അവളെ കേൾക്കാനൊരാൾ
(രചന: Saritha Sunil)
പ്രണയിച്ചു വിവാഹം കഴിച്ചവരായിരുന്നു വിഷ്ണുവും ദീപയും.പരസ്പരം അത്രയേറെ ഇഷ്ടപ്പെട്ടവർ.നീയില്ലെങ്കിൽ ഞാനില്ലെന്നു പറഞ്ഞു ജീവിച്ചവർ.അവർക്കൊരു മകളാണ് അമേയ.
ജീവിതം പോകപ്പോകെ പല ബുദ്ധിമുട്ടുകളും വന്നുകൊണ്ടിരുന്നു.അതൊക്കെ സഹിക്കാനും തരണം ചെയ്യാനും പരസ്പരം താങ്ങായി നിന്നു അവർ.പക്ഷേ നാളുകൾ കഴിഞ്ഞപ്പോൾ എന്തിനൊക്കെയോ മാറ്റം വന്നു.തീർച്ചയായും അതിനൊരു കാരണം മൊബൈൽ തന്നെയായിരുന്നു.
മകളും മൊബൈലിൽ മുഴുകിയതിൽ പിന്നെ ദീപ ആകെ ഒറ്റപ്പെട്ടു.ജോലിക്കു പോയി വരുന്ന വിഷ്ണു ഓഫീസുകാര്യങ്ങളുടെ ടെൻഷനുമായിട്ടാവും വരിക.
അതൊക്കെ കഴിയുമ്പോൾ ടി.വിയിലേക്കോ മൊബൈലിലേക്കോ കണ്ണും നട്ടിരിയ്ക്കും.രാവേറെ കഴിഞ്ഞാവും ഉറങ്ങാൻ കിടക്കുക.
ഇതിനിടയിൽ ജോലിയൊക്കെ കഴിഞ്ഞ് ക്ഷീണം കാരണം ദീപ ഉറക്കമായിട്ടുണ്ടാകും.പരസ്പരം ഒരുപാടു സ്നേഹിച്ചവർ എവിടെയൊക്കയോ അകന്നതായി ദീപയ്ക്കു തോന്നി.പലതവണ വിഷ്ണുവിനോടതു പറഞ്ഞു മനസ്സിലാക്കാൻ അവൾ ശ്രമിച്ചു.
ആർക്കും മനസ്സിലാകുന്നുണ്ടായിരുന്നില്ല അവളെ…”നിനക്കെന്താ കുറവ് ഇവിടെ,എന്തേലും ജോലികൾ ചെയ്തിട്ടു മൊബൈലിൽ കുത്തുകയോ,കിടന്നുറങ്ങുകയോ ഒക്കെ ചെയ്യാല്ലോ”.
പരാതികൾ കൂടിയപ്പോൾ വിഷ്ണു പറഞ്ഞു.അവൾക്കു പഴയ കാലമോർമ്മവന്നു.സംസാരിച്ചു സംസാരിച്ച് ഉറക്കം വരാതിരുന്ന നാളുകൾ.
വിഷ്ണുവേട്ടനോട് എത്ര സംസാരിച്ചാലും മതിയാകാത്ത നാളുകൾ.ആ കൈകൾ തലയിണയാക്കി നെഞ്ചോടു ചേർന്നു കിടന്ന നാളുകൾ,തനിക്കു കേൾക്കാൻ മാത്രമായി വിളിക്കുന്ന ചെല്ലപ്പേര്.അവൾക്കു സങ്കടം നിറഞ്ഞു വന്നു.
“നാളുകൾ ഏറെയായിട്ട് ആരെങ്കിലും എന്നെങ്കിലും എപ്പോഴെങ്കിലും എന്നെ കേൾക്കാമെന്നു പറഞ്ഞിട്ടുണ്ടോ നിന്റെ സന്തോഷങ്ങൾ,സങ്കടങ്ങൾ,വ്യാകുലതകൾ എല്ലാം പറയൂ.ഞാനുണ്ട് കേൾക്കാൻ എന്നു പറഞ്ഞിട്ടുണ്ടോ.
