(രചന: രജിത ജയൻ)
എന്താണ് ഗിരിയേ വീട്ടിലൊന്നും പോണില്ലേ ഇന്ന് ..?പലചരക്കുകടക്കാരൻ ശ്രീധരേട്ടനാണ് ..
പതിവുപോലെ കൂട്ടുകാർക്കൊപ്പം വൈകുന്നേരം ഈ പാടവരമ്പിൽ വന്നിരുന്നതാണ് താൻ ,ഇപ്പോൾ സമയം പത്തു മണിയായിരിക്കുന്നു. കൂട്ടുകാരെല്ലാം വീടെത്തിയിട്ടുണ്ടാവും ..
“സമയം പോയതറിഞ്ഞില്ല ശ്രീധരേട്ടാ … ,ഇങ്ങള് കടയടച്ചു വരുന്ന വഴിയാണോ ?ഗിരി അയാളോട് ചോദിച്ചു
“ഞാൻ കടേന്ന് വരുന്ന വഴിയാ മോനെ, സാധാരണ ഞാൻ വരുമ്പം ഇങ്ങളെയൊന്നും കാണാറില്ല ഇവിടെ… ഇന്നെന്തേ ഗിരി മാത്രം ഇവിടെ ..?
“ഒന്നൂല ശ്രീധരേട്ടാ ,ഓരോന്നും ആലോചിച്ചങ്ങനെ ഇരുന്നു പോയ് ..”ഉം… അയാളൊന്ന് മൂളി…”കാര്യങ്ങളൊക്കെ എനിക്കും അറിയാലോ മോനെ ,കഴിഞ്ഞതൊക്കെ കഴിഞ്ഞൂന്ന് തന്നെ കരുതാ ..
“വീട്ടിൽ അമ്മ ഒറ്റയ്ക്കല്ലേ ഉള്ളു, ഇനിയിങ്ങനെ വൈകി ഇവിടെ കുത്തിരുന്ന് സമയം കളയരുത് ട്ടോ …
ഗിരിയോട് പറഞ്ഞതിനു ശേഷം ശ്രീധരേട്ടൻ തന്റെ വീട്ടിലേക്കുള്ള വഴിയേ നടന്നു പോയി ..
ഗിരി വീട്ടിലെത്തുമ്പോഴേ കണ്ടു ഉമ്മറത്തമ്മ തന്നെയും കാത്തിരിക്കുന്നത് .. ഗേറ്റടച്ചവൻ അമ്മയ്ക്കരികിലെത്തി ..
“അമ്മയ്ക്ക് അകത്തിരുന്നൂടെ ?എന്തിനാ ഇങ്ങനെ ഉമ്മറത്തിരുന്ന് തണുപ്പടിക്കുന്നത് ?
അവന്റെ ചോദ്യങ്ങൾക്കൊരു പുഞ്ചിരി മാത്രമായിരുന്നവരുടെ മറുപടി.”അത്താഴം എടുത്ത് വെയ്ക്കാം.. കൈ കഴുകി വാ …അവനോടു പറഞ്ഞു കൊണ്ടമ്മ ഊണുമേശക്കരികിലേക്ക് നടന്നു..
അത്താഴം അമ്മയ്ക്കൊപ്പമിരുന്ന് കഴിക്കുമ്പോഴും ആ വലിയ വീടിനുള്ളിൽ താനൊറ്റയ്ക്കാന്നെന്ന് ഗിരിക്ക് തോന്നി ..
വീടിനുള്ളിൽ നിറഞ്ഞു നിൽക്കുന്ന നിശബ്ദത അവനെ വല്ലാതെ ശ്വാസം മുട്ടിച്ചു ..
അവൻ അമ്മയെ നോക്കി ,ഏതോ ഓർമ്മകളിൽ മുഴുകി നിശബ്ദമായിരുന്ന് അത്താഴം കഴിക്കുന്ന അമ്മയുടെ കൺതടത്തിലൂടെ കണ്ണുനീർ ഒഴുക്കുന്നതു കണ്ടതും അവൻ കഴിക്കുന്നതു നിർത്തി എഴുന്നേറ്റു …
“കഴിച്ചിട്ടു പോട ,എന്നാരു വാക്കെങ്കിലും അമ്മ പറയുമെന്ന് പ്രതീക്ഷിച്ച ഗിരിയെ നിരാശനാക്കി കൊണ്ട് അമ്മയും കഴിക്കുന്നതു നിർത്തി എഴുന്നേറ്റു പോയി .
