ആരോട് കിന്നരിച്ചു നിൽക്കുയായിരുന്നെടീ നീ ? മര്യാദക്ക് നാളെ തന്നെ തിരികെ എത്തിക്കോ”.ഫോൺ കട്ടായി.

ഒരു കുടന്ന കുടമുല്ലപ്പൂക്കളുടെ ഓർമ്മയ്ക്ക്
(രചന: Saritha Sunil)

പാടവരമ്പിലൂടെ മക്കളെയും കൊണ്ട് അമ്പലത്തിലേക്കു നടക്കുകയായിരുന്നു നിഭ.വിളഞ്ഞു പാകമായ നെൽക്കതിരുകൾ മഞ്ഞ നിറമണിഞ്ഞിരിക്കുന്നു.

നഗരത്തിലെ ഫ്ലാറ്റിൽ കഴിയുന്ന മക്കൾക്ക്,വല്ലപ്പോഴും തറവാട്ടിലേക്കെത്തുമ്പോൾ മാത്രമേ ഈ കാഴ്ചകൾ ആസ്വദിക്കാനാകൂ.
ഒരു തണുത്ത കാറ്റ് അവരെ തലോടി കടന്നു പോയി.

“നിഭാ നിൽക്കൂ,ഓടാതെ അവിടെ നിൽക്കു പെണ്ണേ”.ഓർമ്മയുടെ അങ്ങേ അറ്റത്ത്, വയൽ വരമ്പിൽ നിന്നും ശ്രീയേട്ടൻ വിളിക്കുന്നുണ്ട്.അറിയാതെ ഒന്നു തിരിഞ്ഞു നോക്കിപ്പോയി.

മഞ്ഞ പട്ടു പാവാട രണ്ടു കൈ കൊണ്ടും അല്പം ഉയർത്തി പിടിച്ച്,മുടിയിഴകൾ കാറ്റിൽ പറത്തി,കൈ നിറയെ കുപ്പി വളയണിഞ്ഞ്,ശ്രീയെ നോക്കി വയൽ വരമ്പിലൂടെ ഓടുന്ന ആ പഴയ കുസൃതിക്കാരി നിഭയുടെ വെറും അവശേഷിപ്പു മാത്രമായ ഇന്നത്തെ നിഭ.

ചിലതൊക്കെ ഓർമ്മയുടെ മച്ചകത്ത് എന്നേ താഴിട്ടു പൂട്ടി കഴിഞ്ഞിരിക്കുന്നു അവൾ.

“അമ്മേ…ദേ അച്ഛനാണ് ഫോണിൽ”.
ഫോട്ടോ എടുക്കുയായിരുന്ന ഫോൺ മകൻ തിരികെ ഏല്പിച്ചു. ചെവിയിലേക്ക് അത് ചേർത്തു വച്ച് ഹലോ വിളിച്ചതും.

“എന്താ ടീ ഫോൺ അറ്റന്റു ചെയ്യാൻ താമസിച്ചത്. ആരോട് കിന്നരിച്ചു നിൽക്കുയായിരുന്നെടീ നീ ? മര്യാദക്ക് നാളെ തന്നെ തിരികെ എത്തിക്കോ”.ഫോൺ കട്ടായി.
അല്ലെങ്കിലും,അയാൾക്ക് തിരിച്ചൊന്നും കേൾക്കാനും അവൾക്ക് ഒന്നും പറയാനുമുണ്ടായിരുന്നില്ലല്ലോ.

ജാതക ദോഷം കാരണം വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി നടത്തിയ വിവാഹമായിരുന്നു കിഷോറിന്റെയും നിഭയുടേയും.

വിവാഹം കഴിഞ്ഞ നാളുകളിൽ സ്നേഹമുണ്ടെന്നൊക്കെ ഭാവിച്ചിരുന്നുവെങ്കിലും, പതിയെ പതിയെ ആ സ്നേഹരാഹിത്യം വെളിപ്പെട്ടു തുടങ്ങി.അടിമയെപ്പോലെ പണിയെടുക്കുക.അയാൾ പറയുന്നതെന്തും മറുത്തൊന്നും പറയാതെ അനുസരിക്കുക.

