അമ്മേ തല്ലല്ലേ അച്ഛാ… “കരഞ്ഞു കൊണ്ട് പൊന്നു അവളുടെ അച്ഛന്റെ കാലിൽ ചുറ്റി പിടിക്കുന്നത് തളർച്ചയ്ക്ക് ഇടയിലും വേണി കണ്ടിരുന്നു.

 

താലിചരടിനാൽ
(രചന: അരുണിമ ഇമ)

“അച്ഛാ.. അമ്മേ തല്ലല്ലേ അച്ഛാ… “കരഞ്ഞു കൊണ്ട് പൊന്നു അവളുടെ അച്ഛന്റെ കാലിൽ ചുറ്റി പിടിക്കുന്നത് തളർച്ചയ്ക്ക് ഇടയിലും വേണി കണ്ടിരുന്നു.

പക്ഷെ, തൊട്ടടുത്ത നിമിഷം ആ കുഞ്ഞു പിടിച്ച കാൽ കൊണ്ട് അവളെ തട്ടി തെറിപ്പിച്ച അയാളെ കാണവേ അവളിൽ വെറുപ്പ് നുരഞ്ഞു പൊങ്ങി.

” എന്റെ വാക്ക് കേട്ട് നിന്നാൽ നിനക്കൊക്കെ കൊള്ളാം.. അല്ലെങ്കിൽ അമ്മ ആയാലും മോളായാലും എന്റെ കൈയിൽ നിന്ന് കിട്ടും.. ”

താഴെ വീണു കിടന്ന മോളെയും അടി കൊണ്ട് അവശയായി ചുവരിൽ ചാഞ്ഞിരുന്ന വേണിയെയും നോക്കി പറഞ്ഞു കൊണ്ട് അയാൾ പുറത്തേക്ക് ഇറങ്ങി പോയി. ആ ചുണ്ടിൽ നിറയെ പുച്ഛം ആയിരുന്നു.

വേണി എങ്ങനെയൊക്കെയോ നിരങ്ങി നീങ്ങി ആ കുഞ്ഞിന് അടുത്തേക്ക് എത്തി.” അമ്മേടെ പൊന്നാ.. ”

അവൾ വിതുമ്പി കൊണ്ട് വിളിച്ചു. കുഞ്ഞു പതിയെ നിലത്ത് നിന്ന് എഴുന്നേറ്റു. കുഞ്ഞിനെ ചുറ്റി പിടിച്ചു കരയുമ്പോൾ വേണി തന്റെ വിധിയെ പഴിക്കുകയായിരുന്നു.

എന്ത് ഭംഗിയുള്ള ജീവിതം ആയിരുന്നു തന്റേത്.. കുട്ടികാലത്ത് അച്ഛന്റെയും ഏട്ടന്റെയും തണലിൽ ജീവിച്ച മകൾ..

അമ്മ പോലും തന്നെ തല്ലുന്നത് അച്ഛനോ ചേട്ടനോ ഇഷ്ടമല്ല. അവർ അതിന് തടസം പിടിക്കാൻ വരും.

” ആഹ്.. അച്ഛനും ആങ്ങളയും കൂടി ഇങ്ങനെ കൊഞ്ചിച്ചോ.. വല്ലവന്റെയും വീട്ടിലേക്ക് കെട്ടിച്ചു വിടേണ്ട പെണ്ണാ.. നിങ്ങൾ തലയിൽ ഏറ്റി വച്ചേക്കുന്നത് പോലെ അവിടെ ആരും തലയിൽ എടുത്ത് വെയ്ക്കില്ല..”

അമ്മ പറയാറുണ്ട്.” അങ്ങനെ അവളെ തലയിൽ ഏറ്റി നടക്കുന്നവൻ മതി ഞങ്ങളുടെ കൊച്ചിന്.. അല്ലാതെ കെട്ടിച്ചു കൊടുക്കുന്നത് അവനു അടിമയാക്കാൻ അല്ലല്ലോ… “അച്ഛന് മുന്നേ ഏട്ടൻ പറയും..

