ജനിക്കാത്ത യക്ഷി
രചന: മുഹമ്മദ് ഫൈസൽ ആനമങ്ങാട്
സമയം പുലർച്ചെ രണ്ട് മണി. ഉറക്കം വന്നും പോയും ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ ഒന്നായി. മീന മാസ പുലർച്ചെക്കും ചൂട് തന്നെ.
കറുത്ത രജനി ശാന്തമാണ്. മൂങ്ങകളുടെ മൂളലും പേരറിയാത്ത പക്ഷികളുടെ ഹൂ ഹൂ ശബ്ദവും ഇട കലർന്നു കേൾക്കുന്നു. അകമ്പടിയായി ഫാനിന്റെ കിർ കിറാ ശബ്ദവും.
“ഇനി വയ്യെടോ.. ഉറങ്ങൂ… ബാക്കി കഥ നാളെ എഴുതാം”.മസ്തിഷ്ക്കത്തിന്റെ മുന്നറിയിപ്പ് ശരീരം ആസകലം പടരുന്നു.മിഴി പോളകൾ അടയുന്നു. കൈകൾ കുഴയുന്നുണ്ട്.
ഉറക്കം വന്നു പൊതിയാൻ തുടങ്ങുന്നു. ഫോൺ കട്ടിലിലേക്കിട്ടു. കമിഴ്ന്നു കിടന്നു കവിൾ തലയിണയിൽ അമർത്തി കണ്ണടച്ചു. ഉറക്കത്തിലേക്ക് വഴുതി വീണു.
പെട്ടെന്ന് ദേഹത്ത് ഒരു ചുടു നനവ് അനുഭവപ്പെട്ടു. ഞാൻ എഴുന്നേറ്റു നോക്കി.ചോര. കൊഴുത്ത ചുടു ചോര ഒലിച്ചിറങ്ങുന്നു. ദേഹം മൊത്തം ചോരയിൽ കുതിർന്നിരിക്കുന്നു.
നിലം പതു പതുത്ത് വഴുക്കുന്നു. ഞാൻ താഴേക്ക് നോക്കി. ചുവന്ന മാംസ പേശികൾ നിരത്തി വെച്ച പോലെ നിലം മാറിയിരിക്കുന്നു. പൊടുന്നനെ കറുത്ത വസ്ത്രമണിഞ്ഞ ഒരു പെൺ കുട്ടി നിലത്ത് നിന്നും പൊന്തി വന്നു.
ഞാൻ പേടിച്ച് അലറി വിളിച്ചു. ആ പെണ്ണ് ഉറക്കെ ചിരിക്കുകയാണ്. ഭയന്ന് വിറച്ചു ഞാൻ നാല് പാടും നോക്കി. ചുവരുകൾ മാംസ ഭിത്തികളായി മാറിയിരിക്കുന്നു. മേൽക്കൂര മാംസത്തിൽ പൊതിഞ്ഞു ചോര തുള്ളികൾ ഇറ്റിറ്റു വീഴുന്നു.
ചോര കിനിഞ്ഞിറങ്ങുന്ന മാംസ ഭിത്തികൾ. മാംസത്താൽ മൂടപ്പെട്ട മുറിക്ക് ഉരുണ്ട രൂപം. പച്ച മാംസത്തിന്റെ രൂക്ഷ ഗന്ധം. ഞാൻ വീണ്ടും നിലവിളിച്ചു.
“”മനുഷ്യാ.. നീയിപ്പോൾ ഗർഭ പാത്രത്തിനുള്ളിലാണ്. അലറി വിളിക്കണ്ട. പുറത്തേക്ക് കേൾക്കില്ല””. അവൾ ഉറക്കെ വിളിച്ചു പറഞ്ഞു. കൂടെ ഉറക്കെയുള്ള ചിരിയും.
ഒരു വിടവ് എവിടെയോ കണ്ട ഞാൻ അങ്ങോട്ട് ഓടാൻ ശ്രമിച്ചു. പക്ഷേ കാലുകൾ പറിച്ചെടുക്കാനായില്ല.
“”നിനക്ക് പുറത്ത് കടക്കാനുള്ള വഴി തന്നെയാണത്. പക്ഷേ സമയമായില്ല. നിനക്കിപ്പോ മൂന്ന് മാസമാണ് പ്രായം””.. അവൾ പൊട്ടി ചിരിച്ചു.
അവളുടെ മുഖം കറുക്കുന്നത് ഞാൻ കണ്ടു. ക്രൂരമായ ഒരു ഭാവത്തിൽ കണ്ണുകൾ ചുവക്കുന്നു. പല്ലുകൾ ഞെരിച്ചമർത്തുന്നു. കോപത്താൽ ശരീരം വിറക്കുന്നു.
“”മനുഷ്യാ…നിങ്ങളെ ഒരിക്കൽ കൂടി ഗർഭ പാത്രം എന്ന തടവറയിൽ തളക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. നിന്റെ ഓർമ്മകളിൽ പോലുമില്ലാത്ത ആ കാലത്തേക്ക് ബുദ്ധിയുറച്ചു ഈ ലോകത്ത്
സർവ്വ സ്വാതന്ത്ര്യനായി വിലസുന്ന നിന്നെ തള്ളി വിട്ടത് എന്തിനെന്നറിയാമോ. ഈ ലോകത്ത് നിന്ന് നിങ്ങൾ എന്നെ സ്വാതന്ത്ര്യനാക്കിയില്ല.
സ്വാതന്ത്ര്യം കൊതിച്ചു, ജനിക്കാൻ കൊതിച്ചു, ജീവിക്കാൻ കൊതിച്ചു,വെളിച്ചം കാണാൻ കൊതിച്ചു കാത്തിരുന്ന എന്നെ നിങ്ങളിൽ പെട്ട ഒരു മനുഷ്യൻ ഇവിടെ ഇട്ടാണ് കൊന്നു കളഞ്ഞത്””.
ഞാൻ ചാടിയെഴുന്നേറ്റു കണ്ണ് മിഴിച്ചു. “ദൈവമേ…ഞാൻ കണ്ടത് എന്താണ്..സ്വപ്നമാണോ?. എന്ത് ഭീകരമാണ്. ഗർഭ പാത്രത്തിനുള്ളിൽ ഞാൻ. ആ പെണ്ണ് എന്തൊക്കെയാണ് പറഞ്ഞത്.
ശരിക്കും ഞാൻ ഗർഭ പാത്രത്തിൽ തന്നെയാണോ ഇപ്പോൾ?””.. ഞാൻ പേടിയോടെ ചുറ്റും നോക്കി. ഇത് എന്റെ മുറി തന്നെ. മഞ്ഞ പെയിന്റ് അടിച്ച അതേ ചുവരുകൾ. വെളുത്ത മേൽക്കൂര.
ഫാൻ ഉച്ചത്തിൽ കറങ്ങുന്നു. ദേഹത്തേക്ക് നോക്കി. ചോരയൊലിക്കുന്നില്ല. മണത്തു നോക്കി. മാംസത്തിന്റെ ഗന്ധമില്ല. നിലത്ത് ചോര തളം കെട്ടി നിൽക്കുന്നില്ല.
എന്റെ ഭയം അലിഞ്ഞില്ലാതെയായി. ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “”ഹോ.. വെറും സ്വപ്നമാണ്. ഏന്തൊക്കെ സ്വപ്നങ്ങളാണ് കാണുന്നത്””.ഞാൻ പിറു പിറുത്തു കൊണ്ട് വീണ്ടും കിടന്നു കണ്ണടച്ചു.
