ആരുടെ കൂടെ പോയിട്ടാ നീ പൈസ മൊത്തം ഉണ്ടാക്കിയേ എന്ന്..” പൊട്ടികരഞ്ഞു കൊണ്ടു നിരഞ്ജന മണ്ണിലേക്ക് ഇരുന്നു..

മറുപടിയില്ലാതെ
(രചന: Unni K Parthan)

“ഡാ..നിന്റെ വാക്കുകൾ
എന്റെ മനസീന്ന് പോണില്ല..””മ്മ്..”നിരഞ്ജനയുടെ വാക്കുകൾക്ക് ശിവയുടെ മറുപടി മൂളൽ മാത്രമായിരുന്നു..

“നീ എന്നെ എന്ത് പറഞ്ഞാലും എനിക്ക് കുഴപ്പമില്ല..അത് നിന്റെ അപ്പോളത്തെ ദേഷ്യം കൊണ്ടാവുമെന്നും എനിക്കറിയാം..പക്ഷേ..അത് എന്നെ..”
വാക്കുകൾ ഇടറിയിരുന്നു നിരഞ്ജനയുടെ..”ഡാ..”

“മ്മ്..””നിനക്ക് എന്നോട് ഒന്നും പറയാൻ ഇല്ലേ..”കുറച്ചു നേരത്തെ മൗനത്തിന് ശേഷം നിരഞ്ജന ശിവയെ നോക്കി ചോദിച്ചു..

“ഹേയ്..”സിഗരറ്റ് ഒന്നുടെ ആഞ്ഞു പുകയെടുത്ത് മെല്ലെ നോട്ടം നിരഞ്ജനയുടെ മിഴികളിലേക്ക് മാറ്റി ശിവ..ഒരു നിമിഷം കണ്ണുകൾ കോർത്തു..

“വേണ്ടാ… ഡാ..
ഇനി നീ എന്നെ ഇങ്ങനെ നോക്കണ്ട..
എനിക്ക് കഴിയില്ല നിന്റെ പഴയ..”
പാതിയിൽ നിർത്തി നിരഞ്ജന കസേരയിൽ നിന്നും ഏഴുന്നേറ്റു മുന്നോട്ട് നടന്നു..

“ഡാ..”തിരിഞ്ഞു നിന്നു അവൾ വിളിച്ചു..”മ്മ്…”മുഖം ചെരിച്ചു ശിവ നിരഞ്ജനയെ നോക്കി..”എനിക്ക് നിന്നെ എത്രത്തോളം ഇഷ്ടമുണ്ടായിരുന്നു നിനക്ക് അറിയോ..”

ഇത്തവണ അവളുടെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു..തേയില തോട്ടങ്ങൾക്കിടയിലെ ഇട വഴിയിൽ..അവളുടെ ശബ്ദം അവർക്ക് ഇരുവർക്കും മാത്രമായി വിറ കൊണ്ടു..”അറിയോ.. നിനക്ക്..”വീണ്ടും അവൾ അലറി..

സിഗരറ്റ് ഒന്നുടെ ആഞ്ഞു വലിച്ചു കൊണ്ടു ശിവ എഴുന്നേറ്റു..
പിന്നെ നീണ്ടു നിവർന്നു കിടക്കുന്ന തേയില തോട്ടങ്ങൾക്ക് ഇടയിലൂടെ അങ്ങ് അകലെ കാണുന്ന തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലേക്ക് നോക്കി നിന്നു..”എടാ..””മ്മ്..””നിനക്ക് എന്നോട് ഒന്നും പറയാനില്ലേ..”

“എന്ന ജോലിക്ക് കയറേണ്ടത്..”
ശിവ മെല്ലെ അവളെ നോക്കി ചോദിച്ചു..”ശിവാ…””എനിക്ക്..എനിക്ക് പറ്റാത്തോണ്ടാ..അതോണ്ടാ.. ഞാൻ ഈ ജോലിക്ക്..””മ്മ്…””ഒന്നും…ഒന്നും പറയാൻ ഇല്ലേ നിനക്ക്..”

“നേരം വൈകുന്നു..
ഇപ്പൊ ഇറങ്ങിയ നിനക്ക് ലാസ്റ്റ് ബസ് പിടിക്കാം..ചുരമിറങ്ങി താഴെ ചെല്ലുമ്പോൾ ഇല്ലേ ഒരുപാട് വൈകും..”
ശിവയുടെ ശബ്ദം നിരഞ്ജനയെ ഉലച്ചു..

“മ്മ്..””ഇറങ്ങാ.. ഞാൻ..””മ്മ്..”നിരഞ്ജന തിരിഞ്ഞു നടന്നു..”ഡീ..”വിളി കേട്ട് നിരഞ്ജന പെട്ടന്ന് തിരിഞ്ഞു നോക്കി..

“ഇതിനേക്കാൾ മുറിപ്പെടുത്തുന്ന വാക്കുകൾ എന്റെ നാവിൽ നിന്നും നീ കേട്ടിട്ടുണ്ട്..”സിഗരറ്റ് ഒന്നുടെ ആഞ്ഞു വലിച്ചു താഴേക്ക് ഇട്ടു ചെരിപ്പ് കൊണ്ടു ചവിട്ടിയരച്ചു കൊണ്ടു ശിവ നിരഞ്ജനയുടെ അടുത്തേക്ക് നടന്നു വന്നു..അവളുടെ തൊട്ടു മുന്നിൽ വന്നു നിന്ന് ഇരു കൈയ്യും കെട്ടി നോക്കി നിന്നു..

“ഇല്ലേ..”പതിഞ്ഞ ശബ്ദത്തിൽ ശിവ ചോദിച്ചു..”ഇല്ല..”ഉറച്ചതായിരുന്നു നിരഞ്ജനയുടെ മറുപടി..”നീ പറഞ്ഞല്ലോ..നിനക്ക് എന്നെ എത്രമാത്രം ഇഷ്ടം ഉണ്ടായിരുന്നെന്ന്..

അതിനേക്കാൾ…
അതിനേക്കാൾ ആയിരം മടങ്ങിലായിരുന്നു ഞാൻ എന്റെ സ്നേഹം നിനക്ക് തിരിച്ചു തന്നേ..
ഇല്ലന്ന് നിനക്ക് പറയാൻ കഴിയോ..

ജീൻസിന്റെ പോക്കറ്റിൽ ശിവ സിഗരറ്റ് തപ്പാൻ തുടങ്ങി..”കോപ്പ്..””ഈ ശീലം എപ്പോ തുടങ്ങി..””കുറച്ചു നാളായി..””മ്മ്..

ഇതാവുമ്പോ ഇങ്ങനെ നെഞ്ചിലേക്ക് പെയ്തിറങ്ങുമല്ലോ..
ആരും അറിഞ്ഞില്ലേലും..
ഓരോ ശ്വാസത്തിലും പെയ്തു തോരുന്ന ഒരു അനുഭവം..
അത്..

ചില ഓർമ്മകൾ ആവുമ്പോൾ..
ഓർമകളും ലഹരിയാകും..
ചേർത്ത് പിടിച്ചിട്ടും..
കുതറി മാറി പോകാൻ വെമ്പൽ കൊള്ളുന്ന മനസിന്റെ വിങ്ങലിന് അതൊന്നും പറഞ്ഞാൽ മനസിലാവില്ല..

പെയ്തു തോരണം..
ഹൃദയം കൊണ്ടു മഴവില്ല് തീർക്കണം..
പാതിയിൽ നിലച്ചു പോയ ശ്വാസത്തിന്..ഒരു..ഒരു..
പൂർണതയുണ്ടാവണം…”
ശിവ നിന്നു കിതച്ചു..”എന്ത് ഭ്രാന്താ ഡാ നീ പറയുന്നേ..