അമ്മായീടെ മകൻ ശ്രീജിത്തെന്ന ശ്രീയേട്ടനോടുണ്ടായിരുന്ന പ്രണയം അറിഞ്ഞതിൽ പിന്നെ മുള്ളും മുനയും വച്ചുള്ള സംസാരമാണ് കുട്ടികളുടെ മുന്നിലും.അതിൽ പിന്നെ തറവാട്ടിലേക്കുള്ള വരവിനു പോലും നിബന്ധനകളാണ്.

ശ്രീയേട്ടൻ, ഒരു കുടന്ന കുടമുല്ലപ്പൂക്കളുടെ മണമാണ് ആ ഓർമ്മകൾക്ക്.സ്കൂളിൽ കൈ പിടിച്ചു കൊണ്ടു പോയതു മുതൽ തന്റെ ജാതക ദോഷം കണ്ടെത്തും വരെ ശ്രീയ്ക്കുള്ളതാണ് നിഭയെന്ന് എത്രയോ വട്ടം മുത്തശ്ശി പറഞ്ഞുറപ്പിച്ചിരുന്നു.

എന്നും വെകിട്ട് അമ്മായി കെട്ടി കൊടുത്തു വിടുന്ന മുല്ലപ്പൂക്കൾ തനിക്കെത്തിക്കുക ശ്രീയേട്ടന്റെ ജോലിയാണ്.

വളർന്നപ്പോൾ മുല്ലപ്പൂക്കൾക്കൊപ്പം അറിയാത്ത മട്ടിൽ കൈമാറുന്ന തലോടലുകൾ.പ്രണയം ചാലിച്ച കത്തുകൾ,ഉത്സവത്തിനു വാങ്ങിത്തരുന്ന പല വർണ്ണത്തിലുള്ള കുപ്പി വളകൾ.

ഒരിയ്ക്കൽ കൈ പിടിച്ചു വലിച്ചപ്പോൾ പൊട്ടിയ കുപ്പിവളകൾ കൈത്തണ്ടയിൽ കുത്തി മുറിഞ്ഞതിന്റെ അന്ന് തന്നേക്കാൾ വേദനിച്ചത് ശ്രീയേട്ടനായിരുന്നു.പക്ഷേ വിവാഹം കഴിഞ്ഞപ്പോൾ ഹൃദയത്തിൽ ഏറ്റ മുറിവുകളും ശരീരത്തിലെ ചതവുകളും കണ്ടു വേദനിക്കാൻ ആരുമുണ്ടായിരുന്നില്ല.

കുങ്കുമക്കായും താഴമ്പൂവും ചെമ്പകവുമൊക്കെ തനിക്കായി മാത്രം ശേഖരിച്ചു കൊണ്ടു വന്ന ശ്രീയേട്ടന് ഒരിയ്ക്കലും തന്നിൽ നിന്നും അകന്നു പോകാൻ കഴിയുമായിരുന്നില്ല.

നീയില്ലാതെ എനിക്കൊരു ജീവിതമില്ല എന്ന് എത്രയോ തവണ പറഞ്ഞിരുന്നു.അതേ വാക്കു പാലിച്ച് ആരുടെ നിർബന്ധത്തിനും വഴങ്ങാതെ ഇപ്പോഴും ഒറ്റയ്ക്കു ജീവിക്കുന്നു.

ദേ….ഈ നെഞ്ചിലേക്കൊന്നു ചെവി വച്ചു നോക്കിയേ…അവിടുന്ന് നിന്റെ പേരു കേൾക്കാം.കൗമാരത്തിലെപ്പോഴോ, ശ്രീയേട്ടൻ പറഞ്ഞതു കേട്ട് അവിടേക്കു ചെവി ചേർത്തു.നിഭ, നിഭാ എന്ന് അത് മിടിയ്ക്കുകയാണോന്നു ശരിയ്ക്കും തോന്നിപ്പോയി.

നാണിച്ചങ്ങനെ നിൽക്കവേ മുടായിഴകിളിൽ കൈ ചേർത്ത് തന്നിലേക്കടുപ്പിച്ച് നെറ്റിയിൽ ചുണ്ടു ചേർത്തു.