എത്ര സന്തോഷത്തോടെ കഴിഞ്ഞിരുന്ന വീടായിരുന്നു അവനോർത്തൂ..അവൻ കയ്യിലെ ഫോണിന്റെ ഗ്യാലറി തുറന്നു ,അതിൽ നിറയെ അവളായിരുന്നു ,ഗ്രീഷ്മ ‘
ഗിരിയുടെ അനിയത്തി ..അവൾക്കൊപ്പം പല പോസിലുള്ള ഫോട്ടോകൾ..നിറഞ്ഞ ചിരിയോടെയല്ലാതെ ഒരു ഫോട്ടോയിലും അവളെ കാണാനില്ല..കുട്ടിക്കാലത്തു തന്നെ അച്ഛനെ നഷ്ട്ടപ്പെട്ടതിനാൽ അമ്മയായിരുന്നെല്ലാം ..
അച്ഛനും അമ്മയും ഒരേ സ്ക്കൂളിലെ അധ്യാപകരായിരുന്നു ,താനും അനിയത്തിയും പഠിച്ചതും അവിടെയാണ് .
ഒരറ്റാക്കിന്റെ രൂപത്തിൽ മരണം, അച്ഛനെ ഞങ്ങളിൽ നിന്നും തട്ടിയെടുത്തെങ്കിലും അമ്മ തളരാതെ ഞങ്ങളെ വളർത്തി കൊണ്ടുവന്നു …
അച്ഛന്റെ കുറവ് ഞങ്ങളറിയരുതെന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു ..എന്നും എപ്പോഴും എന്തിനും ഞങ്ങളുടെ കൂടെ അമ്മയുണ്ടായിരുന്നു ..
അമ്മ അറിയാത്തതൊന്നും തന്റെയും ഗ്രീഷ്മയുടെയും ഇടയിൽ ഇല്ലെന്നു വിശ്വസിച്ചിരുന്ന കാലം..
വീടെന്നും ശബ്ദമയമായിരുന്നു ,ചിരികൾ നിറഞ്ഞിരുന്നു ..എല്ലാം നഷ്ട്ടപ്പെട്ടത് എത്ര പെട്ടന്നാണ് ..പഠനം പൂർത്തിയാക്കിയ ഉടനെ തന്നെ താൻ ഇലക്ട്രിക് സിറ്റി ബോർഡിൽ ജോലിക്ക് കയറി.
എൻജിനീയറിംഗ് അവസാന വർഷമായപ്പോൾ ഗ്രീഷ്മ തന്നെയാണ് ഹോസ്റ്റലിൽ നിന്നു പഠിക്കുന്ന കാര്യം പറഞ്ഞത് ..
കോളേജിനും വീടിനുമിടയിലുള്ള യാത്രയിൽ ധാരാളം പഠിക്കാനുള്ള സമയം നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞപ്പോൾ അമ്മ സമ്മതിച്ചു ഹോസ്റ്റലിൽ നിൽക്കാൻ….ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നത് ..
ഹോസ്റ്റൽ ജീവിതത്തിന്റെ അമിതസ്വാതന്ത്ര്യവും ചീത്ത കൂട്ടുകെട്ടും അവളുടെ ജീവിതം നശിപ്പിച്ചു .. ഒരു പെൺകുട്ടി ചെന്നു ചാടാൻ പാടില്ലാത്തയിടങ്ങളിലെല്ലാം അവൾ ചെന്നു വീണു.. ഒരു തിരിച്ചുവരവില്ലാത്ത വിധം തകർന്നു പോയവളുടെ ജീവിതം..
അതു സ്വയം തിരിച്ചറിഞ്ഞവൾ ആരുടെയും കുറ്റപ്പെടുത്തലുകൾക്കും കണ്ണീരിനും കാത്തു നിൽക്കാതെ ഒരു മുഴം കയറിൽ ജീവിതമവസാനിപ്പിച്ചപ്പോൾ തളർന്നും തകർന്നും പോയതമ്മയായിരുന്നു..
