ഇങ്ങേര് ആ ഗൾഫിൽ തന്നെ നിന്നാമതിയായിരുന്നു ഒന്നുമില്ലേലും ദിവസം ഫോണിലൂടെ രണ്ടു മണിക്കൂറെങ്കിലും നേരാവണ്ണം സംസാരിക്കുമായിരുന്നു …

രചന: സുനിൽ പാണാട്ട്

“ദേ മനുഷ്യാ. .ഒന്നിങ്ങട് വരണുണ്ടോ എത്ര നേരായി വിളിക്കണൂ ..ഇനി ഞാനങ്ങട് വന്നാൽ ആ കുന്ത്രാണ്ടം വാങ്ങി വല്ല പൊട്ടകിണറ്റിലും ഇടും നോക്കിക്കോ
എപ്പനോക്കിയാലും ഫോണിലാ തോണ്ടിക്കളി..!

“ദൈവമേ ഇങ്ങേര് ആ ഗൾഫിൽ തന്നെ നിന്നാമതിയായിരുന്നു ഒന്നുമില്ലേലും ദിവസം ഫോണിലൂടെ രണ്ടു മണിക്കൂറെങ്കിലും നേരാവണ്ണം സംസാരിക്കുമായിരുന്നു …

ഇതിപ്പോ ലീവിന് വന്നിട്ടും ഒന്ന് മിണ്ടാനോ ഒന്നു സഹായിക്കാനോ സമയമില്ലാതെ എപ്പഴും ഫോണിൽ തന്നെ.!

“ഇനിയും ചെന്നില്ലെങ്കിൽ ഫോൺ കിണറ്റിലെ വെള്ളം കുടിക്കേണ്ടി വരും.. ദേഷ്യം വന്നാമ്മടെ പൊണ്ടാട്ടി എന്താ ചെയ്യാന്ന് പറയാൻ പറ്റില്ല….

” സഹായിച്ചില്ലെലും അരികത്ത് വന്ന് ഒന്നു മിണ്ടിയും പറഞ്ഞും നിന്നൂടെ നിങ്ങൾക്ക്.
സാധാരണ ദിവസമാണെപോട്ടെ ഇന്ന് അങ്ങനാണോ?..

” കല്ല്യാണം കഴിഞ്ഞ കൂട്ടുകാരനെയും പെണ്ണിനേയും കുടുംബസമേതം വീട്ടിലേക്ക് വിരുന്നു വിളിച്ചിട്ട് ചിക്കനും മീനും താറാവും വാങ്ങി അവളെ ഏൽപ്പിച്ച് മ്മളൽപ്പം റെസ്റ്റ് എടുത്തതാ…

ഇന്നലെ എഴുതിയ കഥ എഫ്ബിയിലും ഇട്ടു ..അതിൽ വരുന്ന കമന്റിന് റിപ്പ്ളെ കൊടുക്കുന്ന തിരക്കിവൾക്ക് പറഞ്ഞാ മനസ്സിലാവോ എന്റെ സുക്കറണ്ണാ….?

” നല്ല മീൻ കറിയുടെ മണമങ്ങ് മൂക്കിലടിച്ച് കയറിയപ്പോൾ നെറ്റ് ഓഫാക്കി ഫോണും പോക്കറ്റിലിട്ട് കിച്ചണിൽ ചെന്ന് അവളുടെ തോളിൽ കിടന്നതോർത്തെടുത്ത് തലയിൽ

കെട്ടി ഇനി ചിക്കനും താറാവും മാത്രമല്ലെ ശരിയാക്കാനുള്ളു നീയങ്ങട് മാറി നിൽക്ക് ആ കാര്യം മ്മളേറ്റെന്റെ ഗീതൂട്ടി . കവിളിൽ ഒരു പിച്ചും കൂടി കൊടുത്തപ്പോൾ ആ മുഖം അല്പം തെളിഞ്ഞു.

ഹും ഇതങ്ങ് നേരത്തെ ചെയ്യ്താ പോരാർന്നോ ചേട്ടായി എന്നെക്കൊണ്ട് വിളിച്ച് കൂവിപ്പിക്കണമായിരുന്നോ ഇങ്ങനെ.?

“മ്മള് നോൺ വെജ്ജ് ഉണ്ടാക്കാൻ അവളെക്കാൾ പുലിയാണെന്ന അഹങ്കാരത്തിൽ ആദ്യ കലാപരിപാടിയായ സവാള അരിയലങ്ങനെ തുടങ്ങി…..

ഒന്നിന് പുറകെ ഒന്നായി അരിഞ്ഞ് കഴിഞ്ഞപ്പോഴേക്കും ചിക്കനെയും താറാവിനെയും കുളിപ്പിച്ച് സുന്ദരമാക്കി കൊണ്ട് വന്നവൾ …

“ആദ്യം ചിക്കനോ താറാവോ എന്ന കൺഫ്യൂഷനിൽ നിൽക്കുമ്പോൾ മുന്നിലെ പാത്രത്തിലെ ചിക്കനാദ്യം കൈപൊക്കി കിടക്കുന്ന സീൻ കണ്ട് ..ഞാൻ ഫസ്റ്റ് എന്ന മട്ടിൽ .എന്നാ നീ തന്നായിക്കോട്ടെ എന്ന് മ്മളും കരുതി…

“ചിക്കൻ വെന്ത് കഴിയുമ്പോഴേക്കും കുളിച്ച് റെഡിയായിരിക്കുന്ന താറാവിനെ പൗഡറിടീച്ച്
അത്യാവശ്യം ചേരുവകളും ചേർത്ത് കുക്കറിൽ കയറ്റി ഇരുത്തി…..

” ഏട്ടാ എന്നാ നിങ്ങളിത് നോക്ക് ഞാനൊന്ന് കുളിച്ചിട്ട് വരാം ഇടക്ക് മോൾ എണീറ്റോന്ന് നോക്കണെ ..കുറെനേരായി ഉറങ്ങണു എണിക്കാറായി അവൾ …..

പിന്നെ ദയവ് ചെയ്യ്ത് അടുക്കള കുളമാക്കരുത് നിങ്ങൾ കിച്ചണിൽ കയറിയാൽ എനിക്ക് ഇരട്ടിപ്പണിയാ.. ഇത്രയും പറഞ്ഞ് നീങ്ങിയ പൊണ്ടാട്ടിക്ക് ഡബിൾ ഓക്കെ പറഞ്ഞ് മ്മള് പണി തുടങ്ങി…..

“വൃത്തിയുടെ കാര്യത്തിൽ അവളെ കഴിഞ്ഞിട്ടെ ഉള്ളു ആരും ..മ്മളാണെ അതിൽ പിറകിലും …

“പൊണ്ടാട്ടി പോയ താപ്പിന് വീണ്ടും നെറ്റ് ഓണാക്കി കമന്റിന് റിപ്പ്ളെകൊടുത്ത്കൊണ്ട് തന്നെ കുക്കറിലിരിന്നു തണുത്തുവിറക്കുന്ന താറാവിനെ ഗ്യാസ്സിൽ കയറ്റി പാവം ചൂട്ടത്തിരുന്ന് തണുപ്പ് മാറ്റട്ടെ….

“അപ്പോഴേക്കും അകത്ത് നിന്ന് മോളുടെ കരച്ചിലും കേട്ടു മോളെയും എടുത്ത് ഒരു കൈയ്യ് കൊണ്ട് ചാറ്റിങ്ങുമായി അരങ്ങ് തകർക്കുന്ന മ്മള് കുക്കറിലെ വിസിലളിയന്റെ ഒച്ചയോ ബഹളമോ കേട്ടില്ല ..!

” മൂപ്പര് മ്മളോട് പിണങ്ങിയോഎന്ന ചിന്തയാൽ അടുക്കളയിൽ കയറിയപ്പോൾ വല്ലാത്ത കരിഞ്ഞ മണം പണി പാളിയോ സുക്കറണ്ണാ..?

മോളെ താഴേ ഇരുത്തി കളിക്കാൻ ഒരു ഡപ്പയും എടുത്ത് കൊടുത്ത് ഗ്യാസ് ഓഫാക്കി കുക്കറിലെ സ്റ്റീമും കളഞ്ഞ് തുറന്ന് നോക്കിയപ്പോൾ നല്ല കരിഞ്ഞ മണം …സിവനെ പെറ്റതള്ള സഹിക്കൂല …

” എന്നാലും ഞമ്മളോട് ഇത് വേണാർന്നോടാ ദ്രോഹി ..എന്ന് കുക്കറിൽ കിടക്കുന്ന രണ്ടു താറാവുകളും ഒരുമിച്ച് ചോയ്ച്ച്..!

“അന്നെരമാണ് മ്മള് എല്ലാം ചെയ്യ്തിട്ടും ഒരു തുള്ളിപോലും വെള്ളമൊഴിക്കാതെയാണ് കുക്കറ് അടച്ചതെന്നോർമ്മ വന്നത് …!

“അവൾ കുളിച്ചിറങ്ങും മുൻപെ എന്തെലും ചെയ്യണമെന്ന ചിന്തയാൽ മുകളിലെ ഇറച്ചിയെല്ലാം ഒരു പാത്രത്തിലേക്ക് മാറ്റി കരിഞ്ഞതെല്ലാം പുറക് വശത്തെ തെങ്ങിൻ ചോട്ടിലേക്ക് തട്ടിയിട്ട് കരിഞ്ഞകുക്കറിലേക്ക് സഹതാപ പൂർവ്വം നോക്കി..

അവൾ അറിയല്ലെ കുക്കറെ എന്നോർമ്മിപ്പിച്ച് തേച്ചു കഴുകാനും തുടങ്ങി …

” പറമ്പിലേക്ക് തട്ടിയിട്ടതാറാവ് കരിച്ചതിൽ വന്ന് മണം പിടിച്ച കണ്ടൻ പൂച്ചയും, അയ്യെ ഹും എന്ന മട്ടിൽ പുറംകാൽ മടക്കിതൊഴിച്ചൊറ്റ പോക്കായിരുന്നു…!

“എത്രതേച്ചിട്ടും അകംവെളുക്കാത്ത കുക്കറെന്നെ നോക്കി കൊഞ്ഞനം കുത്തി…

“ഒരു കണക്കിന് വെളുപ്പിച്ച് അടുക്കളയിൽ ചെന്നപ്പോൾ കണ്ട കാഴ്ച്ച എന്നെ വീണ്ടും ഞെട്ടിച്ചു..

” മഞ്ഞൾപ്പൊടിയിൽ കുളിച്ച് ദേഹം മൊത്തം ചെന്നൈ സൂപ്പർ കിങ്ങ്സ് ആരാധകരുടെ പോൽ മഞ്ഞക്കളറുമായും

അത് പോരാതെ അരിയിട്ട് വച്ച ബക്കറ്റ് തട്ടിമറിച്ച് അടുക്കളമൊത്തം അരിയും വിതറി കളിക്കുന്ന മകളെ..

അപ്പോഴാണ് ഓർത്തത് അവൾക്ക് കളിക്കാൻ കൊടുത്ത ഡപ്പ മഞ്ഞൾ പൊടി ഡപ്പയായിരുന്നെന്ന്..

കീരിപല്ല് കാട്ടി എന്നെ നോക്കി ചിരിച്ച അവളെ നോക്കുമ്പോൾ മ്മടെ മുഖത്ത് ജഗതിചേട്ടൻ ഒരു സിനിയാലും ചെയ്യ്തിട്ടില്ലാത്ത ഭാവമായിരുന്നു….

” എന്നാലും എന്റെ മോളെ നിനക്കീസമയത്ത് തന്നെ വേണായിരുന്നോ ഇത് ..?

“മോളുടെ തലയിലും മുഖത്തുമുള്ള മഞ്ഞൾ പൊടി തട്ടി കളയുന്നതിനിടയിൽ എന്താ ഒരു കരിഞ്ഞ മണമെന്ന് ചോയ്ച്ച് കുളിച്ച് പൊട്ടും കുത്തി സുന്ദരിയായി വന്ന എന്റെ പൊണ്ടാട്ടി ഈ കാഴ്ച്ച കണ്ട് ഭദ്രകാളീരൂപം പൂണ്ടു ….

” ഉറക്കെ ഭരണിപ്പാട്ട് പാടാൻ വന്ന ഭദ്രകാളിയായി മാറിയ പൊണ്ടാട്ടി എന്റെ മുഖംഭാവം കണ്ടത് മൂളി പാട്ടാക്കി മാറ്റിയിരുന്നു…!

” ഈശ്വരാ എന്താ ഈ അടുക്കളയുടെ കോലം ഇനിയെന്ത് ചെയ്യും എന്ന് പറഞ്ഞ് കൊണ്ടവൾ ഞങ്ങളോടായി അലറി അച്ഛനും മോളും കടക്കൂ പുറത്തെന്ന്..!

” ഒരാശ്വാസത്തോടെ മോളെയും എടുത്ത്, ഉടുപ്പ് മാറ്റി കുളിമുറിയിലെക്ക് നടന്നു…”മോളെ കുളിപ്പിച്ച് തോർത്തി അടുക്കളയിലേക്ക് ഒന്ന് പാളി നോക്കി അപ്പോഴേക്കുമവൾ അടുക്കള പഴയ പോലെ ക്ലീൻ ആക്കിയിരുന്നു..!

” എന്നിട്ട് ഒരു ദാക്ഷീണ്യവുമില്ലാതെ പകർത്തി വച്ച താറാവ് കരിച്ചതെടുത്തവൾ വേയ്സ്റ്റ് ബക്കറ്റിലിട്ട് മാതൃകയായി..

” ഒന്നുമറിയാത്തവനെ പോലെ എന്ത് പറ്റി എന്തിനാ കളഞ്ഞത് അതെന്ന് ചോയ്ക്കണമെന്നുണ്ടായിരുന്നു ഇന്നത്തെ സമയം ശരിയല്ല വെർതെ എന്തിനാ അവൾടെ വായിലിരിക്കുന്നത് കേൾക്കുന്നതെന്നോർത്ത് മ്മള് ക്ഷമിച്ചു…!

” അപ്പഴേ മോനെ ഇനിയെന്താ പരിപാടി അവർ വരാൻ ഇനിയും സമയമുണ്ട് പോയി വാങ്ങിക്കൊണ്ട് വാ താറാവ് …ഒരു മണിക്കൂർ കൊണ്ട് നമുക്ക് ശരിയാക്കാലോ. പോയത് പോട്ടെ..

ശാന്തമായാണവൾ അത് പറഞ്ഞത് വിശ്വാസം നോക്കി മ്മള് അവളെ…” ഫോൺ വിളിക്കുമ്പോൾ എടുക്കാൻ ഒരഞ്ച് മിനിറ്റ് വൈകിയാൽ നിങ്ങൾ ചോദിക്കാറില്ലെ നിനക്കെന്താ ഇത്രമലമറിക്കുന്ന പണിയെന്ന്..?

” കുഞ്ഞിനെയും ഇട്ട് ജോലികൾ ചെയ്യുമ്പോൾ തിരക്കിനിടക്ക് കറിക്ക് ഇച്ചിരി എരിവോ ഉപ്പോ കൂടിയാൽ നിങ്ങൾ ആണുങ്ങൾ കുറ്റം പറഞ്ഞ് കഴിക്കാതെയും പോവാറുണ്ട് പല വീടുകളിലും..

അപ്പോൾ പെണ്ണുങ്ങളുടെ മനസ്സ് എത്രമാത്രം വിഷമിക്കുമെന്ന് നിങ്ങൾക്ക് അറിയോ ..?

കുറവുകളുണ്ടായാൽ ആ കുറവ് സ്നേഹത്തോടെ ചൂണ്ടിക്കാട്ടി പറഞ്ഞാൽ ഞങ്ങൾക്ക് മനസ്സിലാവും സന്തോഷവുമാവും അവൾ പറഞ്ഞ് നിർത്തി ..!

‘ശരിയാണ് ഇന്ന് ഇത് അവളുടെ ഭാഗത്ത് നിന്നാണ് പറ്റിയതെങ്കിൽ താനെന്തൊക്കെ പറഞ്ഞെനെ അവളെ..

“ദേഷ്യപെട്ട് കൊണ്ടല്ല സ്നേഹം കൊണ്ട് ശാസിക്കണമെന്നവൾ എന്നെ പഠിപ്പിച്ചു എന്റെ പ്രിയ കുടുംബിനി.!

 

Leave a Reply

Your email address will not be published. Required fields are marked *