ഭാര്യയുടെ വാക്ക് കേട്ടു തുള്ളാൻ നിനക്ക് നാണമില്ലേ?? മാറാരോഗമൊന്നുല്ലല്ലോ. ഒരു നടുവേദനയല്ലേ

(രചന: വരുണിക വരുണി)

 

“”താലി കെട്ടിയാൽ മാത്രം പോരാ.. കെട്ടിയ പെണ്ണിനെ നന്നായി നോക്കാൻ കൂടി കഴിയണം.

അനിയത്തിയെ സ്നേഹിക്കണ്ട എന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷെ അവൾക്ക് കൊടുക്കുന്നതിന്റെ ഒരു ശതമാനം പരിഗണനയെങ്കിലും എനിക്ക് തരണം.. അത്ര മാത്രം.

രാവിലെ അഞ്ചു മണി മുതൽ രാത്രി 10 മണി വരെ ഒരു വേലക്കാരിയെ പോലെ ഞാൻ ഈ വീട്ടിൽ പണി എടുക്കുന്നില്ലേ.. സഹായിക്കണ്ട. വെറുതെയെങ്കിലും എന്റെ അടുത്തൊന്നു വന്നു നിൽക്കാമെല്ലോ.

വീട്, അടുക്കള, മക്കളുടെ കാര്യങ്ങൾ, ജോലി, പിന്നെ വൈകിട്ട് വന്നു ഒരു ചായ പോലും കുടിക്കാതെ വീണ്ടും അടുക്കളയിലേക്ക്. ഒരു ദിവസം ഞാൻ ഇല്ലാതെ വരുമ്പോൾ നിങ്ങൾ അറിയും എന്റെ വില.

എന്നും ഞാൻ പറയുന്നതല്ലേ ഏട്ടാ. എനിക്ക് വയ്യ. നടുവേദന ഇപ്പോൾ സഹിക്കാൻ പറ്റുന്നില്ല. ആരതിയോട് രാവിലെ എന്നെ ഒന്ന് സഹായിക്കാൻ പറഞ്ഞൂടെ?? അമ്മ ഒരു ഗ്ലാസ്‌ പോലും സ്വയം എടുക്കില്ല.

ശെരിക്കും എനിക്ക് പറ്റാത്തത് കൊണ്ടാണ്. അല്ലെങ്കിൽ ഞാൻ ആരെയും ബുദ്ധിമുട്ടിക്കാറില്ലല്ലോ.””

രാത്രിയിൽ വിഷ്ണുവിന്റെ അടുത്ത് തന്റെ സങ്കടങ്ങൾ പറയുമ്പോൾ അമ്മു ഇന്നെങ്കിലും അവൻ അവളെ മനസിലാക്കുമെന്ന് വെറുതെ ആ പാവം പെണ്ണ് പ്രതീക്ഷിച്ചു.

“”ആരതി കുഞ്ഞല്ലേ അമ്മു. നിനക്ക് ഇവിടെ അതിന് എന്താ ഇത്ര ജോലി? തുണി കഴുകാൻ വാഷിംഗ്‌ മെഷീൻ ഉണ്ട്.

പിന്നെയുള്ള ജോലികളെല്ലാം നിന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നതല്ലേ ഉള്ളു. ആരു മോളോട് എനിക്ക് ജോലി ഒന്നും ചെയ്യാൻ പറയാൻ പറ്റില്ല. അല്ലെങ്കിൽ തന്നെ അമ്മ പറയും അവളെ നാളെ ഒരു വീട്ടിലേക്ക് കെട്ടിച്ചു വിടേണ്ടതാണ്.

ഇവിടെ മാത്രമേ അവൾക്ക് ജോലി ഒന്നും ചെയ്യാതെ ഇരിക്കാൻ പറ്റു എന്ന്.അമ്മയെ എതിർത്തു സംസാരിക്കാൻ എനിക്ക് പറ്റില്ല അമ്മു. എന്നെ കൊണ്ട് പറ്റുന്നത് പോലെ ഞാൻ നിന്നെ സഹായിക്കാം. നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യാൻ നോക്ക്.””

