സ്വർണത്തിൽ കുളിച്ചു കല്യാണം നടത്തിയിട്ടു അവന് അതൊന്നും പോരാ പോലും. വീട്ടിലേക്ക് വന്നാൽ അത് അനിയത്തിയുടെ കല്യാണത്തിന് ബാധിക്കും പോലും

 

(രചന: ലക്ഷ്‌മി)

“”ഇനിയൊരു കല്യാണം വേണ്ടെന്നു പറഞ്ഞു ഇങ്ങനെ വാശി കാണിക്കേണ്ട കാര്യമെന്താണ് കണ്ണാ?? നീയല്ലല്ലോ അവളെ ഉപേക്ഷിച്ചത്??

നല്ലൊരു ആലോചന വന്നപ്പോൾ അവൾ നിന്നെ കളഞ്ഞിട്ട് പോയതല്ലേ??? അതെല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വർഷം മൂന്നായി. കല്യാണം കഴിഞ്ഞു പോയവളുടെ കൊച്ചിന് രണ്ട് വയസും. എന്നിട്ടും ഇവിടെ ഒരുത്തനു കല്യാണം വേണ്ട.

എന്ത് കാര്യത്തിനാണ് നീ സ്വന്തം ജീവിതം ഇങ്ങനെ കളയുന്നത്?? അമ്മയുടെ കണ്ണീർ കാണാമെന്നല്ലാതെ ഇതിനൊക്കെ വേറെ എന്ത് ഗുണമുണ്ട്?? ശെരിക്കും നീ സ്വാർത്ഥനാണ് കണ്ണാ…

നീ എപ്പോഴും നിന്റെ ഇഷ്ടം മാത്രമേ നോക്കാറുള്ളു. മറ്റുള്ളവരുടെ സങ്കടം, സന്തോഷം ഒന്നും നിന്നെ ബാധിക്കുന്ന പ്രശ്നമല്ല. നീ എന്താണെന്ന് വെച്ചാൽ കാണിക്ക്. ഞാനായി ഒന്നും പറഞ്ഞു വരുന്നില്ല…””

പിണക്കം പോലെ അമ്പലത്തിലെ ആൽത്തറയുടെ മുന്നിലിരുന്ന് കണ്ണന്റെ കൂട്ടുകാരൻ സനൽ പറഞ്ഞതും, അവൻ അതിനു വെറുതെ ഒന്ന് ചിരിച്ചു.

അല്ലെങ്കിൽ തന്നെ എന്ത് പറയാൻ, അവൻ പറഞ്ഞതെല്ലാം ശെരിയാണ്. ഒരു കാര്യമൊഴിച്ചു. അപർണ, അവൾ തന്നെ തേച്ചു എന്ന് പറഞ്ഞത്.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയ ഇഷ്ടമാണ്. രണ്ട് പേരും ആത്മാർത്ഥമായി തന്നെയാണ് സ്നേഹിച്ചത്. പക്ഷെ സ്നേഹം കൊണ്ട് മാത്രം ഒരു പെണ്ണിനെ കല്യാണം കഴിച്ചു ജീവിതത്തിലേക്ക് കൊണ്ട് വരാൻ പറ്റില്ലല്ലോ. അതിനു നല്ലൊരു ജോലി വേണം.

കൈയിൽ പൈസയും. ഇത് രണ്ടുമില്ലാതെ എങ്ങനെയാണ് ഒരു ജീവിതം തുടങ്ങുന്നത്??? അപ്പുവിന് നല്ലൊരു ആലോചന വരുമ്പോൾ തനിക്കും അവൾക്കും പ്രായം ഇരുപത്തിമൂന്ന്. ഇതേ അമ്പലനടയിൽ വെച്ചാണ് അവൾ തന്നോട് അത് പറഞ്ഞതും.

“”വീട്ടിൽ ഇപ്പോൾ ഒരുപാട് ആലോചനകൾ വരുന്നു കണ്ണാ… ഞാനെന്താ വേണ്ടേ?? നമ്മുടെ കാര്യം അച്ഛനോട് പറയട്ടെ?? കുറച്ചു നാൾ കാത്തിരിക്കേണ്ടി വന്നാലും കുഴപ്പമില്ല. നിന്നെ എനിക്ക് കിട്ടുമെല്ലോ…””

പ്രതീക്ഷയോടെ അവൾ പറഞ്ഞതും, മുന്നിൽ തെളിഞ്ഞത് സ്വന്തം കുടുംബത്തിന്റെ ചിത്രമാണ്. സ്വന്തമായി ഒരു ജോലിയായിട്ട് വേണം ഓടിട്ട വീടൊന്ന് പുതുക്കി പണിയാൻ.

അങ്ങനെ പലതരം പ്രശ്നങ്ങൾ. അച്ഛന് ദിവസവും കിട്ടുന്ന കൂലിയിൽ ഒന്നുമാകാത്തത് കൊണ്ടാണ് ബസിലെ ക്ലീനർ പണിക്കും, കാറ്ററിംഗ് ജോലിയ്ക്കുമെല്ലാം പോയി കിട്ടുന്നത് അമ്മയുടെ കൈയിൽ കൊടുക്കുന്നത്.

അതിന്റെ കൂടെ psc പടുത്തവും. സത്യം പറഞ്ഞാൽ പ്രണയിച്ചു നടന്നപ്പോൾ കല്യാണത്തിനെക്കുറിച്ച് പല സ്വപ്നങ്ങളും കണ്ടിട്ടുണ്ടെങ്കിലും, ഇപ്പോൾ മനസിലാകുന്നു മുന്നിലെ പ്രശ്നങ്ങൾ.

“”നിന്നോട് ഞാൻ എന്താ പറയേണ്ടത് അച്ചു??? ജീവിതത്തിൽ ഒരു കൂട്ട് വേണമെന്ന് ചിന്തിക്കുമ്പോഴേല്ലാം നിന്റെ മുഖമാണ് ആദ്യം വരുന്നത്. പക്ഷെ നിനക്കും എനിക്കുമറിയാം നമ്മുടെ മുന്നിലെ പ്രശ്നങ്ങൾ. ഒരു മൂന്ന് വർഷം…

മൂന്ന് വർഷം തികച്ചു വേണ്ട എനിക്ക്. അതിനു മുൻപ് നിന്റെ വീട്ടിൽ വന്നു പെണ്ണ് ചോദിക്കാം ഞാൻ. അത് വരെ നിനക്ക് കാത്തിരിക്കാൻ പറ്റുമോ??? നിന്റെ അച്ഛനോട് നീ കാര്യമെല്ലാം ഒന്ന് പറഞ്ഞു നോക്ക്. സമ്മതിച്ചാൽ ഞാൻ സംസാരിക്കാൻ വരാം. അത് പോരെ???””

പ്രതീക്ഷയോടെ അവളോട് പറഞ്ഞതും, അതിനു ചിരിയോടെ സമ്മതം പറഞ്ഞവൾ അടുത്ത ദിവസം മുന്നിൽ വരുന്നത് കരഞ്ഞു വീങ്ങിയ കണ്ണുകളുമായാണ്.

പ്രതീക്ഷിച്ചത് പോലെ തന്നെ അച്ഛൻ സമ്മതിച്ചില്ല. ഒരു ജോലിയുമില്ലാത്ത ചെക്കനു കെട്ടിച്ചു കൊടുക്കാനല്ല മോളെ വളർത്തിയതെന്ന്. കയറി കിടക്കാൻ നല്ലൊരു വീട് പോലുമില്ലാത്തവനെ മാത്രമേ നിനക്ക് പ്രണയിക്കാൻ കിട്ടിയുള്ളൂ പോലും… “”

വിളിച്ചിറക്കി കല്യാണം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും, വിളിച്ചാൽ അവൾ വരുമെന്ന് ഉറപ്പായിരുനെങ്കിലും, വിളിച്ചില്ല.

കാരണം, എന്റെ പ്രണയിനിയാകുന്നതിനു മുമ്പേ അവൾ ഒരു അച്ഛന്റെയും അമ്മയുടെയും മകളാണ്. അവരുടെ കണ്ണീർ വീണാൽ ജീവിതത്തിൽ ഗതി പിടിക്കില്ലെന്ന് ആരോ ഉള്ളിലിരുന്നു പറയുന്നത് പോലെ…

പിന്നീടെല്ലാം വളരെ പെട്ടെന്നായിരുന്നു. നല്ലൊരു KSEB ജോലിക്കാരന്റെ ആലോചന വന്നപ്പോൾ അവളുടെ സമ്മതം പോലും ചോദിക്കാതെ അവളുടെ അച്ഛൻ കല്യാണം ഉറപ്പിച്ചു.

