കറുത്ത തമ്പുരാട്ടി
(രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട്)
“”എടീ..നിന്റെ ദേഹത്ത് ഞാൻ തൊടും എന്ന് നീ കരുതേണ്ട. നിന്റെ ഈ കറുത്ത ശരീരം കാണിച്ച് മലർന്നു കിടന്നിട്ട് എന്നെ വശീകരിക്കാൻ നോക്കേണ്ട.
ഇതിലും വലുത് കണ്ടവനാ ഞാൻ””.വിനീത് വളരെ ലാഘവത്തോടെ പറഞ്ഞു കൊണ്ട് യമുനയുടെ നഗ്ന ശരീരം നോക്കി ചുണ്ട് കോട്ടി. പിന്നെ ഒരു പുച്ഛം കലർന്നൊരു ചിരി ചിരിച്ചു.
ഇതു കേട്ട യമുന നിരാശയിലാണ്ടെങ്കിലും പുറമേ കാണിച്ചില്ല. അവളും ചുണ്ട് കോട്ടി പരിഹാസ ച്ചിരി ചിരിച്ചു. “”അത് നിങ്ങളൊരു പുരുഷനല്ലാത്തോണ്ടാവും. അല്ലെങ്കിലും നിങ്ങൾ ഒരു പുരുഷനാണോ.
വേളി കഴിച്ച പെണ്ണിനെ ഇങ്ങനെ കണ്ണീര് കുടിപ്പിച്ചിട്ട് മറ്റുള്ള തെമ്മാടി പെണ്ണുങ്ങളുടെ അടുത്ത് അഴിഞ്ഞാടാൻ പോയത് എന്നോട് തന്നെ വിളമ്പുന്ന നിങ്ങൾ പുരുഷനാണോ.
ആണെങ്കിൽ ആ പുരുഷത്വത്തിൽ എനിക്ക് സംശയമുണ്ട്””.. യമുന ഇങ്ങനെ പറഞ്ഞു ഉറക്കെ ചിരിച്ചു. എങ്കിലും ഉള്ള് നിരാശയിൽ പൊള്ളുകയായിരുന്നു.
വിനീതിനു അരിശം പെരു വിരലിൽ നിന്നു ഇരച്ചു കയറി. “എടീ”.. എന്നു വിളിച്ചു അയാൾ യമുനക്ക് നേരെ ചീറിയടുത്തു. അത് കണ്ട അവൾ ഒന്നു കൂടി ഉറക്കെ പൊട്ടിചിരിച്ചു.
“”തൊടില്ല നിങ്ങളെന്നെ.. അതിനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ. ഇതെന്റച്ഛന്റെ കൊട്ടാരമാണ്””. യമുന എഴുന്നേറ്റിരുന്നു വിനീതിനു നേരെ കൈ ചൂണ്ടി ഉറക്കെ
അട്ടഹസിച്ചു. ആ അട്ടഹാസം പുറത്തു കേൾക്കാതിരിക്കാൻ വിനീത് അവളുടെ വായ പൊത്തി പിടിച്ചു.
“”എടീ… കറുത്തു കരിവീട്ടി പോലിരിക്കുന്ന നിന്നെ എന്നെ പോലൊരു സുന്ദരൻ വേളി കഴിച്ചത് നിന്റെ തന്തയുടെ മുതല് കണ്ടിട്ട് തന്നെയാ. ആറ് മാസം ആയല്ലോ എന്നെ ഈ കൊട്ടാര കെട്ടിൽ കൊണ്ട് വന്നിട്ടിട്ട്.
എനിക്കുള്ള സ്ത്രീ ധനം സ്വത്തായി എഴുതി തരാമെന്ന് പറഞ്ഞ നിന്റെ തന്ത തമ്പുരാൻ വാക്ക് പാലിച്ചോ?””.വിനീത് ശ്വാസം കിട്ടാതെ പിടയുന്ന അവളുടെ ചെവിയിൽ പറഞ്ഞു.
യമുന ബലമായി അയാളുടെ കൈകൾ വിടുവിപ്പിച്ചു വിനീതിനെ തള്ളി മാറ്റി.ആ കൈക്കരുത്തിൽ അയാൾ അമ്പരന്നു. അവൾ വീണ്ടും ഉറക്കെ ചിരിച്ചു.
കറുത്ത ചുണ്ടുകൾക്കിടയിൽ അവളുടെ വെളുത്ത പല്ലുകൾ തിളങ്ങി. അവൾ പെട്ടെന്ന് ചിരി നിർത്തി വിനീതിനെ അഗ്നി ചിതറുന്ന കണ്ണുകളാൽ നോക്കി.
അവളുടെ നീണ്ട മൂക്കിന്റെ അറ്റം വിറച്ചു. പിന്നെ മുഖം വാടി. കരിനീല നിറത്തിലുള്ള കണ്ണിൽ നിന്നും കണ്ണീർ ഒഴുകി വീണു. അവൾ തേങ്ങി കരഞ്ഞു.
””ഒന്നും കിട്ടാൻ പോകുന്നില്ല ആർത്തി പണ്ടാരമേ നിങ്ങൾക്ക്. സ്വത്തു മോഹിച്ചു കറുത്ത എന്നെ മംഗലം ചാർത്താൻ ആര് പറഞ്ഞു. നോക്കിക്കോ സ്വയം ഒടുങ്ങും ഞാൻ””.യമുന സങ്കടം സഹിക്കാനാവാതെ തേങ്ങി കൊണ്ട് പറഞ്ഞു.
“”ഹും.. ആവണിപുരം നാടു വാഴി തമ്പുരാക്കന്മാരുടെ അനന്തരാവകാശികളാണത്രെ.. വാക്കിന് വിലയില്ലാത്ത തെണ്ടി പരിശകള്…തൂഫ്ഫ്… കോവിലകത്തെ പരിചാരികക്ക് ഒളി സേവയിൽ
ഉണ്ടായതാണോ നിന്റെ തന്ത തമ്പുരാൻ. അതാവും തന്തേം മോളും ഇത്ര കറുപ്പും
വാക്ക് പാലിക്കാത്തതും””.വിനീത് ഇങ്ങനെ പരിഹസിച്ചു കൊണ്ട് ആ
മുറിയുടെ വലിയ വാതിൽ വലിച്ചടച്ചു കൊണ്ട് ഇറങ്ങി പോയി. ആ ശബ്ദം കൊട്ടാരത്തിൽ അലയടിച്ചു.
യമുന കണ്ണുകൾ തുടച്ചു കൊണ്ട് എഴുന്നേറ്റു. നൂൽ ബന്ധമില്ലാതെ കിടന്നിരുന്ന അവൾ വലിയ നില കണ്ണാടിയുടെ മുമ്പിൽ പോയി നിന്നു. അന്തപുര മുറിയിലെ മഞ്ഞ വെളിച്ചത്തിൽ
അവളുടെ കറുത്ത ശരീരം കൂടുതൽ തിളങ്ങി കണ്ടു. വലം പിരി ശംഖ് തോൽക്കും കഴുത്തും തന്റെ കറുത്തു തടിച്ച സ്തനങ്ങളും അവൾ ആവേശത്തോടെ നോക്കി.
ചുളിവുകൾ വീഴാത്ത ഒതുങ്ങിയ വയറും വിരിഞ്ഞ അരക്കെട്ടും അവൾ കണ്ണാടിയിൽ കണ്ടു. കടഞ്ഞെടുത്ത തുടക്കാമ്പുകളും അവൾ നോക്കി.