അമ്മയുടെ വളർത്തുദോഷമാണെന്ന് പറഞ്ഞു എല്ലാവരും അമ്മയെ കുറ്റപ്പെടുത്തിയപ്പോൾ അമ്മ വോളണ്ടറി റിട്ടയർമെന്റെടുത്ത് ജോലി മതിയാക്കി വീട്ടിലിരുന്നു ..
സദാ ചിരിച്ചു കണ്ടിരുന്ന അമ്മയുടെ മുഖത്തെപ്പോഴും കണ്ണീരു മാത്രമായ് ..ചിരിയുടെ ഒരു കണിക പോലും ആ മുഖത്ത് കണ്ടിട്ട് മാസങ്ങളായ്…
ജോലി കഴിഞ്ഞാലും വീട്ടിലേക്ക് വരാൻ മടിച്ച് കൂട്ടുകാർക്കൊപ്പം കൂടുതൽ സമയംഇരിക്കാൻ തുടങ്ങി …
ഓർമ്മകളുടെ ഭാരം തലയിലൊരു കല്ലിന്റെ കനം നൽകിയപ്പോൾ ഗിരി മെല്ലെ ഉറക്കത്തിലേക്ക് വീണുപോയ് …
ദിവസങ്ങൾ മെല്ലെ ഓഫീസിലും കൂട്ടുകാർക്കൊപ്പവും ആവർത്തന വിരസതയോടെ കടന്നു പൊയ്കൊണ്ടിരിക്കുന്നതിനിടയിലാണ് തീരെ പ്രതീക്ഷിക്കാതവൾ അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്..
ശിശിശ ..,അതായിരുന്നവളുടെ പേര് ..ജോലി കഴിഞ്ഞു വീട്ടിലെത്തിയ ഒരു ദിനം പൂമുഖത്തിരുന്ന് പുസ്തകം വായിക്കുന്ന അവളെ കണ്ടപ്പോൾ ആദ്യം തോന്നിയത് അമ്പരപ്പായിരുന്നു …
അമ്മയുടെ കൂട്ടുകാരിയുടെ
മകളായിരുന്നവൾ ..പഠനാവശ്യത്തിന് ഹോസ്റ്റലിൽ നിൽക്കാൻ പോയ അവളെ നിർബന്ധിച്ചു വീട്ടിലേക്ക് കൊണ്ടുവന്നത് അമ്മയാണെന്നറിഞ്ഞപ്പോൾ ഗിരിയ്ക്കുള്ളിൽ സന്തോഷം തോന്നി ..
ആരു കണ്ടാലും ഒന്നു നോക്കി പോവുന്ന ശാലീന സൗന്ദര്യമായിരുന്നു ശിശിരയ്ക്ക് ..ഗിരിയുടെ കൂട്ടുകാർക്കിടയിലും ശിശിരയെ പറ്റി ചർച്ചകൾ നടന്നു..
അവരിൽ പലരും അവളുടെ സൗന്ദര്യത്തിൽ ആകൃഷ്ട്ടരാണെന്ന് തോന്നി ഗിരിയ്ക്ക് ..
ശിശിര കോളേജിൽപോവുന്ന വഴിയിലും മറ്റും പയ്യൻമാർ അവളെ കാണാൻ കാത്തു നിൽക്കാറുണ്ടെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ അവളിലിത്ര മാത്രം എന്തിരിക്കുന്നുവെന്ന് ഗിരിക്ക് തോന്നി ..
ഒരു ദിവസം പതിവുപോലെ ഓഫീസ് വിട്ട് വീട്ടിലെത്തിയഗിരി ഗേറ്റിനടുത്തെത്തിയപ്പോഴേ വീടിനുള്ളിൽ നിന്ന് അമ്മയുടെ ഉറക്കെയുള്ള ചിരി കേട്ടൽഭുതപ്പെട്ടു ..
ഗ്രീഷ്മയുടെ മരണശേഷം അമ്മയൊന്ന് ചിരിച്ചവൻ കണ്ടിട്ടേ ഇല്ലായിരുന്നു ..വേഗം വീടിനകത്തേക്ക് ചെന്ന അവൻ കണ്ടു ശിശിരയോടൊപ്പം ടി വി കണ്ടു ചിരിക്കുന്ന അമ്മയെ
“ആ ഗിരി നീ വന്നോ ..?
ഇന്നെന്താ കൂട്ടുകാർക്കൊപ്പം ഇരുന്നില്ലേ നീ …?പതിവില്ലാത്ത വിധം ഗിരിയോടമ്മ കുശലങ്ങൾ ചോദിച്ചതും എന്തിനെന്നറിയാതെയവന്റെ കണ്ണുകൾ നിറഞ്ഞു .
അവൻ നിറഞ്ഞ കണ്ണുകൾ അമ്മ കാണാതെ മറച്ചുകൊണ്ട് മുറിയിലേക്ക് നടന്നതും പിന്നിൽ നിന്നമ്മ വിളിച്ചു,
“ആ മോനെ വേഗം ഫ്രഷായിട്ട് വരൂ .. അമ്മ നല്ല ഇലയട ഉണ്ടാക്കിയിട്ടുണ്ട് …അമ്മ പറഞ്ഞപ്പോൾ ഗിരിയോർത്തത് അമ്മ ഒരു പലഹാരം ഉണ്ടാക്കിയിട്ടെ ത്ര നാളായെന്നാണ്..
ഗ്രീഷ്മയുടെ മരണത്തോടെ ജീവിതത്തിൽ നിന്ന് ഉൾവലിഞ്ഞ അമ്മയെ ശിശിര തിരികെ ജീവിതത്തിലേക്ക് കൊണ്ടു വരുന്നുണ്ടെന്ന് ഗിരിയ്ക്ക് മനസ്സിലായ് …
മെല്ലെ മെല്ലെ ശിശിരയാ വീടിന്റെ വിളക്കായ് മാറുന്നത് ഗിരി അറിയുന്നുണ്ടായിരുന്നു …
പുല്ലും കാടും പിടിച്ചു കിടന്ന അമ്മയുടെ പച്ചക്കറി തോട്ടത്തിൽ പുതിയ പച്ചക്കറിതൈകൾ മുളക്കുന്നതും ,പൂമുഖത്തെ ചെടിയെല്ലാം വാടി കരിഞ്ഞുണങ്ങി പോയ ചെടിച്ചട്ടികളിൽ പിച്ചിയും റോസും പിന്നെ പേരറിയാത്ത വേറെയും പൂവുകൾ വിടർന്നു നിൽക്കുന്നതും കണ്ട് ഗിരിയിൽ സന്തോഷം നിറഞ്ഞു ..
ഒരിക്കൽ എന്നന്നേക്കുമായ് നഷ്ട്ടപ്പെട്ടു എന്ന് കരുതിയതെല്ലാം ശിശിരയുടെ വരവോടെ വീണ്ടും വീട്ടിൽ തിരിച്ചെത്തുന്നത് കണ്ടവൻ മനസ്സിൽ ശിശിരയോട് നന്ദി പറഞ്ഞു..
ഗിരിയുമായി ശിശിരയെപ്പോഴും ഒരകലം കാത്തു സൂക്ഷിച്ചിരുന്നതിനാൽ ഗിരിയ്ക്കവളോട് സംസാരിക്കാൻ പരിമിതികളുണ്ടായിരുന്നു..
പതിവുപോലൊരു ദിവസം ഓഫീസിൽ പോവാനായ് ഡ്രസ് അയേൺ ചെയ്യാൻ ചെന്ന ഗിരി അമ്പരന്നു പോയ് …
ശിശിര വളരെ വൃത്തിയായിട്ടവന്റെ ഡ്രസുകൾ അയേൺ ചെയ്യുകയായിരുന്നപ്പോൾ ..
അവനു മനസ്സിലേറെ സന്തോഷം തോന്നിയതു കണ്ടപ്പോൾ ….ഉള്ളിന്റെ ഉള്ളിൽ അവനറിയാതെ തന്നെയവൻ അവളെ ഇഷ്ടപ്പെടുന്നുണ്ടായിരുന്നു.