ആ ഹൃദയത്തിൽ തന്നോടുള്ള ഇഷ്ടത്തിനെ മാറ്റാൻ ഒരു ജാതകദോഷത്തിനും കഴിയില്ലായിരുന്നു.എന്നിട്ടും……

അമ്മായിക്കും അമ്മയ്ക്കും ഭയമായി.ശ്രീയേട്ടന് ആപത്തു വരുന്നത് അവർക്കെന്നല്ല തനിക്കും ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു. വേറൊരു വിവാഹം സ്വപ്നത്തിൽ കൂടെ ചിന്തിക്കാൻ കഴിയാതിരുന്നിട്ടും,തന്റെ ജാതകത്തിനു ചേരുന്ന ജാതകമെന്ന പേരിൽ കിഷോറിനെ വിവാഹം കഴിക്കാൻ നിർബന്ധിതയായി.

വിവാഹത്തലേന്നും ശ്രീയേട്ടൻ പറഞ്ഞതാണ് ആരുമറിയാതെ നമുക്ക് എങ്ങോട്ടെങ്കിലും പോകാമെന്ന്.തന്റ ദോഷം കാരണം ശ്രീയേട്ടന് എന്തെങ്കിലും സംഭവിച്ചാൽ,അത് ഓർക്കാനേ വയ്യ.അങ്ങനെയായിരുന്നു ഉള്ളിൽ കരഞ്ഞും നിലവിളിച്ചും വിവാഹത്തിന് സമ്മതിക്കേണ്ടി വന്നത്.

പഴയതൊക്കെ ഓർത്തങ്ങനെ ഇരുന്ന നിഭയ്ക്ക് അടിവയർ വല്ലാതെ വേദനിച്ചു.രണ്ടു ദിവസം മുമ്പ് ഇസ്തിരിയിട്ട ഷർട്ട് ഉരികിപ്പോയതിന് പിടിച്ചു തള്ളിയപ്പോൾ വയർ ചെന്നിടിച്ചത് മേശയുടെ വക്കിലായിരുന്നു.അമ്പലത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ അവൾ വീണു പോയി.

മോളാണ് അമ്മൂമ്മയോട് വിവരം പറഞ്ഞത്.അച്ഛന്റെ ഉപദ്രവം അമ്മയ്ക്കു താങ്ങാൻ കഴിയുന്നില്ല അമ്മാമ്മേന്ന്.
അന്നു വരെ കുറച്ചൊക്കെ അറിയാമെങ്കിലും മക്കൾക്കു വേണ്ടി സഹിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു.

പക്ഷേ ഇത്രയും രൂക്ഷമായത് അവർ അറിഞ്ഞിട്ടില്ലായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ അഡ്മിറ്റു ചെയ്തു.അച്ഛൻ വല്ലാതെ രോഷം കൊണ്ടു.കിഷോറിന്റെ ഫോൺ കോളുകൾക്ക് തക്ക മറുപടിയും കൊടുത്തു.

തിരികെ എത്തിയതിനു ശേഷമാണ് അയാൾ കാണാൻ വന്നത്.അച്ഛൻ നിഭയെ കാണാൻ അനുവദിച്ചില്ല.അവിടെ നന്നായി വഴക്കു നടന്നു.

മകനും മകൾക്കും അമ്മയ്ക്കൊപ്പം നിന്നാൽ മതിയെന്നായിരുന്നു.അത്രയ്ക്ക് അമ്മ സഹിക്കുന്നതു കണ്ടു മടുത്തിരുന്നു കുട്ടികൾ.നിഭയ്ക്കു ജോലി കിട്ടിയപ്പോൾ കുട്ടികളെ നോക്കാൻ ആരുമില്ലെന്ന കാരണം പറഞ്ഞു പോകാൻ അനുവദിച്ചില്ല.

സ്വർണ്ണമെല്ലാം അയാളുടെ പേരിലുള്ള ലോക്കറിൽ പൂട്ടി വച്ചു.അവൾക്കു ഒന്നു ഭംഗിയായി സാരി ഉടുക്കാൻ പാടില്ല.ഒന്ന് ഒരുങ്ങാനോ പൂവു ചൂടാനോ ഒന്നും പാടില്ല,അയാൾടെ അനുവാദമില്ലാതെ.