ഒന്ന് താളത്തിൽ തിരിഞ്ഞു നിന്നപ്പോൾ അവളുടെ പിന്നഴകിനെ മറച്ചു കരിങ്കരിപ്പാർന്ന കാർകൂന്തൽ തിളങ്ങി നിന്നു.
””എണ്ണക്കറുപ്പാണെങ്കിലും ഞാനുമൊരു പെണ്ണല്ലേ. വടിവൊത്ത ഒരു പെണ്ണുടൽ എനിക്കുമില്ലേ. കാണാനും മുഖശ്രീ ഇല്ലേ എനിക്ക്. അപ്പൊ ഞാനും സുന്ദരിയല്ലേ. എന്നിട്ടും അദ്ദേഹമെന്താ എന്നോട് ഇഷ്ടം
കൂടാത്തത്.. ഇതെന്താ ഇങ്ങനെ കറുത്തിട്ട് ഞാൻ. ഞാൻ കറുത്ത തമ്പുരാട്ടിയല്ലേ. വേറെ എവിടെയെങ്കിലും ഉണ്ടോ കറുത്ത തമ്പുരാട്ടികൾ.. ഞാൻ കണ്ടിട്ടില്ല. കഥകളിലൊക്കെ വെളുത്ത തമ്പുരാട്ടികളാ. ഞാൻ മാത്രം കറുത്തിട്ട്””.
യമുന കണ്ണാടി നോക്കി പിറുപിറുത്തു. പെട്ടെന്ന് അവളുടെ ശിരസ്സിനുള്ളിൽ കുഞ്ഞു കുഞ്ഞു ഓളങ്ങൾ പലതായി വെട്ടി. ചിത്തം കയറിയ അവൾ താഴെ വീണു മയങ്ങി.
ദേഷ്യത്തിൽ പിറു പിറുത്തു കൊണ്ട് കൊട്ടാരത്തിന്റെ നീണ്ട ഇടനാഴിയിലൂടെ വിനീത് നടന്നു. അയാളുടെ കറുത്ത ഷൂസിന്റെ ശബ്ദം അവിടെ പ്രതി ധ്വനിച്ചു. നടന്നു നടന്നയാൾ കൊട്ടാരത്തിന്റെ പൂമുഖ മാളികയിലെത്തി.
ഗംഗയുടെ അച്ഛൻ ആവണി പുരം ഇളയ വിനായകൻ തമ്പുരാൻ പൂമുഖത്ത് ഇരിപ്പുണ്ടായിരുന്നു. അദ്ദേഹത്തെ കണ്ട വിനീത് ഒന്ന് പരുങ്ങി.
പിന്നെ നട മാളികയിലെ നട വാതിലിലൂടെ പുറത്ത് കടക്കാൻ ആഞ്ഞു. വിനായകൻ തമ്പുരാൻ ശങ്കയോടെ എഴുന്നേറ്റ് വിനീതിന്റെ പുറകേ ചെന്നു.
””അവിടെ നില്ല് വിനീത്.. ഈ അന്തി നേരത്ത് താൻ എവിടേ പോണൂ?””. വിനായകൻ തമ്പുരാൻ പരുഷമായി ചോദിച്ചു.
””എനിക്കൊന്ന് പുറത്തേക്ക് പോണം””.. വിനീത് തമ്പുരാന്റെ മുഖത്തേക്ക് നോക്കാതെ കനത്ത സ്വരത്തിൽ പറഞ്ഞു.
“”ഇയാളിപ്പോ എവിടേം പോണില്ല””.ഇളയ വിനായകൻ തമ്പുരാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. പിന്നെ പുറത്തേക്ക് പാളി നോക്കി.””കുഞ്ഞി കുട്ടാ.. ആ ഗെയിറ്റങ്ങ് പൂട്ടിയേക്കൂ.ആരേം പുറത്തേക്ക് വിടണ്ട””.ഇളയ വിനായകൻ തമ്പുരാൻ
ഉറക്കെ വിളിച്ചു പറഞ്ഞു. പിന്നെ വിനീതിനെ നോക്കി.””മകനേ…ആ ബെൻസിന്റെ താക്കോൽ ഇങ്ങോട്ട് തന്നിട്ട് പോയി കിടന്നുറങ്ങൂ””..
വിനീത് ദേഷ്യത്തിൽ പല്ലിറുമ്മി. ഒന്നും മിണ്ടാതെ താക്കോൽ തമ്പുരാന്റെ കയ്യിൽ കൊടുത്തു. അദ്ദേഹത്തിന്റെ മുഖത്തേക്ക് കനപ്പിച്ചു നോക്കി കൊണ്ട് തിരിഞ്ഞു നടന്നു. “”രാജ ഭരണം അവസാനിച്ചു
ജനാധിപത്യം വന്നതൊന്നും ഈ തന്ത രാജാവ് അറിഞ്ഞില്ലേ ആവോ. ഇപ്പോഴും കല്പ്പിക്കുന്നു””.. നടക്കുന്നതിനിടെ വിനീത് പിറു പിറുത്തു. തമ്പുരാൻ ഒരു
പരിഹാസ ചിരിയോടെ വിനീതിനെ നോക്കി. വിനീത് പിന്നെ അന്തപുരത്തിലേക്ക് പോയില്ല. എവിടെയോ പോയി കിടന്നു മയങ്ങി…
“”ർണിം… ർണിം… ർണിം””…. വിനീതിന്റെ മൊബൈൽ ഫോണിലെ അലാറം മുഴങ്ങി.. അവൻ ഞെട്ടിയെഴുന്നേറ്റു. “ഛെ… സ്വപ്നമായിരുന്നോ”.അവൻ നിരാശയോടെ എഴുന്നേറ്റിരുന്നു.
“”എന്നാലും ഇത്രയും തന്മയത്വത്തോടെയുള്ള സ്വപ്നം ഞാൻ ഇത് വരെ കണ്ടിട്ടില്ല. കറുത്തൊരു രാജ കുമാരിയും, ഞാൻ അവളുടെ ഭർത്താവും, രാജ കൊട്ടാരവും, രാജാവും”.. അവൻ മനസ്സിൽ ചിരിച്ചു കൊണ്ട് ഓർത്തു..
അവൻ മൊബൈൽ ഫോണെടുത്തു സമയം നോക്കി.. ആറര മണി..”ഒന്നു കൂടി ഉറങ്ങി നോക്കാം. ചിലപ്പോൾ അതിന്റെ ബാക്കി കണ്ടാലോ”.. വിനീത് തല വഴി പുതപ്പിട്ടു മൂടി കണ്ണടച്ചു കിടന്നു.
അവന് ഉറക്കം വരുന്നില്ല. മനസ്സിൽ വീണ്ടും ആ സ്വപ്നത്തിലെ രംഗങ്ങൾ അലയടിച്ചു കൊണ്ടിരുന്നു. നെഞ്ചിൽ എന്തോ ഒരു ഭാരം കയറ്റി വെച്ച പോലെ അവന് തോന്നി.”എന്നാലും ഇങ്ങനെയൊരു സ്വപ്നം കാണാൻ കാരണമെന്താ.
അകാരണമായി ഇത്രയും പുതുമയുള്ളൊരു സ്വപ്നം കാണാൻ വഴിയില്ലല്ലോ”. വിനീത് കിടന്നു കൊണ്ട് അഗാധമായ ചിന്തയിലാണ്ടു.. അവൻ പെട്ടെന്ന് കണ്ണു തുറന്നു ..”അതെ.. ആ കല്യാണ പരസ്യം.. അത് തന്നെ”.. അവൻ
ചാടിയെഴുന്നേറ്റു. പഴയ പത്രങ്ങൾ വെക്കുന്ന മുറിയിലേക്ക് ഓടി പോയി. പത്രകെട്ടുകൾക്കിടയിൽ മുകളിൽ തന്നെ ഉണ്ടായിരുന്നു ഇന്നലത്തെ പത്രം. അവൻ ആ പത്രമെടുത്തു ദൃതിയിൽ പേജുകൾ മറിച്ചു വിവാഹ പരസ്യ കോളം തെരെഞ്ഞെടുത്തു.