പിന്നീട് അച്ചു അമ്പലത്തിലേക്ക് വരുന്നത് പോലും അമ്മയുടെയോ അനിയത്തിയുടെയോ കൂടെയായിരുന്നു. ഒരുപക്ഷെ അവർക്ക് തന്നെ പേടിയായിരിക്കണം.

കല്യാണത്തിനും താൻ പോയിരുന്നു. സ്വർണത്തിൽ കുളിച്ചു നിൽക്കുന്ന അച്ചുവിനെക്കാൾ തന്റെ കണ്ണിൽ പെട്ടത് അവളുടെ കലങ്ങിയ കണ്ണുകളാണ്. പല രാത്രികളിലും ആ കണ്ണുകൾ തന്റെ ഉറക്കം കളഞ്ഞിട്ടുണ്ട്.

പിന്നീട് സ്വയം മനസിനെ പറഞ്ഞു പഠിപ്പിച്ച്. അച്ചു എന്നത് ഒരു കഴിഞ്ഞ അധ്യായമാണെന്ന്. പോലീസ് ടെസ്റ്റിന് വേണ്ടി പഠിക്കുമ്പോൾ മറ്റൊന്നും മനസിലില്ലായിരുന്നു. തള്ളി പറഞ്ഞവരുടെ മുന്നിൽ തലയുയർത്തി നിൽക്കണമെന്ന ചിന്ത മാത്രം.

രാവും പകലും ഉറക്കം കളഞ്ഞു പഠിക്കുമ്പോൾ അമ്മയുടെ കട്ടനും, ഇടയ്ക്ക് അച്ഛൻ വന്നു നോക്കുന്നതുമെല്ലാം കാണുമ്പോൾ മനസിൽ തോന്നും ഇതല്ലേ തന്റെ സ്വർഗംമെന്ന്.

പോലീസ് ലിസ്റ്റിൽ പേര് വന്നപ്പോൾ കണ്ടു ആദ്യമായി അച്ഛന്റെ കണ്ണ് നിറയുന്നത്. അത്ര മാത്രം മതിയായിരുന്നു തനിക്കും..

ട്രെയിനിങ് പീരിയഡ് കഴിഞ്ഞു ആദ്യത്തെ പോസ്റ്റിങ്ങ്‌ വീട്ടിൽ നിന്നും പോയി വരാൻ ഒരു മണിക്കൂർ മാത്രമേയുള്ളായിരുന്നു. ഒരുപക്ഷെ അമ്മയുടെ പ്രാർഥനയായിരിക്കണം അതും..

ആദ്യമായി അച്ചുവിനെ പോലീസ് സ്റ്റേഷനിൽ കാണുമ്പോൾ ഇവളുടെ ആരെങ്കിലും ഇവിടെ ജോലി ചെയ്യുന്നുണ്ടോ എന്നാണ് ആദ്യം ചിന്തിച്ചത്. പക്ഷെ പിന്നീട് അറിഞ്ഞു ഗാർഹികപീഡനമാണ് കാര്യമെന്ന്.

സ്വർണത്തിൽ കുളിച്ചു കല്യാണം നടത്തിയിട്ടു അവന് അതൊന്നും പോരാ പോലും. വീട്ടിലേക്ക് വന്നാൽ അത് അനിയത്തിയുടെ കല്യാണത്തിന് ബാധിക്കും പോലും.. പ്രത്യേകിച്ച് ഒന്നും പറയാൻ തോന്നിയില്ല.

കാത്തിരിക്കാൻ താൻ പറഞ്ഞതല്ലേ. അപ്പോൾ തന്നെക്കാൾ വലിയവനെക്കൊണ്ട് കെട്ടിക്കാൻ അവളുടെ അച്ഛനായിരുന്നു വാശി. എന്നിട്ടിപ്പോൾ അതെ അച്ഛൻ തന്നെ തന്റെ മുന്നിൽ തലയും കുനിച്ചിരിക്കുന്നു.

കാലം കാത്തു വെച്ച നിമിഷം… എത്ര പാവപ്പെട്ടവനാണെങ്കിലും അവനും വരുമെല്ലോ ഒരു ദിവസം. അച്ചുവിന്റെ കൈയിലെ കുഞ്ഞിനെ കണ്ട് വല്ലാത്തൊരു വാത്സല്യമായിരുന്നു.

പിന്നീട് അമ്മ ഓരോ ആലോചന കൊണ്ട് വരുമ്പോഴും ഒന്നിനോടും ഒരു താല്പര്യം തോന്നിയില്ല.

സനൽ ഇപ്പോൾ ഇതെല്ലാം പറയുന്നത് വരെ. അവൻ പറഞ്ഞതും ശെരിയാണ്. എന്തിനാണ് താൻ തന്നെ ഉപേക്ഷിച്ചു പോയവളെ കുറിച്ച് ചിന്തിച്ചു തന്റെ ജീവിതം കളയുന്നത്.

ഇനിയും വയ്യ ആരുടേയും മുന്നിലൊരു കോമാളിയാകാൻ. ജീവിതം ഒന്നേയുള്ളു. ത്യാഗിയാകാൻ തല്ക്കാലം താല്പര്യമില്ല. പെണ്ണ് കാണാൻ പോകാമെന്നു സനലിനോട് പറയുമ്പോൾ അമ്മയുടെ മുഖമായിരുന്നു മനസിൽ.

മൂന്ന് മാസങ്ങൾക്കു ശേഷം……””ശെരിക്കും അച്ചു ചേച്ചിയുടെ അച്ഛന് മുന്നിൽ തോറ്റില്ലെന്ന് കാണിക്കാൻ വേണ്ടിയായിരുന്നോ എന്റെ കഴുത്തിൽ താലി ചാർത്തിയത്??

അതോ അവരുടെ മകളുടെ ജീവിതം എങ്ങനെയാണെങ്കിലും അതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല, അതിൽ നിന്നെല്ലാം മൂവ് ഓൺ ആയി എന്ന് കാണിക്കാനോ???””

നെഞ്ചിലേക്ക് ചാരിയിരുന്നു ഗോപിക ചോദിച്ചതും, അതിനു മറുപടിയായി അവളെ ഒന്ന് കൂടെ തന്നിലേക്ക് ചേർത്തു കണ്ണൻ.

“”മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയാണ് ഞാൻ നിന്നെ കല്യാണം കഴിച്ചതെങ്കിൽ നീയിങ്ങനെ എന്റെ നെഞ്ചിൽ ചേർന്നിരിക്കില്ലല്ലോ പെണ്ണെ… ആർക്കും വേണ്ടിയല്ല നിന്നെ കൂടെ കൂട്ടിയത്. എനിക്ക് വേണ്ടിയാണ്.

ശെരിക്കും നിന്നെ കാണാൻ വന്നത് അമ്മയുടെ വാശി കാരണമാണെങ്കിലും, ഒരിക്കൽ ഞാൻ അനുഭവിച്ച സങ്കടങ്ങളിലൂടെയാണ് നീയും കടന്നു പോകുന്നതെന്ന് കണ്ടപ്പോൾ, ഭാവിയെ കുറിച്ചുള്ള സ്വപ്‌നങ്ങൾ പറഞ്ഞപ്പോൾ… ഇനിയും നിന്റെ സ്വപ്നങ്ങളുടെ കൂടെ നിൽക്കണമെന്ന് തോന്നി.

പിന്നെ അച്ചുവിനെ സ്റ്റേഷനിൽ അങ്ങനെയൊരു അവസ്ഥയിൽ കണ്ടപ്പോൾ ചങ്ക് പിടഞ്ഞത് ശെരിയാണ്.

പക്ഷെ അതിൽ ഞാൻ എന്ത് തെറ്റാണ് ചെയ്തത്?? സമ്പത്തും, കുടുംബമഹിമയും നോക്കി കല്യാണം നടത്താൻ അവളുടെ അച്ഛൻ വാശി പിടിച്ചപ്പോൾ, എന്തെ അയാൾ ചെക്കന്റെ സ്വഭാവത്തിനെ കുറിച്ച് കാര്യമായി തിരക്കിയില്ല???

പിന്നെ ഞാൻ എന്തൊക്കെ പറഞ്ഞു ന്യായികരിച്ചാലും, ആദ്യ പ്രണയം എന്നും മനസിന്റെ ഒരു മൂലയിൽ കാണും ഗോപു… പക്ഷെ ജീവിതമാണ്… എല്ലാം അനുഭവിക്കണം….””

അത്ര മാത്രം പറഞ്ഞു ഗോപികയെ അവൻ തന്റെ നെഞ്ചോട് ചേർത്തപ്പോൾ, കോടതി വരാന്തയുടെ മുന്നിൽ ഒരച്ഛൻ തന്റെ മകളെയും അവളുടെ കുഞ്ഞിനേയും ചേർത്തു പിടിച്ചിരിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *