ഭാര്യ എന്നാൽ തന്റെ സുഖങ്ങൾക്കും ഭക്ഷണം ഉണ്ടാക്കാനും മാത്രമായിട്ടല്ലേ താൻ കണ്ടിട്ടുള്ളു..

നിദ്രയെ കൊതിച്ചവൾ

(രചന: Jolly Shaji)

 

അവശയായി കിടക്കുന്ന അവൾക്കരുകിലിരുന്ന് അയാൾ പറഞ്ഞു…”എഴുന്നേൽക്കു നമുക്ക് ആശുപത്രിയിൽ പോകാം…” അവൾ വിസമ്മതിച്ചു…

“വേണ്ട ഏട്ടാ… എനിക്കിങ്ങനെ ഇവിടെ കിടന്നാൽ മതി…””ഇന്നലെ വരെ നിന്റെ മുഖത്ത് പലപ്പോഴും ഷീണം ഞാൻ കണ്ടിട്ടുണ്ട് പക്ഷേ അതൊന്നും ഞാൻ കാര്യമാക്കിയില്ല…

വീട്ടുജോലികൾ ചെയ്യുന്നതിന്റെ ഇടയ്ക്കു നീ വിശ്രമിക്കുന്നതും.. ഇടയ്ക്കു എന്തോ ടാബ്‌ലറ്റ് കഴിക്കുന്നതും എപ്പോളൊക്കേയൊ ഞാൻ കണ്ടിരുന്നു പക്ഷേ ഞാൻ ഒന്നും തിരക്കിയില്ല…

“ഞാൻ ഏട്ടനോടും മക്കളോടും ഒന്നും പറഞ്ഞും ഇല്ലല്ലോ…””എന്തെ നീയൊന്നും പറയാതിരുന്നത്..”

“കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന ഏട്ടനെ എന്റെ വിഷമങ്ങൾ കൂടി അറിയിക്കേണ്ട എന്നോർത്തു…”

“ഇപ്പൊ എല്ലാം കഴിഞ്ഞില്ലേ… മക്കളെയൊക്കേ ഒരോ സുരക്ഷിത സ്ഥലങ്ങളിൽ എത്തിച്ചു… പ്രായമായ അമ്മയെയും അച്ഛനെയും നീ നന്നായി നോക്കി… അവരും നമ്മെ വിട്ട് പിരിഞ്ഞുപോയി… ഇനി നമ്മൾ മാത്രമേ ഉള്ളു…”

“അതേ ഏട്ടാ നമ്മൾ മാത്രം ആയി… ഇനി ഏട്ടൻ എന്റെ കൈകളിൽ പിടിച്ച് അൽപനേരം എന്റെ അടുത്ത് ഇരിക്കുമോ…”

അയാൾ അവൾക്കടുത്തേക്ക് ചേർന്ന് ഇരുന്നു… അവളുടെ നെറുകയിൽ അയാൾ കൈവെച്ചു… ചുട്ടുപൊള്ളുന്ന ചൂട് …

“നല്ല പനി നമുക്ക് ആശുപത്രിയിൽ പോകാം…””വല്ലപ്പോഴും നിങ്ങൾ ആരുമറിയാതെ ആശുപത്രിയിൽ പോയിരുന്ന എനിക്ക് അവിടുത്തെ മണം പിടിക്കില്ല ഏട്ടാ… ഇവിടെ ഏട്ടന്റെ അടുത്ത് ഇങ്ങനെ കിടന്നാൽ മതിയെനിക്ക്…

ആശുപത്രിയിൽ അവർ ഏട്ടനെ കാണാൻ പോലും അനുവദിക്കില്ല.. ഈ കൈകളിലെ ചൂടേറ്റു വേണം ഇനി എന്റെ ഉറക്കം …”

അയാൾ ഓർത്തു… പകലന്തിയോളം അടുക്കളയിലും തൊടിയിലുമൊക്കെ ഓടി നടക്കുന്ന അവൾ ഒരിക്കൽ പോലും ഒരു പരാതിയോ പരിഭവമോ പറഞ്ഞിട്ടില്ല..

കിടക്കറയിൽ അവൾ വരുമ്പോൾ മിക്കവാറും താൻ ഉറങ്ങിയിരിക്കും..താൻ മറന്നുപോയിരുന്നു പലപ്പോഴും അവളെ… ജീവിതത്തിൽ ആദ്യമായി അയാൾക്ക്‌ കണ്ണുകൾ നിറഞ്ഞു അവളെ ഓർത്ത്…

അയാൾ കുനിഞ്ഞ് അവളുടെ നെറുകയിൽ ഉമ്മവെച്ചു…”ഏട്ടാ….” അവളുടെ അധരങ്ങൾ മന്ത്രിച്ചു…

അയാൾ കട്ടിലിൽ അവളെ നീക്കി കിടത്തി അവൾക്കൊപ്പം കിടന്നു… രണ്ടുകൈകളും കൊണ്ട് അവളെ നെഞ്ചോടു ചേർത്ത് പിടിച്ച് കിടന്നു.. അയാളുടെ കരങ്ങൾക്കുള്ളിൽ ഒരു പൂച്ചക്കുട്ടിപോൽ അവൾ ഞെരുങ്ങി…

അയാളുടെ മനസ്സ് അറിയാതെ തേങ്ങി…ഒരിക്കൽ പോലും അവൾ തന്റെ ഇഷ്ടങ്ങൾ തുറന്ന് പറഞ്ഞിട്ടില്ല… ഒരിക്കൽ പോലും താൻ ചോദിച്ചിട്ടും ഇല്ല…

ഓണത്തിനും വിഷുവിനുമൊക്കെ എല്ലാവർക്കും ഡ്രസ്സ് എടുക്കുന്നതിനൊപ്പം ഒരു ഡ്രസ്സ് വാങ്ങിക്കൊണ്ടു വരും… അവൾക്കത് ഇഷ്ടമായോ പാകമാണോ എന്നുപോലും തിരക്കിയിട്ടില്ല…

മക്കളൊക്കെ വല്ലപ്പോഴും വീട്ടിൽ വരുമ്പോൾ എല്ലാർക്കുമൊപ്പം പുറത്ത് പോകാൻ ഇറങ്ങുമ്പോൾ അവൾ പറയും

“നിങ്ങൾ പൊയ്ക്കോ വയ്യാത്ത അമ്മ ഇവിടെ ഒറ്റക്കല്ലേ..” എന്ന്..തിരികെവരുമ്പോൾ അവൾക്കായ് ഒരു പലഹാരം പോലും കരുതില്ല… തിരികെ വരും വരെ അവൾ കാത്തിരിക്കും…

ഞങ്ങൾ പുറത്തുന്നു കഴിച്ചെന്നു പറയുമ്പോൾ അവൾ അടുക്കളയിലേക്കു പോകും… പിന്നെ അവിടെ പാത്രങ്ങൾ അനങ്ങുന്നത് കേൾക്കാറുണ്ട്… “നീ കഴിച്ചോ “.. എന്ന് ഒരിക്കൽ പോലും താൻ തിരക്കിയിട്ടില്ല..

കിടപ്പറയിലും അവൾ ഉത്തമ ഭാര്യ ആയിരുന്നു… ഒരിക്കൽ പോലും വയ്യെന്നൊരു വാക്ക്‌ പോലും മിണ്ടിയിട്ടില്ല…

രാവിലെ എണീറ്റാൽ ഉടൻ ബെഡ്കോഫി, ഉടനെ കുളിക്കാൻ ചൂടുവെള്ളം, കുളി കഴിഞ്ഞാൽ ചൂടൻ ഭക്ഷണം,

ഇടാൻ ഇസ്തിരിയിട്ട വസ്ത്രങ്ങൾ, ഉച്ചക്കത്തേക്ക് പൊതിച്ചോർ, കുടിക്കാൻ ചൂടുവെള്ളം.. ഒന്നും ആവശ്യപ്പെടേണ്ടി വന്നിട്ടില്ല അവളോട്‌..

സത്യത്തിൽ ഒരു ജോലിക്കാരി മാത്രമായിരുന്നില്ലേ തനിക്കിവൾ… വീട്ടിൽ വഴക്കോ പിണക്കങ്ങളോ ഒന്നുമില്ല…

അല്ല സ്നേഹമില്ലാത്തിടത്ത് എന്ത് പിണക്കം അല്ലേ… ഭാര്യ എന്നാൽ തന്റെ സുഖങ്ങൾക്കും ഭക്ഷണം ഉണ്ടാക്കാനും മാത്രമായിട്ടല്ലേ താൻ കണ്ടിട്ടുള്ളു…

ആദ്യമായി അയാൾക്ക്‌ തന്റെ പുരുഷത്വത്തിനോട് വെറുപ്പ് തോന്നി…ഇടയ്ക്ക്‌ എപ്പോഴോ അവളിൽ ഒരു ഞരക്കം കേട്ടു… അയാൾ അവളെ തന്നിലേക്ക് കൂടുതൽ മുറുകെ പിടിച്ച് എപ്പോളോ ഉറങ്ങിപ്പോയി…

പുലർച്ചെ ഉണരുമ്പോളും അവളുടെ കൈകൾ അയാളെ ചുറ്റിപ്പിടിച്ചിരുന്നു… പാവം തീരെ വയ്യെന്ന് തോന്നുന്നു അല്ലെങ്കിൽ പുലരും മുന്നേ എണീക്കുന്നവൾ ആണ്..

അയാൾ അവളുടെ മുടികൾ മടിയൊതുക്കി… നെറ്റിയിൽ നല്ല തണുപ്പ്.. അവളുടെ ചുറ്റിപ്പിടിച്ച കൈകൾ അയാൾ അടർത്തി മാറ്റാൻ ശ്രമിച്ചു…

പക്ഷേ ആ കൈകൾ തണുത്തു മരവിച്ചിരിക്കുന്നു… അയാൾ അവളെ തന്നിൽ നിന്നും നീക്കി കിടത്തി…

കണ്ണുകൾ കൂമ്പി അടഞ്ഞിരിക്കുന്നു നിവർന്നിരിക്കുന്ന കൈകൾ അയാൾ അവളുടെ നെഞ്ചോടു ചേർത്തുവെച്ചു… പതുക്കെ തുറന്നിരുന്ന അവളുടെ അധരങ്ങൾ അയാൾ ചേർത്തടച്ചു..

“അവൾ പോയി “.. അയാൾ മന്ത്രിച്ചു…തന്റെ ലക്ഷ്മി തന്നിൽ നിന്നും അകന്നു പോയിരിക്കുന്നു… ആശുപത്രി മണം സഹിക്കാൻ പറ്റാത്തവൾ തന്റെ നെഞ്ചിലെ ചൂടേറ്റുറങ്ങിയിരിക്കുന്നു..

ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിലേക്കു വഴുതി വീണ അവളുടെ നെറുകയിൽ ചുംബനം നൽകുമ്പോൾ അയാൾ ആദ്യമായി ഒറ്റപ്പെടലിലേക്ക് വീഴുകയായിരുന്നു…..

Leave a Reply

Your email address will not be published. Required fields are marked *