“”അഡ്ജസ്റ്റ്… കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഏട്ടൻ ഇത് തന്നെയല്ലേ പറയുന്നത്. ഞാൻ അഡ്ജസ്റ്റ് ചെയ്യണമെന്ന്.

ഇതിൽ കൂടുതൽ ഞാൻ എങ്ങനെ ചെയ്യണം അഡ്ജസ്റ്റ്???? പലതും കണ്ടിട്ടും കേട്ടിട്ടും മക്കളെ ഓർത്തു മാത്രമാണ് ഞാൻ ഒന്നും മിണ്ടാതെ നിൽക്കുന്നത്.

ഭൂമിയോളം താണ് കൊടുത്തിട്ടും എന്റെ തലയിൽ കയറുന്ന സ്വഭാവമാണ് അമ്മയ്ക്കും മോൾക്കും. ഒരു ദിവസം ഞാൻ എന്തെങ്കിലും പറയും നോക്കിക്കോ….””

അമ്മു തന്റെ സങ്കടം കാരണം വിഷ്ണുവിനോട് പറഞ്ഞതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുമന്നു.

“”നീ ഒന്ന് നിർത്തുന്നുണ്ടോ അമ്മു ഇത്??? കുറെ നാൾ ആയി ഞാൻ ഇത് കേൾക്കുന്നു. നിന്നെ എന്റെ അമ്മയും അനിയത്തിയും എന്തൊക്കെയോ പറയുന്നു പോലും.

എന്നിട്ട് ഞാൻ കേട്ടിട്ടില്ലല്ലോ ഒരിക്കലും ഇതൊന്നും???? എല്ലാം നിന്റെ വെറും തോന്നലാണ്. ഞാൻ അവർക്ക് കൂടുതൽ പരിഗണന കൊടുക്കുന്നു എന്ന നിന്റെ സ്വർത്ഥതയാണ് ഇങ്ങനെയെല്ലാം ചിന്തിക്കാൻ കാരണം.

ചെകുത്താന്റെയും കടലിന്റെയും നടുക്കാണ് ഞാൻ ഇപ്പോൾ. ഓഫീസിലെ ടെൻഷനെല്ലാം കഴിഞ്ഞു വീട്ടിൽ വരുമ്പോൾ ഇവിടെയെങ്കിലും നീ എനിക്ക് അല്പം സ്വസ്ഥത താ… എനിക്ക് വയ്യ അമ്മു. ശെരിക്കും……..””

ഇനി ഒന്നും കേൾക്കാനില്ലെന്ന പോലെ വിഷ്ണു കട്ടിലിൽ മക്കളെ ചേർത്ത് പിടിച്ചു കിടന്നപ്പോൾ അമ്മു കട്ടിലിന്റെ മറുസൈഡിൽ വന്നിരുന്നു.

അവൾക്ക് വല്ലാത്ത നടുവേദന തോന്നി.. ഇരിക്കാനും നിൽക്കാനും ഒന്നും പറ്റാത്തത് പോലെ. ടേബിളിൽ നിന്ന് കൈ എത്തി ബാം എടുത്തു പുരട്ടുമ്പോൾ അവൾ വെറുതെ വിഷ്ണുവിനെ നോക്കി.

അവൻ അപ്പോഴും കണ്ണ് അടച്ചു തന്നെ കിടക്കുകയായിരുന്നു. ഉറങ്ങിയിട്ടില്ല എന്നത് അവൾക്ക് മനസിലായെങ്കിലും ഒന്നും പറയാൻ നിന്നില്ല. അല്ലെങ്കിലും ഇതെല്ലാം തനിക്ക് ശീലമായതാണെല്ലോ.

ബാങ്ക് ഉദ്യോഗസ്ഥനായ വിഷ്ണു ഒരിക്കൽ അമ്പലത്തിൽ വെച്ചു കണ്ടതാണ് അമ്മുവിനെ. വലിയ സാമ്പത്തികസ്ഥിതിയൊന്നുമില്ലെങ്കിലും സ്വന്തമായി ഒരു ജോലിയുള്ള അമ്മുവിനെ കെട്ടാൻ അവന് അധികം ബുദ്ധിമുട്ടുണ്ടായിരുന്നില്ല.

പക്ഷെ ഒരുപാട് സ്വപ്‌നങ്ങൾ കണ്ടു വന്ന പെണ്ണിന് അവളുടെ സ്വപ്നങ്ങളുടെ എതിർകാര്യങ്ങളായിരുന്നു ആ വീട്ടിൽ കാത്തിരുന്നത്.

രാവിലെ മുതൽ രാത്രി വരെ, വീട്ടിലെ എല്ലാ കാര്യങ്ങളും അമ്മു തന്നെ ചെയ്യണം. വിഷ്ണുവിന്റെ അനിയത്തി ആരതി പേരിനു പോലും അടുക്കളയിൽ വരില്ല.

കുറച്ചു നാൾ മുൻപ് വരെ എല്ലാം ഒരു മടിയും കൂടാതെ അമ്മു ചെയ്തിരുന്നെങ്കിലും ഇപ്പോൾ പെണ്ണിന് നടുവേദന സഹിക്കാൻ പറ്റാത്ത അവസ്ഥയാണ്.

ഒരിക്ക വിഷ്ണുവിനോട് പറഞ്ഞപ്പോൾ അവൻ തിരിച്ചു മറുപടി പറഞ്ഞത് അത് അമ്മുവിന്റെ ഡെലിവറി കഴിഞ്ഞതിന്റെയൊക്കെ ആയിരിക്കും എന്നാണ്.

രാത്രി വിഷ്ണു വെള്ളം കുടിക്കാൻ വേണ്ടി ഉണർന്നപ്പോൾ കാണുന്നത് ബെഡിൽ ചാരിയിരുന്നു കരയുന്ന അമ്മുവിനെയാണ്.

അടുത്തിരിക്കുന്ന pain killer ഉം വേദനയ്ക്കുള്ള ബാമും കണ്ടപ്പോൾ മനസിലായി അവൾക്ക് വേദന ഒട്ടും സഹിക്കാൻ പറ്റുന്നില്ലെന്ന്.

“”അമ്മു…”””മ്മ്..””നമുക്ക് ഹോസ്പിറ്റലിൽ പോകാം.. വാ…”””ആക്ടിങ് ആണെന്ന് പറയുന്നില്ലേ വിച്ചുവേട്ടാ….””കണ്ണുകൾക്ക് മേലെ വെച്ചിരുന്ന കൈ എടുക്കാതെ തന്നെ അമ്മു പറഞ്ഞതും അവന് വല്ലാത്ത കുറ്റബോധം തോന്നി. ചെറിയ വേദന കാണുമെന്നു തോന്നിയിരുന്നു. അല്ലാതെ അവൾ ഒരിക്കലും പരാതി പറയില്ല. പക്ഷെ ഇത്ര വേദന…

അടുത്ത ദിവസം ഹോസ്പിറ്റലിൽ പോകാം എന്ന് വിഷ്ണു പറഞ്ഞിട്ടും അമ്മു ആരോടോ ഉള്ള വാശി പോലെ അവന്റെ കൂടെ ഹോസ്പിറ്റലിൽ പോയില്ല.

യാത്ര ചെയ്യാൻ വയ്യാത്തത് കൊണ്ട് ആയിരിക്കണം അമ്മു ലീവ് എടുത്തു.ഓഫീസിൽ ഇരുന്നിട്ടും ഒരു സമാധാനം കിട്ടാതെ ഹാഫ് day ലീവ് എടുത്തു തിരിച്ചു വീട്ടിൽ വന്നപ്പോൾ കണ്ടു മുന്നിലെ വാതിൽ തുറന്നു കിടക്കുന്നത്. ശബ്ദമുണ്ടാക്കാതെ അകത്തേക്ക് കയറിയ വിഷ്ണുവിന് ഒരുവേള ആരതിയോട് ദേഷ്യം തോന്നി.

കഴിച്ച പാത്രം പോലും എടുക്കാതെ സോഫയിൽ കിടന്നു ടീവി കാണുന്ന അനിയത്തി. അവളുടെ അടുത്ത് തന്നെ അമ്മയുമുണ്ട്.

രണ്ടാമത്തെ കുഞ്ഞിന് ചോർ കൊടുക്കുന്ന കൂട്ടത്തിൽ തന്നെ വേറെ ഓരോ പണികൾ ചെയുന്ന പെണ്ണിനെ കണ്ട് അവന് പാവം തോന്നി.

“”ഏട്ടത്തി. എന്റെ ഡ്രസ്സ്‌ റൂമിൽ കിടപ്പുണ്ട്. അതിന്റെ കൂട്ടത്തിൽ കഴിഞ്ഞ ദിവസമിട്ട പാർട്ടി വെയർ ഉണ്ട്. അത് മെഷീനിലിട്ട് കഴുകല്ലേ. കല്ലിൽ കഴുകിയാൽ മതി. അമ്മയുടെ സെറ്റ് സാരിയും അങ്ങനെ കഴുകിയാൽ മതിട്ടോ. അല്ലെങ്കിൽ അഴുക്ക് പോകില്ല.””

“”എനിക്ക് ഇന്ന് നല്ല നടുവിനു വേദനയുണ്ട് ആരു. നിനക്ക് ഒന്ന് വാഷ് ചെയ്തുടെ?? ഒരു ദിവസമെങ്കിലും ഞാൻ ഒന്ന് കിടക്കട്ടെ. പ്ലീസ്.””

“”ഏട്ടത്തിയ്ക്ക് അല്ലെങ്കിലും ഓരോ ദിവസം ഓരോ വേദനായല്ലേ. ഒരു pain killer കഴിച്ചിട്ട് ചെയ്താൽ മതി. അപ്പോൾ വേദനിക്കില്ല. എനിക്ക് പറ്റില്ല ഇതൊന്നും ചെയ്യാൻ. ഒന്ന് പറ അമ്മേ…””

അമ്മ എന്തോ പറയാൻ പോയതും വിഷ്ണു അകത്തേക്ക് കയറി ചെന്നു.””നീ എന്താ മോനെ ഇത്ര നേരുത്തേ???””””അമ്മുവിന് സുഖമില്ലെന്ന് വിളിച്ചു പറഞ്ഞിരുന്നു അമ്മേ. ഞാൻ ഒന്ന് അവളെ കൊണ്ട് ഹോസ്പിറ്റലിൽ പോയി വരാം.””

“”ഏട്ടത്തി വെറുതെ പറയുന്നതാണ് ഏട്ടാ ഇങ്ങനെ ഓരോ വേദന. അല്ലാതെ……..””ബാക്കി പറയുന്നതിന് മുൻപേ വിഷ്ണുവിന്റെ ശബ്ദം അവിടെ ഉയർന്നിരുന്നു.

“”അവൾക്ക് വേദനയുണ്ടോ ഇല്ലിയോ എന്ന് നിനക്കണോ ആരു അറിയുന്നത്?? ഏഹ്ഹ്??? അവളെ കെട്ടിയത് ഞാനാണെകിൽ എനിക്ക് അറിയാം ഹോസ്പിറ്റലിൽ പോകണോ വേണ്ടയോ എന്ന്.

നിന്റെ അഭിപ്രായം ആരും ചോദിച്ചില്ല. പോയി ഡ്രസ്സ്‌ മാറി വാ അമ്മു. വെറുതെ എന്റെ കണ്ട്രോൾ കളയരുത്.””

എതിർത്തു ഒന്നും പറയാൻ പറ്റുന്ന സാഹചര്യമല്ലെന്ന് കണ്ടതും അമ്മു വേഗം പോയി ഒരു ചുരിദാർ ഇട്ടു വന്നു.

“”ഞാൻ ഇവളെ ഒന്ന് ഡോക്ടറിനെ കാണിച്ചു വരാം. മോനെ നോക്കണം. പിന്നെ ഞങ്ങൾ വരാൻ ലേറ്റ് ആയാൽ മൂത്ത ആൾ സ്കൂൾ വിട്ടു വരുമ്പോൾ അവനെ വിളിച്ചു കൊണ്ട് വന്നു ഫുഡ്‌ നീ കൊടുക്കണം ആരു.. കേട്ടെല്ലോ???””

അല്പം ദേഷ്യത്തോടെ തന്നെ വിഷ്ണു പറഞ്ഞതും ആരു സമ്മതം പോലെ തലയാട്ടി.

ഹോസ്പിറ്റലിൽ ഡോക്ടറിന്റെ മുന്നിൽ ഇരിക്കുമ്പോൾ ഡോക്ടർ എന്താ പറയാൻ പോകുന്നതെന്ന് അറിയാനുള്ള ടെൻഷനായിരുന്നു വിഷ്ണുവിനെങ്കിൽ അമ്മുവിന് പ്രത്യേകിച്ച് യാതൊരു ഭാവവ്യത്യാസവും ഇല്ലാരുന്നു.

“”പേടിക്കാൻ ഒന്നുമില്ലെന്ന് ഞാൻ പറയുന്നില്ല വിഷ്ണു. അമ്മുവിന്റെ ഡിസ്കിന് കംപ്ലയിന്റ് ഉണ്ട്. കുറച്ചു നാളത്തേക്ക് നല്ല റസ്റ്റ്‌ വേണം.

ഭാരമുള്ള വസ്തുക്കളൊന്നും എടുക്കരുത്. ഒരുപാട് ജോലി ചെയ്യരുത്. തരുന്ന മെഡിസിൻ കറക്റ്റ് സമയത്തു കഴിക്കണം.

ഇതൊന്നും ചെയ്തില്ലെങ്കിൽ സർജറി വേണ്ടി വരും. ചെറുപ്രായമല്ലേ. ഇപ്പോൾ റസ്റ്റ്‌ എടുക്കുന്നതാണ് നല്ലത്. ഞാൻ കുറച്ചു മെഡിസിൻ എഴുതിയിട്ടുണ്ട്. പോയി രണ്ടാഴ്ച കഴിഞ്ഞിട്ട് വാ..””

“”ഓക്കേ ഡോക്ടർ. താങ്ക്യൂ.””തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ കാറിൽ ഇരുന്നപ്പോഴും അമ്മു മൗനിയായിരുന്നു.

“”നീ എന്താ അമ്മു ഇങ്ങനെ സൈലന്റ്? നന്നായി റസ്റ്റ്‌ എടുത്താൽ മാറും. ഡോക്ടർ പറഞ്ഞില്ലേ.””

“”ഞാൻ നന്നായി റസ്റ്റ്‌ എടുക്കുന്ന ദിവസം എന്റെ ശരീരത്തിൽ ജീവൻ കാണില്ലായിരിക്കും വിച്ചുവേട്ടാ.. ഒന്ന് ആലോചിച്ചാൽ ഇങ്ങനെ കിടന്ന് വേദന തിന്നുന്നതിനേക്കാൾ നല്ലത് അതായിരുന്നു..

വേദനകളില്ലാത്ത ലോകത്തേക്ക് ഒരു യാത്ര. അതാകുമ്പോൾ ആരുടേയും ഒരു പരാതിയും കേൾക്കേണ്ടല്ലോ.””

പ്രത്യേകിച്ച് ഒരു വികാരവുമില്ലാതെ സീറ്റിൽ ചാരി കിടന്നു പറയുന്നവളെ അവൻ പകപ്പോടെ നോക്കി.

മരണം ആഗ്രഹിക്കുന്നു പോലും…ഏത് നേരവും വിച്ചുവേട്ടാ എന്ന് വിളിച്ചു തന്നെയും മക്കളെയും ചുറ്റി പറ്റി ജീവിച്ചവൾ.

ഇന്ന് അങ്ങനെ പറയണമെങ്കിൽ ആ മനസ് എന്ത് മാത്രം വേദനിച്ചിരിക്കും, എല്ലാം തന്റെ തെറ്റാണ്. ഭാര്യയും അമ്മയും തമ്മിലുള്ള വഴക്ക് ഒഴിവാക്കാൻ പലതും കണ്ടില്ലെന്ന് നടിച്ചു. പക്ഷെ ഇനിയും അത് പറ്റില്ല.

തിരിച്ചു വീട്ടിലെത്തിയപ്പോൾ ആദ്യം തന്നെ അടുക്കളയിലേക്ക് പോയ അമ്മുവിനെ അവൻ കൈയിൽ പിടിച്ചു നിർത്തിയപ്പോൾ ഇങ്ങേർക്കിത് എന്ത് പറ്റിയെന്ന ചിന്തയായിരുന്നു അമ്മുവിന്.

“”ആരു.. ഡി ആരു….””””എന്താ ഏട്ടാ?? എന്തിനാ ഇങ്ങനെ ബഹളം???”””ഇന്ന് രാത്രിയിലത്തെ ഫുഡ്‌ നീയും അമ്മയും കൂടി ചെയ്യണം. പിന്നെ അമ്മയുടെയും നിന്റെയും ഡ്രസ്സ്‌ നിനക്ക് തന്നെ വാഷ് ചെയ്യാൻ പറ്റുന്നത്തെ ഉള്ളു.

എന്റെയും അമ്മുവിനെയും മക്കളുടെയും ഡ്രസ്സ്‌ ഞാൻ വാഷ് ചെയ്തോളാം. പിന്നെ ഇവിടെ ക്ലീൻ ചെയുന്നത്. അത് നമുക്ക് sunday group വർക്ക്‌ ആയി ചെയാം. കേട്ടല്ലോ.””

“”ഏട്ടനെന്താ? ഹോസ്പിറ്റലിൽ പോയി കഴിഞ്ഞപ്പോൾ ആരെങ്കിലും അടിച്ചോ?””””എന്നെ ആരും അടിച്ചതൊന്നുമല്ല. നിന്റെ ഏട്ടത്തിയ്ക്ക് റസ്റ്റ്‌ വേണമെന്ന് ഡോക്ടർ പറഞ്ഞു. സൊ ഇനി കുറച്ചു ദിവസം അവൾ നന്നായി റസ്റ്റ്‌ എടുക്കട്ടെ. എല്ലാം ഓക്കേ ആയ ശേഷം ചെറിയ പണികൾ ചെയ്യട്ടെ.””

“”ഏട്ടന് ഭ്രാന്താണോ? വേദനയെങ്കിൽ മരുന്ന് കഴിക്കുമ്പോൾ മാറും. ഇത്ര നാളും അങ്ങനെയായിരുന്നെല്ലോ. പിന്നെ ഇപ്പോൾ ഏതാ പ്രത്യേകത? എനിക്ക് പറ്റില്ല ജോലി ചെയ്യാൻ.””

“”നിനക്ക് ഇനി ജോലി ചെയ്യാൻ പറ്റില്ലെങ്കിൽ എനിക്ക് ഒന്നുല്ല. എന്തെങ്കിലും വേണമെങ്കിൽ അടുക്കളയിൽ സദാനങ്ങൾ ഉണ്ട്. ഉണ്ടാക്കി കഴിക്കുക.

എന്റെ ഭാര്യയുടെയും മക്കളുടെയും കാര്യം ഞാൻ നോക്കും. പിന്നെ ഇനിയും അമ്മുവിനെ ചൊറിയാൻ നിന്നാൽ ഞാൻ വാടക വീട്ടിലേക്ക് മാറും. നിനക്ക് ഒരു രൂപ പോലും പോക്കറ്റ് money തരില്ല ഞാൻ.””

“”ഭാര്യയുടെ വാക്ക് കേട്ടു തുള്ളാൻ നിനക്ക് നാണമില്ലേ?? മാറാരോഗമൊന്നുല്ലല്ലോ. ഒരു നടുവേദനയല്ലേ. നീ ഇങ്ങനൊരു പെങ്കോന്തൻ ആകരുത്.””

“”ഭാര്യയുടെ വാക്ക് കേട്ടു തുള്ളിയിരുനെങ്കിൽ എന്നെ ഈ വീട്ടിൽ രണ്ട് അടുപ്പ് ആയേനെ. ഇത് വരെ എല്ലാം ഞാൻ കണ്ടില്ലെന്ന് നടിച്ചു. പക്ഷെ ഇനി കഴിയില്ല…

കാരണം എനിക്ക് നിങ്ങളെ പോലെ തന്നെ ഞാൻ താലി കെട്ടികൊണ്ട് വന്നവളും വലുതാണ്. പലതും കണ്ടില്ലെന്നു നടിച്ചത് ഒരു കുടുംബകലഹം ഒഴിവാക്കാൻ വേണ്ടിയാണ്.

അതിന്റെ അർത്ഥം എനിക്ക് അവളോട് സ്നേഹമില്ലെന്നല്ല. എന്റെ ജീവനാണ്. പക്ഷെ പലപ്പോഴും അത് പ്രകടിപ്പിക്കുന്നതിൽ ഞാൻ തോറ്റു പോയി. ഇനിയും എനിക്ക് പറ്റില്ല. എനിക്ക് ജീവിക്കണം അമ്മേ.

എന്റെ ഭാര്യയുടെയും മക്കളുടെയും കൂടെ സമാധാനമായി തന്നെ. അവളുടെ ആരോഗ്യം നോക്കേണ്ടത് എന്റെ ആവിശ്യമാണ്. നിങ്ങൾ സഹകരിച്ചേ പറ്റു. അല്ലെങ്കിൽ സഹകരിപ്പിക്കാൻ എനിക്ക് അറിയാം…””

അവസാന വാചകം ആരുവിനെ നോക്കി കടുപ്പിച്ചു പറഞ്ഞിട്ട് വിഷ്ണു റൂമിലേക്ക് കയറിയതും അമ്മു അവന്റെ പുറകെ ചെന്ന്.

ഒന്നും പറയാതെ തന്നെ നോക്കി കണ്ണും നിറച്ചു നില്കുന്നവളെ വലിച്ചു നെഞ്ചിലേക്ക് ചേർക്കുമ്പോൾ അവർ രണ്ട് പേരും കരഞ്ഞിരുന്നു.

“”സോറി വിച്ചേട്ടാ.. ഞാൻ…””””നീയല്ല.. ഞാനാണ് സോറി പറയേണ്ടത്. ഇത്രത്തോളം വേദന നീ ഈ വീട്ടിൽ അനുഭവിക്കുന്നു എന്ന് അറിയാൻ ഞാൻ വൈകിപ്പോയി.

എന്റെ തെറ്റ്. എന്റെ മാത്രം തെറ്റ്. നിന്നോട് എനിക്ക് സ്നേഹമില്ലെന്നു പറയാൻ എങ്ങനെ തോന്നി പെണ്ണെ?? എന്റെ ജീവനല്ലേ നീ.. കുറച്ചു ദിവസത്തേക്ക് ഞാൻ ലീവിന് കൊടുക്കാൻ പോകുവാ.

നിന്റെ ആരോഗ്യം നോക്കണം. എനിക്ക് ആകെയുള്ള ഒരു ഭാര്യയാണ്. ഇത് വരെ ഉള്ളതിനെല്ലാം സോറി. ഒരു മാപ്പിൽ ഒതുങ്ങില്ലെന്ന്…..””

ബാക്കി പറയുന്നതിന് മുൻപേ അമ്മു അവന്റെ വാ പൊത്തി പിടിച്ചിരുന്നു.”മതി. ഇനി എന്നോട് ക്ഷമ പറയേണ്ട. എന്റെ ഭാഗത്തും തെറ്റുണ്ട്. പലതും സമാധാനത്തോടെ പറയേണ്ടത്തിന് പകരം ഏട്ടനോട് എന്റെ ദേഷ്യം മുഴുവൻ തീർത്തു. സോറി.””

തമ്മിലുള്ള പരാതിയും പരിഭവുമെല്ലാം ആ റൂമിന്റുള്ളിൽ അവർ തമ്മിൽ പറഞ്ഞു തീർക്കുമ്പോൾ പുറത്തു അമ്മയും ആരതിയും ആലോചിച്ചത് വിഷ്ണുവിന്റെ തലയിൽ ആരാണ് അടിച്ചതെന്നാണ്…

Leave a Reply

Your email address will not be published. Required fields are marked *