“”ഹേയ്…മനുഷ്യാ…നിനക്ക് ഉറങ്ങാൻ ആയില്ല..എന്നെ കുറിച്ചൊരു കഥ എഴുതാമോ?””..പെട്ടെന്നൊരു പെൺ സ്വരം. സ്വപ്നത്തിൽ കേട്ട അതേ പെൺ സ്വരം.
“”ങ്ങേ…ആര്?.. ആരാണ്?””..ഞാൻ പിടഞ്ഞെഴുന്നേറ്റിരുന്നു കൊണ്ട് ഉറക്കെ ചോദിച്ചു….നിശബ്ദം..മറുപടിയില്ല.
ഞാൻ അല്പം ഭയത്തോടെ ചുറ്റും നോക്കി. ആര്?..ആരാ എന്റെ മുറിയിൽ?. ആരാ ലൈറ്റ് ഇട്ടത്?. ഞാൻ കെടുത്തിയിരുന്നില്ലേ?. ഉറക്കം വന്നു മുട്ടിയപ്പോൾ മറന്നതാണോ?.
ആയിരിക്കും.. പക്ഷേ…എന്നെ വിളിച്ചത് ആര്?. ഞാൻ എന്നെ നുള്ളി നോക്കി. വേദനിക്കുന്നു. ദൈവമേ ഇത് സ്വപ്നമല്ല. യാഥാർഥ്യമാണ്.
പെട്ടെന്ന് ഉച്ചത്തിലുള്ള ചിരി മുഴങ്ങി. ഞാൻ ഭയന്ന് വിറച്ചു. ആ ചിരിയിൽ വള കിലുക്കവും ചിലങ്കയുടെ സ്വരവും കൂടി കലർന്ന പോലെ എനിക്ക് തോന്നി. നായ്ക്കൾ വല്ലാതെ ഓരിയിടുന്നു.
പേരറിയാത്ത പാതിരാ പക്ഷികളുടെ ഹൂ.. ഹൂ ശബ്ദങ്ങൾ. ചില തരം ജന്തുക്കളുടെ ചിലമ്പലുകൾ. എല്ലാം കൂടി ഒന്നിച്ചു മുഴങ്ങുന്നു. ഞാൻ പകപ്പോടെ കട്ടിലിൽ ഇരുന്നു.
“”ആര്.. ആരാ അവിടെ””.. ഞാൻ ഉറക്കെ വിളിച്ചു ചോദിച്ചു. ശബ്ദത്തിൽ ഭയത്തിന്റെ ഇടർച്ച വരാതിരിക്കാൻ ശ്രദ്ധിച്ചു.
അതേ ചിരി വീണ്ടും മുഴങ്ങി. ഞാൻ ഞെട്ടി വിറച്ചു. ഉമിനീർ ഇറക്കാൻ പ്രയാസപ്പെട്ടു. പക്ഷേ..ആ ചിരിക്കിപ്പോൾ വല്ലാത്ത വശ്യതയും അച്ചടക്കവും. ഏതോ വിദേശ രാജ്യത്തെ വിലകൂടിയ പെർഫ്യൂമിന്റെ സുഗന്ധം മുറിയിൽ ഒഴുകി പരന്നു.
നായ്ക്കൾ ഇപ്പോൾ കുരക്കുന്നില്ല. മൂങ്ങയുടെ മൂളക്കം കേൾക്കുന്നില്ല. ചീവീടുകളുടെ ചീറലും പക്ഷികളുടെ കൂവലും ഇപ്പൊ ഇല്ല. രാത്രിയുടെ ഈ അന്ത്യ യാമം പെട്ടെന്ന് നിശബ്ദമായതെങ്ങനെ.
ഞാൻ പേടിയോടെ എഴുന്നേറ്റു. പെട്ടെന്ന് വാതിലിന്റെ പുറകിൽ നിന്നും കറുത്ത വസ്ത്രമണിഞ്ഞ ഒരു പെൺകുട്ടി മുറിയിലേക്ക് കയറി വന്നു ഭിത്തിയിൽ ഒട്ടി പിടിച്ച പോലെ ചാരി നിന്നു. അവൾ എന്നെ നോക്കി ഉറക്കെ ചിരിച്ചു.
ഭയന്ന് ഞാൻ വിറച്ചു നിലവിളിച്ചു. പക്ഷേ തൊണ്ടയിൽ കുരുങ്ങിയ നിലവിളി പുറത്തേക്ക് വന്നില്ല “”നീ.. നീ ആരാണ്?””..ഞാൻ വിറച്ചു കൊണ്ട് ചോദിച്ചു.
അവൾ ചിരിച്ചു. ആ ചിരി വളരേ ശാന്തമായിരുന്നു.നിരയൊത്ത വെളുത്ത പല്ലുകൾ വെളിയിൽ കൺകെയുള്ള വശ്യമായ ചിരി.
“”ഞാൻ യക്ഷിയാണ്. കുറച്ചു മുമ്പ് നീ സ്വപ്നത്തിൽ കണ്ടില്ലേ എന്നെ. ചില സ്വപ്നങ്ങൾ അങ്ങനെയാണ്.അതിൽ കണ്ട ആളുകൾ മുന്നിൽ പ്രത്യക്ഷപ്പെടും””.അവൾ പറഞ്ഞു.
ഞാൻ ഭയം ഒളിപ്പിച്ചു വെച്ച് അവളുടെ മുഖത്തേക്ക് തന്നെ നോക്കി.അണപ്പല്ലുകൾ നീണ്ടു വരുന്നുണ്ടോ?. കൺ മണികൾ വെളുത്തു വരുന്നുണ്ടോ?.
നാവിൽ നിന്നും ചോരയൊഴുകുന്നുണ്ടോ?. കൈകളിലേക്ക് നോക്കി. നഖങ്ങൾ കൂർത്തു വരുന്നുണ്ടോ. ഇല്ല. ഒന്നും ഇല്ല. അപ്പൊ ഇത് യക്ഷിയോ?.എന്നിലെ ഭയം എങ്ങോട്ടോ പോയി മറഞ്ഞു. ഞാൻ ഉറക്കെ ചിരിച്ചു.
“”ഓഹോ..മോഷ്ടിക്കാൻ കയറിതാണല്ലേ?. പക്ഷേ സ്ത്രീകളിൽ രാത്രി മോഷ്ടാക്കളുണ്ടോ?..അതോ ഭ്രാന്തിക്ക് വഴി തെറ്റിയതോ?. അല്ലെങ്കിൽ ഭർത്താവ് ചവിട്ടി പുറത്താക്കിയതാവും.
അതോ കാമുകൻ വഞ്ചിച്ചോ?. ഇതൊന്നുമല്ലെങ്കിൽ വേശ്യയാവും””.. ഞാൻ ഉറക്കെ പറഞ്ഞു.
അവളുടെ മുഖം വിവർണ്ണമാകുന്നത് ഞാൻ കണ്ടു. തീക്ഷ്ണമായ നോട്ടത്തിനൊടുവിൽ അവൾ ചിരിച്ചു.
“”ഇതൊന്നും അല്ലാത്ത ഒരു പെണ്ണിന് രാത്രി ഇറങ്ങി നടക്കാൻ പാടില്ലേ പുരുഷാ. കാഴ്ച്ചപാട് മാറില്ല അല്ലേ””..