“ഞാൻ ചെയ്യുമായിരുന്നല്ലോ .. താനെന്തിനാ വെറുതെ ….,,അവനൊരു ഭംഗി വാക്കെന്നെ പോലെ ചോദിച്ചതും അവൾ അവനെയൊന്ന് നോക്കി ..
തീരെ പ്രതീക്ഷിക്കാതെ അടുത്ത സെക്കന്റിലവൾ അയേൺ ചെയ്തു വെച്ച അവന്റെ ഷർട്ടും പാന്റ്സും കയ്യിലിട്ട് ചുരുട്ടി നാശമാക്കി ..
അവനമ്പരന്നവളെ നോക്കി …”തന്നെതാൻ ചെയ്യുംന്നല്ലേ പറഞ്ഞത് ..? ദാ കിടക്കണ് ചെയ്തോ..പറഞ്ഞു കൊണ്ടവൾ ചുരുട്ടി നാശമാക്കിയ ഷർട്ട് അവന്റെ കയ്യിലേക്കിട്ട് അകത്തേക്ക് ഓടി പോയ് ..
തുടർന്നുള്ള ദിവസങ്ങളിലും എന്തെങ്കിലും കാരണങ്ങളുണ്ടാക്കി ശിശിര ഗിരിയോട് വഴക്ക് കൂടി കൊണ്ടിരുന്നു ..
ആദ്യമെല്ലാം അവളുടെ പ്രവൃത്തിയിൽ അവനവളോട് ദേഷ്യം തോന്നിയിരുന്നെങ്കിലും മെല്ലെ ,മെല്ലെയാ ദേഷ്യം അവളോടുള്ള അടങ്ങാത്ത ഇഷ്ട്ടമായ് മാറുന്നതവൻ തിരിച്ചറിയുന്നുണ്ടായിരുന്നു.
ഓരോ ദിവസവും ഉറക്കമെഴുന്നേൽക്കുന്നത് പോലും അവളെ കാണാൻ വേണ്ടിയാണെന്നവനു തോന്നി തുടങ്ങി ..
വൈകുന്നേരങ്ങളിൽ കൂട്ടുകാർക്കൊപ്പമിരിക്കാതെയവൻ നേരത്തെ വീട്ടിലെത്തി തുടങ്ങി ..
അമ്മയും ശിശിരയുമുള്ളിടത്തെല്ലാം ഗിരിയും നിറഞ്ഞു നിൽക്കാൻ തുടങ്ങിയത് ശിശിരയെ പോലെ തന്നെ അമ്മയും ശ്രദ്ധിച്ചു തുടങ്ങിയിരുന്നു….
മകന്റെ മനസ്സ് മകനെക്കാൾ നന്നായി അറിയാവുന്ന അവരിൽ ഒരു ചിരി വിരിഞ്ഞു ..ഗിരി അടുക്കാൻ ശ്രമിക്കും തോറും ശിശിരയവനോട് അകലം കൂട്ടി നിന്നു..
ഉള്ളിന്റെ ഉള്ളിൽ അവനോടുള്ള ഇഷ്ട്ടം വെച്ചിട്ടു തന്നെ .. ഒരു ടോം ആൻറ് ജെറി കളി …”ഗിരി… ഗിരി.. നീയവിടെ എന്തെടുക്കുവാ…? ഒന്നിങ്ങോട്ടു പെട്ടെന്ന് വന്നേ …
ഒരു ഞായറാഴ്ച പരിഭ്രമത്തോടെ അമ്മ വിളിക്കുന്നത് കേട്ട് മുറ്റത്തേക്കിറങ്ങിയ ഗിരി കാര്യം മനസ്സിലായതും ചിരി തുടങ്ങി ..
പറമ്പിൽ നിൽക്കുന്ന വലിയ പേരമരത്തിന്റെ മുകളിലെ കൊമ്പിൽ താഴെ ഇറങ്ങാൻ പറ്റാതെ പേടിച്ചു നിൽക്കുന്ന ശിശിര …
“ഇവളിതെങ്ങനെ കയറി പറ്റിയമ്മേ മുകളിൽ …?അവൻ ശിശിരയെ നോക്കി കൊണ്ടമ്മയോട് ചോദിച്ചു …
“നീയതൊന്നും ചികയാൻ നിൽക്കാണ്ട് വേഗം ആ കുട്ടീനെ താഴെയിറങ്ങാൻ സഹായിക്ക് ..അതാകെ പേടിച്ച് നിൽക്കാ..