പക്ഷെ, ഇന്നോ.. ഇത്രയും ദ്രോഹം സഹിച്ചിട്ടും ആരെയും ഒന്നും അറിയിക്കാൻ കൂടി കഴിയാത്ത വണ്ണം താൻ ബന്ധനത്തിലാണ്. ബന്ധങ്ങൾ കൽപ്പിച്ചു തന്ന ബന്ധനം..അവളിൽ നിന്നൊരു തേങ്ങൽ ഉയർന്നു.

എല്ലാ പെൺകുട്ടികളെയും പോലെ ജാതകം ആയിരുന്നു തന്റെയും ജീവിതത്തിലെ വില്ലൻ.

18 വയസ്സിൽ വിവാഹം നടന്നില്ലെങ്കിൽ പിന്നീട് 29 ആകണം അതിനു യോഗം ഉണ്ടാവാൻ എന്നുള്ള ജ്യോൽസ്യ പ്രവചനം.

അമ്മ തന്റെ പിന്നാലെ പലതും പറഞ്ഞു നടന്നു സമ്മതിപ്പിക്കാൻ ശ്രമിച്ചു എങ്കിലും താൻ കഴിയുന്നതും എതിർത്തു നിന്നു.

പക്ഷെ, തന്റെ സമ്മതം ചോദിക്കാതെ തന്നെ അമ്മ ബ്രോക്കർ വഴി അന്വേഷണം തുടങ്ങിയിരുന്നു. അത് ഒടുവിൽ അയാളിൽ എത്തി നിന്നു. ജയേഷ്.

നല്ല സ്വഭാവം, നല്ലൊരു ജോലി, കാണാനും കൊള്ളാം… അങ്ങനെ വിശേഷണങ്ങൾ അനവധി ആയിരുന്നു ജയേഷിന്. അച്ഛനും ഏട്ടനും കൂടി ഈ ബന്ധത്തിൽ താല്പര്യം പ്രകടിപ്പിച്ചപ്പോൾ സമ്മതിക്കാതെ തരം ഇല്ലായിരുന്നു.

” അച്ഛൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട.. അച്ഛന്റെ മോളെ ഞാൻ പൊന്നു പോലെ നോക്കും.. ”

വിവാഹ പന്തലിൽ അച്ഛന്റെ കൈ പിടിച്ചു അയാൾ പറഞ്ഞ വാക്കുകൾ.. അത് ഇന്ന് തന്നെ നോക്കി പല്ലിളിക്കുന്നുണ്ട്.

വിവാഹം കഴിഞ്ഞ ആദ്യ നാളുകൾ ഒക്കെ മനോഹരം ആയിരുന്നു. പക്ഷെ, തന്റെ പഠനം മുടക്കാൻ തനിക്ക് ഒരു കുഞ്ഞിനെ നൽകിയപ്പോൾ മുതൽ ജീവിതം താളം തെറ്റാൻ തുടങ്ങി.

പക്ഷെ, ഒന്നിലും പരാതിയോ പരിഭവമോ ഇല്ലാതെ ആ വീടിന്റെ അകത്തളത്തിൽ ഒതുങ്ങാൻ താൻ പഠിച്ചിരുന്നു.

കുഞ്ഞു വളർന്നു വരുന്നത് വരെ തല്ക്കാലം പഠിക്കാൻ പോകണ്ട എന്ന് തന്റെ വീട്ടുകാർക്ക് മുന്നിൽ വച്ചു അയാൾ പ്രസ്താവിച്ചു.

അത് കുഞ്ഞിന് വേണ്ടി ആണെന്ന അയാളുടെ വാദം എല്ലാവരും അംഗീകരിച്ചു. അപ്പോഴൊക്കെയും താൻ അയാളെ സ്നേഹിച്ചിരുന്നു.

പക്ഷെ, അനിയന്റെ ഭാര്യ കൈ നിറയെ പൊന്നുമായി വീട്ടിലേക്ക് കയറി വന്നതോടെ തന്റെ സ്ഥാനത്തിന് കോട്ടം തട്ടി തുടങ്ങി. ഒരു വേലക്കാരിയെക്കാൾ താഴെ.. ഭർത്താവിന്റെ ദേഹോപദ്രവം വേറെയും..