“”ഇറങ്ങി നടന്നോ.. എനിക്കെന്ത് കാര്യം. പക്ഷേ.. എന്റെ വീട്ടിൽ എന്റെ മുറിയിൽ എന്തിന് വന്നു. പുരുഷന് ഒന്നും ചോദിക്കാൻ പാടില്ലേ പെണ്ണേ പെണ്ണിനോട്””.. ഞാൻ അല്പം ദേഷ്യപ്പെട്ടു.
അവൾ ഉറക്കെ ചിരിച്ചു. “”ഞാൻ പറഞ്ഞല്ലോ.. യക്ഷിയാണ്. പ്രേതമാണ്. നിങ്ങളോട് എന്റെ കഥ പറയാൻ വന്നതാണ്. ഞങ്ങൾക്ക് എവിടെയും കയറി വരാം””..
എനിക്ക് വിങ്ങി പൊട്ടിയ ചിരി അടക്കാൻ വല്ലാതെ പാട് പെട്ടു.ഞാൻ അവളെ ചുഴിഞ്ഞു നോക്കി. കറുത്ത നീളൻ ഫ്രോക്കിൽ ചോര തുള്ളികൾ കണക്കെയുള്ള പ്രിന്റുകൾ. വെളുത്ത നിറമാണ്. നല്ല ഉയരം.
ഒതുങ്ങിയ ശരീരം. നിറഞ്ഞു കൂർത്ത മാറിടങ്ങൾ .ചെറി പഴങ്ങൾ പോലെ ചുണ്ടുകൾ. വിടർന്ന മനോഹരമായ കണ്ണുകൾ. നീണ്ട മൂക്ക്. അതീവ സുന്ദരിയാണിവൾ.
കണ്ട പെൺ മുഖങ്ങൾക്കൊന്നും ഇത്രയും സൗന്ദര്യമില്ല. ഉടലുകൾക്ക് ഇത്രയും വശ്യതയില്ല. ഓർമ്മ ചെപ്പുകൾ തുറന്നാൽ പോലും പരിചിത മുഖങ്ങളിൽ ഇത്രത്തോളം ഭംഗിയുള്ളവയില്ല.
എന്റെ മിഴികളിലെ ആകാംഷയും തിളക്കവും അവളിൽ വശ്യമായൊരു ചിരി പടർത്തി. മുമ്പ് ചിരിച്ച പോലെയല്ല. പല്ലുകൾ തിളങ്ങുന്നു. ചുണ്ടുകൾ രണ്ടും ഒരേ അളവിൽ വിടരുന്നു.
കവിളുകൾ മുകളിലേക്ക് ഒരേ അനുപാതത്തിൽ തുടുത്തു കയറുന്നു. വായിൽ നിന്നും വെള്ളി മുത്തുകൾ കൊഴിയുന്നുവോ. എന്തൊരു ഭംഗി ചിരിക്ക്. ഇവൾ ഏത് ലോകത്ത് നിന്നു വരുന്നു. ഭൂമിയിൽ ഇങ്ങനെയൊരു പെണ്ണുണ്ടോ.
“”ഇതാണോ യക്ഷി.. യക്ഷികൾ ഇങ്ങനെ അല്ലല്ലോ””. ഞാൻ സംശയത്തോടെ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു.””അതിന് നീ യക്ഷിയേ കണ്ടിട്ടുണ്ടോ””.
“”ഉണ്ടല്ലോ. സിനിമയിൽ. നീലി കാളി ഭദ്ര എന്നൊക്കെയാവും പേരുകൾ. അവരൊക്കെ വെള്ള സാരി പൊക്കിളും മാറും കാണിച്ചു അലസമായി ഉടുത്ത് മുട്ടോളം മുടി അഴിച്ചിട്ടു പാട്ടും പാടി നിതംബങ്ങൾ കുലുക്കി താളത്തിൽ നടന്നു വരുന്നതായാണ് ഞാൻ കണ്ടിട്ടുള്ളത്.
പോരാത്തതിന് അണപ്പല്ലുകൾ കൂർത്തിട്ടുണ്ടാവും. കണ്ണുകൾ വെളുത്തിരിക്കും. നഖങ്ങൾ കൂർത്തും വരും. ഇതൊന്നും ഇല്ലാത്ത നീ തനി പെണ്ണ്.. അല്ലാതെന്ത്. വിപണിയിലെ ഏറ്റവും പുതിയ മോഡൽ ഫ്രോക്ക്. ചുവന്ന ലിപ്സ്റ്റിക്.
വിദേശത്തു നിന്നും കൊണ്ട് വരുന്ന പെർഫ്യൂമിന്റെ മണം. മോഡേൺ ഹെയർ സ്റ്റൈൽ. എന്നിട്ടും നീ യക്ഷിയാണ് പോലും. ഭൂമിയിൽ ആര് അവസാനിച്ചാലും പിന്നെ ജീവൻ ഇവിടം വിടും.
അത് ദൈവത്തിന്റെ കയ്യിൽ സുരക്ഷിതമായിരിക്കും””.. ഞാൻ ഉറക്കെ ചിരിച്ചു.എന്റെ ചിരി മുഴുമിപ്പിക്കും മുമ്പേ അവൾ ഉറക്കെ ചിരിച്ചു.
“”കണ്ടിട്ടുണ്ടോ ഇങ്ങനെയൊരു പെണ്ണിനെ ഭൂമിയിൽ. ഓർമ്മകളിൽ ഏതെങ്കിലും പരിചിത മുഖങ്ങൾ ഇത് പോലെയുണ്ടോ?.ഇത്രയും സൗന്ദര്യമുള്ള മുഖവും പെണ്ണുടലും കണ്ടിട്ടുണ്ടോ?””.
“”അറിയില്ല. സൗന്ദര്യം അളക്കാൻ എനിക്കറിയില്ല. ഞാൻ ലോക സുന്ദരി മത്സരത്തിന് വിധി കർത്താവായി ഇരുന്നിട്ടൊന്നുമില്ല. ഈ അപ്സരസ്സുകൾ എന്നൊക്കെ കേട്ടിട്ടുണ്ട്. അങ്ങനെ വലതുമാണോ””.
ഞാൻ പരിഹസിച്ചു ചിരിച്ചു.””സത്യം പറ പെണ്ണേ.. ആരാണ് നീ. വെറുതെ മനുഷ്യന്റെ നിയന്ത്രണം തെറ്റിക്കരുത്””.. ഞാൻ അല്പം ദേഷ്യപ്പെട്ടു.
“”യക്ഷി തന്നെയാണ് മനുഷ്യാ. നീ അറിഞ്ഞ യക്ഷികൾ ഈ ഭൂമിയിൽ ജനിച്ചു ജീവിച്ച് മരിച്ചവരാണ്. മോക്ഷം തേടി അവരുടെ ആത്മാക്കൾ പ്രതികാര ദാഹികളായി വരുന്നതാണ്.
ഞാൻ ഈ ഭൂമിയിൽ ഏതാനും ദിവസങ്ങൾ ജീവിച്ചു എന്നല്ലാതെ ജനിച്ചിട്ടില്ല. ജനിക്കാതെ ജീവിച്ചു മരിച്ചവളാണ് ഞാൻ. ആ സ്വപ്നത്തിൽ എല്ലാം കണ്ടതല്ലേ””.അവൾ പറഞ്ഞു. മുഖം മങ്ങുന്നത് ഞാൻ കണ്ടു.എനിക്ക് ഉറക്കെ ചിരിക്കാനും കരയാനും ഒരു പോലെ തോന്നി.
“”അത് വെറും സ്വപ്നം. അങ്ങനെ എന്തെല്ലാം കാണുന്നു. എന്റെ സ്വപ്നങ്ങളിൽ പെണ്ണുങ്ങളും വരാറുണ്ട്. സ്വാഭാവികം. അത്ഭുതം അതല്ല. ഭൂമിയിൽ ജനിക്കാതെ മരിച്ചെന്നോ. ഇവിടെ ജനിക്കാതെ ജീവിച്ചു മരിച്ചെന്നോ?.
അസാധ്യമായ കാര്യം പറയുന്നോ. യുക്തിക്ക് നിരക്കുന്ന വല്ലതും പറയൂ പ്രേതമേ. ഇപ്പൊ മനസ്സിലായി നീ പ്രേതമോ യക്ഷിയോ അല്ല. ഭ്രാന്തിയാണ്.
മുഴു ഭ്രാന്തി. ആരാണ് നിന്റെ ചങ്ങല പൊട്ടിച്ചത്. ഇറങ്ങി പോകുന്നുണ്ടോ ഇവിടുന്ന്. എനിക്ക് ഉറങ്ങണം””. ഞാൻ ഉറക്കെ പറഞ്ഞു.
“”യക്ഷിയല്ല എന്ന് ഉറപ്പുണ്ടെങ്കിൽ ഒരു പുരുഷൻ ഇങ്ങനെ നിർവികാരനായി പേടിച്ചിരിക്കുന്നത് എന്തിന്. ഇത്രയും അടുത്ത് ഒരു സുന്ദരി പെണ്ണിനെ ഒറ്റക്ക് കിട്ടിയിട്ട് വെറുതെ ഇരിക്കുന്നോ””.
അവൾ ഒന്നു കൂടി ചുവരിൽ അമർന്ന് നിന്നു എന്നെ നോക്കി. ശരീര ഭാഷ അല്പം ലോലമായി. അവളൊന്ന് ആടി കുഴഞ്ഞു. ലാസ്യമായ കണ്ണുകളോടെ കാതരയായി അവൾ എന്നെ നോക്കി ചുണ്ടുകൾ നനച്ചു. മുഖത്ത് വശ്യമായ ചിരിയും പടർന്നു.
“”മനസ്സിലായി. കാര്യം നേടാനുള്ള പെണ്ണിന്റെ ഈ അവസാന അടവ് ഇവിടെ ചിലവാകില്ല. ആടി കുഴഞ്ഞ ശരീര ഭാഷയിൽ വീഴില്ല. അധരങ്ങൾ നനച്ചു കാണിച്ചാലും വീഴില്ല””. ഞാൻ ശബ്ദം കനപ്പിച്ചു മുഖം തിരിച്ചു അനങ്ങാ പാറ പോലെ ഇരുന്നു.
അവൾ ഉറക്കെ ചിരിച്ചു. “”ഹും..നിങ്ങൾ ശരിക്കും മാന്യനാണോ..അതോ മാന്യത നടിക്കുന്നുവോ””.
ഞാൻ അവളെ രൂക്ഷമായി നോക്കി. ദേഷ്യം ഇരച്ചു കയറിയെങ്കിലും അടക്കി നിർത്തി. അവൾ ചിരിച്ചു.
“”എനിക്കറിയാം.. നിങ്ങൾ പുരുഷന്മാർ പലപ്പോഴും മാന്യത നടിക്കുന്നതാണ്. സാഹചര്യവും അവസരവും ഒത്തു വന്നാൽ കാണാം ആ മുഖംമൂടി അഴിഞ്ഞു വീഴുന്നത്””.അവൾ പറഞ്ഞു.
“”നിർത്ത്””… ഞാൻ അലറി. “”ഇപ്പൊ അവസരമാണല്ലോ. എന്നിട്ടും ഞാൻ അടങ്ങിയിരിക്കുന്നത് മാന്യതയല്ലേ. പുരുഷന് ശരിക്കും മാന്യൻ ആയിക്കൂടെ. ആയാൽ തന്നെ നിങ്ങൾ അംഗീകരിക്കില്ലേ””..
“”അതിന് നീ പുരുഷൻ തന്നെയാണോ.. അതോ?””..അവൾ പുച്ഛം നിറഞ്ഞു ചിരിച്ചു.ഞൊടിയിടയിൽ എവിടെ നിന്നോ കയറി വന്ന കടുത്ത അപമാനം എന്നെ ശക്തിയിൽ പിടിച്ചെഴുന്നേൽപ്പിച്ചു.
ഞാൻ അവളെ നോക്കി പല്ലിറുമ്മി ക്കൊണ്ട് അവൾക്ക് നേരെ കുതിച്ചു ചെന്നു. അവളെ കെട്ടി പുണരാൻ നോക്കി കൈകൾ നീട്ടി.
എന്റെ കൈകൾ അവളുടെ ദേഹത്തെ തുളച്ചു പോകുന്നു. സ്പർശനം അനുഭവപ്പെടുന്നില്ല. വെറും വായുവിൽ കൈകൾ വീശും പോലെ. ഭയന്ന് വിറച്ചു എന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു.
നാക്കും തൊണ്ടയും വറ്റി വരണ്ടു. ഞാൻ അവളെ ഭയന്നു തുറിച്ച കണ്ണുകളോടെ നോക്കി. എന്റെ വെപ്രാളം കണ്ട് അവൾ ചിരിച്ചു. ഉറക്കെ ചിരിച്ചു.
“”ഇപ്പൊ മനസ്സിലായോ മനുഷ്യാ. ഞാൻ പ്രേതമാണ്. എന്നെ തൊടാൻ കഴിയില്ല. ആ ഉറപ്പുള്ളത് കൊണ്ടല്ലേ ഞാൻ ഈ രാത്രിയുടെ അന്ത്യ യാമത്തിൽ ഒരു ഒത്ത പുരുഷന്റെ മുറിയിലേക്ക് ധൈര്യമായി കയറി വന്നത്.
ജീവിച്ചിരിക്കുന്ന ഒരു പെണ്ണിന് ധൈര്യം വരുമോ. പക്ഷേ.. അവർ ചിലപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും. തന്റെ നേരെ നീളുന്ന കാമ കൈകളിൽ നിന്ന്
രക്ഷപ്പെടാൻ തത്കാലത്തേക്കെങ്കിലും ഉടലൊന്നു എന്നെ പോലെ അലിഞ്ഞു ഇല്ലാതായെങ്കില്ലെന്ന്…അല്ലേ””.അവൾ പറഞ്ഞു. പിന്നെയും ഉറക്കെ ചിരിച്ചു.
എനിക്ക് ഒന്നും മിണ്ടാൻ കഴിഞ്ഞില്ല. ചങ്കിലേക്കിറങ്ങിയ ചെറു നാക്ക് നനക്കാൻ ഉമിനീർ പ്രയാസപ്പെട്ട് ഇറക്കി കൊണ്ട് ഞാൻ അവളെ തന്നെ മിഴിച്ചു നോക്കികൊണ്ടിരുന്നു.
””ഒരു പെണ്ണ് പുരുഷത്വത്തെ കുറിച്ച് സംശയിച്ചപ്പോൾ ആണൊരുത്തൻ സട കുടഞ്ഞെഴുന്നേറ്റത് കണ്ടില്ലേ. വലിയൊരു ഉത്തരവാദിത്വം ആണല്ലേ ആ മുദ്ര ഇങ്ങനെ കൊണ്ടു നടക്കൽ””.. അവൾ പരിഹസിച്ചു ചിരിച്ചു.
“”പേടിക്കേണ്ട മനുഷ്യാ. ഞാൻ ഒന്നും ചെയ്യില്ല. എനിക്ക് ആരെയും ഉപദ്രവിക്കാൻ കഴിയില്ല””.അവളുടെ സ്വരം പെട്ടെന്ന് ആർദ്രമായി. കണ്ണുനീർ പളുങ്കു മണികൾ പോലെ കവിളിലൂടെ ഉതിർന്നു വീണു. മെല്ലിച്ച തേങ്ങലുകൾ കേട്ടു.
ഭയം അല്പം ക്ഷമിച്ചെങ്കിലും ഞാൻ അവളെ കണ്ണ് തുറുപ്പിച്ചു നോക്കി. അവൾ മൃദുവായി ചിരിച്ചു.
“”ഇനിയും മനസ്സിലായില്ലേ. അമ്മയുടെ ഗർഭ പാത്രത്തിൽ നിന്നും ഇല്ലാതായതാണ് ഞാൻ. അല്ല..എന്നെ ഇല്ലാതാക്കിയതാണ് അവർ. അങ്ങനെ ഇല്ലാതായ അനേക കോടി ജീവനുകളിൽ ഒരുവളാണ് ഞാൻ.
അവരിൽ പെട്ട ഒരു നിസ്സഹായ ആത്മാവ് ഭൂമിയിലേക്കിറങ്ങിയതാണ് ഞാൻ. നീ കണ്ടത് പാഴ് കിനാവല്ല””. അവളുടെ കണ്ണുകൾ നനയുന്നത് ഞാൻ കണ്ടു. സ്വരം പതറുന്നത് ഞാൻ കേട്ടു.
എന്നിലെ ഭയം പതുക്കെ അലിഞ്ഞില്ലാതാവാൻ തുടങ്ങി. കൈകാലുകൾ വിറ നിർത്തി നിലത്തുറച്ചു. മനസ്സ് എന്തൊക്കെയോ അനുഭൂതിയിൽ സാന്ദ്രമായി. ഞാൻ കട്ടിലിൽ ഇരുന്നു.
“”മനുഷ്യാ.. നീ അലിവുള്ളവനാണ്. ഞാൻ പറഞ്ഞോട്ടെ എന്റെ കഥ. ഞങ്ങൾക്കും ചിലത് പറയാനുണ്ട് എന്ന് ഉറക്കെ എഴുതുമോ. ക്ഷമയോടെ കേൾക്കുമോ. കഷ്ണങ്ങാക്കി ഏതെങ്കിലും കുഴിയിൽ തള്ളുന്നതോടു കൂടി ഞങ്ങളും വിസ്മൃതിയിലാവും.
പിന്നെ ആരെങ്കിലും ഓർക്കാറുണ്ടോ ഞങ്ങളെ. ഞങ്ങളും ഈ ലോകത്ത് കുറച്ചു നാൾ ജീവിച്ചിരുന്നു എന്ന് ലോകത്തെ ഒന്ന് ഓർമ്മപ്പെടുത്തുമോ?””. അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ചോദിച്ചു.
ഞാൻ ഒന്നും മിണ്ടിയില്ല. കുറച്ചു നിമിഷങ്ങൾ ഞങ്ങൾക്കിടയിൽ മൗനം ഒഴുകി നടന്നു. പുലർ കാല പക്ഷികൾ ചിലമ്പൽ തുടർന്നു. രാത്രിയുടെ നിശബ്ദതയെ ഭേദിക്കാനെന്ന പോലെ ഫാൻ വാശിയിൽ കറങ്ങുന്നു.
ചിന്താ ഭാരത്തിൽ അലഞ്ഞ എന്റെ കണ്ണുകൾ ജനലിനപ്പുറത്തെ കറുത്ത രജനിയുടെ കൂരിരുട്ടിലേക്ക് ചൂഴ്ന്നിറങ്ങി.
“”നിനക്ക് പേരില്ലേ.. ഞാനിത് വരെ ചോദിച്ചില്ല. നീ പറഞ്ഞതുമില്ല””..ഞാൻ ചോദിച്ചു.അവൾ നേർത്തു ചിരിച്ചു. “”ശാന്തി””.. അവൾ പറഞ്ഞു.
“”നല്ല പേര്.. ഈ നാട്ടിൽ ശാന്തി ഇപ്പൊ കിട്ടാ കനിയാണ്. വാ.. ഇവിടെ വന്നിരിക്ക്. നിന്റെ കഥ പറഞ്ഞോളൂ. ഞാൻ കേൾക്കാം. എഴുതാം””. ഞാൻ സന്തോഷത്തോടെ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ ചിരിച്ചു. “”അവിടെ എല്ലാർക്കും ശാന്തി,ദയ, കരുണ, സ്നേഹ എന്നൊക്കെയാണ് പേര്. ഈ ഭൂമിയിൽ ജനിക്കാത്തത് കൊണ്ട് ഞങ്ങൾക്ക് ദുഷ്ടതകളും വിദ്വോഷവും ഒന്നും എന്താണെന്ന് അറിയില്ല.
എല്ലായിടത്തും ശാന്തിയും സമാധാനവും കളിയാടുന്ന മനോഹരമായൊരിടം. സ്വർഗ്ഗമാണവിടം””. അവൾ പറഞ്ഞു പതുക്കെ ചിരിച്ചു.
എനിക്ക് ചിരി പൊട്ടി.””ഇവിടെയും ഉണ്ട് ആ പേരുള്ള കുറേ എണ്ണം. എന്ത് കാര്യം. ജീവിച്ചിരിക്കുന്ന യക്ഷികളാണെന്ന് മാത്രം””.ശാന്തി ഒന്ന് ഊറി ചിരിച്ചു.””എന്താ ഇരിക്കാത്തെ. ഇരിക്കൂ””
അവൾ ചിരിച്ചു. “”എനിക്ക് ഇരിക്കാൻ കഴിയില്ല. നീ ശ്രദ്ധിച്ചില്ലേ. വന്നപ്പോൾ മുതൽ ഞാൻ ഈ ഭിത്തിയിൽ ചാരി നിൽക്കുന്നത്. ഈ ഭൂമിയിൽ വന്നാൽ ഞങ്ങൾക്ക് ഇങ്ങനെ നിൽക്കാനേ കഴിയൂ.
ഞാൻ ഇങ്ങനെ ഒട്ടി ചേർന്ന് നിൽക്കുകയായിരുന്നില്ലേ അമ്മയുടെ ഗർഭാശയ ഭിത്തിയിൽ””..അവളുടെ കണ്ണുകൾ വീണ്ടും ഈറനണിഞ്ഞു.
“”എങ്കിൽ നിന്റെ കഥ പറയൂ. സമയം പോകുന്നു. എനിക്ക് ഉറങ്ങണം. നിനക്ക് നിന്റെ ലോകത്തെക്കും മടങ്ങേണ്ടേ””..ഞാൻ പറഞ്ഞു.
അവൾ ഒരു നെടു വീർപ്പിട്ടു. കണ്ണുകൾ തുടച്ചു.””എന്റെ മാതാ പിതാക്കളിൽ നിന്ന് തന്നെ തുടങ്ങാം. അവർ പ്രണയത്തിലായിരുന്നു. നീണ്ട അഞ്ച് വർഷം തുടർന്ന ദിവ്യ പ്രണയം. കണ്ണിൽ കണ്ണിൽ നോക്കി നേരം കഴിച്ചും
കാണാതിരുന്നാൽ ഒഴിഞ്ഞിരുന്നു നെടുവീർപ്പിട്ടും അനുരാഗം ആ നാളുകളിൽ പവിത്രമായി മുന്നേറി. പറയാതെ പലതും പറഞ്ഞും പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞും അവർ ഹൃദയത്തെ പകുത്തു കൊടുത്തു
സ്നേഹിച്ചു. എല്ലാം പവിത്രമായിരുന്നു. ദിവ്യമായിരുന്നു. അവരുടെ ചിന്തകളിൽ നിറയുന്നത് മുഴുവൻ അവർ ഒന്നാകുന്ന വസന്ത രാവിലെ നിറമുള്ള സ്വപ്നങ്ങളായിരുന്നു””.
“”ഇടക്ക് ഒന്ന് ചോദിക്കട്ടെ. ഇതൊക്കെ നീ എങ്ങനെ അറിഞ്ഞു. ഗർഭാശയം എന്ന ആ ഇരുട്ടറയിലേക്ക് ഭൂമിയിലെ വിവരങ്ങൾ കേൾക്കുമോ””.. ഞാൻ ചോദിച്ചു.അവൾ മനോഹരമായി ചിരിച്ചു.
“”കേൾക്കാം. എന്റെ അമ്മയുടെ ശബ്ദം കേൾക്കാം. അവർ ഓർക്കുന്നത് എനിക്ക് അറിയാം. ചിന്തകൾ എനിക്കറിയാം. പ്രണയിക്കുന്നവർക്ക് ഓർക്കാൻ പ്രണയമല്ലാതെ എന്താണ് ഉണ്ടാവുക.
ആദ്യമായി കണ്ടത് മുതലുള്ള നിമിഷങ്ങൾ ഓർമ്മകളിൽ ഇടയ്ക്കിടെ തെളിയാത്ത ഏത് കമിതാക്കളുണ്ട്. ഞാൻ വയറ്റിൽ ആദ്യമായി ജീവനോടെ പിടച്ചത് മുതൽ അമ്മയുടെ ചിന്തകൾ എനിക്കറിയാം.
പൊക്കിൾ കൊടി എന്ന് പറഞ്ഞാൽ ഭക്ഷണവും വായുവും മാത്രമല്ല അതിലൂടെ കൈമാറുന്നത്.
അമ്മയുടെ വികാരങ്ങളും വിചാരങ്ങളും ചിന്തകളും സംസാരങ്ങളും അതിലൂടെ എന്നിലേക്കെത്തിയിരുന്നു””. അവൾ പറഞ്ഞു. ഞാൻ അവിശ്വസനീയതയോടെ ഒന്ന് ഇരുത്തി മൂളി.
അവൾ തുടർന്നു. “”പ്രണയിച്ചു രസം നിലക്കാൻ തുടങ്ങുമ്പോഴാണല്ലോ പലപ്പോഴും കാമം നുര പൊട്ടുന്നത്. അനുരാഗത്തിന്റെ ഉച്ച സ്ഥായിയിൽ ഇനി കൂടുതൽ ഒന്നും പറയാനും കേൾക്കാനും
ഇല്ല എന്ന് ആദ്യം തോന്നി തുടങ്ങിയത് എന്റെ അച്ഛനാണ്. ഒരു രാത്രി എന്റെ അച്ഛൻ അമ്മ കിടന്നുറങ്ങുന്ന വാതിലിൽ രഹസ്യമായി മുട്ടി വിളിച്ചു. ഞാൻ ഇപ്പൊ നിന്റെ മുറിയിൽ കയറി വന്നത് പോലെ””..
“”അത് ശരി.. അപ്പൊ ആ നിമിഷം നീ അതേ പോലെ ഇപ്പൊ ഇവിടെ പകർത്തിയതാണ് നീ.. അല്ലേ. അതാണോ പുരുഷന്മാരോട് ഇത്ര വിദ്വേഷം””. ഞാൻ ചോദിച്ചു.
“”അതേ.. ഞാൻ അറിഞ്ഞ ഒരേ ഒരു പുരുഷൻ അച്ഛനാണ്. അയാൾ ക്രൂരനായിരുന്നു. ജനിക്കാനുള്ള എന്റെ അവകാശത്തെ നിഷേധിച്ചത് അയാളായിരുന്നു.
എന്നെ കൊന്നു കളയാൻ നിർബന്ധിച്ചത് ആ ക്രൂരനായ പുരുഷനായിരുന്നു.അപ്പൊ ഞാൻ പുരുഷന്മാരെ വെറുക്കാതിരിക്കാൻ കാരണമെന്ത്?””. അവളുടെ വെളുത്ത
മുഖത്ത് കറുപ്പ് പടർന്നു. കണ്ണുകളിൽ അഗ്നി സ്ഫുരിച്ചു. അത് അണക്കാനെന്ന പോലെ വേഗം തന്നെ കണ്ണീരിന്റെ നനവ് കണ്ണുകളിൽ പരന്നു.
ഞാൻ ഒന്നും ഉരിയാടാനാവാതെ അവളുടെ നോട്ടം സഹിക്കാനാവാതെ കണ്ണുകളെ പുറത്തേ ഇരുട്ടിലേക്ക് പായിച്ചു.
“”ആ രാത്രി അവർ ശരീരം കൊണ്ട് ഒന്നായി. വൈകാതെ ഞാൻ അമ്മയുടെ വയറ്റിൽ ഊറി തുടങ്ങി””.
“”ഇടക്കൊന്നു ചോദിക്കട്ടെ. ഗർഭ നിരോധന മാർഗങ്ങൾ ഇത്രയും പുരോഗമിച്ച ഈ കാലത്ത് അങ്ങനെ ഒരു പിഴവ്. വിശ്വസിക്കാൻ പ്രയാസമാണ്””. ഞാൻ ചോദിച്ചു.
അവൾ ചിരിച്ചു. “”സ്നേഹത്താൽ മാത്രം ബന്ധിക്കപ്പെട്ട രണ്ട് ഹൃദയങ്ങൾ ഒന്നിക്കുന്നു. ഹൃദയം പ്രണയത്താൽ നിറഞ്ഞു വിങ്ങി പൊട്ടുമ്പോൾ അത് ശരീരത്തിലേക്ക് പടരുന്നത്
സ്വാഭാവികമല്ലേ. ആ സമയത്ത് എന്തിനെ കുറിച്ചെങ്കിലും ചിന്തിക്കുമോ. അങ്ങനെ ചിന്തിച്ച ചരിത്രമുണ്ടോ. ആവേശം എങ്ങനെയെങ്കിലും അടക്കാനല്ലേ നോക്കുക””.അവൾ പറഞ്ഞു.
ഞാൻ ചിരിച്ചു. “”അങ്ങനെയെങ്കിൽ നിന്റെ അമ്മയും കുറ്റക്കാരിയല്ലേ. ഇവിടെ കവർന്നെടുത്തു നേടിയതല്ലല്ലോ അച്ഛൻ. നീ പീഡനത്തിന്റെ ബാക്കിയുമല്ലല്ലോ””. ഞാൻ ചോദിച്ചു.
“”ആര് കുറ്റം പറയുന്നു. അവിടെ അമ്മയും കുറ്റക്കാരിയല്ല. അച്ഛനും കുറ്റക്കാരനല്ല. പിന്നീടുണ്ടായ കാര്യങ്ങൾക്ക് അച്ഛൻ മാത്രമാണ് ഉത്തരവാദി. ഞാൻ വയറ്റിൽ തുടിച്ച അന്ന് മുതൽ അച്ഛൻ അമ്മയെ നിർബന്ധിക്കുന്നു.
