(രചന: സൂര്യ ഗായത്രി)
തലയും ഉയർത്തിപ്പിടിച്ച് സെക്രട്ടറിയേറ്റിന്റെ പടികൾ കയറി സ്വന്തം സീറ്റിൽ ചെന്നിരിക്കുമ്പോൾ അവൾക്കു സന്തോഷം ആയിരുന്നു.
ഒരിക്കൽ കൈവിട്ടു പോയ ജീവിതം മുന്നിൽ തച്ചുടയുന്നത് കണ്ട് എല്ലാവരുടെയും പരിഹാസവും ശാപവും ഏറ്റു നിൽക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ.
പ്രായത്തിന്റെ അറിവില്ലായ്മയിൽ ചെയ്തു പോയ തെറ്റിന് സ്വന്തം ജീവിതമായിരുന്നു അവൾ പകരം കൊടുത്തത്.
ഒരു ദുർബല നിമിഷത്തിൽ അന്യ പുരുഷനോട് തോന്നിയ അടുപ്പം, അവന്റെ പ്രലോഭനങ്ങളിലും സ്നേഹപ്രകടനങ്ങളിലും ഒരു ഭാര്യയാണെന്നും കുഞ്ഞിന്റെ അമ്മയാണെന്നും മറന്നു വീണുപോയ പ്പോൾ, സ്വന്തം ജീവിതം അവിടെ നശിക്കുകയാണെന്ന് ഒരുവേള അവൾ മറന്നു പോയി.
നാട്ടുകാരും വീട്ടുകാരും സമൂഹവും അവളെ കുറ്റക്കാരി എന്ന മുദ്രകുത്തി അവൾ ചെയ്തുപോയ തെറ്റിനേ ചൂണ്ടിക്കാട്ടിയപ്പോൾ ആ അച്ഛനും അമ്മയും അത്രമേൽ തളർന്നു പോയിരുന്നു.
വളർത്തുദോഷത്തിന്റെ പേര് പറഞ്ഞു ഒരു കുടുംബത്തെ മുഴുവൻ വേട്ടയാടിയപ്പോൾ ചെയ്തുപോയ തെറ്റിന്റെ ആഴം മനസ്സിലാക്കി മൗനം പൂണ്ടു തേങ്ങിക്കരയാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ.
എല്ലാവരുടെയും മുന്നിൽ തെറ്റുകൾ എല്ലാം സമ്മതിച്ച് ഒരു കുറ്റവാളിയെ പോലെ അവൾ നിന്നപ്പോൾ തന്റെ ജീവിതം നശിച്ചു എന്ന് തന്നെ അവൾ കരുതി…..
എന്നാൽ തങ്ങൾക്ക് പറയുന്നതിനും പരിഹസിക്കുന്നതിനുമായി മറ്റൊരു ഇരയെ വീണു കിട്ടിയപ്പോൾ അവർ അവളുടെ കാര്യം മറന്നു.
അതുവരെ കളിയായി കണ്ടിരുന്ന മുടങ്ങിയ പഠിത്തം വീണ്ടെടുക്കുന്നതിനായി അവളുടെ ശ്രമം. തന്റെ കുഞ്ഞിനെ എല്ലാവരുടെയും മുന്നിൽ നല്ലവനായി വളർത്തണം അതിനുവേണ്ടി തനിക്ക് ഒരു ജോലി കൂടിയേതീരൂ….
കൈമുതലായി ഉണ്ടായിരുന്ന ചെറിയ തുന്നൽ പണിയെ കുറച്ചുകൂടി വികസിപ്പിച്ച അമ്മയോട് ഒരു മെഷീൻ വാങ്ങി തരുന്നതിന് കുറിച്ച് അവൾ പറഞ്ഞു.
വീണുപോയ മകളെ താങ്ങി നിർത്തുക എന്നത് ഞങ്ങളുടെ കടമയാണെന്നും ,ഒരു തെറ്റ് സംഭവിച്ചു പോയ അവളെ തള്ളിക്കളയാതെ ചേർത്തുനിർത്തിയാൽ മാത്രമേ അവളുടെ ജീവിതത്തിൽ പുതു പ്രതീക്ഷകൾ ഉണ്ടാകുകയുള്ളൂ എന്ന് മനസ്സിലാക്കിയ അമ്മ അവളുടെ ആവശ്യപ്രകാരം ഒരു തയ്യൽ മെഷീൻ വാങ്ങി നൽകി..
ചെറിയ ചെറിയ കീറലുകളും തുന്നലുകളും അടിച്ചു തുടങ്ങിയ അവൾ അടുത്തുള്ള ഒരു തയ്യൽ ക്ലാസിൽ ചെന്ന് ചേർന്നു.
