മെറൂൺ നിറമാർന്ന മരണം
രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്
“എന്തായാലും എനിക്കൊരു കുഞ്ഞിനെ വേണം. ഏട്ടൻ ആദ്യ രാത്രി പറഞ്ഞ പോലെ ഒരു കൊല്ലമൊന്നും കത്തിരിക്കാൻ പറ്റില്ല്യ എനിക്ക്.
വരുമ്പോൾ ആദ്യം അത് തന്നെ പറയണം. ഈ മടുപ്പിന് ഒരു പരിഹാരം ആവൂല്ലോ”. ബിന്ദുജ പുതിയ ബെഡ് ഷീറ്റ് കുടഞ്ഞു വിരിക്കവേ ഓർത്തു.
നിറമുള്ള രാവുകൾക്ക് വേണ്ടിയുള്ള ബിന്ദുജയുടെ കാത്തിരിപ്പ് ഇന്ന് തീരുകയാണ്. അവളുടെ ഭർത്താവ് ആദർശ് ഇന്ന് ദുബായീന്ന് വരും.
മധുവിധു ആഘോഷിച്ചു കൊതി തീരാതെ പാതി വഴിയിൽ ഉപേക്ഷിച്ച സ്വപ്നങ്ങളുമായി അവൾ കാത്തിരിപ്പ് തുടങ്ങിയിട്ട് മൂന്നു വർഷമായി.മംഗല്യം കഴിഞ്ഞിട്ട് ഏതാനും ദിവസങ്ങളേ
ബിന്ദുജയും ആദർശും ഒന്നിച്ചു കഴിഞ്ഞുള്ളൂ. ഹൃദയങ്ങൾ തമ്മിൽ ചേർന്നിരിക്കും മുമ്പ് പോയതാണ് ആദർശ്.ബാക്കി വെച്ച മോഹങ്ങൾ ഒരു
പാടുണ്ട് പൂവണിയാൻ. ഓർത്തപ്പോൾ അവൾക്ക് ചെറുതായി കുളിര് കോരി. കണങ്കാലിലേയും കൈ തണ്ടകളിലേയും നനുത്ത രോമങ്ങൾ രോമാഞ്ചമണിഞ്ഞു.
“കൈ പിടിച്ചു കടൽ തീരത്തിലൂടെയും ഉദ്യാനങ്ങളിലൂടെയൊന്നും ഞങ്ങൾ നടന്നില്ല. മധുവിധുവിന് യാത്ര പോയിട്ടില്ല. അടക്കി പിടിച്ച കുറുകലല്ലാതെ മനസ്സ് തുറന്നു സംസാരിച്ചിട്ടില്ല. എല്ലാം ചെയ്യണം.
എല്ലാ സ്വപ്നങ്ങളും പൂവണിയണം. എല്ലാ പകൽ കിനാവുകളും രാക്കിനാക്കളാക്കി നിറം പകരണം”. ബിന്ദുജ കുളിമുറിയിലേക്ക് തോർത്ത് മുണ്ടും തോളിലിട്ട് നടക്കവേ ഓർത്തു..
“”ബിന്ദുജേ… മോളെ.. ബിന്ദുജേ””.. മനോരാജ്യം കണ്ടു നടക്കുന്നതിനിടയിൽ ഭർത്താവിന്റെ അമ്മ ശാന്തിനി വിളിച്ചതവൾ കേട്ടില്ല. ബിന്ദുജയുടെ വിടർന്ന മുഖത്തേ നാണം കണ്ട് അമ്മായിയമ്മ ഒച്ചയുണ്ടാക്കാതെ ചിരിച്ചു..
“”ഏ.. അമ്മ വിളിച്ചോ?.. എന്താമ്മേ””. ബിന്ദുജ തിരിഞ്ഞു നിന്നു ചോദിച്ചു. അമ്മയുടെ അർത്ഥം വെച്ചുള്ള ചിരി അപ്പോഴും മുഖത്തു നിന്ന് മാഞ്ഞിരുന്നില്ല. കാര്യം മനസ്സിലായ ബിന്ദുജ താഴേക്ക് നോക്കി നിന്നു. മുഖം ചുവന്നു തുടുത്തിരുന്നു.
