(രചന: പുഷ്യാ. V. S)
“”മോള് വല്ലോം കഴിച്ചോ ഡീ “” ശിവന്യയുടെ അച്ഛൻ ശങ്കരൻ ഭാര്യയോട് ചോദിച്ചതാണ്.
“” വിളിച്ചിട്ട് വരണ്ടേ. കോളേജിൽ നിന്ന് വന്നപ്പോൾ മുതൽ ഫോണിൽ തന്നാ. ആ റൂമിന്ന് ഇറങ്ങീട്ടില്ല പെണ്ണ് “” ശിവന്യയുടെ അമ്മ ഊർമിള മറുപടി പറഞ്ഞു.
“” ഈ കൊച്ച്.. ഇത് എത്ര നേരായി. മതി ഫോൺ ചെയ്തേ ഞാൻ വിളിക്കുന്നു എന്ന് പറ “” ശങ്കരൻ ഭാര്യയോട് പറഞ്ഞു..
“”ഡീ അനൂ. വന്നു വല്ലോം കഴിച്ചേ. ദേ അച്ഛൻ വിളിക്കുന്നു. “” ഊർമിള ശിവന്യയുടെ മുറിയുടെ വാതിലിൽ തട്ടി.
“ഡീ… ഞാൻ കുറച്ചു കഴിഞ്ഞു വിളിക്കാമെ. അമ്മ കഴിക്കാൻ വിളിക്കുന്നു. ഇനി വൈകിയാൽ കുഴപ്പമാ. എന്റെ സോനേ നീയിങ്ങനെ കരയാതെ . ഞാൻ വിളിക്കാം സമാധാപ്പെട് “” അത്രയും പറഞ്ഞു ശിവന്യ ഫോൺ വച്ചു
കഴിച്ചുകൊണ്ട് ഇരുന്നപ്പോഴും ശിവന്യയുടെ ശ്രദ്ധ വേറെ എങ്ങോ ആയിരുന്നു.
“” എന്താ മോളേ. നീയെന്തോ കാര്യമായിട്ട് ആലോചിക്കുന്നല്ലോ. കോളേജിൽ എന്തേലും പ്രശ്നം ഉണ്ടോ “” ശങ്കരൻ ചോദിച്ചു.
“” ഏയ് ഇല്ല അച്ഛാ. “” അതും പറഞ്ഞു അവൾ കുറച്ചു ചപ്പാത്തി മുറിച്ചു വായിലേക്ക് വച്ചു.
“” എന്തോ പ്രശ്നം ഉണ്ടെന്ന് കാര്യമായിട്ട് അറിയാം. നീ സാധാരണ ഞങ്ങളോട് എല്ലാം പറയാറുള്ളത് അല്ലേ. അതുകൊണ്ട് കള്ളം പറഞ്ഞാൽ പെട്ടന്ന് മനസിലാകും. “” ഊർമിള പറഞ്ഞു
“”അനൂ… എന്തേലും ഉണ്ടേൽ അച്ഛനോട് പറ മോളേ.”” അയ്യോ നിങ്ങൾ ഇങ്ങനെ ടെൻഷൻ അടിക്കാൻ മാത്രം എനിക്ക് ഒന്നും പറ്റിയിട്ട് ഇല്ല. ഇനി അത് ഓർത്ത് ആധി പിടിക്കേണ്ട.ഞാൻ കാര്യം പറയാം “” ശിവന്യ പറഞ്ഞു.
“” അത് നമ്മുടെ സോന ഇല്ലേ. അവളെ കുറച്ചു നാളായിട്ട് ഞങ്ങളുടെ ക്ലാസ്സിലെ തന്നെ എബിൻ ശല്യം ചെയ്യുകയാ. അവൾ എന്നെ വിളിച്ചു കരച്ചിലാ “” ശിവന്യ പറഞ്ഞു.
“” ഏത്. നിങ്ങളെ ക്ലാസിലെ മറ്റേ തല തെറിച്ച ചെക്കനോ. നീ അവനെ പറ്റി അല്ലേ പണ്ട് പറഞ്ഞിട്ടുള്ളത്. വഷളൻ സംസാരം ഒക്കെയാണ്. നിന്നോട് അന്ന് ഉടക്കി എന്നൊക്കെ. എനിക്ക് ഓർമ ഉണ്ട് “” ഊർമിള പറഞ്ഞു.”” അതെപ്പോ… ഞാൻ അറിഞ്ഞില്ലല്ലോ “” ശങ്കരൻ പറഞ്ഞു.
“” അയ്യടാ അറിഞ്ഞിട്ടെന്തിനാ. മോളേ ആരേലും ശല്യം ചെയ്തു എന്ന് അറിഞ്ഞാൽ ഒരാഴ്ച ഉറക്കം ഇല്ലാതെ നടക്കുന്ന അച്ഛനോട് ഈ കുഞ്ഞു കുഞ്ഞു പ്രശ്നം ഒക്കെ വന്നു പറഞ്ഞിട്ട് ബി പി വല്ലതും കൂടിയാൽ അമ്മേടെ ചീത്ത ഞാൻ കേൾക്കണം. “” ശിവന്യ അച്ഛനെ കളിയാക്കി കുറുമ്പോടെ പറഞ്ഞു.
“” അന്ന് ഇവളോട് ആ ചെക്കൻ എന്തോ അനാവശ്യം പറഞ്ഞെന്ന്. ആദ്യം പോട്ടെന്നു വച്ചു ശല്യം തുടർന്നപ്പോൾ നമ്മുടെ അല്ലേ മോള് അവനെ ആകെ നാണം കെടുത്തി എന്നും അവൻ ആ ദേഷ്യത്തിൽ എന്തൊക്കെയോ വെല്ലുവിളിച്ചിട്ട് പോയെന്നും ഒക്കെയാ കഥ.
ഞാനാ പറഞ്ഞെ അച്ഛനോട് പറയണ്ട എന്ന്. എന്ത് ചെയ്യാം നിങ്ങള് ഒരു ലോല ഹൃദയൻ ആയിപ്പോയില്ലേ. “” ഊർമിളയും മോളോടൊപ്പം ചേർന്നു ശങ്കരനെ കളിയാക്കി.
“” പിന്നെ ഇതൊക്കെ ഫസ്റ്റ് ഇയറിലെ കാര്യമാണ്.ഇപ്പൊ രണ്ട് വർഷം കഴിഞ്ഞു. അതിന് ശേഷം ഞങ്ങള് മിണ്ടാറുപോലും ഇല്ല.അതുകൊണ്ട് അത് ഓർത്ത് ഇനി എന്റെ പുന്നാര അച്ഛൻ തല പുകയ്ക്കണ്ട.കേട്ടല്ലോ “”
“” കൊള്ളാം. ഇത്രയൊക്കെ നടന്നിട്ട് അമ്മേം മോളും ഒരു വാക്ക് മിണ്ടിയോ എന്ന് നോക്കണേ. അച്ഛനാണ് അമ്മയെക്കാളും ഫ്രണ്ട്ലി.
അച്ഛന്റെ മോളാണ് എന്നൊക്കെ പറഞ്ഞു കാര്യം കാണാൻ സോപ്പ്. എന്നിട്ട് കാര്യത്തോട് അടുക്കുമ്പോൾ ഇതാണല്ലേ സ്വഭാവം “” ശങ്കരൻ മകളോട് പരിഭവപ്പെട്ടു.
അയാളുടെ ഭാവം കണ്ട് ഊർമിളയും ശിവന്യയും പരസ്പരം കണ്ണടച്ച് കാട്ടി കുറുമ്പോടെ ചിരിച്ചു.
“”അതൊക്കെ പോട്ടെ ഇപ്പൊ എന്താ പ്രശ്നം. സോന മോൾക്ക് എന്താ പറ്റിയെ “” ഊർമിള ചോദിച്ചു.
“” അത് അമ്മേ. അവളെ എബിൻ ബ്ലാക്ക് മെയിൽ ചെയ്യുവാ “” അവൾ പറഞ്ഞു നിർത്തി.
“ബ്ലാക്ക് മെയിലോ… എന്ത് പറഞ്ഞിട്ട് “”ശങ്കരൻ ചോദിച്ചു””അത്… പിന്നെ…”” ശിവന്യ പറയാൻ മടിച്ചു”” എന്താ അനൂ. കാര്യം പറ “” അമ്മ വീണ്ടും ചോദിച്ചു.
“” അത് അമ്മേ… പറയാം… ആദ്യം ഇത് അവളോട് അറിഞ്ഞതായിട്ട് കാണിക്കില്ല എന്ന് ഉറപ്പ് താ. അവൾ എന്നോട് മാത്രം പറഞ്ഞതാ.”” ശിവന്യ പറഞ്ഞു.
ശെരി നീ കാര്യം പറ” ഊർമിള പറഞ്ഞു”” അതിപ്പോ… ഞാൻ എങ്ങനെയാ നിങ്ങളോട്… എന്താണ് എന്ന് വച്ചാൽ “” അവൾ വിക്കി.
“” ന്താണ് എന്ന് വച്ചാൽ പറയെടി. ഇത് കഴിഞ്ഞു വേറെ ജോലി കിടക്കുന്നു. അപ്പോഴാ അത്… പിന്നെ… എന്നും പറഞ്ഞു അവളുടെ ഒരു കൊഞ്ചൽ “” ഊർമിള തിരക്ക് കൂട്ടി.
“” നീയൊന്ന് മിണ്ടാതിരിക്കു. മോള് പറ എന്താ പ്രശ്നം എന്ന്. മടിക്കാതെ പറഞ്ഞോ. നിനക്ക് ഞങ്ങളോട് എന്തും പറയാൻ ഉള്ള സ്വാതന്ത്ര്യം ഇല്ലേ. മോള് ധൈര്യം ആയിട്ട് പറ “” ശങ്കരൻ പറഞ്ഞു
“” അത്… അവളുടെ കുറച്ചു മോശം ഫോട്ടോ വച്ചു അവൻ ഭീഷണിപ്പെടുത്തുവാ. അവന്റെ കൂടെ എവിടെയൊക്കെയോ ചെല്ലണം എന്ന് പറഞ്ഞിട്ട് “” അവൾ പറഞ്ഞു.
“”അയ്യോ ഇത് വല്ലാത്ത കുരുക്ക് ആണല്ലോ. ഇതാണോ നീ വല്യ പ്രശ്നം ഒന്നും അല്ലെന്ന് പറഞ്ഞെ. കൊള്ളാം. അതിരിക്കട്ടെ അവളുടെ ഫോട്ടോ എങ്ങനെ അവന്റെ കയ്യിൽ “” അമ്മ ചോദിച്ചു
“” അത് പിന്നെ… ആ പെണ്ണ് കുറച്ചു നാളായിട് അവനും ആയിട്ട് ഇഷ്ടത്തിൽ ആയിരുന്നു എന്നാ പറയണേ. ക്ലാസ്സിൽ ആരും അറിഞ്ഞിട്ടില്ല.
ഇടയ്ക്ക് എപ്പോഴോ അവൻ നിർബന്ധിച്ചപ്പോൾ ഒരു ഫോട്ടോ അവൾ അയച്ചു കൊടുത്തു. പിന്നെ അത് വച്ചു ബ്ലാക്ക് മെയിൽ ചെയ്തപ്പോൾ അടുത്തത്. അങ്ങനെ വീണ്ടും വീണ്ടും ഊരാക്കുടുക്കിലേക്ക് ആണ് ആ പെണ്ണ് ചെന്ന് കേറി കൊടുത്തത്.
ഇതൊക്കെ ഞാൻ അറിയുന്നേ ഇന്ന് ആണ്. ആദ്യം കുറെ വഴക്ക് പറഞ്ഞു ഞാൻ. അത്രയ്ക്കു ദേഷ്യം വന്നു. വായിൽ വന്ന പോലെ ഒക്കെ പറഞ്ഞു ഞാൻ.അവൾ ഇപ്പൊ ചാവും എന്നൊക്കെ പറഞ്ഞ നിൽക്കണേ.
പിന്നെ എന്തോ ഇപ്പൊ വഴക്ക് പറയാനും തോന്നുന്നില്ല. എന്തേലും ചെയ്താൽ പിന്നെ അന്ന് വഴക്ക് പറയാതെ കൂടെ നിന്നിരുന്നേൽ എന്ന് തോന്നിയിട്ട് കാര്യം ഇല്ലല്ലോ “” ശിവന്യ പറഞ്ഞു
“” ആകെ പ്രശ്നം ആണല്ലോ. മോള് ഇപ്പൊ എന്ത് ചെയ്യണം എന്നാ അവളോട് പറഞ്ഞെ”” ശങ്കരൻ ചോദിച്ചു
“” എനിക്ക് ഒരു പിടിയും ഇല്ല. ഞാൻ അങ്ങോട്ട് വിളിക്കാം സമാധാനപ്പെട് എന്ന് പറഞ്ഞ ഫോൺ വച്ചേ. നിങ്ങള് തന്നെ പറ എന്താ ചെയ്യേണ്ടേ “” ശിവന്യ ചോദിച്ചു.
“” ഒന്നുകിൽ അവനെ പേടിച്ചു അവൻ പറയുന്നേ അനുസരിക്കേണ്ടി വരും. പക്ഷേ അത് ആണ് ഏറ്റവും മണ്ടത്തരം. അത് ഒഴിവാക്കണം എങ്കിൽ മോള് ഞാൻ പറയുന്നത് കേൾക്ക്. ഇത് സോന മോളുടെ അച്ഛനേം അമ്മേം അറിയിക്കുക ആണ് ആദ്യം വേണ്ടത് “” ശങ്കരൻ പറഞ്ഞു.
“” ഏഹ്ഹ് അച്ഛാ…. ദേ കൊളമാക്കല്ലേ. ഇത് അവളോട് പോലും ചോദിക്കില്ല എന്ന് പറഞ്ഞിട്ടല്ലേ ഞാൻ എല്ലാം പറഞ്ഞത്. എന്നിട്ട്… “” ശിവന്യ ആകെ വെപ്രാളപ്പെട്ടു
“” അത് ശെരി.പിന്നെ എന്താ നിന്റെ പ്ലാൻ.ആ കൊച്ചിനെ അവൻ പറയുന്ന പോലെ വിട്ടുകൊടുക്കണോ.
ഇതാണ് നിങ്ങളെ ഈ പ്രായത്തിൽ പറ്റുന്ന ഏറ്റവും വല്യ മണ്ടത്തരം. എന്ത് പ്രശ്നം ഉണ്ടായാലും പേരെന്റ്സിനെ മാറ്റി നിർത്തി ബാക്കി ഉള്ള പോംവഴികൾ ഒക്കെ ആലോചിച്ചു കൂട്ടും.
ഇപ്പൊ തന്നെ ഗതികെട്ടപ്പോൾ സോന മോള് നിന്നെ വിളിച്ചില്ലേ. എന്നിട്ട് നീ അവളെ വഴക്ക് പറഞ്ഞില്ലേ. എന്തുകൊണ്ടാ.
നിനക്ക് അവളോട് സ്നേഹം ഉള്ളതുകൊണ്ട് അല്ലേ. സ്നേഹം ഉള്ളവർ ഉറപ്പായിട്ടും വഴക്ക് പറയും. ഏറ്റവും കൂടുതൽ പറയുന്നത് അവളുടെ അച്ഛനും അമ്മയും ആയിരിക്കും.
കാരണം ഈ ലോകത്ത് അവളെ ഏറ്റവും സ്നേഹിക്കുന്നതും അവൾക്ക് നല്ലത് വരണം എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നതും അവർ തന്നെ ആവും. അവർ കൂടെ നിന്നാൽ പിന്നെ അവൾക്ക് ഈ എബിൻ ഒന്നും പ്രശ്നം അല്ല മോളേ.
ഇപ്പൊ തന്നെ ആ കൊച്ചു അവൻ ഭീഷണിപ്പെടുത്തുമ്പോൾ പോലും ഇത് വീട്ടിൽ അറിയുമോ എന്ന് ആയിരിക്കും ആദ്യം ഭയക്കുന്നത്. അത് കഴിഞ്ഞേ ബാക്കി ഉള്ള അപമാനങ്ങൾ ഉള്ളു.
അതാ ഞാൻ പറഞ്ഞെ. അവളുടെ വീട്ടുകാർ ഇത് അറിഞ്ഞ ശേഷം കൂടെ നിന്നാൽ പിന്നെ അവൾക്കും ഇച്ചിരി ധൈര്യം കിട്ടും. അല്ലാണ്ട് നിങ്ങൾ രണ്ട് കൊച്ച് പിള്ളേർ കൂടി ഇത് എങ്ങനെ കൈകാര്യം ചെയ്യാനാ “”” ഊർമിള ചോദിച്ചു
” അമ്മ പറയുന്നേ ഒക്കെ ശെരിയാ. പക്ഷേ. അവളുടെ വീട്ടിൽ പറഞ്ഞാൽ… ആന്റിയും അങ്കിളും ഇത് എങ്ങനെ എടുക്കും “” ശിവന്യയ്ക്ക് ടെൻഷൻ ആയി.
“” അത് മോള് ഞങ്ങൾക്ക് വിട്ടേക്ക്. ഒന്നുമില്ലേലും ഇവിടെ എപ്പോഴും വരുന്ന കൊച്ചു അല്ലേ സോന. കുഞ്ഞിലേ അവളേം അവളുടെ വീട്ടുകാരേം നമുക്ക് അറിയാം. അവളുടെ അമ്മയോട് ഞാൻ സംസാരിക്കാം. പിന്നെ നീ ഇപ്പൊ ഇത് സോനയോട് പറയണ്ട “” ഊർമിള പറഞ്ഞു
അവൾ നാളെ എന്താകും എന്ന ടെൻഷനിലാണ് റൂമിലേക്ക് പോയത്. എന്തേലും വഴി ഉണ്ടാക്കാം. ഞാൻ കൂടെയില്ലേ സമാധാനപ്പെട് എന്നൊക്കെ പറഞ്ഞു സോനയെ അശ്വസിപ്പിക്കാൻ അവൾ ശ്രമിച്ചു.
പിറ്റേന്ന് തന്നെ അവർ സോനയുടെ വീട്ടിലെത്തി.
“” എന്താ ഊർമിളെ. രണ്ടാളും കൂടെ പതിവില്ലാതെ ഒന്നിച്ചു ഇങ്ങോട്ട്. ശിവന്യ മോള് കുറച്ചു മുമ്പ് വന്നു സോനയേം കൂട്ടി പുറത്ത് പോയതേ ഉള്ളു.നിങ്ങൾ ഇരിക്ക് “” സോനയുടെ അമ്മ ജാൻസി പറഞ്ഞു
“” ഞങ്ങൾ പറഞ്ഞിട്ടാ അനു മോള് വന്നു സോനയെ കൂട്ടിക്കൊണ്ട് പോയത്. ഞങ്ങൾക്ക് കുറച്ചു സംസാരിക്കാൻ ഉണ്ട്. സോനയുടെ അച്ഛനോടും കൂടി. “” ശങ്കരൻ പറഞ്ഞു
അവർക്ക് ആകെ പരിഭ്രമം ആയി. ജോലിക്ക് പോയിരുന്ന സോനയുടെ അച്ഛനെ അവർ വിളിച്ചു വരുത്തി. അപ്പോഴേക്കും കാര്യങ്ങൾ അവർ ജാൻസിയെ പറഞ്ഞു ധരിപ്പിച്ചു.
പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങൾ അറിഞ്ഞു രണ്ടാളുടെയും നിയന്ത്രണം വിടുകയാണ് ചെയ്തത്. സോനയോട് ദേഷ്യവും പിന്നെ വെപ്രാളവും കണ്ണീരും ഒക്കെ ആയി രംഗം വഷളാണ്.
“” മോള് ചെയ്തത് തെറ്റ് ആണ്. പക്ഷേ ഇപ്പൊ നിങ്ങൾ അവളെ ശിക്ഷിക്കാൻ നിക്കരുത്.
ആദ്യം ആ ചെക്കന്റെ കാര്യം ആണ് നോക്കേണ്ടത്. പിന്നെ ഇപ്പൊ മോളേ തല്ലാനും ചീത്ത പറയാനും പോയാൽ അവൾ എന്തേലും അബദ്ധം ചെയ്യും എന്ന് ഉറപ്പാ. അങ്ങനെ സംഭവിച്ചാലും ആ പയ്യന് നഷ്ടം ഒന്നും ഇല്ല.
നിങ്ങള് മാത്രമേ ദുഖിക്കു. ഇങ്ങനുള്ള സന്ദർഭത്തിൽ മോളോടൊപ്പം നിൽക്കാൻ ആണ് ശ്രമിക്കേണ്ടത്.”” കുറച്ചു നേരം എടുത്തു ആണെങ്കിലും ഊർമിളയും ശങ്കരനും കൂടെ അവരെ പറഞ്ഞു സമാധാനിപ്പിച്ചു.
“” നീ ഇത് എന്തൊക്കെയാ പറയുന്നത്.അങ്കിളും ആന്റിയും ഇപ്പൊ എന്റെ വീട്ടിലാണെന്നോ. ഈശ്വര അവർ എല്ലാം അറിഞ്ഞിട്ടുണ്ടാവുമോ. ഇനി ഞാൻ വീട്ടിലോട്ട് എങ്ങനെ പോവും.
എനിക്ക് പേടിയാവുന്നു. ഞാൻ നിന്നോട് പറഞ്ഞതല്ലേ ആരോടും പറയല്ലെന്നു “” സോന കരയാൻ തുടങ്ങി.
“” ഓരോന്ന് ഒപ്പിച്ചു വച്ചിട്ട് മോങ്ങുന്ന കാണുമ്പോ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്. എന്റെ അറിവിൽ ഈ പ്രോബ്ലത്തിന് ഈ ഒരു സൊല്യൂഷനേ ഉള്ളു. ഒരു കാര്യം ചെയ്യ്. എന്തായാലും ചാവാൻ അല്ലേ മോൾടെ പ്ലാൻ. പത്തു മിനുട്ട് കൂടെ വെയിറ്റ് ചെയ്യ്.
നിന്റെ വീട്ടുകാരെ റിയാക്ഷൻ അറിഞ്ഞിട്ട് തീരുമാനിക്കാം ചാവണോ വേണ്ടേ എന്ന് “”സോനയെ കളിയാക്കി അത് പറയുമ്പോഴും ശിവന്യയുടെ ഉള്ളിൽ തന്റെ അച്ഛനമ്മമാരിൽ ഉള്ള വിശ്വാസം എറിയിരുന്നു.
“” അയ്യോ ദേ അമ്മ വിളിക്കുന്നു. “” സോന ഫോൺ റിങ് ചെയ്യുന്ന കേട്ട് ഞെട്ടലോടെ പറഞ്ഞു
“” നീ ഇങ്ങനെ വിറയ്ക്കാതെ കാൾ എടുക്ക്. കോപ്പ്.. ഇങ്ങ് താ…. ഹലോ ആന്റി… സോന അല്ല ഇത് ശിവന്യയാ… ആ അവൾ അടുത്ത് ഉണ്ട് ആന്റി “” ശിവന്യ ഫോൺ സോനയുടെ ചെവിയിലേക്ക് വച്ചു
“” അമ്മേ…. “” മറുതലയ്ക്കൽ നിന്നും കരച്ചിൽ കേട്ട് അവളും കരഞ്ഞുപോയി. ശിവന്യ വിചാരിച്ചത് പോലെ തന്നെ അവളുടെ അമ്മയും അച്ഛനും പോയ കാര്യം ഭംഗിയായി നടത്തിയിരിക്കുന്നു.
അവളോട് വേഗം വീട്ടിൽ ചെല്ലാൻ പറഞ്ഞു. വഴക്ക് പറയില്ല എന്നും എന്ത് പ്രശ്നം വന്നാലും അവളെ കൈവിടില്ല എന്നും അമ്മ പറഞ്ഞത് കേട്ട് സോനയ്ക്ക് തെല്ലൊന്ന് ആശ്വാസം ആയി.
“” എന്തേ മോള് ഇപ്പൊ ചാവുന്നില്ലേ. ഞാൻ പറഞ്ഞില്ലേ അവരോട് പറയുന്നേ ആണ് നല്ലതെന്ന്. വാ നമുക്ക് വീട്ടിലോട്ട് പോവാം. ഞാനും വരാം “” അവർ പോകാനിറങ്ങി.
“” എബിനോട് ഇങ്ങോട്ട് വരാൻ പറയാനോ. അത് വേണോ അമ്മേ “” സോന ചോദിച്ചു
“”നീ ധൈര്യം ആയിട്ട് ഞാൻ പറയുന്ന പോലെ ചെയ്യ്. നീ അവനെ വിളിക്ക്. എന്നിട്ട് നിന്നെ ശല്യം ചെയ്യരുത് ഉപദ്രവിക്കരുത് എന്നൊക്കെ അപേക്ഷിക്കു.
സംസാരിച്ചു തീർക്കാൻ വേണ്ടി വിളിക്കുന്ന പോലെ വിളിച്ചാൽ മതി. ഇവിടെ നീ മാത്രമേ ഉള്ളു എന്ന് പറ.എന്നിട്ട് സംശയം തോന്നാത്ത രീതിയിൽ ഇങ്ങോട്ട് വരാൻ പറ.”” സോനയുടെ അച്ഛൻ പറഞ്ഞു
“” ആ നീ മാത്രേ ഉള്ളു എന്ന് പറഞ്ഞാൽ പിന്നെ അധികം നിർബന്ധിക്കേണ്ട അവശ്യം ഇല്ല.ഇങ്ങോട്ട് വരട്ടെ എന്ന് അവൻ തന്നെ ചോദിച്ചോളും.””
ശിവന്യ പറഞ്ഞത് കേട്ട് സോനയ്ക്ക് അൽപ്പം ചമ്മൽ തോന്നി. ഈ പെണ്ണിന്റ കാര്യം എന്ന് പറഞ്ഞു ഊർമിള തലയ്ക്കു ഇട്ട് ഒരു കൊട്ട് കൊടുത്തു. അവൾ ചിരിച്ചു കാണിച്ചു
അവൾ പറഞ്ഞ പോലെ തന്നെ അവൻ വീട്ടിൽ അവൾ മാത്രമേ ഉള്ളു എല്ലാരും വരാൻ വൈകും എന്ന് കേട്ടതും അങ്ങോട്ട് ചെല്ലാൻ തിടുക്കം കാട്ടി. ഇപ്പൊ എങ്ങനെ ഉണ്ടെന്ന അർത്ഥത്തിൽ ശിവന്യ സോനയെയും ഊർമിളയെയും നോക്കി
സോനയുടെ വീട്ടിൽ എത്തി അൽപനേരം കഴിഞ്ഞപ്പോൾ ആണ് എബിന് താൻ പെട്ടു എന്ന് മനസിലായത്.
നല്ല രീതിയിൽ കൈകാര്യം ചെയ്തു അവന്റെ ഫോണും വാങ്ങിച്ചു ഫോട്ടോസ് ഡിലീറ്റ് ചെയ്തു അവനെക്കൊണ്ട് സോനയോട് മാപ്പും പറയിപ്പിച്ചു. ശേഷം സോനയുടെ അച്ഛൻ വിളിച്ചതനുസരിച്ചു പോലീസ് എത്തി അവനെ കൊണ്ട് പോയി.