“ആവണി പുരം രാജ കൊട്ടാരത്തിലെ യമുന തമ്പുരാട്ടിക്ക് വരനെ തേടുന്നു. ആവണി പുരം ഇളയ വിനായകൻ തമ്പുരാന്റെ ഏക മകൾ. ചോതി നക്ഷത്രം. കറുത്ത നിറം. അഞ്ചടി ഒമ്പതിഞ്ച് ഉയരം.
അനുയോജ്യമായ ആളുകളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു”. പരസ്യം വായിച്ച വിനീത് ഒന്നു ഊറി ചിരിച്ചു.”അപ്പൊ ഇതാണ് ആ സുന്ദര സ്വപ്നത്തിന്റെ രഹസ്യം”.
താൻ കണ്ട സ്വപ്നത്തിന്റെയും വായിച്ച പത്ര പരസ്യത്തിന്റെയും തമ്മിലുള്ള പൊരുത്തം വിനീതിന്റെ ചിന്തകളെ ചികഞ്ഞു വിട്ടു. കുളിയും പ്രാതലും
കഴിഞ്ഞു തന്നെ കോളേജിൽ ചരിത്രം പഠിപ്പിച്ച അധ്യാപകനായ പ്രൊഫസർ കിരൺ ദാസിനെ ഫോണിൽ വിളിച്ചു..
“”ഹലോ സാർ..സാറിന് താല്പര്യം ഉള്ളൊരു വിഷയമുണ്ട്””…. വിനീത് കണ്ട സ്വപ്നവും ആ വിവാഹ പരസ്യവും എല്ലാം എല്ലാം കിരൺ ദാസിനോട് വിശദീകരിച്ചു
“”കൊട്ടാരത്തിലെ തമ്പുരാട്ടിക്ക് വിവാഹം പരസ്യം ചെയ്തെന്നോ?.കൂടെ ആ സ്വപ്നവും…നിനക്ക് സമനില തെറ്റിയോ””.. കിരൺ ദാസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
“”സാർ.. സത്യമാണ്. ഞാൻ ആ വിവാഹ പരസ്യത്തിന്റെ ഫോട്ടോ എടുത്ത് സാറിന്റെ ഫോണിലേക്ക് വിടാം. അപ്പൊ സാറിന് വിശ്വാസമാകും. ഏറ്റവും വലിയ കൗതുകം
എന്താണെന്ന് വെച്ചാൽ അതിലെ മൊബൈൽ നമ്പറിൽ ഞാൻ വിളിച്ചു നോക്കി. സ്വിച്ച് ഓഫാണ്. എന്തൊക്കെയോ നിഗൂഢത ഒളിഞ്ഞിരിക്കുന്നത് പോലെ തോന്നുന്നു സാർ””.
“”വടക്ക് ആവണി പുരം എന്നൊരു സ്ഥലമുണ്ട്. അവിടെ കൊട്ടാരമുണ്ടോ. നാടു വഴികൾ ഉണ്ടോ എന്നൊന്നും അറിയില്ല. എന്തായാലും നമുക്ക് നാളെയൊന്ന് വെറുതെ പോയി നോക്കാം””. കിരൺ ദാസ് പറഞ്ഞു.
പിറ്റേന്ന് രാവിലെ ഇരുവരും ബസ്സിൽ ആവണി പുരം കൊട്ടാരം അന്വേഷിച്ചു പുറപ്പെട്ടു. “”ഒന്നുറപ്പാണ് വിനീത്. സർക്കാർ മ്യൂസിയം ആക്കിയ കൊട്ടാരങ്ങളുടെ ലിസ്റ്റിൽ ഇതില്ല.
അപ്പൊ ഇളയ വിനായക രാജ വംശം അത്ര പ്രശസ്തി നേടിയതാവില്ല””. ബസ്സിലിരിക്കവേ കിരൺ ദാസ് പറഞ്ഞു.
വിനീത് ചിരിച്ചു. ബസ് വേഗത്തിൽ കുതിച്ചു കൊണ്ടിരുന്നു. വൈകുന്നേരം നാല് മണിയോടെ അവർ ആവണി പുരത്തെത്തി. വിജനമായ ആ പ്രദേശത്ത് ബസ്സിറങ്ങിയ അവർ ഒരു ഓട്ടോക്ക് കൈകാണിച്ചു നിർത്തിച്ചു
””ഇവിടെയൊരു പഴയ കൊട്ടാരമില്ലേ. അങ്ങോട്ട് പോട്ടെ””. വിനീത് ഓട്ടോകാരനോട് പറഞ്ഞു. ആ ഓട്ടോകാരൻ അതിശയത്തോടെ ചിരിച്ചു കൊണ്ട് വിനീതിനെ നോക്കി.””ഈ കാട്ടുമുക്കിൽ കൊട്ടാരമോ?””
.അയാൾ കണ്ണ് മിഴിച്ചു.””അതേ.. ആവണി പുരം രാജ കൊട്ടാരം. അവിടൊരു തമ്പുരാനില്ലേ. അദ്ദേഹത്തെ കാണണം””. വിനീത് പറഞ്ഞു
“”ഓ.. അങ്ങനെ വരട്ടെ. അതൊരു കൊട്ടാരമൊന്നുമല്ല സാറെ. അതൊരു പൊളിഞ്ഞു വീഴാറായ കോവിലകമാണ്. ആവണി പുരം കോവിലകം. ഇന്നോ നാളെയോ മറിഞ്ഞു വീഴുമത്.
ആർക്കും വേണ്ടാത്തൊരു വയസ്സൻ തമ്പുരാനും ഒരു ഭ്രാന്തിയായ മോളുമുണ്ട്””.ഓട്ടോക്കാരന്റെ സ്വരത്തിൽ പരിഹാസം നിഴലിച്ചു.
ഇത് കേട്ട വിനീതിന്റെ ഉള്ളിൽ ഒരു ആന്തൽ പാഞ്ഞു.”അപ്പൊ ഞാൻ കണ്ട സ്വപ്നം ശരിയാണ്. ഇതെന്തൊരു മറിമായമാണ്. പക്ഷേ ഇയാൾ ഇങ്ങനെ പരിഹസിക്കുന്നതെന്തിന്”?.
അവൻ പകുതി സന്തോഷത്തോടെയും പകുതി അവിശ്വസനീയതയോടെയും കിരൺ ദാസിനെ നോക്കി.അയാളും അതിശയം നിറഞ്ഞൊരു ചിരി ചിരിച്ചു.
ഓട്ടോ ഓടി തുടങ്ങി. ഇരുവരിലും ജിജ്ഞാസ നിറഞ്ഞ അവിശ്വസനീയത കാരണം ഒന്നും മിണ്ടിയില്ല. ആശങ്ക നിറഞ്ഞ മനസ്സുമായി ഓട്ടോയിൽ പുറത്തേക്ക് നോക്കി ചാരിയിരുന്നു.
ഓട്ടോ അല്പം ഓടി ഒരു ചെമ്മൺ പാതയിലേക്ക് തിരിഞ്ഞു. പാതക്കിരു വശങ്ങളിലും തടിച്ച തേക്കിൻ മരങ്ങൾ നിറഞ്ഞ സ്ഥലം കാടുകൾ പോലെ തോന്നിച്ചു. സമയം അഞ്ച് മണിയോടടുക്കുന്നേ ഉളളൂ.
എങ്കിലും ഇരുണ്ട ഭൂപ്രകൃതി അവരിൽ അല്പം ഭയം ജനിപ്പിച്ചു. കുറച്ചു ദൂരം കൂടി ചെമ്മൺ പാതയിലൂടെ ഓടിയ ഓട്ടോ റിക്ഷ വലിയൊരു തുരുമ്പിച്ച ഗേറ്റിന് മുന്നിൽ ചെന്നു നിന്നു.
””ഇതാണ് സാറമ്മാരെ ആവണി പുരം ഇളയ വിനായകൻ രാജാവിന്റെ കൊട്ടാരം. ഇറങ്ങിക്കോളൂ””. ഓട്ടോ ഡ്രൈവർ പരിഹാസം കലർന്നൊരു ചിരി ചിരിച്ചു. വിനീതും കിരൺ ദാസും ഇറങ്ങി. ഗേറ്റിന് മുകളിലൂടെ അകത്തേക്ക് നോക്കി.
മുറ്റത്തു ആൾ പൊക്കത്തിൽ വളർന്നു നിന്ന പുല്ലുകൾക്കിടയിലൂടെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പായൽ പിടിച്ച ആ കോവിലകം അവർ നോക്കി നിന്നു.
ഇരു വരും ഗേറ്റ് തള്ളി തുറന്നു. തുരുമ്പിച്ച ഇരുമ്പിന്റെ മുരൾച്ച അവിടെ അലയടിച്ചു. ഇരുവരും അകത്തു കയറി. നീളൻ പുല്ലുകൾ വകഞ്ഞു മാറ്റി മുന്നോട്ട് നടന്നു.
“”സാർ ഈ സ്വപ്ന സാക്ഷാൽക്കാരം എന്നൊക്കെയുള്ള സംഗതികൾ മിഥ്യയല്ല എന്നെനിക്ക് മനസ്സിലായി””.വിനീത് പറഞ്ഞു. കിരൺ ദാസ് ചിരിച്ചു. അവർ പൊളിഞ്ഞു കിടക്കുന്ന
കോവിലകത്തിന്റെ മുൻഭാഗത്തിലൂടെ പ്രയാസപ്പെട്ട് ചവിട്ടി കയറി വലിയൊരു വാതിലിനു മുന്നിലെത്തി. വിനീത് ആ വാതിലിനു മുന്നിൽ തൂക്കിയിട്ടിരുന്ന വലിയ മണി മുഴക്കി.
“”സാർ.. ഒരു കാര്യമുണ്ട്. ഞാൻ സ്വപ്നത്തിൽ കണ്ടത് ശരിക്കും ഒരു കൊട്ടാരമാണ്. അത് അതി മനോഹരമാണ്. നടമാളികയും പൂമുഖ മാളികയുമെല്ലാം എന്തെല്ലാം ശില്പങ്ങൾ കൊണ്ടാണെന്നോ അലങ്കരിച്ചിരിക്കുന്നത്.
പൂമുഖ മാളികക്ക് നാല് മുഖപ്പുകൾ ഉണ്ടായിരുന്നു. മാളികക്ക് കിഴക്കേ മുഖപ്പിൽ നിന്ന് പുറത്തായി നാടക ശാലയും വടക്കേ മുഖപ്പിന് അഭിമുഖമായി മണിമാളികയും ഞാൻ കണ്ടതാണ്.
പൂമുഖ മാളികയിൽ നിന്നും പടിഞ്ഞാറേ മുഖപ്പിൽ നിന്ന് താഴേക്കിറങ്ങിയാൽ മന്ത്ര ശാല. പുറത്ത് വേറൊരു കെട്ടിടത്തിൽ
വലിയൊരു നവരാത്രി മണ്ഡപവും.. ഇത്രേം കണ്ടത് എനിക്കോർമ്മയുണ്ട്..ദാ.. ഈ പൂമുഖ മാളിക നേരെ കടന്ന് പോയാൽ അന്തപുരമാണ്. നൂറ്റിയമ്പത് പള്ളിയറകൾ. എല്ലാം പട്ട് കൊണ്ട് അലങ്കരിച്ചതാണ്. നിലത്ത് ചുവന്ന പരവതാനികൾ.
കരി വീട്ടിയിൽ കൊത്തിയെടുത്ത നൂറു കണക്കിന് തൂണുകൾ. മഞ്ഞ നിറത്തിലുള്ള തിളങ്ങുന്ന പട്ട് തുണികൾ കൊണ്ട് ജനാലകൾ അലങ്കരിച്ചിരുന്നു. വർണ്ണ വിളക്കുകൾ എപ്പോഴും കത്തി നിന്നിരുന്നു. പക്ഷേ.. ഈ രൂപമേ അല്ല സാർ””.
വിനീത് ഇങ്ങനെ വിശദീകരിച്ചു കൊണ്ടിരിക്കേ പെട്ടെന്ന് ആ പടുകൂറ്റൻ വാതിൽ മലർക്കേ തുറക്കുന്ന ശബ്ദം അവിടെ മുഴങ്ങി. വാതിലിൽ നിന്നും ചിതലും പൊടികളും കാറ്റിൽ തൂളിച്ചു. ഒരാൾ പുറത്തേക്ക് വന്നു. വിനീതും കിരൺ ദാസും അയാളെ നോക്കി.
കറുത്തു തല നരച്ചൊരു വൃദ്ധൻ. കറുത്ത നിറം. എഴുപത് വയസ്സിനു മുകളിൽ പ്രായം കാഴ്ച്ചക്ക്. മേൽ കുപ്പായം ധരിക്കാത്ത അയാളുടെ ശരീരം ക്ഷീണിച്ചു മെല്ലിച്ചു എല്ലുകൾ തള്ളി കാണപ്പെട്ടു. കഴുത്തിൽ ഒരു സ്വർണ്ണ മാല.
അത് നെഞ്ചിന് താഴെ വരെ നീണ്ടു കിടക്കുന്നു. മുഖത്ത് ക്ഷീണമില്ല. രാജകീയ പ്രൗഡിയും അന്തസ്സും മുഖത്ത് തെളിഞ്ഞു നിന്നു. അയാളെ കണ്ട വിനീത് അത്ഭുതത്തോടെ കണ്ണ് മിഴിച്ചു. “സ്വപ്നത്തിൽ കണ്ട മുഖം തന്നെ പക്ഷേ..
അപ്പൊ കുറച്ചു കൂടി ആരോഗ്യമുണ്ട്. അതിൽ കണ്ട രാജകീയ വേഷമൊന്നും ഇപ്പൊ ദേഹത്തില്ല”. അവൻ ഓർത്തു.
“”ആരാ””.. അയാൾ രാജകീയ ഭാവത്തോടെ കൈകൾ പുറകിൽ കെട്ടി കൊണ്ട് മുരണ്ട ശബ്ദത്തിൽ ചോദിച്ചു.
“”ഇളയ വിനായകൻ തമ്പുരാൻ?””.കൗതുകം സ്ഫുരിക്കുന്ന മുഖത്തോടെ വിനീത് ചോദിച്ചു.
“”അതേ.. അത് നാമാണ്. നമ്മേ തേടി ഇവിടെ അങ്ങനെ ആരും വരാറില്ല. നിങ്ങൾക്കെന്താ കാര്യം?””.
“”ഞങ്ങൾ ഒരു വിവാഹാലോചന പരസ്യം കണ്ടിട്ട് വന്നതാണ്. ഇവിടുത്തെ യമുന തമ്പുരാട്ടിക്ക് വരനെ തേടിയുള്ള പരസ്യം പത്രത്തിൽ കണ്ടു””.. കിരൺ ദാസാണ് മറുപടി പറഞ്ഞത്.
ഇത് കേട്ട വിനായകൻ തമ്പുരാന്റെ കണ്ണുകളിൽ നിന്നും കോപാഗ്നി ചിതറി.ഇരച്ചു കയറിയ അരിശത്താൽ നിന്നു വിറച്ച അയാൾ ഇരുവരേയും മാറി മാറി നോക്കി..
“”നമ്മുടെ പൂർവ്വ പിതാക്കൾ ഈ നാട് ഭരിച്ചിരുന്ന മഹാ രാജാക്കന്മാരാണ്. അധികാരം ഇല്ലെങ്കിലും നാമും ഒരു തമ്പുരാനാണ്. അങ്ങനെ പത്രത്തിൽ പരസ്യം കൊടുത്തു നമ്മുടെ മകൾക്ക് വേളിയെ തെരയേണ്ട കാര്യം നമുക്കില്ല.
അടി മുഖത്ത് വീഴേണ്ടെങ്കിൽ സഥലം വിടുക””. തമ്പുരാൻ വിറച്ചു കൊണ്ട് പറഞ്ഞു..
കിരൺ ദാസും വിനീതും ഒന്ന് ഭയന്നു. പോകാൻ ആഞ്ഞ കിരൺ ദാസിനെ വിനീത് ധൈര്യം സംഭരിച്ചു പിടിച്ചു നിർത്തി.””ഹേയ്.. തമ്പുരാൻ.. ആ കൽപ്പിക്കേണ്ട കാലമൊക്കെ കഴിഞ്ഞു.
നാട്ടിൽ ജനാധിപത്യം പുലർന്നതൊന്നും അങ്ങ് അറിഞ്ഞില്ലേ ആവോ.. നിങ്ങളറിയാതെ ആ പത്ര പരസ്യം എങ്ങനെ വന്നു?””.വിനീത് ഉറക്കെ ചോദിച്ചു.
തമ്പുരാൻ ഞെട്ടി. തിരിച്ചൊരു മറുപടി പ്രതീക്ഷിച്ചതല്ല അയാൾ. പെട്ടെന്ന് അയാളുടെ മുഖം സൗമ്യമാർന്നു. “”ഇവിടെ വന്ന ഒരാളും എന്നോട് ഇങ്ങനെ തിരിച്ചു സംസാരിച്ചിട്ടില്ല.നാമിപ്പൊ ആരുമല്ല
എന്നെന്നെ ബോധ്യപെടുത്തി തന്ന നിങ്ങൾക്ക് അകത്തേക്ക് സ്വാഗതം””.തമ്പുരാൻ പൂമുഖമാളികയിലേക്ക് കയറി. ശങ്കിച്ചു പരസ്പരം നോക്കിയ കിരൺ ദാസും വിനീതും തമ്പുരാന്റെ പിറകെ ചെന്നു. വിശാലമായ ആ പൂമുഖത്ത് ഒരു രാജകീയ മുദ്രയും ഉണ്ടായിരുന്നില്ല.
ചുവരുകൾ വിണ്ടു കീറിയിരുന്നു. അങ്ങിങ്ങായി നാല് നരച്ച പ്ലാസ്റ്റിക് കസേരകൾ. ഒരു കസേരയിൽ തമ്പുരാൻ കാലിന്മേൽ കാല് കയറ്റി വെച്ച് ഇരുന്നു. അവരോട് ഇരിക്കാൻ ആംഗ്യം കാണിച്ചു
“”ഈ നാട്ടിലെ കുറേ തെണ്ടി പരിശകളുണ്ട്. നാമും നമ്മുടെ മകളും അവർക്കൊരു തമാശയാണ്. അവർ ആരെങ്കിലും പറ്റിച്ചതാവും ആ മംഗല്യ പരസ്യം.
ഇടയ്ക്കിടെ ഇങ്ങനെ ചിലർ വരാറുണ്ട്””.. തമ്പുരാൻ പറഞ്ഞു. അയാളുടെ മുഖം വാടിയിരുന്നു.വിനീതും കിരൺ ദാസും മുഖത്തോട് മുഖം മുഖം നോക്കി.
“”എന്തിന് അധികം പറയുന്നു. സർക്കാരിന് പോലും നാമൊരു തമാശയാണ്. ഇങ്ങനൊരു നാടു വാഴി വംശം അവരുടെ കടലാസിൽ ഇല്ലത്രെ. ഈ അടുത്ത കാലത്താ ഈ നാടു വാഴി
പരമ്പരയുടെ ഇളമുറക്കാർക്ക് കൊടുക്കുന്ന പെൻഷൻ പോലും കിട്ടിയത്. ശരിക്കും പറഞ്ഞാൽ പട്ടിണിയാണ്. വില പിടിപ്പുള്ള പലതും പലരും കടത്തി കൊണ്ട് പോയി.
ഇനി ഈ ഇടിഞ്ഞു പൊളിഞ്ഞ പൂമുഖവും നാല് മുറികളും ബാക്കിയുണ്ട്.. അല്ല.. അത് മാത്രമല്ല..ആർക്കും വേണ്ടാത്ത രണ്ട് ജീവനുകളും.””വിനീതും കിരൺ ദാസും നെടുവീർപ്പോടെ എല്ലാം കേട്ടിരുന്നു.
“”നമ്മുടെ പൂർവ്വപിതാക്കന്മാരായ തമ്പുരാക്കന്മാർ എല്ലാരും ക്രൂരന്മാരും ആഭാസന്മാരും ആയിരുന്നൂത്രെ. പ്രജകൾ അത്രത്തോളം വെറുത്തിരുന്നു.
കഴുമരങ്ങളിൽ എന്നും നൂറു കണക്കിന് പ്രജകളെ തൂക്കിയിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്. ആ വെറുപ്പ് തല മുറകൾ കൈമാറി നമ്മുടെ മേലും എത്തി. ആർക്കും നാമിനെയും മകളെയും കണ്ടൂടാ.
പുറത്തിറങ്ങിയാൽ പരിഹാസമാണ്. കുത്തു വാക്കുകളാണ്. സർക്കാർ തരുന്ന പെൻഷൻ കൊണ്ട് ജീവിതം അരിഷ്ടിച്ചു കൊണ്ടു പോകുന്നു. പുറത്ത് പോയൊരു ജോലി ചെയ്യാനും ആവില്ല. നല്ല പ്രായത്തിൽ ആരും ജോലി തന്നില്ല.
നാടുവാഴിയല്ലേ..പൊന്നു തമ്പുരാനല്ലേ.എന്തിനാ ജോലി എന്നാണ് കാഴ്ച്ച പാട്. ആർക്കും നമ്മേ വേണ്ട””… തമ്പുരാന്റെ തൊണ്ടയിടറി. കണ്ണുകൾ നിറഞ്ഞു തുളുമ്പി.
വിനീതും കിരൺ ദാസും പരസ്പരം നോക്കി. രണ്ടു പേരുടെയും കണ്ണുകൾ ചെറുതായി ഈറനണിഞ്ഞു. നെഞ്ച് സങ്കടം കൊണ്ട് വിങ്ങി. അവർ എഴുന്നേറ്റു. “”തമ്പുരാൻ ക്ഷമിക്കണം.
ഞങ്ങൾ ഒന്നും അറിയാതെ ഒരു കൗതുകത്തിന്റെ പേരിലും ഒരു കളി സ്വപ്നത്തിന്റെ പേരിലും ഇറങ്ങി പുറപ്പെട്ടതാണ്. ഞങ്ങൾ ഇറങ്ങട്ടെ””. കിരൺ ദാസും വിനീതും എഴുന്നേറ്റു.
“”സ്വപ്നമോ.. എന്ത് സ്വപ്നം?””.തമ്പുരാൻ ഇങ്ങനെ അതിശയത്തോടെ ചോദിച്ചു കൊണ്ട് എഴുന്നേറ്റു. “”അത് തമ്പുരാൻ…..””.വിനീത് ആ സ്വപ്നത്തെ കുറിച്ച് വിശദീകരിച്ചു. എല്ലാം കേട്ട തമ്പുരാന്റെ മുഖം പ്രസ്സന്നമായി.
മുഖത്തെ രാജ പ്രൗഢി തിരിച്ചു വന്നു. അത്ഭുതത്താൽ കണ്ണുകൾ വിരിഞ്ഞു വട്ടം വെച്ചു. അയാൾ വിനീതിന്റെ തോളിൽ കൈ വെച്ചു..
“”മകനേ… നീ കണ്ടതൊക്കെയും സത്യമാണ്. ഈ കോവിലകം ഒരു കൊട്ടാരം തന്നെ ആയിരുന്നു. അത്രക്കും ഗംഭീരമായിരുന്നു. മുജ്ജന്മ ബന്ധങ്ങളിൽ ഏതോ ഒന്നിൽ നീ രാജ കുമാരനും എന്റെ മകൾ രാജകുമാരിയും ആയിരിക്കണം.
അന്ന് നിങ്ങൾ ഒന്നിച്ചിരുന്നിരിക്കണം. അതിന്റെ ബാക്കി നടക്കണമെന്ന് ദൈവം നിശ്ചയിട്ടുണ്ടെങ്കിലൊ..എല്ലാം ഒരു നിമിത്തമാണ്””.. തമ്പുരാൻ പറഞ്ഞു നിർത്തി. അയാൾ അല്പ ദൂരം നടന്നു.വിനീത് അയാളെ തന്നെ നോക്കി നിന്നു.
””നമ്മുടെ പൂർവ്വ പിതാക്കന്മാർ ചെയ്ത ദ്രോഹത്തിന്റെ വെറുപ്പാണ് നാമും നമ്മുടെ മകളും ഇപ്പോഴും അനുഭവിക്കുന്നത്. നാമും മകളും എന്ത് തെറ്റ് ചെയ്തിട്ടാണ് ഈ ഒറ്റപ്പെടൽ. അത് പോലെ മുജ്ജന്മ സുകൃതം പോലെയുള്ള നിന്റെയീ വരവ് ആ വെറുപ്പിനെ മറികടക്കില്ലേ..
തലമുറകൾ കൈമാറിയ സ്നേഹത്തിന് വെറുപ്പ് വഴിമാറില്ലേ. നിനക്കെന്റെ മകളെ സ്വീകരിച്ചൂടെ. ഈ നരകത്തിൽ നിന്ന് അവളെ രക്ഷപെടുത്തി കൂടെ. ഒരു പാമരനായ വൃദ്ധൻ തമ്പുരാന്റെ അപേക്ഷയാണ്””… തമ്പുരാൻ കരഞ്ഞു കൊണ്ട് കൈകൾ കൂപ്പി.
“”തമ്പുരാനേ… എന്താ ഇത്.. അങ്ങ് ഇങ്ങനെ അപേക്ഷിക്കരുത്. താഴരുത്. ഞാൻ പറഞ്ഞില്ലേ.. ഞാൻ കണ്ട സ്വപ്നത്തിൽ ഞാൻ ക്രൂരനാണ്.
ആഭാസനാണ്. അന്യ സ്ത്രീകളുടെ സുഖം തേടി പോകുന്നവനാണ്. ഒരു പക്ഷേ അങ്ങ് പറഞ്ഞ പോലെ അങ്ങയുടെ പൂർവ്വ പിതാക്കന്മാരുടെ തലമുറയിലെ ഒരാളായിരിക്കാം ഈ ജന്മത്തിൽ ഞാൻ.
ആ സ്വപ്നത്തിൽ സ്വത്ത് മോഹിച്ചാണ് ഞാൻ അങ്ങയുടെ മകളെ വേൽക്കുന്നത്””. വിനീത് തമ്പുരാന്റെ കൈകളിൽ പിടിച്ചു കൊണ്ട് പറഞ്ഞു.
””മകനേ.. രണ്ടു കൊല്ലം മുമ്പ് ഞാൻ പത്രത്തിൽ ഒരു പരസ്യം കൊടുത്തിരുന്നു. മകൾക്ക് വരനെ തേടി കൊണ്ട്. അവളെയെങ്കിലും ഈ തമ്പുരാട്ടി പദവിയിൽ നിന്നൊന്ന് മോചിപ്പിക്കാൻ. ഒരു പാട് പേര് വന്നു.
തേടി വന്നവർ ഇടിഞ്ഞു പൊളിഞ്ഞ ഈ കോവിലകം കണ്ടു ഗേറ്റിങ്ങൽ നിന്നു തന്നെ മടങ്ങി പോകും. ചിലരെ വഴിയിൽ വെച്ചു തന്നെ ദുഷ്ട പ്രജകൾ മടക്കി വിടും. ആ വിവാഹ പരസ്യം വീണ്ടും ശത്രുക്കൾ പത്രത്തിലിട്ടു. ആരും വന്നില്ല.
പക്ഷേ നീ.. നീ തേടിയെത്തി. നീ നന്മയുള്ളവനാ. സ്വപ്നത്തിലെ നീ ഒരിക്കലും ആവില്ല. എനിക്കുറപ്പുണ്ട്. എന്റെ മകളെ രക്ഷിക്കണം””. തമ്പുരാൻ വീണ്ടും കണ്ണീരൊലിപ്പിച്ചു അവന്റെ മുമ്പിൽ കൈകൂപ്പി.
വിനീത് ആകെ തകർന്നു. അവന്റെ മനസ്സ് വിങ്ങി പൊട്ടി. ഉള്ളകം തേങ്ങി. കണ്ണുകൾ ഈറൻ മൂടി. അവൻ നിറഞ്ഞ മിഴികളോടെ കിരൺ ദാസിനെ നോക്കി. “”സാർ””.. അവൻ പതിഞ്ഞ സ്വരത്തിൽ വിളിച്ചു.
കിരൺ ദാസ് പതുക്കെ തമ്പുരാന്റെ അടുത്തേക്ക് ചെന്നു. അയാളുടെ കരം കവർന്നു.””തമ്പുരാൻ… അങ്ങ് ക്ഷമിക്കണം. പെട്ടെന്നൊരു തീരുമാനമെടുക്കാൻ ഞങ്ങൾക്കാവില്ല.
ഇവനൊരു അമ്മയുണ്ട്. അവരോട് ഒന്നാലോചിച്ചു ഞങ്ങൾ വീണ്ടും വരും. ഇപ്പൊ പൊയ്ക്കോട്ടേ””..
””നിങ്ങൾ വീണ്ടും വരുമെന്ന് എനിക്കുറപ്പില്ല. എങ്കിലും എന്റെ മകളെ ഒന്ന് കണ്ടിട്ട് പൊയ്ക്കോളൂ. യമുനേ.. മകളെ ഒന്നിങ്ങു വന്നേ””.. തമ്പുരാൻ തിരിഞ്ഞു നിന്നു വിളിച്ചു. വിനീത് വീണ്ടും അത്ഭുതം കൂറി.”രാജകുമാരിക്കും സ്വപ്നത്തിലെ അതേ പേര്.
എല്ലാം തനിയാവർത്തനമോ”. അവൻ ഉള്ളിൽ പറഞ്ഞു. വിനീതും കിരൺ ദാസും തമ്പുരാൻ നോക്കി വിളിച്ച വഴിയിലേക്ക് നോട്ടമെറിഞ്ഞു. നിമിഷങ്ങൾ കൊഴിഞ്ഞു വീഴവേ പാദസരത്തിന്റെ കിലുക്കം കേട്ടു.
കസവു മുണ്ടും നേര്യതും ഉടുത്തൊരു പെണ്ണുടൽ നടന്നു വന്നു. കാൺകെ അവളെ കൂടുതൽ വ്യക്തമായി. കറുത്ത നിറം തന്നെ. ശരീരം എണ്ണയിൽ കുളിപ്പിച്ചെടുത്ത പോലെ. അന്ന നടയോടെ കൈകൾ വീശി അവൾ നടന്നു വന്നു തമ്പുരാനോട് ചേർന്നു നിന്നു.
വിനീത് കണ്ണുകളെ വിശ്വസിക്കാനാവാതെ ഒന്നു കൂടി ചിമ്മിയടച്ചു. അവളുടെ ആകർഷകമായ മുഖശ്രീയിൽ അവന്റെ കണ്ണുടക്കി. ശരീര വടിവുകൾ ഒപ്പിയെടുത്തു.
””താൻ സ്വപ്നത്തിൽ കണ്ടപോലെ ഇവൾക്ക് ചിത്ത ഭ്രമമൊന്നും ഇല്ലകെട്ടോ. നാട്ടുകാരുടെ പരദൂഷണം കൂടി തന്റെ സ്വപ്നത്തിൽ വന്നെന്ന് മാത്രം””. തമ്പുരാൻ യമുനയുടെ തോളിൽ പിടിച്ചു
കൊണ്ട് പറഞ്ഞു. യമുന ചിരിച്ചു. വെളുത്ത പല്ലുകൾ മുത്തുകൾ കൊഴിഞ്ഞു വീഴുന്നത് പോലെ വിനീതിന് തോന്നി. ഇരുവരും കൊട്ടാരം വിട്ടിറങ്ങി.
“”എടാ… സ്വപ്ന സാക്ഷാൽകാരം എന്നാൽ സ്വപ്നം അതേ പടി ഫലിക്കുക എന്നല്ല അർത്ഥം . ഇപ്പൊ കണ്ടില്ലേ.. അങ്ങനെ ചിലതൊക്കെ””.മടങ്ങും വഴി കിരൺ ദാസ് വിനീതിനോട് പറഞ്ഞു.
വിനീതിന് പിന്നീടങ്ങോട്ട് ഉറക്കമില്ലാത്ത രാവുകളായി. ആവണി പുരത്തേക്ക് പോയതും അവിടെ നടന്നതുമെല്ലാം അവന് വീണ്ടുമൊരു സ്വപ്നം കണ്ടത് പോലെ തോന്നി. മനസ്സ് കലങ്ങി മറിഞ്ഞു.
യമുനയും ഇളയ വിനായകൻ തമ്പുരാനും കോവിലകവുമെല്ലാം ഉള്ളിൽ ഒരു മിത്തായി പതിഞ്ഞു. മറക്കാൻ ശ്രമിക്കുന്തോറും കൂടുതൽ സ്വപ്നാടനങ്ങളിലൂടെ വിനീത് കടന്നു പോയി. അത് അവന്റെ ഓർമ്മകളെ വീണ്ടും കലുഷിതമാക്കി.
ഒരു നോക്ക് മാത്രം കണ്ട യമുന തമ്പുരാട്ടിയെ മുജ്ജന്മ ബന്ധം ഇടക്കെവിടെയോ മുറിഞ്ഞ പോലെ അവനെ അസ്വസ്ഥമാക്കി. കാന്തികമായൊരു ആകർഷണം അവന് തമ്പുരാട്ടിയോട് തോന്നി.
ഒരു ദിവസം അവൻ അമ്മയോട് എല്ലാം തുറന്നു പറഞ്ഞു. അവിശ്വസനീയതയോടെ അമ്മ എല്ലാം കേട്ടു അത്ഭുതം കൂറി.
വിനീതും അമ്മയും കിരൺ ദാസും ഒരിക്കൽ കൂടി ആവണി പുരം കോവിലകത്തിലേക്ക് പുറപ്പെട്ടു. ഗേറ്റിന് മുന്നിൽ കാറ് നിർത്തിയ മൂവരും ആ വലിയ വാതിലിന് മുന്നിൽ തൂക്കിയിട്ടിരുന്ന മണി മുഴക്കി കാത്ത് നിന്നു.
നിമിഷങ്ങൾ കുറേ കഴിഞ്ഞിട്ടും ആരും വന്നു വാതിൽ തുറന്നില്ല..””തമ്പുരാൻ… തമ്പുരാൻ””.. വിനീത് ഉറക്കെ വിളിച്ചു. മറുപടിയില്ല. “”യമുന തമ്പുരാട്ടീ””…വിനീത് വീണ്ടും വിളിച്ചു. വാതിൽ തുറന്നില്ല. അവർ നിരാശയിൽ നിശബ്ദമായി.
പെട്ടെന്ന് എവിടേ നിന്നോ ആരോ മൺ വെട്ടി കൊണ്ട് ഭൂമിയിൽ വെട്ടുന്ന ശബ്ദം കേട്ടു. വിനീത് കാത് കൂർപ്പിച്ചു ആ ശബ്ദം കേട്ടിടത്തേക്ക് പതുക്കെ നടന്നു. പൊളിഞ്ഞു വീണ കോവിലക കെട്ടുകളും കടന്ന് ആ ശബ്ദം അവരെ കോവിലകത്തിന്റെ പുറകിലേക്ക് നയിച്ചു.
ആകാംഷപൂർവ്വം കിരൺ ദാസും വിനീതിന്റെ അമ്മയും വിനീതിനെ അനുഗമിച്ചു. കുറച്ചു കൂടി മുന്നോട്ട് നീങ്ങിയ അവർ ആ കാഴ്ച്ച കണ്ടു ഞെട്ടി..
ഇളയ വിനായകൻ തമ്പുരാനെ തറയിൽ വെളുത്ത പട്ടു പുതച്ചു കിടത്തിയിരിക്കുന്നു. യമുന തമ്പുരാട്ടി കുഴി വെട്ടുകയാണ്.. അവൾ തേങ്ങുന്നുണ്ടോ എന്ന് വിനീതിന് തോന്നി..””യമുന തമ്പുരാട്ടീ.. തമ്പുരാൻ””..
വിനീത് തൊണ്ട പൊട്ടുമാറുച്ചത്തിൽ അലറി..തമ്പുരാട്ടി ഞെട്ടി തിരിഞ്ഞു നോക്കി. വിനീത് നിറഞ്ഞ കണ്ണുകളോടെ അവളുടെ അടുത്തേക്ക് നടന്നു.
കുനിഞ്ഞു തമ്പുരാന്റെ മുഖത്തെ തുണി മാറ്റി നോക്കി. രാജകീയ പ്രൗഢി അപ്പോഴും തമ്പുരാന്റെ മുഖത്ത് മികച്ചു നിന്നു. വിനീത് പതുക്കെ വിതുമ്പി.