“”എന്താ പെണ്ണേ…ഇങ്ങനെ പകൽ കിനാവ് കാണണോ. അവനിങ്ങ് വരുവല്ലേ… നേരം ഉച്ച കഴിഞ്ഞു. വേഗം പോയി കുളിച്ചൊരുങ്ങ്. വണ്ടിയിപ്പോ വരും””. ശാന്തിനി അതേ ചിരിയോടെ പറഞ്ഞു.
ബിന്ദുജ ഓടി കുളിമുറിയിലേക്ക് കയറി. തണുത്ത വെള്ളം ദേഹത്തോഴുകിയപ്പോൾ പണ്ടൊരു ദിവസം ഒരുമിച്ചു കുളിച്ച ഓർമ്മകൾ മനസ്സിലേക്ക് മഞ്ഞു മഴയായി ചാറി.അവൾ ചിരിച്ചു. സന്തോഷം തുളുമ്പി
ഒരു പാട്ടു മൂളി. കുളി കഴിഞ്ഞു മുറിയിൽ എത്തിയ അവൾ അലമാര തുറന്നു. അടുക്കി വെച്ച പട്ടു സാരികളും ചുരിദാറുകളും നോക്കി അവൾ പുഞ്ചിരിച്ചു. മനസ്സാകെ ആശയകുഴപ്പത്തിലായി. “ഏത്
ധരിക്കണം?. സാരിയോ ചുരിദാറോ?. ആദർശേട്ടന് ഏതാ ഇഷ്ടാവുക?. ഇനി സാരിയാണെങ്കിൽ തന്നെ ഏതുടുക്കും?. നല്ല ഭംഗിയിൽ ചെന്നില്ലെങ്കിൽ ഏട്ടന് ഇഷ്ടാവില്ല്യേ?”. ബിന്ദുജയുടെ മനസ്സ് മന്ത്രിച്ചു.
നേരം പോവുന്നല്ലോ എന്നോർത്ത അവൾ മെറൂൺ നിറത്തിലുള്ള തന്റെ കല്യാണ പട്ടുസാരി തന്നെ ഉടുക്കാൻ തീരുമാനിച്ചു. “ഒരു പുതുപെണ്ണായി തന്നെ ഏട്ടന് തോന്നിക്കോട്ടെ”. അവൾ മനസ്സിൽ പറഞ്ഞു. ബ്ലൗസ് ഇട്ടിട്ട് ശരിയാവുന്നില്ല.
വല്ലാത്ത മുറുക്കം. “ഞാൻ തടി വെച്ചോ. ആദർശേട്ടൻ കളിയാക്കുമോ ആവോ. ഏട്ടന് ഇഷ്ടാവില്ലേ തടിച്ചത്. ഏട്ടൻ പോയേ പിന്നെ സാരിയുടുത്തു എങ്ങോട്ടും പോയില്ല്യാ”. അവൾ ഓർത്തു.
ഭംഗിയിൽ സാരി ചുറ്റിയുടുത്തു. ഞൊറിവുകൾ ഒപ്പിച്ചു കുത്തി. കണ്ണെഴുതവേ വാതിലിൽ മുട്ട് കേട്ടു.”ബിന്ദുജേ… വേഗം ഇറങ്ങു മോളെ.. വണ്ടി വന്നൂ”..ആദർശിന്റെ അച്ഛനാണ്. “”കഴിഞ്ഞച്ഛാ.. ദാ വരണൂ””.. ബിന്ദുജ
കണ്ണാടിയിൽ വെച്ച മെറൂൺ നിറത്തിലുള്ള പൊട്ട് കുത്തി. മെറൂൺ നിറത്തിലുള്ള ചായം ചുണ്ടിൽ പുരട്ടി. അല്പം സെന്റ് വേഗത്തിൽ പൂശി ധൃതിയിൽ പുറത്തിറങ്ങി.