എല്ലാം കലങ്ങി തെളിഞ്ഞു എന്ന് കരുതി ഇരുന്നപ്പോൾ ആണ് സോനയ്ക്ക് മുഖം പൊട്ടുന്ന തരത്തിൽ ജാൻസിയുടെ കൈയ്യാലേ ഒരു അടി കിട്ടിയത്. അവൾ അത് തീരെ പ്രതീക്ഷിക്കാത്തത് ആയതുകൊണ്ട് തന്നെ സോഫയിലേക്ക് വീണുപോയി.
ജാൻസി വീണ്ടും തല്ലാൻ ഓങ്ങിയപ്പോഴേക്കും ശിവന്യ ഇടയ്ക്ക് കേറി തടഞ്ഞു.
“” വേണ്ട ആന്റി. വിട്ടേക്ക്. കൊടുക്കാൻ ഉള്ളത് ഞാൻ നേരത്തെ കൊടുത്തതാ. ആഹ് അമ്മേം അച്ഛനും അറിഞ്ഞില്ലല്ലോ അത്. നേരത്തെ വീട്ടിൽ വച്ചു ഞാൻ ഒന്ന് ബാത്റൂമിൽ പോയ തക്കത്തിന് ഒരു ആത്മഹത്യാ ശ്രമം.
ബാത്റൂമിൽ നിന്ന് ഇറങ്ങിയപ്പോ ആള് ദേ ബ്ലേഡും പിടിച്ചോണ്ട് ഇരിക്കുന്നു. എന്റെ സകല നിയന്ത്രണവും പോയി. കൊടുത്തു ചെകിട് നോക്കി ഒരെണ്ണം. “” ശിവന്യ അത് പറഞ്ഞു സോനയെ കൂർപ്പിച്ചു ഒന്ന് നോക്കി.
“” എന്റെ മോളേ നിനക്ക് ഇങ്ങനെ ഒക്കെ എങ്ങനെ ചെയ്യാൻ തോന്നി.ഞങ്ങൾ ഇവിടെ നിനക്ക് വേണ്ടി അല്ലേ ജീവിക്കുന്നെ. നീ എന്താ അതൊന്നും മനസിലാക്കാത്തത് “” സോനയുടെ അച്ഛൻ ചോദിച്ചു.
” അവൾക്ക് അതെല്ലാം മനസിലായെന്നെ. ഇനി എല്ലാരും കൂടെ വീണ്ടും പറഞ്ഞു കൊച്ചിനെ വിഷമിപ്പിക്കണ്ട. ഒന്നാമത് കുറെ ദിവസം ആയിട്ട് ആരോടും പറയാതെ അത് തീ തിന്നുവായിരുന്നു. ഇനി അവളെ കൂടുതൽ ഒന്നും പറയണ്ട.
പിന്നെ സോന മോളേ. ഇപ്പൊ ഇത്രയൊക്കെ സംഭവിച്ചപ്പോൾ മോൾക്ക് മനസിലായല്ലോ എന്തേലും പ്രശ്നം വന്നാൽ ആദ്യം ഒന്ന് തല്ലുവോ ചീത്ത പറയുകയോ ചെയ്താലും അവർ കൂടെ നില്കും എന്ന്.
അതുകൊണ്ട് ഇനി ജീവിതത്തിൽ എന്ത് കുരുക്ക് ഉണ്ടായാലും മോള് കൂട്ടുകാരോട് പറയും മുമ്പ് വീട്ടുകാരോട് പറയണം. അച്ഛനും അമ്മയ്ക്കും ആയിരിക്കണം മോളുടെ സുഹൃത്തുക്കളിൽ ഒന്നാം സ്ഥാനം.അതും പറഞ്ഞു അവളുടെ കവിളിൽ ഒന്ന് തട്ടിയ ശേഷം അവർ അവിടുന്ന് ഇറങ്ങി