങൾ എല്ലാം ഉറപ്പിച്ചത്. ഇനി എന്താ തടസ്സം. ഇപ്പോൾ കല്യാണം വേണ്ടെന്നാണേൽ പിന്നെ നീയെന്തിനാ പ്രണയിക്കാൻ പോയത് “” ജ്യോതിയുടെ അമ്മയാണ്
“” ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞാൽ അതിനർത്ഥം ബാക്കി എല്ലാം മാറ്റിവച്ചു അപ്പോൾ തന്നെ കല്യാണം കഴിച്ചോണം എന്നാണോ.
ലൈഫിൽ വേറേം എന്തെല്ലാം കാര്യങ്ങൾ ഉണ്ട്. എനിക്ക് പതിനെട്ടു വയസ് അല്ലേ ഉള്ളു. ഡിഗ്രി കഴിഞ്ഞു ഒരു ജോലി ഒക്കെ ആയിട്ട് പോരെ കല്യാണം “” അവൾ പറഞ്ഞു.
“” സ്വന്തം ഇഷ്ടത്തിന് അവൾ ചെക്കനെ കൊണ്ട് വന്നതും പോരാ. ഇനി വര്ഷങ്ങളോളം അവന്റെ കൂടെ കറങ്ങിയിട്ട് അവസാനം അവൻ നിന്നെ ഇട്ടേച്ചു പോയാൽ പിന്നെ നല്ലൊരാലോചന വരോ… ചുമ്മാ കുടുംബക്കാർക്ക് പറഞ്ഞു ചിരിക്കാനായിട്ട്.
ഒന്നുകിൽ ഈ ബന്ധം നീ ഇപ്പൊ ഉപേക്ഷിച്ചേക്ക്. അല്ലെങ്കിൽ വിവാഹത്തിന് സമ്മതിക്ക്. ഒരാളെ കയ്യിൽ സുരക്ഷിതമായിട്ട് ഏല്പിക്കുന്ന വരെ ഉള്ള അമ്മമാരുടെ അവസ്ഥ നിനക്കൊന്നും പറഞ്ഞ മനസിലാവില്ല.
ദേ നിൽക്കുന്നു നിന്റെ ഇളയത്. രണ്ടിനേം ആരേലും കൈപിടിച്ച് ഏൽപ്പിക്കുന്ന വരെ ആയുസ് ഉണ്ടാവണേ എന്ന എന്റെ പ്രാർത്ഥന. നിനക്ക് വല്ലതും അറിയണോ “” അവളുടെ അമ്മ ആവലാതികളുടെ കെട്ടഴിച്ചു
ഒടുവിൽ കുറെ വഴക്കിനും ചർച്ചകൾക്കും ശേഷം നിശ്ചയം നടത്തി വയ്ക്കാം എന്ന് അവർ തീരുമാനിച്ചു.അങ്ങനെ ജ്യോതിയും നന്ദനുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞു.
കുടുംബക്കാരുടെ അംഗീകാരം ലഭിച്ചതോടെ കുറച്ചു സ്വാതന്ത്ര്യം അവൾക്ക് ലഭിച്ചു. വിളിക്കാനും ഇടയ്ക്കൊക്കെ കാണാനും ഒക്കെയായി പരിമിതികളോടെ അവസരം ലഭിച്ചു.
ജ്യോതി ഡിഗ്രിയ്ക്ക് പോയിത്തുടങ്ങി. ഒരു സ്കൂൾ വിദ്യാർത്ഥിയിൽ നിന്ന് കോളേജിലെത്തിയപ്പോൾ അവളുടെ ജീവിതത്തിലും കാഴ്ചപ്പാടിലും പ്രകടമായ മാറ്റങ്ങൾ വന്നു തുടങ്ങി.
ജീവിതത്തിനെപ്പറ്റി കൂടുതൽ സ്വപ്നങ്ങൾ കണ്ടുതുടങ്ങി. ഉയർന്ന റിസൾട്ടിനും അതുപോലെ ജോലിയും ലഭിക്കാനായി അവൾ നന്നേ പരിശ്രമിച്ചു. അങ്ങനെ ഡിഗ്രി കാലഘട്ടവും കഴിയാറായി.
“” നിനക്ക് എന്താ രണ്ട് മൂന്നു ദിവസമായി എന്നെ വിളിക്കാനൊന്നും നേരമില്ലല്ലോ “” നന്ദന്റെ പതിവ് പരാതിയാണ്.
“” നന്ദേട്ടാ നാളെയാണ് എന്റെ ടീമിന്റെ സെമിനാർ. ഞങ്ങൾ പ്രിപെയർ ചെയ്യുവാ. ഇതൊന്ന് കഴിഞ്ഞോട്ടെ.നാളെ വിളിക്കാം “” ജ്യോതി പറഞ്ഞു.
“” ഇതിപ്പോ കുറച്ചായല്ലോ. കഴിഞ്ഞ ആഴ്ച എക്സാം. ഈ ആഴ്ച സെമിനാർ. ഇനി എന്താ അടുത്ത് പറയാൻ പോണേ. കുറച്ചായി നിന്റെ മാറ്റം ഞാൻ കാണുന്നുണ്ട് “” നന്ദൻ പറഞ്ഞു.
“” മാറ്റമോ… എനിക്കെന്ത് മാറ്റം. ഫൈനൽ ഇയർ അല്ലേ നന്ദേട്ടാ. അതിന്റെ സ്ട്രെസ് ഒക്കെ ഉണ്ട് സത്യം പറഞ്ഞാൽ ഞാനും എല്ലാം കൂടെ മാനേജ് ചെയ്തു മടുത്തു. പിന്നെ നമ്മുടെ നല്ലതിന് വേണ്ടി അല്ലേ എന്ന് ഓർത്താ ഇങ്ങനെ ഉറക്കമുളച്ചു ഇരിക്കുന്നെ “”ജ്യോതി പറഞ്ഞു
നന്ദൻ അതിന് അലക്ഷ്യമായി ഒന്ന് മൂളുക മാത്രം ചെയ്തു.”” അയ്യോ നന്ദേട്ടാ. ഞാൻ വയ്ക്കുവാണേ. കാൾ വന്നപ്പോ ഞാൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു വന്നതാ. ഞങ്ങൾ സെമിനാറിന്റെ ബാക്കി ചെയ്യട്ടെ.
ഇനി നിന്നാൽ അവളുമാർ എന്നെ കൊല്ലും.ഗുഡ് നൈറ്റ് “” ജ്യോതി അത് പറഞ്ഞു വേഗം ഫോൺ കട്ട് ചെയ്തു ലാപ്ടോപ് മടിയിലേക്ക് വച്ചു.
പിറ്റേന്ന്”” ഡീ ഞാൻ ഒരു കാര്യം പറയട്ടെ. പറഞ്ഞിട്ട് കാര്യമില്ലെന്ന് അറിയാം എന്നാലും എന്റെ കൂട്ടുകാരി എന്ന് ഓർത്തു പറയുവാ. ഈ റിലേഷൻഷിപ്പിൽ നിനക്ക് വിശ്വാസം ഉണ്ടോ. ഞാൻ മുമ്പും സൂചിപ്പിച്ചതാ. ആളിന്റെ സ്വഭാവം. വീട്ടിലും നാട്ടിലും നല്ല പെരുമാറ്റം ആവും.
പക്ഷേ ചിലരുടെ തനി സ്വഭാവം അറിയണമെങ്കിൽ അടുത്ത കൂട്ടുകാരുടെ കൂടെ എങ്ങനെയാണ് എന്ന് നോക്കണം. എന്റെ കസിൻ സിസ്റ്ററിനെ കുറച്ചു നാളായി ശല്യം ചെയ്യണഅവന്മാരെ കൂട്ടത്തിലാ ഇവനും ഉള്ളത്.
നിന്നെ കെട്ടാൻ പോണയാൾ ആയിട്ടാ ഞാൻ അവനെ കൂടുതൽ ശ്രദ്ധിച്ചത്. നീ ആളിന്റെ സ്വഭാവം ഒക്കെ നല്ലോണം മനസിലാക്കിയിട്ടു മതി കേട്ടോ. “” ജ്യോതിയുടെ കൂട്ടുകാരി രേഷ്മ പറഞ്ഞു.
ആദ്യമൊക്കെ അവൾ എതിർത്തെങ്കിലും സ്വന്തം ജീവിതത്തെ ബാധിക്കുന്ന കാര്യങ്ങൾ ആയതിനാൽ അവൾ അതിനെപ്പറ്റി അന്വേഷിക്കുകയും രേഷ്മ പറഞ്ഞതിൽ സത്യാവസ്ഥ ഉണ്ടെന്ന് അറിയുകയും ചെയ്തു.
ഇതിനെചൊല്ലി തർക്കം ആയതിൽപിന്നെ ഒരുതരം വിചിത്രമായ രീതിയിലാണ് പിന്നീട് നന്ദൻ ജ്യോതിയോട് പെരുമാറിയത്.
അനാവശ്യമായി അവളോടൊപ്പം പഠിക്കുന്ന ആൺകുട്ടികളെ ചേർത്തു കഥകൾ ഉണ്ടാക്കി വഴക്കിടുക.
അവളുടെ സുഹൃത്തുക്കളുടെ നമ്പർ തേടിപ്പിടിച്ചു അവരെ വിളിച്ചു ചീത്ത പറയുക അങ്ങനെയങ്ങനെ നീണ്ടുപോയി നന്ദന്റെ കലാപരിപാടികൾ. മിക്കതും അവന്റെ കൂട്ടുകാരോടൊപ്പം കുടിച്ചു ബോധമില്ലാതെ ഇരിക്കുമ്പോഴാവും.
അങ്ങനെ സ്വൈര്യക്കെടുകളോടൊപ്പം കുറച്ചു നാൾ കൂടെ കടന്നുപോയി. ഈ പ്രശ്നങ്ങൾ അവളുടെ സമാധാനം കെടുത്തിയെങ്കിലും അതിനിടയിൽ എങ്ങനെയൊക്കെയോ തന്റെ ഡിഗ്രി അവൾ കംപ്ലീറ്റ് ചെയ്തു.
“”ഡിഗ്രി കഴിഞ്ഞ സ്ഥിതിക്ക് ഇനി കല്യാണം വൈകണ്ട “” ആദ്യം പറഞ്ഞ ഡിഗ്രിയുടെ കാലാവധി കഴിഞ്ഞതും വീട്ടിൽ വീണ്ടും കല്യാണചർച്ച തുടങ്ങി.
ജ്യോതിക്ക് ആകെ പരിഭ്രമം ആയി. ഏറെ മോഹിച്ചതാണ് നന്ദേട്ടനുമായുള്ള ജീവിതം. പക്ഷേ ഇപ്പോൾ സന്തോഷം തോന്നുന്നതേയില്ല. തെറ്റായൊരു തീരുമാനം എടുത്തപോലെ ഒരു കുറ്റബോധം ആണ് മനസ്സിൽ അലയടിക്കുന്നത്.
ഒത്തിരി ആലോചിച്ച ശേഷം അവൾ വീട്ടിൽ കാര്യങ്ങൾ തുറന്നു പറഞ്ഞു. പക്ഷേ അവർ ഒപ്പം നിൽക്കണം എന്ന് ആഗ്രഹിച്ചു താൻ പറഞ്ഞ കാര്യങ്ങൾ കേട്ട ശേഷം തന്റെ വീട്ടുകാർ തന്നെ കുറ്റപ്പെടുത്തുകയാണ് ചെയ്തത്.
ചെറിയ പ്രശ്നങ്ങൾ ഇത്ര പെരുപ്പിച്ചു പറയാൻ എന്തിരിക്കുന്നു എന്ന മട്ടിൽ അവർ സർവ്വതും തള്ളിക്കളഞ്ഞു
വിവാഹം ഉറപ്പിച്ചു മൂന്നു കൊല്ലം കഴിഞ്ഞിട്ട് വേണ്ട എന്ന് വയ്ക്കുന്നതിനെപ്പറ്റി ജ്യോതിയുടെ വീട്ടുകാർക്ക് ചിന്തിക്കാനെ കഴിയുന്നുണ്ടായിരുന്നില്ല.
ഒരു കല്യാണം മുടങ്ങിയ പെണ്ണിന് പിന്നെ നല്ല ആലോചനകൾ വരാൻ എളുപ്പം അല്ല എന്നും കുടുംബക്കാർ കളിയാക്കും എന്നും തുടങ്ങി അഭിമാനത്തിന്റയും സഹനശക്തിയുടെയും ക്ലാസുകൾ അവൾക്ക് വീട്ടുകാർ മാറിമാറി എടുത്തുകൊടുത്തു.
ഒടുവിൽ അമ്മയുടെ ആത്മഹത്യാ ഭീഷണിയും അവൾ കാരണം തകരാൻ പോകുന്നു എന്ന് എല്ലാവരും കരുതുന്ന അനിയത്തിയുടെ ഭാവിയും ഒക്കെ അവളെ നോക്കി പരിഹസിച്ചു
ജ്യോതി അവളുടെ റൂമിലിരുന്നുകൊണ്ട് കഴിഞ്ഞതൊക്കെയും ഓർത്തു. നേരത്തെ നടന്ന വഴക്ക് എന്തിനായിരുന്നു എന്ന്. ജ്യോതി നന്ദനോട് ഇനി ഈ ബന്ധത്തിന് താല്പര്യം ഇല്ല.
എല്ലാം നിറുത്താം എന്ന് പറഞ്ഞു പ്രശ്നങ്ങൾക്ക് ഒരു അവസാനം കുറിച്ചതായിരുന്നു. ഇതറിഞ്ഞപ്പോൾ ആയിരുന്നു അവളുടെ അമ്മയുടെ ആത്മഹത്യാ ഭീഷണി.
വീണ്ടും തന്നെക്കൊണ്ട് സമ്മതിപ്പിക്കാൻ. പോരാത്തതിന് നന്ദനെ വിളിച്ചു അപേക്ഷിച്ചിരിക്കുന്നു. കല്യാണത്തിൽ നിന്ന് പിന്മാറരുതേ എന്ന് … മകളുടെ അഹങ്കാരത്തിനു അമ്മ മാപ്പും പറഞ്ഞ ശേഷം ആണ് ഫോൺ കട്ട് ആക്കിയത്.
ഇനി താൻ അയാളെ വിളിച്ചു മാപ്പ് പറഞ്ഞു വീണ്ടും ഒന്നിക്കണം അതിനായിരുന്നു ഇപ്പോഴത്തെ അങ്കം. അവരുടെ അഭിമാനപ്രശ്നം ആയിപ്പോയില്ലേ. അവൾക്ക് പുച്ഛം തോന്നി. തന്റെയൊപ്പം നിൽക്കേണ്ടവർ തന്റെ വ്യക്തിത്വം മറ്റൊരാൾക്ക് അടിയറവ് വച്ചിരിക്കുന്നു
അറിവില്ലാത്ത പ്രായത്തിൽ പറ്റിയൊരു തെറ്റ് തിരുത്താൻ ശ്രമിക്കുമ്പോൾ വീണ്ടും തെറ്റിലേക്ക് തന്നെ തളച്ചിടാൻ ആണല്ലോ തന്റെ മാതാപിതാക്കൾ ശ്രമിക്കുന്നത്.
മക്കൾക്ക് നേർവഴി കാണിക്കേണ്ടവർ സ്നേഹവാത്സല്യങ്ങൾക്ക് പകരം അഭിമാനഭയം മാത്രം മനസിലേന്തി തന്നെ കുരുതി കൊടുക്കുന്നു.
ജ്യോതി അവളുടെ അവസ്ഥയെക്കുറിച്ചും ഓർത്തു. ഇരുപത്തിയൊന്ന് വയസിലേക്ക് കടക്കുന്ന പെൺകുട്ടി. അച്ഛനമ്മമാരുടെ തണലിൽ തന്നെയാണ് ഇപ്പോഴും.
എതിർക്കാൻ ആണെങ്കിൽ താൻ ഒറ്റപ്പെടുകയെ ഉള്ളു. തനിച്ചു നിന്ന് പൊരുത്തണമെങ്കിൽപ്പോലും തന്നെപ്പോലെ സ്വന്തം കാലിൽ നിന്ന് തുടങ്ങാത്ത ഒരു പെൺകുട്ടിക്ക് ആരുടെയെങ്കിലും സപ്പോർട്ട് കൂടിയേ തീരു.
ഒരു തൊഴിലിലേക്ക് പോലും എത്തിയിട്ടില്ല താൻ. രണ്ട് ദിവസം കൊച്ചുകുട്ടികൾ വാശി പിടിക്കുന്ന പോലെ താനും ഇവിടെ നിർബന്ധബുദ്ധി കാണിക്കും. ശേഷം തോൽവി സമ്മതിക്കും. അവൾ വരും വരയ്കകൾ കണക്കുകൂട്ടി.
ഒടുവിൽ വീട്ടുകാരുടെ ആഗ്രഹംപോലെ കല്യാണം നടന്നു. ജ്യോതി ഒന്നിനും എതിർത്തില്ല. വാശിപിടിച്ചു തന്നെ നേടിയതിന്റെ അഹങ്കാരം ആവോളം ഉണ്ട് നന്ദന്. ഒക്കെയും അവൾ കണ്ടില്ലെന്ന് നടിച്ച് സഹിച്ചു.
മൂന്ന് മാസത്തിനു ശേഷം…”” അമ്മേ ജ്യോതിക്ക് ഫോൺ കൊടുത്തേ. അവൾ വിളിച്ചിട്ട് എടുക്കുന്നില്ല. “” വിവാഹശേഷം തന്റെ നന്ദൻ പറഞ്ഞു.
“” ജ്യോതിക്ക് കൊടുക്കാനോ. അവൾ ഇങ്ങോട്ട് വരും എന്ന് പറഞ്ഞോ. ഇതുവരെ എത്തിയില്ലല്ലോ മോനേ. “” അവർ പറഞ്ഞു.
“” എത്തിയില്ലെന്നോ. രാവിലെ ഇറങ്ങിയതാ. ഇപ്പൊ സന്ധ്യ ആവാറായില്ലേ. ഒരു മണിക്കൂർ പോരേ അങ്ങെത്താൻ. ഇവളിതെങ്ങോട്ട് പോയതാ “” നന്ദൻ ചോദിച്ചു.
“” മോൻ ഇടയ്ക്ക് എങ്ങാനും അവളെ വിളിച്ചിരുന്നോ. എവിടാന്ന് ഒന്നും പറഞ്ഞില്ലേ “”ജ്യോതിയുടെ അമ്മയുടെ സ്വരത്തിൽ ഭീതി നിറഞ്ഞു.
“”അതിന് അവൾ എടുത്താലല്ലേ ചോദിക്കാൻ പറ്റൂ “” നന്ദൻ ഉഴപ്പി പറഞ്ഞു.”” എന്താ മോനേ വഴക്ക് എന്തേലും ഉണ്ടായോ “” അവർ ചോദിച്ചു. അതിനവൻ മറുപടി ഒന്നും പറഞ്ഞില്ല.
അല്ലേലും വഴക്കൊഴിഞ്ഞ നേരമില്ലല്ലോ. അവൾ അവളുടെ മാത്രമായൊരു ലോകത്ത് എന്ന പോലെയാണ് ജീവിക്കുന്നത്.
നന്ദന്റെ സ്വഭാവം വല്യ മാറ്റമൊന്നും ഇല്ലാതെ തുടരുന്നു. ജ്യോതിയുടെ വീട്ടുകാർ തന്നോട് അപേക്ഷിച്ചതുകൊണ്ട് ആണ് അവളെ സ്വീകരിച്ചതെന്ന മട്ടിൽ പ്രകടമായ അഹങ്കാരം അവനിലുണ്ട്.
പക്ഷെ അങ്ങനൊരാൾ തന്റെ ജീവിതത്തിലേക്കു കടന്നു വന്നത് അറിഞ്ഞിട്ടേയില്ല എന്ന മട്ടിലായിരുന്നു ജ്യോതിയുടെ നിലപാട്. നന്ദനോട് അവൾ തീരെ സംസാരിക്കാറേ ഇല്ലായിരുന്നു.
അവൾ വിവാഹശേഷം ചടങ്ങുകളുടെ ഭാഗമായല്ലാതെ തിരികെ വീട്ടിലേക്കും പോകാറില്ലായിരുന്നു. ആദ്യമായിട്ടാണ് അവൾ വീട്ടിൽ പോകുന്നു എന്ന് അവനോട് പറഞ്ഞത്. പക്ഷേ അവൾ അവിടെ എത്തിയില്ല എന്ന് അറിഞ്ഞു അവന് ആകെ ഷോക്ക് ആയി.
അൽപനേരം കഴിഞ്ഞു നന്ദന്റെയും ജ്യോതിയുടെ അനിയത്തിയുടെയും ഫോണിലേക്ക് ഒരേ മെസ്സേജ് ജ്യോതിയുടെ ഫോണിൽ നിന്നും വന്നു
“” വീട്ടിലേക്ക് എന്ന് പറഞ്ഞു ഇറങ്ങിയ ഞാൻ ഇതെവിടെ പോയി എന്ന് ആലോചിച്ചു തുടങ്ങിയിട്ടുണ്ടാവും അല്ലെ. അധികം ടെൻഷൻ ആവാതിക്കാനാ ഇപ്പൊ ഈ മെസ്സേജ്. ഞാൻ സേഫ് ആണ്.
ഒത്തിരി നാളത്തെ സ്വപ്നം ആയിരുന്നു നല്ല സാലറി ഉള്ളൊരു ജോലി. വെറും ഡിഗ്രി കൊണ്ട് പഠിത്തം നിർത്താനും മനസ് വരുന്നില്ല.
പിന്നെ നന്ദേട്ടന് ഞാൻ ജോലിക്ക് പോയി കഷ്ടപ്പെടുന്നത് ഇഷ്ടം അല്ലല്ലോ. തുടർന്നു പഠിക്കാൻ ആണേൽ ആരേലും പഠിപ്പിക്കണം. എനിക്ക് വേണ്ടി ആരാ ഫീസിന് ഒക്കെ കാശ് ചിലവാക്കുന്നെ.
പേടിക്കണ്ട ഞാൻ വിദ്യാഭ്യാസ ലോൺ എടുത്തിട്ടുണ്ട്. പിന്നെ വിദേശത്തു പഠിക്കാൻ പോകുന്നവര്ക്ക് അവിടെ ജോലിയും കിട്ടും എന്ന് അറിയാമായിരിക്കുമല്ലോ. ഈ ലോൺ ഒക്കെ ഞാൻ മെല്ലെ അടച്ചു തീർത്തോളാം.
ഒന്നും മനസിലായില്ലല്ലേ. മാസ്റ്റർ ഡിഗ്രി ചെയ്യാൻ ഞാൻ ജർമ്മനിയിലേക്ക് പോകുന്നു. ഇവിടെ നിന്നാൽ നിങ്ങളുടെയൊക്കെ അനുവാദം വേണ്ടിവരും എനിക്ക് കോളേജിലോ ജോലിക്കൊ പോണമെങ്കിൽ.
അതിന്റെ അവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പഠനം കഴിഞ്ഞാൽ ഇവിടെ തന്നെ ജോലി ചെയ്യാനുള്ള ഓഫറും ഭാഗ്യത്തിന് എനിക്ക് വന്നിട്ടുണ്ട്. അതുകൊണ്ട് തിരിച്ചു ഇനി എന്നാ അങ്ങോട്ട് എന്ന് എനിക്ക് അറിയില്ല.
പിന്നെ നന്ദേട്ടനോട്, വെറുതെവിടാൻ കെഞ്ചിയിട്ടും അലിവ് തോന്നാതെ എന്നെ തോൽപ്പിച്ചു നേടിയതിന്റെ അഹങ്കാരം നല്ലോണം ഉണ്ടല്ലേ.
ഇനി കുറച്ചു നാൾ ഭാര്യ വിദേശത്ത് ആണ് എന്ന് പറഞ്ഞു അഹങ്കരിച്ചോ.പിന്നെ ഡിവോഴ്സിന്റെ കാര്യം ഒക്കെ നമുക്ക് ഞാൻ തിരികെയെത്തിയിട്ട് നോക്കിയാൽ മതിയല്ലോ അല്ലേ.ഇനി എന്റെ അമ്മയോടും അച്ഛനോടും….
സ്വന്തം മകളുടെ ജീവിതം ആരുടെയെങ്കിലും കാൽക്കീഴിൽ അടിയറവ് വച്ചിട്ട് ആണെങ്കിലും അഭിമാനം സംരക്ഷിച്ചാൽ മതി എന്ന് കരുതുന്ന നിങ്ങൾക്ക് ഇനി എന്നോട് വെറുപ്പായിരിക്കും അല്ലേ. സാരമില്ല.
മകളുടെ നല്ല ഭാവിക്ക് ഈ വെറുപ്പ് അനുഗ്രഹമായി ഭവിക്കും. നിങ്ങളുടെ ഇഷ്ടത്തിന് ഇത്രയൊക്കെ ചെയുമ്പോൾ എന്റെയിഷ്ടത്തിന് എന്റെ ജീവിതത്തിൽ ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ.
കുറച്ചു നല്ല കൂട്ടുകാർ ഉണ്ടായിരുന്നത് കൊണ്ട് യാത്രയുടെ കാര്യങ്ങൾക്കും കാശിന്റെ ആവശ്യങ്ങൾക്കും അഡ്മിഷൻ ശെരിയാക്കാനും ഒക്കെ അധികം അല്ലലുണ്ടായില്ല.
അതുപോലുമില്ലാത്ത പെൺകുട്ടികൾക്ക് നിങ്ങളെപ്പോയുള്ള മാതാപിതാക്കളുടെ സ്വാർത്ഥതയ്ക്ക് വേണ്ടി ജീവിതം ബലി നൽകാനേ കഴിയു.
ഈ മെസ്സേജ് നിങ്ങൾ വായിക്കുമ്പോഴേക്കും ഞാൻ ഫ്ലൈറ്റ് കയറിയിട്ടുണ്ടാകും. ഇനി ആരോടും പ്രത്യേകം യാത്ര പറയുന്നില്ല.
പിന്നെ ജീനമോളോട്…നമ്മുടെ അച്ഛനും അമ്മയും നമ്മുടെ നല്ലതിനെന്ന് പറഞ്ഞു പല അവിവേകങ്ങളും കാണിക്കും. അവരെ ബഹുമാനിക്കരുതെന്നു അല്ല ചേച്ചി പറയുന്നത്. അവരുടെ തീരുമാനങ്ങളിൽ നല്ലതേത് ചീത്തയേത് എന്ന് തിരിച്ചറിയാൻ മോൾക്ക് കഴിയണം.
അതുപോലെ ഓരോ പ്രായത്തിലും നമ്മുടെ അറിവും കാഴ്ചപ്പാടും മാറിക്കൊണ്ടേയിരിക്കും. വളരുമ്പോൾ കുഞ്ഞിലേയെടുത്ത തീരുമാനങ്ങളിൽ ചിലത് തെറ്റി എന്ന് തോന്നും
ചേച്ചിക്ക് പറ്റിയത് പോലെ.
മോള് അത് ശ്രദ്ധിച്ചേക്കണം പിന്നെ ചേച്ചിക്ക് സംഭവിച്ചത് പോലെ മോൾക്ക് സംഭവിക്കില്ല. കാരണം നിനക്ക് കല്യാണപ്രായം ആവുമ്പോഴേക്കും ചേച്ചി ഇവിടെ ഒരു നല്ല പൊസിഷനിൽ എത്തും. പിന്നെ മോൾക്ക് ഒരു ആശ്രയത്തിന് ഞാനുണ്ടാകും.
അല്ലാതെ എല്ലാം സഹിച്ചു നിന്ന് കുറച്ചു വർഷങ്ങൾക്ക് ശേഷം ജീനമോളെയും എന്നെപ്പോലെ കുരുതികൊടുക്കുന്നത് കണ്ട് നിസ്സഹായമായി നോക്കി നിൽക്കാൻ എനിക്ക് വയ്യ.അതിന് വേണ്ടിക്കൂടെയാണ് ഇന്ന് ഈ ഒളിച്ചോട്ടം. അല്ല…ഒളിച്ചോട്ടമല്ല….ചിലരോടുള്ള മധുര പ്രതികാരം.