“”ഇന്ന് രാവിലെയാണ് അച്ഛൻ തമ്പുരാൻ തീപെട്ടത്. വീണു കിടക്കുന്നതാ ഞാൻ കണ്ടത്.രാജകീയ ആചാര പ്രകാരം തേക്കിൻ മുട്ടികളിൽ ദഹിപ്പിക്കേണ്ടതാണ് അച്ഛൻ തമ്പുരാനെ.. പക്ഷെ””.. യമുന
ഏങ്ങലടിച്ചു. “”ഒരു തേക്ക് മരം പോലും കൊട്ടാര വളപ്പിൽ ഇല്ല. ഗവണ്മെന്റും കൊള്ളക്കാരും എല്ലാം കൊണ്ട് പോയി. ഞങ്ങൾക്കാരുമില്ല. ഇപ്പൊ.. ഇപ്പൊ ഒരു കുഴി വെട്ടി തരാൻ പോലും എനിക്കാരുമില്ല “”.. യമുന പൊട്ടി കരഞ്ഞു..
വിനീത് ആ മൺ വെട്ടി വാങ്ങി കുഴി വെട്ടി. തമ്പുരാന്റെ ചേതനയറ്റ ശരീരം മറവ് ചെയ്തു. വിനീതിന്റെ അമ്മ യമുന തമ്പുരാട്ടിയെ കോവിലകത്തിനകത്തേക്ക് കൂട്ടി കൊണ്ട് പോയി.
കോവിലകത്തിൽ മൗനവും ദുഃഖവും തളം കെട്ടി. യമുന തമ്പുരാട്ടി തനിച്ചിരുന്നു തേങ്ങി കരഞ്ഞു. കുറച്ചു ദിവസം അവർ കൊട്ടാരത്തിൽ തങ്ങി യമുന തമ്പുരാട്ടിക്ക് ആശ്വാസമേകി. ഒരു ദിവസം അവർ തിരികെ പോകാൻ തീരുമാനിച്ചു.
“”വിനീതേ..ഈ തമ്പുരാട്ടിയെ നമുക്ക് കൊണ്ടു പോയാലോ. അതിവിടെ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കുമെടാ. അതിന്റെ മുഖത്തേക്കൊന്ന് നോക്ക്. എന്തൊരു രാജ പൊലിമയാണ്.എന്തൊരു പ്രമാണിത്വം.
നിന്റെ സ്വപ്നം ഈ പാവത്തിനെ മോചിപ്പിക്കാൻ ഭഗവാൻ കാണിച്ചു തന്നതാവും. അതിന് നീ നിമിത്തമാകുമെങ്കിൽ അതിൽ പരം പുണ്യമെന്ത്””.. വിനീതിന്റെ അമ്മ
പറഞ്ഞു. അവന്റെ മനസ്സ് സന്തോഷത്താൽ തുടിച്ചു. മുഖം ചുവന്നു വിടർന്നു. “”പോയി വിളിച്ചു നോക്ക്””. കിരൺ ദാസും പറഞ്ഞു.
വിനീത് യമുന തമ്പുരാട്ടിയുടെ അടുത്തേക്ക് പതുക്കെ നടന്നു ചെന്നു.””ഞങ്ങൾ ഇറങ്ങാണ് തമ്പുരാട്ടി. ഇവിടെ ഒറ്റയ്ക്ക് ഇനി എങ്ങനെ. എന്റെ കൂടെ വരുന്നോ. ഞാൻ കണ്ട
സ്വപ്നത്തിലെ രാജ കുമാരിയാവാൻ. ഈ ജന്മം കൂടി പൂർത്തീകരിക്കാൻ””..അവൻ മടിച്ചു മടിച്ചു പറഞ്ഞു. തമ്പുരാട്ടി പെട്ടെന്ന് എഴുന്നേറ്റു. ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു പോയി ഒരു മുറിയിൽ കയറി വാതിലടച്ചു.
എല്ലാരും നോക്കി നിൽക്കെ സർവ്വാഭരണ വിഭൂഷിതയായി യമുന തമ്പുരാട്ടി ഇറങ്ങി വന്നു. അരയിൽ സ്വർണ്ണ പട്ട, മാറിൽ രണ്ട് ശരപ്പൊളി മാലകൾ. അറ്റത്തെ പതക്കങ്ങളിൽ ഒന്നിൽ മരതകവും ഒന്നിൽ പവിഴവും പിടിപ്പിച്ചിരിക്കുന്നു.
നെറ്റിയിൽ വൈഡൂരവും ഇന്ദ്രനീലവും പിടിപ്പിച്ച വീതിയേറിയ സ്വർണ്ണ പട്ടം. കയ്യിൽ വലിയ സ്വർണ്ണ കടക വളകൾ. പാദസരത്തിന്റെ അലുക്കുകൾ കിലുക്കി
അവൾ നടന്നു വരുന്നത് എല്ലാരും കണ്ണ് മിഴിച്ചു നോക്കി. അവൾ ചിരിച്ചു കൊണ്ട് വിനീതിന്റെ മുഖത്ത് നോക്കി പുഞ്ചിരിച്ചു.
“”ഇത് കണ്ടോ തമ്പുരാനേ..ഇതിൽ ഒരു ശരപ്പൊളി മാലക്ക് ലോക വിപണിയിൽ കോടികൾ വില വരും. ഇങ്ങനെ നൂറുകണക്കിന് സ്വത്തുക്കൾ ആരും
കാണാത്ത ഈ കോവിലകത്തിന്റെ നിലവറകളിൽ നിറഞ്ഞിരിപ്പുണ്ട്.. എല്ലാം അച്ഛൻ തമ്പുരാന്റെ പിതാമഹൻമാർ പ്രജകളെ ദ്രോഹിച്ചു നേടിയതാണ്. ജീവനിൽ ഭയന്നു അവർ കാണിക്കകളായി
അർപ്പിച്ചതാണ്. അടിയാന്റെയും കുടിയാന്റെയും കണ്ണീരിന്റെയും ചോരയുടെയും മണമുണ്ട് ആ സ്വത്തുക്കൾക്ക്. കണ്ണീരിന്റെ ഉപ്പിനാൽ
ഇപ്പൊ എല്ലാം തുരുമ്പെടുത്തു ക്കാണും””. യമുന തമ്പുരാട്ടി വിനീതിന്റെ കണ്ണുകളിൽ നോക്കി പറഞ്ഞു.. വിനീത് ആകെ ഭയന്നു.
“”അങ്ങ് പേടിക്കണ്ട.. ഞാൻ അണിഞ്ഞ ഈ സ്വത്തുക്കളിൽ ആരുടേയും ചോരയും കണ്ണീരും ഒന്നും പതിഞ്ഞിട്ടില്ല. എന്റെ അമ്മ തമ്പുരാട്ടി അണിഞ്ഞിരുന്ന ആഭരണങ്ങളാണിത്.
ഇത് അവരോളം പവിത്രമാണ്. അച്ഛൻ തമ്പുരാൻ കൊടും പട്ടിണിയിലും നിധി പോലെ സൂക്ഷിച്ചു വെച്ചതാണ്. എന്നെങ്കിലും ആരെങ്കിലും എന്നെ വേളി കഴിക്കാൻ വന്നാൽ കൈമാറാൻ.. ഇനി
ഇത് അങ്ങേക്കിരിക്കട്ടെ””..തമ്പുരാട്ടി ഉള്ളം നിറഞ്ഞു ചിരിച്ചു. വിനീത് തമ്പുരാട്ടിയുടെ കൈ പിടിച്ചു കോവിലകത്തിന്റെ പടിപ്പുര കടന്നു…പിന്നാലെ അമ്മയും കിരൺ ദാസും അനുഗമിച്ചു..