അമ്മ പറയുമ്പോഴും ഗിരിയുടെ കണ്ണുകൾ മരത്തിനു മുകളിൽ പേടിച്ചു നിൽക്കുന്ന ശിശിരയിലായിരുന്നു ..
“അമ്മ വീടിന്റെ പുറക്കീന്ന് ആ കോണിയെടുക്കൂ ..,” ഞാനവൾ വീഴാതെ പിടിച്ച് കുറച്ച് താഴേക്ക് ഇറക്കി കൊണ്ടു വരാം..
അമ്മയോടു പറഞ്ഞു കൊണ്ട് ഗിരി മരത്തിൽ കയറാൻ തുടങ്ങി.”ഇതെങ്ങനെ കയറി പറ്റി നീയീ മരത്തിൽ.. ?നീ ഒരു മരം കേറിയാണല്ലേ സത്യത്തിൽ …,,
ഗിരിയുടെ ചോദ്യം കേട്ടതും അവൾ കണ്ണുകൾ വിടർത്തിയവനെ നോക്കി ..എത്ര ഒളിപ്പിക്കാൻ ശ്രമിച്ചിട്ടും അവളുടെ ഉള്ളിലെ തന്നോടുള്ള ഇഷ്ട്ടം അവളുടെ കണ്ണിൽ നിന്ന് ഗിരി തിരിച്ചറിഞ്ഞു ..
“അതേ ഞാൻ വീഴാതെ താഴെയിറക്കിയാൽ പിന്നെ ജീവിതകാലം മുഴുവൻ താനെന്റെ കൂടെ ഈ വീട്ടിലുണ്ടാവുമോ ..?പ്രണയാർദ്രനായ് അവൻ ചോദിച്ചതും നാണത്തിലവളുടെ മുഖം തുടുത്തു …
“അത്രയൊക്കെ വേണോ ഗിരിയേട്ടാ .. ഇവിടുന്ന് വീണാൽ ചിലപ്പോ കൈയോ കാലോ ഒടിഞ്ഞൂന്ന് വരാം .. മറ്റേതാവുമ്പോ ഞാൻ ജീവിതകാലം മുഴുവൻ സഹിക്കണ്ടേ…?
കുറുമ്പോടെ അവൾ ചോദിച്ചതും അവനവളെ തന്റെ നെഞ്ചോടു ചേർത്തു പിടിച്ചു … പിന്നെ വളരെ ശ്രദ്ധയോടെ അവളുമായ് താഴേക്കിറങ്ങാൻ തുടങ്ങി ..
അവന്റെ ശക്തമായ കൈവലയത്തിനുളളിൽ താനൊരു അപ്പൂപ്പൻ താടിയോളം കനമില്ലാത്തതായ് മാറുന്നതും ,അവന്റെ ചുടുനിശ്വാസം മുഖത്ത് പതിക്കുമ്പോൾ തനിക്കുള്ളിൽ നിന്ന് പേരറിയാത്തൊരുപാട് വികാരങ്ങൾ മുളച്ചു പൊന്തുന്നതും തിരിച്ചറിഞ്ഞ ശിശിര തന്റെ രണ്ടു കൈ കൊണ്ടുമവനെ ഇറുകെ കെട്ടി പിടിച്ചു .. ഒരിക്കലും വിട്ടു പോവില്ലെന്ന പോലെ ..
ദൂരെ നിന്നാ കാഴ്ച കണ്ട ഗിരിയുടെ അമ്മ സന്തോഷത്തോടെ , നിറഞ്ഞു വന്ന തന്റെ കണ്ണുകൾ തുടച്ചു…
ആ സമയം ഗിരിയും ശിശിരയും തങ്ങളുടെ പ്രണയ ലോകത്തിലേക്കുള്ള പ്രണയപഥത്തിലായിരുന്നു .