ആദർശിന്റെ പെങ്ങളും ഭർത്താവും അച്ഛനും അമ്മയുമൊക്കെ ഒരുങ്ങി കാത്തിരിക്കുകയായിരുന്നു. വണ്ടിയിൽ ഇരിക്കുമ്പോഴും ബിന്ദുജയുടെ മനസ്സ് തുള്ളുകയായിരുന്നു. വിമാനമിറങ്ങി
ആദർശിന്റെ വരവ് അവൾ കനവിൽ കണ്ടു. കാണുമ്പോഴുള്ള ആ മുഖത്തെ ഭാവവും തന്റെ മുഖത്ത് വിരിയുന്ന നാണവും എല്ലാം അവൾ കനവിൽ കണ്ടു അകമേ ചിരിച്ചു. ഉൾപ്പൂവ് തുടിച്ചതിനൊപ്പം
മെറൂൺ നിറമാർന്ന ചുണ്ടിൽ ഒരു മന്ദസ്മിതവും വിരിഞ്ഞു.”ഏതായാലും കാത്തിരിപ്പിന് വിരാമമാവുകയല്ലേ. ഇനി ദുബായീക്ക് പോവേണ്ട എന്ന് പറയണം ഏട്ടനോട്. എനിക്ക് വയ്യ ഇങ്ങനെ
ഉള്ളുരുകി കാത്തിരിക്കാൻ. എത്രയാന്ന് വെച്ചിട്ടാ ഇങ്ങനെ.. ഒരു നശിച്ച കമ്പനീം അതിന്റെ ഒരു മാനേജറും.. ഹും”. ബിന്ദുജ മനസ്സിൽ പറഞ്ഞു.
വിമാനത്താവളത്തിൽ ആകാംഷയോടെ ബിന്ദുജയും കൂട്ടരും കാത്തു നിൽക്കവേ ട്രോളിയും തള്ളി കൊണ്ട് ആദർശ് വരുന്നത് ബിന്ദുജ ഉൾ പുളകത്തോടെ
നോക്കി നിന്നു. ആദർശും മെറൂൺ നിറത്തിലുള്ള ഷർട്ട് ധരിച്ചിരിക്കുന്നു. “എന്തൊരു പൊരുത്തമാ ഏട്ടാ നമ്മള്”.. അവൾ ഉള്ളിൽ മന്ത്രിച്ചു.
അവൻ അടുത്തെത്തിയപ്പോൾ അവൾ എന്ത് കൊണ്ടോ പുറകിലേക്ക് മാറി. “ഞാൻ തനിച്ചാണ് വന്നതെങ്കിൽ
ഉറപ്പായും കെട്ടി പിടിച്ചു ആ മാറിൽ തല ചായ്ക്കുമായിരുന്നു”. ബിന്ദുജ നാണത്തോടെ ഓർത്തു തല താഴ്ത്തി.
അച്ഛനെയും അമ്മയെയും ആശ്ലേഷിക്കുന്നതിനിടെ ആദർശ് ഒഴിഞ്ഞു മാറി നിൽക്കുന്ന ബിന്ദുജയെ നോക്കി. അവൻ നിറഞ്ഞു ചിരിച്ചു. അവളും അതിലേറെ നിറഞ്ഞു തുളുമ്പി.
വിടർന്ന മുഖം വല്ലാതെ പ്രസന്നമായി. കണ്ണിൻ കൃഷ്ണമണികൾ വലുതായി. അവൾ നുണ കുഴി വിരിയിച്ചു ചിരിച്ചു. “അടുത്തേക്ക് വാ”.. ആദർശ് മാടി വിളിച്ചു.
ബിന്ദുജ “ഇല്ല.. വീട്ടിലേക്ക് പോവാം””. എന്ന് ചുണ്ടനക്കി. നാണത്താൽ അവളുടെ മുഖം കൂമ്പി.എന്തോ ഓർത്തിട്ടെന്ന പോലെ അവൾ വീണ്ടും അവനെ നോക്കി.
“എന്റെ സാരിയും ഏട്ടന്റെ ഷർട്ടും ഒരേ നിറമാണ്”.എന്നവൾ അവനെ ആംഗ്യത്തിൽ കാണിച്ചു.അവൻ അത്ഭുതം അഭിനയിച്ചു അവളെ കളിയാക്കും പോലെ മൂക്കത്തു വിരൽ വെച്ചു. ബിന്ദുജ വീണ്ടും നാണത്തിൽ പൊതിഞ്ഞു.
തിരികെ മടങ്ങുമ്പോൾ വണ്ടിയിൽ ഇരുവരും ഒരുമിച്ചിരുന്നു.ആരും കാണാതെ ബിന്ദുജയുടെ കവിളിൽ നുള്ളിയപ്പോൾ അവളും അവന്റെ കയ്യിൽ നുള്ളി. ആരെങ്കിലും കണ്ടോ എന്നുള്ള രൂപേണ നെറ്റി ചുളിച്ചുകൊണ്ട് എല്ലാരേയും നോക്കി.
“”എന്താടി ഇത്ര നാണം. ഇനിയും മാറിയില്ലേ?””.. ആദർശ് പതുക്കെ അവളുടെ കാതുകളിൽ മന്ത്രിച്ചു.
“”അതേയ്.. വണ്ടിയിൽ അച്ഛനും അമ്മയുമൊക്കെയുണ്ട്.. ഞാനിപ്പോഴും ആ നാട്ടിൻ പുറത്തുകാരി പെണ്ണ് തന്ന്യാ. പരിഷ്കാരിയൊന്നും ആയിട്ടില്ല്യ ട്ടോ . അല്പം നാണമൊക്കെ കാണും. കെട്ടോ””. ബിന്ദുജയും കാതരയായി ചെവിയിൽ പറഞ്ഞു
“”നീ നന്നായി തടിച്ചല്ലോ. നല്ല തീറ്റയായിരുന്നു അല്ലേ””. ആദർശ് ചിരിച്ചു കൊണ്ട് ചോദിച്ചു.””അത്..ഏട്ടൻ വരുവല്ലേ. നന്നായിക്കോട്ടെന്ന് കരുതി””. അവൾ നാണത്തിൽ കുതിർത്തി പറഞ്ഞു.
വീട്ടിലെത്തിയ ആദർശിന്റെ ചുറ്റും എല്ലാരും കൂടി വട്ടമിട്ടു. ബിന്ദുജ അപ്പോഴും ഒഴിഞ്ഞു മാറി ഒരു പുഞ്ചിരിയോടെ ചുമരും ചാരി നിന്നു ആദർശിനെ തന്നെ നോക്കി നിന്നു. ”
ഏട്ടനും തടിച്ചിരിക്കുന്നു. നിറമൊക്കെ പോയി. എങ്കിലും മുഖത്തിന് മറ്റൊന്നൂല്ല്യാ . അതേ കട്ട താടിയും മീശയും”. അവൾ ഓർത്തു ചിരിച്ചു.
അവന്റെ കഴുത്തിലെ സ്വർണ്ണമാല പെങ്ങൾ വലിച്ചൂരാൻ ആഞ്ഞപ്പോ “അത് ഞാൻ”…എന്ന് പറഞ്ഞു ആദർശ് ബിന്ദുജയെ നോക്കി.
“സാരല്ല്യ.. അവൾ എടുത്തോട്ടെ” എന്ന് ബിന്ദുജ ചിരിച്ചു കൊണ്ടു ചുണ്ടനക്കി.”
“എനിക്കൊന്നും വേണ്ട ഏട്ടാ.നിങ്ങളെ ഒന്ന് ഒഴിഞ്ഞു കിട്ടിയാൽ മതി. എല്ലാം കഴിഞ്ഞിട്ട് എനിക്കായി മാത്രമായിട്ട് കുറച്ചു നേരം.എന്റേതായിട്ട് മാത്രം കുറച്ചു നേരം .ഒരു പാട് പറയാനുണ്ട് ഏട്ടാ എനിക്ക്”. അവൾ മനസ്സിൽ പറഞ്ഞു.
തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ “വല്ലാത്ത ക്ഷീണം ഞാനൊന്ന് കിടക്കട്ടെ”.എന്നും പറഞ്ഞു ആദർശ് ബിന്ദുജയെ ഒന്ന് പാളി നോക്കി. അയാൾ പതുക്കെ റൂമിലേക്ക് നടന്നു. പിന്നാലെ തല താഴ്ത്തി ബിന്ദുജയും..
“”ബിന്ദുജേ… ഒന്നിങ്ങു വന്നേടി. ഈ കോഴിയൊന്നു കഴുകിക്കേ””. അടുക്കളയിൽ നിന്നു അമ്മ വിളിച്ചു പറഞ്ഞു.
“”ദാ വരുന്നമ്മേ””.. അവളും ഉറക്കെ പറഞ്ഞു. ഊറി വന്ന ദേഷ്യവും നിരാശയും അവൾ അടക്കിയൊതുക്കി. ആദർശിനെ നോക്കി കണ്ണ് നിറച്ചു. പിന്നെ ചിരിച്ചു. “”പോയിട്ടു വാ.. നമുക്ക് സ്വസ്ഥമായി രാത്രി കാണാം””. അവൻ അവളുടെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.
നിറഞ്ഞു തിങ്ങിയ മനസ്സോടെ അവൾ ജോലികൾ ചെയ്തു തീർത്തു. ഒന്നു രാത്രിയായി കിട്ടിയെങ്കിൽ എന്നവൾ പലപ്പോഴും മനസ്സിൽ പറഞ്ഞു. നേരത്തിനെന്താ പോകാൻ ഇന്നിത്ര താമസം.
അല്ലെങ്കിൽ ഒന്നിനും സമയം തികയില്ല. ഇന്നിപ്പൊ മനസ്സ് നിറഞ്ഞിട്ടാവും. അവൾ ഉള്ളാൽ പരിഭവിച്ചു. ഒടുവിൽ അവൾ പ്രതീക്ഷിച്ച രാത്രിനേരം വന്നെത്തി.ഒരുമിച്ചവർ അത്താഴം കഴിച്ചു. ആദർശ് കിടപ്പറയിലേക്ക് പോയി.
എന്തൊക്കെയോ ചിന്തിച്ചു മലർന്ന് കിടന്നു. ബിന്ദുജ വീണ്ടും അടുക്കളയിലേക്ക് പോയി. പാത്രങ്ങൾ കഴുകി വെച്ചു. കുളിച്ചു വെടിപ്പായി അവളും ആഹ്ലാദത്തോടെ കിടപ്പറയിലേക്ക് പോയി.
മുറിയിൽ ലൈറ്റ് തെളിഞ്ഞു കിടക്കുന്നു. ആദർശ് മലർന്നു കിടക്കുകയാണ്. രോമാവൃതമായ വിരിഞ്ഞ നെഞ്ച് അവളിൽ ചെറിയൊരാവേശം ജനിപ്പിച്ചു.അവളുടെ അനക്കം കേട്ടിട്ടും
ആദർശ് കണ്ണ് തുറക്കാത്തത് അവളിൽ അത്ഭുതം ഉളവാക്കി. അവൾ കതക് അടക്കുന്ന ഒച്ച കേട്ടിട്ടും അവൻ ഉണർന്നില്ല. അവൾ ചിരിച്ചു കൊണ്ട് ഒന്നു ഒച്ചയനക്കി. ആദർശ് മലച്ച കൈകളുമായി കിടക്കുകയാണ്.
ലാസ്യഭാവമാർന്ന കണ്ണുകളോടെ ബിന്ദുജ അവന്റെ അടുത്തു വന്നിരുന്നു.””കാത്തിരുന്ന എന്നെ പറ്റിച്ചോ ഏട്ടാ. ഉറങ്ങി അല്ലേ. ഒരുപാട് കാര്യങ്ങൾ ഉണ്ടെനിക്ക് പറയാൻ. എഴുന്നേൽക്കേട്ടാ””..
എന്നും പറഞ്ഞു കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് കവിൾ ചേർത്തു. കൈകളിൽ കൈകോർത്തു പിടിച്ചു. അവന്റെ കരതലങ്ങൾ തണുത്തുഞ്ഞിരിക്കുന്നു. വിരലുകൾ ബലം വെച്ചു നീണ്ടിരിക്കുന്നു.
പേടിച്ചു ഞെട്ടി തരിച്ച ബിന്ദുജ പെട്ടെന്ന് എഴുന്നേറ്റു. കണ്ണുകൾ തുറിച്ചു. വായ അറിയാതെ പിളർന്നു. നെഞ്ച് പിടഞ്ഞു മിടിച്ചു. വിറച്ചു കൊണ്ടവൾ ഒന്ന് കൂടി അടുത്തേക്ക് ചേർന്നിരുന്നു.
“”ഏട്ടാ… ആദർശേട്ടാ””.. അവൾ കവിളിൽ തട്ടി വിളിച്ചു. കവിളുകളിലെ മാർദ്ദവം നഷ്ടപ്പെട്ട് കല്ലു പോലെ ഉറച്ചതായി അവൾക്ക് തോന്നി. ഒന്ന് കൂടി അവൾ കവിളും കാതും നെഞ്ചോടു ചേർത്തു വെച്ചു.
ഇല്ല.. ഹൃദയ മിടിപ്പ് കേൾക്കുന്നില്ല. അവൾ അവന്റെ കാൽ വെള്ളയിൽ ഇക്കിളി കൂട്ടി.. ഇല്ല.. അനക്കമില്ല. തന്റെ ഏട്ടൻ തന്നെ വിട്ടു പോയിരിക്കുന്നു. ഞാൻ കാത്തിരുന്ന സ്വപ്‌നങ്ങളിലെ പൂവുകൾ വാടി കരിഞ്ഞിരിക്കുന്നു. “ആർത്തു കരയണോ?..
എല്ലാരേയും വിളിക്കണോ?. ആശുപത്രിയിൽ കൊണ്ടു പോയാൽ… ഇല്ല.. കാര്യമില്ല.മരിച്ചിരിക്കുന്നു. ജീവൻ എപ്പോഴേ മറു ലോകത്തെത്തിയിരിക്കുന്നു”.
അവൾ ഒന്നു കൂടി ആദർശിന്റെ നെഞ്ചിലേക്ക് പതിഞ്ഞു.പതിയെ കരഞ്ഞു. പതുങ്ങിയ തേങ്ങൽ. “ഉറക്കെ കരഞ്ഞാൽ.. എന്റെ ഏട്ടൻ മരിച്ചിരിക്കുന്നു എന്ന് എല്ലാരേയും അറിയിച്ചാൽ ആശുപത്രിയിൽ കൊണ്ട് പോകും അവർ.
പ്രതീക്ഷ നശിച്ചെങ്കിലും എവിടെയോ ഒരു പ്രതീക്ഷയുള്ളത് പോലെ ഐസിയൂ വിനു മുമ്പിൽ വിതുമ്പി നിൽക്കുമ്പോൾ എനിക്ക് വീണ്ടും തോന്നും. അവസാനം രാവിലെ വെള്ള പുതപ്പിച്ചു ഏട്ടനെ പുറത്തു കൊണ്ട് വരുമ്പോൾ എനിക്ക് അലറി കരയാൻ മാത്രേ പറ്റൂ.
ജീവൻ തിരിച്ചു കിട്ടില്ല. എനിക്കു പിന്നെ നേരെ കാണാനാകില്ല എന്റെ ഏട്ടനെ.. ഈ രാത്രി എനിക്ക് വേണം എന്റെ ഏട്ടനെ. ഈ നെഞ്ചിൽ തല വെച്ചു നേരം വെളുപ്പിക്കണം”.
“”എന്താ ഏട്ടാ ഉണ്ടായത്. ഒന്നു വിളിക്കായിരുന്നില്ലേ എന്നെ. ഏന്തൊക്കെ മോഹങ്ങൾ കൂട്ടി വെച്ചു കാത്തിരുന്നതാ ഞാൻ മൂന്ന് വർഷം. എന്നും വിളിക്കുമായിരുന്നില്ലേ.
എന്തെങ്കിലും വയ്യായ്ക ഉണ്ടെങ്കിൽ പറയാറില്ലേ എന്നോട്. എന്നോട് ഇതെന്താ പറയാതിരുന്നത്.. എങ്ങനാ.. മരണം രംഗബോധമില്ലാത്ത കോമാളിയല്ലേ..
അല്ലേ””.. അവൾ സ്വയബോധം നഷ്ടപ്പെട്ടവളെ പോലെ നെഞ്ചിൽ തല വെച്ചു പിറുപിറുത്തു കൊണ്ടിരുന്നു. കണ്ണീർ ഉതിർന്നു വീണു അവന്റെ നെഞ്ചിലൂടെ ഒഴുകി കൊണ്ടിരുന്നു.
അവന്റെ മുഖത്തേക്ക് നോക്കാനാവാൾ ധൈര്യപ്പെട്ടില്ല. ചിലപ്പോൾ നിയന്ത്രണം വിട്ടു കരഞ്ഞാലോ എന്നവൾ ഭയന്നു. നെഞ്ചിൽ നിന്ന് മുഖം എടുത്തില്ല. ഒരു വേള വീണ്ടും മുഖം വെക്കാൻ പേടിച്ചാലോ.
“മെറൂൺ നിറത്തിലുള്ള ഷർട്ടും കസവ് കരയുള്ള മുണ്ടും ധരിച്ചു സുന്ദരനായി കല്യാണ ചെക്കനായി വന്നത് ഞാൻ ഓർക്കുന്നു. ആ പൊരുത്തമാകുമോ ഞാൻ ഇന്ന് അവസാനമായി മെറൂൺ സാരി തന്നെ ഉടുക്കാൻ കാരണം.
ആ നിറത്തിൽ അങ്ങനെ ഞങ്ങളെ കൂട്ടിയിണക്കി ആ നിറത്തിൽ അവസാനമായി കണ്ടു പിരിയാനായിരുന്നോ ഈശ്വരാ നിന്റെ നിശ്ചയം.. പിരിയാനോ… എങ്ങനെ പിരിയാൻ”.. അവൾ കൈകൾ കൊണ്ടവനെ ഇറുകെ പുണർന്നു.
കണ്ണുനീരിൽ നെഞ്ച് കുതിർന്നു. നെഞ്ചിലെ കറുത്ത രോമങ്ങളിൽ കണ്ണീർ തുള്ളികൾ തങ്ങി നിന്നു. അവൾ ഒന്നു കൂടി നെഞ്ചിൽ മുഖം ഇറുകേ പൂഴ്ത്തി.
“അകലെയാണെങ്കിലും ജീവിച്ചിരിപ്പുണ്ട് എന്നോർത്തു ജീവിക്കാമായിരുന്നു. ഇപ്പൊ ഉള്ളം കയ്യിൽ കിട്ടിയിട്ട്.. എന്തിനിങ്ങോട്ട് വന്നൂ എന്നെ കാണാൻ. ക്ഷമിക്കണം ഏട്ടാ.. എന്റെ കുഞ്ഞു കുഞ്ഞു
പരാതികൾ പറഞ്ഞു ഞാൻ എന്നും ബുദ്ധിമുട്ടിക്കുമായിരുന്നു. നേരിൽ കാണാൻ കൊതിയുണ്ട് എന്നൊക്കെ പറഞ്ഞു ഓരോ പരാതികളാ എന്നും അല്ലേ”.. ബിന്ദുജ ഒരു ഭ്രാന്തിയെ പോലെ പിറുപിറുത്തു കൊണ്ടേയിരുന്നു.
സ്നേഹിച്ചും മോഹിച്ചും പ്രണയിച്ചും കാമിച്ചും പരിഭവിച്ചും കൊതി തീരാതെ ആശകൾ വീണുടഞ്ഞ ആ നല്ലപാതിയുടെ മനസ്സ് ഇതിനോടകം തണുത്തുറഞ്ഞു മരവിച്ചിരിക്കുന്നു. കരിങ്കൽ പാറ പോലെ കറുത്ത് ഉറച്ചിരിക്കുന്നു.
എല്ലാ പരാതിയും പരിഭവവും പറഞ്ഞു തീർത്ത അവൾ പിന്നെ കരഞ്ഞില്ല. നെഞ്ചിൽ ചേർത്ത തല ഒരിക്കൽ പോലും ഉയർത്തിയില്ല.മനസ്സിലിപ്പോൾ ഒരു ചിന്തയുമില്ല. ഒരു സങ്കടവുമില്ല.എഴുതാത്ത വെള്ള കടലാസ് പോലെ അത് ശൂന്യമായി കഴിഞ്ഞിരിക്കുന്നു.
നേരം കടന്നു പോയി കൊണ്ടിരുന്നു. കിഴക്ക് വെള്ള കീറിയപ്പോൾ അവൾ എഴുന്നേറ്റു. ആദർശ് കല്യാണത്തിന് അണിഞ്ഞിരുന്ന കസവു കരയുള്ള മുണ്ട് അലമാരയിൽ നിന്ന് ഒരു മുഴു ഭ്രാന്തിയെ പോലെ വലിച്ചെടുത്തു അവനെ പുതപ്പിച്ചു.
അപ്പോഴും മരവിച്ച അവന്റെ മുഖം കാണാതിരിക്കാൻ അവൾ കണ്ണടച്ചു. തന്റെ മെറൂൺ നിറത്തിലുള്ള കല്യാണ പട്ടു സാരി വാരി ചുറ്റി അവൾ എങ്ങോട്ടോ ഇറങ്ങി നടന്നു. എന്തൊക്കെയോ പിറു പിറുക്കുന്നുണ്ടായിരുന്നു അപ്പോഴും.