നിഭയ്ക്കും കുട്ടികൾക്കും മടുപ്പായി.കുട്ടികളോട് സ്നേഹത്തോടെ പെരുമാറാനും പിശുക്കു കാണിക്കും.എല്ലാം സ്ട്രിക്റ്റായി യന്ത്രം കണക്കെ ചെയ്യണം കുട്ടികൾ.പുറത്ത് ആരുമായും കൂട്ടു പാടില്ല.വീട്ടിൽ പാട്ടു പാടാനോ കളിക്കാനോ പാടില്ല.

എപ്പോഴും പഠിത്തം മാത്രമേ പാടുള്ളൂ.അവർ ഒന്നു ശ്വാസം വിടുന്നത് തറവാട്ടിലെത്തുമ്പോഴോ,അച്ഛന്റെ കുടുംബ വീട്ടിൽ പോകുമ്പോഴോ ആയിരുന്നു.അവിടെ കിഷോറിന്റെ അമ്മയും ചേട്ടനും കുടുംബവുമുണ്ട്.

അവർക്കൊക്കെ നിഭയേം കുട്ടികളേം വല്യ ഇഷ്ടമായിരുന്നു.പക്ഷേ ആരു പറഞ്ഞാലും കിഷോറിന്റെ പ്രകൃതം മാറില്ല.
അച്ഛൻ തീർത്തു പറഞ്ഞു.ഇനി അവരെ അങ്ങോട്ടേക്കു വിടില്ല.വേണേൽ ഇവിടെ കിഷോറിനും താമസിക്കാം.പക്ഷേ അയാൾക്ക് ഒരു തരത്തിലും സമ്മതമല്ലായിരുന്നു.

അച്ഛന്റെയും അമ്മയുടേയും നിർബന്ധപ്രകാരം നിഭ വേർപിരിയലിനൊരുങ്ങി.കുട്ടികളെ കരുതി കൂടെ ജീവിക്കാൻ അവൾ തയാറായിരുന്നു.പക്ഷേ കുട്ടികൾ ശക്തമായി പറഞ്ഞു.അമ്മയെ നോവിക്കുന്ന അച്ഛനൊപ്പം ഞങ്ങൾ ജീവിക്കില്ലാന്ന്.

ഡിവോഴ്സ് കേസു കൊടുത്തപ്പോൾ,കിഷോർ ക്ഷമ പറഞ്ഞും അഭിനയിച്ചും ആദ്യത്തെ കൗൺസിലിംഗിനു ശേഷം അവരെ കൂട്ടിക്കൊണ്ടു പോയി.

പക്ഷേ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അയാൾ തനിനിറം പുറത്തെടുത്തു.നിഭ വല്ലാതെ വേദനിച്ചു.പുറത്തു പറയാനാകാതെ.അടുത്ത ദിവസം മോൾ കണ്ടു ദോശ ചുടുകയായിരുന്ന ചട്ടുകം അമ്മയുടെ വയറിൽ പതിഞ്ഞത്.ആ നിമിഷം അവൾ അപ്പൂപ്പനെ വിളിച്ചു.

അന്ന് അവസാനിച്ചു ബന്ധം.ഡിവോഴ്സു കിട്ടിയതിന്റെ അന്ന് തിരികെ കോടതിയിൽ നിന്നും ഇറങ്ങിയ കിഷോർ മക്കളെ കണ്ട് അടുത്തു വന്നു അച്ഛനൊപ്പം പോകാൻ ആവശ്യപ്പെട്ടു.വരില്ലെന്നു പറഞ്ഞപ്പോൾ മോളുടെ കവിളുകൾ കൂട്ടിപ്പിടിച്ചു വേദനിപ്പിച്ചു.

‘ടപ്പേ’ അയാളുടെ കരണം പുകച്ച് ഒറ്റ അടിയായിരുന്നു നിഭ.ഇക്കാലമത്രയും താൻ അനുഭവിച്ച വേദന ആ ഒരടിയിൽ അവൾ പ്രതിഫലിപ്പിച്ചു.തന്റെ മകളെ വേദനിപ്പിച്ചതായിരുന്നു അവൾക്ക് സഹിക്കാത്തത്.

