ആദ്യരാത്രിയിൽ പേടിയോടെ മുറിയിലേക്ക് വന്ന സിസിലിയെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ

ഏകാന്തപഥികൻ

(രചന: Jolly Shaji)

 

വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടാണ് ചാക്കോചേട്ടൻ വാതിൽ തുറന്നത്…വാതിക്കൽ നിൽക്കുന്ന മകൻ ജോഷിയെയും അവന്റെ ഭാര്യയെയും കണ്ട ആ പിതാവ് പുഞ്ചിരിച്ചു..

“അപ്പച്ചൻ രാത്രിയിൽ ഉറങ്ങിയില്ലേ..””ഉവ്വല്ലോ.. ഇത്തിരി പുലർച്ചെ എഴുന്നേറ്റു..””എന്നിട്ട് രാത്രി മുഴുവനും മുറിയിൽ നിന്നും എന്തൊക്കെയോ ശബ്ദം കേൾക്കുന്നുണ്ടാരുന്നല്ലോ..”

“അത്… അതുഞാൻ..””ദേ ഇച്ചായ പെട്ടിയൊക്ക എടുത്തു വെച്ചേക്കുന്നു നമ്മൾ പറഞ്ഞത്‌ തന്നെ..” ജോഷിയും നീനയും മുറിയിലേക്ക് കയറി… രണ്ടു ബാഗിൽ നിറയെ അപ്പച്ചന്റെ സാധനങ്ങൾ എടുത്ത് വെച്ചേക്കുന്നത് അവർ കണ്ടു..

“അപ്പൻ പോകാൻ തന്നെ തീരുമാനിച്ചു അല്ലേ. ” ജോഷി അല്പം ദേഷ്യത്തോടെ ചോദിച്ചു..പോണം മോനെ അതാണ് നിങ്ങൾക്ക് നല്ലത്… ഞാൻ നിങ്ങൾക്ക് അധികപറ്റാണ് ഇനി…”

“ഈ വയസാം കാലത്തു അപ്പൻ ഞങ്ങളെ നാണം കെടുത്താൻ ആണല്ലേ.. കുറേ ദിവസങ്ങൾ ആയി ഫോൺ വിളിയും കിന്നാരം പറച്ചിലുമൊക്കെ ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട്…”

“നീ എന്തൊക്കെയാ ജോഷിമോനെ ഈ പറയുന്നത്…””ഓ മോൻ പറഞ്ഞതാണോ കുറ്റം…അപ്പൻ കുറേ ദിവസം ആയി ആരോടോ ഫോൺ വിളി ഇത്തിരി കൂടുതൽ അല്ലേ.. ഞാൻ എല്ലാം ശ്രദ്ധിക്കുന്നുണ്ട്..”

“നിങ്ങൾക്ക് ഇപ്പൊ പലക്കുറ്റങ്ങളും തോന്നും ഇനി എന്നിൽനിന്നും കിട്ടാൻ ഒന്നും ഇല്ലല്ലോ അല്ലേ…”

“അപ്പൻ പറയുന്നത് കേട്ടാൽ തൊന്നും എനിക്ക് കുറേ എന്തൊക്കെയോ തന്നു എന്ന്…”

“തന്നില്ലേ ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ എന്റെ വീടും പറമ്പും..””വീട് തന്നെങ്കിൽ അതിൽ ഇതുവരെ കിടന്നുണ്ടത് ആര് ഉണ്ടാക്കിയതാണ്.. എന്റെ ഇച്ചായൻ പണിയെടുത്തു കൊണ്ടുവന്നതല്ലേ…

നിങ്ങടെ കെട്ട്യോള് വയ്യാതെ കിടന്നപ്പോൾ നോക്കിയതും ചത്തപ്പോൾ അടക്കം ചെയ്തപ്പോൾ ചിലവാക്കിയതൊക്കെ ഞാനും എന്റെ മക്കളും തിന്നേണ്ട പൈസയാണ്..”

“എന്റെ കെട്ട്യോൾ നിന്റെ കെട്ട്യോന്റെ ആരാണെന്നു നീ അവനോടു ചോദിച്ചിട്ടുണ്ടോ… അതോ അവനും കൂടി ഒത്തോണ്ടാണോ ഈ സംസാരം…”

“അവള് പറഞ്ഞതിൽ എന്താ തെറ്റ്… എനിക്ക് ജോലി കിട്ടിയതിൽ പിന്നെ അപ്പൻ പണിക്കു പോയിട്ടുണ്ടോ… അമ്മച്ചിക്ക് വയ്യാതായപ്പോ ആശുപത്രിയിൽ കൊണ്ടുപോയതും നോക്കിയതുമൊക്കെ ഞാൻ അല്ലേ…”

“ഗവണ്മെന്റ് ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സിച്ച കണക്കാണോ നീ പറയുന്നത്…”

“ഗവണ്മെന്റ് ആശുപത്രി എന്ന് പറഞ്ഞിട്ടെന്തു കാര്യം ഡോക്ടർ കുത്തിക്കുറിക്കുന്ന ടെസ്റ്റ്‌ മുഴുവനും വെളിയിൽ ചെയ്യണം മരുന്ന് പുറത്തുന്നു വാങ്ങണം,

അത് മാത്രമോ പത്തു പതിനഞ്ചു കിലോമീറ്റർ വണ്ടി ഓടുന്നതിനു ഇന്ധനം അടിക്കണ്ടേ… എന്താ ഇതൊന്നും ചിലവല്ലേ…”

നീന വെല്ലുവായിൽ പറയുന്നത് മുഴുവനും ജോഷി അംഗീകരിച്ചു കൊടുക്കുന്ന രീതിയിലായിരുന്നു നിൽപ്..

“മോനെ, നിന്നെ പെറ്റു വളർത്തിയ അമ്മയെ നോക്കിയ കണക്കാണ് ഭാര്യ പറയുന്നത്… നിനക്കൊന്നും പറയുവാൻ ഇല്ലേ…”

“അവൾ പറയുന്നത് സത്യമല്ലേ…” ജോഷി എല്ലാം ശരിവെച്ചു…”പ്രസവിച്ച് വളർത്തി ഇതുവരെയാക്കിയ അമ്മയെ നോക്കിയ കണക്കു പറയുന്ന നീയൊക്കെ ഇന്നലെ വന്ന ഭാര്യയുടെ വാക്കു കേട്ട് എന്നെ തല്ലിയിറക്കില്ല എന്ന് എന്താണ് ഉറപ്പ്…”

“അതൊക്കെ ഓരോരുത്തരുടെ കയ്യിലിരിപ്പ് പോലിരിക്കും.. പിന്നെ വളർത്തിയ കണക്കു പറയുന്നില്ലേ.. മാതാപിതാക്കളുടെ കടമയാണ് മക്കളെ വളർത്തുക എന്നത്.. ഞാനും ഇന്നെന്റെ കുഞ്ഞിനെ നോക്കുന്നില്ലേ…”

“കടമ.. ഹും…. അതേ കടമ എന്നത് മക്കൾക്ക്‌ കൂടി ബാധകമാണ്…””അപ്പനെ നോക്കില്ലെന്നു ഇവിടെയാരും പറഞ്ഞിട്ടില്ല… കുറേ ദിവസങ്ങൾ ആയി അപ്പന്റെ പെരുമാറ്റത്തിൽ കണ്ട മാറ്റം ഞങ്ങൾ ശ്രദ്ദിച്ചു…

മുൻപൊക്കെ വീട്ടിൽ എന്തേലുമൊക്കെ ജോലിചെയ്തു നേരത്തെ ഭക്ഷണം കഴിച്ചു കിടന്നിരുന്ന അപ്പൻ ഈയിടെ ആയിട്ട് ഫോൺ വിളി ഇത്തിരി കൂടുന്നു എന്ന് പറഞ്ഞപ്പോൾ ഒരുമാതിരി കളിയാക്കൽ പോലെ അല്ലേ അപ്പൻ..”

“ഒന്ന് മിണ്ടാനും പറയാനും ആരുമില്ലാതായപ്പോൾ ഒരു ഫോൺ വാങ്ങി അതിൽ കുറച്ചു കൂട്ടുകാരെ കിട്ടിയതാണോ നിങ്ങൾ എന്നിൽ ആരോപിക്കുന്ന കുറ്റം…”

“കൂട്ടുകാർ…ഏതൊക്കെയോ പെണ്ണുങ്ങൾ അല്ലേ അപ്പന്റെ കൂട്ടുകാർ… ഞാനും എല്ലാം ശ്രദ്ദിക്കുന്നുണ്ട്…”

“ഞാൻ എന്നെയെത്ര തുറന്നുകാണിച്ചാലും നിങ്ങൾ അംഗീകരിക്കില്ല… നിങ്ങൾക്കൊരു ബാധ്യതയായി ഞാനിനിയിവിടെ ഉണ്ടാവാതിരുന്നാൽ പോരെ… നിങ്ങൾ ആഗ്രഹിക്കും പോലേ ജീവിച്ചോളു…”

“പൊയ്ക്കോളൂ പക്ഷെ ചാവാൻ കിടക്കുമ്പോൾ മകനെ കാണണം എന്നൊക്കെ സെന്റിയടിച്ച് എന്നെ വിളിപ്പിച്ചേക്കല്ല്…”

ജോഷിയും നീനയും വേഗം മുറിയിൽനിന്നും പുറത്തേക്കു നടന്നു…ചാക്കോ ചേട്ടൻ വാതിൽ ചാരി കട്ടിലിൽ പോയിരുന്നു… ഇരുപ്പതിയൊന്നാം വയസ്സിൽ അപ്പൻ പോയി കണ്ട പെണ്ണിനെ കെട്ടാൻ പറഞ്ഞപ്പോൾ പതിനാറു വയസ്സായ അവളെ കെട്ടാൻ സമ്മതം മൂളുകയായിരുന്നു…

കെട്ടി ആദ്യരാത്രിയിൽ പേടിയോടെ മുറിയിലേക്ക് വന്ന സിസിലിയെ ജീവിതത്തിലേക്ക് കൂട്ടുമ്പോൾ അവൾ ഒന്നേ പറഞ്ഞോള്ളൂ

“അച്ചായാ എന്നെ തല്ലിയാലും ചീത്ത വിളിക്കല്ലേ… അതെനിക്ക് സഹിക്കാൻ പറ്റില്ലാട്ടോ..”

അത്ര നിഷ്കളങ്കയായ അവളെ ഒരിക്കലും വേദനിപ്പിക്കാൻ താൻ തയ്യാറായില്ല… ആറു വർഷങ്ങൾക്കു ശേഷം പ്രാർത്ഥിച്ചുണ്ടായ പൊന്നുമോന്റെ ജനനം തളർത്തിയത് സിസിലിയുടെ ശരീരത്തിന്റെ പാതി പ്രവർത്തനമായിരുന്നു..

പാതി ജീവനില്ലാത്ത കാലുമായി അവൾ ജീവിച്ചത് ജോഷിമോന് വേണ്ടിയാണ്…കുഞ്ഞിനെ വളർത്തുന്നതിൽ ഒരു ബുദ്ധിമുട്ടും അവൾ ആരോടും പറഞ്ഞിട്ടില്ല…

ജോഷിമോൻ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോളാണ് സിസിലി വീണ്ടും കുഴഞ്ഞു വീഴുന്നത്…

പിന്നീട് ഒരുപാട് ബുദ്ധിമുട്ടിയാണ് അവന്റെപഠിത്തം തുടർന്നത്… ഡിഗ്രി കഴിഞ്ഞ അവന് എം ബി എ ക്ക് ചേരാൻ പൈസ ഇല്ലാതായപ്പോളാണ് സിസിലിയുടെ വീതത്തിൽ കിട്ടിയ ഭൂമി വിൽക്കുന്നത്‌…

ജോഷിയുടെ വിദ്യാഭ്യാസത്തിനും സിസിലിയുടെ ചികിത്സക്കുമായി ആ തുക ചിലവാക്കി…

എം ബി എ ചെയ്യുമ്പോൾ ക്യാമ്പസ് സെലെക്ഷൻ കിട്ടിയ ജോഷി ഒരു പ്രമുഖ കമ്പനിയിൽ ജോലിക്ക് കയറി…

ജോലി കിട്ടിയ ഉടൻ അവൻ കോളേജിൽ കൂടെ പഠിച്ച നീനയെ വിവാഹം കഴിച്ചു… നീന വന്നതിൽ പിന്നെയാണ് സിസിലിക്കു രോഗം കലാശൽ ആയത്… അതികം കഴിയും മുന്നേ അവൾ ഈ ലോകം വിട്ടു പോയി…

ഒറ്റപ്പെടൽ എന്തെന്ന് താനറിഞ്ഞ ദിവസങ്ങൾ ആയിരുന്നു പിന്നെ… വീട് അടിക്കലും തൂക്കലും പാത്രം കഴുകലുമൊക്കെ നീന തന്റെ തലയിലേക്ക് കെട്ടിയേല്പിച്ച ദിനങ്ങൾ ആയിരുന്നു പിന്നീട്… അങ്ങനെയാണ് താനും ഒരു കൂട്ട് മോഹിച്ചത്…

ചാക്കോച്ചേട്ടൻ ടോയ്‌ലെറ്റിൽ പോയി മുഖമൊക്കെ കഴുകി വാതിൽ തുറന്ന് ഹാളിലേക്ക് ചെന്നു…. ജോഷിയും നീനയും ആദം മോനും ഭക്ഷണം കഴിക്കുന്നുണ്ട്…

അടുക്കളയിൽ പോയി ഒരു പ്ലയിറ്റ് എടുത്ത് കഴിക്കാൻ എടുക്കാൻ നോക്കി… പക്ഷെ അടുക്കളയിൽ ഒന്നും ഉണ്ടായിരുന്നില്ല…അയാൾ ആ പാത്രവുമായി മേശക്കടുത്തേക്ക് ചെന്നപ്പോൾ അവിടുത്തെ പാത്രങ്ങളും കാലിയായിരുന്നു…

“കാപ്പിക്ക് ഒന്നും ഉണ്ടാക്കിയില്ല.. ദേ കടേന്നു രണ്ടപ്പം കൊച്ചിന് വാങ്ങിയതാ ഞങ്ങളും കഴിച്ചത്… അടുക്കളയിൽ പഴങ്കഞ്ഞി ഉണ്ട്‌ അത് കഴിച്ചോ വേണേൽ…”

നീന കീപ്പോട്ട് നോക്കിയിരുന്നു പറഞ്ഞു.. ചാക്കോച്ചേട്ടൻ പാത്രം അടുക്കളയിൽ കൊണ്ട് വെച്ചിട്ട് ഒരു ഗ്ലാസ്സ് വെള്ളമെടുത്തു കുടിച്ചു.. മുറിയിൽ ചെന്നു ബാഗ് എടുത്ത് ഹാളിലേക്ക് വന്നു…

“ഞാൻ പോവാണ്… നിങ്ങൾക്ക് ബുദ്ധിമുട്ട് ആയി വരില്ല ഒരിക്കലും..””വരാതിരുന്നാൽ മതി… ഇങ്ങനെ വല്യ വർത്താനം പറയുന്നോർക്കാണ് അവസാനം ഒരു ഗതിയും ഇല്ലാതാവുന്നത്…”

“സ്വബോധത്തോടെ വരില്ല മോളെ… അങ്ങനെ ഒരവസ്ഥ വന്നാൽ പിന്നെ അപ്പൻ എന്ത് വേണമെന്ന് തീരുമാനിച്ചിട്ടുണ്ട്…”ചാക്കോചേട്ടൻ ഇറങ്ങി നടന്നു…

“അപ്പച്ചാ.. പിന്നിൽ നിന്നും ആദമിന്റെ വിളികേട്ട ആ പിതാവ് തിരിഞ്ഞു നോക്കി… നീന ബലമായി അവനെ വലിച്ച് അകത്തേക്ക് കയറ്റി വാതിൽ വലിച്ചടച്ചു…

മരങ്ങൾ തിങ്ങി നിൽക്കുന്ന വന്നതിനുള്ളിലെ റോഡിലൂടെ ബസിൽ യാത്ര ചെയ്യുമ്പോൾ അദ്ദേഹം സന്തോഷവാൻ ആയിരുന്നു…

മലനിരകൾ താണ്ടി വണ്ടി മുന്നോട്ട് പോകുമ്പോളാണ് ചാക്കോചേട്ടന്റെ ഫോൺ അടിക്കുന്നത്…

“ഹലോ… ഞാൻ ബസിൽ ആണ്… ആ ഞാൻ ഒരു മണിക്കൂറിനുള്ളിൽ എത്തും… സ്റ്റാൻഡിൽ നിൽക്കുമോ… ആ അവിടെ എത്താറാകുമ്പോൾ ഞാൻ വിളിക്കാം…”

ബസ് കൃത്യം സമയത്ത് തന്നെ സ്റ്റോപ്പിൽ എത്തി.. ആശ്രമത്തിൽ വണ്ടിയുമായി തന്നെ കാത്തുനിൽക്കുന്ന ഡേവിഡ് അച്ഛനെയും അവിടുത്തെ അന്ദേവാസി ആയ ദാമോദരനെയും കണ്ട ചാക്കോ ചേട്ടൻ ഏറെ സന്തോഷമായി…

“ചാക്കോ ചേട്ടാ ഷീണിച്ചോ…””ഇല്ലച്ഛാ… പ്രതീക്ഷയോടെ ഉള്ള യാത്ര അല്ലായിരുന്നോ ഞാൻ അതോണ്ട് ഷീണം എന്തെന്ന് അറിഞ്ഞേ ഇല്ല..”ദാമോദരൻ അദ്ദേഹത്തിന്റെ പെട്ടിയൊക്കെ എടുത്ത് ജീപ്പിലേക്കു വെച്ചു…

ചാക്കോചേട്ടന്റെ കൈപിടിച്ച് ഡേവിഡ് അച്ഛൻ ജീപ്പിന്റെ മുൻ സീറ്റിലേക്ക് കയറ്റി…”അച്ചോ ഇതെന്റെ രണ്ടാം ജന്മം ആണ്… ഇവിടെ വേണം ഇനി എനിക്ക് സമാധാനം എന്തെന്ന് അറിയാൻ…”

“അശരണർക്ക് അഭയം കൊടുക്കുവാൻ വേണ്ടി ഞാനൊക്കെ ഇല്ലേ ചേട്ടാ… ഇനി നമുക്ക് ഈ സ്വർഗത്തിൽ ജീവിക്കാമെന്നെ…”

ഡേവിഡ് അച്ഛൻ ചാക്കോ ചേട്ടന്റെ കരങ്ങളിൽ മുറുകെ പിടിച്ചു… ആ കൈകളിലേക്ക് രണ്ടു തുള്ളി കണ്ണുനീർ ഇറ്റ് വീണു… അച്ഛൻ കൈ കൊണ്ട് ചാക്കോ ചേട്ടന്റെ കണ്ണ് തുടച്ചു…ഈ കണ്ണുകൾ ഇനി നിറയുന്നത് സന്തോഷം കൊണ്ടായിരിക്കണം….”

Leave a Reply

Your email address will not be published. Required fields are marked *