ഞാനെപ്പോഴും എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.പക്ഷേ ശ്രദ്ധയോടെ എന്നെ കേൾക്കാൻ ആരുമുണ്ടായില്ല”.അവൾ തന്റെ കൂട്ടായ ഡയറിയിൽ കുറിച്ചിട്ടു.തന്റെ സങ്കടങ്ങളും സന്തോഷങ്ങളും ഡയറിത്താളുകളിൽ രഹസ്യമായി സൂക്ഷിച്ചു.
വീട്ടു ജോലികൾ കൃത്യമായി ചെയ്തു.അമേയ ഇടയ്ക്ക് അമ്മയെ സഹായിക്കാൻ കൂടും.അവൾക്കു മുഖ്യം കൂട്ടുകാരായിരുന്നു.
“അമ്മയെന്താ ജോലിക്കു പോകാത്തത്.എങ്കിൽ ഈ ബോറടിയൊക്കെ മാറിയേനെ”.
ദീപ ഒന്നു ചിരിച്ചു.നിനക്കു വേണ്ടിയാണ് ജോലി ഉപേക്ഷിച്ചത് എന്നവൾ പറഞ്ഞില്ല.
അമ്മമാരുടേതായ ചിന്തകൾ,ടെൻഷനുകൾ ദീപയ്ക്കു വരുമ്പോൾ അമേയ കളിയാക്കും
“ഇങ്ങനെ ടെൻഷൻ ആകാതെ വല്ല യോഗയും ചെയ്തൂടെ അമ്മേ.ആശ്വാസം കിട്ടിയേനെ”.
ദീപയുടെ ലോകം പാട്ടുകളും പുസ്തകങ്ങളുമായിരുന്നു.പിന്നെപ്പിന്നെ അവൾ അതിലേക്ക് ഒതുങ്ങിക്കൂടി.പക്ഷേ ആരുടേയും കാര്യത്തിൽ ഒരു കുറവും വരുത്തിയില്ല.
മാസമുറ സമയത്തെ മൂഡ് സ്വിങ്സിൽ പെട്ടവൾ ഉഴറി.അത് അവളുടെ ദേഷ്യമായി മറ്റുള്ളവർ തെറ്റിദ്ധരിച്ചു.
വിഷ്ണുവിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുമ്പോൾ, ഭക്ഷണം രുചിയുണ്ടായിരുന്നു എന്നു പറയുമെന്നവൾ കൊതിച്ചു.ഒരു പുതിയ സാരിയോ ചുരിദാറോ ധരിച്ച് എങ്ങനെയുണ്ടെന്ന ചോദ്യത്തിന്…
കൊള്ളാമെന്നോ കൊള്ളില്ലെന്നോ മനസ്സിലാക്കാൻ കഴിയാത്തൊരു തലയാട്ടൽ മാത്രമാവും വിഷ്ണുവിൽ നിന്നുണ്ടാവുക.
ചിലപ്പോഴൊക്കെ അടുക്കളയിൽ നിൽക്കുമ്പോൾ അവൾ ആഗ്രഹിച്ചു…”സഹായിക്കണോ ദീപ” എന്നു ചോദിച്ച് അടുക്കളയിലേക്കു വരുന്ന വിഷ്ണു പിൻകഴുത്തിലുമ്മ വച്ച് ചെവിയിൽ ചോദിക്കുന്നത്.
“അയ്യേ…നീയിത്ര പൈങ്കിളിയായോ പെണ്ണേ”തന്റെ മനസ്സിനെയവൾ തിരുത്തും.
“ഇതൊന്നും പൈങ്കിളിയല്ല ദീപേ.വിഷ്ണു മുമ്പ് അങ്ങനെയായിരുന്നല്ലോ.അതാ അങ്ങനെ ചിന്തിച്ചു പോയത്.സാരമില്ല.ഒരു ദിവസം എല്ലാം മനസ്സിലാക്കും”.മനസ്സ് അവളോടു പറയും.പിന്നെപ്പിന്നെ അവൾക്കതൊരു ശീലമായി സ്വയം സംസാരിക്കൽ.അവൾ സ്വയം സ്നേഹിച്ചു തുടങ്ങി.