എന്നെ കൊന്നു കളയാൻ. അമ്മ ഒഴിഞ്ഞു മാറി. അമ്മ കുറേ കരഞ്ഞു അയാളുടെ കാല് പിടിച്ചു. ആ കാമാവേശം കയറിയ നിമിഷത്തെ ശപിച്ചു ഒഴിഞ്ഞിരുന്നു കണ്ണീർ വാർത്തു പിറു പിറുക്കുന്നത് ഞാൻ എത്ര തവണ കേട്ടിരിക്കുന്നു.
അല്ലെങ്കിലും കാമത്തിന്റെ നൈമിഷിക സുഖത്തിനപ്പുറം കണ്ണീരും നെടു വീർപ്പും ബാക്കിയാവുന്നത് പെണ്ണിന് മാത്രമാണല്ലോ അല്ലേ. അച്ഛൻ വിട്ടു പോകുമെന്നായപ്പോൾ അമ്മ മനസ്സില്ലാ മനസ്സോടെ സമ്മതം മൂളി.
ഗതികേട് കൊണ്ട്. ഭാവി ജീവിതം ഇരുളിലാവുമെന്ന പേടി കൊണ്ട്. ഒറ്റപ്പെട്ടു നരകിച്ചു ജീവിക്കേണ്ടി വരും എന്ന പേടി കൊണ്ട്””.. അവൾ വിതുമ്പാൻ തുടങ്ങി.ഞാൻ നിശബ്ദമായി അവളെ തന്നെ നോക്കി.
“”അപ്പോഴേക്കും എനിക്ക് മൂന്ന് മാസം ആയിരുന്നു. എന്റെ എല്ലുകൾ ബലം വെച്ചു തുടങ്ങിയിരുന്നു. തൊലി കനപ്പെട്ടു വന്നിരുന്നു. എന്നെ കൊല്ലുന്നതിന്റെ തലേന്ന് അമ്മക്ക് അച്ഛൻ വാങ്ങി കൊടുത്ത ഐസ് ക്രീമിന് എന്ത് മധുരമായിരുന്നെന്നോ.
പക്ഷേ.. അമ്മ കുടിച്ച കണ്ണീരിൽ ആ മധുരത്തിന് പിന്നെ ഉപ്പു രുചി കൂടി ചേർന്നു. എല്ലാം ഞാൻ അറിയുന്നുണ്ടായിരുന്നു. അന്ന് അച്ഛൻ അമ്മയോട് കാണിച്ച കപട സ്നേഹം
എനിക്ക് എത്ര മാത്രം അസ്വസ്ഥതയുണ്ടാക്കിയെന്നോ. ഒരു ദിവസം ഏതോ ഒരു ഉപകരണം എനിക്ക് നേരെ നീണ്ടു വരുന്നത് ഞാൻ കണ്ടു.
ഒഴിഞ്ഞു മാറാൻ നോക്കി. പക്ഷേ അനങ്ങാൻ പറ്റിയില്ല. അതിന് മാത്രമുള്ള ആരോഗ്യം എനിക്ക് ആയില്ലല്ലോ. അവസാനം ഞാൻ കൊടിയ വേദന സഹിച്ച്””….
“”മതി ശാന്തി…നിർത്ത്…എനിക്ക് വയ്യ ഇനി കേൾക്കാൻ””.. ഞാൻ ഉറക്കെ പറഞ്ഞു. അവൾ പൊട്ടി കരഞ്ഞു. ഞാൻ എഴുന്നേറ്റു ജനലിനരികിൽ പോയി പുറത്തേക്ക് കുറച്ചു നേരം നോക്കി നിന്നു.
“”ഹേയ്.. ബാക്കി കേൾക്ക്.. കഴിഞ്ഞില്ല. ഞങ്ങളുടെ കഥകൾ പോലും കേൾക്കണ്ടേ മനുഷ്യാ നിനക്ക്. ജീവിക്കാനുള്ള അവകാശമോ നിഷേധിച്ചു””. അവൾ കണ്ണുകൾ തുടച്ചു കൊണ്ട് ഉറക്കെ പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കി ചിരിച്ചു.
“”ഞാൻ ഈ ഭൂമിയിൽ ജീവിച്ചു. പക്ഷേ ജനിച്ചില്ല. എന്നിൽ ജീവൻ തുടിച്ചത് ഒരു മാസം മാത്രമാണ്. ആ ഇരുട്ടറയിൽ ഉറച്ചു കനമേറിയ ചുവന്ന മാംസ പാളികളാൽ ചുറ്റപ്പെട്ട സ്ത്രീക്ക് മാത്രം ദൈവം
കനിഞ്ഞു നൽകിയഒരു വലിയ അനുഗ്രഹീത ലോകമാണത്. കണ്ണുകൾ കീറി തുടങ്ങിയ ഞാൻ കണ്ട നിറങ്ങൾ കറുപ്പും ചുവപ്പുമാണ്. ആ നിറങ്ങൾ തന്നെയാണ് ഞങ്ങളുടെ ആത്മാക്കൾ കുടിയേറിയ ലോകത്തും .
ഭൂമിയിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട മുത്തുകളാണ് ഞങ്ങൾ. നിങ്ങൾക്ക് വിലയില്ലാത്ത ജീവനുകളാണ് ഞങ്ങളുടെ ലോകത്ത് ജീവിക്കുന്നത്. അവിടെ എല്ലാം മനോഹരമാണ്. കറുത്ത മരങ്ങൾക്ക് ചുവന്ന ഇലകളാണ്.
അരുവികളിൽ ഒഴുകി നടക്കുന്നത് ചുവന്ന ജലമാണ്. എങ്കിലും തേനിനേക്കാൾ മധുരമാണ്. മാംസ കഷ്ണങ്ങൾ കൊണ്ട് പടുത്തുയർത്തിയ വീടുകളാണ്. പശിമയാർന്ന കൊഴുത്ത മണ്ണാണ്.
നിറങ്ങൾ കറുപ്പും ചുവപ്പുമാണ്. ഭൂമിയിൽ ജീവിക്കാത്തത് കൊണ്ട് ഞങ്ങൾക്ക് വഞ്ചന എന്താണെന്ന് അറിയില്ല. ചതിക്കാൻ അറിയില്ല. കളവ് പറയാൻ അറിയില്ല. നിഷ്കളങ്കരാണ് ഞങ്ങൾ””.
“”ഒന്ന് ചോദിക്കട്ടെ.നിന്റെ ലോകത്ത് ആൺ കുട്ടികൾ ഇല്ലേ. ഒന്നുമല്ല. പ്രേതത്തെയും യക്ഷിയെയും കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ ഒരു പ്രേതനെയും യക്ഷനെയും കുറിച്ച് കുറിച്ച്
കൂടുതൽ പറഞ്ഞു കേട്ടിട്ടില്ല. ഞങ്ങൾ പുരുഷന്മാരെല്ലാം പൂർണ്ണ സംതൃപ്തിയോടെയാണോ മരിക്കുന്നത്?. ഞങ്ങളുടെ ആത്മാക്കൾക്ക് മോക്ഷം താനേ കിട്ടുന്നുണ്ടോ. അതോ ഇവിടുത്തെ പല പുരുഷന്മാരെ പോലെ അവിടെയും
അവർ സങ്കടം ഉള്ളിലൊതുക്കി കരച്ചിൽ അടക്കി പിടിച്ചു ജീവിക്കുകയാണോ. ആണത്തം എന്ന ഒരു പ്രഹേളികയും തലയിലേറ്റി നീറി നീറി കഴിയുകയാണോ””.ഞാൻ ചോദിച്ചു.
അവൾ ചിരിച്ചു. “” ആ ലോകത്തെ കുറിച്ച് എനിക്കറിയില്ല..ഞങ്ങളുടെ ലോകത്ത് ആൺ കുട്ടികൾ കുറവാണ്. ഗർഭ പാത്രത്തിലേക്ക് കണ്ണും നട്ടു ഇരിക്കുന്ന ഒരു കാലമുണ്ടായിരിന്നല്ലോ.
മാംസ പിണ്ടത്തിൽ ലിംഗം മുളക്കുന്നോ യോനി പിളരുന്നോ എന്ന് നോക്കി നിന്നിരുന്ന ഒരു കാലം. ആ കാലത്ത് വന്നവരൊക്കെ എന്നെ പോലെ സുന്ദരികളാണ്.
ഇപ്പോൾ ഒന്നും നോക്കാറില്ലല്ലോ. ഏത് ജീവനാണെങ്കിലും ഇഷ്ടമില്ലെങ്കിൽ പറിച്ചു കളയുകയല്ലേ. കണ്ണിൽ ചോരയില്ലാതെ””.. അവൾ പറഞ്ഞു. കണ്ണുകൾ വീണ്ടും ആർദ്രമാകുന്നത് ഞാൻ കണ്ടു. ഞാൻ നിശബ്ദനായി എങ്ങോട്ടാ നോക്കി.
“”അറിയണം ശാന്തീ.. നീ അറിഞ്ഞ ഒരേ ഒരു പുരുഷൻ മാത്രമല്ല ലോകത്ത്. അറിയുമോ നിനക്ക്. ഗർഭമുണ്ട് എന്ന് അറിഞ്ഞത് മുതൽ പെണ്ണിനെ ഉള്ളം കയ്യിൽ കൊണ്ട് നടക്കുന്ന പുരുഷന്മാരുണ്ട്.
അന്ന് മുതൽ പ്രസവം വരെയുള്ള ചെലവുകൾക്കായി നെട്ടോട്ടമൊടുന്ന ആണൊരുത്തന്മാരുണ്ട്. എങ്ങനെയൊക്കെ സ്നേഹിക്കണം എന്ന കാര്യത്തിൽ മനസ്സ് സംഘർഷമാകുന്ന നിമിഷങ്ങളുണ്ട്. അവൾക്ക് ഒന്നിനും ഒരു
കുറവും വരുത്താതെ തന്റെ സുഖങ്ങൾ മാറ്റി വെച്ച് ഉറക്കം വരാത്ത രാത്രികളെ തള്ളി ജീവിക്കുന്ന പുരുഷ ജീവനുകളുണ്ട്. പ്രസവ മുറിയിൽ ഭാര്യ
അനുഭവിക്കുന്ന മരണ സമാന വേദനയേക്കാൾ വേദന ആ മുറിക്ക് പുറത്തിരുന്ന് ഭർത്താക്കന്മാർ മാനസികമായി അനുഭവിക്കുന്നുണ്ട്. പക്ഷേ.. പത്തു മാസം ചുമന്ന കണക്കിലും പ്രസവ വേദനയുടെ കണക്കിലും
പലപ്പോഴും പുരുഷന്റെ വേദന മുങ്ങി പോകുന്നു. അത് ആർക്കും കേൾക്കണ്ട. അറിയണ്ട. ഭൂമിയിൽ ജീവിക്കാത്തത് കൊണ്ട് നിനക്കും അറിയില്ല. അത്ര തന്നെ””.അവൾ എന്നെ നോക്കി ചിരിച്ചു. ഞാൻ ചിരിച്ചില്ല.
“”ഞാൻ നിർത്തട്ടെ. നീ എഴുതണം ഇതെല്ലാം. ലോകത്തെ അറിയിക്കണം. ഞങ്ങൾക്കും ഒരു ലോകമുണ്ടെന്ന്. അവിടെ സമാധാനമാണെന്ന്. കള്ളവും കളങ്കവുമില്ല എന്ന്. സ്വർഗ്ഗ തുല്യമാണെന്ന്.
അവസാനം ഇതും കൂടി എഴുതുമോ. “”കാമ വികാരത്താൽ സ്വയം മറക്കുമ്പോൾ ഒരു ഗർഭ പാത്രം പെണ്ണിനുണ്ടെന്നു ഓർക്കണേ മനുഷ്യരെ. അവിടെ ജീവൻ ഊറിയാൽ കൊന്നു കളയാതെ നോക്കണേ.
നൈമിഷിക സുഖത്തിനപ്പുറമാണ് ഒരു ജീവന്റെ വില എന്ന് ഓർക്കണേ”” എന്ന് കൂടി എഴുതുമോ.
“”എഴുതാം.. എല്ലാം എഴുതാം. കാര്യമുണ്ടെന്ന് തോന്നുന്നില്ല. പക്ഷേ.. നിന്റെ കഥ ലോകം അറിയും””.. ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അവൾ ഉറക്കെ ചിരിച്ചു. വായിൽ നിന്ന് മുത്തുകൾ കൊഴിയുന്നു. സൗന്ദര്യത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നു. കവിളുകൾ തുടുത്ത് ചുവക്കുന്നു. ചുണ്ടുകളിൽ വീണ്ടും ചുവപ്പ് രാശി അധികരിക്കുന്നു.
“”എന്നിട്ട് നിന്റെ അച്ഛനും അമ്മയും എവിടെ?. അവർ ജീവിച്ചിരിക്കുന്നുണ്ടോ?. അവരെ കണ്ടോ?”.. ഞാൻ ചോദിച്ചു.
“”കണ്ടു.. അവർ ഒന്നായിരിക്കുന്നു. അവർ വളരേ സന്തോഷത്തിലാണ്. ഒരു കൊലപാതകം ചെയ്ത കുറ്റ ബോധമൊന്നും അവർക്കില്ല. ഇത് കൊലപാതകത്തിന്റെ പരിധിയിൽ ആര്
കണക്കാക്കുന്നു അല്ലേ. അമ്മ വേറെയും രണ്ട് കുട്ടികളെ പ്രസവിച്ചിരിക്കുന്നു. എന്നെ ഓർക്കുന്നുണ്ടോ ആവോ. ഏത് മതസ്ഥർ ആയാലും മരിച്ചവർക്ക് ഓർമ്മ
ദിവസങ്ങൾ ഉണ്ട്. ഞങ്ങൾക്ക് അത് പോലുമില്ലല്ലോ””. അവൾ പറഞ്ഞു.ഞാൻ ഒന്നും മിണ്ടിയില്ല. ഒന്നും മിണ്ടാൻ ആയില്ല.
“”പോട്ടേ.. എഴുത്തുകാരാ. പറഞ്ഞത് ഒന്നും മറക്കില്ലല്ലോ””.. അവൾ വീണ്ടും ചിരിച്ചു. ഞാൻ നോക്കി നിൽക്കേ അവൾ പെട്ടെന്ന് ഒട്ടി നിന്ന ചുവരിലേക്ക് അലിഞ്ഞിറങ്ങി. ഞാൻ ഓടി ചെന്നു ചുവരിൽ തൊട്ടു നോക്കി.
“”പോയോ…പോയെങ്കിൽ പോട്ടേ””.. ഞാൻ പിറു പിറുത്തു കൊണ്ട് ഉറക്കം വന്നു തൂങ്ങിയ കണ്ണുകളോടെ കട്ടിലിലേക്ക് വീണു.…..ശുഭം…. നന്ദി…