എനിക്ക് ഒന്നും മനസിലാവുന്നില്ല..””അല്ലേലും..അല്ലേലും നിനക്ക് എന്നെ എന്ന മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്..”

ശിവ പറഞ്ഞു തീരും മുൻപേ നിരഞ്ജനയുടെ വലതു കൈ ശിവയുടെ ഇടതു കവിളിൽ ആഞ്ഞു പതിച്ചു..”ഇത്..

ഇത് നീ ചോദിച്ചു വാങ്ങീതാ..”
വിരലുകൾ പതിഞ്ഞ അവന്റെ കവിളിൽ ഇരു കൈ കൊണ്ടും ചേർത്ത് പിടിച്ചു കൊണ്ടു നിരഞ്ജന ഒന്ന് വിതുമ്പി…

“മ്മ്..കഴിഞ്ഞോ..”
ശിവ നേർത്ത പുഞ്ചിരിയോടെ അവളെ നോക്കി..”ഞാൻ..ഞാൻ ആരോടും ഒരു രൂപ പോലും ഇരന്നു വാങ്ങിട്ടില്ല..

അതിന്റെ ഗതികേട് മഹാദേവൻ എനിക്ക് വരുത്തിയിട്ടും ഇല്ല..
ആ എന്നോടാ നീ ചോദിച്ചേ..
ആരുടെ കൂടെ പോയിട്ടാ നീ പൈസ മൊത്തം ഉണ്ടാക്കിയേ എന്ന്..”
പൊട്ടികരഞ്ഞു കൊണ്ടു നിരഞ്ജന മണ്ണിലേക്ക് ഇരുന്നു..

ശിവ മെല്ലെ തിരിഞ്ഞു നടന്നു..”ഞാൻ താഴെ ഉണ്ടാവും..ഒരു ചായ കുടിക്കണം..നിനക്ക് വേണോ..”തിരിഞ്ഞു നിന്നു ശിവ തിരിഞ്ഞു നിന്നു നിരഞ്ജനയോട് ചോദിച്ചു..

“പോടാ.. തെണ്ടി..അല്ലേലും…
നീ എന്നാ എന്നെ അറിഞ്ഞിട്ടുള്ളത്..
കുത്തു വാക്കുകൾ കൊണ്ടു മുറിപ്പെടുത്തിയിട്ടല്ലേ ഒള്ളൂ എന്നും..””വാ..”

തിരിഞ്ഞു നടന്നു നിരഞ്ജനയുടെ അടുത്ത് വന്നു നിന്നു..
ശിവ തന്റെ വലതു കൈ അവളുടെ നേർക്ക് നീട്ടി..

“ഞാനും വരട്ടെ നിന്റെ കൂടെ..”
ശിവയുടെ ചോദ്യം കേട്ട് നിരഞ്ജന ഒന്ന് പിടഞ്ഞു..”എങ്ങട്..””താഴെ..അടിവാരം വരെ..””രണ്ടു മണിക്കൂർ യാത്രയുണ്ട് ഇവടന്ന് അടിവാരത്തേക്ക്..”

“മ്മ്…അറിയാം..”
ശിവ മെല്ലെ പറഞ്ഞു..”എന്തേ ഡാ..എന്നെ താങ്ങി നിർത്താൻ ഇപ്പൊ നിന്റെ കൈകൾക്ക് ബലമില്ലാതായോ..”

ശിവയുടെ കൈ പിടിച്ചു എഴുന്നേൽക്കുമ്പോ അവൾ പുഞ്ചിരിയോടെ ചോദിച്ചു..

“ഇല്ല..ആരേം സംരക്ഷിക്കാൻ ഇപ്പൊ കഴിയാറില്ല..””എനിക്ക് ഒരു ചായ വേണം..””മ്മ്..വാ..”ശിവ നിരഞ്ജനയുടെ വിരലുകളിൽ മെല്ലെ പിടിച്ചു കൊണ്ടു മുന്നോട്ട് നടന്നു..

“നീ വല്ലാതെ മാറി..”
നിരഞ്ജന മെല്ലെ പറഞ്ഞു..”മ്മ്..””വല്ലാത്ത ഗൗരവം..നിഷ്കളങ്കമായ മുഖം പോയി..കണ്ണുകൾ ആകെ ചുവന്ന്..നീ വെള്ളമടി വീണ്ടും തുടങ്ങിയോ..”

“എന്തെ..
തുടങ്ങണോ..”അത് മാത്രം നിനക്ക് കഴിയില്ല എന്ന് അറിയാം..””മ്മ്..””പോയാലോ..”ചായ കുടിച്ചു കഴിഞ്ഞു ശിവ ചോദിച്ചത് കേട്ട് നിരഞ്ജന മുഖം തിരിച്ചു നോക്കി..

“നീ വരണ്ട..”
നിരഞ്ജനയുടെ മറുപടി ശിവ ഒന്ന് പിടഞ്ഞു..ഹൃദയത്തിൽ മുറിവുകൾ ഒന്നുടെ വ്രണമായി പഴുത്തു തുടങ്ങുന്നത് അവൻ അറിഞ്ഞു തുടങ്ങി..
കൈ വിരലുകൾ എന്തിനോ പിടഞ്ഞു..
പോക്കറ്റിൽ പരതി..സിഗരറ്റ് ഇല്ല..

“ഒരു പാക്കറ്റ് സിഗരറ്റ്..”
കടക്കാരനോട്‌ ശിവ മെല്ലെ പറഞ്ഞു..സിഗരറ്റ് വാങ്ങി പൈസ കൊടുത്തു.”വാ..”

ശിവ മുന്നോട്ട് നടന്നു കൊണ്ടു പറഞ്ഞു..
നിരഞ്ജന പതിയെ അവനോടൊപ്പം നടന്നു…”ഇവിടെ ഇരുന്നാലോ കുറച്ചു നേരം..”തേയില തോട്ടത്തിലെ കുഞ്ഞു ഷെഡിലേക്ക് നോക്കി നിരഞ്ജന ചോദിച്ചു..

“ബസ് പോകും..”
ശിവ വാച്ചിലേക്ക് നോക്കി പറഞ്ഞു..”പോവില്ല..”അടുത്തുള്ള ബഞ്ചിലേക്ക് ഇരുന്നു കൊണ്ടു ശിവസിഗരറ്റ് ചുണ്ടിലേക്ക് വെച്ചു..

“ഇനി ഇത് നീ തൊട്ട് പോകരുത്..”
ചുണ്ടിൽ നിന്നും സിഗരറ്റ് എടുത്തു ദൂരേക്ക് എറിഞ്ഞു നിരഞ്ജന പറഞ്ഞതും..
ചാടി എഴുന്നേറ്റ് ശിവ അവളുടെ കവിളിൽ അടിച്ചതും ഒരുമിച്ചായിരുന്നു..

“അല്ലെങ്കിലും..
എന്റെ ആത്മാവിനെ തട്ടി കളയാൻ എന്നും നിനക്ക് ആവേശമായിരുന്നല്ലോ…

ഹൃദയം കൊണ്ടു കീഴടങ്ങിയ എന്റെ മനസ് കാണാൻ നിൽക്കാതെ…
പിടി വിട്ടു പോയ സമയം അറിയാതെ നാവിൽ നിന്നു വന്ന പിഴയെ ഓർത്ത് എന്നെ കൊന്നവൻ അല്ലേ നീ..

ഹൃദയം കൊണ്ട് നീറി..
മുറിവുകളിൽ..
ഓർമകളുടെ കൂടുകൾ കൂട്ടി നീ ജീവിതം മുന്നോട്ട് കൊണ്ട് പോയിട്ടുണ്ടോ..
ഇരമ്പിയാർത്തു വരുന്ന മനസിന്റെ ഉത്തരമില്ലാത്ത തിരമാലകളാവുന്ന ചോദ്യങ്ങൾക്ക് മുന്നിൽ നീ സ്വയം പകച്ചു നിന്ന് പോയിട്ടുണ്ടോ..
അനുഭവിച്ചിട്ടുണ്ടോ നീ ആ നിമിഷം..

അനുഭവിച്ചറിയണം..
ഹൃദയം ദാ..ഇങ്ങനെ കീറി മുറിയും..
അതിനുള്ളിൽ നിന്നും ഒരുപാട് നോവുകൾപുറത്ത് ചാടും..
സ്വപ്‌നങ്ങൾ തല തല്ലി ചാവും..

പെരുമ്പറ കൊട്ടണ തലച്ചോറിൽ പിന്നെ ഒരു മിന്നലാണ്..
മുന്നിലെ കാഴ്ച്ചകളിൽ ഹൃദയം..
മുറി കൂടതെ കിടന്നു നിലവിളിക്കും..
കരച്ചിൽ കാതുകളിൽ പേമാരിയായി പെയ്തു തോരും..
ഒടുവിൽ സ്വയം ബോധം നശിച്ചു ഉറങ്ങാൻ തുടങ്ങുമ്പോൾ..
സ്വപ്നത്തിൽ നീ വന്നു എന്നെ സാന്ത്വനിപ്പിക്കും..ഉറക്കം..

വഴുതി മാറിയ മോഹങ്ങളും..
കണ്ടു മതിവരാത്ത കാഴ്ചകളും
കൂടെ കൂടിയ ഓർമകളും..
വീണ്ടും ഒരിക്കൽ കൂടെ പുനർജ്ജന്മമെടുക്കുന്ന നിമിഷം…
മനസ് നിറഞ്ഞ പുഞ്ചിരിയോടെ ഒന്ന് മയങ്ങും…

പുലരി വീണ്ടും വരും..
വീണ്ടും കോമരം തുള്ളുന്ന ഓർമ്മകൾ കൂട്ടിനും…
എനിക്ക് നിന്നെ വെറുപ്പാണ്..
നീ എന്റെ ആരുമല്ല..
നിനക്ക് എങ്ങനെ തോന്നി എന്നോട് ഇങ്ങനെ പറയാൻ..

തിരിച്ചു പറയാൻ മറുപടിയില്ലാതെ ഹൃദയം..
തുടി കൊട്ടി പാടാൻ തുടങ്ങണ നേരം…
ചുണ്ടിലേക്ക് നിന്നെ ചേർത്ത് പിടിക്കും..
എന്റെ ദേഹത്തേക്ക് നീ പടർന്നു കയറും…
എന്റെ ദേഹം നിന്നിൽ ചേർന്നലിയും..
ഒടുവിൽ..ഒരുനാൾ ഉത്തരമില്ലാതെ ഞാൻ യാത്രയാകും..

ഇനി വൈകണ്ട..
ഇപ്പൊ നടന്നാൽ താഴെ ബസ് പിടിക്കാം..
ഞാൻ പോണൂ..
നിരഞ്ജനയുടെ മറുപടിക്ക് കാത്തു നില്കാതെ..
സിഗരറ്റ് ചുണ്ടിലേക്ക് വെച്ച് ശിവ തിരിഞ്ഞു നടന്നു..

“ഡാ..”
തേയില കാടുകളിൽ നിരഞ്ജനയുടെ ശബ്ദം അലയടിച്ചു..”ശിവേ..”

നേർത്ത കോടയിൽ ശിവയുടെ അവ്യക്തമായ രൂപം അകലേക്ക്‌ നടന്നു നീങ്ങുന്നത് നിരഞ്ജന കാണുന്നുണ്ടായിരുന്നു…”ശിവേ…”അലയൊലി ദാ അവിടെ കേൾക്കുന്നുണ്ട്..”നീ അറിയുന്നോ അത്..”

 

Leave a Reply

Your email address will not be published. Required fields are marked *