വിഷ്ണുവിന് സ്നേഹമില്ലായ്മയല്ല, ഓഫീസിലെ ടെൻഷനും അധികമായ മൊബൈൽ അഡിക്ഷനുമാണ് കാരണം എന്നവൾ മനസ്സിലാക്കി.
തന്റെ ഡയറിയിൽ എല്ലാം അവൾ കുറിച്ചിട്ടു.ആയിടക്കാണ് ദീപയുടെ അച്ഛന് സുഖമില്ലാതെയായി ആശുപത്രിയിൽ അഡ്മിറ്റാക്കിയത്.
അമ്മയ്ക്ക് വീട്ടിലെ പശുവിനേയും കോഴിയേയും ഒന്നും വിട്ട് ആശുപത്രിയിൽ മാത്രം നിൽക്കാൻ കഴിയുമായിരുന്നില്ല.പാൽ കച്ചവടവും കൃഷിയുമായിരുന്നു അച്ഛന്റെ വരുമാനം.ധർമ്മ സങ്കടത്തിലായ അമ്മയോട് ആശുപത്രിയിൽ താൻ നിൽക്കാമെന്ന് പറഞ്ഞു സമാധാനിപ്പിച്ചു. പകൽ ആശുപത്രിയിലിരുന്നു.
രാത്രിയിൽ അമ്മ ആശുപത്രിയിൽ വരുമ്പോൾ വീട്ടിൽ പോയി അച്ഛമ്മയ്ക്കു കൂട്ടു കിടന്നു.വരണ്ടാന്ന് അമ്മയോടു പറഞ്ഞാലും അമ്മയ്ക്ക് അച്ഛനെ കാണാതിരിക്കാനാവില്ലായിരുന്നു.അത്രയ്ക്ക് സ്നേഹമായിരുന്നു അവർ തമ്മിൽ.
വീട്ടിൽ മൂന്നു നാലു ദിവസത്തോളം ദീപയില്ലാതായപ്പോഴാണ് വിഷ്ണുവും അമേയയും ദീപയുടെ അഭാവം എത്ര വലുതാണെന്നു മനസ്സിലാക്കിയത്.വീട്ടിലെ ശബ്ദം തന്നെ ഇല്ലാതായി.
എപ്പോഴും എന്തെങ്കിലും പറഞ്ഞ് പുറകേ വരുന്ന ദീപയെ കാണാത്തതിൽ വിഷ്ണു കുറേ നാളുകൾക്കു ശേഷം സങ്കടപ്പെട്ടു.അടുത്തുണ്ടായിരുന്നിട്ടും അവളെ ഈയിടെയായി താൻ ശ്രദ്ധിച്ചിരുന്നേയില്ലല്ലോ എന്നയാൾ ഓർത്തു.
അയാൾക്ക് അവളോട് ചേർന്നിരിക്കാൻ തോന്നി.
അവളുടെ മണത്തിനായി ആഗ്രഹിച്ചു.പുതക്കാനായി ഒരു സാരിയെടുക്കാൻ അലമാര തുറന്നപ്പോഴാണ് അവളുടെ ഡയറി കണ്ടത്.തെറ്റാണെന്നു തോന്നിയെങ്കിലും വിഷ്ണു അതെടുത്തു വായിച്ചു.
വിഷ്ണുവിന്റെ തൊണ്ടയിൽ വല്ലാത്ത നീറ്റലുണ്ടായി.ഒന്നു കരയണം എന്നയാൾക്കു തോന്നി.
തന്റെ പ്രിയപ്പെട്ടവൾ!!!!!!തനിക്കായി മാത്രം ഉരുകിയവൾ!!!!എന്നിട്ടും അറിയാതെ പോയി.
കൈയ്യിലിരുന്ന മൊബൈലിനെ അറപ്പോടെ നോക്കി അയാൾ.തെറ്റുകൾ തിരുത്തപ്പെടേണ്ടതാണ്.
അവളുടെ സങ്കടങ്ങൾ കണ്ടില്ലെന്നു ഇനി കരുതാനാവില്ല.മനസ്സിലൂടെ പ്രണയവും കല്യാണവുമൊക്കെ ഒരു നിമിഷംകൊണ്ട് ഓടിയെത്തി.അവിടെ അവൾ നിൽക്കുന്നുണ്ട് തന്റെ ഏറെ പ്രിയപ്പെട്ട കറുപ്പിൽ ചുവന്ന ബോർഡറുള്ള ആ സാരിയുടുത്ത്…..
“ഒരു ഫോട്ടാ എടുത്തു തര്വോ വിഷ്ണുവേട്ടാ”അവൾ സ്നേഹവായ്പോടെ ചോദിക്കുന്നുണ്ട്.എടുത്തു കൊടുത്താലും പോര ഒപ്പം നിന്ന് എടുക്കുകയും വേണം.തന്റെ ക്യാമറയാണ് അന്ന് ഫോട്ടോയ്ക്കായി ഉള്ളത്.അതിന്റെ പ്രിന്റു കിട്ടുന്നതു വരെ പുറകേ നടന്നു ശല്യപ്പെടുത്തും.
പിന്നെ എപ്പോഴോ മൊബൈൽ കിട്ടി.സെൽഫികളായി.ഒപ്പം നിൽക്കാൻ അവൾ വിളിച്ചാലും പോകാതെയായി.
മകളും അവളും ചേർന്നു നിൽക്കുന്നതിനൊപ്പം തന്റെയൊരു ഫോട്ടോ എഡിറ്റു ചെയ്ത് ചേർത്ത് അവൾ ഫ്രെയിം ചെയ്തത് ഈയ്യിടെയായിരുന്നല്ലോ എന്നയാൾ ഓർത്തു,വിഷ്ണുവിനു വല്ലാത്തസങ്കടം തോന്നി.കുറേ മുമ്പ് കാൾ ലിസ്റ്റിൽ ദീപയുടെ കോൾ കണ്ടത് ഓർമ്മ വന്നു.
വിഷ്ണു ഫോണെടുത്ത് ദീപയെ തിരികെ വിളിച്ചു.രാത്രി സമയത്തു വിളിച്ചതു കണ്ട ദീപയ്ക്ക് അതിശയം തോന്നി.അച്ഛൻ അഡ്മിറ്റായപ്പോ ഒരു ദിവസം നോക്കാൻ വന്നതിൽ പിന്നെ ഇടയ്ക്ക് എങ്ങനെയുണ്ടെന്നു വിളിച്ചു ചോദിക്കും.അതും ചുരുങ്ങിയ വാക്കുകളിൽ ഒതുക്കും.
“വിഷ്ണുവേട്ടാ” അവൾ സ്നേഹത്തോടെ വിളിച്ചു.ശബ്ദം വിങ്ങിയിട്ട് ഒന്നും പറയാൻ വിഷ്ണുവിനു തോന്നിയില്ല.”എന്താ വിഷ്ണുവേട്ടാ…എന്താ കാര്യം”.ദീപയ്ക്കു വേവലാതിയായി.
“ഒന്നൂല്ല തന്നെ വല്ലാതെ മിസ്സ് ചെയ്യുന്നു”.
അവൾക്കു കണ്ണു നിറഞ്ഞു.”ഹോ….എപ്പോഴുമിങ്ങനെ ചിലച്ചോണ്ടിരിക്കാതെ ഒന്നു വായടച്ചിരിക്ക്.ഈ സിനിമയൊന്നു കാണ്ടോട്ടെ”.ദീപയുടെ മനസ്സിൽ പെട്ടെന്ന് അതാണ് ഓടിയെത്തിയത്.
“അച്ഛനെ നാളെ ഡിസ്ചാർജു ചെയ്യും.അതു കഴിഞ്ഞു വരാം.വിഷമിക്കണ്ട വിഷാണുവേട്ടാ”.അവൾ പറഞ്ഞു.’ദീപേ’….’ഉം…എന്തേ’…”ഒന്നൂല്ല…എന്തോ ഒരു വല്ലായ്മ.സോറീ”….