ബ്ലൗസും ചുരിദാറും വെട്ടാനും തയ്ക്കാനും പഠിച്ച് ഇന്നിപ്പോൾ വീടിന് അടുത്തുള്ളവർക്ക് ചെറിയ രീതിയിൽ തുണികൾ തച്ചു കൊടുക്കുന്നുണ്ട്. ഡിറ്റിപിയും, ടാ ലിയും ഡേറ്റ എൻട്രിയും പഠിച്ചവൾ ചെറിയ ചെറിയ വർക്കുകൾ പിടിച്ച് അവയും ചെയ്യുന്നുണ്ട്.
തനിക്ക് കിട്ടുന്ന ചെറിയ വരുമാനത്തിൽ നിന്ന് നിശ്ചിത തുക മാറ്റിവെച്ച് പിഎസ്സിയുടെ കോച്ചിംഗ് ക്ലാസിലെക്കു പോകുന്നതിനുവേണ്ടിചെലവഴിച്ചു.
ചെറിയ ചെറിയ ടെസ്റ്റുകൾ എഴുതി തുടങ്ങി. ആദ്യം ഉണ്ടായിരുന്ന പേടിയും ഭയപ്പാടും ഒക്കെ മാറി. എക്സാം എഴുതിയപ്പോൾ തന്നെ നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു.
വീട്ടിൽ വന്ന് പലതവണ മാർക്ക് കാൽക്കുലേറ്റ് ചെയ്തു നോക്കി ലിസ്റ്റിൽ വരുമെന്ന് എന്തുകൊണ്ടോ മനസ്സിൽ ഉറച്ച ഒരു തീരുമാനം ഉണ്ടായി.
റാങ്ക് ലിസ്റ്റ് വരുന്നതിനു വേണ്ടി കാത്തിരുന്നു….മനസ്സിൽ ഉറപ്പിച്ചിരുന്ന വിശ്വാസം വെറുതെയായില്ല. ആദ്യത്തെ 100 പേരിൽ ഒരാൾ അവളായിരുന്നു. സന്തോഷം കൊണ്ട്
കണ്ണുകൾ പൊട്ടിയൊഴുകി. പേപ്പറുമായി അമ്മയുടെ അടുത്തേക്ക് ചെന്നു. അമ്മയോട് കാര്യം പറയുമ്പോൾ ഏങ്ങി കരയുകയായിരുന്നു.
തള്ളിപ്പറഞ്ഞവരുടെ മുന്നിൽ തലയുയർത്തി നിൽക്കാൻ ദൈവമായി തന്ന അവസരം. തെറ്റ് ചെയ്യാത്തവരായി ഭൂമിയിൽ ആരുമില്ല. ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത ഒരു തെറ്റ് തന്നെയാണ് താൻ ചെയ്തത്.
അതിന് തന്റെ ജീവിതം തന്നെ കൊടുക്കേണ്ടി വന്നു. പക്ഷേ എല്ലാം നശിച്ചു എന്ന് പറഞ്ഞ് മൂലയിൽ മാറിയിരുന്നു കരയാൻ കഴിഞ്ഞില്ല.
ഒരിക്കൽ അകറ്റിനിർത്തിയവൾ പിന്നീട് അവളെ ചേർത്തുപിടിക്കാനുള്ള അവസരം അവൾ തന്നെ ഉണ്ടാക്കിക്കൊടുത്തു…
അപ്പോയിൻമെന്റ് ലെറ്റർ കയ്യിൽ കിട്ടുമ്പോൾ കുഞ്ഞിനെ ചേർത്തുപിടിച്ച് വാവിട്ട് നിലവിളിച്ചു. നല്ലൊരു ദിവസം നോക്കി ജോയിൻ ചെയ്തു. ആദ്യമായി ശമ്പളം കയ്യിൽ വാങ്ങുമ്പോൾ സന്തോഷം കൊണ്ട് വീർപ്പു മുട്ടുകയായിരുന്നു…
നാലുവർഷം കഴിഞ്ഞപ്പോൾ അവളുടെ കാര്യങ്ങൾ എല്ലാം മനസ്സിലാക്കി കൂടെ ജോലി ചെയ്തിരുന്ന ഒരാൾ തന്നെ വിവാഹാലോചനയുമായി മുന്നോട്ടുവന്നു…
ഇനി ഒരു വിവാഹബന്ധം എനിക്ക് സാധ്യമല്ല. എന്റെ കുഞ്ഞിനെ നന്നായി വളർത്തണം അവനു ആവശ്യമായ വിദ്യാഭ്യാസം നൽകണം.
നിന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് ഒരാൾ നിന്നെ സ്വീകരിക്കാൻ വരുമ്പോൾ. സമ്മതിക്കുകയല്ലേ വേണ്ടത്. എത്ര കാലമെന്ന് വെച്ചാണ് നീ ഇങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത്. എന്റെയും അച്ഛന്റെയും കാലം കഴിഞ്ഞാൽ നിനക്ക് പിന്നെ തുണ ആരുണ്ട്.
വേണ്ട അമ്മേ ഇനി എനിക്കൊരു വിവാഹബന്ധം വേണ്ട. ഇപ്പോൾ എനിക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിയും. എന്റെ കുഞ്ഞു വളർന്നു വലുതായി അവനൊരു ജീവിതം ഉണ്ടാവട്ടെ.
ആരെയും ആശ്രയിക്കാതെ കഴിയാനുള്ള സ്ഥിതി ഭഗവാൻ എനിക്ക് തന്നു. അതുമാത്രം മതി ഇനിയുള്ള കാലം എനിക്ക് ജീവിക്കാൻ.
ഒരു തുണ കൂടെയുണ്ടെങ്കിൽ മാത്രമേ ജീവിക്കാൻ കഴിയൂ എന്നൊന്നുമില്ല. ഏതൊരു പെൺകുട്ടിക്കും സ്വന്തം കാലിൽ നിൽക്കാനുള്ള കഴിവുണ്ടാവണം.
ജീവിതത്തിൽ ഏതെങ്കിലും ഒരു അവസരത്തിൽ ഒരാൺ തുണ കൂടിയേ തീരൂ എന്ന് തോന്നുന്നെങ്കിൽ മാത്രം അപ്പോൾ ഞാൻ പറയും അതുവരെ അമ്മ എന്നെ നിർബന്ധിക്കരുത്.
മനസ് ഒരുപാട് വേദനിക്കുന്നുണ്ട് അമ്മേ കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓർത്തു….ഓർത്തിരുന്നു കരയുന്നില്ലെന്നു കരുതി മറന്നുപോയെന്നു വിചാരിക്കരുത്….. ഉരുകുവാണ് ഉള്ളം.. പക്ഷെ ന്യായീകരിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട്…. സ്വയം തീർത്ത ചട്ടകൂട്ടിൽ കിടന്നു ശ്വാസം മുട്ടുവാണ്…….
ഇനിയും ആരുടെയും മുന്നിൽ തലകുനിച്ചു നിൽക്കാൻ പറ്റില്ല…മൂന്നു വർഷം കഴിഞ്ഞുള്ള ഒരു പ്രഭാതത്തിൽ അച്ഛൻ കൈപിടിച്ച് നൽകിയ പ്രസാദിന്റെ കൈകൾ ചേർത്ത്പിടിച്ച് സീത തന്റെ പുതിയ ജീവിതത്തിലേക്ക് കാലെടുത്തുവച്ചു. കൂടെ പ്രസാദിന്റെ മകൻ ദേവദത്തും, സീതയുടെ മകൻ കൃഷ്ണജിത്തും..
പരസ്പരം മനസ്സിലാക്കി ഇരുവരും ഒന്നിച്ചു. രണ്ടു വീട്ടുകാരും പൂർണ്ണ സമ്മതത്തോടുകൂടിയായിരുന്നു വിവാഹം. അമ്മ മരിച്ചു ഒരു വർഷം കഴിഞ്ഞിരുന്നു സീതയുടെ.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആത്മബന്ധം അമ്മയോടായിരുന്നു. അമ്മയുടെ തണൽ നഷ്ടപെട്ടപോൾ തീർത്തും ഒറ്റപ്പെട്ടതുപോലെയായി .
ആ സ്നേഹ തണലിൽ തനിക്ക് എത്രമാത്രം ആശ്വാസമായിരുന്നു എന്ന് അവൾക്ക് അപ്പോഴാണ് മനസ്സിലായത്. തന്നെ ചേർത്തുപിടിക്കുന്നതിന് അമ്മയുടെ കരങ്ങളോളം ശക്തി മറ്റൊന്നിനും ഇല്ല.
അമ്മ മരിച്ചതോടുകൂടി അച്ഛൻ തീർത്തും അവശനായി. അച്ഛന്റെ കാലം കൂടി കഴിഞ്ഞാൽ തന്റെ കാര്യം എന്താകും എന്ന ചിന്ത ആ മനസ്സിനെ വല്ലാതെ അലട്ടി തുടങ്ങിയപ്പോഴാണ് മറ്റൊരു വിവാഹത്തിനേ കുറിച്ച് ചിന്തിച്ചത് തന്നെ…
അതുകൊണ്ടാണ് മറ്റൊരു വിവാഹത്തിന് സമ്മതിച്ചതും.ഇന്നിപ്പോൾ സന്തോഷമാണ് ജീവിതം നിറയെ..
ഒരു തെറ്റുപറ്റിയപ്പോൾ തകർന്നു മാറി ഇരിക്കാതെ എല്ലാവരുടെയും മുന്നിൽ അപഹാസ്യ കഥാപാത്രം ആകാതെ….
സ്വയം മുന്നേറിവരാനുള്ള കഴിവ് ഓരോരുത്തർക്കും ഉണ്ടെന്നു മനസിലാക്കട്ടെ. അല്ലാതെ എല്ലാം നശിച്ചെന്നു കരുതി അവസാനിക്കാനുള്ളതല്ല ഓരോ ജീവിതവും…