പക്ഷെ, തന്റെ വീട്ടിൽ ഒന്നും ഒന്നും അറിയിക്കാതെ, എല്ലാം ഉള്ളിൽ ഒതുക്കി അവർക്ക് മുന്നിൽ സന്തോഷമായി അഭിനയിക്കാൻ ആ നാളുകൾ കൊണ്ട് താൻ പഠിച്ചിരുന്നു.

പക്ഷെ, ഇന്ന്.. ഇത് സഹിക്കാൻ കഴിയില്ല. സ്വന്തം ചോരയെ പോലെ ഉപദ്രവിക്കാൻ മടിയില്ലാത്ത മനുഷ്യൻ.. അയാൾ എത്ര ക്രൂരൻ ആയിരിക്കും..?ഉള്ളിൽ വെറുപ്പ് നിറയുന്നു. വെറുപ്പ് മാത്രം..

പക്ഷെ, എന്ത് ചെയ്യാൻ..? സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുക എന്നല്ലാതെ മറ്റൊരു ആശ്രയം തന്റെ മുന്നിൽ ഇല്ലല്ലോ..ഒടുവിൽ അത് തന്നെ തീരുമാനിച്ചു. വീട്ടിലേക്ക് മടങ്ങുക..

മോളെയും ചേർത്ത് പിടിച്ചു വീടിന്റെ പടി കയറുമ്പോൾ ഉള്ളം ഒന്ന് വിറച്ചു. ഇവിടെ തനിക്ക് അവഗണന ആണെങ്കിൽ.. മുന്നോട്ട് എന്ത്..? അതൊരു ചോദ്യം ആണ്..

എന്തായാലും മരണത്തിലേക്ക് ഇല്ല.. എനിക്ക് ജീവിക്കണം.. എന്റെ കുഞ്ഞിനെ വളർത്തണം..” ആഹ്.. മോളെന്താ അവനെ കൂട്ടാതെ പോന്നത്..? ”

അമ്മയുടെ വക കുശാലാന്വേഷണം.. മറുപടി പറഞ്ഞില്ല. പറഞ്ഞാൽ ഒരു പക്ഷെ.. കരഞ്ഞു പോയേക്കും.. നേരെ മുറിയിലേക്ക് നടന്നു. പുറത്ത് അമ്മ മോളെ കൊഞ്ചിക്കുന്നത് കേൾക്കാം.. കണ്ണടച്ചു കിടന്നു.” വേണീ… വേണീ.. ”

ദേഷ്യത്തോടെ ഉള്ള ഏട്ടന്റെ വിളി കേട്ടാണ് ഞെട്ടി ഉണർന്നത്. കണ്ണ് തുറന്ന് നോക്കുമ്പോൾ കലി തുള്ളിക്കൊണ്ട് ഏട്ടൻ മുന്നിലുണ്ട്.” എഴുന്നേറ്റ് വാടീ.. ”

ദേഷ്യത്തോടെ കൈ പിടിച്ചു വലിച്ചു ഹാളിലേക്ക് ആണ് ഏട്ടൻ കൊണ്ട് പോയത്.. അവിടെ കണ്ണീർ ഒഴുക്കി അമ്മയുണ്ട്.ആകെ നിസ്സഹായതയോടെ അച്ഛനും. കാര്യമറിയാതെ ഏട്ടനെ പകച്ചു നോക്കി.

” ഈ ഇത്തിരി ഇല്ലാത്ത കുഞ്ഞു പറഞ്ഞിട്ട് വേണോ നീ അനുഭവിക്കുന്നതൊക്കെ ഞങ്ങൾ അറിയാൻ..?

ഒരു വാക്ക് നിനക്ക് പറഞ്ഞൂടായിരുന്നോ..? എന്നാൽ അവൻ പിന്നീട് ഒരിക്കലും ഇങ്ങനെ ചെയ്യാത്ത വിധം ആക്കിയേനെ ഞാൻ.. ”

ഉറഞ്ഞു തുള്ളുകയായിരുന്നു ഏട്ടൻ. മറുപടി ഇല്ലാതെ തല കുനിച്ചു നിൽക്കാൻ മാത്രമേ എനിക്ക് ആയുള്ളൂ.