പിന്നെയും എന്തൊക്കെയോ പറയണമെന്നുണ്ടായിരുന്നു അയാൾക്ക്.പക്ഷേ ഒന്നും പറയാൻ കഴിഞ്ഞില്ല.
അത്രയും മതിയായിരുന്നു ദീപയ്ക്ക്.തന്റെ പഴയ വിഷ്ണുവേട്ടനെ തിരിച്ചു കിട്ടിയതിൽ അവൾക്കു സന്തോഷമായി.പിറ്റേന്ന് അച്ഛനെ ഡിസ്ചാർജു ചെയ്ത ശേഷം വീട്ടിൽ കൊണ്ടാക്കിയിട്ട് ദീപ തന്റെ വീട്ടിലെത്തി.
വീടു മുഴുവൻ അലങ്കോലമായി കിടക്കുന്നുണ്ടാകും.ഒരുപാടു ജോലിയായിരിക്കും ഇന്ന് എന്നൊക്കെ ചിന്തിച്ചു ചെന്ന അവൾ കണ്ടത്….വൃത്തിയായും ഭംഗിയായും അടുക്കി ഒതുക്കിയിട്ടിരിക്കുന്ന തന്റെ വീടാണ്.
അമേയ ക്ലാസ്സിനു പോയിരുന്നു.വിഷ്ണു വീട്ടിലുണ്ടെന്നവൾക്കു മനസ്സിലായി.
മുൻ വാതിൽ കുറ്റയിട്ട ശേഷം
വേഷം മാറാനായി ദീപ മുറിയിലേക്കു പോയി.സാരിയിൽ കൈ വച്ചതും പുറകിലൂടെ ഒരു കൈ അവളുടെ ഇടുപ്പിൽ വന്നതും ശരീരം വലിച്ചടുപ്പിച്ചതും ഒരുമിച്ചായിരുന്നു.മുടിയിഴകൾ മാറ്റി അവളുടെ കഴുത്തിലേക്ക് ചുണ്ടു ചേർത്തു വിഷ്ണു.
ഒരു നിമിഷം കണ്ണുകളടച്ചു നിന്നു ദീപ.അയാൾ അവളെ തന്റെ നേർക്കു തിരിച്ചു നിർത്തി.നെറ്റിയിൽ ഉമ്മ വച്ചു.അവൾ ആ നെഞ്ചിൽ ചേർന്നു നിന്നു.
അവൾക്കു മാത്രം അവകാശപ്പെട്ട ആ പേരയാൾ വിളിച്ചു….അവൾക്കു മാത്രം കേൾക്കാനായി.കൂടെ തന്റെ അശ്രദ്ധകൊണ്ടു സംഭവിച്ച അവഗണനകൾക്കായി അവളുടെ ചെവിയിൽ ചുണ്ടു ചേർത്ത് സോറിയും പറഞ്ഞു.അവൾ കൈയ്യെടുത്തു തടഞ്ഞൂ.
“വേണ്ട വിഷ്ണുവേട്ടാ.ഇനി സോറി പറയണ്ട.എന്നെ ഒന്നു മനസ്സിലാക്കിയാൽ മതി.ഒന്നു ശ്രദ്ധയോടെ കേട്ടാൽ മതി.നമുക്കു മാത്രമായി കുറച്ചു സമയമെങ്കിലും മാറ്റി വയ്ച്ചാൽ എനിക്കതു വലിയ സന്തോഷമാണ്.എന്റെ ഭാഗത്തു നിന്നുണ്ടായ കുറവുകളും പറയുക ഞാനുമത് തിരുത്താം”.
അവൾ പിന്നെയും സന്തോഷത്തോടെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.അയാൾ അത്രയേറെ സ്നേഹത്തോടെ അവളെ കേട്ടുകൊണ്ടിരുന്നു…..
ജീവിതത്തിൽ മനപൂർവ്വമല്ലാതെ വന്നു ചേരുന്ന ചില ചെറിയ അകൽച്ചകളുണ്ട്.ഒന്നു മനസ്സു തുറന്നു സംസാരിച്ചാൽ ഉരുകി ഇല്ലാതെയാകുന്ന ചിലത്….