(രചന: Pratheesh)
എന്നാണ് നിങ്ങൾ അവസാനമായി ഒരാളെ പ്രണയിച്ചത് ? ഡോക്ടർ ഇള ഗൗരിക ഏകാംകിന ഐപ്പിനോട് പെട്ടന്നങ്ങിനെ ചോദിച്ചപ്പോൾ അവർക്കൊരുത്തരമില്ലായിരുന്നു,
ആ ചോദ്യം ഏകാംകിനയെ വളരെയധികം വർഷങ്ങൾ പിന്നിലേക്ക് കൊണ്ടുപോയി,
അവിടെ അവർ ആ പ്രണയത്തെ കണ്ടെത്തുകയും ചെയ്തു,
ആ പ്രണയം പക്ഷെ അവരിൽ മാത്രമായി ഒതുങ്ങി പോയ ഒന്നായിരുന്നിട്ടു കൂടി അന്നവർ അനുഭവിച്ചിരുന്ന അതെ അനുഭൂതി അതെയളവിൽ അന്നേരവും അവർക്കനുഭവപ്പെട്ടു എന്നത് ഒരു യാഥാർത്ഥവുമായിരുന്നു,,
പറയാൻ മറന്നു പോയോരിഷ്ടത്തെ ഹൃദയം അപ്പോഴും യാതൊരു കേടും കൂടാതെ സംരക്ഷിക്കുന്നുണ്ടെന്നത് അവർക്ക് പുത്തനുണർവുകൾ സമ്മാനിച്ചു,
പതിനാറിന്റെ പടവിൽ നിൽക്കുമ്പോൾ ആദ്യമായി സിരകളിൽ തളിർത്ത മഞ്ഞു പോലെ വിശുദ്ധമായ ഒരായിരം സ്വപ്നങ്ങളെ ഹൃദയത്തിൽ പടുത്തുയർത്തിയ അവനോടു പക്ഷെ അതു തുറന്നു പറയാൻ സാധിച്ചില്ല,
ഒളിക്കണ്ണുകൾ ഒരുപാടവനെ തിരഞ്ഞു ചെന്നെങ്കിലും കണ്ണിൽ കണ്ണുകൾ ചേർന്നു വിടരുന്ന ഹൃദയം നിറഞ്ഞൊരു ഇഷ്ടം മാത്രം തമ്മിലുണ്ടായില്ല,
തന്റെ നോട്ടം പോലെ ചുറ്റുലുമുള്ള സുന്ദരമായമുഖത്തോടു കൂടിയ പല കണ്ണുകളും അവനു നേരേ പതിയുന്നതു കണ്ടപ്പോൾ താനതിനു അർഹയല്ലെന്നുള്ള ഒരു തോന്നൽ എല്ലാം ഉള്ളിൽ തന്നെ ഒതുക്കി അവളും അതവസാനിപ്പിച്ചു,
എന്നാലിപ്പോഴും ആ ഒാർമ്മയും അവനും ഏകാംകിനയുടെ ഹൃദയത്തിലെ ഏറ്റവും വിശിഷ്ടമായ സുഗന്ധമായി ഇന്നും തുടർന്നു പോരുന്നു,
ഇന്നിപ്പോൾ വിവാഹിതയും പതിമൂന്നും പതിന്നൊന്നും എട്ടും വയസ്സുള്ള മൂന്ന് ആൺകുട്ടികളുടെ അമ്മയുമായ തനിക്ക് അന്നു നഷ്ടപ്പെട്ട പ്രണയം പിന്നീട് ഒരിക്കൽ പോലും ഉണ്ടായിട്ടില്ലെന്നത് ഒരു സത്യമായിരുന്നു,
വിവാഹം കഴിഞ്ഞതോടെ പിന്നെ മറ്റൊരാളോടു ഇഷ്ടം തോന്നുകയെന്നത് തീവ്രവാദത്തേക്കാൾ ഭീകരമായി കണക്കാക്കപ്പെടുമെന്നതു കൊണ്ട് പിന്നീട് അത്തരം സാധ്യതകളെയെല്ലാം മനപ്പൂർവ്വം അവരും കണ്ടില്ലെന്നു നടിച്ചു,
അങ്ങിനെ സ്വന്തം ഇഷ്ടങ്ങളെ എല്ലാം ഒഴിവാക്കി നിർത്തി കുടുംബം എന്ന ഒറ്റ ബന്ധത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തിട്ട് ഇന്നിപ്പോൾ ആർക്കും തന്നെ വേണ്ടാതായിരിക്കുന്നു,
നേരാനേരത്തിനു ഭക്ഷണം ഉണ്ടാക്കി വിളമ്പാനും തുണിയലക്കാനും വീടു വൃത്തിയാക്കാനും മാത്രം മതി ഇന്നു താൻ എല്ലാവർക്കും !
തന്റെ ചോരയും നീരും ഇതുവയെയും അവർക്കു വേണ്ടി മാത്രമാണ് ചിലവഴിച്ചിട്ടുള്ളതെന്നു കൂടി മറന്ന് കുറ്റപ്പെടുത്തലുകൾക്കുമാത്രമായി അവർക്കെല്ലാം നടുവിൽ ഒരാളായി നിലനിൽക്കുകയാണിന്ന് !
ഭർത്താവ് കുറ്റപ്പെടുത്തുന്നത് മനസിലാക്കാം എന്നാലിപ്പോൾ ഭർത്താവിന്റെ വാക്കുകൾ കേട്ട് മക്കളും അതെറ്റെടുത്തു തുടങ്ങിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ സങ്കടം,
അതിലും സങ്കടകരമാണ് കുറച്ചു കാലമായി എല്ലാവർക്കും കുറ്റപ്പെടുത്താനുള്ള ഒരു വസ്തുവാണ് താൻ എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത് !
അപ്പൻ ജോലിക്കു പോകുകയും അമ്മ വെറുതെ വീട്ടിലിരുന്ന് ഒന്നിനും കൊള്ളാത്തവളായി അടുക്കാരിയയായി മാത്രം ജീവിക്കുന്നതിലെ കുറവുകൾ കണ്ടെത്തുകയാണ് മക്കൾ !
മക്കളുടെ കുറ്റപ്പെടുത്തലുകൾ കാണുമ്പോൾ പുറമേക്ക് വിടരാതെ ഭർത്താവിന്റെ ഉള്ളിൽ മാത്രമായി വിരിയുന്ന ഒരു പുഞ്ചിരിയുണ്ട് അതു കൂടി കാണുമ്പോൾ എല്ലാം കൂടി വലിച്ചെറിഞ്ഞ് കുറച്ചു മനസമാധാനം കിട്ടുന്ന എങ്ങോട്ടെങ്കിലും പോയാലോ എന്നു വരെ തോന്നാറുണ്ട് !
ഈ കുറ്റപ്പെടുത്തലുകൾക്ക് ഒടുവിൽ ബെഡ്ഡ് റൂമിലെങ്കിലും കുറച്ചു സ്നേഹം കിട്ടുമെന്നു എന്നും കരുതാറുണ്ടെങ്കിലും അതും അവസാന കൊച്ചുണ്ടാവുന്നതു വരെ മാത്രമായി അവസാനിക്കുകയായിരുന്നു,
ഒന്നു ചേർത്തു പിടിച്ചിരുന്നെങ്കിൽ പെയ്തൊഴിഞ്ഞു തീരുമായിരുന്ന കുറെ പ്രശ്നങ്ങളുണ്ടായിരുന്നു അതു പോലും തടഞ്ഞു വെച്ച ശബളകുടിശിക പോലെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്തംഭനാവസ്ഥയിലാണ് !
എത്ര നന്നാക്കി ഉണ്ടാക്കി കൊടുത്താലും ഒരു കുറ്റമെങ്കിലും പറയാതെ ഭക്ഷണം ഇറങ്ങാത്ത ഭർത്താവും അമ്മക്കിവിടെ എന്താ ഇത്ര പണിയെന്നു ചോദിക്കുന്ന മക്കളും ചേർന്ന് തന്റെ എല്ലാ ഉത്സാഹങ്ങളും കെടുത്തിയതിനേ തുടർന്നാണ്
അവർ തന്റെ ഒരു ഫ്രണ്ടിന്റെ സുഹൃത്തു കൂടിയായ ഡോക്ടർ ഇള ഗൗരികയേ കാണാൻ അവർ തീരുമാനിച്ചത് അവിടെ വെച്ചാണ് ഡോക്ടർ ഈ ചോദ്യം ഏകാംകിനയോടു ചോദിച്ചത് !
ജീവിതത്തിലെ എല്ലാ വേഷങ്ങളും അവസാനിച്ചു തുടങ്ങിയിരിക്കുന്നു എന്നു വിശ്വസിച്ചിരുന്നിടത്താണ് കഠാരയേക്കാൾ മൂർച്ചയോടെ ആ വാക്കുകൾ അവരിൽ തുളച്ചിറങ്ങിയത് !
എന്തു പറയണം എന്നറിയാതെ ഒന്നു തപ്പിതടഞ്ഞ അവരേ നോക്കി ഡോക്ടർ പിന്നേയും പറഞ്ഞു, ചില സന്ദർഭങ്ങളിൽ പ്രണയവും ഒരു മരുന്നാണ് ! നമ്മളിൽ മൺമറഞ്ഞു പോയി എന്നു വിശ്വസിക്കുന്ന ചില വികാരങ്ങളേ ഉണർത്താൻ പ്രണയത്തിനു സാധിക്കും !
അതും പറഞ്ഞ് ചെറിയ പുഞ്ചിരിയോടെ ഏകാംകിനയുടെ മറുപടിക്കായി അവരുടെ മുഖത്തേക്കു തന്നെ നോക്കിയിരിക്കുകയായിരുന്നു ഡോക്ടർ,
അതു കണ്ടതും ഡോക്ടറുടെ ആ നോട്ടത്തിലും കാത്തിരുപ്പിലും അവർക്ക് ഏകാംകിനയിൽ നിന്നൊരു ഉത്തരം അത്യാവശ്യമാണെന്ന സൂചനയും അവർ തിരിച്ചറിയുന്നുണ്ടായിരുന്നു,
ഡോക്ടർ വീണ്ടും കണ്ണും പിരികവും ഒന്നിച്ചിളക്കി ഒരാഗ്യം കാണിച്ചപ്പോൾ അങ്ങിനെയൊന്നില്ലെന്നോ അതോ പറയാൻ മടിയാണോ എന്നൊരു ചോദ്യമായിരുന്നു ഡോക്ടറുടെ ആ ആംഗ്യഭാവത്തിൽ നിഴലിച്ചു നിൽക്കുന്നതെന്നവൾക്കു മനസിലായി !
ഡോക്ടർ പിന്നെയും ഏകാംകിനയുടെ മുഖത്തേക്കു ക്ഷമയോടെ നോക്കിയിരുന്നതോടെ അവർ പറഞ്ഞു,
” ഡോക്ടർ മക്കൾക്കു പ്രായമായി വരുന്നു അത്തരമൊരു സാഹചര്യത്തിൽ ?
അവർക്കതു മുഴുവിപ്പിക്കാനായില്ല,
ഒന്നു ചിരിച്ചു കൊണ്ട് ഡോക്ടർ പിന്നെയും ചോദിച്ചു, അപ്പോൾ ഇഷ്ടകുറവല്ല മക്കളാണു പ്രശ്നം അല്ലെ ?
അല്ല! ഡോക്ടർ അങ്ങിനെ ഒരു കാര്യത്തേക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലയിരുന്നു എന്നായിരുന്നു അവരുടെ മറുപടി !
അത് മനസിലാക്കിയ ഡോക്ടർ പിന്നെയും ചോദിച്ചു പുതിയൊരാൾ മനസിലേക്കു വന്നാൽ പഴയതെല്ലാം നഷ്ടപ്പെട്ടേക്കാം എന്ന ഭയമാണോയെന്ന് ?
അതിന് എകാംകിന ഒന്നു ചിരിക്കുക മാത്രമാണ് ചെയ്തത് !അതു കണ്ട് ഡോക്ടർ പിന്നെയും ചോദിച്ചു,ഭയമാണ് പ്രശ്നമല്ലെ ?എന്നു ചോദിച്ചതും ഡോക്ടറേ ഞെട്ടിച്ചു കൊണ്ട് അവർ അല്ലാ ” എന്നു പറയുന്നു,
അവരുടെ മറുപടിയിൽ ആകാംക്ഷയും ആശ്ചര്യവും ഉൾകൊണ്ട ഡോക്ടർ അതിനുള്ള ഉത്തരത്തിനായി അവരെ നോക്കിയതും അവർ പറയുന്നു,
ഉള്ളിൽ അടക്കി വെച്ചിരിക്കുന്ന ഇഷ്ടങ്ങളെ ചേർത്തു വെച്ചു ഞാനതിനു ശ്രമിച്ചാൽ നിയന്ത്രിക്കാൻ സാധിക്കാതെ വരും !ആ മറുപടി ഡോക്ടർ ചിരിച്ചു കൊണ്ട് ആസ്വദിക്കുകയാണ് ചെയ്തത് !
അവരുടെ ആ മറുപടി ഡോക്ടർ പേഷ്യന്റ് എന്ന അതിർവരമ്പ് അവർക്കിടയിൽ നിന്നു വേർപ്പെട്ടു പോകുന്നതിനും ഒരു കാരണമായി,
അതോടെ അവർ ഇരുവരും ഒരു തുറന്നപുസ്തകം പോലേയായി തുടർന്നു ഡോക്ടർ അവരോടു പറഞ്ഞു, നിലവിലെ സാഹചര്യത്തിൽ പ്രണയം മറ്റൊരു ആണുമായാണെങ്കിൽ മാത്രമല്ലെ പൊതു സമൂഹത്തിന് പ്രശ്നമാകുന്നുള്ളൂ ?
ആ ചോദ്യം കേട്ട് അവർ ഡോക്ടറേ നോക്കിയതും ഡോക്ടർ അവരെ നോക്കി ഒന്നു കണ്ണടിക്കുന്നു,
അതു കാണുന്ന ഏകാംകിനക്കു ഡോക്ടർ പറഞ്ഞു വരുന്ന ആ കാര്യങ്ങളിലേക്കു മനസു പെട്ടന്ന് കടന്നു വന്നതും ഡോക്ടർ ചോദിക്കുന്നു,നമുക്കൊരു വൺഡേ ടൂർ പോയാലോന്ന് ?
അതും പറഞ്ഞ് ഡോക്ടർ തന്റെ സീറ്റ് വിട്ടെഴുന്നേറ്റ് പതിയേ അവർക്കരുകിലേക്ക് നടന്നു വന്നതും ഏകാംകിനയും സീറ്റിൽ നിന്നു എഴുന്നേറ്റു നിൽക്കുന്നതോടെ ഡോക്ടർ അവർക്കഭിമുഖമായി വന്നു നിന്ന് ഡോക്ടർ അവരുടെ കണ്ണിലേക്കു നോക്കുന്നു
പരസ്പരം കണ്ണുകൾ തമ്മിലുടക്കിയതും ഡോക്ടർ അവരുടെ കവിളിൽ കൈ വെച്ചു കൊണ്ട് ഏകാംകിനയെ നോക്കി
ഇത്തരം പ്രശ്നങ്ങൾ എനിക്കും ഉണ്ട്
എന്നാൽ സ്നേഹിക്കാൻ ആണു തന്നെ വേണം എന്ന വാശി ഇല്ലെങ്കിൽ അത്തരത്തിൽ വിശാലമായി സ്നേഹിക്കാൻ മറ്റൊരു സ്ത്രീക്കും സാധിക്കും എന്ന് പറയുന്നു,
തുടർന്നും ഏകാംകിനയെ നോക്കി ” വീട്ടിൽ എത്തി സമാധാനമായിട്ട് ആലോചിച്ചു പറഞ്ഞാൽ മതി എന്നു കൂടി പറയുന്നു ”
വീട്ടിൽ മടങ്ങിയെത്തിയ ഏകാംകിന അതെ പറ്റി വളരെ ആലോചിക്കുന്നു, ഡോക്ടർ പറഞ്ഞത് പോലെ എതിരെയുള്ളത് ആണായാൽ അല്ലെ കുഴപ്പമുള്ളൂ എന്നത് അവർക്കും സൗകര്യമായി തന്നെ തോന്നുന്നു,
സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആണു വേണം എന്നത് മാറ്റി വെച്ചാൽ സ്നേഹം കിട്ടും എങ്കിൽ അവിടെ സ്ത്രീ എന്നതൊരു തടസമായി കാണേണ്ടതുണ്ടോ എന്നാ ചിന്ത അവരിൽ പുതിയ വെളിച്ചം നിറക്കുന്നു തുടർന്നവർ ഫോണെടുത്തു ഡോക്ടറെ വിളിച്ചു ചോദിക്കുന്നു
ഡോക്ടർ oneday ടൂർ എന്നത് മാറ്റി three day ടൂർ ആക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്ന് ?
അത് കേട്ടതും ഡോക്ടർ ഏകാംകിനയോട് പറഞ്ഞു, പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല അതു തുടരാൻ സ്ഥിരം ചിന്തകളിൽ നിന്നും ഒന്ന് മാറി നടന്നാൽ മാത്രം മതിയെന്ന് ! അത് കേട്ടു ഏകാംകിനയും ഒന്നു പുഞ്ചരിച്ചു…….