വീട്ടിലെത്തിയ ശേഷം സങ്കടത്തോടെ ഇരുന്ന അവളുടെ അടുത്തേക്ക് അച്ഛൻ വന്നു.അവനേപ്പോലൊരുവനെ ഉപേക്ഷിക്കേണ്ടി വന്നതിൽ സങ്കടപ്പെടണ്ട എന്നു പറഞ്ഞു.

ജാതക ദോഷത്തിന്റെ പേരിൽ തന്നെ ശ്രീയേട്ടനിൽ നിന്നും അകറ്റിയിട്ട് എന്തായി എന്നവൾക്കു ചോദിക്കണം എന്നുണ്ടായിരുന്നു.

ജാതകത്തേക്കാളും വലുത് മനപ്പൊരുത്തമാണെന്ന് അവരൊക്കെ തിരിച്ചറിയുകയായിരുന്നു.അമ്മായി ഇടക്കിടെ കാണാൻ വരും.ശ്രീ കുറച്ചു ദൂരെയാണ് ജോലി ചെയ്യുന്നത്.ഇടയ്ക്കു വന്നപ്പോൾ കാണാൻ വന്നിരുന്നു.മക്കളോട് വലിയ സ്നേഹമായിരുന്നു.

ഒറ്റയ്ക്കായെന്നു തോന്നണ്ട ഒരു വിളിക്കപ്പുറം എന്നും ഒപ്പമുണ്ട് എന്നു പറഞ്ഞു.അതിൽ നിഭയ്ക്കു സന്തോഷമേ ഉണ്ടായിരുന്നുള്ളു.അതു പക്ഷേ പണ്ടത്തെ നിഭയായല്ല.

മക്കൾക്കു വേണ്ടി ജീവിച്ചു ജയിച്ചേ തീരു എന്ന വാശിയുള്ള പുതിയ നിഭയായി.എന്നും ഒരു വഴികാട്ടിയായി ശ്രീയേട്ടൻ തന്റെ അച്ഛന്റൊപ്പം മക്കൾക്കു കൂട്ടായി ഉണ്ടാകും എന്നവൾക്ക് അറിയാമായിരുന്നു.

വർഷങ്ങൾ കടന്നു പോയി.അമ്പലത്തിൽ പോയി വരുന്ന വഴി ദൂരത്തു നിന്നേ കണ്ടു പാടവരമ്പത്ത് ശ്രീയേട്ടൻ.ആഹാ…ഇതെപ്പോ എത്തി ?

“ഇന്നു വെളുപ്പിന്.ശ്രീ മറുപടി പറഞ്ഞു”.
കൈയ്യീലിരുന്ന കവർ നിഭയ്ക്കു നേരെ നീട്ടി.” വിഷുവിനായി വാങ്ങിയതാണ്”.

നിഭയൊന്നു പുഞ്ചിരിച്ചു.അവളുടെ ചെറുതായി നരച്ചു തുടങ്ങിയ മുടിയിഴകൾ കാറ്റിൽ പറക്കുന്നുണ്ടായിരുന്നു.ശ്രീ പതിയെ അവ ഒതുക്കി വച്ചു.
മുന്നോട്ടു നടന്ന നിഭയുടെ കാലൊന്നു വഴുതി.

ശ്രീ പെട്ടെന്ന് അവളുടെ കൈയ്യിൽ പിടിച്ചു.”ശ്രദ്ധിച്ചു നടന്നു കൂടെ നിഭ”.”വയസ്സായി വരുകല്ല.അതിന്റെയാ ശ്രീയേട്ട ഈ ശ്രദ്ധക്കുറവ്”.അവൾ തമാശയായി പറഞ്ഞു.

“അതേ വയസ്സാവുകയാണ്” ശ്രീ അവളുടെ കൈകളിലെ പിടി വിടാതെ തന്നെ പറഞ്ഞു.

ഇനിയെങ്കിലും ഈ ഒറ്റയ്ക്കുള്ള ജീവിതം അവസാനിപ്പിച്ചു കൂടെ എന്നൊരു ധ്വനിയുണ്ടായിരുന്നുവോ അതിൽ.

Leave a Reply

Your email address will not be published. Required fields are marked *