കൂടുതൽ ഒന്നും പറയാതെ ഏട്ടൻ പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ അറിയാമായിരുന്നു, അത് അയാൾക്ക് അടുത്തേക്ക് ആകുമെന്ന്.

ആധിയോടെ ഏട്ടനെ കാത്തിരുന്നപ്പോൾ മുന്നിലേക്ക് വന്നു ആ മനുഷ്യൻ പറഞ്ഞത് ഒന്ന് മാത്രം ആയിരുന്നു.

” വിവാഹം കഴിപ്പിച്ചു വിട്ടു എന്ന് പറഞ്ഞാൽ പെൺകുട്ടികളെ വീട്ടിൽ നിന്ന് ഉപേക്ഷിച്ചു എന്നല്ല. എന്നും നിനക്ക് താങ്ങായും തണലായും ഈ ഏട്ടൻ ഉണ്ട്.

നീ ആരുടേയും അടിമ ഒന്നും അല്ല. ഈ വീട്ടിൽ നിനക്ക് ഒരു പിടി ചോറ് തരാൻ ഒരു ബുദ്ധിമുട്ടും ഇല്ല. അവനു കൊടുക്കാൻ ഉള്ളതൊക്കെ ഞാൻ കൊടുത്തിട്ടുണ്ട്. ഇനി അവൻ നിന്നെ ശല്യം ചെയ്യില്ല. ”

അത്രയും പറഞ്ഞു കൊണ്ട് ചേർത്ത് നിർത്തി നെറുകയിൽ മുകർന്നു ഏട്ടൻ. ആ വാത്സല്യ ചൂടിലേക്ക് ചേർന്ന് നിൽക്കുമ്പോൾ ഏട്ടൻ പറയുന്നുണ്ടായിരുന്നു.

” ഡിവോഴ്‌സിന്റെ കാര്യങ്ങൾ എത്രയും വേഗം ശരിയാക്കണം. എന്നിട്ട് മോളിനിയും പഠിക്കാൻ പോകണം. മോളൂട്ടിയെ ഇവിടെ അമ്മ നോക്കിക്കോളും.

അവളെ ഓർത്തു നീ പേടിക്കണ്ട. നീ പഠിച്ചു ഒരു ജോലി വാങ്ങണം. നിന്റെ സ്വപ്‌നങ്ങൾ ഒന്നൊന്നായി പൂർത്തിയാക്കണം. നിനക്ക് താങ്ങായി ഈ ഏട്ടൻ ഉണ്ട്. ”

അതെ.. തനിക്ക് തുണയായി ഏട്ടൻ ഉണ്ട്. ഏത് പ്രതിസന്ധിയിലും ആ താങ്ങുണ്ടാകും.

ഒരിക്കൽ കൂടി ഏട്ടനിലേക്ക് ചേർന്ന് നിന്നു കൊണ്ട് പുഞ്ചിരിയോടെ ഓർത്തു.അയാൾ അയച്ച ഡിവോഴ്സ് നോട്ടിസിലേക്ക് അവൾ നിർവികാരതയോടെ ആണ് നോക്കിയത്.

അയാളോടുള്ള ഇഷ്ടവും സ്നേഹവുമൊക്കെ എന്നോ നഷ്ടമായെങ്കിലും, കഴുത്തിലെ താലി അഴിച്ചു മാറ്റുമ്പോൾ അവളുടെ ഉള്ളം ഒന്ന് പിടഞ്ഞു.അപ്പോഴും അവളെ മുറുകെ പിടിച്ച ഏട്ടനെ അവൾ ഒരുപാട് ഇഷ്ടത്തോടെ നോക്കി.

ഏട്ടന്റെ തണലിൽ നിന്ന് വിട്ടു മാറാൻ ഇഷ്ടമല്ലെങ്കിൽ കൂടി, നാളെ ഏട്ടന്റെ ജീവിതത്തിന് താൻ ഒരു തടസം ആകരുതെന്ന ചിന്തയിൽ അവൾ സ്വയം പറക്കാൻ തയ്യാറെടുത്തു തുടങ്ങിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *